Sunday, January 22, 2006

കണ്ടെഴുത്ത്‌

ലോകത്തുള്ള സകലരും കണ്ടു മറന്നു കഴിഞ്ഞ സിനിമകള്‍ ഞാന്‍ കണ്ടതിനെത്തുടര്‍ന്നുള്ള ചിതറിയ ചിന്തകള്‍. പടം കണ്ടിട്ടില്ലാത്തവര്‍ ഇതു വായിച്ചു പരിണാമഗുപ്തി അറിയാനിടയുള്ളതു കൊണ്ടു വായിക്കാതിരിക്കുകയാവും ഭേദം. പടം കണ്ടിട്ടുള്ളവര്‍ക്ക്‌ വായിച്ചിട്ടെന്തെങ്കിലും ഗുണമുണ്ടാകുമോ എന്നറിയാന്‍ വായിക്കുക.

കാശുമുടക്കി ഒരു കോപ്പി വാങ്ങി സൂക്ഷിക്കാന്‍ മടിയില്ലാത്തവ

അനന്തരം
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
ഇരകള്‍
ഓളവും തീരവും
കരിയിലക്കാറ്റുപോലെ
തിങ്കളാഴ്ച നല്ല ദിവസം
പെരുവഴിയമ്പലം
യവനിക
സന്ദേശം

ഇനിയൊരവസരം കിട്ടിയാല്‍ തീര്‍ച്ചയായും കാണുന്നവ
അന്നയും റസൂലും
ഒഴിമുറി
കഥാവശേഷന്‍
കൂടെവിടെ
ക്ലാസ്‌മേറ്റ്സ്
ഡാനി
നിഴല്‍ക്കുത്ത്‌
റാംജി റാവ് സ്പീക്കിങ്ങ്

ഇനിയൊരവസരം കിട്ടിയാല്‍ മിക്കവാറും വീണ്ടും കാണുന്നവ
അച്ചുവിന്റെ അമ്മ
ഇംഗ്ലീഷ്
ഒഴിവുദിവസത്തെ കളി
കസ്തൂരിമാന്‍
ഗോഡ്ഫാദർ
പ്രേമം
ഫ്രോഗ്
വീണ്ടും ചില വീട്ടുകാര്യങ്ങള്‍
സര്‍ഗ്ഗം
സൂത്രധാരന്‍

ഒന്നുകൂടി കാണാൻ ആഗ്രഹമില്ലാത്തത്
അമൃതം
അസ്തമയത്തിലേക്ക്
അയാളും ഞാനും തമ്മിൽ
ആർട്ടിസ്റ്റ്
ഇഷ്ടം
ഒരാൾപൊക്കം
കന്മദം
കല്യാണരാമന്‍
കാക്കക്കുയില്‍
കാഴ്ച
കുഞ്ഞിക്കൂനന്‍
കൊച്ചു കൊച്ചു സന്തോഷങ്ങള്‍
ചാർലി
പാഠം ഒന്ന്: ഒരു വിലാപം
പിന്നെയും
പെരുമഴക്കാലം
ബാംഗ്ലൂർ ഡെയ്സ്
മഞ്ഞുപോലൊരു പെണ്‍കുട്ടി
മനസ്സിനക്കരെ
മലയാളി മാമനു വണക്കം
മിഥുനം
മീശമാധവന്‍
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌
രസതന്ത്രം
രാപ്പകല്‍
വടക്കുംനാഥന്‍
വിസ്മയത്തുമ്പത്ത്‌

ഒരു പണിയുമില്ലാതെ ഇരിക്കുകയല്ലേ, ഒരു മലയാളം സിനിമയല്ലേ എന്നു കരുതി കണ്ടെങ്കിലും ഇനി ഒരിക്കല്‍ക്കൂടി കാണുന്നതിലും ഭേദം മുറ്റത്തെ പുല്ലുപറിക്കുന്നതാണെന്നുള്ള വക

അകലെ
അപരിചിതന്‍
അമർ അക്ബർ അന്തോണി
ഉദയനാണു താരം
ഒറ്റാല്‍
പാണ്ടിപ്പട
പേരറിയാത്തവർ
മകള്‍ക്ക്‌
യോദ്ധാ
വെട്ടം
സ്വപ്നക്കൂട്‌

ഉറ്റസുഹൃത്തിന്റെ കല്യാണത്തിനു പോകുമ്പോള്‍ വീഡിയോ കോച്ചില്‍ ഇവയിട്ടാല്‍ വണ്ടി നിര്‍ത്തി അടുത്ത ആനവണ്ടിയില്‍ വന്നോളാം എന്നുള്ളവ

ഉത്തമന്‍
ഗൗരീശങ്കരം
ഞാന്‍ സല്‍പ്പേരു രാമന്‍കുട്ടി
നരിമാന്‍
പച്ചക്കുതിര
പട്ടണത്തില്‍ സുന്ദരന്‍
പുതിയ നിയമം
സാക്ഷ്യം
സ്വപ്നലോകത്തിലെ ബാലഭാസ്കരന്‍

സ്വന്തം കല്യാണത്തിനു പോകുമ്പോള്‍ വീഡിയോ കോച്ചില്‍ ഇവയിട്ടാല്‍ വണ്ടി നിര്‍ത്തി അടുത്ത ആനവണ്ടിയില്‍ വന്നോളാം എന്നുള്ളവ

ഞങ്ങള്‍ സന്തുഷ്ടരാണ്‌
പകല്‍പ്പൂരം

മലയാളമല്ലാത്ത സിനിമകളെപ്പറ്റി എന്റെ അഭിപ്രായങ്ങള്‍

Saturday, January 21, 2006

മഴയുടെ അച്ഛന്‍

കാലവര്‍ഷം തുടങ്ങി, നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷം, പെയ്തു കൊണ്ടിരുന്ന മഴയ്ക്ക്‌ ഒരറുതി വന്ന, ഒരു നനഞ്ഞ പ്രഭാതത്തിലേക്കാണ്‌ സതീശന്‍ ഉണര്‍ന്നത്‌. അവന്‍ ഇംഗ്ലീഷ്‌ ത്രില്ലറുകളുടെ ലോകത്തായിരുന്നു. വായിക്കുന്ന പുസ്തകങ്ങള്‍, അവയുടെ കര്‍ത്താക്കള്‍, പേജ്‌, കിട്ടിയ ലൈബ്രറി എന്നിവയുടെ ദിവസക്കണക്കുകള്‍ കുറിച്ചുവെക്കുന്ന തടിച്ച ബുക്കെടുത്ത്‌ അവന്‍ ആ രാത്രി കൊണ്ടു വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ വിവരങ്ങളും എഴുതി. ആ ബുക്ക്‌ അടച്ച്‌, ഒന്നിനു മേലെ ഒന്നായി രണ്ടു പുസ്തകങ്ങളും അതിനു മേല്‍ അടുക്കിവെച്ച്‌ അവന്‍ എഴുനേറ്റു.

സതീശന്‍ ഉറക്കം മറന്നുതുടങ്ങിയ കാലമായിരുന്നു അത്‌. അമ്മ ഉണര്‍ന്നിരുന്നില്ല. അവന്‍ സമയം നോക്കിയിട്ട്‌ പുസ്തകങ്ങള്‍ വെച്ച അലമാരി തുറന്നു. പുസ്തകങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന ബ്രഷും പേസ്റ്റും പുറത്തെടുത്തു. സുപ്രസിദ്ധനായ ഒരു ഇംഗ്ലീഷ്‌ വീരനായകന്‍ ഉപയോഗിക്കുന്നതായി അവന്‍ വായിച്ചിരുന്ന പേസ്റ്റായിരുന്നു അത്‌. പല്ലുതേച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ പത്രമെടുത്ത്‌ 'ഇന്നത്തെ സിനിമ'യുടെ പേജെടുത്ത്‌ നഗരത്തില്‍ വന്ന ഏഴ്‌ ഇംഗ്ലീഷ്‌ സിനിമകളില്‍ താന്‍ വായിച്ച പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളവയ്ക്ക്‌ അടിവരയിട്ടു. അത്‌ അഞ്ചെണ്ണമായിരുന്നു. അങ്ങിനെ, അഞ്ചു ദിവസത്തേക്കുള്ള അവന്റെ സായാഹ്ന പരിപാടി നിശ്ചയിക്കപ്പെട്ടു.

പത്രം മടക്കി, പല്ലുതേപ്പ്‌ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ ശക്തിയായി മഴപെയ്യാന്‍ തുടങ്ങി. അവന്‍ തണുപ്പുള്ള ദിവസങ്ങളെ വെറുത്തിരുന്നു. മലയാളത്തില്‍ താളം സൃഷ്ടിച്ചു പെയ്യാനാരംഭിച്ച മഴയെ ഇംഗ്ലീഷില്‍ ശപിച്ച്‌, സതീശന്‍ ചില്ലുജനാലകളടച്ചു.

കിടക്കയില്‍ വന്നിരുന്ന് അന്നത്തെ ഒന്നാം പുസ്തകമെടുത്തു നിവര്‍ത്തപ്പോള്‍ സതീശന്‍, സുരേഷ്‌ ഒരിക്കല്‍ പറഞ്ഞ കഥയെക്കുറിച്ചോര്‍ത്തു.

കുട്ടികളായിരുന്നപ്പോള്‍, മഴപെയ്തുകൊണ്ടിരുന്ന ഒരു രാത്രി അവര്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു. ജനലിനപ്പുറത്തെ മഴയില്‍ നോക്കിക്കിടന്നിരുന്ന സുരേഷ്‌ പറഞ്ഞു:

"ഈ മഴയ്ക്കൊരു ദൈവമുണ്ട്‌. ചേട്ടനറിയാമോ?"

സതീശന്‍ ഒന്നും മിണ്ടിയില്ല. സുരേഷ്‌ പറഞ്ഞുകൊണ്ടിരുന്നു.

"നമ്മടെ ദൈവങ്ങളെപ്പോലൊന്നുമല്ല, കറത്ത കോട്ടും ഷര്‍ട്ടും ടൈയും കറത്ത തൊപ്പീം വെച്ച ഒരു നീണ്ടയാളാ ഈ ദൈവം. ദൈവത്തിന്റെ വീട്ടില്‌..."

അവന്‍ ഒന്നു നിറുത്തി. ദൈവത്തിന്റെ 'വീടെ'ന്ന പ്രയോഗത്തെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിച്ചിട്ടെന്നപോലെ അവന്‍ തുടര്‍ന്നു,

"ദൈവത്തിന്റെ വീട്ടിലൊരു പൈപ്പൊണ്ട്‌. അതിന്റെ റ്റാപ്പു തൊറന്നാ മഴപെയ്യാന്‍ തൊടങ്ങും. കൂടുതലു തൊറന്നാ കൂടുതലു ശക്തീ പെയ്യും. നിര്‍ത്തിയാ മഴേം നിക്കും."

"പോടാ, മഴപെയ്യുന്നത്‌ ആകാശത്തൂന്നല്യോ? ആകാശമൊരു വല്യ റ്റാപ്പാണോ?"

"അതല്ല ചേട്ടാ. ദൈവത്തിന്റെ വീട്‌ താഴത്തന്നാ. ഇവിടെ പൈപ്പു തൊറക്കുമ്പം അവിടെ മഴപെയ്യും. അത്രേയൊള്ളൂ."

"പോടാ. നീ വെറുതെ ഒണ്ടാക്കിപ്പറഞ്ഞ കഥയായിത്‌."

"അല്ലെന്നേ. ഞാനിന്നാളൊരു പുസ്തകത്തീ വായിച്ചതാ."

"പിന്നേ. പുസ്തകത്തിപ്പറഞ്ഞിട്ടൊണ്ടോ ഷര്‍ട്ടും ടയ്യുമൊക്കെയുള്ള ദൈവത്തിന്റെ കാര്യം? നീ പറഞ്ഞതു മുഴുവന്‍ കള്ളമാ. ദൈവത്തിന്റെ വീട്ടിലതിനു പൈപ്പില്ലല്ലോ."

"ചേട്ടങ്കണ്ടിട്ടൊണ്ടോ?"

"നീ കണ്ടിട്ടൊണ്ടോ?"

സതീശന്‍ കയ്യിലെടുത്ത പുസ്തകം കട്ടിലില്‍ വെച്ചു. ശക്തിയായി മഴ പെയ്തുകൊണ്ടിരുന്നു. അവന്‍ ജനാലയ്ക്കരികില്‍ പോയി നിന്നു. മതിലിനു തൊട്ടപ്പുറത്തുള്ള ചെറിയ പുരയിടത്തില്‍ മഴപെയ്യുന്നത്‌ അവന്‍ നോക്കിക്കാണുകയായിരുന്നു. ചുറ്റും മതിലുകെട്ടിയ പുരയിടം. വഴിയിലേക്കു തുറക്കുന്ന ഗേറ്റ്‌ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയാണ്‌. ആ പുരയിടം ആരുടേതാണെന്നുപോലും അവനറിഞ്ഞുകൂടാ. നടുവില്‍ ഏഴെട്ടുമുറികളുള്ള ഒരു ഒറ്റനിലയുള്ള വീടുണ്ട്‌. ഒന്നു രണ്ടു മുറികളുടെ മേല്‍ക്കൂര പൊളിഞ്ഞുകഴിഞ്ഞു. അഴികളിട്ട ഒരു നീളന്‍ മുറിയാണ്‌ അവന്‍ നില്‍ക്കുന്നിടത്തു നിന്നാല്‍ വ്യക്തമായിക്കാണാവുന്നത്‌. മേല്‍ക്കൂര പൊളിഞ്ഞ മുറികള്‍ക്കകത്ത്‌ കാട്ടുചെടികള്‍ വളര്‍ന്നു നിന്നിരുന്നു. കതകുകളെല്ലാം അടഞ്ഞിരുന്നെങ്കിലും ചില്ലുകള്‍ പലതും പൊട്ടിപ്പോയിരുന്ന കണ്ണാടിജനാലകളുള്ള മുറികളുണ്ടായിരുന്നു. അവിടെ മഴപെയ്യുന്നതു നോക്കിക്കാണുകയായിരുന്നു സതീശന്‍.

പറമ്പാകെ കാടുപിടിച്ചു കിടന്നു.

ചെടികള്‍ക്കുമീതെ മഴപെയ്തുകൊണ്ടിരുന്നു.

ഇലകളില്‍ പ്രാകൃതമായൊരു താളത്തോടെ വന്നുവീണ മഴത്തുള്ളികള്‍ ഒന്നിച്ചുകൂടി ചില ഇലകളില്‍ തങ്ങിനിന്നു. നിറഞ്ഞുകഴിഞ്ഞ ഇലകള്‍ കാറ്റത്ത്‌ ഒരു വശത്തേക്കു ചെരിഞ്ഞ്‌ രസബിന്ദുക്കളെപ്പോലെ വെള്ളം താഴേക്കൊഴിച്ചു. മഴയെ സംബന്ധിച്ച്‌ സതീശന്‍ ആകെ ഇഷ്ടപ്പെട്ടിരുന്നത്‌ തുള്ളികളായും ചെറിയ ധാരകളായും ഇലകള്‍ക്കിടയിലൂടെ പതിച്ചിരുന്ന മഴവെള്ളത്തിന്റെ സ്റ്റീല്‍ നിറവും നനഞ്ഞ മഴത്തടികളുടെ നിറവുമായിരുന്നു. അവന്‍ അടഞ്ഞ ജനാലകൊണ്ട്‌ മഴയുടെ ശബ്ദത്തില്‍നിന്നു രക്ഷനേടി മഴത്തുള്ളികളുടെ തിളക്കം ആസ്വദിക്കുകയായിരുന്നു.

പുരയിടത്തില്‍ മുഴുവനും വീടിനു മുകളിലും മഴപെയ്തുകൊണ്ടിരുന്നു.

മരങ്ങളില്‍ പെയ്ത മഴ ശാഖകളില്‍ സ്വരൂപിച്ച്‌ തായ്ത്തടിയിലൂടെ താഴോട്ടൊഴുകി. നനഞ്ഞ തടി സതീശനിഷ്ടപ്പെട്ട നിറം പൂണ്ടു. മേല്‍ക്കൂരപോയ കുമ്മായച്ചുവരിനുമേല്‍ പെയ്ത മഴ അതില്‍ത്തന്നെ ആണ്ടിറങ്ങി. കുറെ, വിള്ളലുകളില്‍ക്കൂടി പുറത്തേക്കൊഴുകി. കാറ്റടിച്ച്‌, മഴ മുഴുവനും ചെരിഞ്ഞപ്പോള്‍ ആക്രമണം, പൊട്ടിയ ചില്ലുകളിലൂടെ അകത്തു കടന്നു.

മനോഹരമായി കൊത്തുപണിചെയ്തിരുന്ന, വളരെക്കാലമായി പൂട്ടിക്കിടന്ന ഇരുമ്പുഗേറ്റിലും അപ്പുറത്തു റോഡിലും മഴപെയ്തുകൊണ്ടിരുന്നു. പെട്ടെന്നാണ്‌ സതീശന്‍ ആ പുരയിടത്തില്‍ ഒരാളെക്കണ്ടത്‌. വെളുത്ത മുണ്ടാണാദ്യം കണ്ടത്‌. ആരോ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നറിഞ്ഞതുപോലെ ചെടികള്‍ക്കിടയിലൂടെ കുനിഞ്ഞ്‌ അയാള്‍ വേഗം കെട്ടിടത്തിനു നേരെ തിരിച്ചു നടന്നു. തല എന്തോ കൊണ്ടു മറച്ചിരുന്നു. അയാള്‍ പെട്ടെന്നു തന്നെ കെട്ടിടത്തിന്റെ, സതീശനു കാണാന്‍ കഴിയാത്ത ഭാഗത്തേക്കു കടന്നു മറഞ്ഞു.

സതീശന്‍ വലത്തു വശത്തെ മുറിയിലേക്കു കടന്നു, ജനാലയിലൂടെ പുറത്തേക്കു നോക്കി. അവന്‌ ആ കെട്ടിടത്തിന്റെ മുന്‍വശം കാണാമായിരുന്നു. അവിടെ അയാളുണ്ടായിരുന്നില്ല. മഴമാത്രം വീണുകൊണ്ടിരുന്നു.

വായിച്ചുകഴിഞ്ഞ ഇംഗ്ലീഷ്‌ ത്രില്ലറുകളുടെ ഒരടുക്ക്‌ ജനാലയ്ക്കലെടുത്തു വെച്ച്‌ അവന്‍ അതിന്മേല്‍ കയറിനിന്നു. എന്നിട്ടും അവന്‍ ഒന്നും കണ്ടില്ല. പെട്ടെന്നാണ്‌ അവനു തോന്നിയത്‌, അതൊരു രഹസ്യസങ്കേതമാണെന്ന്.

അവന്‍ കിടക്കയ്ക്കു വലതുവശത്തെ ഭിത്തിയിലേക്കു നോക്കി. ഇംഗ്ലീഷ്‌ സിനിമകളിലെ പ്രഖ്യാതരായ വീരനായകന്മാര്‍ അവനു ദര്‍ശനമരുളി അവിടെ നിലകൊണ്ടിരുന്നു. അവരോടു മൗനമായി അനുവാദം വാങ്ങി തലയിണയ്ക്കടിയില്‍ നിന്നും തന്റെ ഇരുമ്പുവടി അവന്‍ പുറത്തെടുത്തു. തന്റെ വസ്ത്രങ്ങള്‍ക്കിടയില്‍നിന്നും റെയിന്‍കോട്ടു തെരഞ്ഞെടുത്ത്‌, മടക്കിക്കുത്തിയ കൈലിയ്ക്കുമുകളില്‍ അതു ധരിച്ചു. എളിയില്‍ സുരക്ഷിതമായി ഇരുമ്പുവടി സൂക്ഷിച്ചു. അവന്‍ മുറിയ്ക്കു പുറത്തിറങ്ങി.

അമ്മ ഉറങ്ങിക്കിടക്കുകയായിരുന്നു.

സതീശന്‍ വാതില്‍ തുറന്നു.

അന്നാദ്യമായി അവനു തോന്നി; മഴയ്ക്കും ഹൃദ്യമായൊരു താളമുണ്ടെന്ന്‌. അവന്‍ മുറ്റത്തേക്കിറങ്ങി.

മഴത്തുള്ളികള്‍ ആര്‍ത്തിരമ്പി അവന്റെ ശിരസ്സിലേക്കു വീണു. അവന്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോയി. ഇടതു കൈകൊണ്ട്‌ കട്ടികുറഞ്ഞ തലമുടി പിറകിലേക്കു മാടിയൊതുക്കി, കൂട്ടിയിടിക്കുന താടിക്കു താഴെ മഴയില്‍ നിന്നും ആവേശം സംഭരിച്ച ഹൃദയമൊതുക്കി അവന്‍ വീടിനു പിറകിലേക്കു നടന്നു.

മഴപെയ്തു വഴുക്കിയ മതിലിനു മുകളില്‍ക്കയറി ചാടാനൊരുങ്ങുമ്പോഴാണ്‌ തനിക്കു തെറ്റുപറ്റിയെന്ന് സതീശന്‍ ആദ്യമായി മനസ്സിലാക്കിയത്‌. പക്ഷേ, അപ്പോഴേക്കും കെട്ടിപ്പുണരുന്ന കുറ്റിച്ചെടികള്‍ക്കിടയില്‍ കെട്ടിനിന്ന വെള്ളത്തില്‍ അവന്‍ വീണുകഴിഞ്ഞിരുന്നു.

മതിലില്‍ നിന്നു ചാടുന്നതിനും താഴെയെത്തുന്നതിനും ഇടയ്ക്ക്‌ തനിയ്ക്കുണ്ടായ തോന്നല്‍ സതീശനെ അസ്വസ്ഥനാക്കി. അവന്‍ അപ്പോള്‍ വിചാരിച്ചത്‌, തന്റെ ഊഹങ്ങളെല്ലാം തെറ്റായിരുന്നുവെന്നാണ്‌. ഇതൊരു രഹസ്യസങ്കേതമാണെങ്കിലും ഇംഗ്ലീഷ്‌ ത്രില്ലറുകളുമായി അതിനൊരു ബന്ധവുമില്ലെന്നാണ്‌ അവനപ്പോള്‍ മനസ്സിലാക്കിയത്‌. അത്‌ മഴയുടെ ദേവന്റെ സങ്കേതമായിരുന്നു.

വെള്ളത്തില്‍ നിന്നെഴുനേറ്റ സതീശന്‍ അല്‍പം മുമ്പ്‌ താന്‍ നിന്നിരുന്ന ജനാലയിലേക്കു നോക്കി. അവന്‍ ആദ്യമായിട്ടായിരുന്നു വീടിന്റെ പിന്‍വശം കാണുന്നത്‌. അതെത്ര അസുന്ദരമായിരുന്നുവെന്ന് അവന്‍ മനസ്സിലാക്കിയതും അപ്പോഴാദ്യമായിട്ടാണ്‌.

മടങ്ങിപ്പോകുന്നതിനു മുമ്പ്‌, എന്തായാലും ഈ കെട്ടിടം ഒന്നു പരിശോധിക്കാതിരുന്നാല്‍ അതു നന്നല്ലെന്നവനു തോന്നി. വളര്‍ന്നു നിന്ന പാഴ്ച്ചെടികള്‍ക്കിടയിലൂടെ കാലുയര്‍ത്തിച്ചവിട്ടി അവന്‍ കെട്ടിടത്തിനു നേരെ നടന്നു.

മരംകൊണ്ടുള്ള അഴികളുള്ള നീണ്ട മുറിക്കരികിലാണ്‌ സതീശന്‍ ചെന്നു നിന്നത്‌. മഴയില്‍ നിന്ന് അവന്റെ മുഖം മുക്തമായിരുന്നു. മഴ റെയിന്‍കോട്ടില്‍ വീണുകൊണ്ടിരുന്നു. അഴികള്‍ക്കിടയിലൂടെ അകത്തേക്കുനോക്കിയപ്പോള്‍ ഒരു രഹസ്യസങ്കേതമാകാനുള്ള യോഗ്യത ഒന്നുകൊണ്ടും ഈ കെട്ടിടത്തിനില്ലെന്നവനു തോന്നി. ആ മുറിയില്‍ ഉപയോഗശൂന്യമായ വളരെയധികം സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നു. ജനാലക്കമ്പികള്‍, സൈക്കിളിന്റെ ഭാഗങ്ങള്‍, ഒടിഞ്ഞ കസേര, പാടത്തുപയോഗിച്ചിരുന്ന ഒരു ചക്രം, ഒരു മണ്ണെണ്ണ സ്റ്റവ്‌, ചിതലുപിടിച്ച ഒരുകെട്ടു പുസ്തകങ്ങള്‍, കുറ്റികള്‍,പൂട്ടുകള്‍ , കതകുകള്‍, ഒരു സിമന്റു സ്ലാബ്‌ എന്നിങ്ങനെ ഒരായിരം സാധനങ്ങള്‍. പലപ്പോഴും താന്‍ ജനാലക്കരികില്‍ നിന്നും കണ്ടിട്ടുള്ള ആ മുറി അരികില്‍ നിന്നു കണ്ടപ്പോള്‍ എത്ര വ്യത്യസ്തമാണെന്ന്‌ അവനോര്‍ത്തു. ഒരു തുരുമ്പിച്ച പാട്ടയില്‍ നിന്നും ഒരു പെരുച്ചാഴി പുറത്തെക്ക്‌ എത്തിനോക്കിയപ്പോഴാണ്‌ ഇതൊരു രഹസ്യകേന്ദ്രമാവില്ലെന്നവന്‍ തീര്‍ച്ചപ്പെടുത്തിയത്‌.

വീട്ടിനുമുമ്പിലെ കതകു വലിയൊരു താഴുപയോഗിച്ചു പൂട്ടിയിരുന്നു. അതിനപ്പുറം, മേല്‍ക്കൂരതകര്‍ന്ന്‌, കാടുവളര്‍ന്നു കിടന്ന രണ്ടുമുറികളില്‍ക്കൂടിയും അകത്തു കടക്കേണ്ടെന്ന് സതീശന്‍ തീരുമാനിച്ചു. പിന്നെയും നടന്ന്, കെട്ടിടത്തിന്റെ പിന്‍ഭാഗത്തെത്തിയപ്പോഴാണ്‌ മഴയുടെ ശക്തി വളരെക്കുറഞ്ഞത്‌. അവിടെ, അവന്‍ അകത്തേക്കുള്ള വഴി കണ്ടെത്തി. അതൊരു ജനാലയായിരുന്നു. പകുതിഭാഗത്തെ അഴികള്‍ നഷ്ടപ്പെട്ട്‌, നീലയും പച്ചയും നിറങ്ങളിലുള്ള കണ്ണാടിക്കതകുകള്‍ താഴെ തകര്‍ന്നു കിടന്നിരുന്ന ആ ജനാല അരയാള്‍ ഉയരത്തിലായിരുന്നു. ആ ജനാലയുടെ അഴികളില്ലാത്ത പകുതിഭാഗത്തുകൂടി സതീശന്‍ ശ്രമപ്പെട്ട്‌ അകത്തു കടക്കുമ്പോള്‍ അരയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുകമ്പി വയറ്റത്തു വല്ലാതെ കുത്തിക്കൊണ്ടിരുന്നു. അപ്പോള്‍ മഴയുടെ രീതി വീണ്ടുമൊന്നു മാറി. അതു തീരെക്കുറഞ്ഞു.

സതീശന്‍ അകത്തു കടന്നു. തറയില്‍ മണ്ണു നനഞ്ഞുകുഴഞ്ഞു കിടന്നിരുന്നു. തലയുയര്‍ത്തി അവിടെ നിവര്‍ന്നു നില്‍ക്കാന്‍ അവനു കഴിഞ്ഞു. അവന്‍ റെയിന്‍കോട്ടഴിച്ചു. പിന്നെ ഇരുമ്പുകമ്പിയും മാറ്റി. അത്‌, ജനാലയില്‍ വെച്ചു. മഴയുടെ ശക്തി വര്‍ദ്ധിക്കാന്‍ തുടങ്ങി.

പെട്ടെന്ന്,

ഇടതു വശത്ത്‌, അല്‍പം മുമ്പിലുള്ള കതകു തുറക്കപ്പെട്ടു. സതീശന്‍ അല്‍പം മുമ്പു കണ്ടയാള്‍ ശ്രദ്ധിച്ചു പുറത്തേക്കു കാലെടുത്തുവെച്ചു. പെട്ടെന്ന് സതീശനെക്കണ്ട്‌ അയാള്‍ ചിരിച്ചുപോയി. ഒളിച്ചുകളിക്കിടയില്‍, ഒളിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കണ്ടുപിടിക്കപ്പെട്ടുപോയ ഒരു കുട്ടിയുടെ ചിരിയായിരുന്നു അത്‌.

സതീശനും ചിരിച്ചുപോയി.

അയാള്‍ ലജ്ജിച്ചു നില്‍ക്കുകയായിരുന്നു.

"വരൂ", പെട്ടെന്നയാള്‍ പറഞ്ഞു.

അവര്‍ അകത്തെ മുറിയിലേക്കു കടന്നു. അവിടം ഒരു സാധാരണ ഓഫീസ്‌ മുറിപോലെ കാണപ്പെട്ടു. ലൈറ്റു കത്തിനിന്നിരുന്നു. മേശപ്പുറത്ത്‌ ഒരറ്റത്ത്‌ ഒരു വലിയ അടുക്കു ഫയലുകളും മറ്റേയറ്റത്ത്‌ ചെറിയൊരടുക്കു ഫയലുകളും ഉണ്ടായിരുന്നു. ഒരു ഗ്ലാസില്‍ മൂന്നുനാലു പേനകളിട്ടിരുന്നു. നിവര്‍ത്തുവെച്ചിരുന്ന ഒരു ഫയലിരുന്നതില്‍ തുറന്ന ഒരു പേന ഇരുന്നു. മേശയ്ക്കു മുമ്പില്‍ ഒരു റിവോള്‍വിങ്ങ്‌ ചെയര്‍. വലതുവശത്തൊരു ചവറ്റുകൊട്ട. കുറച്ചകലെ പ്ലാസ്റ്റിക്കുവരിഞ്ഞ ഒരു കസേര.

അയാള്‍ മേശയ്ക്കരികിലെ കസേരയിലിരുന്നു. സതീശനോടു മറ്റേ കസേരയിലിരിക്കാന്‍ പറഞ്ഞു.

ഒരു ഖദര്‍ ഡബിളും കറുത്തൊരു ഷര്‍ട്ടും ധരിച്ച, തലയില്‍ ഒരു കറുത്ത തൊപ്പിവെച്ച മനുഷ്യനായിരുന്നു അത്‌. അയാള്‍ ചിരിച്ചു.

"മഴയുടെ ദൈവമല്ലേ?" സതീശന്‍ സൗഹൃദഭാവത്തില്‍ ചോദിച്ചു.

"എന്നു പറയാം." അയാള്‍ പുഞ്ചിരിച്ചു. അയാള്‍ വാച്ചുനോക്കി, കൈനീട്ടി, മേശയ്ക്കിടത്തു വശത്തുണ്ടായിരുന്ന ടാപ്പ്‌ ശക്തിയായി തുറന്നുവെച്ചു. സതീശന്‍ അപ്പോഴാണതു ശ്രദ്ധിച്ചത്‌. ഒരു ബക്കറ്റില്‍ വെള്ളം വീണുകൊണ്ടിരുന്നു. പുറത്തു മഴയ്ക്കു ശക്തികൂടിയതു നോക്കിയിട്ട്‌ അവന്‍ പെട്ടെന്നു പ്രതിഷേധിച്ചു.

"പക്ഷേ, നിങ്ങള്‍ ദൈവമല്ല."

"എന്തുകൊണ്ട്‌?" അയാള്‍ ചിരിച്ചുകൊണ്ടിരുന്നു.

"നിങ്ങള്‍ ദൈവങ്ങളെപ്പോലെയല്ല."

"അതെന്താ?" അയാള്‍ ചിരിച്ചുകൊണ്ടുതന്നെ മേശയുടെ വലിപ്പുതുറന്ന് ഒരു കറുത്തകോട്ടും ടൈയുമെടുത്തു. അതു ധരിച്ചിട്ട്‌ അറ്റന്‍ഷനായി നിന്നു.

"പോരെ?" അയാള്‍ വീണ്ടും പുഞ്ചിരിച്ചു.

"അതുകൊണ്ടായില്ല", സതീശന്‍ തലകുലുക്കി. "ദൈവങ്ങള്‍ ഇങ്ങനെയല്ല."

"ഞാനൊരു ഫുള്‍ടൈം ദൈവമല്ലെന്നു നിങ്ങള്‍ക്കറിയാമല്ലോ. എനിക്ക്‌ ഇത്തരം മാസങ്ങളിലേ ജോലിതന്നെയുള്ളൂ."

"ഞാന്‍ വേണമെങ്കില്‍ മഹര്‍ഷിമാരെപ്പോലെ ഒന്നു സ്തുതിയ്ക്കാം. പക്ഷേ, ദൈവമെന്നൊന്നും വിളിക്കാന്‍ എന്നെ കിട്ടില്ല." സതീശന്‍ ചുമല്‍ കുലുക്കി.

അയാളുടെ ചിരിമാഞ്ഞു:

"കുറഞ്ഞപക്ഷം, എന്നെ മഴയുടെ അച്ഛനെന്നു വിളിക്കാനെങ്കിലും നിങ്ങള്‍ തയ്യാറാവണം."

സതീശന്‍ ഒന്നും മിണ്ടിയില്ല. അല്‍പം കഴിഞ്ഞു.

"ഏതായാലും ഞാന്‍ മഴയിഷ്ടമല്ലാത്ത ഒരതിഥിയാണെന്നു കണക്കാക്കി മഴയൊന്നു നിറുത്തൂ." അവന്‍ പറഞ്ഞു.

"ഓര്‍ഡറില്ല." ദൈവം വീണ്ടും പുഞ്ചിരിച്ചു.

സതീശന്‍ ചാടിയെഴുനേറ്റ്‌, അയാളെ തള്ളിമാറ്റി ആ ടാപ്പു തിരിക്കാന്‍ തുടങ്ങി. ആദ്യം ശക്തികൂട്ടുകയാണവന്‍ ചെയ്തത്‌. പിന്നെ, തെറ്റുമനസ്സിലാക്കിയപ്പോള്‍ അവനതു കുറച്ചു. പുറത്ത്‌, ശക്തിയായി പെയ്ത മഴയുടെ ശക്തി കുറഞ്ഞുകുറഞ്ഞുവന്നവസാനിക്കുന്നതു നോക്കി അവനിരുന്നു. അടുത്ത നിമിഷം, പിറകില്‍ നിന്നു വന്ന ഒരടിയേറ്റ്‌ അവന്‍ തറയില്‍ വീണു.

സതീശന്റെ അമ്മ ഉണര്‍ന്നെഴുനേറ്റ്‌ കുറെക്കഴിഞ്ഞ്‌ അവനെത്തിരയാനാരംഭിച്ചു. മണിക്കൂറുകള്‍ക്കു ശേഷവും അവനെക്കുറിച്ച്‌ ഒരു വിവരവും ലഭിക്കാതെ വന്നപ്പോള്‍, വേഗമെത്താന്‍ സുരേഷിനു ഫോണ്‍ ചെയ്തിട്ട്‌ ഫോണിനടുത്തിരുന്നു കരയാന്‍ തുടങ്ങി.

അപ്പോള്‍, ആ വരണ്ട മദ്ധ്യാഹ്നത്തില്‍, ശൂന്യമായ തൊട്ടടുത്ത വീട്ടില്‍ തറയില്‍ നിന്നു രക്തം വാര്‍ന്നൊഴുകി സതീശന്‍ മരിച്ചുകിടക്കുകയായിരുന്നു.

1984

നരിച്ചീറുകള്‍

നരിച്ചീറുകള്‍

മരണം ഒരു നരിച്ചീറിനെപ്പോലെ ആ വലിയ കെട്ടിടത്തിനു മുകളില്‍ തലകീഴായി തൂങ്ങിനിന്നിരുന്നു. ആ വീടിന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഭാഗം വെച്ചു പിരിഞ്ഞ തറവാട്‌.

വഴിനടക്കാര്‍ക്ക്‌ ഇന്നലെ കണ്ടതില്‍ നിന്നും ആ കെട്ടിടത്തിനെന്തെങ്കിലും മാറ്റമുള്ളതായി തോന്നുകയില്ല. പക്ഷേ, നരിച്ചീറുകള്‍ ആ കാര്യം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അവ ഉച്ചത്തില്‍ ചിലച്ചുകൊണ്ട്‌ ആ കെട്ടിടത്തിലാകെ പറന്നു നടന്നു. അവയുടെ ചിറകടി ശബ്ദം ഇരുണ്ടമൂലകളില്‍ത്തട്ടി പ്രതിദ്ധ്വനിച്ചു.

അയാള്‍ കൊട്ടത്തളത്തില്‍ നിന്നു വാതിലിലിലൂടെ കിണറ്റിനുള്ളിലേക്കു നോക്കുകയായിരുന്നു. കിണറ്റിനുള്ളില്‍ വളര്‍ന്നു നിന്ന തൊണ്ടികള്‍ക്കും പന്നല്‍ച്ചെടികള്‍ക്കുമിടയിലൂടെ അയാളുടെ രൂപം വെള്ളത്തില്‍ കാണപ്പെട്ടു. അതു മേലോട്ടു നോക്കുകയായിരുന്നു, മറവുകള്‍ക്കിടയിലൂടെ. അയാള്‍ അകത്തേക്കു വലിഞ്ഞു, കതകടച്ചു സാക്ഷയിട്ടു.

അഴികള്‍ക്കിടയിലൂടെ പ്രകാശം എന്നിട്ടും അടുക്കളയ്ക്കകത്തു കടന്നുകൊണ്ടിരുന്നു. മൂലയില്‍ ഒതുങ്ങിയ അരകല്ലും ആട്ടുകല്ലുമൊഴിച്ചാല്‍ അടുക്കള ശൂന്യമായിരുന്നു. വര്‍ഷങ്ങളുടെ പൊടിവീണ്‌ തറയില്‍ അടിഞ്ഞുകൂടിക്കിടന്നു. തീയെരിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ അടുപ്പിനു സമീപം പകുതികത്തിയ വിറകുകൊള്ളി കിടക്കുന്നു; ചിതല്‍കൊണ്ടു മൂടി.

അയാള്‍ അടുക്കളയില്‍ നിന്നിറങ്ങി. വാതിലടച്ചു. വാതിലടച്ചപ്പോള്‍ അകത്തു പെട്ടെന്നു പാത്രങ്ങള്‍ കലമ്പിയതു പോലെ തോന്നി. അയാള്‍ വീണ്ടും തുറന്നു. അഴികള്‍ക്കിടയിലൂടെ കടന്നുവന്ന വിളറിയ പ്രകാശത്തില്‍ അടുക്കള നിശ്ചലമായിക്കിടന്നു. അയാള്‍ വീണ്ടും വാതിലടച്ചു. വലിയ തടിക്കതക്‌ അടഞ്ഞപ്പോള്‍ തുരുമ്പിച്ച വിജാഗിരികള്‍ ഞരങ്ങി. അയാള്‍ താക്കോല്‍ക്കൂട്ടമെടുത്ത്‌ പൂട്ടില്‍ക്കടത്തി തിരിച്ചു. പൂട്ടുവീണു.
അയാള്‍ ചുറ്റും നോക്കി. നരിച്ചീറിന്റെ കാഷ്ഠം അടിഞ്ഞുകൂടിക്കിടന്ന നാലുകെട്ടില്‍ അന്നുരാവിലെയുണ്ടായ കാല്‍പാടുകള്‍ തെളിഞ്ഞുകണ്ടു. ഉത്തരത്തില്‍ത്തൂക്കിയ ഭസ്മക്കൊട്ട നിശ്ചലമായിരുന്നു. ചിലന്തിവലകൊണ്ട്‌ അതിന്റെ മുഖം മൂടിക്കിടന്നിരുന്നു. നടുമുറ്റത്തെ തുളസിത്തറയില്‍ എന്നോ മരിച്ചുപോയ ഒരു കൃഷ്ണതുളസിയുടെ അസ്ഥിപഞ്ജരം. ചുറ്റും കാട്ടുതുളസികള്‍ വളര്‍ന്നു നില്‍ക്കുന്നു.

അയാള്‍ പൂട്ടില്‍ നിന്നു താക്കോലെടുത്തു. വാതില്‍ തള്ളിനോക്കി, തുറന്നു പോയില്ല. പാരമ്പര്യത്തിന്റെ ബലമുള്ള പൂട്ട്‌. അറവാതില്‍ക്കല്‍ക്കൂടി കടന്നുപോയപ്പോള്‍ എന്നോ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭഗവതിയുടെ സ്മരണയില്‍ അയാള്‍ കണ്ണുപൂട്ടി. അറവാതില്‍ പൂട്ടിക്കിടക്കുകയായിരുന്നു. അറപ്പടിയില്‍ തുരുമ്പിച്ച ഒരു വാള്‍ ആരോ തലകീഴായി ചാരിവച്ചിരിക്കുന്നു. അറയ്ക്കകത്ത്‌ അഞ്ചായി വിഭജിക്കപ്പെട്ട ചെമ്പുപാത്രങ്ങളും പിച്ചളപ്പാത്രങ്ങളും അഞ്ചിടത്തു തമ്മില്‍ തൊടാതെ വച്ചിരിക്കുന്നു. അയാള്‍ക്കു കൊടുത്തിരിക്കുന്ന കൂട്ടത്തില്‍ ആര്‍ക്കും വേണ്ടാത്ത ഒന്നുണ്ട്‌, ഒരു എഴുത്താണി.

പത്തായപ്പുറത്ത്‌ കളിമണ്‍പ്രതിമകളാക്കപ്പെട്ട ദൈവങ്ങള്‍ മിഴിച്ചിരുന്നു. അവരുടെ കാലം എന്നേ കഴിഞ്ഞിരുന്നു. കളിമണ്ണുകൊണ്ടു തലയ്ക്കുചുറ്റും നിര്‍മ്മിച്ച പ്രഭാവലയമുള്ള ശാസ്താവുമാത്രം പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കോല്‍ത്താഴിന്റെ ചുവട്ടില്‍ നിന്നു താഴേയ്ക്കു തൂങ്ങിക്കിടന്ന ഓട്ടുവിളക്ക്‌ വിലയുള്ള ലോഹമൊന്നുമല്ലെന്ന ധാരണജനിപ്പിക്കും വിധം നിറം മാറിക്കഴിഞ്ഞിരുന്നു. അക്കാരണം കൊണ്ടുമാത്രമാണ്‌ അതവിടെ ഉപേക്ഷിക്കപ്പെട്ടിരുന്നത്‌.

അയാള്‍ താക്കോല്‍ക്കൂട്ടത്തില്‍ നോക്കി. അറയുടെ നീണ്ട താക്കോല്‍ അതിലില്ല! പാത്രങ്ങള്‍ അതിലെടുത്തു വെച്ചപ്പോള്‍ത്തന്നെ ആരോ അതെടുത്തു മാറ്റിയിരിക്കുന്നു.

അയാള്‍ പടിഞ്ഞാറകത്തിന്റെ വാതില്‍ തള്ളിത്തുറന്നു. അകത്ത്‌ ഇരുട്ടുമാത്രം. അയാള്‍ ശക്തിയായി വാതില്‍ വലിച്ചടച്ചു പൂട്ടി. നാലുകെട്ടില്‍ നിന്നു പുറത്തു കടന്നു വാതിലടയ്ക്കുമ്പോള്‍ ഉത്തരത്തിലിരുന്ന എട്ടുകാലിയെ ശ്രദ്ധിച്ചു. അതവിടെയുണ്ട്‌. അതു ജീവനുള്ളതോ ചത്തതോ ആകാം. ഇവിടെ എല്ലാവസ്തുക്കളും അങ്ങിനെയാണ്‌. അയാള്‍ രാവിലെ ഈ വാതില്‍ തുറന്നപ്പോള്‍ ആദ്യമായി കണ്ടത്‌ ഈ വലിയ എട്ടുകാലിയെയാണ്‌. ഇപ്പോഴും അതവിടെയിരിക്കുന്നു. എട്ടുകാലിയുടെ കണ്ണുകളെ അയാള്‍ ശ്രദ്ധിച്ചിട്ടില്ല. അവ അയാളെ ശ്രദ്ധിക്കുകയായിരിക്കുമെന്നയാള്‍ ഊഹിച്ചു. വാതില്‍ പൂട്ടി.
നരിച്ചീറുകള്‍ ചിലച്ചുകൊണ്ട്‌ നാലുകെട്ടില്‍ തലങ്ങനെയും വിലങ്ങനെയും പറന്നുകൊണ്ടിരുന്നു.

ആ പുരയിടത്തിന്റെ പടിഞ്ഞാറേ അതിരില്‍ നാലുപേര്‍. അമ്മ, അച്ഛന്‍, ഒരു പെണ്‍കുട്ടി, ഒരാണ്‍കുട്ടി. അവര്‍ പണ്ടെന്നോ ഉണ്ടായിരുന്ന ഒരു വേലിയുടെ സ്ഥാനത്തു നില്‍ക്കുകയാണ്‌, കായല്‍ക്കരയില്‍. അവരുടെ കണ്ണുകള്‍ കായലില്‍ക്കൂടി മേറ്റ്ന്തോ നോക്കുകയായിരുന്നു. അവരുടെ മക്കള്‍ ഇവിടം ഒരു ടൂറിസ്റ്റു സങ്കേതമാക്കിത്തീര്‍ക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു ചര്‍ച്ചചെയ്യുകയാണ്‌.

പുരയിടത്തിന്റെ അതിര്‍ത്തിക്കു പുറത്ത്‌ പുതുതായി ടാറിട്ട റോഡിന്റെ വക്കത്ത്‌, മറ്റൊരു കുടുംബം. മാതാപിതാക്കളും മൂന്ന് ആണ്‍കുട്ടികളും. അവര്‍ വരാത്ത ബസ്സിനെ പ്രതീക്ഷിച്ച്‌, ചലിച്ചുകൊണ്ടിരിക്കുന്ന സമയത്തെ ശപിച്ച്‌ ഒരു വഴിവിളക്കിനു ചുവട്ടില്‍ നില്‍ക്കുകയാണ്‌. ഗ്രാമീണമായ ഒരു സായാഹ്നം പോലും അവരെ ശ്വാസം മുട്ടിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. വഴിയില്‍ക്കൂടി നടന്നുകൊണ്ടിരുന്ന ഗ്രാമീണര്‍ നാഗരികമായി വസ്ത്രം ധരിച്ച അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അയാള്‍ കെട്ടിടത്തിനു മുമ്പിലെ കോലായയില്‍ ഉയര്‍ന്ന അരമതിലില്‍ കാല്‍നീട്ടിയിരിക്കുകയായിരുന്നു. താക്കോല്‍ക്കൂട്ടം അപ്പോഴും കൈകളിലുണ്ടായിരുന്നു. മേല്‍ക്കൂര തകര്‍ന്ന ചാവടി നോക്കി അയാള്‍ മേറ്റ്ന്തോ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്‌.

അയാളിരിക്കുന്ന അരമതിലിനു താഴെ, പുല്ലുകയറിയ മുറ്റത്ത്‌ ചാമ്പലിന്റെ ഒരു കൂമ്പാരം.

അന്നുരാവിലെ, അറ തുറന്നുനോക്കിയപ്പോള്‍ അവിടം പൂര്‍ണ്ണമായും ചിതലിന്റെ സാമ്രാജ്യമായി മാറിയിരിക്കുകയാണ്‌. തടിച്ചുവരുകളിലാകെ പടര്‍ന്നിരിക്കുന്ന ചിതല്‍പ്പുറ്റിന്റെ ഒരു ശാഖ ഒരു മൂലയിലെ താളിയോലക്കെട്ടുകളിലേക്കും സ്പര്‍ശിച്ചിരിക്കുന്നു. അയാളുടെ ചേച്ചിയുടെ ഭര്‍ത്താവതു കണ്ടു. അറയുടെ ഭിത്തിയിലേക്കു ചിതല്‍ കയറിയതു ഗ്രന്ഥക്കെട്ടുകളില്‍ നിന്നാണെന്നതിനു സംശയമൊന്നുമുണ്ടായില്ല. മുറ്റത്തിനരികില്‍ അവ കൂട്ടിയിട്ട്‌ സിഗററ്റ്‌ ലൈറ്റര്‍ കൊണ്ട്‌ ഒരു മൂലയ്ക്കു തീകൊടുത്തു. തലമുറകളിലെ അഗ്നി സംഭരിച്ചു വെച്ചിരുന്ന അവയില്‍ തീപടര്‍ന്നു കയറി. മുലപ്പാലിലൂടെ, മുത്തശ്ശിക്കഥകളിലൂടെ, കണ്ണീരിലൂടെ, ചോരത്തുള്ളികളിലൂടെ തലമുറകളിലൂടെ കൈമാറപ്പെട്ട അമൃതകുംഭത്തില്‍ തീ പടര്‍ന്നു കയറി. അയാളുടെ കണ്ണുകളിലെ നനവില്‍ അഗ്നി പ്രതിബിംബിച്ചു.

മുമ്പു കായല്‍ക്കരയില്‍ നിന്ന കുടുംബം ഇപ്പോള്‍ കുളക്കരയിലെത്തിയിരിക്കുന്നു. മണ്ണിടിഞ്ഞു വീണു പകുതിയും മറഞ്ഞ കല്‍പടവുകളിലൊന്നില്‍ നില്‍ക്കുന്ന കുട്ടിയുടെ 'മെയ്ഡ്‌ ഇന്‍ ജപ്പാന്‍' ഷൂസ്‌ വെള്ളത്തില്‍ പ്രതിബിംബിക്കുന്നു. അതിലും താഴെ ഒരു പടവിലെ കുഴിയില്‍ ഏതോ കാരണവന്മാര്‍ തര്‍പ്പിച്ച ജലം കെട്ടിക്കിടക്കുന്നു; തറവാടിന്റെ നന്മയ്ക്കായി ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും തര്‍പ്പിച്ച ജലത്തിന്റെ അവസാനത്തെ ശിഷ്ടം.

അയാള്‍ കരിങ്കല്‍ത്തൂണില്‍ച്ചാരി അരമതിലില്‍ ഇരിക്കുന്നു. പിറകില്‍, നാലുകെട്ടിനകത്ത്‌ കാരണവന്മാരുടെ ഛായാചിത്രങ്ങള്‍ പൊട്ടിയും പൊളിഞ്ഞും തറയില്‍ വീണു കിടക്കുന്നു.

അവരുടെ ആത്മാവുകള്‍ നരിച്ചീറുകളുടെ ശരീരം പൂണ്ട്‌ നാലുകെട്ടിന്റെ ഇരുട്ടില്‍ ഊളിയിടുന്നു. കഴിയുന്നിടത്തോളം ഉച്ചത്തില്‍ ചിലച്ചുകൊണ്ട്‌ നാലുകെട്ടില്‍ തലങ്ങും വിലങ്ങും പറക്കുന്നു. കെട്ടിടത്തിന്റെ വരാനിരിക്കുന്ന മരണം അവര്‍ മനസ്സിലാക്കിയിരിക്കുന്നു.

അരമതിലിലിരുന്ന് എന്തോ ചിന്തിയ്ക്കുകയായിരുന്ന അയാള്‍ പെട്ടെന്നു ചാടിയെഴുനേറ്റു. താഴെവീണ താക്കോല്‍ക്കൂട്ടം കുനിഞ്ഞെടുത്ത്‌ അയാള്‍ പടികളിറങ്ങി. മരിച്ചുപോയ മുറ്റം മുറിച്ചുകടന്ന് പരന്നുകിടക്കുന്ന പുരയിടത്തിലൂടെ അയാള്‍ വേഗത്തില്‍ നടന്നു; പടിഞ്ഞാറോട്ട്‌. ആഞ്ഞടിക്കുന്ന കായല്‍ക്കാറ്റ്‌ അയാളുടെ മുഖത്തു വന്നു തട്ടി രണ്ടായി മുറിഞ്ഞ്‌ രണ്ടുവശത്തുകൂടിയും ഒഴുകിപ്പോയി. മുട്ടറ്റം വളര്‍ന്നു നിന്ന വേനല്‍പ്പച്ചകളും കാട്ടുതുളസികളും അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു, പേര്‍ ചൊല്ലിവിളിച്ചു. അയാള്‍ തിരിഞ്ഞുനോക്കിയില്ല. നഗ്നമായ കാല്‍പാദങ്ങളില്‍ തൊട്ടാവാടിമുള്ളുകള്‍ പരുഷമായി ചുംബിച്ചു. അയാള്‍ ശ്രദ്ധിച്ചില്ല. നീണ്ടു കിടക്കുന്ന പുരയിടത്തിലൂടെ അയാള്‍ നടന്നുപോയി.
കായല്‍ത്തീരത്തു വന്നു നിന്ന അയാളെ നോക്കി കാറ്റ്‌ പരിചയഭാവത്തില്‍ പുഞ്ചിരിച്ചു. അയാള്‍ പകരം ചിരിച്ചില്ല. കായലില്‍ നിന്നു കടന്നുവന്ന കുഞ്ഞോളങ്ങള്‍ കാലില്‍ക്കയറി, പൊട്ടിച്ചിരിച്ച്‌, തിരിച്ചിറങ്ങിപ്പോയി. അയാള്‍ അതറിഞ്ഞില്ല. പൂഴ്ന്നു പോവുന്ന നനഞ്ഞ മണ്ണില്‍ മുട്ടോളം വെള്ളത്തില്‍ അയാള്‍ കായലിലേക്കു തുറിച്ചുനോക്കി നില്‍ക്കുകയായിരുന്നു. ഏറെനേരം അയാള്‍ അങ്ങിനെതന്നെ നിന്നു.

ഉയര്‍ന്നു താഴുന്ന ഓളങ്ങള്‍ക്കു മുകളിലൂടെ ഒന്നും രണ്ടുമായി വഞ്ചികള്‍ കയറിയിറങ്ങി പൊയ്ക്കൊണ്ടിരുന്നു. പറന്നുയരാന്‍ ഭാവിക്കുന്ന കഴുകനെപ്പോലെ ചീനവല ചിറകുവിടര്‍ത്തിനില്‍ക്കുകയായിരുന്നു.

അയാള്‍ പെട്ടെന്ന് താക്കോല്‍ക്കൂട്ടം വെള്ളത്തിലേക്ക്‌ ആഞ്ഞെറിഞ്ഞു. "ഗ്ലും" രണ്ടുമൂന്നു കുമിളകളുയര്‍ത്തിക്കൊണ്ട്‌ അതു പച്ചകലര്‍ന്ന കായല്‍വെള്ളത്തിലേക്കു താണുപോയി. അയാള്‍ തിരിച്ചു കയറി. നനഞ്ഞ മണ്ണിലെ കാല്‍പാടുകള്‍ ഓളങ്ങള്‍ കഴുകിമാറ്റി.
അയാള്‍ വളരെ വേഗതയില്‍ നടക്കുകയായിരുന്നു. കൊന്നത്തെങ്ങുകള്‍ നില്‍ക്കുന്ന പുരയിടത്തിനു കുറുകെ നടന്ന് പടിപ്പുരകഴിഞ്ഞ്‌ ടാറിട്ട റോഡിലൂടെ അയാള്‍ തെക്കോട്ടു നടന്നുപോയി. വഴിയരികില്‍ നിന്ന കുടുംബത്തെ അയാള്‍ കണ്ടില്ല. അവര്‍ അയാളെക്കണ്ടിട്ട്‌ എന്തോ പരസ്പരം പിറുപിറുത്തു. അയാള്‍ വഴിയില്‍ക്കൂടി തിരിഞ്ഞുനോക്കാതെ വളരെ വേഗത്തില്‍ നടന്നുപോയി. അവര്‍ നോക്കിനിന്നു.

തറവാട്ടു സര്‍പ്പക്കാവിലെത്തിയിരുന്ന കുടുംബം തലകുത്തിമറിഞ്ഞ ചിത്രകൂടങ്ങള്‍ക്കു നടുവില്‍ നില്‍ക്കുകയായിരുന്നു. മക്കള്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും വിഗ്രഹങ്ങളുടെ സൌന്ദര്യനിരൂപണം നടത്തുകയായിരുന്നു. അമ്മ പറഞ്ഞു:

"നേരം കൊറേയായീന്നാ തോന്ന്ണേ. അവന്‍ പോയിട്ട്ണ്ടാവും."
"അതെ." അച്ഛന്‍ പറഞ്ഞു.

അവര്‍ തിരിഞ്ഞു നടന്നു. തറവാട്ടുമുറ്റത്തുകൂടി കടന്നുപോരുമ്പോള്‍ ഇളയ കുട്ടി പറഞ്ഞു.

"പൊളിക്കാന്‍ പോവ്ന്ന നാലുകെട്ട്‌ പൂട്ടി താക്കോലും കൊണ്ടാ അമ്മാവന്‍ പോയത്‌."
"വട്ടാ..." പെണ്‍കുട്ടി പൂരിപ്പിച്ചു.
"അറപൊളിക്കാനൊന്നും കാത്തുനില്‍ക്കണ്ടാ. നമ്മടെ സാധനോക്കെ നാണൂനെ പറഞ്ഞയച്ച്‌ നാളെത്തന്നെ കൊണ്ടോവാം."

കണിക്കൊന്നയുടെ പൂക്കള്‍ വീണു കിടന്നിരുന്ന ഒറ്റയടിപ്പാതയിലൂടെ അവര്‍ പടിപ്പുരയ്ക്കുനേരെ നടക്കുകയായിരുന്നു. പടിപ്പുര കടക്കുമ്പോള്‍ കെട്ടിടം പൊളിക്കാനെത്തിയവര്‍ മാറിനിന്നു.

അവസാനമായി പടിപ്പുര കടക്കുമ്പോള്‍ അമ്മ പിറകോട്ടു തിരിഞ്ഞുനിന്ന് കണ്ണടച്ച്‌ ഭക്തിപൂര്‍വ്വം രണ്ടുമിനിറ്റു നിന്നു. ദീര്‍ഘശ്വാസത്തിന്റെ കൂടെ കഷണങ്ങളായി നിലത്തു വീണ വാക്കുകള്‍ തിരിഞ്ഞുനോക്കി.

"കാരണോന്മാരേ, പരദേവതമാരേ രക്ഷിക്കണേ."

പുതുതായി കെട്ടിയ മുള്ളുവേലി കടന്നുപോയ ശരീരവുമായി, ഇപ്പോഴും ഒഴുകുന്ന കറയുമായി ഒരു ചെറിയ ഇലഞ്ഞി പടിപ്പുരയ്ക്കു സമീപം നില്‍പ്പുണ്ടായിരുന്നു. അത്‌ ഈ വാക്കുകള്‍ കേട്ടു. കണ്ണടച്ച്‌, കണ്ണീരു തുടച്ച്‌ ഇലഞ്ഞി പൊട്ടിപ്പൊട്ടിച്ചിരിച്ചു; വീണ്ടും കരയുന്നതു വരെ.

1983

<< എന്റെ മറ്റു കഥകള്‍

കാട്ടുചെത്തിപ്പൂക്കള്‍



അറിഞ്ഞുകൂട!

അപ്പുവിനെക്കൊണ്ടുപോയിട്ടെത്ര ദിവസമായിക്കാണും? എന്തോ! അവനെന്നുപോയെന്നറിഞ്ഞുകൂടല്ലോ. പിന്നെയെങ്ങനെ കണക്കാക്കാന്‍.
പതിവിനു വിരുദ്ധമായി ബലിക്കല്‍പ്പുരയുടെ വാതില്‍ അടഞ്ഞുകിടക്കുന്നു. ഇന്നെന്താണിങ്ങനെ? രാമന്‍ ആലോചിച്ചു നോക്കി. പിടികിട്ടുന്നില്ല. വാരസ്യാര്‍ വരാതിരിക്കാന്‍ വഴിയൊന്നും കാണുന്നില്ല. ഇന്നു പതിവിലും താമസിച്ചു പോയി. സാധാരണ ഇതിനുമുമ്പുതന്നെ ഈ വാതില്‍ തുറന്നുകിടക്കും. നാലമ്പലത്തിലിരുന്ന് വാരസ്യാര്‍ മാലകെട്ടുന്നുണ്ടാകും. ഇനിയെന്തു ചെയ്യും? വാരിയത്തുപോയി നോക്കിയാലോ? ഇതിനു മുമ്പ്‌ അപ്പുവുണ്ടായിരുന്നപ്പോഴാണെങ്കില്‍...
"എന്തടേ രാമരേ തനിക്കു താമസം? മണിയാറര കഴിഞ്ഞു."
പുഞ്ചിരിക്കുന്ന ആ മുഖം തെളിഞ്ഞു വരുന്നു.
മുത്തച്ഛനുണ്ടായിരുന്നപ്പോള്‍ അതിരാവിലെ എഴുനേട്ടു ശാന്തിക്കു പുറപ്പെടും. ചേട്ടനായപ്പോള്‍ അതു വയ്യ. എന്നിട്ടു തന്നെയാണു രാവിലെ പറഞ്ഞയയ്ക്കുക. പരിഭവം നടിക്കുമെങ്കിലും രാവിലെ നടതുറക്കാനും വിളക്കുതെളിക്കാനുമൊക്കെയൊരുത്സാഹമാണ്‌. അല്ല; ആയിരുന്നു. അപ്പുവുണ്ടായിരുന്നപ്പോള്‍.
രാമന്‍ ഉരുളിയും ചട്ടുകവും നിലത്തുവെച്ച്‌ ബലിക്കല്‍പ്പുരയുടെ വാതില്‍ തള്ളിത്തുറന്നു. ഉരുളിയുമെടുത്ത്‌ അകത്തുകടന്നു.
അവിടെയാകെ നിശ്ശബ്ദത തളംകെട്ടിക്കിടന്നിരുന്നു. അവന്റെ ഹൃദയത്തില്‍ ഭയം പത്തിവിടര്‍ത്തി. പ്രത്യേകം ശ്രദ്ധിച്ചാണു പാദങ്ങള്‍ വെച്ചത്‌ - എന്തോ ഒരു ഭയം.
അപ്പുവുണ്ടായിരുന്നപ്പോള്‍ അവന്‍ തന്നെ പരിഹസിക്കുമായിരുന്നു; തന്റെ ഭയത്തെച്ചൊല്ലി.
"അതാ; ബ്രഹ്മരക്ഷസ്സാണെന്നാണു തോന്നുന്നത്‌. അതാ പിറകില്‍ത്തന്നെ."
റബ്ബര്‍ത്തോട്ടങ്ങളുടെ ഇരുള്‍വീണു കിടക്കുന്ന വഴിയിലൂടെ ആദിത്യന്‍ തലയുയര്‍ത്തുന്നതിനു മുമ്പേ അവന്‍ നടന്നുവരും. പലനാളായി തിങ്ങിനിന്നിരുന്ന ആരാധന ഒരിക്കല്‍ വാക്കുകളായി പുറത്തുവന്നു:
"എന്തൊരു ധൈര്യമാണെടോ തനിക്ക്‌. ഞനായിരുന്നെങ്കില്‍..."
കുസൃതിച്ചിരിയുടെ ആമ്പല്‍പ്പൂ വിരിയുന്ന മുഖത്തുനിന്നു ഗൌരവത്തിലൊരു മറുപടിയാണു വന്നത്‌:
"എനിക്കേയ്‌...അറുകൊലയെയും മറുതയെയുമൊക്കെ നല്ല പരിചയമാ. തന്നെപ്പോലൊന്നുമല്ല. തനിക്കു പേടിയാകുമ്പളേയ്‌...എന്റെ പേരു പറഞ്ഞാമതി."
കരിങ്കല്ലില്‍ക്കൊത്തിയ സ്ത്രീരൂപങ്ങള്‍ എന്നത്തെയും പോലെ നോക്കുന്നു - നിശ്ചലമായി.
"ഇന്നെന്തു പട്ടി? അമ്പലത്തിനകത്തെല്ലാം പതിവില്ലാത്ത നിശ്ചലതയും നിശ്ശബ്ദതയും പരന്നുകിടക്കുന്നു. തിടപ്പള്ളിയുടെ അടഞ്ഞുകിടക്കുന്ന വാതില്‍ തുറക്കാന്‍ ഭയം തോന്നുന്നു. ചിലപ്പോള്‍ ഈ നിശ്ശബ്ദതയിലൊരു പോറലേല്‍പിച്ചാല്‍ അതു വളര്‍ന്നുവലുതായി ആരവങ്ങളും ഗര്‍ജ്ജനങ്ങളുമായി തന്നെ പൊതിഞ്ഞേക്കും. പ്രതിമകള്‍ പൊട്ടിച്ചിരിച്ചേക്കും. അവന്‍ ഭയന്നു.
ഒരു നിമിഷം!
ഒരു നിമിഷം മാത്രം.
അപ്പുവിന്റെ നീണ്ടുമെലിഞ്ഞ രൂപം മണ്ഡപത്തിന്റെ കരിങ്കല്‍ത്തൂണില്‍ച്ചാരി പുഞ്ചിരിതൂകിക്കൊണ്ടു നില്‍ക്കുന്നതായിത്തോന്നി.
ഒരു നിമിഷത്തേക്കു മാത്രം.
പാവം!
അവനിപ്പോള്‍ തിരുവനന്തപുരത്ത്‌, വലിയവലിയൊരാശുപത്രിയില്‍ വളരെ യന്ത്രങ്ങള്‍ക്കു നടുക്ക്‌ വളരെ മന്ദമായി സ്പന്ദിക്കുന്ന ഒരു ഹൃദയത്തിനുള്ളിലവശേഷിക്കുന്ന ജീവനുമായി കിടക്കുന്നു.
അവന്റെ അസ്ഥികൂടത്തിനുള്ളിലെ ചെറിയൊരു ഹൃദയം ഇത്ര ദുര്‍ബ്ബലമാണെന്ന് അന്നറിഞ്ഞിരുന്നില്ല.
"എടോ, തന്റെ ഹൃദയമിടിക്കുന്നതു കണ്ടോ ശരിക്കും കാണാം."
അവന്റെ വാരിയെല്ലുകളെ പൊതിഞ്ഞിരുന്ന തൊലിയുടെ ക്രമബദ്ധമായ ചലനം കൊണ്ടു കാണപ്പെട്ട ആ ഹൃദയസ്പന്ദനം അന്നൊന്നും ദുര്‍ബ്ബലമായിരുന്നില്ല.
"എന്താണെടാ നീയ്‌ മണിയേഴായിട്ടും നടതുറക്കാതെ സ്തംഭം പോലെ വന്നിരിക്കുന്നത്‌?"
ചേട്ടന്റെ ശബ്ദം കുറച്ചുറക്കെത്തന്നെയാണുയര്‍ന്നത്‌. രാമന്‍ ഞെട്ടിപ്പോയി. വേഗതകൂടിയ ശ്വാസചലനം സാധാരണഗതിയിലായപ്പോള്‍ അവന്‍ പറഞ്ഞു:
"ഞാന്‍..ഠാമസിച്ചുപോയി."
"താമസിച്ചുപോയാല്‍ വന്നയുടനെ നട തൊറക്കുകല്ലേ വേണ്ടത്‌? അതിനു വായും പൊളിച്ചു മണ്ഡപത്തിക്കേറിയിരിക്കുന്നു. എന്റെ മഹാദേവാ! ഇവനെയാണല്ലോ എനിക്കു പറഞ്ഞയക്കാന്‍ തോന്നിയത്‌."
"ഞാന്‍..ഠൊറക്കാം." അവന്‍ വേഗം എഴുനേട്ടു.
"വേണ്ടവേണ്ട. അങ്ങുപൊയ്ക്കൊണ്ടാല്‍ മതി. സ്കൂളിപ്പോകാന്‍ ഇപ്പത്തന്നെ താമസിച്ചു. വേഗമാട്ടെ."
അവന്‍ താക്കോല്‍ മണ്ഡപത്തില്‍ വെച്ചിട്ടു നടക്കാന്‍ തുടങ്ങി. 'എത്രനേരം ചിന്തിച്ചിരുന്നിരിക്കണം! ഇന്നെന്താണുപട്ടിയത്‌!' അവന്‍ അത്ഭുതപ്പെട്ടു.
നാലമ്പലത്തിനു പുറത്തു കടന്നപ്പോഴാണ്‌ അവന്‍ പ്രാവുകളെക്കുറിച്ചോര്‍ത്തത്‌! അപ്പുവിന്റെ പ്രാവുകള്‍! അപ്പുവിനു കിട്ടുന്ന നേദ്യച്ചോറിലൊരംശം എന്നും അവന്‍ അരിപ്രാവുകള്‍ക്കു വിതറിക്കൊടുത്തിരുന്നു. ഇന്നാണ്‌ ആദ്യമായി അവയുടെ കാര്യം മറക്കുന്നത്‌. നാശം പിടിച്ച ദിവസം.
അപ്പുവെന്നു വരും?
അവന്‍ ചിന്തിച്ചു. വളരെയൊന്നും ആശയില്ലാത്ത ശസ്ത്രക്രിയയാണെന്നാണ്‌ ടെയിലര്‍ വേലായുധന്‍ ചേട്ടനോടു പറയുന്നതു കേട്ടത്‌. ദൈവമേ! ഇല്ല; ഭയപ്പെടാനൊന്നുമില്ല; അവന്‍ മടങ്ങിവരും - തിങ്കളാഴ്ചതന്നെ. അവന്‍ സ്വയം സമാധാനപ്പെടുത്തി.
ദീപാരാധനയ്ക്കു നട തുറക്കുമ്പോള്‍ അപ്പുവിന്റെ ശ്വാസകോശത്തിലെ വായു ഗംഭീരമായ ശബ്ദത്തോടെ ശംഖിലൂടെ തെന്നിയിറങ്ങി വരും. കര്‍പ്പൂരത്തട്ടം പിടിച്ചിരിക്കുന്ന താന്‍ ശ്രീകോവിലിനു പുറത്ത്‌ അവന്റെ മുഖത്തേക്കു നോക്കി ഒന്നു ചിരിക്കും.
ആ ശംഖ്‌ പത്തായത്തിനു മുകളില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌. പോകുന്നതിനു തലേദിവസം അവന്‍ തന്നതാണ്‌. രാത്രി നടയടയ്ക്കുമ്പോള്‍...
"രാമാ"
"എന്തെടോ?"
"ഞാനേയ്‌..ണാളെ രാവിലെ തിരുവനന്തപുരത്തിനു പോവാ. തിരിച്ചു വരുന്നവരെ തനേയ്‌...ഈ ശംഖു സൂക്ഷിച്ചോളണം. അടുത്തതിന്റടുത്ത തിങ്കളാഴ്ച രാവിലെ താനിവിടെവരുമ്പോള്‍ ഞാനിവിടെ കാണും."
അവന്‍ പോയി.
എത്ര ദിവസമായിക്കാണും? അറിഞ്ഞുകൂടാ.
ക്രിസ്തുമസ്സുപരീക്ഷയുടെ പേപ്പറുകളോരോന്നും തരുമ്പോള്‍ അദ്ധ്യാപകരുടെ കണ്ണുകള്‍ അവനെ പരതുന്നു.
"വന്നിട്ടില്ല!"
പതിവുപോലെ അവനുതന്നെയാണ്‌ ഒന്നാം റാങ്ക്‌. തിങ്കളാഴ്ച വരുമ്പോള്‍ അവനോടു പറയണം. രാമനോര്‍ത്തു.
സമയം പോകുന്നു. അവന്‍ വേഗം നടന്നു. നാഗത്താന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന, കാട്ടുചെത്തിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മൂലയില്‍ വെച്ച്‌ വൃദ്ധയായ വാരസ്യാര്‍ വരുന്നതു കണ്ടു. അവരുടെ മുഖം പ്രസന്നമായിരുന്നില്ല.
അടുത്തുവന്നപ്പോള്‍ രാമന്‍ ചോദിച്ചു:
"എന്താണമ്മൂമ്മേ താമസിച്ചത്‌?"
"അപ്പു..."
"അപ്പു...? അപ്പു വന്നോ?" അവന്റെ ശബ്ദത്തില്‍ ആഹ്ലാദം അലയടിച്ചു.
"അപ്പു...മ..ഋി...ച്ചു."
അവന്റെ കണ്ണുകള്‍ക്കു മുമ്പില്‍ ഭൂമി ഇരുണ്ടു.
കാട്ടുചെത്തിക്കൂട്ടങ്ങള്‍ക്കിടയിലിരുന്ന് അപ്പുപൊട്ടിപ്പൊട്ടിച്ചിരിക്കുന്നു.
വാരസ്യാര്‍ നടന്നുപോയി.
രാമന്‍ ഓടി.
"തനിക്കു പേടിയാകുമ്പളേയ്‌...എന്റെ പേരു പറഞ്ഞാല്‍ മതി!"
അപ്പു!
അപ്പു ഉരുളന്‍ കല്ലുകള്‍ കൊണ്ടുണ്ടാക്കിയ കയ്യാലപ്പുറത്തിരിക്കുന്നു.
ഇടയ്ക്കയുടെ ശബ്ദം ഒഴുകിവരുന്നു. അപ്പുവിന്റെ അച്ഛന്‍ കൊട്ടുന്നതുപോലെ തന്നെ.
"ഈ ശംഖേയ്‌...ആര്‍ക്കും കൊടുക്കരുത്‌. അടുത്തതിന്റടുത്ത തിങ്കളാഴ്ച ഞാന്‍ വരും."
വരുമോ?
വരും.
"എന്തെടേ രാമരേ താമസം? മണിയാറര കഴിഞ്ഞു."
രാമന്‍ അടച്ചിട്ടിരിക്കുന്ന റെയില്‍വേ ഗേട്ടിനുമുമ്പില്‍ നിന്നു. തിരുവനന്തപുരത്തു നിന്നുള്ള എക്സ്പ്രസ്സ്‌ ട്രെയിന്‍ കുതിച്ചു പാഞ്ഞു. അതില്‍ അപ്പുവിന്റെ അച്ഛനും അമ്മയും അപ്പുവിന്റെ...ശവവും.
അസ്ഥികൂടത്തിനു പുറത്തെ തൊലിയില്‍ താളബദ്ധമായ ചലനങ്ങളുതിര്‍ത്തുകൊണ്ട്‌ ആ ഹൃദയം ഇനി ചലിക്കുകയില്ല. ഇല്ല!
റെയില്‍വേ ഗേട്ടു തുറന്നു.
രാമന്‍ നടന്നു.
തീവണ്ടിയുടെ പുകയുടെ തരികള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞുതീര്‍ന്നിരുന്നു. അവന്‍ വടക്കോട്ടു നോക്കി.
തീവണ്ടിപ്പാളത്തില്‍ ഒരു കുല കാട്ടുചെത്തിപ്പൂക്കള്‍ ചിതറിക്കിടന്നിരുന്നു - ഹൃദയരക്തം പോലെ.

1983

<< എന്റെ മറ്റു കഥകള്‍

Friday, January 20, 2006

മോന്തായം





കവിത


എന്താകും? (2015)
യുറീക്കയിൽ പ്രസിദ്ധീകരിച്ചു.

ഉപാസനാപഞ്ചകം (2011)

പഞ്ചാക്ഷരഭുജംഗം‌ (2010)

എന്തുചെയ്യുംകിളിപ്പാട്ട്‌ (2010)
ബൂലോകകവിത ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.

നാടോടുമ്പോൾ (2010)

കോൾമയിരിന്റെ ഉപയോഗം (2009)
തർജ്ജനിയിൽ പ്രസിദ്ധീകരിച്ചു.

വാക്കുകള്‍ (മൊഴിമാറ്റം) (2009)

മറുപടി (2007)

ഒരു നാള്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും (ഒട്ടോ റെനോ കാസ്റ്റില്ലോ - മൊഴിമാറ്റം) (2007)

(ബൂ)ലോകം പദ്യത്തിലേക്കു മടങ്ങുന്നു/മുന്നേറുന്നു (2007)

ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടോത്തരശതനാമസ്തോത്രം (2006)
ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു

ശ്ലോകങ്ങള്‍ (കാലക്രമത്തില്‍)

നക്ഷത്രം മിന്നുന്ന പതാക (2006)('അമേരിക്കന്‍ കവല'യില്‍)
നക്ഷത്രം മിന്നുന്ന പതാക (2006)('വെബ്‌ലോക'ത്തില്‍)

ആശ്രാമത്തെ മരങ്ങള്‍ (1988)
തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചു.

ശ്ലോകങ്ങള്‍ (കാലക്രമത്തില്‍)


വൈദ്യനാഥൻ (2020)

തോരനും ഭീരുവും (2018)

ആശാരിച്ചി (2018)

ഭാരതാംബ (2015)

ദൈവം തുണ (2013)

ഇരുട്ടിൽ (2013)

നവരാത്രി പിന്നെയും (2012)

വൃത്തങ്ങളോട് (2012)

ഭരണഭരണി (2012)

മായാസ്തുതി (2012)

ചെരിപ്പിനോട് (2012)

വള്ളി (2012)

തനിനിറം (2011)

ആട്ടക്കാർ (2011)

തീർത്ഥാടകർക്കു സ്വാഗതം (2011)

അയ്യ(പ്പ)ൻ (2011)

സായൂജ്യം (2010)

ധർമ്മസാധനം (2010)

മനുഷ്യനൊരു ചരമഗീതം (2010)

ദൈവത്തിന്റെ സ്വന്തം പാനീയം (2010)

കാളിദാസൻ (2010)

വാണി (2010)

എഴുത്തുകാരൻ (2010)

വിധിയുടെ തിരുത്ത്‌ (2009)

താമരക്കണ്ണന്‍ Vs മുക്കണ്ണന്‍ (2008)

മനോരമ ചാറ്റ്‌റൂമിലാണ്‌ (2008)

തല്ലാന്‍ (2008)

വ്യാഖ്യാതാവിന്റെ അറിവ്‌ (2008)

അമ്പത്തൊന്നക്ഷരാളി (2007)

പരംപൊരുള്‍ (2007)

മൊഞ്ചത്തി (2006)

വെളുക്കും വെളുക്കും (2006)

കിളിപ്പെണ്ണ്‌ (2006)

ടിപ്പു സ്തുതി (2006)

തന്നോളം വളര്‍ന്നാല്‍ (2006)

ഗുരുസാഗരം (2006)

അഷ്ടമൂര്‍ത്തി (2006)

കാമാന്ധന്‍ (2006)

വകയില്‍ ഒരു ഭാര്യ (2006) അച്ഛനും അമ്മയ്ക്കും തുല്യരായി ആരെയൊക്കെ കരുതണം എന്നു പറയുന്ന ശ്ലോകങ്ങള്‍ പ്രസിദ്ധമാണ്‌. എന്നാല്‍, ഭാര്യയായി ആരെ കണക്കാക്കണം എന്ന ചോദ്യത്തിന്‌ ശാസ്ത്രങ്ങള്‍ എന്തു മറുപടി പറയുന്നു എന്നു നോക്കാം.

പാമ്പിനു പാലു കൊടുത്താല്‍ (2006)

പെണ്ണായ്‌ പിറന്നാല്‍ (2006)

കൂമന്റെ കാഴ്ച (2006)

ധനത്തില്‍ മികച്ചത്‌ (2006)

മദിര (2006)

ചെറുക്കന്‍കാണല്‍ (2006)

പല്ലും നാവും (2006)

തിളങ്ങാന്‍ വേണ്ടത്‌ (2006)

ഈറ്റുഭേദം (2006)

ഭര്‍തൃലക്ഷണം (2006) ഭാര്യമാരുടെ ലക്ഷണം നിര്‍വചിക്കുന്ന ശ്ലോകം വായിച്ചിട്ട്‌ ഭര്‍ത്താവിനു വേണ്ട യോഗ്യതകളൊന്നും പണ്ടുള്ളവര്‍ പറഞ്ഞില്ലേ എന്നു ജല്‍പിക്കുന്നതു കേട്ടിട്ടില്ലേ? അവര്‍ ഇതൊന്നും വായിച്ചിരിക്കില്ല.

ഇരുട്ടുമ്പോള്‍ (2006)

നെയ്‌വിളക്കുകള്‍ക്കിടയില്‍ (2006)

മധുരസ്മരണ(2006)

എന്റെ കണ്ണുകൊണ്ട്‌ (2005)

ഗിരീശന്‍(2005)

സ്ത്രീജന്മം(2005)

കര്‍മ്മത്തിന്റെ കരുത്ത്‌ (2005)

വാഗ്‌ദേവതാ ധ്യാനം (2005)

എന്റെ ഭാര്യ, ഒരു ഭാഗ്യവതി (2005)

പന്നി (2005)

മദാമ്മ (2005)

ഈശ്വരന്റെ സ്വന്തം നാട്‌ (2005)

വാക്കു പൊലിയ്ക്കാന്‍ (2005)

വാമനമൂര്‍ത്തി (2005)

ധീരന്‍ (2005)

ഫലിതം (2005)

പുതിയ കുപ്പിയില്‍ (2005)

നിനക്കു മരണമുണ്ട്‌ (2005)

വികടസരസ്വതി (2005)

രക്ഷ, രക്ഷ! (2005)

കീചകന്‍ (2005)

സ്ഥാനമഹിമ (2005)

കൈരളി (2005)

മദനഗോപാലന്‍ (2005)

കുട്ടിക്കൊമ്പന്‍ (2005)

ഇംഗ്ലീഷ്‌ മരുന്ന്‌ (2005)

മോഹിനീരൂപന്‍ (2005)

കുടിയന്‍ (2005)

ശിവസ്തുതി (2005)

കരിവണ്ട്‌ (2005)

പ്രദോഷധ്യാനം (2005)

കവിയുടെ ചെറുപ്പത്തിലെ ഒരു ഛായാചിത്രം (2004)

അമേരിക്കന്‍ മാതാവ്‌ (2004)

കഥ

കണ്ണീർക്കഥ (2022)

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു


പഞ്ചാബികളുടെ ഓണം (2022)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


മേലധികാരം (2022)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


ജീവനുള്ള വെള്ളം (2022)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


ഒരു ബംഗാളി സ്വപ്നം (2021)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


ഗുരുനാമസ്മരണം (2021)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


ലഡാക്ക് (2021)

സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ചു


ഗ്രേറ്റ് ഇൻഡ്യൻ തമാശ (2021)

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു


അപ്പംകൊണ്ട് മാത്രം (2021)

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു


ജ്ഞാനപ്പഴം (2021)

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു


വിദ്യാലക്ഷ്മിയുടെ ഉത്പത്തി (2021)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


ദൈവങ്ങൾ ചിരിക്കുന്നത് (2021)

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു

പൊന്നപ്പനാശാരിയും മുട്ടത്തുവർക്കിയും (2021)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു

വിളിപ്പാട് (2021)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


നായിൻ്റെ മോൻ (2015) ഭാഗം 1, ഭാഗം 2, ഭാഗം 3
ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു

വേഷം (2015)
ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

പരോപകാരാര്‍ത്ഥം (2015)
മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു

ഉറങ്ങുന്ന സുന്ദരൻ (2015)
ഐഇ മലയാളത്തിൽ പ്രസിദ്ധീകരിച്ചു

പ്രവാസിമാവേലിയുടെ പ്രസക്തി (2010)
കലാകൌമുദിയിൽ പ്രസിദ്ധീകരിച്ചു

കൊളോണിയൽ കസിൻസ് (2010)
ഭാഷാപോഷിണിയിലും ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. യൂറ്റ്യൂബിലും കേൾക്കാം

ആരും മരിക്കാത്ത വീടുകള്‍ (2010)
കലാകൌമുദിയിൽ പ്രസിദ്ധീകരിച്ചു

കാമകൂടോപനിഷത്ത് (2008)
സമകാലികമലയാളം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു

യന്ത്രങ്ങളുടെ രാജാവ്‌ (2007)
സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു

മരിച്ചുപോയവര്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌ (2006)
സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു

ഉയിര്‍ത്തെഴുനേല്‍ക്കേണ്ടായിരുന്നു (2006)

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ (2003)
തര്‍ജ്ജനിയിലും ഭാഷാപോഷിണിയിലും പ്രസിദ്ധീകരിച്ചു

ഭുവനേശ്വര്‍ (1990)
ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചു

തണുപ്പ് (1988)
തർജ്ജനിയില്‍ പ്രസിദ്ധീകരിച്ചു

ജോസ്‌ സാമുവല്‍ ഒരു കഥകൂടി പറയുന്നു (1987)
കഥ ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചു

അവസാനത്തെ അദ്ധ്യായം: ഞാന്‍ നോവലിസ്റ്റിനെ ധിക്കരിക്കുന്നു (1987)
തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചു

അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍ (1987)
തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചു

ഞാവല്‍പ്പഴങ്ങള്‍ (1986)
പുഴ.കോമില്‍ പ്രസിദ്ധീകരിച്ചു

നോക്കുകുത്തി (1986)
മലയാള മനോരമ വാര്‍ഷികപ്പതിപ്പ്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ രണ്ടാം സമ്മാനം കിട്ടിയ കഥ

പരീക്ഷിത്തുകളുടെ വിധിയെന്ത്‌? (1986) തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചു

ദൈവത്തിന്റെ വരവ്‌ (1986)
മൂന്നാമിടത്തില്‍ പ്രസിദ്ധീകരിച്ചു

പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും എന്റെ ജീവിതവും (1986-87)

കറുത്ത വേട്ടപ്പട്ടി (1986)
മൂന്നാമിടത്തില്‍ പ്രസിദ്ധീകരിച്ചു

അയാള്‍ വീണ്ടും കടന്നുവരുന്നു (1985)
നിനവ്‌ കാമ്പസ്‌ മാഗസിന്‍, വര്‍ണ്ണലയം മാസിക എന്നിവയില്‍ പ്രസിദ്ധീകരിച്ചു

പാപിയായ ഒരു ബ്രാഹ്മണന്റെ വിധി (എലിക്കെണി) (1984)
തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചു

മഴയുടെ അച്ഛന്‍ (1984)

നിയമവിരുദ്ധമായ ഒരു വാതില്‍ (1984)
കേരളസര്‍വ്വകലാശാലായൂണിയന്‍ പ്രസിദ്ധീകരണമായ 'കലാലയകഥ'യില്‍ പ്രസിദ്ധീകരിച്ചു

നരിച്ചീറുകള്‍ (1983)

കാട്ടുചെത്തിപ്പൂക്കള്‍ (1983)

ഒരു ചിത്രം (1982)
മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ സ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ കഥ. പ്രസിദ്ധീകരിച്ചത്‌: 1983 വിഷുപ്പതിപ്പ്‌

തോന്നിയവാസം

ചുമ്മാതിരുന്നു ചിന്തിച്ചു കൂട്ടിയത്‌, വായില്‍ തോന്നിയത്‌, വായിച്ചപ്പോള്‍ പ്രതികരണം മറിഞ്ഞത്‌ മുതലായവ:

Friday, January 06, 2006

2006 ജനുവരി 6-ന്‌ ഈ ബ്ലോഗ്‌ തുടങ്ങി.