Thursday, July 17, 2014

ജേര്‍ണലിസ്റ്റ് മങ്കീസ്‌


അരുന്ധതി റോയി ഇന്നലെ തിരുവനന്തപുരത്തു നടത്തിയ പ്രസംഗത്തില്‍ ഗാന്ധിജി തോട്ടികളെക്കുറിച്ചെഴുതിയ "ദ ഐഡിയല്‍ ഭാംഗി" എന്ന ലേഖനം പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ മനോരമയില്‍ റിപ്പോര്‍ട്ടു വന്നപ്പോള്‍ അത് "ഐഡിയല്‍ മങ്കീസ്‌" ആയിരിക്കുന്നു.


സ്വല്പം പരിശീലനം കൊടുത്താല്‍ വാനരന്മാരെക്കൊണ്ടുപോലും ഒരു പത്രം നടത്താന്‍ കഴിയുമെന്നു തെളിയിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകല്ലേ മലയാളപത്രസ്ഥാപനങ്ങള്‍. അങ്ങനെ വരുമ്പോള്‍ ഭാംഗിയും മങ്കിയും തമ്മില്‍ ചിലപ്പോള്‍ മാറിപ്പോയെന്നു വരും. അതിലൊക്കെ ഇത്ര പോസ്റ്റാനെന്തിരിക്കുന്നു? "അയ്യോ കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ" എന്നല്ലേ കവി പാടിയിരിക്കുന്നത്.
<< തോന്നിയവാസം

Wednesday, July 09, 2014

ഭാരതാംബയുടെ ഭർത്താവ് ഒരു ജെയ്‌ലർ ആയിരുന്നു



ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു (1984) ശേഷമായിരിക്കണം ‘കർമ്മ’ (1986) എന്ന സുഭാഷ് ഘായ് ചിത്രത്തിന്റെ പണിതുടങ്ങിയത്. ഈ പടത്തിലെ ‘യേ വതൻ തേരേ ലിയേ’ എന്ന ദേശഭക്തിഗാനത്തിന്റെ രംഗം ഇപ്പോൾ കാണുമ്പോൾ അതിലെ അമ്മദൈവമായ നൂതന് ഭാരതമാതാവിന്റെ ചിത്രങ്ങളോടും ഇന്ദിരാഗാന്ധിയോടുമുള്ള സാദൃശ്യം വളരെ വ്യക്തമാണ്. കാഴ്ചക്കാരിൽ ഒരാളും അതു മനസ്സിലാക്കാതെപോകരുതെന്ന് സംവിധായകനു നിർബന്ധമുള്ളതുകൊണ്ടായിരിക്കണം പശ്ചാത്തലത്തിലെ രാഷ്ട്രശില്പികളുടെ കൂട്ടത്തിലുള്ള ഇന്ദിരയുടെ ചിത്രം നൂതനോടൊപ്പം ആവർത്തിച്ചാവർത്തിച്ച് കാണിക്കുന്നുമുണ്ട്.

എൺപതുകളിലെ ഖാലിസ്ഥാൻ വിഘടനവാദത്തിന്റെ പശ്ചാത്തലത്തിൽ ദേശീയവാദത്തിനും അഖണ്ഡതാവാദത്തിനും ഏറെ വൈതാളികരുണ്ടായി. ഭീകരവാദികളെ അവസരവാദരാഷ്ട്രീയത്തിനുവേണ്ടി പ്രീണിപ്പിച്ച ഇന്ദിരയുടെ ജീവൻ ഭീകരവാദത്തിൽ ഒടുങ്ങിയപ്പോൾ അവരുടെ ശവസംസ്കാരച്ചടങ്ങുകൾ ദൂർദർശനിലൂടെ രാഷ്ട്രമാകെ പ്രക്ഷേപണം ചെയ്തും അവരെ രാഷ്ട്രമാതാവായി അവരോധിച്ചും നാടാകെ സ്മാരകങ്ങളുയർത്തിയും ദേശീയതാതരംഗം മൂർച്ഛിച്ചു. ആ തരംഗത്തിൽ കപ്പലോട്ടി അവരുടെ പിൻഗാമികൾ ചെങ്കോട്ടയിൽ കയറിപ്പറ്റുകയും ചെയ്തു. ലോകത്തെല്ലായിടത്തും എല്ലാക്കാലത്തും ഭരണത്തിലിരിക്കുന്നവർ അവരുടെ കസേരകൾക്ക് ഇളക്കംതട്ടുന്നസമയത്ത് കലാമാധ്യമങ്ങളിൽ കലര്ത്തിത പ്രജകൾക്കു കല്പിച്ചുപോന്ന സിദ്ധൌഷധമാണ് ദേശഭക്തി. ഇൻഡ്യൻ സിനിമയിൽ എപ്പോഴൊക്കെ ദേശീയതാതരംഗങ്ങളുണ്ടായിട്ടുണ്ടെന്നു നോക്കിയാൽ ചൈനാ-പാകിസ്ഥാൻ-ബംഗ്ലാദേശ് യുദ്ധങ്ങളുടെയും അടിയന്തിരാവസ്ഥയുടെയും നിഴൽപ്പാടുകൾ കാണാം. മുമ്പുചില യുദ്ധക്കാലങ്ങളിൽ തീയേറ്ററുകളിൽ പടം കഴിയുമ്പോൾ ദേശീയഗാനം നിർബന്ധിതമാക്കിയിരുന്നെങ്കിലും ഇരുട്ടത്ത് വീടുപറ്റാനുള്ള കാണികളുടെ തത്രപ്പാടുമൂലം ഒഴിഞ്ഞ തീയേറ്ററിൽ ദേശസ്നേഹം ഒറ്റയ്ക്കായി.

ഇപ്പോൾ വീണ്ടും ദേശീയഗാനം സിനിമാക്കൊട്ടകകളിൽ തിരിച്ചുവരികയാണ്. താത്കാലിക കൺകെട്ടുവിദ്യകളിലൂടെ വികസനത്തിന്റെ മായക്കാഴ്ച സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും ഇന്ധനക്ഷാമവും വിലക്കയറ്റവും ഇടിയുന്ന ഓഹരിക്കച്ചവടവും രൂപയുടെ മൂക്കുകുത്തുന്ന മൂല്യവുമൊക്കെക്കൂടി കാണികളെ യാഥാർത്ഥ്യത്തിലേക്കുണർത്തിയേക്കുമെന്ന ഭീഷണിയുണ്ടാകുമ്പോൾ ദേശപ്രേമം പോലെ കൈകണ്ട ഒരൊറ്റമൂലി പരീക്ഷിക്കാതിരിക്കുമോ ഭരണകൂടം? മുമ്പുപറ്റിയ അബദ്ധം ആവർത്തിയ്ക്കാതിരിക്കൻ ഇത്തവണ സിനിമയ്ക്കുവിശന്നു വന്നിരിക്കുന്നവരെ പ്രധാനവിഭവത്തിനുമുമ്പാണ് ദേശപ്രേമം കുടിപ്പിക്കുന്നത്. “ദേശീയഗാനം പാടുമ്പോൾ ദയവായി എഴുനേറ്റു നിൽക്കുക” എന്ന മുൻസൂചനയോടെ ദേശഭക്തി നിർബന്ധിതമായിത്തീരുകയും ചെയ്യുന്നു. ‘കർമ്മ’യിലെ ഗാനം ഓർമ്മവന്നത് പുതിയൊരു ദേശീയഗാനപ്പരസ്യം കണ്ടപ്പോഴാണ്. ഹൃദയം കല്ലുകൊണ്ടല്ലാത്ത ഏതൊരാളെയും അലിയിക്കാനുള്ള തയ്യാറെടുപ്പിൽ ഇത്തവണ വികലാംഗരായകുട്ടികളെയാണ് സ്കൂൾ അങ്കണത്തിൽ അണിനിരത്തിയിരിക്കുന്നത്.

എന്നാൽ, നാലുപാടും വളഞ്ഞുനിൽക്കുന്ന സ്കൂൾ കെട്ടിടങ്ങൾക്ക് ‘കർമ്മ’യിലെ ജയിൽക്കോട്ടയോടുള്ള സാദൃശ്യം സ്വാസ്ഥ്യംകെടുത്തുന്നതാണ്. ജയിൽ ടവറുകൾക്കു മുകളിലെന്നപോലെ ഈ അങ്കണത്തിന്റെ നാലുകോണിലും കാമറയിൽപ്പെടാത്ത കാവൽമാടങ്ങൾക്കുമുകളിൽ തോക്കുചൂണ്ടിനിൽക്കുന്ന കാവൽക്കാരുണ്ടായിരിക്കുമോ? എന്തൊക്കെ ഭീഷണികളായിരിക്കാം കാമറ ചലിച്ചുതുടങ്ങും മുമ്പും അണഞ്ഞുകഴിഞ്ഞും ഈ കുട്ടികൾക്കു നേരിടേണ്ടിവന്നിരിക്കുക? പാട്ടുതുടങ്ങുംമുമ്പ് ഓടിക്കിതച്ചെത്തുന്ന ആ കുട്ടിയുടെ കിതയ്ക്കുന്ന കാലൊച്ചകൾക്കുപിന്നിൽ ഏതൊക്കെ മർദ്ദനതന്ത്രങ്ങളുടെ ഓർമ്മകളായിരിക്കാം? വെട്ടിനിരപ്പാക്കിയ പുൽത്തകിടിപോലെ തന്റെ മുന്നിൽ അണിനിരന്നിരിക്കുന്ന ജീവികളുടെ നിരകളുടെ അച്ചടക്കം കണ്ടുകൺകുളിർക്കുന്ന, ഭാര്യയും മക്കളും ഉൾപ്പെട്ട തന്റെ സ്വകാര്യസാമ്രാജ്യമായി ജയിലിനെ മാറ്റിയ ‘കർമ്മ’യിലേതുപോലൊരു ജയിലറുടെ കണ്ണുകൾ ഈ രംഗത്തിനുമുകളിൽ പതിയുന്നുണ്ടാവുമോ?

തിരുവനന്തപുരത്തെ തീയേറ്ററുകൾ നിറഞ്ഞുനിന്നുകൊണ്ട് ദേശീയഗാനപ്പരസ്യത്തിന് അഭിവാദ്യമർപ്പിക്കാൻ കാണികൾ ചാടിയെഴുന്നേല്ക്കുിമ്പോൾ ഇരിപ്പിടത്തിൽ എനിക്കും ഇരിപ്പുറയ്ക്കുന്നില്ല. ഞാനും എഴുന്നേറ്റുനില്ക്കുന്നു. ചന്തി പൊങ്ങിപ്പോകുന്നതിനുപിന്നിൽ ഭയമാണു പ്രധാനവികാരം. കെ. ബാലചന്ദറിന്റെ ഒരു സിനിമയിൽ ദേശീയഗാനത്തെ ബഹുമാനിക്കാത്ത ഒരാളെ കമലഹാസൻ കൈയേറ്റം ചെയ്യുന്ന രംഗവും ഓർമ്മവന്നു. ദേശഭക്തിബാധിച്ച ആൾക്കൂട്ടം എന്തുതന്നെ ചെയ്യാൻ മടിക്കില്ല?

ഈ തിരുവനന്തപുരം ഓർമ്മയുമായിട്ടാണ് ചേർത്തലയിൽ ഈയിടെ സിനിമ കാണാൻ പോയത്. എന്നാൽ, എഴുനേറ്റുനിൽക്കാനുള്ള അഭ്യർത്ഥന പ്രത്യക്ഷപ്പെട്ടിട്ടും ആരും അനുസരിച്ചില്ല. ദേശീയഗാനം തീരുന്നതുവരെ ഒരാളും സീറ്റിൽനിന്ന് അനങ്ങിയില്ല. എന്തുകൊണ്ടാവാം? പഞ്ചസാരമണലിന്റെ മുകള്‍പ്പരപ്പിനടിയില്‍ കളിമണ്ണുപോലെ, അധികാരസ്ഥാപനങ്ങളോടും നേതൃത്വത്തോടുമുള്ള സംശയബുദ്ധിയും അമർഷവും ചിലദേശങ്ങളിൽ തലമുറകളിലൂടെ അട്ടിയട്ടിയായി കനത്തുകിടക്കുന്നുണ്ടാവാം. വാരിക്കുന്തവും കൊടുത്ത് പട്ടാളത്തോക്കിന്റെ മുമ്പിലേക്ക് പറഞ്ഞയയ്ക്കപ്പെട്ടവരുടെ ഓർമ്മ ഇരിപ്പിടത്തില്‍നിന്നു ചന്തിയുയര്‍ത്താന്‍ കഴിയാത്തവണ്ണം നട്ടെല്ലിൻചുവട്ടിൽ ഒരു ഇരുമ്പുകട്ടപോലെ ഇന്നും കനത്തിരിക്കുന്നുണ്ടായിരിക്കാം.