Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, September 08, 2019

വേഷം


"രാവിലത്തെ നടപ്പുകഴിഞ്ഞ് വന്നപാടേ പപ്പാ കുളിച്ചൊരുങ്ങിയത് പ്രീത ശ്രദ്ധിച്ചു. കുറേ നേരമെടുത്ത് മുടി വൃത്തിയായി കറുപ്പിച്ചു. ഷേവ് ചെയ്ത്, വെളുത്ത ഫുൾകൈയൻ ഷർട്ടും കറുത്ത പാന്റ്സുമിട്ട്, ആഫ്റ്റര്‍ഷേവ് ലോഷനും പെര്‍ഫ്യൂമും പൂശി, ചാനൽ അഭിമുഖത്തിനു പോകാറുള്ളതുപോലെ റെഡിയായി ഇരുന്നു."

See on Facebook

 
മലയാളനാടിൽ കഥ വായിക്കുക.



<< കഥകൾ

Sunday, June 11, 2017

ഉറങ്ങുന്ന സുന്ദരൻ



"അപ്പോൾ, കഴിഞ്ഞ നൂറ്റാണ്ട് സാമാന്യം വലിയ ഒരു ശബ്ദത്തോടെ അവർക്കുചുറ്റും തകർന്നുവീണു. ആ പൊടിപടലം അല്പനേരംകൂടി അവിടെയെല്ലാം തങ്ങിനിന്നു."

ഗ്രിം സഹോദരന്മാരുടെ 'ഉറങ്ങുന്ന സുന്ദരി' എന്ന യക്ഷിക്കഥയെ ആധാരമാക്കിയ കഥ ഐഇ‌മലയാളത്തിൽ.

<< കഥകൾ

Thursday, January 28, 2016

ആരും മരിക്കാത്ത വീടുകള്‍

"ആ പുസ്തകങ്ങളിലൊന്നില്‍ കടുകുമണികളുടെ കഥയുണ്ടായിരുന്നു. മരിച്ച കുഞ്ഞിനെ ജീവിപ്പിച്ചുകൊടുക്കാനാവശ്യപ്പെട്ട് ബുദ്ധനെ സമീപിച്ച അമ്മയോട് ആരും മരിക്കാത്ത ഏതെങ്കിലും വീട്ടിൽനിന്ന് ഒരുപിടി കടുകു വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞയച്ച കഥ.
"ജനലിൽക്കൂടി വീഴുന്ന വെയിലിന്റെെ ത്രികോണത്തിൽ കാലിട്ടിളക്കിക്കൊണ്ട് മിണ്ടാതെ കിടക്കുന്ന രാഹുലിന്‍റെ ചിത്രം ഗൌതമന്‍റെ മനസ്സിൽ തെളിഞ്ഞു. കടുകുമണികളുടെ കഥ കേള്‍ക്കുമ്പോൾ ഒരു തവണ അവൻ അമ്മയോടു ചോദിച്ചു:
“അവൾ നമ്മുടെ തെരുവിൽ വന്നാൽ മതിയായിരുന്നു, അല്ലേ അമ്മാ? ഏതു വീട്ടിൽനിന്നു വേണമെങ്കിൽ കടുകു കിട്ടുമായിരുന്നല്ലോ.”


നീണ്ടകഥ രണ്ടുഭാഗമായി കലാകൌമുദി 2108, 2109 ലക്കങ്ങളില്‍.

<< കഥ

Monday, June 08, 2015

പരോപകാരാര്‍ത്ഥം

മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന കഥ. മദനന്റെ ചിത്രങ്ങളോടെ.

സാഹിത്യവാരീകകൾക്കു പുറത്ത് കഥകൾക്ക് ഇത്തരമൊരു ഇടമുണ്ടെന്ന് ഓർമ്മിപ്പിച്ച രാംമോഹൻ പാലിയത്തിനും കെ. വി. മണികണ്ഠനും വാരാന്തപ്പതിപ്പ് പത്രാധിപര്‍ സുഭാഷ് ചന്ദ്രനും നന്ദി. കഥ ആദ്യം അവതരിപ്പിച്ചത് തിരുവനന്തപുരം പുരോഗമനകലാസാഹിത്യസംഘത്തിന്‍റെ പ്രതിമാസകഥയരങ്ങായ "സംഘകഥ"യിൽ.



<< കഥ

Saturday, February 14, 2015

"അയാള്‍ വീണ്ടും" വര്‍ണലയം മാസികയില്‍

അയാള്‍ വീണ്ടും കടന്നുവരുന്നു എന്ന കഥ 1989ല്‍ വര്‍ണലയം മാസികയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍.


<< കഥകള്‍

Friday, March 30, 2012

കൊളോണിയൽ കസിൻസ്


യൂ റ്റ്യൂബിൽ കേൾക്കാം:



ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിൽ വായിക്കാം:


2012 മാർച്ച് ലക്കം ഭാഷാപോഷിണിയിൽ കഥയോടൊപ്പം പ്രസിദ്ധീകരിച്ച ചിത്രം:


















<< കഥകൾ



Thursday, December 29, 2011

ചെറിയാൻ കെ. ചെറിയാന്റെ കത്ത്

“ഈ കത്തിനു മറുപടി അയയ്ക്കേണ്ടതില്ല. അഥവാ അയച്ചാൽ അതിനു മറുപടി പ്രതീക്ഷിക്കുകയും വേണ്ട.“ ഇത്ര സത്യസന്ധമായും ലളിതമായും അവസാനിക്കുന്ന ഒരു കത്ത് ആരാണു കൊതിച്ചുപോകാത്തത്‌! കാമകൂടോപനിഷത്ത് എന്ന എന്റെ കഥാസമാഹാരത്തിന്റെ ഒരു പ്രതി അയച്ചുകൊടുത്തപ്പോൾ എല്ലാ കഥകളും വായിച്ചിട്ട് പ്രമുഖകവിയായ ശ്രീ. ചെറിയാൻ കെ. ചെറിയാൻ എഴുതിയ വിശദമായ മറുപടിയുടെ ഉപസംഹാരമാണിത്. യാതൊരു മുൻപരിചയവുമില്ലാത്ത ഒരു തുടക്കക്കാരനോട് മുതിർന്ന ഒരെഴുത്തുകാരനു കാണിയ്ക്കാവുന്ന ഔദാര്യത്തിന്റെ പ്രകടരൂപമാണ് ആശംസകളും ഗുണദോഷവിചാരവും ഉപദേശവും നിറഞ്ഞ ഈ കത്ത്. വായിക്കുക:


പ്രിയപ്പെട്ട ശ്രീ. രാജേഷ്‌ വർമ്മയ്ക്ക്‌,

താങ്കളുടെ കാമകൂടോപനിഷത്ത്‌ വായിച്ചു. ആഹ്ലാദകരമായ ഒരനുഭവമായിരുന്നു വായന.
എനിക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞിട്ടുള്ള ഏറ്റവും നല്ല മലയാളകഥകളിലൊന്നാണ്‌ 'മരിച്ചുപോയവർക്ക്‌ ഒരു മുന്നറിയിപ്പ്‌'. ലളിതമായ കഥാസംവിധാനം. ആയാസരഹിതമായ പ്രതിപാദനം. അനാച്ഛാദിതമാകുന്ന അന്തരീക്ഷത്തിന്‌ ഇണങ്ങുന്ന ഭാഷ. കൂടാതെ ഇതിവൃത്തത്തിന്റെ പുതുമയും. വായനകഴിഞ്ഞും രക്ഷസ്സിന്റെ കുടിലചിത്രം ഒരു നിലങ്കാരിച്ചുമപോലെ അൽപനേരത്തേക്കെങ്കിലും അനുവാചകനെ ബാധിക്കും. അനുഭവസമൃദ്ധമായ കൂട്ടുകുടുംബജീവിതത്തിന്റെ മലയാളത്തനിമ ഹൃദയാവർജ്ജകം തന്നെ.
ബഹുമാന്യനെന്നു കരുതി ആദരിക്കപ്പെടുന്ന കഥാപാത്രം പരമനീചനെന്നു തെളിയുന്ന ഒരു നാടകം ഇബ്‌സൻ എഴുതിയിട്ടുണ്ട്‌. പേര്‌ ഓർമ്മയിൽ വരുന്നില്ല. അതിന്റെ അനുകരണമൊന്നുമല്ല താങ്കളുടെ കഥ. അതിനെക്കാൾ ഉയർന്ന ഒരു ഭാവതലവും കൂടി ദർശിക്കുന്നു എന്നതിനാൽ രണ്ടു മാറ്റിന്റെ ഏറെപ്പൊലിമയും ഈ കഥയ്ക്കുണ്ട്‌. അതായത്‌ അടുത്ത തലമുറയ്ക്ക്‌ ഒരു രക്ഷസ്സ്‌ വരാനിരിക്കുന്നു. അതു താനായിരിക്കുമോ എന്ന സംശയം കാഥികനെ ഒരു ആത്മപരിശോധനയ്ക്കു നിർബന്ധിതനാക്കുകയാണ്‌. പിശാചുക്കളെ നിരത്തിനിർത്തി, മന്ത്രം ചൊല്ലി പുറത്തിറക്കി, ആത്മശുദ്ധീകരണത്തിനു തയ്യാറാവണമെന്ന പരോക്ഷമായ ഉദ്ബോധനം ആ സംശയത്തിനു പിന്നിൽ മറഞ്ഞുനിൽക്കുന്നതായി ഞാൻ കാണുന്നു.
കാമവും ഫലിതവും തമ്മിൽ കോർത്തിണക്കുമ്പോൾ ഒരു പരിഹാസച്ചുവ കടന്നുകൂടുക പതിവാണ്‌. അവശ്യമായ ഒരു ജൈവസ്വഭാവമായി കാമത്തെ ദർശിക്കുന്നു എന്നതിനാൽ കാമകൂടോപനിഷത്തിലെ പരിഹാസം അൽപമാത്രവും അപ്രകടിതവും എന്നുതന്നെ പറയാം. അതേസമയം ഫലിതത്തിന്റെ സമൃദ്ധി അൽപമൊട്ടല്ല താനും. സംഭോഗവേളയിൽ അനങ്ങാതെ കിടന്നവർ മൂങ്ങകളായും മറ്റു ചിന്തകളിൽ വ്യാപരിച്ചവർ പറവകളായും പുനർജ്ജനിക്കുന്നു എന്ന സംക്ഷേപണം അതിശയോക്തിയെ ഫലിതത്തിൽ വിളയിച്ചെടുത്ത പക്കാവടയാണ്‌. കഥയുടെ സമാപ്തിയിൽ വിശദമാകുന്ന - നാം ദിവ്യമായി കരുതുന്ന സദാചാരബോധങ്ങളെല്ലാം രതിയുടെ സഫലീകരണത്തിനു മുന്നിൽ അപ്രസക്തമാണെന്ന - നിഗമനം അതിശയോക്തിയുടെ വെളിച്ചത്തിൽ സ്വീകാര്യമെന്നു തോന്നിപ്പോകും!
ഒരു സംശയം: അഗ്നിഹോത്രി മുതലായ അധികപ്പറ്റുകൾ അനാവശ്യ കഥാപാത്രങ്ങളായി ഉപനിഷത്തിൽ കടന്നുകൂടിയിട്ടില്ലേ?
ആട്ടിൻ കുട്ടിയുടെ കഥ കാട്ടിലെത്തുന്നതുവരെ ഹൃദ്യം തന്നെ. ജീവികൾക്കു കൊടുത്ത പേരുകൾ രസകരവും. ആരെയും ചിരിപ്പിക്കുന്നതാണ്‌ താറാവിന്റെ സാറാമ്മയെന്ന പേര്‌. ചാണ്ടിയുടേതും ഉചിതം തന്നെ. ചാണ്ടുന്നവൻ ചാണ്ടി. കാട്ടിൽ ചെന്നുകഴിഞ്ഞുള്ള ഭാഗം രസാപകർഷം വരുത്തുന്നുണ്ടെന്നാണ്‌ എന്റെ പക്ഷം. കാട്ടിലെത്തിയ ആട്ടിൻ കുട്ടിയ്ക്ക്‌ അവിടെ പുലരാനാവില്ലെന്ന് ആർക്കും അറിവുള്ളതാണ്‌. അതു പിന്നെ വിവരിച്ചിട്ടു കാര്യമില്ല. ആട്ടിൻ കുട്ടി ഒരിക്കലും അമ്മയെ കാണാൻ വന്നില്ല; അടുത്ത പെരുന്നാളിന്‌ ചാണ്ടിയും കുടുംബവും ആട്ടിൻ കുട്ടിയുടെ അമ്മയെ കൊന്നു പാകം ചെയ്തു, എന്നെഴുതി കഥ അവസാനിപ്പിക്കാമായിരുന്നു. അല്ലെങ്കിൽ, ചെന്നായ ആട്ടിൻ കുട്ടിയെ വിചാരണ ചെയ്യുന്നതു തൊട്ടു തുടങ്ങി ഫ്ലാഷ്‌ ബാക്കിലൂടെ ആഖ്യാനം നടത്തേണ്ടിയിരുന്നു.
യന്ത്രങ്ങളുടെ രാജാവിന്‌ യാതൊന്നും പകരാൻ കഴിഞ്ഞില്ല. ജീവികളെപ്പോലെ മരങ്ങളെയും താത്വികമായ ഒരു ചിന്താസരണിയിലൂടെ നയിക്കാൻ ശ്രമിച്ചതാവാം കാരണം. ജോസ്‌ സാമുവൽ ഒരു കഥകൂടി പറയുന്നത്‌ ഭാഷയിലൂടെ നടത്തിയ ഒരു മുഷ്ടിമൈഥുനം എന്നേ എനിക്കു തോന്നിയുള്ളൂ.
താങ്കളുടെ സ്വദേശം മദ്ധ്യതിരുവിതാംകൂറായതുകൊണ്ടാവാം രചന അവിടുത്തെ ഭാഷാശൈലിയിലാണ്‌. ഈ ശൈലിയ്ക്ക്‌ ഒരു തകരാറുണ്ടെന്ന് പലപ്പൊഴും എനിക്കു തോന്നിപ്പോയിട്ടുണ്ട്‌. അതായത്‌ - മലയാളത്തിന്‌ മറ്റു ഭാഷകളെ അപേക്ഷിച്ചുള്ള ഒരു വ്യത്യാസം, ഏകവചനത്തിന്‌ ചിലപ്പോൾ, ചില സന്ദർഭങ്ങളിൽ (എപ്പോഴുമില്ല) ബഹുവചനത്തിന്റെ ഘനം ഉണ്ടായിരിക്കും എന്നതാണ്‌. ഉദാഹരണത്തിന്‌ - അവൻ കണ്ണുകൾ അടച്ചു എന്നതിനു പകരം അവൻ കണ്ണടച്ചു എന്നെഴുതിയാൽ മതിയാവും. അവൻ കാലുകൾ നീട്ടിവെച്ചു നടക്കേണ്ട കാര്യമില്ല, കാൽ നീട്ടിവെച്ചു നടന്നാൽ മതിയാവും. ഈ നിയമം പക്ഷേ എല്ലായിടത്തും ഒരുപോലെയല്ല എന്ന കാര്യം ശ്രദ്ധയോടെ നിരീക്ഷിച്ചു മനസ്സിലാക്കേണ്ടതുമാണ്‌.
താങ്കൾ നല്ല കഥാകൃത്താണ്‌. ഒരു നോവലിസ്റ്റാവാൻ വേണ്ടുന്ന വിശാലവീക്ഷണവും ആഖ്യാനപാടവവും കൂടി താങ്കൾക്കുണ്ട്‌. ഗുന്തർ ഗ്രാസിന്റെ 'ടിൻ ഡ്രം', 'ഫ്ലൗണ്ടർ' എന്നീ നോവലുകളും ഉംബെർടൊ എക്കൊയുടെ 'ദി നേം ഓഫ്‌ ദി റോസും', ഗാർഷിയ മാർക്കേസിന്റെ 'വൺ ഹൻഡ്രഡ്‌ യിയേർസ്‌ ഓഫ്‌ സോളിറ്റിയൂഡും' വായിച്ച (അഥവാ വായിച്ചിട്ടുണ്ടെങ്കിൽ വീണ്ടും വായിച്ച്‌) അവയിലെ ആഖ്യാനതന്ത്രങ്ങൾ മനനം ചെയ്തു മനസ്സിലാക്കാൻ ശ്രമിക്കുക. മലയാളത്തിലെ ഏറ്റവും നല്ല സുർറിയലിസ്റ്റ്‌ നോവലിസ്റ്റാവാൻ താങ്കൾക്കു സാധിച്ചെന്നു വരാം.
ഭാവുകങ്ങൾ.
ചെറിയാൻ കെ. ചെറിയാൻ

കുറിപ്പ്‌: ഈ കത്തിന്‌ മറുപടി അയയ്ക്കേണ്ടതില്ല. അഥവാ അയച്ചാൽ അതിനു മറുപടി പ്രതീക്ഷിക്കുകയും വേണ്ട.

<< കഥകൾ

Wednesday, December 15, 2010

ആട്ടിൻ‌കുട്ടി അക്ഷരജാലകത്തിന്റെ വർഷാന്തപട്ടികയിൽ


തള്ളയെ അനുസരിക്കാത്ത ആട്ടിൻ കുട്ടിയുടെ സമ്പൂർണ്ണജീവിതകഥ കലാകൌമുദി വാരികയിലെ ശ്രീ. എം. കെ. ഹരികുമാർ തന്റെ അക്ഷരജാലകത്തിൽ ഈ വർഷത്തെ മികച്ച പതിനൊന്നു കഥകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അദ്ദേഹം എഴുതിയത്:

പതിനൊന്നു കഥകൾ /2010

പോയവർഷം നടുക്കമുണ്ടാക്കുന്ന കഥകളൊന്നുമുണ്ടായില്ല. ചെറുകഥ എന്ന മാധ്യമത്തിന്റെ സാധ്യതകൾ ആരായുന്നതിനു പകരം നോവലുമായി താദാത്മ്യം പ്രാപിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌. എങ്കിലും ഗൗരവത്തോടെ ചിലർ എഴുതിയത്‌ കാണാതിരിക്കാനാവില്ല. പതിനൊന്നു കഥകൾ തിരഞ്ഞെടുക്കുകയാണിവിടെ.

1. ഒരു ചുവന്ന ചൂണ്ടുവിരൽ: പി. വത്സല
2. പാമ്പും കോണിയും: വൈശാഖൻ
3. ഛിദ്രം: കെ.പി. രാമനുണ്ണി
4. ചുറ്റിക: ജോസ്‌ പനച്ചിപ്പുറം
5. ആലോചിക്കുന്തോറും: സി. രാധാകൃഷ്ണൻ
6. റിയൽ എസ്റ്റേറ്റ്: മനോജ്‌ ജാതവേദർ
7. ആമസോൺ: അശോകൻ ചരുവിൽ
8. തള്ളയെ അനുസരിക്കാത്ത ആട്ടിൻകുട്ടിയുടെ സമ്പൂർണ്ണ ജീവിതകഥ: രാജേഷ്‌ ആർ. വർമ്മ
9. അകലെ: ഗണേഷ്‌ പന്നിയത്ത്‌
10. വർത്തമാനം: ഇ.പി. ശ്രീകുമാർ
11. നവംബർ 26: ബോണി തോമസ്‌


<< കഥകൾ

Thursday, August 05, 2010

പഴയ താളുകൾ - നാല്

തണുപ്പ് എന്ന കഥ കോളജ് മാഗസീനിൽ പ്രസിദ്ധീകരിച്ചത്.


ചിത്രീകരണം: ജോസ് കെ. പോൾ.


പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.

Tuesday, August 03, 2010

പഴയ താളുകൾ - മൂന്ന്

അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാൻ എന്ന കഥ കോളജ് മാഗസീനിൽ പ്രസിദ്ധീകരിച്ചത്.





ചിത്രീകരണം: ഷജിൽ പി. ആർ.

കഥയുടെ അവസാനത്തിൽ എന്റെ അനുവാദം കൂടാതെ മാറ്റം വരുത്തി എന്നത് കുറെക്കാലത്തെ അമർഷത്തിനു കാരണമായിരുന്നു. ഒരു കഥാകാരൻ കൂടിയായ സ്റ്റാഫ് എഡിറ്ററായിരുന്നു മാറ്റങ്ങൾ വരുത്തിയതെന്നു സ്റ്റുഡന്റ് എഡിറ്റർ പറഞ്ഞെങ്കിലും പിൽക്കാ‍ലത്ത് അറിയപ്പെടുന്ന കഥാകാരനായി മാറിയ സ്റ്റുഡന്റ് എഡിറ്ററുടേതാണ് മാറ്റങ്ങളെന്ന് ഞാ‍ൻ വിശ്വസിച്ചു.

പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.

പഴയ താളുകൾ - രണ്ട്

പരീക്ഷിത്തുകളുടെ വിധിയെന്ത്? എന്ന കഥ കോളജ് മാഗസീനിൽ പ്രസിദ്ധീകരിച്ചത്.


പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.

Thursday, May 13, 2010

ആട്ടിൻ‌കുട്ടി ഭാഷാപോഷിണിയിൽ

തള്ളയെ അനുസരിക്കാത്ത ആട്ടിൻ‌കുട്ടിയുടെ സമ്പൂർണ്ണജീവിതകഥ ഭാഷാപോഷിണിയുടെ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കോപ്പി ഇവിടെ കാണാം.

എച്ച്.ടി.എം.എൽ ഇവിടെ.

അച്ചടിച്ചുവന്ന കഥയെപ്പറ്റി നല്ലവാക്കുകൾ പറഞ്ഞ ഡോ: ബി. ഇക്ബാൽ, ശ്രീ എം. കെ. ഹരികുമാർ തുടങ്ങിയവർക്കു നന്ദി.

<< കഥകൾ

Sunday, May 09, 2010

തണുപ്പ്

തണുപ്പ് എന്ന കഥ തർജ്ജനിയിൽ.



<< കഥകൾ

Sunday, December 20, 2009

കാമകൂടോപനിഷത്ത്


ചിത്രത്തിനു കടപ്പാട്: ശുഭ

പ്രസിദ്ധീകരണം പുനരാരംഭിച്ചിരിക്കുന്ന മൂന്നാമിടം വാരികയിൽ സർജുവുമായുള്ള അഭിമുഖവും നീണ്ടകഥ കാമകൂടോപനിഷത്തും കാണുക.

അഭിമുഖം

കാമകൂടോപനിഷത്ത് അദ്ധ്യായം 1-3
കാമകൂടോപനിഷത്ത് അദ്ധ്യായം 4-6
കാമകൂടോപനിഷത്ത് അദ്ധ്യായം 7-10
കാമകൂടോപനിഷത്ത് അദ്ധ്യായം 11-13
കാമകൂടോപനിഷത്ത് അദ്ധ്യായം 14-15

ഈ നീണ്ടകഥ ആദ്യം പ്രസിദ്ധീകരിച്ചത് സമകാലികമലയാളം വാരികയുടെ 2009 ഓണപ്പതിപ്പിൽ.

ഈ കഥയ്ക്കുവേണ്ട പല വിവരങ്ങളും തന്നു സഹായിച്ച ജി. മനു, വഡവോസ്കി, രാജ്, എതിരൻ കതിരവൻ എന്നീ ബൂലോകർക്കു നന്ദി.

<< കഥകൾ

Tuesday, November 11, 2008

യന്ത്രങ്ങളുടെ രാജാവ്‌

കഥ സമകാലികമലയാളം വാരികയില്‍

Wednesday, March 26, 2008

Saturday, December 22, 2007

നഗ്നസത്യം - ഒരു ജമൈക്കന്‍ നാടോടിക്കഥ


പണ്ടു സത്യം കൊച്ചുകുട്ടിയായിരുന്ന കാലത്ത്‌ അവന്‍ നൂലുബന്ധമില്ലാതെ നടക്കുന്നതു വീട്ടുകാരും നാട്ടുകാരുമൊക്കെ വാത്സല്യപൂര്‍വം നോക്കിനിന്നിരുന്നു. അവന്‍ വലുതാവാന്‍ തുടങ്ങിയപ്പോള്‍, അവന്റെ അമ്മ അവനെ തുണിയുടുപ്പിക്കാന്‍ ശ്രമിച്ചു. അവനതൊക്കെ ഉരിഞ്ഞിട്ടിട്ടു പിന്നെയും നഗ്നനായി നടന്നു. പിന്നെയും വളര്‍ന്നപ്പോള്‍, ഗ്രാമത്തിലെ പെണ്ണുങ്ങള്‍ ഒന്നു ശ്രമിച്ചു നോക്കി. അവന്‍ തുണിയൊക്കെ കീറിയെറിഞ്ഞിട്ടു പഴയതുപോലെ നടന്നു. ആണുങ്ങളായി പിന്നെ ശ്രമം. നിമിഷങ്ങള്‍ കൊണ്ടു പിന്നെയും പിറന്നപടിയിലായിട്ട്‌ അവന്‍ അവരോടു വാദിച്ചു, ഇതാണ്‌ എന്റെ വാസ്തവത്തിലുള്ള രൂപം; ഇതെനിക്കു മറച്ചുവെക്കണ്ട. നഗ്നത അഭംഗിയാണെങ്കില്‍ ദൈവം എന്നെ തുണിയുടുപ്പിച്ചു ലോകത്തിലേക്കയയ്ക്കുമായിരുന്നല്ലോ.

സത്യത്തിനെ തുണിയുടുപ്പിക്കാന്‍ കഴിയില്ലെന്നു മനസ്സിലായപ്പോള്‍ നാട്ടുകാര്‍ അവനെ ഒഴിവാക്കാന്‍ തുടങ്ങി. അവനെ എങ്ങാനും കണ്ടാല്‍ ആണുങ്ങള്‍ മുഖം തിരിച്ചു കളഞ്ഞു. പെണ്ണുങ്ങള്‍ വഴിമാറിപ്പോയി. അവന്റെ പെറ്റമ്മപോലും അവനെ വീട്ടില്‍ക്കയറ്റാതായി. അവന്റെ നഗ്നത കാണാതെ കഴിക്കാന്‍ നാട്ടുകാര്‍ ജനലുകള്‍ക്കു കട്ടിയുള്ള തിരശ്ശീലകളിട്ടു. സത്യം ആരുടെയും കണ്ണില്‍പ്പെടാതെ ജീവിച്ചു വൃദ്ധനായി.

ഒരിക്കല്‍ അവന്‍ ഗ്രാമത്തില്‍ പുതിയൊരു പെണ്ണിനെ കണ്ടു. അവളോട്‌ എല്ലാവരും സ്നേഹത്തോടെയും ആദരവോടെയും പെരുമാറുന്നതു കണ്ടു. അവളുടെ ചുറ്റിനും എപ്പോഴും ഒരാള്‍ക്കൂട്ടമുണ്ടാകും. അവള്‍ക്കു വര്‍ണ്ണപ്പകിട്ടുള്ള ഉടുപ്പുകളുണ്ടായിരുന്നു. അവയില്‍ നിറമുള്ള തൂവലുകളും ചിത്രവേലകളുമുണ്ടായിരുന്നു. അവയില്‍ നായാടുന്ന പുരുഷന്മാരുടെയും നൃത്തം ചെയ്യുന്ന സ്ത്രീകളുടെയും പടങ്ങള്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. ഒരിക്കല്‍ ആളൊഴിഞ്ഞ സമയത്ത്‌ സത്യം അവളെ സമീപിച്ചു ചോദിച്ചു:

"എനിക്ക്‌ ഒരു ജീവിതകാലം കൊണ്ടു നേടാന്‍ കഴിയാത്ത സ്നേഹവും അടുപ്പവും നിനക്ക്‌ ഇത്ര പെട്ടെന്ന് നേടിയെടുക്കാന്‍ കഴിഞ്ഞതെങ്ങനെയാണ്‌."

"നിന്റെ പേരെന്താണ്‌?" അവള്‍ അലിവോടെ ചോദിച്ചു.

"സത്യം." അവന്‍ പറഞ്ഞു.

"ഉം. എനിക്കു തോന്നി. എന്റെയും പേര്‌ സത്യമെന്നായിരുന്നു. എനിക്കും നഗ്നയായി നടക്കാനായിരുന്നു ഇഷ്ടം. ആളുകള്‍ക്ക്‌ അത്‌ ഇഷ്ടമാകുന്നില്ലെന്നു മനസ്സിലാക്കിയിട്ടാണ്‌ ഞാന്‍ മോടിയുള്ള ഉടുപ്പുകള്‍ ചാര്‍ത്തി നടക്കാന്‍ തുടങ്ങിയത്‌. ഇപ്പോള്‍ എല്ലാവര്‍ക്കും എന്നെ സ്നേഹവും വിശ്വാസവുമാണ്‌."

"നിന്റെ പുതിയ പേരെന്താണ്‌?" സത്യം ചോദിച്ചു.

"കഥ" അവള്‍ പറഞ്ഞു

ജമൈക്കന്‍ വംശജയായ ബ്രിട്ടീഷ്‌ കഥപറച്ചിലുകാരി കാരള്‍ റസ്സല്‍ പറഞ്ഞുകേട്ടത്‌. ഇതേ കഥ അല്‍പസ്വല്‍പം വ്യത്യാസത്തോടെ ആഫ്രിക്കന്‍, യഹൂദ, പൂര്‍വയൂറോപ്യന്‍ പാരമ്പര്യങ്ങളിലും പറഞ്ഞുവരുന്നുണ്ടത്രെ.

Thursday, December 06, 2007

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍ കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍ കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ എന്ന എന്റെ നീണ്ടകഥ തര്‍ജ്ജനിയില്‍



ഒന്നാം ഭാഗം (ഒക്ടോബര്‍ ലക്കം)
രണ്ടാം ഭാഗം (നവംബര്‍ ലക്കം)
മൂന്നാം ഭാഗം (ഡിസംബര്‍ ലക്കം)

<< എന്റെ മറ്റു കഥകള്‍

Monday, September 24, 2007

ഭുവനേശ്വര്‍

 
2007 സെപ്റ്റംബര്‍ 16ന്റെ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചു.
മഴക്കാറു നിറഞ്ഞ ഒരു വരണ്ട രാത്രിയ്ക്കു താഴെക്കൂടി ഒരു തീവണ്ടി അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. അങ്ങിങ്ങായി പാറക്കെട്ടുകള്‍ ഉയര്‍ന്നുനിന്ന തരിശുഭൂമികള്‍ക്കു നടുവിലൂടെ, ദിവസങ്ങള്‍ നീണ്ടുനിന്ന യാത്രയ്ക്കുവേണ്ടി ഒരുമിച്ച ഒരാള്‍ക്കൂട്ടത്തെ ലോഹപ്പെട്ടികളിലടച്ചു പേറിക്കൊണ്ടു തീവണ്ടിയോടി. അതില്‍ വിജയന്‍ എന്നു പേരായ ഇരുപതു വയസ്സുകാരനായ ഒരു യുവാവുമുണ്ടായിരുന്നു. അയാള്‍ ഈയിടെക്കഴിഞ്ഞ തന്റെ പരീക്ഷകളെക്കുറിച്ചും നാട്ടിലെ സുഹൃത്തുക്കളെക്കുറിച്ചും ഭുവനേശ്വറില്‍ തന്റെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാനിരിക്കുന്ന വരുംകൊല്ലങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ട്‌ മുകളിലൊരു ബെര്‍ത്തില്‍ കിടന്ന് ഉറക്കമായി. 

തെളിഞ്ഞ നീലവെള്ളം പോലെ തന്റെ മേല്‍ ഓളം വെട്ടുന്ന നിദ്രയിലാണ്ടു വിജയന്‍ കിടക്കുമ്പോള്‍, ആകാശത്തു കാറൊഴിഞ്ഞതും നിലാവു വഴിഞ്ഞതും അയാളറിഞ്ഞില്ല. ട്രെയിനിന്റെ മേല്‍ക്കൂര ആകാശം മറച്ച്‌ വിജയന്റെ മേല്‍ കാവല്‍ നിന്നു. പടര്‍ന്നു പന്തലിച്ച ഒറ്റമരങ്ങള്‍ക്കു താഴെ, വള്ളിച്ചെടികള്‍ പടര്‍ത്തിയ കാവല്‍മാടങ്ങള്‍ക്കു പുറത്ത്‌, വര്‍ണ്ണവിളക്കുകള്‍ വീശി കാവല്‍ക്കാര്‍ ലെവല്‍ക്രോസിങ്ങുകളിലൂടെ തീവണ്ടിയെ നയിച്ചു. നിലാവിന്റെ സ്പര്‍ശനത്താല്‍ വെള്ളിയായി മാറിയ പാടശേഖരങ്ങള്‍ക്കു നടുവിലൂടെ, നിരയായി നിന്ന മരങ്ങള്‍ക്കുതാഴെ ഇരുട്ടില്‍ മുങ്ങിക്കിടന്ന കൊച്ചു തീവണ്ടിയാപ്പീസുകളിലൂടെ, പിണഞ്ഞുചേരുകയും പിളര്‍ന്നകലുകയും ചെയ്ത പാളങ്ങളില്‍ തീവണ്ടിയോടി. അപ്പോള്‍ നിശാദീപങ്ങളുടെ ഒരു നഗരം, ഉറങ്ങുന്നവരുടെ ആ വണ്ടിയെ ഇരുട്ടിലൊഴുകുന്ന ഒരു യാനപാത്രത്തെയെന്നപോലെ സമീപിച്ചു. 

ചലനമറ്റു നിന്നു കിതച്ച തീവണ്ടിയ്ക്കുപുറത്തുനിന്ന് തടാകത്തിനടിയിലേക്കു വെള്ളത്തിനു പുറത്തുനിന്നെന്നപോലെ സ്റ്റേഷന്റെ മുഴങ്ങുന്ന ഒച്ചകള്‍ വിജയന്റെ ഉറക്കത്തിലേക്കു കടന്നുവന്നു. ഭുവനേശ്വര്‍ എന്ന വാക്ക്‌ അയാളെ ഉണര്‍ത്തി. വാരിയെടുത്ത സഞ്ചികളുമായി തിരക്കിട്ടു പുറത്തു കടന്ന അയാളെ അച്ഛന്‍ ആശ്ലേഷിച്ചു കൂട്ടിക്കൊണ്ടുപോയി. വീണ്ടും വീണ്ടും പരസ്പരം ഛേദിക്കുന്ന തെരുവുകളിലൂടെയോടിയ കാറില്‍, വര്‍ണ്ണങ്ങളും വെളിച്ചങ്ങളും ആള്‍ത്തിരക്കും വാഹനങ്ങളും വഴിവാണിഭവും ചുഴികുത്തിയ തെരുവുകള്‍ കടന്ന് അവര്‍ വീട്ടിലേക്കുപോയി.

മുപ്പതുവര്‍ഷത്തോളം വിജയന്‍ ആ വീട്ടില്‍ പാര്‍ത്തു. അയാള്‍ ജോലിചെയ്യുകയും വിവാഹിതനാവുകയും കുട്ടികളെ വളര്‍ത്തുകയും സുഹൃത്തുക്കളെ നേടുകയും മാതാപിതാക്കളെ ശുശ്രൂഷിക്കുകയും ചെയ്തു. 

തന്റെ അമ്പതാം വയസ്സിലൊരിക്കല്‍ ഒരു ശിശിരകാലരാത്രിയില്‍ തന്റെ മകനെ ഒരു ദൂരയാത്രയ്ക്കയക്കാന്‍ അതേ വഴികളിലൂടെ കാറോടിച്ച്‌ വിജയന്‍ തീവണ്ടിയാപ്പീസിലേക്കു വന്നു. ജനശൂന്യമായ സ്റ്റേഷനില്‍ വൈകിവന്ന വണ്ടി അയാളുടെ മകനെയും കൊണ്ടു പോയി. നേരിയ മൂടല്‍മഞ്ഞുള്ള രാത്രിയ്ക്കുതാഴെത്തിളങ്ങിയ പാളങ്ങള്‍ മുറിച്ചുകടന്ന് പുറത്തേക്കു നടക്കുമ്പോള്‍ സ്റ്റേഷന്റെ പേരെഴുതിയ വലിയ മഞ്ഞബോര്‍ഡ്‌ അയാളുടെ കണ്ണില്‍പ്പെട്ടു. അതിലെഴുതിയിരുന്നത്‌ ഭുവനേശ്വര്‍ എന്നായിരുന്നില്ലെന്ന് വിജയന്‍ ഒരു നടുക്കത്തോടെ കണ്ടു. കനത്തുതുടങ്ങിയിരുന്ന പുകമഞ്ഞിലൂടെ അയാള്‍ ബോര്‍ഡിനെ സമീപിച്ചു. ദൂരത്തുനിന്നു പരിചിതമെന്നു തോന്നിച്ചിട്ടും വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കെട്ടുപിണഞ്ഞും വിണ്ടടര്‍ന്നും രൂപം മാറിയ ഏതോ അജ്ഞാതലിപികളുടെ ചുറ്റുകളും കുനിപ്പുകളും കൊണ്ടാണ്‌ സ്റ്റേഷന്റെ പേരെഴുതിയിരുന്നതെന്ന് അയാള്‍ കണ്ടു. പലയാത്രകളിലും ഇതിലെ കടന്നുപോയിരുന്നിട്ടും താനെന്തുകൊണ്ട്‌ ഇതു തിരിച്ചറിഞ്ഞില്ല എന്ന് അയാള്‍ പകച്ചു. വിദ്യാഭ്യാസത്തിനുശേഷം നാട്ടില്‍ നിന്നു താന്‍ നടത്തിയ ആ തീവണ്ടിയാത്ര അയാള്‍ ഓര്‍മ്മിച്ചു. അന്നു താനിറങ്ങിയത്‌ ഭുവനേശ്വറിലായിരുന്നില്ല. തന്റെ വീട്ടിലും തന്റെ ബന്ധുജനങ്ങളോടൊപ്പവുമായിരുന്നില്ല ഇത്രനാള്‍ താന്‍ പാര്‍ത്തത്‌. ഉല്‍ക്കര്‍ഷേച്ഛയും സ്ഥിരോത്സാഹവും കൃതകൃത്യതയും സമ്പന്നമാക്കിയ തന്റെ മുപ്പതാണ്ടത്തെ ജീവിതത്തെപ്പറ്റി വിജയന്‍ ചിന്തിച്ചു. തുടക്കത്തില്‍ത്തന്നെ പിഴച്ചുപോയ നീണ്ടൊരു വഴിക്കണക്കായിരുന്നു അത്‌.

അപ്പോള്‍ മൂടല്‍മഞ്ഞില്‍നിന്ന്, കോലാഹലങ്ങളൊന്നുമില്ലാതെ ഒരു തീവണ്ടി സ്റ്റേഷനിലെത്തി. ഇറങ്ങാനും കയറാനും ആരുമില്ലാത്ത ആ വണ്ടിയ്ക്കുനേരെ വിജയന്‍ തിടുക്കത്തില്‍ നടന്നു. തുറന്നിരുന്ന വാതിലുകളിലൊന്നിനെ സമീപിച്ച്‌ അകത്തെ മങ്ങിയ ഇരുട്ടിലേക്കു നോക്കി അയാള്‍ ചോദിച്ചു: 
"ഈ വണ്ടി ഭുവനേശ്വറിലേക്കു പോകുമോ?" വാതിലിനരികെയുള്ള ഇരിപ്പിടത്തിലിരുന്ന കറുത്ത കോട്ടിട്ട രൂപം തളര്‍ന്ന വൃദ്ധശബ്ദത്തില്‍ പറഞ്ഞു: 
"ഉവ്വ്‌, കയറിക്കോളൂ." 

Wednesday, June 13, 2007

അവസാനത്തെ അദ്ധ്യായം: ഞാന്‍ നോവലിസ്റ്റിനെ ധിക്കരിക്കുന്നു


അവസാനത്തെ അദ്ധ്യായം: ഞാന്‍ നോവലിസ്റ്റിനെ ധിക്കരിക്കുന്നു എന്ന കഥ തര്‍ജ്ജനിയില്‍.

<< എന്റെ മറ്റു കഥകള്‍