Saturday, July 08, 2006

ആശകൊണ്ട്‌...

കുഞ്ഞുണ്ണിയുടെ ഒരു കവിതയുണ്ട്‌:
ആശകൊണ്ടേ മൂസ തെങ്ങുമ്മേല്‍ക്കേറി
മടലടര്‍ന്നു വീണു
മൂസ മലര്‍ന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി

ഇപ്പറഞ്ഞതുപോലെ ആശകൊണ്ട്‌ ചില സംസ്കൃതശ്ലോകങ്ങളൊക്കെ മലയാളത്തിലാക്കി നോക്കിയിട്ട്‌ ഒരു തളപ്പുമിട്ട്‌ ഇതൊരു തൊഴിലാക്കാനുള്ള തയ്യാറെടുപ്പില്‍ ഞാനിരിക്കുമ്പോഴാണ്‌ അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പിലെ ഇ-സദസ്സില്‍ ജ്യോതി ഒരു സ്വന്തം സംസ്കൃതശ്ലോകം ചൊല്ലിയത്‌. എന്നാല്‍ അതു മലയാളപ്പെടുത്തിക്കളയാം എന്നു കരുതി ഞാന്‍. ഒരു വിദൂരതര്‍ജ്ജമ എന്ന വിശേഷണവുമായി കൂട്ടായ്മയില്‍ ചൊല്ലുകയും പരക്കെ കയ്യടി നേടുകയും ചെയ്തു. ജ്യോതി മാത്രം ശ്ലോകത്തിനു കീഴില്‍ നിന്നു തന്റെ പേരു മാറ്റണം എന്നഭ്യര്‍ത്ഥിച്ചു. കുത്തിച്ചോദിച്ചപ്പോഴാണ്‌ പുള്ളിക്കാരി പറയുന്നത്‌ താനുദ്ദേശിച്ചതും പരിഭാഷയില്‍ വന്നതും തമ്മില്‍ വിദൂരമായ ബന്ധം പോലുമില്ലാതെയായിപ്പോയി എന്ന്. പിന്നെ എന്തുദ്ദേശിച്ചു എന്നു ചോദിച്ചുമനസ്സിലാക്കിയിട്ട്‌ വല്ലപാടും അത്‌ ഇങ്ങനെ പരിഭാഷ ചെയ്തുവെച്ചു.

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പുള്ളു കാണാന്‍
മുളയ്ക്കുന്നൊരാക്കം പെരുക്കുന്ന ചന്തം,
വളര്‍തിങ്കളെപ്പോല്‍ത്തണു,പ്പെന്നിതെല്ലാം
വിളങ്ങും മൊഴിച്ചേലു നാവില്‍ക്കളിയ്ക്ക.

എന്തായാലും, ആ മലര്‍ന്നുവീഴ്ചയോടെ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിന്‍ കീഴിലല്ലാതെ വിവര്‍ത്തനം, മൊഴിമാറ്റം എന്നൊക്കെപ്പറയുന്ന ഈ പരിപാടിയ്ക്കിറങ്ങുന്നതു നിര്‍ത്തി.

<< എന്റെ മറ്റു മനോഗതങ്ങള്‍

1 comment:

ജ്യോതിര്‍മയി /ज्योतिर्मयी said...

രാജേഷ്‌,

'വാക്കു പൊലിയ്ക്കാന്‍' എന്ന തലക്കെട്ടോടെ എഴുതിയ "തളിര്‍ത്തൊത്തിനൊപ്പം..." എന്ന ശ്ലോകം വളരെ നന്നായിട്ടുണ്ട്‌. നല്ല ഒഴുക്കുമുണ്ട്‌. ഞാനെഴുതിയ ശ്ലോകത്തേക്കാള്‍ അതെനിയ്ക്കിഷ്ടമായി.
എന്റെ ശ്ലോകത്തിലെ വിശേഷണങ്ങളെല്ലാം വാക്കിനുള്ളതായിരുന്നു,വാഗ്ദേവിയെ മനസ്സില്‍ ധ്യാനിച്ചിരുന്നു വെങ്കിലും ആരേയും ശ്ലോകത്തില്‍ സംബോധന ചെയ്തിരുന്നില്ല. ആ വ്യത്യാസമാണ്‌ ഞാനന്നും ചൂണ്ടിക്കാണിച്ചത്‌.
മാറ്റിയെഴുതിയതിനേക്കാള്‍ നന്നായതു ആദ്യത്തേതു തന്നെ എന്നും ഞാന്‍ അടിവരയിട്ടു പറഞ്ഞിരുന്നു.

വൃത്താനുവൃത്ത തര്‍ജ്ജമയ്ക്കു പേരുകേട്ട താങ്കള്‍ രചനയിലും തര്‍ജ്ജമയിലും സധൈര്യം മുന്നേറും എന്ന വിശ്വാസത്തോടെ

ജ്യോതി