Tuesday, March 17, 2009

ചണ്ഡാലഫെമിനിസ്റ്റ്‌




"ക്ഷമിക്കണം. സുന്ദരനായ നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരുന്നതില്‍ വിഷമമുണ്ട്‌. പക്ഷേ, നിങ്ങളുടെ ഔദ്ധത്യം നിറഞ്ഞ പെരുമാറ്റം എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണ്‌. പെണ്ണ്‌ ആണിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉപകരണമാണെന്നു വിശ്വസിക്കുന്ന ആണ്‍കോയ്മയാവാം നിങ്ങളുടെ മനസ്സില്‍. അല്ലെങ്കില്‍, ദലിതര്‍ സവര്‍ണ്ണന്റെ ആജ്ഞാനുവര്‍ത്തികളാണെന്നുള്ള ധാരണയാവാം. രണ്ടായാലും, നിങ്ങള്‍ക്കു വെള്ളം കോരിത്തരാന്‍ എനിക്കു മനസ്സില്ല. വേണമെങ്കില്‍ പാളയും കയറുമെടുത്ത്‌ തന്നത്താന്‍ കോരിക്കുടിച്ചോളൂ."

<< തോന്നിയവാസം

14 comments:

Pramod.KM said...

അവസരം കിട്ടിയത് കളയുന്നില്ല:)ഉപേന്ദ്ര വജ്രയും ശാര്‍ദൂല വിക്രീഡിതവും പഞ്ചചാമരവും പൊറുക്കട്ടെ!!!

ക്ഷമിക്കണം ഹാ സുമുഖന്‍ ഭവാനെ
നിരാശനാക്കേണ്ടതില്‍ ഖേദമുണ്ട്
സഹിക്കുവാന്‍ പറ്റുകയില്ല തന്റെ
നിറഞ്ഞൊരൌദ്ധത്യമെഴും സ്വഭാവം


പെണ്ണാണിന്‍ പലയാഗ്രഹങ്ങള്‍ നിറവേറ്റാനുള്ളതാം യന്ത്രമാ-
ണെന്നാളും മുതലായ ധാരണയെഴും ആണ്‍കോയ്മയാം സംഗതി
അല്ലെങ്കില്‍ ദളിതര്‍ സവര്‍ണ്ണരവര്‍ ത,ന്നാജ്ഞാനുവര്‍ത്തീഗണം
ആണെന്നുള്ളൊരു ധാരണാഘടകവും ആകാം തനിക്കുള്ളിലായ്


ഇതൊക്കെയാണു കാര്യകാരണങ്ങളെന്നിരിക്കിലും
മനസ്സിലില്ലെനിക്കു തോന്നല്‍ നീര്‍ പകര്‍ന്നു നല്‍കുവാന്‍
തനിക്കുവേണമെങ്കിലുണ്ടു പാള പാശമൊക്കെയീ
കിണറ്റില്‍ നിന്നുവെള്ളമങ്ങെടുത്തു ദാഹമാറ്റുക!

chithrakaran ചിത്രകാരന്‍ said...

അതു കലക്കി. ചിത്രവും അസ്സലായി.പ്രമോദിന്റെ കവിത കമന്റും.

പകല്‍കിനാവന്‍ | daYdreaMer said...

എറിഞ്ഞു വാട്ടേണ്ട .. കയറി പറിച്ചോളൂ.. !
:)

Mr. X said...

ആക്ഷേപഹാസ്യത്തിനു രാജേഷ് വര്‍മ്മ പണ്ട് തൊട്ടേ പുലി ആണല്ലോ...
സംഗതി സൂപ്പറായീ ട്ടാ.

സു | Su said...

ഹിഹി. ചണ്ഡാലഫെമിനിസ്റ്റ് നന്നായി രാജേഷ് ജീ.


തനിക്കുവേണമെങ്കിലുണ്ടു പാള പാശമൊക്കെ
യതുപറ്റില്ലയെങ്കിൽ കിണറ്റിലിറങ്ങിക്കുടിക്കെടോ

എന്നു പറയാഞ്ഞത് ഭാഗ്യം പ്രമോദേ. ;)

Promod P P said...

അല്ലല്ലെന്തു കഥയിതു കഷ്ടമേ


സിമോൺ ദി ബുവ്വേയുടെ അനുജത്തിയാണെന്നു തോന്നുന്നു

Sriletha Pillai said...

ithrayum vendayirinnu!:)

ushakumari said...

അടിപൊളി.....ആശംസകള്‍!

രാജേഷ് ആർ. വർമ്മ said...

പ്രമോദേ,

എന്നോട്‌ ഉമേഷ്‌ ആദ്യം അപേക്ഷയായും പിന്നെ ആജ്ഞയായും അതുകഴിഞ്ഞു ഭീഷണിയായും പറഞ്ഞതു തന്നെ ഞാന്‍ പ്രമോദിനോടും പറയട്ടെ: "ശ്ലോകമെഴുത്തു നിര്‍ത്തണം."

ആശാന്റെ സ്വന്തം പാന ശ്രമിച്ചു നോക്കിക്കൂടേ?

ചിത്രകാരാ,

ആദ്യമായിട്ടാണ്‌ ഞാന്‍ വരച്ചതു നന്നായിട്ടുണ്ടെന്ന് ചിത്രമെഴുത്തു പഠിച്ചിട്ടുള്ള ഒരാള്‍ പറയുന്നത്‌. ഞാനിതൊന്ന് ആഘോഷിക്കട്ടെ.

പകല്‍ക്കിനാവന്‍, സു, തഥാഗതന്‍, മൈത്രേയി

നന്ദി.

ആര്യന്‍,

ഓ. അങ്ങനെയൊന്നുമില്ല.

ഉഷാകുമാരി,

നന്ദിയുണ്ട്‌. പ്രിയവായനക്കാരേ, ഒരു മലയാളം അധ്യാപിക അടിപൊളി എന്ന വാക്ക്‌ ആദ്യമായി എഴുത്തില്‍ ഉപയോഗിച്ച ചരിത്രമുഹൂര്‍ത്തത്തിനാണ്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്‌. ശബ്ദതാരാവലിയുടെ അടുത്ത പതിപ്പിലും ഇത്‌ ഉള്‍പ്പെടുത്തണമെന്ന് ബൂലോകത്തിനുവേണ്ടി നിഘണ്ടുകര്‍ത്താക്കളോട്‌ അപേക്ഷിക്കുകയാണ്‌.

ജ്യോതിര്‍മയി /ज्योतिर्मयी said...

അദ്ധ്യാപികയ്ക്കു തമാശയും കളിചിരിയും അടക്കം പറച്ചിലും ഉറക്കെപ്പറച്ചിലും ഒക്കെ ആവാമല്ലോ.

അതോ 24X7 അധ്യാപിക ഒപ്പുംസീലും ലേബലും പിടിച്ചിരിയ്ക്കണമെന്നോ?
അധ്യാപികയ്ക്കു ഉത്തരവാദിത്തം കൂടും എന്നു സമ്മതിച്ചാല്‍ത്തന്നേയും, അധ്യാപിക അധ്യാപിക മാത്രമല്ലല്ലോ. നിഘണ്ടുവില്‍ പദമെഴുതിച്ചേര്‍ക്കാന്‍ ഇതൊരു മതിയായകാരണമല്ല
:)

ഫെമിനിസ്റ്റിനെ ജാതിക്കുപ്പായമിടീച്ചതിലും പൊരുത്തക്കേടില്ലേ? സര്‍വസ്വതന്ത്രയായ അവളെ ഒരുചങ്ങലയും ബന്ധിച്ചിട്ടില്ലല്ലോ, ബന്ധിക്കരുതല്ലോ?
(വാഗ്‌ജ്യോതി)

രാജേഷ് ആർ. വർമ്മ said...

അദ്ധ്യാപികേ,

"നിഘണ്ടുവില്‍ പദമെഴുതിച്ചേര്‍ക്കാന്‍ ഇതൊരു മതിയായ കാരണമല്ല."
എങ്കില്‍പ്പിന്നെ എന്താണു മതിയായ കാരണം? തമാശയ്ക്കും കളിചിരിക്കും അടക്കം പറച്ചിലിനും ഉറക്കെപ്പറച്ചിലിനും തെറിപറച്ചിലിനുമൊക്കെയുള്ള വാക്കുകള്‍ അടുക്കിവെക്കാനുള്ള സ്ഥലം തന്നെയല്ലേ നിഘണ്ടു?

ദേവന്‍ said...

കോട്ടയം വഴി കൊച്ചിക്കു പോയ എന്നെ വിളിച്ചു നിര്‍ത്തി ഈ പോസ്റ്റ് കണ്ടോ എന്ന് ഒരാള്‍ ചോദിച്ചു. അതെന്താപ്പാ അത്ര മുട്ടന്‍ സംഗതി എന്ന് കാണാന്‍ വന്നതാ . വിസിറ്റ് മൊതലായി.

ജ്യോതിര്‍മയി /ज्योतिर्मयी said...

അപ്പൊ ഇതാണു കേസ് അല്ലെ? ശിക്ഷിക്കാന്‍ വകുപ്പുണ്ടെന്നു തോന്നുന്നു,
ജാമ്യാപേക്ഷയുമായി വരാന്‍ ശ്രമിക്കുന്നുണ്ട്. വാക്കുകളെ നിഘണ്ടുത്തുറുങ്കിലടയ്ക്കരുതെന്നു ബോധിപ്പിക്കേണ്ടസ്ഥലമെവിടെയാണാവോ.
(വാഗ്‌ജ്യോതി‌)

രാജേഷ് ആർ. വർമ്മ said...

ജ്യോതി,

പതിവുപോലെ ആശയക്കുഴപ്പമായി. ഇപ്പറഞ്ഞ തുറുങ്കിലേക്ക് അടിപൊളി എന്ന വാക്കിനെ പ്രവേശിപ്പിച്ചതിലാണോ മുകളിലത്തെ പരാതി?