Wednesday, March 31, 2010

ഉചിതമായ ചിഹ്നം ചേർത്തെഴുതുക

ഒന്ന്
എം. എഫ്‌. ഹുസൈൻ: ബുദ്ധനേ, ബുദ്ധനേ...
ബുദ്ധൻ: എന്താടാ നായിന്റെ മോനേ കരയുന്നത്‌?
ഹുസൈൻ: എന്തിനാ ബുദ്ധനേ ഈ സവർണ്ണഫാസിസ്റ്റ്‌ശക്തികൾ എന്നെ ഇങ്ങനെ പീഡിപ്പിക്കുന്നത്‌?
ബുദ്ധൻ: സത്യം! അതു കടുത്ത അനീതി തന്നെ. നീ പണ്ടെങ്ങാണ്ടു വരച്ച ഒരു പടത്തിന്റെ പേരിൽ ഈ ചെയ്യുന്നതു കടുംകൈ തന്നെ. ഞാൻ എന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പക്ഷത്താണ്‌. നീ കരയാതെ. ഞാൻ ശക്തിയായി അപലപിച്ചുകൊണ്ട്‌ ഒരു പ്രസ്താവന ഇറക്കിയേക്കാം.
ഹുസൈൻ: സരസ്വതിയുടെയും ഭാരതമാതാവിന്റെയും പടത്തിൽ തുണിയുണ്ടായിരിക്കണമെന്നൊക്കെ പറഞ്ഞാൽ...
ബുദ്ധൻ: എടാ നായേ, ഇവളൊക്കെ മാറുമറയ്ക്കാൻ തുടങ്ങിയതൊക്കെ ഈ അടുത്ത കാലത്തല്ലേ? മാത്രവുമല്ല, ഇവരുടെയൊക്കെ ശരീരം എല്ലാ ഭാരതീയനും ഒരുപോലെ അവകാശപ്പെട്ടതല്ലേ? അല്ലെങ്കിൽത്തന്നെ ആരെയും തുണിയുടുക്കാതെ വരയ്ക്കാനുള്ള അവകാശം ഒരു ജനാധിപത്യരാഷ്ട്രത്തിലെ ഏതു പൗരനുമില്ലേ?
ഹുസൈൻ: വർഗ്ഗീയശക്തികൾ എന്റെ ജീവനുപോലും ഭീഷണിയാകുന്ന....
ബുദ്ധൻ: അതിനു തൊട്ടാലുടൻ വ്രണപ്പെടാൻ ഈ മതവികാരമെന്താ കന്യാചർമ്മമാണോ? ഇതുപോലെ കപടജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യം നിനക്കെന്തിന്‌? ലോകത്ത്‌ എത്രയോ നല്ല രാജ്യങ്ങൾ കിടക്കുന്നു.
ഹുസൈൻ: അതെയതെ, കുവൈറ്റുപോലെ തങ്കപ്പെട്ട...
ബുദ്ധൻ: നീ കരയണ്ട, ഈ പുരസ്കാരം കൂടി വാങ്ങിച്ചുകൊണ്ടു പൊയ്ക്കോ.

രണ്ട്‌
സക്കറിയ: ബുദ്ധനേ, ബുദ്ധനേ...
ബുദ്ധൻ: എന്താടാ കഴുതേടെ മോനേ കരയുന്നത്‌?
സക്കറിയ: എന്തിനാ ബുദ്ധനേ ഈ മതേതര-വിപ്ലവശക്തികൾ എന്നെ കൈയേറ്റശ്രമം നടത്തുന്നത്‌?
ബുദ്ധൻ: എടാ മരിച്ചുപോയ നേതാക്കന്മാരെപ്പറ്റി അപവാദം പറയരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ കഴുതേ?
സക്കറിയ: അതിന്‌ ഞാൻ അവരെക്കുറിച്ചു നല്ലതല്ലേ പറഞ്ഞത്‌?
ബുദ്ധൻ: പാശ്ചാത്യജീർണ്ണതയുടെ പ്രതീകമായ ആധുനികസാഹിത്യം വായിച്ചുവളർന്ന നിനക്ക്‌ ലൈംഗികഅരാജകത്വം ഒരു നന്മയായിട്ടായിരിക്കും തോന്നുന്നത്‌. പക്ഷേ, വ്യഭിചാരിയായ ഒരു കള്ളഖദർ ധാരിയെയും സ്വപ്നത്തിൽപ്പോലും ഏകപത്നീവ്രതക്കാരായ അനശ്വരത്യാഗധാമനങ്ങളെയും ഒരേ ഖണ്ഡികയിൽ ചേർത്തു പ്രസംഗിക്കാൻ നിനക്ക്‌ എങ്ങനെ ധൈര്യം വന്നു?
സക്കറിയ: സത്യം പറഞ്ഞതിന്‌...
ബുദ്ധൻ: എല്ലാ സത്യവും എല്ലായ്പോഴും വിളിച്ചുപറയാനുള്ളതല്ലെന്നു നിനക്കറിഞ്ഞുകൂടേ? സദസ്സുനോക്കാതെ സംസാരിക്കരുതെന്നറിയാനുള്ള പ്രായമായില്ലേ നിനക്ക്‌?
സക്കറിയ: അതിന്‌ എന്നെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണോ ശരി?
ബുദ്ധൻ: അതിനിവിടെ പോലീസും മന്ത്രിമാരുമൊക്കെയില്ലേ? അവരിലൊന്നും വിശ്വാസമില്ല എന്നൊക്കെ വിളിച്ചു പറഞ്ഞാൽ...
സക്കറിയ: എന്റെ അഭിപ്രായസ്വാതന്ത്ര്യം...
ബുദ്ധൻ: നീ വിഷമിക്കണ്ട. ഞാൻ എന്നും കലാകാരന്റെ കൂടെയാണ്‌. നീ കരയാതെ പോ. ഞാനൊരു പ്രസ്താവന ഇറക്കിയേക്കാം. പക്ഷേ, ഇനി മേലാൽ ഇങ്ങനൊന്നും കേൾക്കാനിടയാകരുത്‌.

മൂന്ന്
പ്രൊഫ: ടി. ജെ. ജോസഫ്‌: ബുദ്ധനേ, ബുദ്ധനേ...
ബുദ്ധൻ: എന്താടാ പന്നീടെ മോനേ കരയുന്നത്‌?
ജോസഫ്‌: എന്തിനാ ഈ പോലീസും അക്രമിസംഘങ്ങളും എന്നെയിങ്ങനെ വേട്ടയാടുന്നത്‌?
ബുദ്ധൻ: എടാ പടച്ചവനെയും പ്രവാചകനെയും പറ്റി അസഭ്യം പറയരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ പന്നീ?
ജോസഫ്‌: മുഹമ്മദ്‌ എന്നു പറഞ്ഞാൽ പ്രവാചകനാണെന്ന് വ്യാഖ്യാനിക്കുന്നത്‌ വായനക്കാരന്റെ ദുഷ്ടബുദ്ധിയായിക്കൂടേ?
ബുദ്ധൻ: എന്നാൽ ആ ദുഷ്ടബുദ്ധിയാണ്‌ നിന്നെയും എടുത്തിട്ടു വ്യാഖ്യാനിക്കാൻ പോകുന്നതെന്നു നീയും കരുതണം.
ജോസഫ്‌: അതിന്‌ കടകളും വാഹനങ്ങളും തല്ലിപ്പൊളിക്കുകയാണോ ചെയ്യേണ്ടത്‌? അത്ര പെട്ടെന്നു തകരുന്ന ഒന്നാണോ ഈ മതവികാരം?
ബുദ്ധൻ: എടാ ജനരോഷം, ജനരോഷം എന്നു കേട്ടിട്ടുണ്ടോ? അതു പൊട്ടിത്തെറിയ്ക്കും, ആളിപ്പടരും, ആഞ്ഞടിയ്ക്കും...
ജോസഫ്‌: എനിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മതേതരനും പുരോഗമനവാദിയുമായ നമ്മുടെ വിദ്യാഭ്യാസമന്ത്രി...
ബുദ്ധൻ: എടാ ഈ സമത്വസുന്ദരസംസ്ഥാനത്തിലെ ക്രമസമാധനവും മതസൗഹാർദ്ദവും തകർക്കാൻ സാമ്രാജ്യത്വശക്തികളുടെ കൈയിൽനിന്ന്‌ നീ എത്ര ഡോളർ വാങ്ങിയെടാ? പാവപ്പെട്ട ഇസ്ലാമികരാഷ്ട്രങ്ങളിലെ എണ്ണ കൊള്ളചെയ്തതും പോരാഞ്ഞ്‌, അവിടം ബോംബിട്ടു തുലയ്ക്കുന്ന, ജൂതന്മാർക്കു കഞ്ഞിവെക്കുന്ന അമേരിക്കയല്ലേടാ നിന്റെ പിന്നിൽ? ബാലപീഡനം പ്രചരിപ്പിക്കാൻ വത്തിക്കാനിൽപ്പോയി പ്രത്യേകപരിശീലനം നേടി വന്നതല്ലേടാ നീ? ഇതുവരെ എത്ര പിഞ്ചുകുഞ്ഞുങ്ങളെ കശക്കിയെറിഞ്ഞെടാ നീ?
ജോസഫ്‌: എന്റെ പൗരാവകാശവും ആവിഷ്കാരസ്വാതന്ത്ര്യവും...
ബുദ്ധൻ: ചോദ്യക്കടലാസിലാണോടാ നിന്റെ ആവിഷ്കാരസ്വാതന്ത്ര്യം? ഇവിടെക്കിടന്നു കരഞ്ഞു ബഹളമുണ്ടാക്കിയേക്കരുത്‌. ഉടൻ പോയില്ലെങ്കിൽ ഞാൻ പോലീസിൽ അറിയിക്കും. വല്ലയിടത്തും പോയി പാറപൊട്ടിച്ചോ ബ്ലോഗെഴുതിയോ ജീവിച്ചോണം. പോ... എനിക്കു ധ്യാനത്തിനു സമയമായി.

24 comments:

ramachandran said...

കേരളത്തിൽ ബുദ്ധന് അനുയായികൾ ഇല്ലെന്നു വിചാരിക്കരുത് :)

Unknown said...

ബുദ്ധന് പിന്നില്‍ 'ശ്രീ' എന്ന ഉചിതമായ ചിഹ്നമ്മയെ ചേര്‍ക്കാത്തതില്‍ വിപ്ലവാത്മകവും ചെഞ്ചോരരൂഷിതവുമായി പ്രതിഷേധിക്കുന്നു. :)

Unknown said...

വ്രണപ്പെട്ടു വ്രണപ്പെട്ടു
വ്രണം വന്ന് പുഴുത്ത് നാറി എന്റെ മേല്‍ ഈച്ചകള്‍ പൊതിഞ്ഞു.
ഇനി മെഡിക്കല്‍ കോളേജില്‍ മനോരോഗവിഭാഗത്തില്‍ പോയി 230 കെ.വി ശക്തിയില്‍ ഷോക്കടിപ്പിച്ചാലേ ഈ വ്രണം ഉണങ്ങൂ എന്നാ എല്ലാവരും പറയുന്നത്.

കന്യാചര്‍മത്തെപ്പറ്റി ഒരക്ഷരം മിണ്ടരുത് . അത് ഞങ്ങള്‍ക്കിഷ്ടമല്ല

Anonymous said...

കൊള്ളാം ഇഷ്ടപ്പെട്ടു, ഈ ആക്ഷേപഹാസ്യം. പലപ്രയോഗങ്ങളും ഉഗ്രന്‍. ബേബിയ്ക്കിട്ട് കീച്ചിയത് അത്യുഗ്രന്‍. "മതേതരനും പുരോഗമനവാദിയുമായ നമ്മുടെ വിദ്യാഭ്യാസമന്ത്രി..." (അമേരിയ്ക്കയില്‍ ആയത് നന്നായി. അല്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ്, അറസ്റ്റ്). ഒരു പുരോഗമനസംഘടനയും ഇത്തരം വിഷയത്തില്‍ ഇടപെടില്ല. ഒരു ചര്‍ച്ച ദയവായി ഉദ്ഘാടനം ചെയ്യുക. (മുന്‍പ് കേറി ആരെങ്കിലും ഉദ്ഘാടിച്ചാ കമന്‍റിടുക)

Pramod.KM said...

ബുദ്ധനെ പറ്റി ആര്‍ക്കും എന്തും പറയാലോ
ചോദിക്കാനും പറയാനും ആളില്ലല്ലോ
ചിഹ്നം ഓപ്ഷന്‍സ് [:),:(,!,@*#,]

Noushad Vadakkel said...

വിമര്‍ശനങ്ങള്‍ മത വിശ്വാസികളെ പരിഹസിക്കുവാനാകരുത് . മത പ്രമാണങ്ങളെ വേണം വിമര്‍ശന വിധേയമാക്കേണ്ടത് .അതും ഇന്ത്യന്‍ ഭരണ ഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി മാത്രം .

പടച്ചോനെ എന്ന് വിളിക്കുന്നത്‌ കേരളത്തില്‍ മുസ്ലിംകള്‍ ആണ് എന്ന് മനസ്സിലാക്കുവാന്‍ ഗീബല്സിന്റെ ബുദ്ധി ഒന്നും വേണ്ട ,സാധാ ബുദ്ധി മതി .

ഇസ്ലാം മത വിശ്വാസ പ്രകാരം ദൈവത്തോട് സംസാരിക്കുവാന്‍ അവസരം ലഭിച്ചിട്ടുള്ളത് പ്രവാചകരില്‍ ചിലര്‍ക്ക് മാത്രമാണ് . അവരില്‍ മുഹമ്മദ്‌ എന്ന് പേരുള്ളത് ഒരാള്‍ക്ക്‌ മാത്രവും .

ഇതിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശിക്കപ്പെട്ട ചോദ്യ പേപ്പറിലെ ചോദ്യം കാണാന്‍ ശ്രമിച്ചാലേ കുഴപ്പം മനസ്സിലാകൂ.അല്ലാത്തവര്‍ ഇതൊരു വര്‍ഗ്ഗീയത
അല്ല എന്നെ വിലയിരുത്തൂ ...

ഏതു പുസ്തകത്തില്‍ നിന്നാണ് ഇത് എഴുതിയത് എന്ന് പോലും വിശദീകരിക്കപ്പെട്ടിട്ടുമില്ല .

മുഹമ്മദ്‌ എന്നാ പേരും പടച്ചവന്‍ എന്നതും മാറ്റി മറ്റേതെങ്കിലും മത വിഭാഗത്തിലെ പേര് നല്‍കി വായിച്ചാലും ഇതിലെ പരാമര്‍ശങ്ങള്‍ മത വിശ്വാസികള്‍ക്ക് പൊറുക്കാനാവില്ല

Anonymous said...

ഈ ചോദ്യക്കടലാസില് എന്ത് മതവിമര്‍ശാ നൌഷാദെ...? ഇത്തരം ഒരു കുഞ്ഞി പരാമര്‍ശത്താല്‍ തകരണതാണോ മതം? നൌഷാദ് ആദ്യം ആ മുഹമ്മദിന്‍റെ കഥകളൊക്കെ ഒന്ന് വായിയ്ക്ക്... (നമ്മടെ സാക്ഷാല്‍ വിശ്വസാഹിത്യകാരന്‍ വൈക്കം... ) കാലം മൂപ്പരെയൊക്കെ പിന്നിട്ട് എത്ര പോയി, എന്നിട്ടിപ്പഴും നമ്മടെ മനസ്സ് എത്ര ഇടുങ്ങിയതാ... ഇത് ഒരു മതത്തിന്‍റെ മാത്രം കാര്യമല്ല. എല്ലാം ഇത്തരം സങ്കുചിത ചിന്തകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെയാണ് നെല്ലിക്കയിലെ എഴുത്ത് പ്രസക്തമാകണത്. അതിലെ ആദ്യത്തെ ഭാഗം നോക്കൂ...
ഈ ബ്ലോഗ് ചര്‍ച്ചകളില് എടപെട്ട് ഇത്തരത്തില് "മതം പോയേ..." എന്ന് കരയണത് മുഴുവോനും ചെറുപ്പക്കാരാണ് എന്നത് എന്നെ കുറച്ചൊന്ന്വല്ല വെഷമിപ്പക്ക്യണെ...

Anonymous said...

തൊട്ട് മുന്‍പെഴുതിയ അനോണി തന്നെ. ഒരുകാര്യം പറയാന്‍ മറന്നു. മുഹമ്മദ് ബഷീറ് മാത്രല്ല നമ്മടെ വര്‍ക്കീം, സക്കറിയേം ഒക്കെ ഈ ടൈപ്പ് എഴുത്ത് പാസാക്കീട്ടൊണ്ട്.
(*രണ്ടിടത്തും 'മുഹമ്മദ്' എന്ന് പരാമര്‍ശിച്ചത് സാക്ഷാല്‍ വിശ്വസാഹിത്യം കീച്ചിയ ആ മഹാനെ ഉദ്ദേശിച്ച് മാത്രം)

സനോണി ആവാന്‍ താത്പര്യമുണ്ട്. സാവധാനം ആകാം...

Unknown said...

"മതം പോയേ..." എന്ന് കരയണത് മുഴുവോനും ചെറുപ്പക്കാരാണ് എന്നത് എന്നെ കുറച്ചൊന്ന്വല്ല വെഷമിപ്പക്ക്യണെ"


അനോണി ,
താങ്കള്‍ സത്യം പറഞ്ഞു. സത്യത്തില്‍ എനിക്കും അത്ഭുതം ആണ് ,എല്ലാ മത ബ്ലോഗുകള്‍ നടത്തുന്നതും കൂടുതല്‍ കമന്റുകള്‍ ചെയ്യുന്നതും നല്ല വിദ്യാഭ്യാസമുള്ള നല്ല വായനാശീലമുള്ള കാര്യങ്ങള്‍
എല്ലാം വിവേചന ബുദ്ധിയോടെ കാണാന്‍ കഴിയുന്ന ചെറുപ്പക്കാര്‍ ആണ്. എന്ത് പറയാന്‍ കേരളത്തിന്റെ കാര്യം പോക്കാ. പുരോഗമന പ്രസ്ഥാനങ്ങള്‍ ഒക്കെ സമൂഹത്തിലെ വര്‍ദ്ധിച്ചു വരുന്ന മത സ്വാധീനം കണ്ടു പകച്ചു നില്‍ക്കുകയാണ്.

പിന്നെ അനോണി പറഞ്ഞാലും സനോണി പറഞ്ഞാലും കാര്യം കാര്യം തന്നെ :) :)

ഷാജി ഖത്തര്‍.

Noushad Vadakkel said...

Anonymous said..."ഈ ചോദ്യക്കടലാസില് എന്ത് മതവിമര്‍ശാ നൌഷാദെ...? ഇത്തരം ഒരു കുഞ്ഞി പരാമര്‍ശത്താല്‍ തകരണതാണോ മതം?"

പടച്ചവനെ എന്ന് വിളിക്കുന്ന മുഹമ്മദ്‌ നെ നായിന്റെ മോനെ എന്ന് ദൈവം തിരിച്ചു വിളിക്കുമെന്ന് ആര് പ്രയോഗിച്ചാലും ദൈവത്തെ കുറിച്ച് ബോധപൂര്‍വ്വം തെറ്റിദ്ധാരണ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത് .

ഇവിടെ മതം തകരുന്നില്ല മറിച്ചു ചില കപട സാംസ്കാരിക മുഖം മൂടികള്‍ തകരുന്നു .

ബഷീറോ ,സകരിയയോ ,മറ്റു വല്ലവരുമോ ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രുകയോ ,അവര്‍ ചെയ്യുന്നത് മുഴുവന്‍ ശരിയോ അല്ല . പ്രവാചകന്‍ മുഹമ്മദ് ആണ് ഇസ്ലാം മത വിശ്വാസികള്‍ക്ക് മാതൃക .

Basheer Mohammed said...

ബഹുമാനപ്പെട്ട രാജേഷ് ,,, ഈ വിഷയം ഒരിക്കലും എന്നെപ്പോലുള്ള മുസ്ലിം മത വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് അതിനെ വീണ്ടും വീണ്ടും കുത്തി മുറിവേല്‍പ്പിച്ചാല്‍ അതിന്റെ പ്രത്യാഘാഡം വളരെ വലുതായിരിക്കും ...ദയവൂ ചെയ്ത്‌ മത വിദ്വേശം വളര്‍ത്തുന്ന ഇത്തരത്തില്‍ ഉള്ള സൃഷ്ടികള്‍ സോന്തം വീട്ടില്‍ മാത്രം അവതരിപ്പിക്കുക .....

Basheer Mohammed said...

ബഹുമാനപ്പെട്ട രാജേഷ് ,,, ഈ വിഷയം ഒരിക്കലും എന്നെപ്പോലുള്ള മുസ്ലിം മത വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് അതിനെ വീണ്ടും വീണ്ടും കുത്തി മുറിവേല്‍പ്പിച്ചാല്‍ അതിന്റെ പ്രത്യാഘാഡം വളരെ വലുതായിരിക്കും ...ദയവൂ ചെയ്ത്‌ മത വിദ്വേശം വളര്‍ത്തുന്ന ഇത്തരത്തില്‍ ഉള്ള സൃഷ്ടികള്‍ സോന്തം വീട്ടില്‍ മാത്രം അവതരിപ്പിക്കുക .....

Anonymous said...

അനോണി മറുപടികള്‍ വായിച്ചു. തത്കാലം ഈ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുന്നു. ഇനി അനോണി വന്നാല് അത് ഞമ്മളല്ലേയ്...

പിന്നെ ഞാന്‍ പറഞ്ഞകാര്യങ്ങളെ പിന്നീട് ഷാജിയ്ക്ക് ശേഷം വന്ന കമന്‍റുകള്‍ രണ്ടും ശരിവയ്ക്കുന്നു എന്ന് മാത്രം പറയട്ടെ.

"ബഷീറോ ,സകരിയയോ ,മറ്റു വല്ലവരുമോ ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രുകയോ ,അവര്‍ ചെയ്യുന്നത് മുഴുവന്‍ ശരിയോ അല്ല . പ്രവാചകന്‍ മുഹമ്മദ് ആണ് ഇസ്ലാം മത വിശ്വാസികള്‍ക്ക് മാതൃക."
"...അതിന്റെ പ്രത്യാഘാഡം വളരെ വലുതായിരിക്കും ...ദയവൂ ചെയ്ത്‌ മത വിദ്വേശം വളര്‍ത്തുന്ന ഇത്തരത്തില്‍ ഉള്ള സൃഷ്ടികള്‍ സോന്തം വീട്ടില്‍ മാത്രം അവതരിപ്പിക്കുക ....."

രണ്ടിലെയും സ്വരങ്ങള്‍ ഈ പാവം അനോണിയെ പേടിപ്പെടുത്തുന്നു. ഇപ്പഴും നമ്മടെ മനസ്സ് എത്ര ഇടുങ്ങിയതാ...
ഇനി ഞമ്മളില്ലേയ്...

Calicocentric കാലിക്കോസെന്‍ട്രിക് said...

ഞാനിത്രദിവസമായിട്ടും ഇതു കണ്ടില്ല, കഷ്ടം.

ആ കന്യാചര്‍മ്മം ഭേദിക്കാതെ നാട്ടില്‍ ജനാധിപത്യമില്ല.

സംഘപരിവാരങ്ങള്‍ പറയുന്നത് സത്യമായി മാറുന്നതുപോലെ അശ്ലീലമായ ഒരവസ്ഥ വേറെയില്ല.

ഈ അപരിഷ്കൃത വര്‍‌ഗ്ഗത്തെ കേരളസമൂഹത്തിനു കൈകാര്യം ചെയ്യാന്‍ പറ്റുമോ അതോ അവരെ നാളെ പരിവാരത്തിന് എറിഞ്ഞുകൊടുക്കേണ്ടിവരുമോ?
അതുമല്ലെങ്കില്‍ യൂറോപ്പിലെ പലയിടത്തും നടക്കുംപോലെ അവരെ നിര്‍ബന്ധപൂര്‍‌വ്വം ജനാധിപത്യമതപരിവര്‍ത്തനം നടത്താന്‍ തക്കവണ്ണം നമ്മുടെ ജനാധിപത്യസംവിധനം വികസിക്കുമോ.

mukthaRionism said...

പറഞ്ഞ്
പറഞ്ഞ്
ഇപ്പൊ
എന്തുമാകാമെന്നായി..
ബുദ്ധന്‍
ആദരിക്കപ്പെടേണ്ട വ്യക്തിയാണ്..
എനിക്കു രസിച്ചില്ല.

മഹാന്മാരെയും
ദൈവങ്ങളെയും
അനാദരിക്കലും..
അവരുടെ മേല്‍ കുതര കയറലും
അത്ര വലിയ
ആവിഷ്കാര സ്വാതന്ത്ര്യമൊന്നുമല്ല..
പാവം
ബുദ്ധന്‍!

ആരാണു
ബുദ്ധന്‍ എന്നറിയണ്ടെ..
എന്നാലല്ലെ..

ആദ്യം സ്വന്തം അപ്പനും അമ്മക്കുമിട്ടു നാലു തെറി പറഞ്ഞു തുടങ്ങിക്കോളൂ..
ആവിഷ്കാര സ്വാതന്ത്രം
നീണാള്‍ വാഴട്ടെ...

ദൈവങ്ങളും
മഹാന്മാരുമൊക്കെ
എന്നു മുതലാണാവോ
ഭരണിപ്പൂരത്തിനു പോയിത്തുടങ്ങിയത്?

mukthaRionism said...
This comment has been removed by the author.
geedha said...

then first sue p t kunchimuhammed and garshom

Unknown said...

എന്തിനാ പടച്ചോനെ രക്ഷിക്കാന്‍ നിങ്ങള് വാളെടുക്കുന്നത് ബഷീറേ. മൂപ്പര്‍ സര്‍വ്വശക്തനും പരമ കാരുണ്യവാനുമല്ലേ. എല്ലാം മൂപ്പര് കാണുന്നു. ഇതും കണ്ടിട്ടുണ്ടാകും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ മുപ്പര് മയ്യത്താക്കിക്കോളും അല്ലെങ്കില് മൂപ്പര് ക്ഷമിച്ചിട്ടുണ്ടാകും. എന്തിനാ നിങ്ങള് ഇതില് ഇടങ്കോലിടുന്നത്. പടച്ചോന്‍ സ്വന്തം കാര്യം നോക്കാന്‍ പോലും ശേഷിയില്ലാത്തവനാണ് എന്നു വരുത്തുന്നത് കഷ്ടം തന്നെ. മുപ്പരെ മൂപ്പരുടെ വഴിക്ക് വിട്ടേക്ക്.

Anonymous said...

ഇപ്പോൾ ഹുസൈന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെപ്പറ്റി വിലപിക്കുന്നവർ പഴയ ഡാനിഷ് കാർട്ടൂൺ വിവാദം ഓർക്കണം. ഒരു തീവ്രവാദവുമില്ലാത്ത യഥാർത്ഥ മുസ്ലീങ്ങളെ കരിവാരിത്തേക്കാനാണ് ആ കാർട്ടൂണെന്ന് ഒരു വാദത്തിന് സമ്മതിച്ചേക്കാം. എങ്കിൽ ഹുസൈൻ, മുഹമ്മദിന്റേയോ ഫാത്തിമയുടേയോ ഒരു നഗ്നചിത്രം വരയ്ക്കട്ടെ. ഇപ്പോൾ പറയുന്ന ആവിഷ്കാരസ്വാതന്ത്ര്യം തകർന്നടിയുന്നതു കാണാം. മറ്റാരോ പറഞ്ഞതു പോലെ ആ ചിത്രത്തെ സരസ്വതിയെന്നു വിളിക്കെണ്ടായിരുന്നു. അറിവ് അമ്മയാണെന്ന ആശയം സൗദി അറേബ്യയിൽ ഉണ്ടായതല്ലെന്നു കരുതി നിന്ദിക്കരുത്. ഈ നാട്ടിലെ ക്രൈസ്തവർ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് സംവരണം കൊണ്ടല്ല. മറിച്ച് വിജ്ഞാനത്തെ മതത്തേക്കാളും പ്രധാനമായി കരുതുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് ക്രൈസ്തവരുടെ നേതൃത്തത്തിൽ സോ കോൾഡ് ഹിന്ദു സരസ്വതി പൂജയായ എഴുത്തിനിരുത്ത് പലപ്പോഴും നടത്തുന്നതും. കൊല്ലം കുറേ കോളേജിലേക്ക് ചവിട്ടിയെങ്കിലും കാര്യമായ വിവരമുണ്ടാകാത്ത അദ്ധ്യാപകനെ പറ്റിയും അതിനെ പറ്റി പരാമർശിച്ചാൽ തന്നെ പ്രത്യാഘാതമുണ്ടാകുമെന്നു ഭീഷണിപ്പെടുത്തുകയും (ഒപ്പം ഇസ്‌‌ലാം സമാധാനമാണെന്നും) പറയുന്ന ബഷീറുമാരെയും എന്നാണോ പരിണാമം വംശനാശം വരുത്തുക?

★ Shine said...

ഭീകരം..ഭീകരം..
ബുദ്ധം ശരണം ഗച്ച്ചാമി..

ഞാന്‍ ഇന്നാട്ടുകാരനല്ലേ...

laloo said...

ഇലക്ഷനൊക്കെ അടുത്തു വരികയല്ലെ
വേറേ നല്ല വിഷയങ്ങളും കിട്ടാനില്ല
ഈ തീ കെടാതെ കൊണ്ടുപോകണം
ആ മാഷിനെ നേരത്തെ കൈയിൽ
കിട്ടിയിരുന്നെങ്കിൽ കുറച്ചുനാൾ കൂടി
ഒളിപ്പിക്കാരുന്ന്

രാജേഷ് ആർ. വർമ്മ said...

രാമചന്ദ്രൻ, ബാബു, അരുൺ, വിവിധ അനോണികൾ, പ്രമോദ്, നൌഷാദ്, ഷാജി, ബശീർ, കാലിക്കോ, മുക്താർ, ഗീഥാ, സുധീർ, ഷൈൻ, ലാലൂ,

എല്ലാവർക്കും നന്ദി. അഭിപ്രായങ്ങളെല്ലാം ബുദ്ധനെ അറിയിച്ചിട്ടുണ്ട്.

പ്രമോദ്,
മലയാളത്തിലെ പ്രമുഖസാംസ്കാരിക/വിവാദവാരികകൾ വായിക്കുന്നതിന്റെ ലക്ഷണം ചിഹ്നങ്ങളിൽ നിന്നും മനസ്സിലാകുന്നുണ്ടല്ലോ.

മുക്താർ,
കൊടുങ്ങല്ലൂർ ഭരണിയും ചേർത്തല പൂരവുമൊക്കെ ആർക്കുവേണ്ടി തുടങ്ങിയതാണെന്ന് അറിയാമല്ലോ.

NITHYAN said...

ചോദ്യപേപ്പര് വായിച്ചപ്പോള് അതെങ്ങിനെയാണ് ഒരു മതത്തിനെതിരാവുന്നതെന്നു മനസ്സിലായില്ല. അശ്ലീലത്തിന്റെ വകുപ്പില് പെടുന്നതാണെന്നേയുള്ളൂ. കാരണം പട്ടീയെന്ന പദം അശ്ലീലമാവുന്നത് അതു മുറ്റത്തു കെട്ടിയ പശുവിനെ സംബോധനചെയ്യുന്പോഴാണ്. അല്ലെങ്കില് അതുപോലെ മറ്റാരെയെങ്കിലും. ആ വകുപ്പില് ചോദ്യം അശ്ലീലമെന്നു പറയാം. അത്രതന്നെ.

Anonymous said...

"ദൈവങ്ങളും
മഹാന്മാരുമൊക്കെ
എന്നു മുതലാണാവോ
ഭരണിപ്പൂരത്തിനു പോയിത്തുടങ്ങിയത്?"-
അവര്‍ എല്ലാക്കൊല്ലവും അവിടെയുണ്ട്. ഒരു തരം 'അച്ചടക്കപ്രദര്‍ശനത്തെക്കാള്‍' ഭക്തി ഇവിടങ്ങളിലാണ് ഉള്ളത്. വല്യ കൈകൂപ്പി പ്രാര്‍ത്ഥിയ്ക്കുന്നവര്‍ ആരെങ്കിലും ഇതുപോലെ ദൈവത്തിനായി തലയില്‍ വെട്ടുമോ? അതുകൊണ്ട് അവിടെ ദൈവമില്ലെന്ന് പറയല്ലെ മുക്താറെ...


ആദ്യം എഴുതിയ സെയിം അനോണി