Monday, November 20, 2006

ഭാഷയെക്കൊല്ലാന്‍

മലയാളം യൂണി കോഡിലെ പ്രശ്നങ്ങളെപ്പറ്റി പിടിയൊന്നുമില്ലാത്ത ഞാന്‍ അതിനെപ്പറ്റി നടന്ന ഒരു ചര്‍ച്ച തപ്പിത്തടഞ്ഞു വായിക്കുന്നതിനിടയില്‍ ലിപി പരിഷ്കരണത്തെപ്പറ്റി ഇപ്രകാരം ഒരുദ്ധരണി കണ്ടു:

"ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പവഴി ലിപി മാറ്റലാണ്‌ എന്ന് എം. ടി. എഴുതി."

പുതിയലിപിയെക്കാള്‍ പഴയലിപി ഇഷ്ടപ്പെടുന്ന, ഇംഗ്ലീഷ്‌ റോമനില്‍ എഴുതാറുണ്ടെങ്കിലും (മൊഴി) വായിക്കാന്‍ വിയര്‍ക്കുന്ന എന്നെപ്പോലൊരാള്‍ക്കുപോലും ഒരു സംശയം തോന്നി: കേരളത്തില്‍ ഏറെക്കാലം സംസ്കൃതം മലയാളലിപി ഉപയോഗിച്ചായിരുന്നില്ലേ എഴുതിയിരുന്നത്‌? ഭൂരിപക്ഷം മലയാളികളും ഇന്നും അതു ചെയ്യുന്നു. അതുകൊണ്ട്‌ സംസ്കൃതം കേരളത്തില്‍ വളരുകയോ തളരുകയോ ചെയ്തത്‌? എം. ടി. യുടെ പ്രസ്താവന ലിപിമാറിയ ഭാഷകളെക്കുറിച്ചുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയതാണോ? അതോ എന്റേതുപോലുള്ള ഒരു വൈകാരികമായ അനിഷ്ടം മാത്രമോ?

<< എന്റെ മറ്റു വെറും ചിന്തകള്‍

11 comments:

വിശ്വപ്രഭ viswaprabha said...

സംസ്കൃതമെഴുതാന്‍ ഗ്രന്ഥം മലയാളം ലിപി ഉപയോഗിച്ചത് ഒരു ലിപിമാറ്റമായി കാണേണ്ടതില്ല. വാസ്തവത്തില്‍ സംസ്കൃതമെഴുതാന്‍ ദേവനാഗരി ഉപയോഗിക്കുന്നതുതന്നെ അത്ര പഴക്കമുള്ള രീതിയൊന്നുമല്ല. ആയിരത്തില്‍ കുറച്ചുവര്‍ഷങ്ങളേ ആയിട്ടുള്ളത്രേ ദേവനാഗരി ഗൈര്‍വ്വാണിയുടെ ലിപിയായിട്ട്. (പ്രൊഫ.മഹേഷ് പറഞ്ഞത് അതു വെറും 100-200 വര്‍ഷത്തിനുള്ളില് സംഭവിച്ചതാണെന്ന് ആരോ എഴുതിയത് വായിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ അത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല.).

സംസ്കൃതം ‘മലയാള’ലിപിയില്‍ എഴുതിത്തുടങ്ങിയത് അന്യോന്യം വളരെ പ്രയോജനകരമായിരുന്നു. ഒരിടക്കാലത്ത് ശുദ്ധസംസ്കൃതം നശിച്ചുപോവാതെ നിലനിന്നുപോവാന്‍ കേരളീയപണ്ഡിതന്മാര്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ദേവനാഗരി കൂടി പഠിച്ചെഴുതാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല അന്ന് അവര്‍ക്കുണ്ടായിരുന്നത്. അതുപോലെ സംസ്കൃതം എഴുതേണ്ടി വരിക എന്ന പ്രയത്നം ഇല്ലാതിരുന്നെങ്കില്‍ മലയാളം ലിപിമാല ഇത്ര സമ്പുഷ്ടമാകുമായിരുന്നില്ല.

ഭാഷയെ കൊല്ലാനും പുനരുജ്ജീവിപ്പിക്കാനും ലിപിമാറ്റത്തിനാവും എന്നു വേണം ആ ഉക്തിയെ തിരുത്തിവായിക്കേണ്ടത് എന്നു തോന്നുന്നു.അതുകൊണ്ട് ഒരുകാര്യമേ നോക്കേണ്ടൂ,
തമിഴന്‍ ചെയ്യുന്നതുപോലെ ഇറച്ചിയെല്ലാം മാറ്റിക്കളഞ്ഞ് എല്ലുസൂപ്പുവെക്കുന്നതുപോലെയാവരുത് നമ്മുടെ acceptance സിദ്ധാന്തം. Deprecation, pruning ഒക്കെ ഇപ്പോള്‍ എളുപ്പമാണ്. പക്ഷേ പിന്നൊരിക്കല്‍ ചരിത്രമെഴുതുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മെ y2k വിഡ്ഢികളായി വിധിയെഴുതാം.

എന്റെ സ്വാര്‍ത്ഥമായ, വ്യക്തിപരമായ ആശ നമുക്കിനിയും കുറേക്കൂടി അക്ഷരരൂപങ്ങള്‍ വേണമെന്നാണ്.
apple എന്നും zoo എന്നും ഖാലിദ് എന്നും ജമീന്ദാര്‍ എന്നും വ്യതിരിക്തമായി എഴുതാനും വായിക്കാനും പറ്റിയിരുന്നെങ്കില്‍!
പന നിന്നിരുന്നിടത്ത് നനവുണ്ടായിരുന്നെങ്കില്‍...
നിന്റെ knee നീലച്ചുപോവാതിരുന്നെങ്കില്‍...
രണ്ടു ‘വ’ ഉണ്ടായിരുന്നെങ്കില്‍...

[കാര്യമൊക്കെ കൊള്ളാം രാജേഷേ, ഭാഷയെക്കുറിച്ചുള്ള ആ ചര്‍ച്ചയില്‍ അവിടെത്തന്നെ വന്നു പങ്കുകൊള്ളുക. സ്വന്തം ബ്ലോഗിലെഴുതുക എന്ന ബ്ലോഗ് തത്വശാസ്ത്രം ഈ ഒരു ചര്‍ച്ചയില്‍ നമുക്കു മാറ്റിവെക്കാം. ഗൌരവതരമായ ആ‍ നൂലില്‍ തന്നെ നാമെല്ലാം സ്വയം കൊരുത്തുകെട്ടുക. കാരണം ആര്‍ എന്തു പറഞ്ഞതും പതിരും പലയിടത്തുമായി ചിതറിപ്പോകരുതല്ലൊ!]

രാജേഷ് ആർ. വർമ്മ said...

വിശ്വം,

വിശദീകരണത്തിനു നന്ദി. അവിടെ നടക്കുന്നതു യൂണികോഡ്‌ ചര്‍ച്ചയാണല്ലോ. അതിന്റെ സാങ്കേതികതകള്‍ മനസ്സിലാക്കാന്‍ ഇനിയും സമയം ചെലവാക്കിയിട്ടില്ലാത്ത ഞാന്‍ അവിടെ വന്ന് ലിപി പരിഷ്കരണത്തിലേക്കു ചര്‍ച്ച വഴി തിരിച്ചു വിടുന്നതു ശരിയല്ലെന്നു തോന്നി. അതുകൊണ്ടാണ്‌ ഇവിടെയിരുന്നു പറഞ്ഞത്‌.

അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ഒരു അഭ്യാസത്തിലുള്ള പരിമിതമായ അനുഭവം വെച്ച്‌ ഭാഷകള്‍ക്ക്‌ കൂടുതല്‍ അക്ഷരങ്ങള്‍ വേണമെന്ന അഭിപ്രായത്തോടു യോജിക്കാന്‍ കഴിയുന്നില്ല. ഉച്ചാരണത്തിലെ കൃത്യത ലിപിവൈവിധ്യത്തിലൂടെയാണ്‌ നടപ്പിലാക്കേണ്ടതെന്ന് മുമ്പൊക്കെത്തോന്നിയിരുന്നെങ്കിലും ഏതു ഭാഷയിലെ ശബ്ദങ്ങളും സ്വന്തമാക്കാന്‍ കഴിയുന്ന ഇംഗ്ലീഷുപോലുള്ള ഒരു ഭാഷയുടെ മെയ്‌വഴക്കം കാണുമ്പോള്‍ തമിഴിന്റെ വഴി നല്ലതെന്നു തോന്നിപ്പോകുന്നു. (തമിഴില്‍ എന്തു ലിപി പരിഷ്കാരമാണു നടന്നിട്ടുള്ളതെന്നറിഞ്ഞുകൂടാ. കൂട്ടക്ഷരങ്ങള്‍ക്കു പകരം മുകളില്‍ കുത്ത്‌ (നമ്മുടെ ചന്ദ്രക്കല പോലെ) ഇട്ട്‌ അക്ഷരങ്ങള്‍ പിരിച്ചെഴുതുന്ന സമ്പ്രദായമാണ്‌ താങ്കള്‍ ഉദ്ദേശിച്ചതെന്ന ധാരണയിലാണ്‌ ഇതെഴുതുന്നത്‌). ഹിന്ദിയും ബംഗാളിയും വായിക്കാന്‍ പഠിച്ചകാലത്തും എനിക്കു വഴങ്ങാതിരുന്ന അവരുടെ അക്കങ്ങളോട്‌ ഇന്നും പിണങ്ങിനില്‍ക്കുന്ന എനിക്ക്‌ എന്നെങ്കിലും ഒഴുക്കോടെ മലയാളം അക്കങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല.

രണ്ടു വ എന്നു വിശ്വം പറയുന്നത്‌ v, w എന്നിവയുടെ ശബ്ദങ്ങളാണോ?

ലിപി പരിഷ്കരണത്തെപ്പറ്റി മറ്റെവിടെയെങ്കിലും ചര്‍ച്ച നടന്നിട്ടുള്ളതായി അറിയുമെങ്കില്‍ ഒന്നു പറയുമല്ലോ. അവിടെ വന്ന് ചര്‍ച്ചചെയ്തുകൊള്ളാം.

Cibu C J (സിബു) said...

ചരിത്രത്തില്‍ എനിക്കറിയാവുന്ന ഒരു ലിപിപരിഷ്ക്കരണം ടര്‍ക്കിഷ് ലിപിയുടെതാണ്. 1930-ല്‍ അറബിക് ലിപിയില്‍ നിന്നും ലാറ്റിന്‍ സ്ക്രിപ്റ്റിലേയ്ക്കുള്ള മാറ്റം വന്‍വിജയമായിരുന്നു. (അല്ലെങ്കിലും സാഹിത്യകാരന്മാര്‍ പറയുന്ന സാമൂഹികമായ അഭിപ്രായങ്ങളൊന്നും മുഖവിലയ്ക്കെടുക്കരുത്‌ രാജേഷേ)

രാജേഷ് ആർ. വർമ്മ said...

സിബു,

സിബുവിന്റെ കമന്റില്‍ ചിരിക്കുടുക്ക (സ്മൈലി) പ്രതീക്ഷിച്ചു, കണ്ടില്ല. സാഹിത്യകാരന്‍ തട്ടിവിട്ട സാമാന്യവല്‍ക്കരണം പോലെ തന്നെ ഒന്നല്ലേ സിബുവിന്റെ സാഹിത്യകാരന്മാരെപ്പറ്റിയുള്ള അഭിപ്രായവും?

തുര്‍ക്കിയില്‍ നടന്നിട്ടുള്ള സാംസ്കാരികവിപ്ലവത്തെപ്പറ്റി പലയിടത്തും കേട്ടതില്‍ നിന്നും അതെപ്പറ്റി തീരെ മതിപ്പു തോന്നിയിട്ടില്ല. നാനാത്വത്തെ അടിച്ചമര്‍ത്തിയ ആ പരീക്ഷണത്തിനെതിരെ തിരിച്ചടികള്‍ ഇപ്പോഴും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു എന്നാണറിയുന്നത്‌. (വെറുമൊരു സാഹിത്യകാരന്‍ എന്നെഴുതിത്തള്ളാന്‍ പരിപാടിയില്ലെങ്കില്‍ പാമുക്‌ എഴുതിയതൊന്നു വായിച്ചോളൂ. തര്‍ജ്ജമ മോശമാണെങ്കില്‍ മൂലകൃതി ലൈബ്രറിയിലുണ്ട്‌.:-))

സിബു തന്ന ലിങ്കില്‍ നോക്കിയപ്പോള്‍ ലിപി മാറ്റം ഒന്നുകൊണ്ടു മാത്രം സാക്ഷരത കൂടി എന്നു പറയുന്നതില്‍ വലിയ കഴമ്പു തോന്നിയില്ല. വിദ്യാഭ്യാസമേഖലക്കു വലിയ ശ്രദ്ധ കിട്ടി എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്‌.

Cibu C J (സിബു) said...

രാജേഷേ.. പകുതി കളിയായും പകുതി കാര്യമായും എഴുതിയത്‌ തന്നെയാണ് അത്‌. ഇനി അതിനെന്താ ചിഹ്നം? :) എന്തായാലും സാഹിത്യകാരന്മാരെ ഉയര്‍ത്തിപ്പിടിക്കല്‍ മലയാളികള്‍ക്കിത്തിരി കൂടുതലാണെന്ന പക്ഷമാണ് എനിക്ക്‌.

പിന്നെ, സാമാന്യവല്‍ക്കരണം ഭാഷയില്‍ നിന്നും ഒരിക്കലും അരിച്ചുമാറ്റാനാവാത്തതല്ലേ. അതുകൊണ്ട്‌ ഏതുവാചകവും ഉപ്പുകൂട്ടി തട്ടേണ്ടത്‌ വായനക്കാരന്റെ കടമയാകുന്നു.

പാമുക് എഴുതിയത്‌ ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല. വിക്കിയിലെഴുതിയ വാചകം അതേപടി പകര്‍ത്തിയെഴുതുകയായിരുന്നു ഞാന്‍. (കുറ്റം എന്റേതല്ല :) "...the abolishment of Arabic script in lieu of the new Turkish alphabet derived from the Latin alphabet which greatly helped increasing the literacy rate of the population..."

വളരെ എക്സ്റ്റ്രീമായ ലിപിമാറ്റംകൊണ്ടുപോലും ഭാഷയും സംസ്കാരവും മരിക്കുന്നേയില്ല എന്നതിതൊരുദാഹരണം കാണിച്ച്‌ എം.ടി.യുടെ വാദത്തെ ഗണ്ഡിക്കുയായിരുന്നു ഉദ്ദേശം.

അതെന്തൊക്കെയായാലും എന്റെ മലയാളം മംഗ്ലീഷായിക്കാണാന്‍ എനിക്കൊട്ടും ആഗ്രഹമില്ല.

രാജ് said...

സിബു, തുര്‍ക്കിയും ഫിലിപ്പീന്‍സുമെല്ലാം ലിപി മാറ്റിയതു കൊണ്ടു അവരുടെ സംസ്കാരം നശിച്ചുവെന്ന്‍ തിരിച്ചറിയണമെങ്കില്‍ തന്നെ നമുക്കു് അവരുടെ ഇടയില്‍ നിന്നൊരു സാഹിത്യകാരനെ വായിക്കേണ്ടി വരും. പാശ്ചാത്യവല്‍ക്കരണം വളരെ അധികമുള്ള രാജ്യങ്ങളാണു് ഇവ രണ്ടും, സാമാന്യജനം അതിന്റെ ഓളത്തില്‍ സംസ്കാരവും ഭാഷയും തകരുന്നതൊന്നും തിരിച്ചറിഞ്ഞെന്നു വരില്ല. പാശ്ചാത്യവല്‍ക്കരണത്തിനെ എതിര്‍ക്കുന്ന സാഹിത്യകാരന്മാരെ തേടിപ്പിടിച്ചാല്‍ സംസ്കാരത്തിന്റെ മൂല്യച്യുതിയെ കുറിച്ചറിയാം. തുര്‍ക്കിയിലൊരു പാമുക് ഉണ്ടു്, ഫിലിപ്പീന്‍സില്‍ ആരെയും കണ്ടില്ല.

K.V Manikantan said...

വര്‍മ്മേ,
തുര്‍ക്കിയിലെ സാംസ്കാരിക വിപ്ലവത്തെ കളിയാക്കരുത്. 85% മുസ്ലീം ഉള്ള രാജ്യം! ഏറ്റവും അന്തസ്സോടെ മതേതരത്വം നടപ്പക്കുന്ന രാജ്യമാണത്.

കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷം മുമ്പ് തുര്‍ക്കിയിലെ പാര്‍ലമെന്റില്‍ ഒരു വനിതാ എം.പി തലയില്‍ തട്ടമിട്ട് വന്നു. പൊതു സ്ഥലങ്ങളില്‍ മതചിഹ്നങ്ങ്നള്‍ നിരോധിച്ച് സ്ഥലമാണ് തുര്‍ക്കി. സ്പീക്കര്‍ ടി എം.പിയെ പുറത്താക്കി.

അതിനുശേഷം ആ എം.പിയെ പറ്റു അന്വേഷണം അഴിച്ചു വിട്ടു. അമേരിക്കന്‍ പൌരത്വം ഉണ്ട് ഈ പെണ്ണിന് എന്ന് മനസിലാക്കിയതും എം.പി സ്ഥാനത്തു നിന്ന് പിരിച്ചു വിട്ടു.

നമ്മുടെ രാജ്യത്തെ മതേതരത്വം എവനും എന്തും മതത്തിന്റെ പേരില്‍ ഏതു നടുറോട്ടിലും ചെയ്യാം എന്നതാണ്.

തുര്‍ക്കി ഈസ് ഫാര്‍ ബെറ്റര്‍.

സിബൂ,
സാഹിത്യകാരന്മാരെ അവഗണിക്കരുതേ! ഇന്ന് നമ്മള്‍ വായിക്കുന്ന പഴയ എന്തും സാഹിത്യം മാത്രമല്ലേ?

മനോരമയിലെ നൂറു വര്‍ഷം മുമ്പ് കണ്ടിട്ടുണ്ടോ?

“വര്‍മ്മ എന്ന ഒരു ബ്ലോഗറുടേതായി ക്കണ്ട നെല്ലിക്ക നാ‍മധേയമുള്ള ഒരു ബ്ലോഗിലെ കമന്റായി സിബുവെന്ന ഒരു ത്രിശ്ശിവപ്പേരൂര്‍ സ്വദേശി സ്വമനസ്സ്സാലേ സുദൃഢമായി ഇട്ട കമന്റില്‍ പറയുന്നതെന്തെന്നാല്‍.....”

ഇങനെ വരും. പരിഷ്ക്കരണം നല്ലതിനു തന്നെ സിബൂ ;)

വിശ്വപ്രഭ viswaprabha said...

പണ്ട് ബാച്ചിയായി താമസിക്കുമ്പോള്‍ വീട്ടില്‍ ആഴ്ച്കയിലൊരിക്കല്‍ ഒരു ഫിലിപ്പിനോക്കാരന്‍ വന്നിരുന്നു അല്ലറചില്ലറ ജോലികളൊക്കെ ഒരു വഴിയ്ക്കാക്കാന്‍. ഏതോ കമ്പനിയിലെ ശിപായിയായി ജോലി ചെയ്യുന്ന അയാള്‍ക്ക് ഇതൊരു സൈഡ് വരുമാനമായിരുന്നു.

ഒരു ദിവസം കാര്യങ്ങളൊക്കെ ചോദിച്ചുവന്നപ്പോള്‍ പറഞ്ഞു, ആള്‍ ഫിലിപ്പൈന്‍സില്‍ ഒരു കോളേജില്‍ തഗാലോഗ് പഠിപ്പിക്കുകയായിരുന്നത്രേ മണല്‍കാട്ടില്‍ വരുന്നതിനു മുന്‍പ്.


അങ്ങേരോടാണ് തഗാലോഗിനെക്കുറിച്ചും ഫില്പ്പൈന്‍സിനെക്കുറിച്ചും പിന്നെ കൂടുതല്‍ ചോദിച്ചറിഞ്ഞത്.

“ആദ്യം സ്പാനിയാര്‍ഡുകളും പിന്നെ ജപ്പാനികളും അതും കഴിഞ്ഞ് അമേരിക്കക്കാരനും ‘പീഡിപ്പിച്ച’തിന്റെ ബാക്കി ശിഷ്ടം വന്ന പിള്ളേരാണു ഞങ്ങളൊക്കെ” എന്നാണ് ബബ്ബോയ് പറഞ്ഞത്. അയാളുടെ പദാനുപദമായുള്ള തര്‍ജ്ജമ ഇവിടെ എഴുതാന്‍ കൊള്ളില്ല. അതുപറയുമ്പോഴത്തെ അയാളുടെ ആത്മരോഷം വര്‍ണ്ണിക്കാനുമാവില്ല.

ബ്രഹ്മി-പല്ലവ-കാവി ലിപികളില്‍ നിന്നും ‘പുഴക്കരെ താമസിക്കുന്ന ജനം (tagá-ílog) സ്വാംശീകരിച്ചതായിരുന്നു തഗാലോഗിന്റെ യഥാര്‍ത്ഥലിപി. (സ്പാനിയാര്‍ഡുകള്‍ക്ക് ഈ ‘പഴഞ്ചന്‍’ ലിപി മാറ്റേണ്ടതാവശ്യമായിരുന്നു. 16-‌ാം നൂറ്റാണ്ടില്‍ അവരങ്ങനെ ചെയ്തുതുടങ്ങിയത് അച്ചടിസൌകര്യം കൂടിയോര്‍ത്തായിരിക്കണം. പക്ഷേ ഒരു ജനതയുടെ മുഴുവന്‍ സാക്ഷരതയും വീര്യവുമാണ് ഒരു നൂറ്റാണ്ടിനകം അവര്‍ കെടുത്തിക്കളഞ്ഞത്.

ഭാഷയുടെ ഉണ്‍മയേയും അപചയങ്ങളേയും അതുമൂലമുണ്ടാകുന്ന സാംസ്കാരികസംക്രമണങ്ങളേയും പറ്റി പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയും സ്വയമേവ എത്തിപ്പെടുന്ന ഒരു പാഠമായി തഗാലോഗും അതുപയോഗിക്കുന്ന ഫിലിപ്പീനികളും ഇന്നു മാറിയിരിക്കുന്നു.

ഈ ചര്‍ച്ച വായിക്കുന്നവരൊക്കെ ദയവായി ഈ പേജു നോക്കണം, വായിക്കണം, വിട്ടുപോകരുത്!
A Philippine Leaf

രാജേഷ് ആർ. വർമ്മ said...

വിശ്വം തന്ന ഗൃഹപാഠം ചെയ്യാത്തതുകൊണ്ടു ക്ലാസു കട്ടു ചെയ്തു മുങ്ങിനടക്കുകയായിരുന്നു. ഇന്നലെ ഇരുന്ന്, അച്ചടിച്ചാല്‍ പത്തിരുപതു പുറമെങ്കിലും വരുന്ന ആ സൈറ്റില്‍ മിക്കതും മനസ്സിരുത്തി വായിച്ചു. ആദ്യം തന്നെ വിശ്വത്തിനു നന്ദി, ഭാഷയെക്കുറിച്ചുള്ള ചില ധാരണകളെ വിശാലമാക്കാനും സാമ്രാജ്യത്വത്തെക്കുറിച്ചു വീണ്ടും ചിന്തിക്കാനും പ്രേരിപ്പിച്ചതിന്‌.

ഫിലിപ്പീന്‍സില്‍ സംഭവിച്ചത്‌

തഗലോഗ്‌ സ്പാനിഷ്‌ ലിപി സ്വീകരിച്ചതാണ്‌ അവരുടെ സാംസ്കാരികമായ അപചയത്തിനു മൂലകാരണമെന്നു വായിച്ചതില്‍ നിന്നു തോന്നിയില്ല. സാംസ്കാരികസാമ്രാജ്യത്വത്തിന്റെയും വിദേശാധിപത്യത്തിന്റെയും ഇവയില്‍ നിന്നുണ്ടായ അധമബോധത്തിന്റെയും അതിജീവനശ്രമത്തിന്റെയും പരിണതഫലമെന്നാണ്‌ (കാരണമെന്നതിനെക്കാള്‍) ലിപിമാറ്റത്തെ കാണാന്‍ കഴിഞ്ഞത്‌.

വിയറ്റ്‌നാമിലും ഇന്‍ഡോനേഷ്യയിലും മലേഷ്യയിലും റോമന്‍ ലിപി സ്വീകരിച്ചിട്ടുണ്ട്‌. അത്‌ അവരുടെ സാംസ്കാരികമായ അപചയത്തിന്റെ മൂലകാരണമായി പറഞ്ഞു കേട്ടിട്ടില്ല. ഇതെപ്പറ്റി വളരെക്കുറച്ചേ വായിക്കാന്‍ കഴിഞ്ഞുള്ളൂ, സമയക്കുറവുമൂലം. വിയറ്റ്‌നാമിലെ എഴുത്തിനെക്കുറിച്ചു വിക്കിയില്‍ പറഞ്ഞിരിക്കുന്നതില്‍ ചൈനീസ്‌ ലിപിയില്‍ നിന്നുള്ള മാറ്റം സാക്ഷരത ഉയര്‍ന്നതിനുള്ള കാരണമായി പറഞ്ഞിരിക്കുന്നു. തുര്‍ക്കിയിലേതുപോലെ വേറെയും കാരണങ്ങളുണ്ടായിരിക്കാം. ഈ സംസ്കാരങ്ങളില്‍ ജീര്‍ണ്ണത സംഭവിച്ചോ, ഉവ്വെങ്കില്‍ കാരണം ലിപിമാറ്റമായിരുന്നോ എന്നത്‌ എന്നെ സംബന്ധിച്ചേടത്തോളം എം.ടി.യുടെ ഉദ്ധരണി വായിക്കുന്നതിനു മുന്‍പെന്നതുപോലെ ഇപ്പോഴും അവ്യക്തമായി അവശേഷിക്കുന്നു.

സിബു ചൂണ്ടിക്കാണിച്ചതുപോലെ ഇവ ലിപിവ്യവസ്ഥയെത്തന്നെ മാറ്റിമറിക്കുന്ന മാറ്റങ്ങളായിരുന്നു. അവയുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമെന്നു പറയാവുന്ന മലയാളത്തിലെ ലിപി പരിഷ്കരണം മലയാളത്തിനു വിപത്കരമായ ഒരു നടപടിയായിരുന്നോ? എനിക്കാ അഭിപ്രായമില്ല. എന്റെ അഭിപ്രായം, മുമ്പു പറഞ്ഞതുപോലെ പഠനങ്ങളെ ആസ്പദമാക്കിയുള്ളതല്ല, വെറുമൊരു തോന്നല്‍ മാത്രം.

ഇതിനു പുറമെ അഭിപ്രായങ്ങളില്‍ നിന്നു മറ്റു പല ഉപവിഷയങ്ങളും ഉയര്‍ന്നു വന്നു. ഒന്നിലേക്കും ആഴത്തില്‍ കടക്കാന്‍ തുനിയുന്നില്ല. സമയക്കുറവുകൊണ്ടും അറിവുകുറവു കൊണ്ടും. ഓരോ വാചകങ്ങള്‍ പറഞ്ഞു നിര്‍ത്താം.

തുര്‍ക്കിയിലെ മതേതരത്വത്തെപ്പറ്റി
ചന്ദനക്കുറിയും തട്ടവും കുരിശുമാലയും ധരിച്ചു പുറത്തിറങ്ങാവുന്ന ഇന്ത്യയിലെയും അമേരിക്കയിലെയും മതേതരത്വമാണു സങ്കുചിതാ എനിക്കു തുര്‍ക്കിയിലെ മതേതരത്വത്തെക്കാളിഷ്ടം.

ഭാഷയിലെ സാമാന്യവല്‍ക്കരണത്തെപ്പറ്റി

ഭാഷയുടെ ആദിപാപമാണു സാമാന്യവല്‍ക്കരണമെങ്കിലും സ്വല്‍പം ശ്രദ്ധിച്ചാല്‍ വിഷമഫലങ്ങള്‍ കുറയ്ക്കാമെന്നു തോന്നുന്നു.

മലയാളത്തില്‍ സാഹിത്യകാരന്മാരുടെ പങ്കിനെപ്പറ്റി
സാഹിത്യകാരന്മാരൂം രാഷ്ട്രീയക്കാരുമൊഴിച്ചു മിക്കവരും തൊഴില്‍ ഭാഷയെന്ന നിലയില്‍ മലയാളത്തെ കൈവിട്ട സ്ഥിതിയ്ക്ക്‌ മലയാളത്തെപ്പറ്റി പറയുമ്പോള്‍ ഈ രണ്ടു കൂട്ടര്‍ക്കു പ്രാധാന്യം കൈവരുന്നതു സ്വാഭാവികം.

സിബു, വിശ്വം, പെരിങ്ങോടന്‍, സങ്കുചിതന്‍, നന്ദി.

Anonymous said...

സംസ്കൃതം എന്ന വാക്കിന്റെ നാനാർഥങ്ങളിൽ ഹിന്ദുവർഗ്ഗീയത എന്നുകൂടി കൂട്ടിവായിച്ചു ശീലമുള്ള മലയാളികളിലാരും എന്തു കൊണ്ടാണ് ഫിലിപൈൻസിൽ നടന്ന അതിക്രൂരവും സമർഥവുമായ മതപരിവർത്തനത്തെപ്പറ്റി ഒന്നും മിണ്ടാത്തത്?
ഇനി അവിടത്തെ ഒരു വി.എച്.പി പുന:പരിവർത്തനത്തിനു ഒരുങ്ങുമ്പോഴെ അതു ചർച്ചാവിഷയമാകൂ എന്നുണ്ടോ?

രാജേഷ് ആർ. വർമ്മ said...

അനോണി,

എങ്ങനെ എങ്ങനെ എങ്ങനെ? സ്വന്തം നാട്ടിലും സ്വന്തം കാലത്തിലും നടക്കുന്ന നെറികേടുകളെക്കുറിച്ചു സംസാരിക്കുന്നവരെല്ലാം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മറ്റു കാലങ്ങളിലും നടന്ന നെറികേടുകളെക്കുറിച്ചെല്ലാം പ്രതിഷേധിച്ചിട്ടു വന്നാലേ ശരിയാകൂ എന്നോ?

അതോ His Story is more important than history എന്നൊക്കെ തട്ടിവിടുന്നത് അവനവന്റെ ദൈവങ്ങൾക്കു മാത്രമേ ബാധകമാകൂ എന്നോ?