Monday, September 24, 2007

ഭുവനേശ്വര്‍

 
2007 സെപ്റ്റംബര്‍ 16ന്റെ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചു.
മഴക്കാറു നിറഞ്ഞ ഒരു വരണ്ട രാത്രിയ്ക്കു താഴെക്കൂടി ഒരു തീവണ്ടി അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. അങ്ങിങ്ങായി പാറക്കെട്ടുകള്‍ ഉയര്‍ന്നുനിന്ന തരിശുഭൂമികള്‍ക്കു നടുവിലൂടെ, ദിവസങ്ങള്‍ നീണ്ടുനിന്ന യാത്രയ്ക്കുവേണ്ടി ഒരുമിച്ച ഒരാള്‍ക്കൂട്ടത്തെ ലോഹപ്പെട്ടികളിലടച്ചു പേറിക്കൊണ്ടു തീവണ്ടിയോടി. അതില്‍ വിജയന്‍ എന്നു പേരായ ഇരുപതു വയസ്സുകാരനായ ഒരു യുവാവുമുണ്ടായിരുന്നു. അയാള്‍ ഈയിടെക്കഴിഞ്ഞ തന്റെ പരീക്ഷകളെക്കുറിച്ചും നാട്ടിലെ സുഹൃത്തുക്കളെക്കുറിച്ചും ഭുവനേശ്വറില്‍ തന്റെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാനിരിക്കുന്ന വരുംകൊല്ലങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ട്‌ മുകളിലൊരു ബെര്‍ത്തില്‍ കിടന്ന് ഉറക്കമായി. 

തെളിഞ്ഞ നീലവെള്ളം പോലെ തന്റെ മേല്‍ ഓളം വെട്ടുന്ന നിദ്രയിലാണ്ടു വിജയന്‍ കിടക്കുമ്പോള്‍, ആകാശത്തു കാറൊഴിഞ്ഞതും നിലാവു വഴിഞ്ഞതും അയാളറിഞ്ഞില്ല. ട്രെയിനിന്റെ മേല്‍ക്കൂര ആകാശം മറച്ച്‌ വിജയന്റെ മേല്‍ കാവല്‍ നിന്നു. പടര്‍ന്നു പന്തലിച്ച ഒറ്റമരങ്ങള്‍ക്കു താഴെ, വള്ളിച്ചെടികള്‍ പടര്‍ത്തിയ കാവല്‍മാടങ്ങള്‍ക്കു പുറത്ത്‌, വര്‍ണ്ണവിളക്കുകള്‍ വീശി കാവല്‍ക്കാര്‍ ലെവല്‍ക്രോസിങ്ങുകളിലൂടെ തീവണ്ടിയെ നയിച്ചു. നിലാവിന്റെ സ്പര്‍ശനത്താല്‍ വെള്ളിയായി മാറിയ പാടശേഖരങ്ങള്‍ക്കു നടുവിലൂടെ, നിരയായി നിന്ന മരങ്ങള്‍ക്കുതാഴെ ഇരുട്ടില്‍ മുങ്ങിക്കിടന്ന കൊച്ചു തീവണ്ടിയാപ്പീസുകളിലൂടെ, പിണഞ്ഞുചേരുകയും പിളര്‍ന്നകലുകയും ചെയ്ത പാളങ്ങളില്‍ തീവണ്ടിയോടി. അപ്പോള്‍ നിശാദീപങ്ങളുടെ ഒരു നഗരം, ഉറങ്ങുന്നവരുടെ ആ വണ്ടിയെ ഇരുട്ടിലൊഴുകുന്ന ഒരു യാനപാത്രത്തെയെന്നപോലെ സമീപിച്ചു. 

ചലനമറ്റു നിന്നു കിതച്ച തീവണ്ടിയ്ക്കുപുറത്തുനിന്ന് തടാകത്തിനടിയിലേക്കു വെള്ളത്തിനു പുറത്തുനിന്നെന്നപോലെ സ്റ്റേഷന്റെ മുഴങ്ങുന്ന ഒച്ചകള്‍ വിജയന്റെ ഉറക്കത്തിലേക്കു കടന്നുവന്നു. ഭുവനേശ്വര്‍ എന്ന വാക്ക്‌ അയാളെ ഉണര്‍ത്തി. വാരിയെടുത്ത സഞ്ചികളുമായി തിരക്കിട്ടു പുറത്തു കടന്ന അയാളെ അച്ഛന്‍ ആശ്ലേഷിച്ചു കൂട്ടിക്കൊണ്ടുപോയി. വീണ്ടും വീണ്ടും പരസ്പരം ഛേദിക്കുന്ന തെരുവുകളിലൂടെയോടിയ കാറില്‍, വര്‍ണ്ണങ്ങളും വെളിച്ചങ്ങളും ആള്‍ത്തിരക്കും വാഹനങ്ങളും വഴിവാണിഭവും ചുഴികുത്തിയ തെരുവുകള്‍ കടന്ന് അവര്‍ വീട്ടിലേക്കുപോയി.

മുപ്പതുവര്‍ഷത്തോളം വിജയന്‍ ആ വീട്ടില്‍ പാര്‍ത്തു. അയാള്‍ ജോലിചെയ്യുകയും വിവാഹിതനാവുകയും കുട്ടികളെ വളര്‍ത്തുകയും സുഹൃത്തുക്കളെ നേടുകയും മാതാപിതാക്കളെ ശുശ്രൂഷിക്കുകയും ചെയ്തു. 

തന്റെ അമ്പതാം വയസ്സിലൊരിക്കല്‍ ഒരു ശിശിരകാലരാത്രിയില്‍ തന്റെ മകനെ ഒരു ദൂരയാത്രയ്ക്കയക്കാന്‍ അതേ വഴികളിലൂടെ കാറോടിച്ച്‌ വിജയന്‍ തീവണ്ടിയാപ്പീസിലേക്കു വന്നു. ജനശൂന്യമായ സ്റ്റേഷനില്‍ വൈകിവന്ന വണ്ടി അയാളുടെ മകനെയും കൊണ്ടു പോയി. നേരിയ മൂടല്‍മഞ്ഞുള്ള രാത്രിയ്ക്കുതാഴെത്തിളങ്ങിയ പാളങ്ങള്‍ മുറിച്ചുകടന്ന് പുറത്തേക്കു നടക്കുമ്പോള്‍ സ്റ്റേഷന്റെ പേരെഴുതിയ വലിയ മഞ്ഞബോര്‍ഡ്‌ അയാളുടെ കണ്ണില്‍പ്പെട്ടു. അതിലെഴുതിയിരുന്നത്‌ ഭുവനേശ്വര്‍ എന്നായിരുന്നില്ലെന്ന് വിജയന്‍ ഒരു നടുക്കത്തോടെ കണ്ടു. കനത്തുതുടങ്ങിയിരുന്ന പുകമഞ്ഞിലൂടെ അയാള്‍ ബോര്‍ഡിനെ സമീപിച്ചു. ദൂരത്തുനിന്നു പരിചിതമെന്നു തോന്നിച്ചിട്ടും വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കെട്ടുപിണഞ്ഞും വിണ്ടടര്‍ന്നും രൂപം മാറിയ ഏതോ അജ്ഞാതലിപികളുടെ ചുറ്റുകളും കുനിപ്പുകളും കൊണ്ടാണ്‌ സ്റ്റേഷന്റെ പേരെഴുതിയിരുന്നതെന്ന് അയാള്‍ കണ്ടു. പലയാത്രകളിലും ഇതിലെ കടന്നുപോയിരുന്നിട്ടും താനെന്തുകൊണ്ട്‌ ഇതു തിരിച്ചറിഞ്ഞില്ല എന്ന് അയാള്‍ പകച്ചു. വിദ്യാഭ്യാസത്തിനുശേഷം നാട്ടില്‍ നിന്നു താന്‍ നടത്തിയ ആ തീവണ്ടിയാത്ര അയാള്‍ ഓര്‍മ്മിച്ചു. അന്നു താനിറങ്ങിയത്‌ ഭുവനേശ്വറിലായിരുന്നില്ല. തന്റെ വീട്ടിലും തന്റെ ബന്ധുജനങ്ങളോടൊപ്പവുമായിരുന്നില്ല ഇത്രനാള്‍ താന്‍ പാര്‍ത്തത്‌. ഉല്‍ക്കര്‍ഷേച്ഛയും സ്ഥിരോത്സാഹവും കൃതകൃത്യതയും സമ്പന്നമാക്കിയ തന്റെ മുപ്പതാണ്ടത്തെ ജീവിതത്തെപ്പറ്റി വിജയന്‍ ചിന്തിച്ചു. തുടക്കത്തില്‍ത്തന്നെ പിഴച്ചുപോയ നീണ്ടൊരു വഴിക്കണക്കായിരുന്നു അത്‌.

അപ്പോള്‍ മൂടല്‍മഞ്ഞില്‍നിന്ന്, കോലാഹലങ്ങളൊന്നുമില്ലാതെ ഒരു തീവണ്ടി സ്റ്റേഷനിലെത്തി. ഇറങ്ങാനും കയറാനും ആരുമില്ലാത്ത ആ വണ്ടിയ്ക്കുനേരെ വിജയന്‍ തിടുക്കത്തില്‍ നടന്നു. തുറന്നിരുന്ന വാതിലുകളിലൊന്നിനെ സമീപിച്ച്‌ അകത്തെ മങ്ങിയ ഇരുട്ടിലേക്കു നോക്കി അയാള്‍ ചോദിച്ചു: 
"ഈ വണ്ടി ഭുവനേശ്വറിലേക്കു പോകുമോ?" വാതിലിനരികെയുള്ള ഇരിപ്പിടത്തിലിരുന്ന കറുത്ത കോട്ടിട്ട രൂപം തളര്‍ന്ന വൃദ്ധശബ്ദത്തില്‍ പറഞ്ഞു: 
"ഉവ്വ്‌, കയറിക്കോളൂ." 

Sunday, September 16, 2007

ഗലേ ലഗാ ലേ



വളിപ്പിന്റെ കേദാരത്തില്‍ ഒരു ചേരിചേരാസമ്മേളനത്തിലെ ഒരാലിംഗനത്തിന്റെ കഥ പറഞ്ഞിട്ടുണ്ട്‌. -ടി- സമ്മേളനത്തിലെ സഖാവിന്റെയും ഇന്ദിരേടത്തിയുടെയും -ടി- ആലിംഗനത്തിന്റെ പടം മുന്‍പേജില്‍ പത്രങ്ങളിലെല്ലാം അച്ചടിച്ചുവന്നതിന്റെ അടുത്താഴ്ച കേസരി ഇറങ്ങിയപ്പോള്‍ ഭാരതസംസ്കാരത്തിനു വിരുദ്ധമായ ഈ നടപടിയെ മുക്തകണ്ഠം അപലപിച്ചിട്ടുണ്ടായിരുന്നു. കാസ്ട്രോയെ കാസ്ട്രേറ്റ്‌ ചെയ്യണമെന്നതില്‍ കുറഞ്ഞെല്ലാം പറഞ്ഞുവെച്ചിരുന്നു. ഒട്ടുനാള്‍ കഴിഞ്ഞ്‌ ബാബ്‌റി മസ്ജിദ്‌ പൊളിച്ചിട്ട സമയത്ത്‌ മറ്റൊരു പടം പലയിടത്തും അച്ചടിച്ചുകണ്ടിരുന്നു. എല്‍. കെ. അഡ്വാനിയും ഉമാ ഭാരതിയും മസ്ജിദ്‌ തകര്‍ന്നുവീഴുന്നതിന്റെ ആനന്ദം ഒരാലിംഗനം കൊണ്ടു പങ്കുവെയ്ക്കുന്നതിന്റേത്‌. അതെപ്പറ്റി കേസരി എന്താണു പറഞ്ഞിരുന്നതെന്നറിഞ്ഞുകൂടാ.

മലയാളിയുടെ ആലിംഗനവിരുദ്ധത ഒരു സമീപകാല പ്രതിഭാസമായിരിക്കുമോ? അല്ലെങ്കില്‍ കെട്ടിപ്പിടിത്തത്തിന്‌ ഇത്രയേറെ വാക്കുകള്‍ നമ്മുടെ ഭാഷയില്‍ എങ്ങനെയുണ്ടായി? കെട്ടിപ്പിടിക്കുക, പുണരുക, പുല്‍കുക, പൂണുക, മാറോടണയ്ക്കുക, മാറുചേര്‍ക്കുക, ആശ്ലേഷിക്കുക, പരിരംഭണം ചെയ്യുക എന്നീ ശബ്ദങ്ങളെല്ലാം അച്ചിമാരുമായി നടത്തുന്ന ബാഹ്യലീലയെ കുറിയ്ക്കാന്‍ മാത്രമായിരിക്കുമോ ഉപയോഗിച്ചിരുന്നത്‌?

പാശ്ചാത്യസംസ്ക്കാരത്തിന്റെ അവിഭാജ്യഘടകമെന്നു നാം കരുതിയിരിക്കുന്ന ആലിംഗനം അമേരിക്കയില്‍ ആണുങ്ങള്‍ തമ്മില്‍ പ്രയോഗിച്ചു കാണ്ടിട്ടില്ല. എന്നല്ല, ഹ്രസ്വമായ ഒരു ഹസ്തദാനത്തിനപ്പുറത്ത്‌ മേലുതൊട്ടുള്ള ഒരു കളിയും ആണുങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. പൊതുവെ കൈകോര്‍ത്തും തോളത്തു കൈയിട്ടും നടക്കാനിഷ്ടപ്പെടുന്ന മലയാളി ആണുങ്ങള്‍ പോലും അമേരിക്കയിലെത്തിയാല്‍ വൈകാതെ "കുണ്ടന്മാരാണെന്നു വിചാരിച്ചാലോ" എന്നു ഭയന്ന് പരസ്പരം തൊടാതെ നടക്കുന്നതു കാണാം. ആണുങ്ങള്‍ തമ്മിലുള്ള ആലിംഗനത്തിനു സാമൂഹ്യാംഗീകാരമില്ലാത്തതിന്റെ ഫലമാണ്‌ കെട്ടിമറിയലും പൂണ്ടടക്കം പിടിക്കലും ഒക്കെ കലര്‍ന്ന അമേരിക്കന്‍ ഫുട്ബോളിന്റെ ജനപ്രിയതയ്ക്കു കാരണമെന്നും ഒരു തിയറി കേട്ടിട്ടുണ്ട്‌.

പ്രായപൂര്‍ത്തിയായ ആണ്മക്കളെയൊക്കെ കെട്ടിപ്പിടിക്കേണ്ടിവരുന്ന അമേരിക്കന്‍ അച്ഛന്മാര്‍ ഇടത്തെ തോളിന്റെ മുകളിലും വലത്തെ തോളിന്റെ മുകളിലും താടിവെച്ച്‌ അതു നടത്തും. എല്ലാം മിന്നല്‍വേഗത്തില്‍ കഴിയും. ആലിംഗനം നിലവിലില്ലെന്നു പറയുന്ന കേരളത്തിലെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ ഇതേ മാതൃകയിലുള്ള ആലിംഗനം പലതവണ കണ്ടിട്ടുണ്ട്‌. പാശ്ചാത്യസംസ്കാരത്തിന്റെ പ്രതിനിധികളെന്ന് വേഷവിധാനം കൊണ്ടും മറ്റും തോന്നിക്കുന്ന (കോര്‍ഡ്രോയ്‌ ജീന്‍സ്‌!), അപ്പനമ്മമക്കളെപ്പോലെ തോന്നിക്കുന്നവര്‍ തമ്മില്‍. കേരളത്തിലെ പാശ്ചാത്യസംസ്കാരത്തിന്റെ കളിത്തൊട്ടിലായ തങ്കശ്ശേരിയുടെ സാമീപ്യമാണോ കാരണം എന്നറിഞ്ഞുകൂടാ. അതു ധൃതരാഷ്ട്രാലിംഗനമായിരുന്നില്ലെന്ന് എങ്ങനെയറിയാം എന്നൊന്നും ചോദിക്കാനും പാടില്ല.

മലയാളിയുടെ ആലിംഗനമില്ലായ്മയില്‍ നിന്നുണ്ടാകുന്ന ആന്തരികശൂന്യതയായിരിക്കുമോ ദ ഹഗ്ഗിങ്ങ്‌ സെയിന്റ്‌ മലയാളിമനസ്സിനെ ഉറുപ്പടക്കം പിടിച്ചിരിക്കുന്നതിനു കാരണം? മാറത്തെ വിയര്‍പ്പുവെള്ളം കൊണ്ടുനാറും സതീര്‍ത്ഥ്യനെ മാറത്തുണ്മയോടു ചേര്‍ത്തു ഗാഢം പുണര്‍ന്ന ദൈവത്തിനെത്തന്നെ ആരാധിക്കുന്നവരല്ലേ മറ്റിന്ത്യക്കാരെപ്പോലെ മലയാളിയും?

പണ്ട്‌ ആകാശവാണിയില്‍ രാവിലെ കേട്ട ഒരു സുഭാഷിതശ്ലോകത്തിന്റെ രണ്ടാം പകുതി മാത്രം ഓര്‍മ്മയുണ്ട്‌: യേനൈവാലിംഗതേ കാന്താ/യേനൈവാലിംഗതേ സുതാ. ശ്ലോകത്തിന്റെ ആശയം ഇങ്ങനെയായിരുന്നു എന്നോര്‍മ്മ: മനസ്സാണ്‌ പ്രവൃത്തികളുടെ വാസ്തവത്തിലുള്ള അര്‍ത്ഥം നിശ്ചയിക്കുന്നത്‌. ഭാര്യയെ പുണരുന്നതുപോലെയല്ലല്ലോ മകളെ പുണരുന്നത്‌. ഭാര്യയെയും മകളെയും തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമൂഹമായിക്കഴിഞ്ഞിരിക്കുന്നതു കൊണ്ടാണോ നമ്മള്‍ മക്കളെപ്പോലും കെട്ടിപ്പിടിക്കാന്‍ മടിച്ചുനില്‍ക്കുന്നത്‌?

...എന്നെല്ലാം ചിന്തിച്ചു കഴിയുമ്പോഴും ഒരു ചിന്ത ബാക്കിയാവുന്നു: പാശ്ചാത്യര്‍ എന്തുകൊണ്ടായിരിക്കാം ആരെയും കാലില്‍ വീണു വണങ്ങാത്തത്‌?

<< മറ്റു മനോധര്‍മ്മം