Tuesday, August 15, 2006

സ്വാതന്ത്ര്യദിനസ്മരണകള്‍

പോര്‍ട്‌ലന്‍ഡില്‍ വെച്ച്‌ 2003 ഓഗസ്റ്റ്‌ 15-ന്‌ നടന്ന ഒരു വിധിനിര്‍ണ്ണായകമായ അക്ഷരശ്ലോകസദസ്സിനെത്തുടര്‍ന്നാണ്‌ ഞാന്‍ ഒരു ശ്ലോകരോഗിയായി മാറിയത്‌. ഇതില്‍ ഒരു പ്രമുഖബ്ലോഗര്‍ക്ക്‌ വലിയ പങ്കുണ്ട്‌. ആ രഹസ്യം വെളിപ്പെടുത്താനും ആ ബ്ലോഗറെപ്പറ്റി മാന്യവായനക്കാര്‍ക്കു മുന്നറിയിപ്പുതരാനും ഈ മൂന്നാം വാര്‍ഷികദിനം ഉപയോഗിച്ചുകൊള്ളട്ടെ.

പുണ്യഭൂമിയായ തിരുവല്ലയില്‍ പുണ്യശ്ലോകികളില്ലാതിരുന്നതു കൊണ്ട്‌ ഞാന്‍ ഒരിക്കലും ശ്ലോകത്തിന്റെ സ്വാധീനവലയത്തില്‍ പെട്ടില്ല. ബാലതാരമായിരുന്ന ഒരു അക്ഷരശ്ലോകക്കാരിയെ കല്യാണം കഴിച്ചെങ്കിലും ആ വനിത, ആ ഗൃഹലക്ഷ്മി, ആ മഹിളാരത്നം എന്നോടു കനിവുതോന്നി എന്നെ ശ്ലോകങ്ങള്‍ക്ക്‌ അടിമയാക്കിയില്ല. ഞാന്‍ ഷിക്കാഗോയിലായിരുന്നപ്പോള്‍ അവിടെ ആള്‍ക്കാരെ ശ്ലോകം ചൊല്ലിക്കേള്‍പ്പിക്കുന്ന ഒരാള്‍ വരുന്നു എന്നുകേട്ട്‌ ഞാന്‍ വേഗം തന്നെ അവിടം വിട്ടു പോര്‍ട്‌ലന്‍ഡിലേക്കു പോന്നു. അവിടെയുള്ള ആളുകള്‍ വേഗം തന്നെ ആപത്തു തിരിച്ചറിഞ്ഞ്‌ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും ഷിക്കാഗോയില്‍ ഇരകള്‍ കിട്ടാതെ വരികയും ചെയ്തതിനെത്തുടര്‍ന്ന് ഇദ്ദേഹവും പോര്‍ട്‌ലന്‍ഡിലേക്കു വരികയുമാണുണ്ടായത്‌. വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും!

ഇവിടെ ഇദ്ദേഹം വന്ന് രണ്ടുമൂന്നു വര്‍ഷത്തോളം അദ്ദേഹത്തില്‍ നിന്നു രക്ഷപെട്ടുജീവിക്കാന്‍ സൂക്ഷ്മതമൂലം എനിക്കു കഴിഞ്ഞു. എന്നാല്‍, ഇന്നേക്കു മൂന്നുവര്‍ഷം മുന്‍പ്‌, ആ ദുര്‍ദ്ദിനത്തില്‍ വൃത്തത്തില്‍ ചതുരനായ ഇദ്ദേഹം എന്നെ പിടികൂടിയ സംഭവം ഇന്നും എനിക്ക്‌ ഒരു നടുക്കത്തോടുകൂടിയേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഓഫീസില്‍ ഞാന്‍ കര്‍മ്മനിരതനായിരിക്കുന്ന വേളകളില്‍ ഫോണില്‍ വിളിച്ച്‌, വൃത്തം, അലങ്കാരം, ഭാഷാചരിത്രം, വ്യാകരണം, സംസ്കൃതം തുടങ്ങിയ മേഖലകളിലെ വിവരങ്ങള്‍ എന്റെ മേല്‍ അടിച്ചേല്‍പിക്കുക, എനിക്ക്‌ പഠിയ്ക്കാനായി ശ്ലോകങ്ങള്‍ എഴുത്തിത്തരിക, അവ കൃത്യസമയത്ത്‌ പഠിക്കാതിരുന്നാല്‍ എന്നെ ശാരീരികമായി ഉപദ്രവിക്കുക, മാനസികമായി തളര്‍ത്തുക എന്നിങ്ങനെ വിവരണാതീതമായ ദുരിതങ്ങളാണ്‌ എനിക്കു സഹിക്കേണ്ടിവന്നത്‌. എന്തിനേറെ പറയുന്നു? ഞാനും ഒരു ശ്ലോകരോഗിയായി എന്നതായിരുന്നു പരിണതഫലം.

എന്നെ സ്വാധീനിച്ചു കഴിഞ്ഞ ഇദ്ദേഹം ഇന്റര്‍നെറ്റ്‌ എന്ന മാരകായുധം ഉപയോഗിച്ച്‌ ഒരു അക്ഷരശ്ലോകഗ്രൂപ്പ്‌ തുടങ്ങുകയും നിരപരാധികളായ പലരും അതില്‍ വീഴുകയുമുണ്ടായി. അതുകൊണ്ടും നിര്‍ത്താതെ ബ്ലോഗ്‌, വിക്കിപീഡിയ തുടങ്ങിയ പുതിയ മാധ്യങ്ങളുപയോഗിച്ച്‌ ഇദ്ദേഹം തന്റെ ദൂഷിതവലയം വിശാലമാക്കുകയും അതില്‍ നിഷ്കളങ്കരായ പലരും ചെന്നുപെട്ട്‌ 'ഊനകാകളി', 'സ്വാഗത' എന്നൊക്കെ പറഞ്ഞു നടക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ഇതിനു നിശ്ശബ്ദസാക്ഷിയായിരിക്കാന്‍ ഇനി എനിക്കു കഴിയില്ല എന്നു ഞാന്‍ തീരുമാനിച്ചതിന്റെ ഫലമാണ്‌ ഈ കുറിപ്പ്‌. ഒരു ഗുരുവായി അറിയപ്പെടുക എന്നതാണ്‌ ഇദ്ദേഹത്തിന്റെ ചിരകാലാഭിലാഷം. ഈ ഗൂഢോദ്ദേശ്യത്തോടെയാണ്‌ ഇദ്ദേഹം തന്റെ ബ്ലോഗിന്‌ 'ഗുരുകുലം' എന്ന്‌ പേരുകൊടുത്തിരിക്കുന്നത്‌.

ഇദ്ദേഹത്തിന്റെ ഇരകളില്‍ താരതമ്യേന ഭാഗ്യശാലിയായ ഞാന്‍ ശ്ലോകത്തില്‍ ഒതുങ്ങിനിന്നെങ്കില്‍, ബ്ലോഗില്‍ ഗണിതം, ജ്യോതിശ്ശാസ്ത്രം, റഷ്യന്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌ തുടങ്ങിയ പല പീഡനമുറകളും അദ്ദേഹം ഒരുക്കിവെച്ചിട്ടുണ്ട്‌. ഇതിലൊക്കെ ചെന്നുപെട്ടാല്‍ ജീവിതം തന്നെ തുലയുമെന്നും എന്നെപ്പോലെ വിവര്‍ത്തനവും മറ്റുമായി ജീവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പു തന്നുകൊണ്ട്‌, ഈ സ്വാതന്ത്ര്യദിനം നിങ്ങള്‍ക്ക്‌ അടിമത്തത്തില്‍ നിന്നുള്ള ശാശ്വതസ്വാതന്ത്ര്യത്തിന്റേതാകട്ടെ എന്നാശംസിച്ചുകൊണ്ട്‌ ഉപസംഹരിക്കട്ടെ.

ജയ്‌ഹിന്ദ്‌!

<< എന്റെ മറ്റു മനോഗതങ്ങള്‍
Post a Comment