Saturday, January 21, 2006

നരിച്ചീറുകള്‍

നരിച്ചീറുകള്‍

മരണം ഒരു നരിച്ചീറിനെപ്പോലെ ആ വലിയ കെട്ടിടത്തിനു മുകളില്‍ തലകീഴായി തൂങ്ങിനിന്നിരുന്നു. ആ വീടിന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഭാഗം വെച്ചു പിരിഞ്ഞ തറവാട്‌.

വഴിനടക്കാര്‍ക്ക്‌ ഇന്നലെ കണ്ടതില്‍ നിന്നും ആ കെട്ടിടത്തിനെന്തെങ്കിലും മാറ്റമുള്ളതായി തോന്നുകയില്ല. പക്ഷേ, നരിച്ചീറുകള്‍ ആ കാര്യം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അവ ഉച്ചത്തില്‍ ചിലച്ചുകൊണ്ട്‌ ആ കെട്ടിടത്തിലാകെ പറന്നു നടന്നു. അവയുടെ ചിറകടി ശബ്ദം ഇരുണ്ടമൂലകളില്‍ത്തട്ടി പ്രതിദ്ധ്വനിച്ചു.

അയാള്‍ കൊട്ടത്തളത്തില്‍ നിന്നു വാതിലിലിലൂടെ കിണറ്റിനുള്ളിലേക്കു നോക്കുകയായിരുന്നു. കിണറ്റിനുള്ളില്‍ വളര്‍ന്നു നിന്ന തൊണ്ടികള്‍ക്കും പന്നല്‍ച്ചെടികള്‍ക്കുമിടയിലൂടെ അയാളുടെ രൂപം വെള്ളത്തില്‍ കാണപ്പെട്ടു. അതു മേലോട്ടു നോക്കുകയായിരുന്നു, മറവുകള്‍ക്കിടയിലൂടെ. അയാള്‍ അകത്തേക്കു വലിഞ്ഞു, കതകടച്ചു സാക്ഷയിട്ടു.

അഴികള്‍ക്കിടയിലൂടെ പ്രകാശം എന്നിട്ടും അടുക്കളയ്ക്കകത്തു കടന്നുകൊണ്ടിരുന്നു. മൂലയില്‍ ഒതുങ്ങിയ അരകല്ലും ആട്ടുകല്ലുമൊഴിച്ചാല്‍ അടുക്കള ശൂന്യമായിരുന്നു. വര്‍ഷങ്ങളുടെ പൊടിവീണ്‌ തറയില്‍ അടിഞ്ഞുകൂടിക്കിടന്നു. തീയെരിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ അടുപ്പിനു സമീപം പകുതികത്തിയ വിറകുകൊള്ളി കിടക്കുന്നു; ചിതല്‍കൊണ്ടു മൂടി.

അയാള്‍ അടുക്കളയില്‍ നിന്നിറങ്ങി. വാതിലടച്ചു. വാതിലടച്ചപ്പോള്‍ അകത്തു പെട്ടെന്നു പാത്രങ്ങള്‍ കലമ്പിയതു പോലെ തോന്നി. അയാള്‍ വീണ്ടും തുറന്നു. അഴികള്‍ക്കിടയിലൂടെ കടന്നുവന്ന വിളറിയ പ്രകാശത്തില്‍ അടുക്കള നിശ്ചലമായിക്കിടന്നു. അയാള്‍ വീണ്ടും വാതിലടച്ചു. വലിയ തടിക്കതക്‌ അടഞ്ഞപ്പോള്‍ തുരുമ്പിച്ച വിജാഗിരികള്‍ ഞരങ്ങി. അയാള്‍ താക്കോല്‍ക്കൂട്ടമെടുത്ത്‌ പൂട്ടില്‍ക്കടത്തി തിരിച്ചു. പൂട്ടുവീണു.
അയാള്‍ ചുറ്റും നോക്കി. നരിച്ചീറിന്റെ കാഷ്ഠം അടിഞ്ഞുകൂടിക്കിടന്ന നാലുകെട്ടില്‍ അന്നുരാവിലെയുണ്ടായ കാല്‍പാടുകള്‍ തെളിഞ്ഞുകണ്ടു. ഉത്തരത്തില്‍ത്തൂക്കിയ ഭസ്മക്കൊട്ട നിശ്ചലമായിരുന്നു. ചിലന്തിവലകൊണ്ട്‌ അതിന്റെ മുഖം മൂടിക്കിടന്നിരുന്നു. നടുമുറ്റത്തെ തുളസിത്തറയില്‍ എന്നോ മരിച്ചുപോയ ഒരു കൃഷ്ണതുളസിയുടെ അസ്ഥിപഞ്ജരം. ചുറ്റും കാട്ടുതുളസികള്‍ വളര്‍ന്നു നില്‍ക്കുന്നു.

അയാള്‍ പൂട്ടില്‍ നിന്നു താക്കോലെടുത്തു. വാതില്‍ തള്ളിനോക്കി, തുറന്നു പോയില്ല. പാരമ്പര്യത്തിന്റെ ബലമുള്ള പൂട്ട്‌. അറവാതില്‍ക്കല്‍ക്കൂടി കടന്നുപോയപ്പോള്‍ എന്നോ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭഗവതിയുടെ സ്മരണയില്‍ അയാള്‍ കണ്ണുപൂട്ടി. അറവാതില്‍ പൂട്ടിക്കിടക്കുകയായിരുന്നു. അറപ്പടിയില്‍ തുരുമ്പിച്ച ഒരു വാള്‍ ആരോ തലകീഴായി ചാരിവച്ചിരിക്കുന്നു. അറയ്ക്കകത്ത്‌ അഞ്ചായി വിഭജിക്കപ്പെട്ട ചെമ്പുപാത്രങ്ങളും പിച്ചളപ്പാത്രങ്ങളും അഞ്ചിടത്തു തമ്മില്‍ തൊടാതെ വച്ചിരിക്കുന്നു. അയാള്‍ക്കു കൊടുത്തിരിക്കുന്ന കൂട്ടത്തില്‍ ആര്‍ക്കും വേണ്ടാത്ത ഒന്നുണ്ട്‌, ഒരു എഴുത്താണി.

പത്തായപ്പുറത്ത്‌ കളിമണ്‍പ്രതിമകളാക്കപ്പെട്ട ദൈവങ്ങള്‍ മിഴിച്ചിരുന്നു. അവരുടെ കാലം എന്നേ കഴിഞ്ഞിരുന്നു. കളിമണ്ണുകൊണ്ടു തലയ്ക്കുചുറ്റും നിര്‍മ്മിച്ച പ്രഭാവലയമുള്ള ശാസ്താവുമാത്രം പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കോല്‍ത്താഴിന്റെ ചുവട്ടില്‍ നിന്നു താഴേയ്ക്കു തൂങ്ങിക്കിടന്ന ഓട്ടുവിളക്ക്‌ വിലയുള്ള ലോഹമൊന്നുമല്ലെന്ന ധാരണജനിപ്പിക്കും വിധം നിറം മാറിക്കഴിഞ്ഞിരുന്നു. അക്കാരണം കൊണ്ടുമാത്രമാണ്‌ അതവിടെ ഉപേക്ഷിക്കപ്പെട്ടിരുന്നത്‌.

അയാള്‍ താക്കോല്‍ക്കൂട്ടത്തില്‍ നോക്കി. അറയുടെ നീണ്ട താക്കോല്‍ അതിലില്ല! പാത്രങ്ങള്‍ അതിലെടുത്തു വെച്ചപ്പോള്‍ത്തന്നെ ആരോ അതെടുത്തു മാറ്റിയിരിക്കുന്നു.

അയാള്‍ പടിഞ്ഞാറകത്തിന്റെ വാതില്‍ തള്ളിത്തുറന്നു. അകത്ത്‌ ഇരുട്ടുമാത്രം. അയാള്‍ ശക്തിയായി വാതില്‍ വലിച്ചടച്ചു പൂട്ടി. നാലുകെട്ടില്‍ നിന്നു പുറത്തു കടന്നു വാതിലടയ്ക്കുമ്പോള്‍ ഉത്തരത്തിലിരുന്ന എട്ടുകാലിയെ ശ്രദ്ധിച്ചു. അതവിടെയുണ്ട്‌. അതു ജീവനുള്ളതോ ചത്തതോ ആകാം. ഇവിടെ എല്ലാവസ്തുക്കളും അങ്ങിനെയാണ്‌. അയാള്‍ രാവിലെ ഈ വാതില്‍ തുറന്നപ്പോള്‍ ആദ്യമായി കണ്ടത്‌ ഈ വലിയ എട്ടുകാലിയെയാണ്‌. ഇപ്പോഴും അതവിടെയിരിക്കുന്നു. എട്ടുകാലിയുടെ കണ്ണുകളെ അയാള്‍ ശ്രദ്ധിച്ചിട്ടില്ല. അവ അയാളെ ശ്രദ്ധിക്കുകയായിരിക്കുമെന്നയാള്‍ ഊഹിച്ചു. വാതില്‍ പൂട്ടി.
നരിച്ചീറുകള്‍ ചിലച്ചുകൊണ്ട്‌ നാലുകെട്ടില്‍ തലങ്ങനെയും വിലങ്ങനെയും പറന്നുകൊണ്ടിരുന്നു.

ആ പുരയിടത്തിന്റെ പടിഞ്ഞാറേ അതിരില്‍ നാലുപേര്‍. അമ്മ, അച്ഛന്‍, ഒരു പെണ്‍കുട്ടി, ഒരാണ്‍കുട്ടി. അവര്‍ പണ്ടെന്നോ ഉണ്ടായിരുന്ന ഒരു വേലിയുടെ സ്ഥാനത്തു നില്‍ക്കുകയാണ്‌, കായല്‍ക്കരയില്‍. അവരുടെ കണ്ണുകള്‍ കായലില്‍ക്കൂടി മേറ്റ്ന്തോ നോക്കുകയായിരുന്നു. അവരുടെ മക്കള്‍ ഇവിടം ഒരു ടൂറിസ്റ്റു സങ്കേതമാക്കിത്തീര്‍ക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു ചര്‍ച്ചചെയ്യുകയാണ്‌.

പുരയിടത്തിന്റെ അതിര്‍ത്തിക്കു പുറത്ത്‌ പുതുതായി ടാറിട്ട റോഡിന്റെ വക്കത്ത്‌, മറ്റൊരു കുടുംബം. മാതാപിതാക്കളും മൂന്ന് ആണ്‍കുട്ടികളും. അവര്‍ വരാത്ത ബസ്സിനെ പ്രതീക്ഷിച്ച്‌, ചലിച്ചുകൊണ്ടിരിക്കുന്ന സമയത്തെ ശപിച്ച്‌ ഒരു വഴിവിളക്കിനു ചുവട്ടില്‍ നില്‍ക്കുകയാണ്‌. ഗ്രാമീണമായ ഒരു സായാഹ്നം പോലും അവരെ ശ്വാസം മുട്ടിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. വഴിയില്‍ക്കൂടി നടന്നുകൊണ്ടിരുന്ന ഗ്രാമീണര്‍ നാഗരികമായി വസ്ത്രം ധരിച്ച അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അയാള്‍ കെട്ടിടത്തിനു മുമ്പിലെ കോലായയില്‍ ഉയര്‍ന്ന അരമതിലില്‍ കാല്‍നീട്ടിയിരിക്കുകയായിരുന്നു. താക്കോല്‍ക്കൂട്ടം അപ്പോഴും കൈകളിലുണ്ടായിരുന്നു. മേല്‍ക്കൂര തകര്‍ന്ന ചാവടി നോക്കി അയാള്‍ മേറ്റ്ന്തോ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്‌.

അയാളിരിക്കുന്ന അരമതിലിനു താഴെ, പുല്ലുകയറിയ മുറ്റത്ത്‌ ചാമ്പലിന്റെ ഒരു കൂമ്പാരം.

അന്നുരാവിലെ, അറ തുറന്നുനോക്കിയപ്പോള്‍ അവിടം പൂര്‍ണ്ണമായും ചിതലിന്റെ സാമ്രാജ്യമായി മാറിയിരിക്കുകയാണ്‌. തടിച്ചുവരുകളിലാകെ പടര്‍ന്നിരിക്കുന്ന ചിതല്‍പ്പുറ്റിന്റെ ഒരു ശാഖ ഒരു മൂലയിലെ താളിയോലക്കെട്ടുകളിലേക്കും സ്പര്‍ശിച്ചിരിക്കുന്നു. അയാളുടെ ചേച്ചിയുടെ ഭര്‍ത്താവതു കണ്ടു. അറയുടെ ഭിത്തിയിലേക്കു ചിതല്‍ കയറിയതു ഗ്രന്ഥക്കെട്ടുകളില്‍ നിന്നാണെന്നതിനു സംശയമൊന്നുമുണ്ടായില്ല. മുറ്റത്തിനരികില്‍ അവ കൂട്ടിയിട്ട്‌ സിഗററ്റ്‌ ലൈറ്റര്‍ കൊണ്ട്‌ ഒരു മൂലയ്ക്കു തീകൊടുത്തു. തലമുറകളിലെ അഗ്നി സംഭരിച്ചു വെച്ചിരുന്ന അവയില്‍ തീപടര്‍ന്നു കയറി. മുലപ്പാലിലൂടെ, മുത്തശ്ശിക്കഥകളിലൂടെ, കണ്ണീരിലൂടെ, ചോരത്തുള്ളികളിലൂടെ തലമുറകളിലൂടെ കൈമാറപ്പെട്ട അമൃതകുംഭത്തില്‍ തീ പടര്‍ന്നു കയറി. അയാളുടെ കണ്ണുകളിലെ നനവില്‍ അഗ്നി പ്രതിബിംബിച്ചു.

മുമ്പു കായല്‍ക്കരയില്‍ നിന്ന കുടുംബം ഇപ്പോള്‍ കുളക്കരയിലെത്തിയിരിക്കുന്നു. മണ്ണിടിഞ്ഞു വീണു പകുതിയും മറഞ്ഞ കല്‍പടവുകളിലൊന്നില്‍ നില്‍ക്കുന്ന കുട്ടിയുടെ 'മെയ്ഡ്‌ ഇന്‍ ജപ്പാന്‍' ഷൂസ്‌ വെള്ളത്തില്‍ പ്രതിബിംബിക്കുന്നു. അതിലും താഴെ ഒരു പടവിലെ കുഴിയില്‍ ഏതോ കാരണവന്മാര്‍ തര്‍പ്പിച്ച ജലം കെട്ടിക്കിടക്കുന്നു; തറവാടിന്റെ നന്മയ്ക്കായി ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും തര്‍പ്പിച്ച ജലത്തിന്റെ അവസാനത്തെ ശിഷ്ടം.

അയാള്‍ കരിങ്കല്‍ത്തൂണില്‍ച്ചാരി അരമതിലില്‍ ഇരിക്കുന്നു. പിറകില്‍, നാലുകെട്ടിനകത്ത്‌ കാരണവന്മാരുടെ ഛായാചിത്രങ്ങള്‍ പൊട്ടിയും പൊളിഞ്ഞും തറയില്‍ വീണു കിടക്കുന്നു.

അവരുടെ ആത്മാവുകള്‍ നരിച്ചീറുകളുടെ ശരീരം പൂണ്ട്‌ നാലുകെട്ടിന്റെ ഇരുട്ടില്‍ ഊളിയിടുന്നു. കഴിയുന്നിടത്തോളം ഉച്ചത്തില്‍ ചിലച്ചുകൊണ്ട്‌ നാലുകെട്ടില്‍ തലങ്ങും വിലങ്ങും പറക്കുന്നു. കെട്ടിടത്തിന്റെ വരാനിരിക്കുന്ന മരണം അവര്‍ മനസ്സിലാക്കിയിരിക്കുന്നു.

അരമതിലിലിരുന്ന് എന്തോ ചിന്തിയ്ക്കുകയായിരുന്ന അയാള്‍ പെട്ടെന്നു ചാടിയെഴുനേറ്റു. താഴെവീണ താക്കോല്‍ക്കൂട്ടം കുനിഞ്ഞെടുത്ത്‌ അയാള്‍ പടികളിറങ്ങി. മരിച്ചുപോയ മുറ്റം മുറിച്ചുകടന്ന് പരന്നുകിടക്കുന്ന പുരയിടത്തിലൂടെ അയാള്‍ വേഗത്തില്‍ നടന്നു; പടിഞ്ഞാറോട്ട്‌. ആഞ്ഞടിക്കുന്ന കായല്‍ക്കാറ്റ്‌ അയാളുടെ മുഖത്തു വന്നു തട്ടി രണ്ടായി മുറിഞ്ഞ്‌ രണ്ടുവശത്തുകൂടിയും ഒഴുകിപ്പോയി. മുട്ടറ്റം വളര്‍ന്നു നിന്ന വേനല്‍പ്പച്ചകളും കാട്ടുതുളസികളും അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു, പേര്‍ ചൊല്ലിവിളിച്ചു. അയാള്‍ തിരിഞ്ഞുനോക്കിയില്ല. നഗ്നമായ കാല്‍പാദങ്ങളില്‍ തൊട്ടാവാടിമുള്ളുകള്‍ പരുഷമായി ചുംബിച്ചു. അയാള്‍ ശ്രദ്ധിച്ചില്ല. നീണ്ടു കിടക്കുന്ന പുരയിടത്തിലൂടെ അയാള്‍ നടന്നുപോയി.
കായല്‍ത്തീരത്തു വന്നു നിന്ന അയാളെ നോക്കി കാറ്റ്‌ പരിചയഭാവത്തില്‍ പുഞ്ചിരിച്ചു. അയാള്‍ പകരം ചിരിച്ചില്ല. കായലില്‍ നിന്നു കടന്നുവന്ന കുഞ്ഞോളങ്ങള്‍ കാലില്‍ക്കയറി, പൊട്ടിച്ചിരിച്ച്‌, തിരിച്ചിറങ്ങിപ്പോയി. അയാള്‍ അതറിഞ്ഞില്ല. പൂഴ്ന്നു പോവുന്ന നനഞ്ഞ മണ്ണില്‍ മുട്ടോളം വെള്ളത്തില്‍ അയാള്‍ കായലിലേക്കു തുറിച്ചുനോക്കി നില്‍ക്കുകയായിരുന്നു. ഏറെനേരം അയാള്‍ അങ്ങിനെതന്നെ നിന്നു.

ഉയര്‍ന്നു താഴുന്ന ഓളങ്ങള്‍ക്കു മുകളിലൂടെ ഒന്നും രണ്ടുമായി വഞ്ചികള്‍ കയറിയിറങ്ങി പൊയ്ക്കൊണ്ടിരുന്നു. പറന്നുയരാന്‍ ഭാവിക്കുന്ന കഴുകനെപ്പോലെ ചീനവല ചിറകുവിടര്‍ത്തിനില്‍ക്കുകയായിരുന്നു.

അയാള്‍ പെട്ടെന്ന് താക്കോല്‍ക്കൂട്ടം വെള്ളത്തിലേക്ക്‌ ആഞ്ഞെറിഞ്ഞു. "ഗ്ലും" രണ്ടുമൂന്നു കുമിളകളുയര്‍ത്തിക്കൊണ്ട്‌ അതു പച്ചകലര്‍ന്ന കായല്‍വെള്ളത്തിലേക്കു താണുപോയി. അയാള്‍ തിരിച്ചു കയറി. നനഞ്ഞ മണ്ണിലെ കാല്‍പാടുകള്‍ ഓളങ്ങള്‍ കഴുകിമാറ്റി.
അയാള്‍ വളരെ വേഗതയില്‍ നടക്കുകയായിരുന്നു. കൊന്നത്തെങ്ങുകള്‍ നില്‍ക്കുന്ന പുരയിടത്തിനു കുറുകെ നടന്ന് പടിപ്പുരകഴിഞ്ഞ്‌ ടാറിട്ട റോഡിലൂടെ അയാള്‍ തെക്കോട്ടു നടന്നുപോയി. വഴിയരികില്‍ നിന്ന കുടുംബത്തെ അയാള്‍ കണ്ടില്ല. അവര്‍ അയാളെക്കണ്ടിട്ട്‌ എന്തോ പരസ്പരം പിറുപിറുത്തു. അയാള്‍ വഴിയില്‍ക്കൂടി തിരിഞ്ഞുനോക്കാതെ വളരെ വേഗത്തില്‍ നടന്നുപോയി. അവര്‍ നോക്കിനിന്നു.

തറവാട്ടു സര്‍പ്പക്കാവിലെത്തിയിരുന്ന കുടുംബം തലകുത്തിമറിഞ്ഞ ചിത്രകൂടങ്ങള്‍ക്കു നടുവില്‍ നില്‍ക്കുകയായിരുന്നു. മക്കള്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും വിഗ്രഹങ്ങളുടെ സൌന്ദര്യനിരൂപണം നടത്തുകയായിരുന്നു. അമ്മ പറഞ്ഞു:

"നേരം കൊറേയായീന്നാ തോന്ന്ണേ. അവന്‍ പോയിട്ട്ണ്ടാവും."
"അതെ." അച്ഛന്‍ പറഞ്ഞു.

അവര്‍ തിരിഞ്ഞു നടന്നു. തറവാട്ടുമുറ്റത്തുകൂടി കടന്നുപോരുമ്പോള്‍ ഇളയ കുട്ടി പറഞ്ഞു.

"പൊളിക്കാന്‍ പോവ്ന്ന നാലുകെട്ട്‌ പൂട്ടി താക്കോലും കൊണ്ടാ അമ്മാവന്‍ പോയത്‌."
"വട്ടാ..." പെണ്‍കുട്ടി പൂരിപ്പിച്ചു.
"അറപൊളിക്കാനൊന്നും കാത്തുനില്‍ക്കണ്ടാ. നമ്മടെ സാധനോക്കെ നാണൂനെ പറഞ്ഞയച്ച്‌ നാളെത്തന്നെ കൊണ്ടോവാം."

കണിക്കൊന്നയുടെ പൂക്കള്‍ വീണു കിടന്നിരുന്ന ഒറ്റയടിപ്പാതയിലൂടെ അവര്‍ പടിപ്പുരയ്ക്കുനേരെ നടക്കുകയായിരുന്നു. പടിപ്പുര കടക്കുമ്പോള്‍ കെട്ടിടം പൊളിക്കാനെത്തിയവര്‍ മാറിനിന്നു.

അവസാനമായി പടിപ്പുര കടക്കുമ്പോള്‍ അമ്മ പിറകോട്ടു തിരിഞ്ഞുനിന്ന് കണ്ണടച്ച്‌ ഭക്തിപൂര്‍വ്വം രണ്ടുമിനിറ്റു നിന്നു. ദീര്‍ഘശ്വാസത്തിന്റെ കൂടെ കഷണങ്ങളായി നിലത്തു വീണ വാക്കുകള്‍ തിരിഞ്ഞുനോക്കി.

"കാരണോന്മാരേ, പരദേവതമാരേ രക്ഷിക്കണേ."

പുതുതായി കെട്ടിയ മുള്ളുവേലി കടന്നുപോയ ശരീരവുമായി, ഇപ്പോഴും ഒഴുകുന്ന കറയുമായി ഒരു ചെറിയ ഇലഞ്ഞി പടിപ്പുരയ്ക്കു സമീപം നില്‍പ്പുണ്ടായിരുന്നു. അത്‌ ഈ വാക്കുകള്‍ കേട്ടു. കണ്ണടച്ച്‌, കണ്ണീരു തുടച്ച്‌ ഇലഞ്ഞി പൊട്ടിപ്പൊട്ടിച്ചിരിച്ചു; വീണ്ടും കരയുന്നതു വരെ.

1983

<< എന്റെ മറ്റു കഥകള്‍

1 comment:

Anonymous said...

നല്ല വിവരണം. കൊഴുപ്പ്‌ കമ്മി