Sunday, September 16, 2007

ഗലേ ലഗാ ലേവളിപ്പിന്റെ കേദാരത്തില്‍ ഒരു ചേരിചേരാസമ്മേളനത്തിലെ ഒരാലിംഗനത്തിന്റെ കഥ പറഞ്ഞിട്ടുണ്ട്‌. -ടി- സമ്മേളനത്തിലെ സഖാവിന്റെയും ഇന്ദിരേടത്തിയുടെയും -ടി- ആലിംഗനത്തിന്റെ പടം മുന്‍പേജില്‍ പത്രങ്ങളിലെല്ലാം അച്ചടിച്ചുവന്നതിന്റെ അടുത്താഴ്ച കേസരി ഇറങ്ങിയപ്പോള്‍ ഭാരതസംസ്കാരത്തിനു വിരുദ്ധമായ ഈ നടപടിയെ മുക്തകണ്ഠം അപലപിച്ചിട്ടുണ്ടായിരുന്നു. കാസ്ട്രോയെ കാസ്ട്രേറ്റ്‌ ചെയ്യണമെന്നതില്‍ കുറഞ്ഞെല്ലാം പറഞ്ഞുവെച്ചിരുന്നു. ഒട്ടുനാള്‍ കഴിഞ്ഞ്‌ ബാബ്‌റി മസ്ജിദ്‌ പൊളിച്ചിട്ട സമയത്ത്‌ മറ്റൊരു പടം പലയിടത്തും അച്ചടിച്ചുകണ്ടിരുന്നു. എല്‍. കെ. അഡ്വാനിയും ഉമാ ഭാരതിയും മസ്ജിദ്‌ തകര്‍ന്നുവീഴുന്നതിന്റെ ആനന്ദം ഒരാലിംഗനം കൊണ്ടു പങ്കുവെയ്ക്കുന്നതിന്റേത്‌. അതെപ്പറ്റി കേസരി എന്താണു പറഞ്ഞിരുന്നതെന്നറിഞ്ഞുകൂടാ.

മലയാളിയുടെ ആലിംഗനവിരുദ്ധത ഒരു സമീപകാല പ്രതിഭാസമായിരിക്കുമോ? അല്ലെങ്കില്‍ കെട്ടിപ്പിടിത്തത്തിന്‌ ഇത്രയേറെ വാക്കുകള്‍ നമ്മുടെ ഭാഷയില്‍ എങ്ങനെയുണ്ടായി? കെട്ടിപ്പിടിക്കുക, പുണരുക, പുല്‍കുക, പൂണുക, മാറോടണയ്ക്കുക, മാറുചേര്‍ക്കുക, ആശ്ലേഷിക്കുക, പരിരംഭണം ചെയ്യുക എന്നീ ശബ്ദങ്ങളെല്ലാം അച്ചിമാരുമായി നടത്തുന്ന ബാഹ്യലീലയെ കുറിയ്ക്കാന്‍ മാത്രമായിരിക്കുമോ ഉപയോഗിച്ചിരുന്നത്‌?

പാശ്ചാത്യസംസ്ക്കാരത്തിന്റെ അവിഭാജ്യഘടകമെന്നു നാം കരുതിയിരിക്കുന്ന ആലിംഗനം അമേരിക്കയില്‍ ആണുങ്ങള്‍ തമ്മില്‍ പ്രയോഗിച്ചു കാണ്ടിട്ടില്ല. എന്നല്ല, ഹ്രസ്വമായ ഒരു ഹസ്തദാനത്തിനപ്പുറത്ത്‌ മേലുതൊട്ടുള്ള ഒരു കളിയും ആണുങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. പൊതുവെ കൈകോര്‍ത്തും തോളത്തു കൈയിട്ടും നടക്കാനിഷ്ടപ്പെടുന്ന മലയാളി ആണുങ്ങള്‍ പോലും അമേരിക്കയിലെത്തിയാല്‍ വൈകാതെ "കുണ്ടന്മാരാണെന്നു വിചാരിച്ചാലോ" എന്നു ഭയന്ന് പരസ്പരം തൊടാതെ നടക്കുന്നതു കാണാം. ആണുങ്ങള്‍ തമ്മിലുള്ള ആലിംഗനത്തിനു സാമൂഹ്യാംഗീകാരമില്ലാത്തതിന്റെ ഫലമാണ്‌ കെട്ടിമറിയലും പൂണ്ടടക്കം പിടിക്കലും ഒക്കെ കലര്‍ന്ന അമേരിക്കന്‍ ഫുട്ബോളിന്റെ ജനപ്രിയതയ്ക്കു കാരണമെന്നും ഒരു തിയറി കേട്ടിട്ടുണ്ട്‌.

പ്രായപൂര്‍ത്തിയായ ആണ്മക്കളെയൊക്കെ കെട്ടിപ്പിടിക്കേണ്ടിവരുന്ന അമേരിക്കന്‍ അച്ഛന്മാര്‍ ഇടത്തെ തോളിന്റെ മുകളിലും വലത്തെ തോളിന്റെ മുകളിലും താടിവെച്ച്‌ അതു നടത്തും. എല്ലാം മിന്നല്‍വേഗത്തില്‍ കഴിയും. ആലിംഗനം നിലവിലില്ലെന്നു പറയുന്ന കേരളത്തിലെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ ഇതേ മാതൃകയിലുള്ള ആലിംഗനം പലതവണ കണ്ടിട്ടുണ്ട്‌. പാശ്ചാത്യസംസ്കാരത്തിന്റെ പ്രതിനിധികളെന്ന് വേഷവിധാനം കൊണ്ടും മറ്റും തോന്നിക്കുന്ന (കോര്‍ഡ്രോയ്‌ ജീന്‍സ്‌!), അപ്പനമ്മമക്കളെപ്പോലെ തോന്നിക്കുന്നവര്‍ തമ്മില്‍. കേരളത്തിലെ പാശ്ചാത്യസംസ്കാരത്തിന്റെ കളിത്തൊട്ടിലായ തങ്കശ്ശേരിയുടെ സാമീപ്യമാണോ കാരണം എന്നറിഞ്ഞുകൂടാ. അതു ധൃതരാഷ്ട്രാലിംഗനമായിരുന്നില്ലെന്ന് എങ്ങനെയറിയാം എന്നൊന്നും ചോദിക്കാനും പാടില്ല.

മലയാളിയുടെ ആലിംഗനമില്ലായ്മയില്‍ നിന്നുണ്ടാകുന്ന ആന്തരികശൂന്യതയായിരിക്കുമോ ദ ഹഗ്ഗിങ്ങ്‌ സെയിന്റ്‌ മലയാളിമനസ്സിനെ ഉറുപ്പടക്കം പിടിച്ചിരിക്കുന്നതിനു കാരണം? മാറത്തെ വിയര്‍പ്പുവെള്ളം കൊണ്ടുനാറും സതീര്‍ത്ഥ്യനെ മാറത്തുണ്മയോടു ചേര്‍ത്തു ഗാഢം പുണര്‍ന്ന ദൈവത്തിനെത്തന്നെ ആരാധിക്കുന്നവരല്ലേ മറ്റിന്ത്യക്കാരെപ്പോലെ മലയാളിയും?

പണ്ട്‌ ആകാശവാണിയില്‍ രാവിലെ കേട്ട ഒരു സുഭാഷിതശ്ലോകത്തിന്റെ രണ്ടാം പകുതി മാത്രം ഓര്‍മ്മയുണ്ട്‌: യേനൈവാലിംഗതേ കാന്താ/യേനൈവാലിംഗതേ സുതാ. ശ്ലോകത്തിന്റെ ആശയം ഇങ്ങനെയായിരുന്നു എന്നോര്‍മ്മ: മനസ്സാണ്‌ പ്രവൃത്തികളുടെ വാസ്തവത്തിലുള്ള അര്‍ത്ഥം നിശ്ചയിക്കുന്നത്‌. ഭാര്യയെ പുണരുന്നതുപോലെയല്ലല്ലോ മകളെ പുണരുന്നത്‌. ഭാര്യയെയും മകളെയും തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമൂഹമായിക്കഴിഞ്ഞിരിക്കുന്നതു കൊണ്ടാണോ നമ്മള്‍ മക്കളെപ്പോലും കെട്ടിപ്പിടിക്കാന്‍ മടിച്ചുനില്‍ക്കുന്നത്‌?

...എന്നെല്ലാം ചിന്തിച്ചു കഴിയുമ്പോഴും ഒരു ചിന്ത ബാക്കിയാവുന്നു: പാശ്ചാത്യര്‍ എന്തുകൊണ്ടായിരിക്കാം ആരെയും കാലില്‍ വീണു വണങ്ങാത്തത്‌?

<< മറ്റു മനോധര്‍മ്മം
Post a Comment