Sunday, July 19, 2020

മഹാഭാരതം കുറിപ്പുകൾ 13-15

പതിമൂന്ന്


ശ്രീ. സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണത്തിൽ നിന്ന് മഹാഭാരതത്തിൻ്റെ വികാസപരിണാമങ്ങളെക്കുറിച്ച് ധാരാളം പുതിയ അറിവുകൾ കിട്ടി. എണ്ണായിരത്തോളം ശ്ലോകങ്ങളുള്ള ‘ജയം’ എന്ന വീരഗാഥയായും ഇരുപത്തിനാലായിരം ശ്ലോകങ്ങളുള്ള ‘ഭാരതം’ എന്ന കാവ്യമായും പരിണമിച്ചതിനു ശേഷമാണ് ഒരുലക്ഷത്തിൽപരം ശ്ലോകങ്ങളുള്ള ‘മഹാഭാരതം’ എന്ന ഇതിഹാസം ഉണ്ടായിത്തീർന്നത്. പൊതുവർഷാരംഭത്തിന് (C.E.) ആയിരം കൊല്ലം മുമ്പ് നടന്ന ഒരു യുദ്ധത്തെപ്പറ്റി അഞ്ഞൂറോ അറുനൂറോ വർഷം കഴിഞ്ഞ് രചിക്കപ്പെട്ട ‘ജയം’ പിന്നെയും ആയിരത്തോളം വർഷത്തെ പരിണാമത്തിലൂടെ കടന്നുപോയിക്കഴിഞ്ഞാണ് ‘മഹാഭാരതം’ ആയിത്തീർന്നത്.

വ്യാസൻ തൻ്റെ നാലു ശിഷ്യന്മാരെ മഹാഭാരതം പഠിപ്പിച്ചു എന്ന് ഇതിഹാസമുണ്ട്. അതിൽ ശുകൻ്റെ ഭാഷ്യമാണ് അതിജീവിച്ചിരിക്കുന്നത്. മറ്റെല്ലാം നഷ്ടപ്പെട്ടുപോയിരിക്കുന്നു. ജൈമിനി എന്ന ശിഷ്യൻ്റെ ഭാഷ്യമായി വിശ്വസിക്കപ്പെടുന്ന മഹാഭാരതത്തിൽനിന്ന് അശ്വമേധപർവം മാത്രം കിട്ടിയിട്ടുണ്ട്. ഇതിൽ പാണ്ഡവരെക്കാൾ കൗരവർക്കാണ് പ്രാധാന്യം. ബൗദ്ധകഥകളിൽ കാണപ്പെടുന്ന മഹാഭാരതഭാഗങ്ങളും കൗരവകേന്ദ്രിതമാണ്. ഇതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത് യുദ്ധത്തിലെ ഇരുപക്ഷങ്ങളെയും കേന്ദ്രീകരിച്ച് വീരഗാഥകളും കാവ്യങ്ങളും നിലനിന്നിരിക്കാം എന്നും അവയിൽ പാണ്ഡവപക്ഷം (ജയിച്ച പക്ഷം) പിൽക്കാലത്ത് ആധികാരികമായി മാറി എന്നുമാണ്.

വർണവ്യവസ്ഥ വ്യാപകമാകുന്നതിനുമുമ്പ് കുലഗോത്രപാരമ്പര്യങ്ങൾക്കനുസരിച്ചാണ് ഇൻഡ്യൻ സമൂഹം പ്രവർത്തിച്ചിരുന്നത്. മഹാഭാരതകാലത്തിൽ പറഞ്ഞിരിക്കുന്ന സംഘർഷങ്ങളുടെ ബീജം കുലഗോത്രപാരമ്പര്യങ്ങളും വർണവ്യവസ്ഥയും തമ്മിൽ അന്ന് നടന്ന സംഘർഷങ്ങളിലാണ്. പിൽക്കാലത്ത് ഏറെ കൂട്ടിച്ചേർക്കപ്പെട്ടിട്ടും പ്രധാന കഥാസന്ദർഭങ്ങൾ പലതിലും ഈ സംഘർഷങ്ങൾ തിരിച്ചറിയാനും കഴിയും.


പതിന്നാല്


ഇതുവരെ ഞാൻ കാണാനിടയായിട്ടുള്ള മഹാഭാരത സംബന്ധിയായ പുസ്തകങ്ങളിൽ, പ്രത്യേകിച്ചും ഭഗവദ്ഗീതാ വ്യാഖ്യാനങ്ങളിൽ കാണപ്പെടുന്ന സമീപനം ഇങ്ങനെയാണ്: "ഇതാ ഗീതയുടെ (മഹാഭാരതത്തിന്റെയും) യഥാർത്ഥ അർത്ഥം. ഇതിന് വിചരീതമായി നിങ്ങൾ കേട്ടിട്ടുള്ളതെല്ലാം മറന്നേക്കുക."

ശ്രീ സുനിൽ പി. ഇളയിടത്തിൻ്റെ രീതി ഇതല്ല. അദ്ദേഹം തന്നെ പ്രഭാഷണത്തിൽ പറയുന്നതുപോലെ “ഇങ്ങനെയും മഹാഭാരതത്തെ കാണാം എന്നല്ലാതെ ഇങ്ങനെയേ കാണാവൂ എന്ന ശാഠ്യം” ഇല്ല. ഇതിനർത്ഥം എല്ലാ സമീപനങ്ങൾക്കും തുല്യപ്രാധാന്യം കല്പിച്ചിരിക്കുന്നു എന്നോ അതിനുവേണ്ടി പ്രാധിനിധ്യത്തിന്റെ ഞാണിന്മേൽക്കളി കളിക്കുന്നു എന്നോ അല്ല. നരവംശശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും അധിഷ്ഠിതവും ചരിത്രബദ്ധവും ഭൗതികവുമായ സമീപനമാണ് തൻ്റേത് എന്ന് അദ്ദേഹം ആദ്യം തന്നെ വ്യക്തമാക്കുന്നുണ്ട്. ചരിത്രകാരന്മാരിൽ മാർക്സിയൻ സമീപനമുള്ള ഡി. ഡി. കൊസാംബി, റൊമീല ഥാപ്പർ, ആർ. എസ്. ശർമ്മ തുടങ്ങിയവരെയാണ് അദ്ദേഹം പിന്തുടരുന്നത്. മഹാഭാരതത്തെയും ഗീതയെയും സംബന്ധിച്ച് പല പണ്ഡിതന്മാർ ഉന്നയിച്ചിട്ടുള്ള പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ അദ്ദേഹം നമുക്കുവേണ്ടി അവതരിപ്പിക്കുകയും ഇതിൽ ഏതിനാണ് കൂടുതൽ സമ്മതിയുള്ളത് എന്ന് പറയുകയും ചെയ്യുന്നുണ്ട്.

പ്രഭാഷണപരമ്പരയുടെ തുടക്കത്തിൽത്തന്നെ അദ്ദേഹം പറയുന്നതുപോലെ മഹാഭാരതവിജ്ഞാനീയം എന്ന ഒരു വിജ്ഞാനശാഖതന്നെ ലോകത്ത് വികസിച്ചുവന്നുകഴിഞ്ഞു. മഹാഭാരതപഠനങ്ങളായി ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചരിത്രത്തിൻ്റെയും സാങ്കേതികതയുടെയും ഭാഷാശാസ്ത്രത്തിൻ്റെയും മാത്രമല്ല, നാണയവിജ്ഞാനം, പുരാവസ്തുവിജ്ഞാനീയം തുടങ്ങിയ ശാസ്ത്രശാഖകളുടെപോലും സഹായത്തോടെ മഹാഭാരതം പഠിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മലയാളി വായന ഇപ്പോഴും ആത്മീയമോ സാഹിത്യപരമോ ആയ പഠനങ്ങളിൽ മാത്രം ഇപ്പോഴും ഒതുങ്ങിനിൽക്കുന്നു. ഈ വലിയ വിടവ് നികത്തുന്നതിനുള്ള ധീരമായ പ്രയത്നമാണ് ശ്രീ. സുനിലിൻ്റേത്.


പതിനഞ്ച്


ഇൻഡ്യ എന്ന ദേശരാഷ്ട്രത്തിൻ്റെ മനസ്സിൽ നിലനിൽക്കുന്ന സ്വന്തം പ്രതിച്ഛായ ആർഷഭാരതത്തിൻ്റേതാണ്. ‘ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ’ അന്തർമുഖരായിരുന്ന് പ്രപഞ്ചരഹസ്യം തേടുകയും ഏറെക്കുറെ മുഴുവൻതന്നെയും കണ്ടെത്തുകയും ചെയ്ത ഋഷിമാരുടെ ഭാരതം. എന്നാൽ, ഈ പ്രതിച്ഛായ എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റിയുള്ള അന്വേഷണങ്ങൾ അത്രയൊന്നും കണ്ടിട്ടില്ല.

മഹാഭാരതത്തെയും ഭഗവദ്‌ഗീതയെയുംകുറിച്ച് വിവിധകാലത്ത് ഉണ്ടായിട്ടുള്ള പഠനങ്ങളുടെ വെളിച്ചത്തിൽ ശ്രീ. സുനിൽ പി. ഇളയിടം തൻ്റെ പ്രഭാഷണപരമ്പരയിൽ ഈ അന്വേഷണത്തിൽ ഏർപ്പെടുന്നുണ്ട്.

സാമ്രാജ്യത്വത്തിൻ്റെ ചരിത്രകാരന്മാർ ഭാരതീയസംസ്കാരത്തെ പ്രാകൃതവും അവികസിതവുമായിട്ടാണ് കണ്ടിരുന്നത്. നേരേ മറിച്ച്, പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലും അമേരിക്കയിലും പ്രചാരം നേടിയ പൗരസ്ത്യവാദവും തിയോസഫിക്കൽ പ്രസ്ഥാനവും പൗരസ്ത്യദേശങ്ങളെ നിഗൂഢജ്ഞാനത്തിൻ്റെ പ്രഭവകേന്ദ്രമായി കണ്ടു. പാശ്ചാത്യവിദ്യാഭ്യാസം നേടിയ ഭാരതീയരിൽക്കൂടിയും ഇൻഡ്യയിലേക്ക് വന്ന പാശ്ചാത്യരിലൂടെയും ഈ കാഴ്ചപ്പാട് ഇൻഡ്യയിൽ വേരോട്ടം നേടി. കോളനിഭരണത്തിൻ്റെ അടിമമനോഭാവത്തിൽ നിന്ന് ആത്മാഭിമാനത്തിലേക്ക് ജനതയെ നയിക്കുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്ന ഭാരതീയനവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനങ്ങളും ഭൂതകാലമഹിമയുടെ ഈ പ്രഘോഷണത്തെ ആവേശത്തോടെ ഏറ്റെടുത്തു.

അഞ്ചുഭാഗങ്ങളുള്ള തൻ്റെ പ്രഭാഷണത്തിൽ ഒരു ഭാഗം മുഴുവൻ ശ്രീ. സുനിൽ ഭഗവദ്‌ഗീതയെക്കുറിച്ച് സംസാരിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ചരിത്രത്തിലെ വിവിധഘട്ടങ്ങളിൽ ഭഗവദ്‌ഗീതയെ സമൂഹം എങ്ങനെയൊക്കെയാണ് കണ്ടിരുന്നത് എന്നത് അതതുകാലത്തെ പരാമർശങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം പറയുന്നു. ഭഗവദ്‌ഗീതയ്ക്ക് ഇന്ന് കാണുന്ന പ്രാധാന്യം കൈവന്നത് പൗരസ്ത്യവാദത്തിൻ്റെ ഇടപെടലിലൂടെ പത്തൊമ്പത്-ഇരുപത് നൂറ്റാണ്ട് കാലഘട്ടത്തിലാണ്. മഹാഭാരതം എന്ന ബൃഹത്തായ ഇതിഹാസം തന്നെ ഭഗവദ്‌ഗീതയുടെ ഇതിഹാസരൂപമായ വ്യാഖ്യാനം (Epic Commentary) ആണെന്നുമുള്ള ആശയം അരവിന്ദമഹർഷിയെപ്പോലുള്ള വ്യാഖ്യാതക്കളുടെ സംഭാവനയാണ്.

പൗരസ്ത്യവാദികളായ പാശ്ചാത്യർ ഭാരതീയ തത്വചിന്തയിൽ സവർണഹിന്ദു കേന്ദ്രിതവും ആത്മീയവുമായ അംശങ്ങൾക്ക് നൽകിയ അമിതപ്രാധാന്യത്തിൻ്റെ ഫലമായി മുസ്ലിം, ബൗദ്ധ, ജൈന സംഭാവനകളും ഭൗതികമായ ശാസ്ത്രങ്ങളും ദർശനങ്ങളുംതമസ്കരിക്കപ്പെട്ടുപോയി.സംസ്കൃതമല്ലാത്ത ഭാഷകളിലെ എഴുത്തുകൾ വിസ്മൃതിയിലായി. ഭാരതീയ നവോത്ഥാനത്തിൻ്റെയും ദേശീയപ്രസ്ഥാനങ്ങളുടെയും നായകർ മിക്കവരും സവർണഹിന്ദുക്കളും മധ്യവർഗക്കാരും ആയതുനിമിത്തം അവരും ഈ സമീപനത്തിൽ അടങ്ങിയിരുന്ന ന്യൂനീകരണത്തെ മനസ്സിലാക്കിയില്ല, അഥവാ ചെറുക്കാൻ ശ്രമിച്ചില്ല.മഹാഭാരതം കുറിപ്പുകൾ 10-12

പത്ത്


കൊല്ലം ജില്ലയുടെ മലയോരപ്രദേശങ്ങളിൽ നിലനിൽക്കുന്ന ഭാരതക്കളി എന്ന പ്രാചീനകലാരൂപത്തെപ്പറ്റി പറഞ്ഞത് കവിസുഹൃത്തും നാടോടി വിജ്ഞാനീയ ഗവേഷകനുമായ എൽ. തോമസുകുട്ടിയാണ്. കുറവർകളി എന്ന് മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്ന ഇതിലെ നായകൻ ശകുനിയാണ്. കുറവർ എന്ന തങ്ങളുടെ സമുദായം കൗരവരുടെ പിൻഗാമികളാണ് എന്നും തങ്ങളുടെ രക്ഷകൻ എന്ന നിലയിലാണ് ശകുനിയെ ആരാധിക്കുന്നതെന്നും അവർ വിശ്വസിക്കുന്നു. ‘ശകുനിയപ്പൂപ്പൻ’ മാത്രമല്ല, ദുര്യോധനൻ മുതൽ ദുശ്ശള വരെ എല്ലാ കൗരവർക്കും മലനടകൾ എന്നു വിളിക്കുന്ന തുറന്ന ആരാധനാസ്ഥലങ്ങളിൽ പൂജിക്കപ്പെടുന്നു.

അമർച്ച ചെയ്യപ്പെട്ട ജനതകളുടെ ആരാധനാലയങ്ങളെയും ദൈവങ്ങളെയും ക്ഷുദ്രദൈവങ്ങളെന്ന് മുദ്രകുത്തിയാണ് എല്ലാ വരേണ്യമതങ്ങളും വരേണ്യമായിത്തീർന്നിട്ടുള്ളത്. ഇതിനോട് കീഴാളർ രണ്ടുവിധത്തിൽ പ്രതികരിച്ചു. തങ്ങളുടെ ദൈവങ്ങളെ വരേണ്യദൈവങ്ങളുടെ അവതാരങ്ങളോ ആശ്രിതരോ ആക്കി അവർ പലപ്പോഴും മുഖ്യധാരയിൽ ഇഴുകിച്ചേരാൻ ശ്രമിച്ചു. പരമശിവനെ ഈഴവശിവനാക്കി കൂടെ കൂട്ടിയ ശ്രീനാരായണഗുരുവിനെപ്പോലെ മുഖ്യധാരയുടെ അവകാശം തിരിച്ചുപിടിച്ചു. എന്നാൽ ചുരുക്കം ചില അവസരങ്ങളിൽ, വരേണ്യആഖ്യാനങ്ങളിൽ തോൽക്കുന്നവരുടെ പക്ഷങ്ങളെ കണ്ടെത്തി അവരുടെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ട് വിഘടിച്ചുനിൽക്കാനാണ് കീഴാളർ തീരുമാനിച്ചത്.

കൊല്ലത്തെ മലനടകൾ ഇപ്പറഞ്ഞതിൽ രണ്ടാമത്തെ സമീപനത്തിൻ്റെ ഉദാഹരണമാകാനാണ് സാധ്യത. മഹാഭാരതം എന്ന സംസ്കൃത ഇതിഹാസത്തിൽനിന്നുള്ള കഥകൾ കേട്ട് അതിലേക്ക് തങ്ങളുടെ നാടോടി ആഖ്യാനങ്ങളെ വിമതധാരയായി വിളക്കിച്ചേർക്കുകയാകാം ഉണ്ടായത്.

എന്നാൽ, മറ്റൊരു സാധ്യതകൂടി ഉണ്ട്. മഹാഭാരതകഥകൾ ഇൻഡ്യയുടെ പല ഭാഗത്തുള്ള സംസ്കാരങ്ങളിൽ പല രൂപത്തിൽ നിലനിന്നിരിക്കാനും അവയെ ക്രോഡീകരിച്ച് ഒരു വ്യാസൻ അല്ലെങ്കിൽ ഒരു കൂട്ടം വ്യാസന്മാർ ഇതിഹാസം രചിച്ചിരിക്കാനും ഉള്ള സാധ്യതയാണ് അത്. (വ്യാസൻ എന്ന വാക്കിന് സമാഹരിച്ച ആൾ എന്നു മാത്രമേ അർത്ഥമുള്ളൂ.)

ഛത്തിസ്ഗഢിലെ ‘പാണ്ഡവാനി’ കലാകാരന്മാരും ആരാധകരും വിശ്വസിക്കുന്നത് അവരുടെ ആഖ്യാനരൂപത്തിന് പാണ്ഡവരോളം പഴക്കമുണ്ടെന്നാണ്.

ഹിമാചൽ പ്രദേശിലെ മണാലിയിൽ പോയപ്പോൾ ഹഡിംബ എന്ന് അവിടുത്തുകാർ വിളിക്കുന്ന ഹിഡിംബിയുടെ ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞു. ആകാശം മുട്ടുന്ന ദേവദാരുവൃക്ഷങ്ങളുടെ തോപ്പിനുനടുവിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തോടുചേർന്ന് ഘടോത്കചനും ഒരു ക്ഷേത്രം ഉണ്ട്.


പതിനൊന്ന്

ഫാദർ കാമിൽ ബുൽക്കേ എഴുതിയ ‘രാമകഥ’യുടെ മലയാളം പതിപ്പ് ഏതാനും വർഷം മുമ്പാണ് കൈയിൽ കിട്ടിയത്. ഒരു ഓണക്കാലം മുഴുവൻ കുത്തിയിരുന്ന് അതിൻ്റെ പ്രധാനഭാഗങ്ങളെല്ലാം തീർത്തു, അന്ന് ബ്ലോഗിൽ എഴുതിയ കുറിപ്പ് ഇവിടെ കാണാം.

അന്ന് പറഞ്ഞതുപോലെ സാംസ്കാരികമായ ഒരു അപസർപ്പകകഥയാണ് ഈ കൃതി. മുമ്പ് നിലനിന്നിരുന്ന രാമകഥകളെ സ്വാംശീകരിച്ച് വാല്മീകി എന്ന അതുല്യപ്രതിഭ സൃഷ്ടിച്ച കൃതിയുടെ രൂപം എന്തായിരുന്നു എന്നും പിൽക്കാലത്ത് അതിൽ പടർന്നുപന്തലിച്ച കാടും പടലും നീക്കം ചെയ്ത് അതിൻ്റെ മൂലരൂപം ഏറെക്കുറെ വീണ്ടെടുക്കാൻ കഴിയുന്നതേയുള്ളൂ എന്നുമുള്ള അറിവുകളാണ് ഈ പുസ്തകത്തിൽനിന്ന് ലഭിച്ചത്. ഏതൊക്കെ പരിണാമങ്ങളിലൂടെയാണ് രാമകഥ കടന്നുപോന്നത് എന്നും ആദർശപുരുഷൻ എന്ന് അറിയപ്പെടുന്ന രാമൻ്റെ കഥയിൽ ഇത്രയേറെ പൊരുത്തക്കേടുകൾ കടന്നുകൂടിയത് എങ്ങനെ എന്നും നല്ലൊരു ധാരണ ഉണ്ടായി. എന്നല്ല, മനസ്സിൽ രാമായണത്തിനെയും രാമനെയും കുറിച്ചുണ്ടായിരുന്ന സങ്കല്പം തന്നെ വീണ്ടെടുക്കാനാകാത്തവിധം മാറിപ്പോയി. ഒരു ചെറിയ ഉദാഹരണം പറയാം: നമ്മുടെ പൊതുബോധത്തിലെ രാമൻ അഹല്യയ്ക്ക് ശാപമോക്ഷം കൊടുക്കുകയും ബാലിയെ ഒളിയമ്പെയ്ത് കൊല്ലുകയും ഗർഭിണിയായ സീതയെ കാട്ടിൽ ഉപേക്ഷിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വാല്മീകി അങ്ങനെയൊന്നും എഴുതിയിട്ടില്ല എന്ന് അറിയുമ്പോൾ പിന്നെ ചിന്താവിഷ്ടയായ സീതയൊക്കെ വായിക്കുമ്പോൾ ആകെ ഒരു പന്തികേട്.

രാമായണത്തിൻ്റേതുപോലെതന്നെ മഹാഭാരതത്തിൻ്റെ പരിണാമചരിത്രവും ഏതെങ്കിലുമൊക്കെ ഗവേഷകന്മാർ കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ടാകും എന്നും എന്നെങ്കിലും അതൊക്കെ വായിച്ച് ഒരു ഏകദേശധാരണയെങ്കിലും രൂപീകരിക്കണം എന്നും ആഗ്രഹമുണ്ടായിരുന്നു.


പന്ത്രണ്ട്

മഹാഭാരതവുമായി ബന്ധപ്പെട്ട ഈ ചിന്തകളും ഓർമ്മകളും ഇപ്പോൾ കുറിക്കാനുള്ള കാരണം ശ്രീ. സുനിൽ പി. ഇളയിടത്തിൻ്റെ ‘മഹാഭാരതം: സാംസ്കാരികചരിത്രം’ എന്ന പ്രഭാഷണപരമ്പര കേട്ടതാണ്. ഇതെപ്പറ്റി പലയിടത്തുനിന്നായി അറിവു കിട്ടിയിട്ട് കുറേക്കാലമായി. നല്ലതല്ലാതെ ഒന്നും കേട്ടില്ലെങ്കിലും ഒടുക്കം പ്രഭാഷണം കേൾക്കാൻ ഈയിടെയാണ് സാധിച്ചത്. സമയം കിട്ടുമ്പോൾ അരമണിക്കൂറും മുക്കാൽ മണിക്കൂറുമായി കേട്ട് പൂർത്തിയാക്കിയതുതന്നെ എന്നെ സംബന്ധിച്ചേടത്തോളം വലിയൊരു സംഭവമായിരുന്നു. അപ്പോൾ ഇത് ഉണ്ടാക്കിയവരുടെ കാര്യമോ?
മഹാഭാരതവിജ്ഞാനവുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുസ്തകങ്ങൾ ആഴത്തിൽ പഠിച്ച്, പതിന്നാല് മണിക്കൂറോളം നീണ്ടുനിൽക്കുന്ന അഞ്ചുഭാഗങ്ങളായി പ്രഭാഷണം സംവിധാനം ചെയ്ത്, അവതരിപ്പിച്ച ശ്രീ. സുനിലിൻ്റെയും അത് റെക്കോഡ് ചെയ്ത്, എഡിറ്റ് ചെയ്ത് യൂ റ്റ്യൂബിൽ ലഭ്യമാക്കിയവരുടെയും പ്രയത്നത്തെക്കുറിച്ച് പറയാനില്ല.

എന്നെപ്പോലൊരു മലയാളിയുടെ അറിവിലേക്ക് ആദ്യമായി കടന്നുവരുന്ന നൂറു കണക്കിന് പുത്തൻ വിവരങ്ങളും നിരീക്ഷണങ്ങളുമാണ് ഈ പ്രഭാഷണത്തിൽ ഉള്ളത്. ഇതിൽ ചർച്ച ചെയ്യപ്പെടുന്ന ചിന്തകൾ വികസിപ്പിച്ച് ആയിരത്തോളം പേജുള്ള പുസ്തകമായി പുറത്തിറക്കിക്കഴിഞ്ഞു എന്ന് അറിയാം. തൽക്കാലം നാട്ടിൽ പോകാനും പുസ്തകം വാങ്ങി വായിക്കാനുമുള്ള സാഹചര്യമില്ല. എന്നാൽ, പ്രഭാഷണം കേട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അതിൻ്റെ ലഹരി ഒട്ട് ഇറങ്ങുന്നുമില്ല. ഇതിൽ എന്നെ ഏറ്റവും ശ്രദ്ധേയമായി തോന്നിയ ആശയങ്ങളെയും നിരീക്ഷണങ്ങളെയും പറ്റി ചിലത് കുറിക്കട്ടെ.


മഹാഭാരതം കുറിപ്പുകൾ 7-9

ഏഴ്


നെഹ്രുവിൻ്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ ദൂരദർശനുവേണ്ടി ശ്യാം ബെനഗൽ പരമ്പരയാക്കിയതും എൺപതുകളിലായിരുന്നു. ഭാരതചരിത്രത്തെപ്പറ്റി നെഹ്രുവിൻ്റെ ഉൾക്കാഴ്ചയോടൊപ്പം പിൽക്കാലത്ത് ലഭിച്ചിട്ടുള്ള അറിവുകളും കോർത്തിണക്കി സൃഷ്ടിച്ച കനപ്പെട്ട ഡോക്യുമെൻ്ററി പരമ്പരയായിരുന്നു ‘ഭാരത് ഏക് ഖോജ്’. ഇൻഡ്യയെമ്പാടുമുള്ള ചരിത്രസ്മാരകങ്ങൾ സന്ദർശിച്ച്, അന്ന് ഒരു അത്ഭുതമായിരുന്ന ഏരിയൽ ഫോട്ടോഗ്രഫിയുടെയും മറ്റും സഹായത്തോടെ ചിത്രീകരിച്ച, വിനോദത്തിനും വാർത്തയ്ക്കും മാത്രം സ്ഥാനമുള്ള ഇന്നത്തെ ടെലിവിഷൻ ലോകത്തിൽ സങ്കല്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള ബൃഹത് പദ്ധതി. ചരിത്രത്തിലെ ഓരോ ഘട്ടങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ ആ കാലങ്ങളുടെ മുദ്ര പതിഞ്ഞ കലാരൂപങ്ങളുടെ മികച്ച അവതരണങ്ങളും ഉൾക്കൊള്ളിക്കാൻ ബെനഗൽ ശ്രദ്ധിച്ചിരുന്നു.

മഹാഭാരതത്തെക്കുറിച്ചുള്ള അധ്യായങ്ങളിൽ ദുര്യോധനവധം കഥകളിയിൽനിന്നും ഭാസൻ്റെ ഊരുഭംഗത്തിൽനിന്നും ദൂതവാക്യത്തിൽനിന്നുമുള്ള ഭാഗങ്ങൾ ഉണ്ടായിരുന്നു. അവയ്ക്കൊപ്പം കണ്ട ഒരു അത്ഭുതപ്രകടനം പാണ്ഡവാനി എന്ന കലാരൂപത്തിൻ്റേതായിരുന്നു. ഛത്തിസ്‌ഗഢിലെ ആദിവാസികൾക്കിടയിൽനിന്ന് ഉത്ഭവിച്ച്, മധ്യപ്രദേശിലും ബിഹാറിലും ഝാർഖണ്ഡിലുമെല്ലാം പ്രചരിച്ചിട്ടുള്ള ഒരു ആഖ്യാന-അവതരണകലയാണ് പാണ്ഡവാനി.

ഭാരത് ഏക് ഖോജിൽ പാണ്ഡവാനി അവതരിപ്പിച്ചത് തീജൻ ബായി എന്ന കലാകാരിയാണ്. പുരുഷന്മാർ മാത്രം അവതരിപ്പിച്ചുപോന്ന പാണ്ഡവാനി അവതരിപ്പിച്ചു എന്ന പേരിൽ ഗോത്രത്തിൽ നിന്നും ഗ്രാമത്തിൽനിന്നും പുറത്താക്കപ്പെട്ട തീജൻ ബായി തൻ്റെ കലാപ്രകടനത്തിലൂടെ ലോകപ്രശസ്തയായി മാറുകയാണുണ്ടായത്. ഭാരത് ഏക് ഖോജിൽ അഭിനയിക്കുന്ന കാലത്ത് തൻ്റെ മുപ്പതുകളിൽത്തന്നെ പത്മശ്രീ ഉൾപ്പെടെയുള്ള ബഹുമതികൾ നേടിക്കഴിഞ്ഞിരുന്നു ഇവർ. ഔപചാരികവിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഭിലായി ഉരുക്കു നിർമ്മാണശാലയിലെ കാൻ്റീനിലാണ് ആദ്യകാലത്ത് ഇവർ ജോലി ചെയ്തിരുന്നത്.

പിൽക്കാലത്ത് ജംഷെദ്‌പുരിൽ കഴിയുമ്പോൾ തീജൻ ബായിയുടെ അവതരണം നേരിൽ കാണാൻ ഭാഗ്യമുണ്ടായി.

തീജൻ ബായിയുടെയും ഇരാവതി കാർവേയുടെയും സ്വാധീനങ്ങൾ ഉൾക്കൊണ്ട് ബംഗാളി നടിയായ ശാഒളി മിത്ര അവതരിപ്പിച്ച ഒറ്റയാൾ നാടകമാണ് “നാഥവതി അനാഥവത്” (ഭർതൃമതിയായിട്ടും അനാഥയെപ്പോലെ). പാണ്ഡവാനിയിലെ കഥനരീതി ഉപയോഗിച്ച് ദ്രൗപദി സ്വന്തം കഥ പറയുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ നാടകം കൊൽക്കത്തയിൽവെച്ച് കാണാൻ കഴിഞ്ഞു.


എട്ട്
1980-കളിൽത്തന്നെയാണ് ഹിന്ദി നിർമ്മാതാവായ ബി ആർ ചോപ്ര മഹാഭാരതത്തെ ഒരു നെടുങ്കൻ ടെലിവിഷൻ പരമ്പരയായി നിർമ്മിച്ചത്. ദൂർദർശൻ ഒരേയൊരു ടിവി ചാനലായിരുന്ന കാലമായതുകൊണ്ട് എല്ലാ പരിപാടികളും ഒരുപാടുപേർ കാണുന്ന അവസ്ഥയായിരുന്നു അന്ന്. അവയിൽത്തന്നെ രാമായണവും മഹാഭാരതവും ജനപ്രീതിയിൽ ഏറെ മുമ്പിലായിരുന്നു. ഞായറാഴ്ച രാവിലെ മഹാഭാരതം സംപ്രേഷണം ചെയ്യുന്ന സമയത്ത് ഇൻഡ്യയിലെ ഒരു ടെലിവിഷൻ സെറ്റ് പോലും ഓഫായിരുന്നില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയായിരിക്കില്ല. വിവാഹങ്ങളുടെ മുഹൂർത്തങ്ങളും പള്ളികളിലെ കുർബാനസമയവും പോലും മാറ്റിവെയ്ക്കുന്ന അവസ്ഥയുണ്ടായി. ഹിന്ദി അറിയാത്ത കാഴ്ചക്കാർക്കുവേണ്ടി മലയാളം പത്രങ്ങൾ ഞായറാഴ്ചപ്പതിപ്പിൽ അന്നത്തെ തിരക്കഥയുടെ പരിഭാഷ പ്രസിദ്ധീകരിച്ചു. പരസ്യക്കാരുടെ സ്വപ്നസാക്ഷാത്കാരം തന്നെയായിരുന്നു ആ പരമ്പര.

എന്നാൽ, ഒരു കലാസൃഷ്ടിയെന്ന നിലയിൽ മേന്മ കുറഞ്ഞ ഉല്പന്നമായിരുന്നു മഹാഭാരതം. മിക്ക അഭിനേതാക്കളുടെയും പ്രകടനങ്ങളും വേഷവിധാനങ്ങളും ഛായാഗ്രഹണവും സംഗീതവുമെല്ലാം പരിതാപകരമായിരുന്നു. കുറഞ്ഞ ചെലവിൽ കൂടുതൽ പണം കൊയ്യുക എന്ന ലക്ഷ്യമായിരുന്നിരിക്കണം ഈ തീരുമാനങ്ങൾക്ക് പിന്നിൽ. കൃഷ്ണകഥയ്ക്ക് അമിതമായ പ്രാധാന്യം കൊടുത്തതും മറ്റും ഭാരതപര്യടനത്തിൻ്റെ വായനക്കാരനെന്ന നിലയിൽ അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നു.

ഗുണമേന്മയുള്ള വീഡിയോ ക്യാമറകൾ ഇല്ലാത്ത കാലമായതുകൊണ്ട് ‘ഭാരത് ഏക് ഖോജ്’ പോലുള്ള അന്നത്തെ മികച്ച പരമ്പരകൾ ഫിലിമിലാണ് ചിത്രീകരിച്ചിരുന്നത്. ചോപ്ര അതിനൊന്നും മെനക്കെട്ടില്ല. ഹിന്ദി സിനിമയിലെ വില്ലന്മാരെപ്പോലെ അട്ടഹസിക്കുന്ന ‘മഹാഭാരത്’ ലെ പുനീത് ഇസ്സാറിൻ്റെ ദുര്യോധനനെ മാത്രം കണ്ടിട്ടുള്ളവർ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ‘ഭാരത് ഏക് ഖോജ്’ലെ ഓം പുരിയുടെ ദുര്യോധനനെ ഒന്ന് കാണേണ്ടതാണ്.

കണ്ണശ്ശനും എഴുത്തച്ഛനും മുതൽ കുഞ്ഞിക്കുട്ടൻ തമ്പുരാനും വിദ്വാൻ പ്രകാശവും വരെയുള്ളവർ മഹാഭാരതത്തെ പരിഭാഷപ്പെടുത്തിയിട്ടുള്ള മലയാളത്തിലെ അവസ്ഥയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്നത്. അവിടെ പലരും മഹാഭാരതകഥയുടെ അടിസ്ഥാനഗതിപോലും മനസ്സിലാക്കുന്നത് ടിവി പരമ്പരയിൽനിന്നായിരുന്നു. കോളേജിൽ സഹപാഠിയായിരുന്ന ഹിമാചൽ പ്രദേശ്‌കാരന് സീരിയലിലെ സംശയങ്ങൾ പരിഹരിച്ചുകൊടുത്തിരുന്നത് മലയാളി മുസ്ലിമായ സഹമുറിയനായിരുന്നു എന്നത് രസകരമായ ഓർമ്മയാണ്.

മഹാഭാരത് പരമ്പരയുടെ നിലവാരത്തിലല്ലെങ്കിലും ഏറെ നിരാശപ്പെടുത്തിയ കൃതിയാണ് എം. ടിയുടെ രണ്ടാമൂഴം. വമ്പിച്ച പ്രാധാന്യത്തോടെ, നമ്പൂതിരിയുടെ ചിത്രങ്ങളുടെ സമൃദ്ധിയോടെ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചുവന്ന നോവൽ ഏറെ സ്വീകരിക്കപ്പെട്ടു, ജ്ഞാനപീഠമുൾപ്പെടെ അസംഖ്യം പുരസ്കാരങ്ങൾ നേടി. എന്നാൽ, ഒരു ടെമ്പോ വാൻ നിറയെ പുസ്തകങ്ങൾ വായിച്ചതിനുശേഷം രചിക്കപ്പെട്ടതായി പറയുന്ന ഈ കൃതി എം.ടിയുടെ തന്നെ മികച്ച നോവലുകളോടോ ചെറുകഥകളോടു പോലുമോ കിടനിൽക്കുമോ എന്ന കാര്യം സംശയമാണ്.


ഒമ്പത്


മഹാഭാരതത്തെ ഒരു മതഗ്രന്ഥമായി ചുരുക്കിക്കാണാൻ ശ്രമിക്കുന്ന സമീപനങ്ങൾ പെരുകിപ്പെരുകി വരുന്നതാണ് കാലക്രമത്തിൽ കാണാൻ കഴിയുന്നത്. ഇൻഡ്യയെ ഒരു മതരാഷ്ട്രമായി പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്ക് സമാന്തരമായിട്ടാണ് ഏറ്റവും വലിയ ഇൻഡ്യൻ ഇതിഹാസത്തെയും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

മഹാഭാരതം ഒരു അധ്യാത്മികഗ്രന്ഥമാണ് എന്ന ധാരണ ഏറെ ചെറുപ്പത്തിൽത്തന്നെ ഇല്ലാതായതാണ്. ഏറെ സങ്കീർണമായ ധർമ്മാന്വേഷണങ്ങളുടെയും ധർമ്മസങ്കടങ്ങളുടെയും ഇതിഹാസം എന്ന വിശേഷണമായിരിക്കും അതിന് ചേരുന്നതെന്നാണ് കൂടുതൽ അറിയും തോറും തോന്നിയത്.
മഹാഭാരതം മതപരമായ വ്യാഖ്യാനങ്ങളുടെ വരുതിയിൽ നിൽക്കുന്നതല്ല എന്ന ധാരണ മതത്തിൻ്റെ അധികാരകേന്ദ്രങ്ങൾക്കുണ്ടായിരുന്നു എന്നതിൻ്റെ ഒരു തെളിവാണ് ഈ പുസ്തകം വീട്ടിൽ സൂക്ഷിക്കാനും വായിക്കാനും പാടില്ല എന്ന പരമ്പരാഗതമായ വിശ്വാസം. മനുഷ്യർ പുസ്തകം വായിക്കാൻ തുടങ്ങിയാൽ തങ്ങൾ പറയുന്നതൊന്നുമല്ല അതിൽ കാണുക എന്ന് അവർ ഭയന്നിരുന്നു എന്നുവേണം കരുതാൻ. തൻ്റെയൊക്കെ ചെറുപ്പത്തിൽ വീടുകളിൽ ബൈബിൾ വായിക്കുന്നത് പുരോഹിതന്മാർ നിരുത്സാഹപ്പെടുത്തിയിരുന്നു എന്ന് സക്കറിയ ഒരിക്കൽ പറഞ്ഞത് ഓർമ്മവരുന്നു.

എന്നാൽ ഏറെക്കുറെ എല്ലാ ഹിന്ദുഭവനങ്ങളിലും കാണാവുന്ന ഒരു പുസ്തകമാണ് ഭഗവദ്ഗീത എന്ന ചെറുകൃതി. ചെറുപ്പത്തിൽത്തന്നെ ഗീത വായിക്കാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. മഹാഭാരതത്തെ വ്യാഖ്യാനിച്ച് ശരിപ്പെടുത്താൻ കഴിയാത്തവർ അതിലെ സ്വീകാര്യമായ ഒരു ചെറിയ ഭാഗം ഭഗവദ്‌ഗീതയെ എടുത്ത് അതിനെ മഹാഭാരതത്തിൻ്റെ ഹൃദയമായി മാത്രമല്ല, ഭാരതീയ തത്വചിന്തയുടെയും ആത്മീയതയുടെയും തന്നെ ഉറവിടമായും ഹിന്ദുമതത്തിൻ്റെ ആധികാരികഗ്രന്ഥമായും പ്രതിഷ്ഠിക്കുകയാണ് ചെയ്തത് എന്നാണ് ഗീതയെപ്പറ്റി തോന്നിയത്. കൃഷ്ണനും അർജുനനും എവിടെയുണ്ടോ അവിടെ ഐശ്വര്യവും വിജയവും നീതിയും ഉണ്ടാകും എന്ന ഗീതയിലെ അവസാനശ്ലോകത്തിന് നിരക്കുന്നതല്ല മഹാഭാരതകഥയുടെ പരിസമാപ്തി.

ഖുർ-ആനും ബൈബിളും പോലെ ഒരൊറ്റ വിശുദ്ധപുസ്തകത്തെ കേന്ദ്രമാക്കിക്കൊണ്ട് ഭാരതീയതയെ മുഴുവൻ ഒരൊറ്റ ഹിന്ദുമതമായി ചുരുക്കിയെടുക്കാനുള്ള ശ്രമം ബ്രിട്ടീഷ് ഭരണാധികാരികളെ മുതൽ ഹിന്ദുദേശീയവാദികളെ വരെ ഏറെ മോഹിപ്പിച്ചിരുന്നു. ബഹുമുഖവും ബഹുസ്വരവുമായ ഭാരതീയ സംസ്കാരങ്ങളെ മുഴുവൻ വൈദിക-ബ്രാഹ്മണിക-സംസ്കൃത പാരമ്പര്യം മാത്രമായി ചുരുക്കുകയും അതിനെ വീണ്ടും ഒരൊറ്റ പുസ്തകവുമായി ചുരുക്കുകയും ചെയ്താൻ ഭരിക്കാൻ എത്ര എളുപ്പമായി!

ഗീതയുടെ വമ്പിച്ച പ്രചാരത്തിന് കാരണം എന്തായിരിക്കാം എന്നതിനെപ്പറ്റി എൻ. ഇ. ബാലറാം ഒരിക്കൽ എഴുതിയത് ഓർമ്മയുണ്ട്. വളരെ അവ്യക്തവും ഏറെ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുന്നതുമാണ് ഗീതാവാക്യങ്ങൾ. നൂറുകണക്കിന് പേജുകൾ നീണ്ടുനിൽക്കുന്ന വ്യാഖ്യാനങ്ങളായും ആഴ്ചകൾ നീണ്ടുനിൽക്കുന്ന ജ്ഞാനയജ്ഞങ്ങളായും ഗീത വളരുന്നതുകാണുമ്പോൾ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. ഗാന്ധിയും ഗോഡ്‌സേയും എപ്പോഴും കൈയിൽ കൊണ്ടുനടന്നിരുന്ന പുസ്തകമായിരുന്നു ഗീത എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മഹാഭാരതം കുറിപ്പുകൾ 4-6

നാല്
പ്രക്ഷിപ്തം എന്ന വാക്ക് ആദ്യമായി കാണുന്നത് കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിലാണ്. 'പിൽക്കാലത്ത് കൂട്ടിച്ചേർത്തത്' എന്നാണ് ആ വാക്കിന് അർത്ഥം. പാഞ്ചാലിയുടെ അക്ഷയപാത്രത്തിൻ്റെ കഥ, വസ്ത്രാക്ഷേപത്തിൻ്റെ സമയത്ത് കൃഷ്ണൻ്റെ ഇടപെടൽ തുടങ്ങിയ പ്രസിദ്ധമായ ഭാഗങ്ങൾ മാരാർ പ്രക്ഷിപ്തമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ട്.

പ്രക്ഷിപ്തഭാഗങ്ങൾ ഏതൊക്കെ എന്ന് നിർണയിക്കുന്നതിന് മാത്രമല്ല, തൻ്റെ പഠനങ്ങൾക്കുതന്നെ ആധാരമായി മാരാർ സ്വീകരിച്ച മഹാഭാരതപാഠം പൂനെയിലെ ഭണ്ഡാർക്കർ ഓറിയൻ്റൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (BORI) എന്നൊരു സ്ഥാപനം പ്രസിദ്ധീകരിച്ചതാണ്. സംശോധിതപാഠം (ക്രിട്ടിക്കൽ എഡിഷൻ) എന്ന് അറിയപ്പെടുന്ന ഈ പാഠം ലോകത്തിലെത്തന്നെ ഏറ്റവും വലിയൊരു സാംസ്കാരികപരിശ്രമത്തിൻ്റെ പരിണതഫലമാണ്. 1919ൽ തുടങ്ങി, 1966ൽ മാത്രം പൂർത്തിയായ പദ്ധതിയുടെ ഫലമായി 15000ലധികം പുറങ്ങളിൽ, പത്തൊമ്പത് വോള്യങ്ങളായിട്ടാണ് സംശോധിതപാഠം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1200 ലധികം കൈയെഴുത്തു പ്രതികളാണ് ഇതിനുവേണ്ടി ഗവേഷകർ പരിശോധിച്ചത്.

സംശോധിതപാഠം പദ്ധതിയുടെ ഉപജ്ഞാതാവും മാർഗനിർദേശകനും ആയിരുന്നത് വി. എസ്. സുക്‌ഥങ്കർ എന്ന പണ്ഡിതനാണ്. കെയിംബ്രിജ്ജിലും എഡിൻബറോ സർവകലാശാലയിലും ഗണിതം പഠിച്ച അദ്ദേഹം പിന്നീട് ഇൻഡ്യൻ പഠനങ്ങളിൽ ആകൃഷ്ടനാകുകയും ജെർമനിയിൽ വിഖ്യാതരായ പണ്ഡിതരുടെ കീഴിൽ ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്തു. 1925ൽ മഹാഭാരതം പദ്ധതിയുടെ ജെനറൽ എഡിറ്റർ ആയി സ്ഥാനമേറ്റ അദ്ദേഹം 1943ൽ മരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.

1948ൽ ഭാരതപര്യടനം പ്രസിദ്ധീകരിക്കുമ്പോൾ സംശോധിതപാഠം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുപോലും ഇല്ലായിരുന്നു. തൻ്റെ പഠനത്തിന് ആധാരമായി ഏതെങ്കിലും പരമ്പരാഗതപാഠത്തെ സ്വീകരിക്കാതെ ഏറ്റവും പുതിയതിനെത്തന്നെ ആശ്രയിച്ചതിൽനിന്ന് മാരാരുടെ ഉല്പതിഷ്ണുത്വമാണ് വെളിവാകുന്നത്.

സംശോധിതപാഠം എന്ന ഒരു പാഠത്തെക്കുറിച്ചുള്ള അറിവ് മഹാഭാരതത്തെ സംബന്ധിച്ച ഒരു വലിയ പ്രതീക്ഷയാണ് തന്നത്. വ്യാസൻ രചിച്ച, പിൽക്കാലത്ത് വിവിധതാല്പര്യങ്ങളോടെ പലർ നടത്തിയ കൂട്ടിച്ചേർക്കലുകൾ അഴിച്ചുമാറ്റി ശുദ്ധീകരിച്ച, ഒരു പാഠം കണ്ടെത്തപ്പെട്ടിട്ടുണ്ടെന്നും എന്നെങ്കിലും അത് വായിക്കാൻ കഴിയും എന്നും ഉള്ള പ്രതീക്ഷ.

അഞ്ച്ഭാരതപര്യടനം വായിക്കാൻ തന്ന സുഹൃത്തിൻ്റെ കൈയിൽനിന്നു തന്നെയാണ് ഇരാവതി കാർവേയുടെ ‘മഹാഭാരതപഠനങ്ങൾ’ എന്ന പുസ്തകവും കിട്ടിയത്. (മറാഠിയിലും ഇംഗ്ലീഷിലും ഇതിന് യുഗാന്ത എന്നാണ് പേര്).
മഹാഭാരതത്തിന് ജയം എന്ന പേരിൽ ഒരു പൂർവരൂപം ഉണ്ടായിരുന്നു എന്ന അറിവ് ആദ്യമായി കിട്ടുന്നത് ഈ പുസ്തകത്തിൽനിന്നാണ്. അതുപോലെതന്നെ, ധർമ്മപുത്രരുടെ ജനയിതാവ് (ധർമ്മദേവൻ്റെ അവതാരമെന്ന് കരുതപ്പെടുന്ന) വിദുരരും കർണൻ്റെ പിതാവ് ദുർവാസാവ് മഹർഷി ആയിരുന്നിരിക്കാം എന്ന നിഗമനവും അതിലുണ്ട്. രണ്ടാമൂഴത്തിലേക്ക് ഇതേ ആശയം കടന്നുവന്നത് കാർവേയിൽനിന്നാണ് എന്ന് എം. ടി. പറഞ്ഞിട്ടുണ്ട്.

മഹാഭാരതകാലത്ത് വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം ആയിട്ടല്ല, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധമായിട്ടാണ് സമൂഹം പരിഗണിച്ചിരുന്നത് എന്നും കാർവേ നിരീക്ഷിച്ചിട്ടുണ്ട്. പ്രണയം എന്ന സങ്കല്പത്തിന് മഹാഭാരതത്തിൽ സ്ഥാനമില്ല. നരവംശശാസ്ത്രജ്ഞയായ ലേഖികയുടെ ഈ നിരീക്ഷണം മൂല്യങ്ങളുടെ ചരിത്രനിഷ്ഠതയെപ്പറ്റിയുള്ള ഒരു വെളിപാടായിരുന്നു എന്ന് ഓർമ്മിക്കുന്നു.


ആറ്


മഹാഭാരതത്തെ അടിസ്ഥാനമാക്കി പീറ്റർ ബ്രൂക്ക് നടത്തിയ രംഗാവതരണം ഫ്രാൻസിൽ അരങ്ങേറിയത് 1985ലാണ്. ലോകശക്തികൾ തമ്മിൽ ആണവയുദ്ധഭീഷണി നിലനിന്നിരുന്ന ആ കാലത്ത് യുദ്ധത്തിൻ്റെ അനന്തരഫലങ്ങളെപ്പറ്റിയുള്ള ഒരു പരിചിന്തനമാണ് ബ്രൂക്ക് ഭാരതകഥയിൽ കണ്ടെടുത്തത്. ഗർഭസ്ഥനായ ശിശുവിനെപ്പോലും ലക്ഷ്യംവെക്കുന്ന അശ്വത്ഥാമാവിൻ്റെ ബ്രഹ്മാസ്ത്രപ്രയോഗത്തിനെ അണ്വായുധദുരന്തത്തിൻ്റെ പ്രതീതികളുണർത്തും വിധമാണ് അവതരിപ്പിച്ചത്. നാടകം കണ്ട മറാഠി സംവിധായിക വിജയാ മെഹ്ത്ത ഒരു ജേർണലിൽ അതെപ്പറ്റി എഴുതിയത് കൊല്ലം പബ്ലിക്ക് ലൈബ്രറിയുടെ മനോഹരവും ശാന്തവുമായ കെട്ടിടത്തിൽ ഇരുന്ന് വായിച്ചത് ഓർമ്മയുണ്ട്. വായനക്കാരിൽ നാടകം കണ്ട ഫലം ഉളവാക്കുന്ന എഴുത്തായിരുന്നു മെഹ്ത്തയുടേത്. കർണ്ണൻ്റെ മരണരംഗത്തിൻ്റെ വർണനയൊക്കെ ഇപ്പോഴും ഓർമ്മയുണ്ട്.

വിവിധ രാജ്യങ്ങളിൽനിന്നുള്ള നടീനടന്മാർ പങ്കെടുത്ത അവതരണമായിരുന്നു പീറ്റർ ബ്രൂക്കിൻ്റേത്. പാഞ്ചാലിയായി അഭിനയിച്ച മല്ലികാ സാരാഭായി ആയിരുന്നു ഇൻഡ്യയിൽനിന്നുള്ള മുഖ്യനടി.വ്യത്യസ്ത നരവംശങ്ങളിൽനിന്നും വ്യത്യസ്ത സാംസ്കാരികപാരമ്പര്യങ്ങളിൽനിന്നും വന്ന അഭിനേതാക്കളെ ഉൾക്കൊള്ളിച്ചതിലൂടെ മഹാഭാരതകഥയെ സാർവലൗകികമാക്കുകയാണ് ചെയ്തത് എന്നാണ് പാശ്ചാത്യനിരൂപകർ അഭിപ്രായപ്പെട്ടതെങ്കിലും ഇൻഡ്യയിലെ നിരൂപകർക്ക് അത് അത്ര പഥ്യമായില്ല. കുന്തി ഇരിക്കുന്നത് ഇൻഡ്യൻ സ്ത്രീകൾ ഇരിക്കുന്നതുപോലെയല്ല എന്നും ഭീമനായി അഭിനയിച്ചത് കറുത്ത വർഗക്കാരൻ (നീഗ്രോ എന്നാണ് ഉപയോഗിച്ച വാക്ക്) ആകേണ്ടായിരുന്നു എന്നുമൊക്കെ പരാതികൾ ഉണ്ടായി.

പീറ്റർ ബ്രൂക്ക് പിൽക്കാലത്ത് തൻ്റെ നാടകം ടെലിവിഷനുവേണ്ടി രൂപാന്തരം ചെയ്തിരുന്നു. വർഷങ്ങൾക്കുശേഷം അത് കാണാൻ കഴിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. നാടകത്തിനും ടെലിഫിലിമിനും ഇടയിലെവിടെയോ പെട്ടുപോയ, ഫ്രാൻസിലെ പാറമടയിൽ ഒരുക്കിയ വേദിയുടെ ഗാംഭീര്യം ആവാഹിക്കാൻ കഴിയാതെപോയ ഒരു ഉദ്യമമായിരുന്നു അത്.


<< കടലാസുകപ്പൽ

മഹാഭാരതം കുറിപ്പുകൾ 1-3

ഒന്ന്


മഹാഭാരതത്തെക്കുറിച്ച് എ. കെ. രാമാനുജൻ്റെ ഒരു നിരീക്ഷണം ഏറെ പ്രസിദ്ധമാണ്. ഒരു ഇൻഡ്യക്കാരന് ഈ കൃതി ആദ്യമായി വായിക്കുക സാധ്യമല്ല. നാം പിറന്നുവീഴുന്നതുതന്നെ മഹാഭാരതസംസ്കാരത്തിൻ്റെ നടുവിലേക്കാണ്.
ഇൻഡ്യക്കാരായി ജനിക്കുകയോ വളരുകയോ ചെയ്ത ആരുടെ കാര്യത്തിലും ഇത് സത്യമാണ്. നമുക്ക് ഓരോരുത്തർക്കും മഹാഭാരതസംബന്ധിയായ അസംഖ്യം ഓർമ്മകളും ചിന്തകളും ഉണ്ട്. അവയിൽ എൻ്റേത് ചിലത് കുറിച്ചുവെക്കാൻ ശ്രമിക്കുകയാണ് ഇവിടെ.

പാണ്ഡവരുടെയും കൗരവരുടെയും കഥകൾ എന്നാണ് കേട്ടുതുടങ്ങിയതെന്നോ വായിച്ച് തുടങ്ങിയതെന്നോ ആരാണ് പറഞ്ഞുതന്നതെന്നോ ഓർമ്മയില്ല. ആദ്യമായി വായിച്ച അമർ ചിത്രകഥകളിലൊന്ന് "പഞ്ചപാണ്ഡവന്മാർ" ആയിരുന്നു. വായിച്ച് വായിച്ച് താളുകൾ ഇളകിയ ആ സമ്മാനപ്പുസ്തകം ഇപ്പോഴും സൂക്ഷിപ്പിലുണ്ട്. പ്രിയപ്പെട്ട ബാലസാഹിത്യകാരനായ മാലിയുടെ മാലിഭാരതമായിരുന്നു മറ്റൊന്ന്.

സ്കൂളിൽ പലപ്പോഴായി മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള ധാരാളം പാഠങ്ങൾ പഠിച്ചു. കാക്കകളുടെയും മൂങ്ങകളുടെയും കഥ, ഘോഷയാത്ര തുള്ളൽക്കഥയിൽ നിന്നുള്ള തോറ്റോടിയ പട, ഖാണ്ഡവവനം ദഹിപ്പിക്കുമ്പോൾ അതിൽ പെട്ടുപോയ പക്ഷിയുടെ വിലാപം, കുഞ്ചൻ നമ്പ്യാരുടെ പതിന്നാലുവൃത്തത്തിൽനിന്നുള്ള ഭഗവദ്ദൂത്, കീചകവധം ആട്ടക്കഥയിൽനിന്നുള്ള ദണ്ഡകം, ദ്യൂതം നാടകം, ഗാന്ധാരീവിലാപം, കുട്ടികൃഷ്ണമാരാരുടെ അർജുനവിഷാദയോഗം എന്നിങ്ങനെയുള്ള പാഠങ്ങളിലൂടെ, അവ പഠിപ്പിച്ച അധ്യാപകർ പകർന്നുതന്ന ഉൾക്കാഴ്ചകളിലൂടെ മഹാഭാരതബോധം വളർന്നു. മഹാഭാരതം എന്നും ശ്രീമദ് ഭഗവദ്‌ഗീത എന്നും മറ്റും പേരുള്ള സിനിമകൾ കണ്ടതായി ഓർമ്മയുണ്ട്. ദുര്യോധനവധവും സൈന്ധവവധവും കല്യാണസൗഗന്ധികവും കർണശപഥവും കഥകളികൾ കണ്ടു. ഓട്ടൻ തുള്ളൽ കണ്ടു. കൂത്തും പാഠകവും കേട്ടു. കെടാമംഗലം സദാനന്ദൻ്റെ കർണൻ കഥാപ്രസംഗം കേട്ടു. അമർ ചിത്രകഥകളിൽ നിന്ന് ഖാണ്ഡേക്കറുടെ യയാതിയിലേക്ക് മുതിർന്നു.

ഇക്കാലമത്രയും മഹാഭാരതത്തെക്കുറിച്ചുള്ള ധാരണ എന്നെങ്കിലുമൊരിക്കൽ വായിക്കേണ്ട ഒരു പുസ്തകം എന്നായിരുന്നു. കേൾക്കുന്ന കഥകളും ദൃശ്യ, സാഹിത്യ കൃതികളുമൊക്കെയായി ചുറ്റും നിറഞ്ഞുനിൽക്കുന്നത് അതിൻ്റെ കായ്‌ഫലങ്ങൾ മാത്രമാണെന്നും മൂലവൃക്ഷം ദൂരെ, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഒരിടത്ത് നില്പുണ്ട് എന്നുമായിരുന്നു. കുഞ്ഞിക്കുട്ടൻ തമ്പുരാനെക്കുറിച്ചുള്ള പാഠം പഠിച്ചപ്പോൾ മലയാളത്തിൽ വായിക്കാൻ കഴിയും എന്നറിഞ്ഞ് ആശ്വസിച്ചു. വിദ്വാൻ കെ. പ്രകാശത്തിൻ്റെ ഗദ്യതർജ്ജമ അമ്മാവൻ്റെ കൈയിൽ കണ്ടു.

ഏത് കുട്ടിയെയും പിടിച്ചുവലിച്ച് കൊണ്ടുപോകുന്ന മഹാഭാരത കഥയുടെ ആദ്യത്തെ ആകർഷണം അഞ്ച് സഹോദരന്മാർ നൂറു പേർക്കെതിരെ യുദ്ധംചെയ്ത് ജയിക്കുന്നതാണ് എന്ന് തോന്നുന്നു. സാർവലൗകീകവും സാർവകാലീനവുമായ ഒരു കുടുംബകഥ.

രണ്ട്


കോളേജിൽ പഠിക്കുമ്പോൾ ഒരു സുഹൃത്ത് വായിക്കാൻ തന്ന കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനമാണ് മഹാഭാരതത്തെക്കുറിച്ചുള്ള അവബോധത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. മഹാഭാരതത്തിലെ പ്രധാനമെന്നും അപ്രധാനമെന്നും കരുതപ്പെടുന്ന ചില സന്ദർഭങ്ങൾ അടർത്തിയെടുത്ത്, അവയെ വിശകലനം ചെയ്ത്, മഹാഭാരതത്തിൻ്റെ മൊത്തത്തിലുള്ള പ്രമേയം എന്താണ് എന്ന് അന്വേഷിക്കുന്ന കുറെ ഉപന്യാസങ്ങളാണ് ഇതിൽ. ഓരോന്നും ചിന്തോദ്ദീപകം.

‘നേശേ ബലസ്യേതി ചരേതദധർമ്മം’ എന്ന മഹാഭാരതവാക്യത്തെ “ബലമില്ല എന്ന് സ്വയം കരുതുന്നതുകൊണ്ടാണ് നാം അധർമം ചെയ്യുന്നത്” എന്നാണ് മാരാർ വ്യാഖ്യാനിച്ചത്. ആ തലക്കെട്ടിലുള്ള ലേഖനം വർഷങ്ങളോളം എൻ്റെ ധർമ്മചിന്തയെ രൂപപ്പെടുത്തി എന്നു പറഞ്ഞാൽ അതിശയോക്തിയായിരിക്കില്ല.

ഏറെ വർഷങ്ങൾക്കുശേഷം ഈയിടെയാണ് ആ വാക്യത്തിന് മാരാർ പറഞ്ഞതല്ല മുൻകാലങ്ങളിൽ പറഞ്ഞുവന്നിരുന്ന അർത്ഥം എന്ന് മനസ്സിലാക്കിയത്. “ബലമുണ്ട് എന്ന് കരുതി അധർമം ചെയ്യരുത്” എന്നാണത്രെ അതിന് പൊതുവെ അംഗീകരിച്ചിട്ടുള്ള അർത്ഥം.

ഇതിൽനിന്ന് മനസ്സിലാക്കാവുന്നതുപോലെ മാരാരുടെ നിരീക്ഷണങ്ങൾ അന്നോളമുള്ള യാഥാസ്ഥിതിക സമീപനങ്ങൾക്കെതിരെയാണ് നിലകൊണ്ടത്. മലയാളിയുടെ മഹാഭാരതബോധത്തെത്തന്നെ മാരാർ പൊളിച്ചെഴുതിയെങ്കിലും യാഥാസ്ഥിതികപക്ഷം അതിനെതിരായ ആക്രമണങ്ങൾ തുടർന്നുപോന്നു. “മഹാഭാരതത്തിൽ ധർമ്മം ഉള്ളേടത്തെല്ലാം അധർമ്മവും തിരിച്ചും കണ്ടെത്തിയ കൃതി” എന്നോ മറ്റോ ആണ് പിൽക്കാലത്ത് സാഹിത്യവാരഫലം എം. കൃഷ്ണൻനായർ ഭാരതപര്യടനത്തെ പരിഹസിച്ചത്.
മൂന്ന്

 കോളേജിൽ പഠിക്കുമ്പോൾ ഒരു സുഹൃത്ത് വായിക്കാൻ തന്ന കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനമാണ് മഹാഭാരതത്തെക്കുറിച്ചുള്ള അവബോധത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. മഹാഭാരതത്തിലെ പ്രധാനമെന്നും അപ്രധാനമെന്നും കരുതപ്പെടുന്ന ചില സന്ദർഭങ്ങൾ അടർത്തിയെടുത്ത്, അവയെ വിശകലനം ചെയ്ത്, മഹാഭാരതത്തിൻ്റെ മൊത്തത്തിലുള്ള പ്രമേയം എന്താണ് എന്ന് അന്വേഷിക്കുന്ന കുറെ ഉപന്യാസങ്ങളാണ് ഇതിൽ. ഓരോന്നും ചിന്തോദ്ദീപകം.

‘നേശേ ബലസ്യേതി ചരേതദധർമ്മം’ എന്ന മഹാഭാരതവാക്യത്തെ “ബലമില്ല എന്ന് സ്വയം കരുതുന്നതുകൊണ്ടാണ് നാം അധർമം ചെയ്യുന്നത്” എന്നാണ് മാരാർ വ്യാഖ്യാനിച്ചത്. ആ തലക്കെട്ടിലുള്ള ലേഖനം വർഷങ്ങളോളം എൻ്റെ ധർമ്മചിന്തയെ രൂപപ്പെടുത്തി എന്നു പറഞ്ഞാൽ അതിശയോക്തിയായിരിക്കില്ല.

ഏറെ വർഷങ്ങൾക്കുശേഷം ഈയിടെയാണ് ആ വാക്യത്തിന് മാരാർ പറഞ്ഞതല്ല മുൻകാലങ്ങളിൽ പറഞ്ഞുവന്നിരുന്ന അർത്ഥം എന്ന് മനസ്സിലാക്കിയത്. “ബലമുണ്ട് എന്ന് കരുതി അധർമം ചെയ്യരുത്” എന്നാണത്രെ അതിന് പൊതുവെ അംഗീകരിച്ചിട്ടുള്ള അർത്ഥം.

ഇതിൽനിന്ന് മനസ്സിലാക്കാവുന്നതുപോലെ മാരാരുടെ നിരീക്ഷണങ്ങൾ അന്നോളമുള്ള യാഥാസ്ഥിതിക സമീപനങ്ങൾക്കെതിരെയാണ് നിലകൊണ്ടത്. മലയാളിയുടെ മഹാഭാരതബോധത്തെത്തന്നെ മാരാർ പൊളിച്ചെഴുതിയെങ്കിലും യാഥാസ്ഥിതികപക്ഷം അതിനെതിരായ ആക്രമണങ്ങൾ തുടർന്നുപോന്നു. “മഹാഭാരതത്തിൽ ധർമ്മം ഉള്ളേടത്തെല്ലാം അധർമ്മവും തിരിച്ചും കണ്ടെത്തിയ കൃതി” എന്നോ മറ്റോ ആണ് പിൽക്കാലത്ത് സാഹിത്യവാരഫലം എം. കൃഷ്ണൻനായർ ഭാരതപര്യടനത്തെ പരിഹസിച്ചത്.

<< കടലാസുകപ്പൽ