Wednesday, September 23, 2009

faയോടൊപ്പം ആരുണ്ട്‌?

രാസമൂലകങ്ങളുടെ ആവർത്തനപ്പട്ടിക ഇന്നു നാം കാണുന്ന രൂപത്തിലായത്‌ ഏറെക്കാലത്തെ പരിണാമത്തിലൂടെയാണത്രേ. ഭാഷയിലെ ശബ്ദങ്ങളുടെ ആവർത്തനപ്പട്ടികയെന്നു വിളിക്കാവുന്ന അക്ഷരമാലയും അത്തരമൊരു പരിണാമത്തിനു വഴങ്ങുമോ? അതോ അത്തരമൊരു ശ്രമം ലിപിപരിഷ്കരണം പോലെ ഭാഷയുടെ മരണത്തിലേക്കു നയിക്കുമെന്ന് അഭിപ്രായമുള്ളവരുണ്ടാകുമോ?

നാം പരിചയിച്ചിരിക്കുന്ന മലയാളം അക്ഷരമാല സംസ്കൃതത്തിൽ നിന്ന്, മറ്റു മിക്ക ഭാരതീയഭാഷകളെയും പോലെ സ്വീകരിച്ചിട്ടുള്ളതാണ്‌. വ്യഞ്ജനങ്ങളുടെ ക്രമം നാം പഠിച്ചിട്ടുള്ളത്‌ ഇങ്ങനെയാണ്‌

ഖരംഅതിഖരംമൃദുഘോഷംഅനുനാസികം
കവർഗ്ഗം
ചവർഗ്ഗം
ടവർഗ്ഗം
തവർഗ്ഗം
പവർഗ്ഗം


ഇതിൽ ശ മുതലുള്ള നാലക്ഷരങ്ങളെ (ഊഷ്മാക്കൾ) വർഗ്ഗാക്ഷരങ്ങളുടെ കൂടെ കുടിയിരുത്താൻ കഴിയില്ലേ? (ഒന്ന് ഉറക്കെ വായിച്ചു നോക്കൂ) അങ്ങനെ വരുമ്പോൾ പവർഗ്ഗത്തിലെ ഒരു സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതു കാണുകയില്ലേ? അവിടെ ഇരിക്കേണ്ടവനല്ലേ നമ്മളൊക്കെ പുച്ഛിച്ചു തള്ളിയിരിക്കുന്ന fa?


ഖരംഅതിഖരംമൃദുഘോഷംഅനുനാസികംഊഷ്മാവ്
കവർഗ്ഗം
ചവർഗ്ഗം
ടവർഗ്ഗം
തവർഗ്ഗം
പവർഗ്ഗംfa


അറിയപ്പെടാത്തവയ്ക്കും തമസ്കരിക്കപ്പെട്ടവയ്ക്കും പാർശ്വവത്കരിക്കപ്പെട്ടവയ്ക്കും സംസ്കാരങ്ങളിൽ അർഹതപ്പെട്ട ഇടം നേടിക്കൊടുക്കണമെന്ന വാദങ്ങളുടെ കാലത്ത്‌ faയെ അക്ഷരമാലയിൽ കുടിയിരുത്താൻ വാദിക്കാനും ആളുണ്ടാവുമോ? അറുകൊലചെയ്യപ്പെട്ടവരുടെ ആത്മാവുകൾ ശരീരമുള്ളവരെ ബാധിക്കുമെന്നു പറയുന്നതുപോലെ എന്നോ എങ്ങനെയോ കശാപ്പുചെയ്യപ്പെട്ടതുകൊണ്ടായിരിക്കുമോ fa ഫയുടെ മേൽ ബാധ കൂടുന്നത്‌?


<< തോന്നിയവാസം

Saturday, September 19, 2009

ഝാർഖണ്ഡിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്‌

ഝയെ ഓർമ്മയില്ലേ? മൈഥിലി ഭാഷ പറഞ്ഞ്‌, എരുമപ്പാലു കുടിച്ച്‌ ബിഹാറിലെങ്ങാണ്ടു കിടന്ന ഏതോ ഝായുടെ കാര്യമല്ല, നമ്മുടെ സ്വന്തം ഝ എന്ന അക്ഷരം. ചവർഗ്ഗത്തിലെ ഘോഷം. എന്തായിരുന്നു ഒരു പ്രതാപം! ഝഷകേതനൻ കൊടികുത്തിവാണിരുന്ന മണിപ്രവാളകാലത്ത്‌ ഝടിതി ഝണഝണക്വാണം മുഴക്കാൻ കവികൾ നിരന്തരം ഝയെ ആശ്രയിച്ചിരുന്നു. ചങ്ങമ്പുഴക്കാലത്തെ സംഗീതനിർഝരിയിൽ ഝല്ലീഝംകാരമുതിർത്തവരും തേടിയെത്തിയതു ഝയെ തന്നെയായിരുന്നു. നീലകണ്ഠൻ പരമാരയുടെ ഝംഝാരവൻ എന്ന കുറ്റാന്വേഷണനോവൽ വായിച്ചു കിടിലംകൊണ്ടിരുന്നു ഒരുകാലത്തെ വായനക്കാരെല്ലാം.

ഝയുടെ കഷ്ടകാലം തുടങ്ങിയതു പുതിയലിപിയോടെയാണെന്നു തോന്നുന്നു. അക്ഷരശൂന്യന്മാരായ ചില അച്ചുനിരത്തലുകാർ ഈ അക്ഷരം കണ്ട്‌ തയും ധയും ചേർന്ന കൂട്ടക്ഷരമാണെന്നു കരുതി ത്‌ധ എന്നെഴുതാൻ തുടങ്ങിയതോടെ, അനഭിമതനായ ഒരു ഐ. എ. എസ്സുകാരനെപ്പോലെ ഈ അച്ച്‌ ഒരു മൂലക്കു കിടന്നു ക്ലാവുപിടിച്ചുതുടങ്ങിയിരുന്നു.

അപ്പോഴും ഝ കരുതിയിരുന്നു. അക്ഷരമാലയിൽനിന്നു പുറത്താക്കാൻ ആർക്കും കഴിയില്ലല്ലോ. എന്നിട്ടും, കാണെക്കാണെ, ഝാൻസിറാണി നാടുനീങ്ങി, ഝലം ശത്രുരാജ്യത്തായി. ഒടുക്കം ഝാർഖണ്ഡിനു സംസ്ഥാനപദവികിട്ടിയപ്പോൾ ഏറ്റവും സന്തോഷിച്ച മലയാളി ഝ ആയിരുന്നിരിക്കണം. ഇനി എന്തു ചെയ്യുമെന്നു കാണണമല്ലോ?

അതും നടന്നില്ല. സസ്പെൻഷൻ കഴിഞ്ഞിട്ടും സർവീസിൽ കയറാൻ അനുവാദം കിട്ടാതെ വീട്ടിലിരിക്കുന്ന ഉദ്യോഗസ്ഥനെപ്പോലെ ഝ ഇന്നും പുറത്തുതന്നെ. വിവിധ കൊലക്കേസുകളും അഴിമതികളും ഗൂഢാലോചനകളും അന്വേഷിക്കുന്നതിലെല്ലാം അഭിപ്രായവ്യത്യാസമുള്ള പത്രങ്ങൾ, മാതൃഭൂമിയും മനോരമയും ദീപികയും കേരളകൗമുദിയും ദേശാഭിമാനിയുമെല്ലാം ഝയോടുള്ള നീതികേടിൽ ഒറ്റക്കെട്ടാണ്‌.








പ്രതീക്ഷയ്ക്കു വകയുണ്ടെങ്കിൽ അതു മാധ്യമത്തിലും ഏതാനും ഓൺലൈൻ പത്രങ്ങളിലുമാണ്‌. ഝയെ അറിയുന്ന അവർ ആയിക്കൂടെന്നില്ലല്ലോ നാളത്തെ വാർത്താമാധ്യമങ്ങൾ.








നാളെ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി ഝുംപാ ലാഹിരിയും പ്രിയരാഗം ഝാലവരാളിയുമായിത്തീർന്നാലോ?

<< തോന്നിയവാസം