Monday, September 24, 2007

ഭുവനേശ്വര്‍


ഭുവനേശ്വര്‍ എന്ന ചെറുകഥ2007 സെപ്റ്റംബര്‍ 16ന്റെ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചു.
മഴക്കാറു നിറഞ്ഞ ഒരു വരണ്ട രാത്രിയ്ക്കു താഴെക്കൂടി ഒരു തീവണ്ടി അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. അങ്ങിങ്ങായി പാറക്കെട്ടുകള്‍ ഉയര്‍ന്നുനിന്ന തരിശുഭൂമികള്‍ക്കു നടുവിലൂടെ, ദിവസങ്ങള്‍ നീണ്ടുനിന്ന യാത്രയ്ക്കുവേണ്ടി ഒരുമിച്ച ഒരാള്‍ക്കൂട്ടത്തെ ലോഹപ്പെട്ടികളിലടച്ചു പേറിക്കൊണ്ടു തീവണ്ടിയോടി. അതില്‍ വിജയന്‍ എന്നു പേരായ ഇരുപതു വയസ്സുകാരനായ ഒരു യുവാവുമുണ്ടായിരുന്നു. അയാള്‍ ഈയിടെക്കഴിഞ്ഞ തന്റെ പരീക്ഷകളെക്കുറിച്ചും നാട്ടിലെ സുഹൃത്തുക്കളെക്കുറിച്ചും ഭുവനേശ്വറില്‍ തന്റെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാനിരിക്കുന്ന വരുംകൊല്ലങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ട്‌ മുകളിലൊരു ബെര്‍ത്തില്‍ കിടന്ന് ഉറക്കമായി.

തെളിഞ്ഞ നീലവെള്ളം പോലെ തന്റെ മേല്‍ ഓളം വെട്ടുന്ന നിദ്രയിലാണ്ടു വിജയന്‍ കിടക്കുമ്പോള്‍, ആകാശത്തു കാറൊഴിഞ്ഞതും നിലാവു വഴിഞ്ഞതും അയാളറിഞ്ഞില്ല. ട്രെയിനിന്റെ മേല്‍ക്കൂര ആകാശം മറച്ച്‌ വിജയന്റെ മേല്‍ കാവല്‍ നിന്നു. പടര്‍ന്നു പന്തലിച്ച ഒറ്റമരങ്ങള്‍ക്കു താഴെ, വള്ളിച്ചെടികള്‍ പടര്‍ത്തിയ കാവല്‍മാടങ്ങള്‍ക്കു പുറത്ത്‌, വര്‍ണ്ണവിളക്കുകള്‍ വീശി കാവല്‍ക്കാര്‍ ലെവല്‍ക്രോസിങ്ങുകളിലൂടെ തീവണ്ടിയെ നയിച്ചു. നിലാവിന്റെ സ്പര്‍ശനത്താല്‍ വെള്ളിയായി മാറിയ പാടശേഖരങ്ങള്‍ക്കു നടുവിലൂടെ, നിരയായി നിന്ന മരങ്ങള്‍ക്കുതാഴെ ഇരുട്ടില്‍ മുങ്ങിക്കിടന്ന കൊച്ചു തീവണ്ടിയാപ്പീസുകളിലൂടെ, പിണഞ്ഞുചേരുകയും പിളര്‍ന്നകലുകയും ചെയ്ത പാളങ്ങളില്‍ തീവണ്ടിയോടി. അപ്പോള്‍ നിശാദീപങ്ങളുടെ ഒരു നഗരം, ഉറങ്ങുന്നവരുടെ ആ വണ്ടിയെ ഇരുട്ടിലൊഴുകുന്ന ഒരു യാനപാത്രത്തെയെന്നപോലെ സമീപിച്ചു.

ചലനമറ്റു നിന്നു കിതച്ച തീവണ്ടിയ്ക്കുപുറത്തുനിന്ന് തടാകത്തിനടിയിലേക്കു വെള്ളത്തിനു പുറത്തുനിന്നെന്നപോലെ സ്റ്റേഷന്റെ മുഴങ്ങുന്ന ഒച്ചകള്‍ വിജയന്റെ ഉറക്കത്തിലേക്കു കടന്നുവന്നു. ഭുവനേശ്വര്‍ എന്ന വാക്ക്‌ അയാളെ ഉണര്‍ത്തി. വാരിയെടുത്ത സഞ്ചികളുമായി തിരക്കിട്ടു പുറത്തു കടന്ന അയാളെ അച്ഛന്‍ ആശ്ലേഷിച്ചു കൂട്ടിക്കൊണ്ടുപോയി. വീണ്ടും വീണ്ടും പരസ്പരം ഛേദിക്കുന്ന തെരുവുകളിലൂടെയോടിയ കാറില്‍, വര്‍ണ്ണങ്ങളും വെളിച്ചങ്ങളും ആള്‍ത്തിരക്കും വാഹനങ്ങളും വഴിവാണിഭവും ചുഴികുത്തിയ തെരുവുകള്‍ കടന്ന് അവര്‍ വീട്ടിലേക്കുപോയി.

മുപ്പതുവര്‍ഷത്തോളം വിജയന്‍ ആ വീട്ടില്‍ പാര്‍ത്തു. അയാള്‍ ജോലിചെയ്യുകയും വിവാഹിതനാവുകയും കുട്ടികളെ വളര്‍ത്തുകയും സുഹൃത്തുക്കളെ നേടുകയും മാതാപിതാക്കളെ ശുശ്രൂഷിക്കുകയും ചെയ്തു.

തന്റെ അമ്പതാം വയസ്സിലൊരിക്കല്‍ ഒരു ശിശിരകാലരാത്രിയില്‍ തന്റെ മകനെ ഒരു ദൂരയാത്രയ്ക്കയക്കാന്‍ അതേ വഴികളിലൂടെ കാറോടിച്ച്‌ വിജയന്‍ തീവണ്ടിയാപ്പീസിലേക്കു വന്നു. ജനശൂന്യമായ സ്റ്റേഷനില്‍ വൈകിവന്ന വണ്ടി അയാളുടെ മകനെയും കൊണ്ടു പോയി. നേരിയ മൂടല്‍മഞ്ഞുള്ള രാത്രിയ്ക്കുതാഴെത്തിളങ്ങിയ പാളങ്ങള്‍ മുറിച്ചുകടന്ന് പുറത്തേക്കു നടക്കുമ്പോള്‍ സ്റ്റേഷന്റെ പേരെഴുതിയ വലിയ മഞ്ഞബോര്‍ഡ്‌ അയാളുടെ കണ്ണില്‍പ്പെട്ടു. അതിലെഴുതിയിരുന്നത്‌ ഭുവനേശ്വര്‍ എന്നായിരുന്നില്ലെന്ന് വിജയന്‍ ഒരു നടുക്കത്തോടെ കണ്ടു. കനത്തുതുടങ്ങിയിരുന്ന പുകമഞ്ഞിലൂടെ അയാള്‍ ബോര്‍ഡിനെ സമീപിച്ചു. ദൂരത്തുനിന്നു പരിചിതമെന്നു തോന്നിച്ചിട്ടും വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കെട്ടുപിണഞ്ഞും വിണ്ടടര്‍ന്നും രൂപം മാറിയ ഏതോ അജ്ഞാതലിപികളുടെ ചുറ്റുകളും കുനിപ്പുകളും കൊണ്ടാണ്‌ സ്റ്റേഷന്റെ പേരെഴുതിയിരുന്നതെന്ന് അയാള്‍ കണ്ടു. പലയാത്രകളിലും ഇതിലെ കടന്നുപോയിരുന്നിട്ടും താനെന്തുകൊണ്ട്‌ ഇതു തിരിച്ചറിഞ്ഞില്ല എന്ന് അയാള്‍ പകച്ചു. വിദ്യാഭ്യാസത്തിനുശേഷം നാട്ടില്‍ നിന്നു താന്‍ നടത്തിയ ആ തീവണ്ടിയാത്ര അയാള്‍ ഓര്‍മ്മിച്ചു. അന്നു താനിറങ്ങിയത്‌ ഭുവനേശ്വറിലായിരുന്നില്ല. തന്റെ വീട്ടിലും തന്റെ ബന്ധുജനങ്ങളോടൊപ്പവുമായിരുന്നില്ല ഇത്രനാള്‍ താന്‍ പാര്‍ത്തത്‌. ഉല്‍ക്കര്‍ഷേച്ഛയും സ്ഥിരോത്സാഹവും കൃതകൃത്യതയും സമ്പന്നമാക്കിയ തന്റെ മുപ്പതാണ്ടത്തെ ജീവിതത്തെപ്പറ്റി വിജയന്‍ ചിന്തിച്ചു. തുടക്കത്തില്‍ത്തന്നെ പിഴച്ചുപോയ നീണ്ടൊരു വഴിക്കണക്കായിരുന്നു അത്‌.

അപ്പോള്‍ മൂടല്‍മഞ്ഞില്‍നിന്ന്, കോലാഹലങ്ങളൊന്നുമില്ലാതെ ഒരു തീവണ്ടി സ്റ്റേഷനിലെത്തി. ഇറങ്ങാനും കയറാനും ആരുമില്ലാത്ത ആ വണ്ടിയ്ക്കുനേരെ വിജയന്‍ തിടുക്കത്തില്‍ നടന്നു. തുറന്നിരുന്ന വാതിലുകളിലൊന്നിനെ സമീപിച്ച്‌ അകത്തെ മങ്ങിയ ഇരുട്ടിലേക്കു നോക്കി അയാള്‍ ചോദിച്ചു:
"ഈ വണ്ടി ഭുവനേശ്വറിലേക്കു പോകുമോ?"
വാതിലിനരികെയുള്ള ഇരിപ്പിടത്തിലിരുന്ന കറുത്ത കോട്ടിട്ട രൂപം തളര്‍ന്ന വൃദ്ധശബ്ദത്തില്‍ പറഞ്ഞു:
"ഉവ്വ്‌, കയറിക്കോളൂ."

<< എന്റെ മറ്റു കഥകള്‍

12 comments:

evuraan said...

ആ കഥ എങ്ങിനെയാ ഒന്നു വായിക്കാന്‍ പറ്റുക? ലിങ്ക് തരാമോ?

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

ഏവൂരാനേ, കഥ പോസ്റ്റിലിട്ടിട്ടുണ്ട്‌.

വേണു venu said...

വര്‍മ്മാജി,
ഇതു് ഭുവനേശ്വറില്‍‍ പോകുമോ.?ഒത്തിരി കഥകളവിടെ ചുരുളഴിയുന്നു. ഇന്നാണു് പല കഥകളും ഒന്നു നോക്കുവാനായതു്.എന്തേ ഇതൊന്നും കാണാതെ പോയി എന്ന വ്യസനം. അപ്പോള്‍‍ തന്നെ മനസ്സു പറയുന്നു.നീ ഇനിയും എത്രയോ കാണേണ്ടിയിരിക്കുന്നു.
രാജേഷ്ജീ ഇനിയും ബാക്കികള്‍‍ വായിക്കാനെത്തും.
ആശംസകള്‍‍. :)‍

വിഷ്ണു പ്രസാദ് said...

രാജേഷ്,കഥ രസമുണ്ട്.

നിഷ്ക്കളങ്കന്‍ said...

രാജേഷ്,
ന‌ന്നായിരിയ്ക്കുന്നു ക‌ഥ.

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

വേണു, വിഷ്ണുപ്രസാദ്‌, നിഷ്കളങ്കന്‍,

എല്ലാവര്‍ക്കും നന്ദി.

Inji Pennu said...

ഹൊ! നല്ല ഉഗ്രന്‍ കഥ! ഹൊ! ഞാന്‍ കണ്ണ് മിഴിച്ച് ഇരിക്കുകയാണ്. അതീവ സന്തോഷം ഇത് വായിച്ചതില്‍! ചെറുകഥാന്ന് പറഞ്ഞ് ഇദ് തന്നെ സാധനം!

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

നന്ദി, ഇഞ്ചീ.

കുട്ടനാടന്‍ said...

പിന്നിട്ട വഴികള്‍ സ്വന്തം തട്ടകമായിരുന്നില്ല. പലര്‍ക്കും ഇതു തിരിച്ചറിയാന്‍ മൂന്നു പതിറ്റണ്ടു മതിയാകില്ല. നല്ല കഥ രാജേഷ്

രാജേഷ്‌ ആര്‍. വര്‍മ്മ said...

നന്ദി, കുട്ടനാടന്‍

വിശാഖ് said...

ശക്തിയായാരോ പിടിച്ചു കുലുക്കിയതു പോലെ ! ഇങ്ങനെയൊരു കഥ മലയാളത്തിൽ വായിയ്ക്കുന്നതാദ്യമായാണ്.കേരള പാഠാവലിയ്ക്കപ്പുറം മലയാളത്തിൽ ദിനപത്രങ്ങൾ മാത്രമേ വായിച്ചിരുന്നുള്ളൂ, എത്രയുമിംഗ്ലീഷിൽ വായിയ്ക്കാമോ അത്രയും നല്ലത് ! ഈ ബ്ലോഗിൽ മുമ്പു പലതവണ വന്നിട്ടുണ്ടെങ്കിലും ഇന്നാണു വിശദമായി കഥകൾ വായിയ്ക്കുന്നത്. ഒന്നാന്തരം. ഇനി ബാക്കിയുള്ള കഥകൾ വായിച്ചു തീർക്കണം !

Rajesh Varma said...

നന്ദി വിശാഖ്.