Saturday, January 21, 2006

കാട്ടുചെത്തിപ്പൂക്കള്‍അറിഞ്ഞുകൂട!

അപ്പുവിനെക്കൊണ്ടുപോയിട്ടെത്ര ദിവസമായിക്കാണും? എന്തോ! അവനെന്നുപോയെന്നറിഞ്ഞുകൂടല്ലോ. പിന്നെയെങ്ങനെ കണക്കാക്കാന്‍.
പതിവിനു വിരുദ്ധമായി ബലിക്കല്‍പ്പുരയുടെ വാതില്‍ അടഞ്ഞുകിടക്കുന്നു. ഇന്നെന്താണിങ്ങനെ? രാമന്‍ ആലോചിച്ചു നോക്കി. പിടികിട്ടുന്നില്ല. വാരസ്യാര്‍ വരാതിരിക്കാന്‍ വഴിയൊന്നും കാണുന്നില്ല. ഇന്നു പതിവിലും താമസിച്ചു പോയി. സാധാരണ ഇതിനുമുമ്പുതന്നെ ഈ വാതില്‍ തുറന്നുകിടക്കും. നാലമ്പലത്തിലിരുന്ന് വാരസ്യാര്‍ മാലകെട്ടുന്നുണ്ടാകും. ഇനിയെന്തു ചെയ്യും? വാരിയത്തുപോയി നോക്കിയാലോ? ഇതിനു മുമ്പ്‌ അപ്പുവുണ്ടായിരുന്നപ്പോഴാണെങ്കില്‍...
"എന്തടേ രാമരേ തനിക്കു താമസം? മണിയാറര കഴിഞ്ഞു."
പുഞ്ചിരിക്കുന്ന ആ മുഖം തെളിഞ്ഞു വരുന്നു.
മുത്തച്ഛനുണ്ടായിരുന്നപ്പോള്‍ അതിരാവിലെ എഴുനേട്ടു ശാന്തിക്കു പുറപ്പെടും. ചേട്ടനായപ്പോള്‍ അതു വയ്യ. എന്നിട്ടു തന്നെയാണു രാവിലെ പറഞ്ഞയയ്ക്കുക. പരിഭവം നടിക്കുമെങ്കിലും രാവിലെ നടതുറക്കാനും വിളക്കുതെളിക്കാനുമൊക്കെയൊരുത്സാഹമാണ്‌. അല്ല; ആയിരുന്നു. അപ്പുവുണ്ടായിരുന്നപ്പോള്‍.
രാമന്‍ ഉരുളിയും ചട്ടുകവും നിലത്തുവെച്ച്‌ ബലിക്കല്‍പ്പുരയുടെ വാതില്‍ തള്ളിത്തുറന്നു. ഉരുളിയുമെടുത്ത്‌ അകത്തുകടന്നു.
അവിടെയാകെ നിശ്ശബ്ദത തളംകെട്ടിക്കിടന്നിരുന്നു. അവന്റെ ഹൃദയത്തില്‍ ഭയം പത്തിവിടര്‍ത്തി. പ്രത്യേകം ശ്രദ്ധിച്ചാണു പാദങ്ങള്‍ വെച്ചത്‌ - എന്തോ ഒരു ഭയം.
അപ്പുവുണ്ടായിരുന്നപ്പോള്‍ അവന്‍ തന്നെ പരിഹസിക്കുമായിരുന്നു; തന്റെ ഭയത്തെച്ചൊല്ലി.
"അതാ; ബ്രഹ്മരക്ഷസ്സാണെന്നാണു തോന്നുന്നത്‌. അതാ പിറകില്‍ത്തന്നെ."
റബ്ബര്‍ത്തോട്ടങ്ങളുടെ ഇരുള്‍വീണു കിടക്കുന്ന വഴിയിലൂടെ ആദിത്യന്‍ തലയുയര്‍ത്തുന്നതിനു മുമ്പേ അവന്‍ നടന്നുവരും. പലനാളായി തിങ്ങിനിന്നിരുന്ന ആരാധന ഒരിക്കല്‍ വാക്കുകളായി പുറത്തുവന്നു:
"എന്തൊരു ധൈര്യമാണെടോ തനിക്ക്‌. ഞനായിരുന്നെങ്കില്‍..."
കുസൃതിച്ചിരിയുടെ ആമ്പല്‍പ്പൂ വിരിയുന്ന മുഖത്തുനിന്നു ഗൌരവത്തിലൊരു മറുപടിയാണു വന്നത്‌:
"എനിക്കേയ്‌...അറുകൊലയെയും മറുതയെയുമൊക്കെ നല്ല പരിചയമാ. തന്നെപ്പോലൊന്നുമല്ല. തനിക്കു പേടിയാകുമ്പളേയ്‌...എന്റെ പേരു പറഞ്ഞാമതി."
കരിങ്കല്ലില്‍ക്കൊത്തിയ സ്ത്രീരൂപങ്ങള്‍ എന്നത്തെയും പോലെ നോക്കുന്നു - നിശ്ചലമായി.
"ഇന്നെന്തു പട്ടി? അമ്പലത്തിനകത്തെല്ലാം പതിവില്ലാത്ത നിശ്ചലതയും നിശ്ശബ്ദതയും പരന്നുകിടക്കുന്നു. തിടപ്പള്ളിയുടെ അടഞ്ഞുകിടക്കുന്ന വാതില്‍ തുറക്കാന്‍ ഭയം തോന്നുന്നു. ചിലപ്പോള്‍ ഈ നിശ്ശബ്ദതയിലൊരു പോറലേല്‍പിച്ചാല്‍ അതു വളര്‍ന്നുവലുതായി ആരവങ്ങളും ഗര്‍ജ്ജനങ്ങളുമായി തന്നെ പൊതിഞ്ഞേക്കും. പ്രതിമകള്‍ പൊട്ടിച്ചിരിച്ചേക്കും. അവന്‍ ഭയന്നു.
ഒരു നിമിഷം!
ഒരു നിമിഷം മാത്രം.
അപ്പുവിന്റെ നീണ്ടുമെലിഞ്ഞ രൂപം മണ്ഡപത്തിന്റെ കരിങ്കല്‍ത്തൂണില്‍ച്ചാരി പുഞ്ചിരിതൂകിക്കൊണ്ടു നില്‍ക്കുന്നതായിത്തോന്നി.
ഒരു നിമിഷത്തേക്കു മാത്രം.
പാവം!
അവനിപ്പോള്‍ തിരുവനന്തപുരത്ത്‌, വലിയവലിയൊരാശുപത്രിയില്‍ വളരെ യന്ത്രങ്ങള്‍ക്കു നടുക്ക്‌ വളരെ മന്ദമായി സ്പന്ദിക്കുന്ന ഒരു ഹൃദയത്തിനുള്ളിലവശേഷിക്കുന്ന ജീവനുമായി കിടക്കുന്നു.
അവന്റെ അസ്ഥികൂടത്തിനുള്ളിലെ ചെറിയൊരു ഹൃദയം ഇത്ര ദുര്‍ബ്ബലമാണെന്ന് അന്നറിഞ്ഞിരുന്നില്ല.
"എടോ, തന്റെ ഹൃദയമിടിക്കുന്നതു കണ്ടോ ശരിക്കും കാണാം."
അവന്റെ വാരിയെല്ലുകളെ പൊതിഞ്ഞിരുന്ന തൊലിയുടെ ക്രമബദ്ധമായ ചലനം കൊണ്ടു കാണപ്പെട്ട ആ ഹൃദയസ്പന്ദനം അന്നൊന്നും ദുര്‍ബ്ബലമായിരുന്നില്ല.
"എന്താണെടാ നീയ്‌ മണിയേഴായിട്ടും നടതുറക്കാതെ സ്തംഭം പോലെ വന്നിരിക്കുന്നത്‌?"
ചേട്ടന്റെ ശബ്ദം കുറച്ചുറക്കെത്തന്നെയാണുയര്‍ന്നത്‌. രാമന്‍ ഞെട്ടിപ്പോയി. വേഗതകൂടിയ ശ്വാസചലനം സാധാരണഗതിയിലായപ്പോള്‍ അവന്‍ പറഞ്ഞു:
"ഞാന്‍..ഠാമസിച്ചുപോയി."
"താമസിച്ചുപോയാല്‍ വന്നയുടനെ നട തൊറക്കുകല്ലേ വേണ്ടത്‌? അതിനു വായും പൊളിച്ചു മണ്ഡപത്തിക്കേറിയിരിക്കുന്നു. എന്റെ മഹാദേവാ! ഇവനെയാണല്ലോ എനിക്കു പറഞ്ഞയക്കാന്‍ തോന്നിയത്‌."
"ഞാന്‍..ഠൊറക്കാം." അവന്‍ വേഗം എഴുനേട്ടു.
"വേണ്ടവേണ്ട. അങ്ങുപൊയ്ക്കൊണ്ടാല്‍ മതി. സ്കൂളിപ്പോകാന്‍ ഇപ്പത്തന്നെ താമസിച്ചു. വേഗമാട്ടെ."
അവന്‍ താക്കോല്‍ മണ്ഡപത്തില്‍ വെച്ചിട്ടു നടക്കാന്‍ തുടങ്ങി. 'എത്രനേരം ചിന്തിച്ചിരുന്നിരിക്കണം! ഇന്നെന്താണുപട്ടിയത്‌!' അവന്‍ അത്ഭുതപ്പെട്ടു.
നാലമ്പലത്തിനു പുറത്തു കടന്നപ്പോഴാണ്‌ അവന്‍ പ്രാവുകളെക്കുറിച്ചോര്‍ത്തത്‌! അപ്പുവിന്റെ പ്രാവുകള്‍! അപ്പുവിനു കിട്ടുന്ന നേദ്യച്ചോറിലൊരംശം എന്നും അവന്‍ അരിപ്രാവുകള്‍ക്കു വിതറിക്കൊടുത്തിരുന്നു. ഇന്നാണ്‌ ആദ്യമായി അവയുടെ കാര്യം മറക്കുന്നത്‌. നാശം പിടിച്ച ദിവസം.
അപ്പുവെന്നു വരും?
അവന്‍ ചിന്തിച്ചു. വളരെയൊന്നും ആശയില്ലാത്ത ശസ്ത്രക്രിയയാണെന്നാണ്‌ ടെയിലര്‍ വേലായുധന്‍ ചേട്ടനോടു പറയുന്നതു കേട്ടത്‌. ദൈവമേ! ഇല്ല; ഭയപ്പെടാനൊന്നുമില്ല; അവന്‍ മടങ്ങിവരും - തിങ്കളാഴ്ചതന്നെ. അവന്‍ സ്വയം സമാധാനപ്പെടുത്തി.
ദീപാരാധനയ്ക്കു നട തുറക്കുമ്പോള്‍ അപ്പുവിന്റെ ശ്വാസകോശത്തിലെ വായു ഗംഭീരമായ ശബ്ദത്തോടെ ശംഖിലൂടെ തെന്നിയിറങ്ങി വരും. കര്‍പ്പൂരത്തട്ടം പിടിച്ചിരിക്കുന്ന താന്‍ ശ്രീകോവിലിനു പുറത്ത്‌ അവന്റെ മുഖത്തേക്കു നോക്കി ഒന്നു ചിരിക്കും.
ആ ശംഖ്‌ പത്തായത്തിനു മുകളില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌. പോകുന്നതിനു തലേദിവസം അവന്‍ തന്നതാണ്‌. രാത്രി നടയടയ്ക്കുമ്പോള്‍...
"രാമാ"
"എന്തെടോ?"
"ഞാനേയ്‌..ണാളെ രാവിലെ തിരുവനന്തപുരത്തിനു പോവാ. തിരിച്ചു വരുന്നവരെ തനേയ്‌...ഈ ശംഖു സൂക്ഷിച്ചോളണം. അടുത്തതിന്റടുത്ത തിങ്കളാഴ്ച രാവിലെ താനിവിടെവരുമ്പോള്‍ ഞാനിവിടെ കാണും."
അവന്‍ പോയി.
എത്ര ദിവസമായിക്കാണും? അറിഞ്ഞുകൂടാ.
ക്രിസ്തുമസ്സുപരീക്ഷയുടെ പേപ്പറുകളോരോന്നും തരുമ്പോള്‍ അദ്ധ്യാപകരുടെ കണ്ണുകള്‍ അവനെ പരതുന്നു.
"വന്നിട്ടില്ല!"
പതിവുപോലെ അവനുതന്നെയാണ്‌ ഒന്നാം റാങ്ക്‌. തിങ്കളാഴ്ച വരുമ്പോള്‍ അവനോടു പറയണം. രാമനോര്‍ത്തു.
സമയം പോകുന്നു. അവന്‍ വേഗം നടന്നു. നാഗത്താന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന, കാട്ടുചെത്തിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മൂലയില്‍ വെച്ച്‌ വൃദ്ധയായ വാരസ്യാര്‍ വരുന്നതു കണ്ടു. അവരുടെ മുഖം പ്രസന്നമായിരുന്നില്ല.
അടുത്തുവന്നപ്പോള്‍ രാമന്‍ ചോദിച്ചു:
"എന്താണമ്മൂമ്മേ താമസിച്ചത്‌?"
"അപ്പു..."
"അപ്പു...? അപ്പു വന്നോ?" അവന്റെ ശബ്ദത്തില്‍ ആഹ്ലാദം അലയടിച്ചു.
"അപ്പു...മ..ഋി...ച്ചു."
അവന്റെ കണ്ണുകള്‍ക്കു മുമ്പില്‍ ഭൂമി ഇരുണ്ടു.
കാട്ടുചെത്തിക്കൂട്ടങ്ങള്‍ക്കിടയിലിരുന്ന് അപ്പുപൊട്ടിപ്പൊട്ടിച്ചിരിക്കുന്നു.
വാരസ്യാര്‍ നടന്നുപോയി.
രാമന്‍ ഓടി.
"തനിക്കു പേടിയാകുമ്പളേയ്‌...എന്റെ പേരു പറഞ്ഞാല്‍ മതി!"
അപ്പു!
അപ്പു ഉരുളന്‍ കല്ലുകള്‍ കൊണ്ടുണ്ടാക്കിയ കയ്യാലപ്പുറത്തിരിക്കുന്നു.
ഇടയ്ക്കയുടെ ശബ്ദം ഒഴുകിവരുന്നു. അപ്പുവിന്റെ അച്ഛന്‍ കൊട്ടുന്നതുപോലെ തന്നെ.
"ഈ ശംഖേയ്‌...ആര്‍ക്കും കൊടുക്കരുത്‌. അടുത്തതിന്റടുത്ത തിങ്കളാഴ്ച ഞാന്‍ വരും."
വരുമോ?
വരും.
"എന്തെടേ രാമരേ താമസം? മണിയാറര കഴിഞ്ഞു."
രാമന്‍ അടച്ചിട്ടിരിക്കുന്ന റെയില്‍വേ ഗേട്ടിനുമുമ്പില്‍ നിന്നു. തിരുവനന്തപുരത്തു നിന്നുള്ള എക്സ്പ്രസ്സ്‌ ട്രെയിന്‍ കുതിച്ചു പാഞ്ഞു. അതില്‍ അപ്പുവിന്റെ അച്ഛനും അമ്മയും അപ്പുവിന്റെ...ശവവും.
അസ്ഥികൂടത്തിനു പുറത്തെ തൊലിയില്‍ താളബദ്ധമായ ചലനങ്ങളുതിര്‍ത്തുകൊണ്ട്‌ ആ ഹൃദയം ഇനി ചലിക്കുകയില്ല. ഇല്ല!
റെയില്‍വേ ഗേട്ടു തുറന്നു.
രാമന്‍ നടന്നു.
തീവണ്ടിയുടെ പുകയുടെ തരികള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞുതീര്‍ന്നിരുന്നു. അവന്‍ വടക്കോട്ടു നോക്കി.
തീവണ്ടിപ്പാളത്തില്‍ ഒരു കുല കാട്ടുചെത്തിപ്പൂക്കള്‍ ചിതറിക്കിടന്നിരുന്നു - ഹൃദയരക്തം പോലെ.

1983

<< എന്റെ മറ്റു കഥകള്‍

2 comments:

Anonymous said...

നല്ലത്. വളരെ നല്ലത്‌.

സു | Su said...

അപ്പു എങ്ങനെ മരിച്ചു? :(