Saturday, February 25, 2006

ഒരു ചിത്രം



അയാള്‍ കയ്യിലിരുന്ന കടലാസുകഷണത്തില്‍ പേനകൊണ്ടു കുത്തിക്കുറിച്ചുകൊണ്ടിരുന്നു. അതു പെട്ടെന്നുതന്നെ ചുരുട്ടിക്കൂട്ടി തീവണ്ടിയ്ക്കുപുറത്തേയ്ക്കെറിഞ്ഞു. പെട്ടെന്ന്‌ അയാളുടെ മനസ്സിലൊരു ചിന്ത വന്നുകൂടി. എന്തിനാണു പടം വരയ്ക്കുന്നത്‌? എന്തിനാണു വരച്ചിരുന്നത്‌? എന്നെങ്കിലും ഏതെങ്കിലും ഒരു ചിത്രം അമൂല്യമായി തോന്നിയിട്ടുണ്ടോ? രണ്ടുപ്രാവശ്യം ഡല്‍ഹിയില്‍ പ്രദര്‍ശനത്തിനുകൊണ്ടുപോയ ചിത്രങ്ങളെങ്കിലും?

ഇല്ല. ഒന്നും അമൂല്യമായിരുന്നില്ല. അതുകൊണ്ടല്ലേ സമ്മാനം കിട്ടാതിരുന്നത്‌? അയാള്‍ ആ കടലാസുകഷണവും ചുരുട്ടി തീവണ്ടിയ്ക്കുപുറത്തേയ്ക്കെറിഞ്ഞു. അയാളുടെ കണ്ണുകള്‍ പുറത്തു തറഞ്ഞുചേര്‍ന്നു പോയി.

പച്ചപിടിച്ച നെല്‍പ്പാടങ്ങള്‍, കൂലംകുത്തിയൊഴുകുന്ന പുഴ. താന്‍ എന്നെങ്കിലും ഇവിടെ ജീവിച്ചിരുന്നിട്ടുണ്ടോ? ഒരു ചെറിയ കുട്ടി ഇവിടെ തന്നോടൊപ്പം പാര്‍ത്തിരുന്നോ? തെങ്ങോലത്തലപ്പുകള്‍ മറക്കുടപിടിയ്ക്കുന്ന ആ പഴയ മാതൃകയിലുള്ള കെട്ടിടം എന്നെങ്കിലും തന്റെ വാസസ്ഥാനമായിരുന്നിട്ടുണ്ടോ?

ഓര്‍മ്മയുടെ മുറ്റത്ത്‌ കടലാസുകഷണങ്ങള്‍ കുന്നുകൂടിക്കിടക്കുന്നു. കാറ്റടിയ്ക്കുമ്പോള്‍ ചിലതൊക്കെ പൊങ്ങിവരുന്നു. കാറ്റ്‌ ചിലതിനെയൊക്കെ തൂത്ത്‌ ദൂരെ മാറ്റിയിടുന്നു. ചിലത്‌ ഇനിയൊരിയ്ക്കലും വരാത്തവണ്ണം മണ്ണുമായലിഞ്ഞിരിക്കുന്നു. തമ്മില്‍ത്തമ്മില്‍ പുണര്‍ന്നു കിടക്കുന്ന ഒരായിരം ഓര്‍മ്മകള്‍. വെട്ടിക്കീറിക്കളയാന്‍ ശ്രമിച്ചവ, പലതരം ചായങ്ങളും ചായക്കൂട്ടുകളും മാറിമാറി പ്രയോഗിച്ചവ - എത്രതരം ഓര്‍മ്മകള്‍. അക്കൂട്ടത്തിലെവിടെയെങ്കിലും ഇങ്ങനെ വയലേലകള്‍ പച്ചപ്പട്ടുടുപ്പിച്ച ഒരു കൊച്ചുഗ്രാമത്തിെ‍ന്‍റ ചിത്രമുണ്ടോ?

വെട്ടിയും കീറിയും കളയാന്‍ നൂറുവട്ടം ശമിച്ചിട്ടും കേടുപറ്റാത്ത ഓര്‍മ്മയുടെ ഒരു വര്‍ണ്ണക്കടലാസ്‌. അതില്‍ നാട്ടിന്‍പുറത്തെ നിഷ്കളങ്കനായ ഒരു കുട്ടിയുടെ മായാത്ത പടം.
എപ്പോഴുമെപ്പോഴും ഊര്‍ന്നുപോകുന്ന ബട്ടണുകളില്ലാത്ത ട്രൌസര്‍ കുത്തിപ്പിടിച്ചിരിയ്ക്കുന്നു. പാറിപ്പറന്ന തലമുടി, എണ്ണമയമില്ലാതെ കാറ്റുമായി കിന്നാരം പറയുന്നു. കയ്യില്‍ കല്‍ക്കഷണങ്ങള്‍. പുഞ്ചിരിയ്ക്കുന്ന മുഖം. മെലിഞ്ഞ ശരീരം.

"കുട്ടിയുടെ പേരെന്താ?"
"അപ്പു."
"എവിടെയാ വീട്‌?"
അവന്റെ കൈകള്‍ ജനലില്‍ക്കൂടി പാടങ്ങള്‍ക്കും അപ്പുറത്തേക്കു ചൂണ്ടപ്പെടുന്നു.
"അപ്പുവിന്റെ അച്ഛനുണ്ടോ അവിടെ?"
നിമിഷനേരത്തെ നിശ്ശബ്ദത. പിന്നീട്‌:
"എനിയ്ക്കച്ഛനെവിടെപ്പോയെന്നറിഞ്ഞുകൂടാ."

ചിന്തയിലാണ്ട കണ്ണുകള്‍. മുഖത്ത്‌ അനിര്‍വചനീയമായ ഭാവം. ആയിരക്കണക്കിനു ഭാവങ്ങള്‍ എത്ര കലാവിരുതോടെ കൂട്ടിച്ചേര്‍ത്താണ്‌ ആ ഭാവം അവനു കിട്ടിയത്‌! എന്നാല്‍ എത്രയെളുപ്പം കുത്തിവരച്ചു. അമ്മാനമാടപ്പെടുമ്പോഴും കാറ്റിന്റെ കൈകളില്‍ പൊട്ടിച്ചിരിയ്ക്കുന്ന ചുരുട്ടപ്പെട്ട ചിത്രം.
"ചേട്ടാ എന്നെ വരയ്ക്കാമോ?"

ഉദ്വേഗം നിറഞ്ഞ അന്വേഷണം തിരസ്കരിയ്ക്കപ്പെട്ടാല്‍ ഉണ്ടാകാവുന്ന വിഷാദം സഹിയ്ക്കാനാവാത്തതാണെന്നു വിളിച്ചോതുന്ന മുഖം. ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടിരിയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും പലതും തെരഞ്ഞെടുത്ത്‌ അത്ഭുതത്തോടെ ചിത്രത്തെയും തന്നെയും മാറിമാറിനോക്കി ചോദിയ്ക്കുന്നു,
"ഇതു ഞാനെടുത്തോട്ടെ?"

അഭിമാനത്തിന്റെയും ആരാധനയുടെയും സമ്മിശ്രഭാവങ്ങളോടെ പടങ്ങള്‍ മടക്കി പിഞ്ഞിത്തുടങ്ങിയ ട്രൌസറിന്റെ പോക്കറ്റിലിട്ടുകൊണ്ട്‌ പോകുന്നു. മാഞ്ഞ്‌ മാഞ്ഞ്‌ പാടശേരങ്ങള്‍ക്കിടയിലെവിടെയോ ഒരു ബിന്ദുവായലിഞ്ഞുപോകുന്ന ലളിതമായ ചിത്രം.

ട്രെയിനിനു പുറത്ത്‌ പച്ചപ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും വീടുകളും ഓടിയകന്നു കൊണ്ടിരുന്നു. പ്രകൃതിവരച്ച ഈ മനോഹരചിത്രത്തിനു സമ്പൂര്‍ണ്ണത കൈവരുത്തുന്ന ഒരു ചെറിയ കുട്ടിയുടെ ചിത്രം എവിടെയാണു നഷ്ടപ്പെട്ടുപോയത്‌? ഇനിയതു തിരിച്ചു കിട്ടുമോ? പാടവരമ്പിലെ കൊറ്റികളുടെ നേര്‍ക്ക്‌ കൂര്‍ത്തകല്ലുകള്‍ ഉന്നംവെയ്ക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ചിത്രം? ഇനി അതിനെ കാണാന്‍ കഴിയുമോ?

തീവണ്ടിയുടെ കുലുക്കംകൊണ്ട്‌ പടം മറിഞ്ഞുവീണിരിയ്ക്കുന്നു. രണ്ടാമത്തെ തവണയാണ്‌ ഈ ചിത്രം തന്നെ പ്രദര്‍ശനത്തിനു കൊണ്ടുപോകുന്നത്‌. ചിത്രം നേരെയെടുത്തുവെച്ചു. പുറത്തേയ്ക്കുനോക്കി. ആദ്യത്തെത്തവണ കൊണ്ടുപോകുമ്പോള്‍ താനും ഇതുപോലെയുള്ളൊരു പ്രകൃതിരമണീയമായ ഗ്രാമത്തിന്റെ ഒരു ഭാഗമായിരുന്നു.

അന്ന്‌,
"ചേട്ടന്‍ പോകുകയാണോ?"
"അതെ." അപ്പോഴും താന്‍ ആ മുഖത്തലിഞ്ഞുചേര്‍ന്ന വര്‍ണ്ണസഞ്ചയം തിരിച്ചറിയാനായിരുന്നുവോ ശ്രമിച്ചത്‌?
"എന്നാ തിരിച്ചുവരിക?"
"രണ്ടാഴ്ചയ്ക്കകം."
"ഹോ. രണ്ടാഴ്ചയൊന്നും വേണ്ട." പരിഭവത്തിന്റെ സ്വരം.

ടാക്സിക്കാര്‍ ഓടിമറയുമ്പോള്‍ പിന്നില്‍ ഉയരുന്ന പൊടിപടലങ്ങള്‍ക്കിടയില്‍ മാഞ്ഞുപോകുന്ന, കൈ ഉയര്‍ത്തിവീശുന്ന ഒരു കുട്ടിയുടെ ചിത്രം. അത്‌ എന്നെന്നേക്കുമായി മാഞ്ഞുപോകുകയായിരുന്നുവെന്ന്‌ അന്നു മനസ്സിലാക്കിയിരുന്നുവോ?

അന്ന്‌,
കുത്തബ്മിനാറിനു മുമ്പില്‍ നിന്നും നടന്നകലുമ്പോള്‍ മുമ്പില്‍ അതുപോലെ തന്നെയൊരു കുട്ടി. കയ്യില്‍ പഞ്ചവര്‍ണ്ണങ്ങള്‍ സ്ഫുരിയ്ക്കുന്ന സ്ഫടിക കൊക്കുകള്‍. ഒരെണ്ണം വാങ്ങിച്ചു - അപ്പുവിന്റെ കൊച്ചുകൈകളില്‍ വെച്ചുകൊടുക്കാന്‍, മുത്തു വിരിയുന്ന അത്ഭുതവര്‍ണ്ണങ്ങള്‍ കണ്ട്‌ ആനന്ദമടയാന്‍.

വന്നിറങ്ങിയ പുകതുപ്പുന്ന വണ്ടിയുടെ ഇരമ്പം അവസാനിയ്ക്കുന്നതിനുമുമ്പേ ഗ്രാമത്തിലേയ്ക്കോടിയെത്തിയത്‌ ആ അമൂല്യമായ ചിത്രത്തിന്റെ നഷ്ടം അറിയുവാനായിരുന്നോ? തിരിച്ചെത്തിയപ്പോള്‍ ആ മായാത്ത, മായ്ക്കാനാവാത്ത ചിത്രം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു. കാടും നാടും കലക്കിമറിച്ചെത്തുന്ന ആറിന്റെ ചുഴികളില്‍ ആ ചിത്രം മുങ്ങിത്താണിരുന്നു. അപ്പോള്‍ സൂര്യപ്രകാശം തട്ടിത്തകരുന്ന ആറിന്റെ ചുഴികളില്‍ പ്രതിഫലിച്ചിരുന്ന നിറമെന്തായിരുന്നിരിയ്ക്കണം? പച്ചപ്പാടങ്ങള്‍ക്കിടയില്‍ പുകയുടെ വള്‍ളികള്‍ ആകാശപ്പന്തലിലേക്കു കയറ്റിവിടുന്ന ഒരു കുടിലില്‍ ഇപ്പോഴും ഇരുന്നു കണ്ണീര്‍വാര്‍ക്കുന്ന, താന്‍ കണ്ടിട്ടില്ലാത്ത അമ്മയുടെ കണ്ണീര്‍ക്കണങ്ങളുടെ നിറമെന്തായിരുന്നിരിക്കണം? ചുറ്റിത്തിരിഞ്ഞപ്പോഴും ചുഴിയുടെ കൈകളില്‍ ആ ചിത്രം പുഞ്ചിരിച്ചിരിയ്ക്കണം. അതിന്റെ അത്ഭുതവര്‍ണ്ണങ്ങള്‍ ചുഴികളില്‍ അലിയുമോ?

തീവണ്ടിയ്ക്കു പുറത്ത്‌ ഓടിമറയുന്ന ദൃശ്യങ്ങളിലൊന്നായി തീരം തല്ലിത്തകര്‍ത്തുകൊണ്ടൊഴുകുന്ന പുഴ. അതിന്റെ തീരത്തെവിടെയെങ്കിലും ഒരു പാറക്കെട്ടില്‍, നുരകളില്‍ കണ്ണുനട്ടിരിക്കുന്ന ഒരു കുട്ടി കാണുമോ?

"എന്താ അപ്പൂ, ഇവിടെയിരിക്കുന്നത്‌?"

ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോള്‍ കണ്ണുകളില്‍ വേദനയുടെ തിളക്കം. അവന്‍ എഴുനേല്‍ക്കുന്നു.

"ഈ പുഴയാണ്‌ അച്ഛനെ കൊണ്ടുപോയതെന്ന്‌ അമ്മ പറഞ്ഞായിരുന്നു. അച്ഛന്‍ വരുന്നോ എന്നു നോക്കാന്‍ വന്നതാ."

അച്ഛനെത്തേടി ആരും കാണാത്ത ലോകത്തേക്ക്‌ പുഴയാല്‍ നയിക്കപ്പെട്ടതായിരിക്കും അവന്‍. കാടും നാടും ഇളക്കിമറിച്ച്‌ ഇരമ്പിക്കുതിച്ചെത്തുന്ന പുഴ ആ ചിത്രം തിരിച്ചുനല്‍കുമോ? എല്ലാവര്‍ക്കും അജ്ഞാതമായ ഏതോ ലോകത്ത്‌ നിറം മാറുന്ന ഓന്തുകളെ കല്ലുവീശിയെറിയുന്ന ഒരു കുട്ടിയുടെ നിറം മാറാത്ത ചിത്രം?

മനസ്സിന്റെ മുറ്റത്ത്‌ കുന്നുകൂടിക്കിടക്കുന്ന ഓര്‍മ്മയുടെ കടലാസുകഷണങ്ങള്‍. അവയ്ക്കിടയില്‍ മതിലില്‍ വന്നിരിയ്ക്കുന്ന പക്ഷികളെയെറിയാന്‍ ഉന്നം നോക്കുന്ന ഒരു കുട്ടിയുടെ ചിത്രം ഉണ്ടാകുമോ? ആരാണ്‌ ആ ചിത്രങ്ങളൊക്കെ തൂത്തുമാറ്റുന്നത്‌? എല്ലാ കടലാസുകഷണങ്ങളും പോയി. ഇല്ല. ഒരു ചിത്രം അവിടെ എന്നെന്നും അവശേഷിയ്ക്കും. പുഴയിലെ ചുഴികള്‍ തട്ടിത്തകര്‍ക്കാന്‍ തുനിയുമ്പോഴും പൊട്ടിച്ചിരിക്കുന്ന, മടങ്ങാതെ, മായാതെ, കീറാതെ നിലനില്‍ക്കുന്ന ഒരു കുട്ടിയുടെ ചിത്രം.


1982

<< എന്റെ മറ്റു കഥകള്‍

15 comments:

സ്വാര്‍ത്ഥന്‍ said...

:) കൊള്ളാം
1982 എന്നത് ഇതെഴുതിയ തിയതിയാണോ?

ഉമേഷ്::Umesh said...

അതേ സ്വാര്‍ത്ഥാ. ഇങ്ങോര്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നേ നല്ല കഥകള്‍ എഴുതുമായിരുന്നു. ഒരുപാടു സമ്മാനങ്ങളും കിട്ടിയിട്ടുണ്ടു്.

കഥ മാത്രമല്ല, കവിതയും, ശ്ലോകവും, നിരൂപണവും, ശാസ്ത്രവും, സിനിമയുമൊക്കെ കൂട്ട്യാല്‍ കൂടുന്ന ഒരു സകലസാഹിത്യവല്ലഭനാണു രാജേഷ്. സമയക്കുറവു്, മടി എന്നു രണ്ടേ രണ്ടു പ്രശ്നങ്ങളേയുള്ളൂ.

ബ്ലോഗാക്കാന്‍ കുറെക്കാലമായി ഞാന്‍ പറയുന്നു. അവസാനം എല്ലാവരുടെയും അണിയറയിലെ പ്രചോദനമായ സിബു വേണ്ടിവന്നു ഇദ്ദേഹത്തെ വല്മീകത്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍.

രാജേഷ്, ഇനിയും എഴുതൂ. ആദ്യം പഴയതെല്ലാം പോരട്ടേ. പിന്നീടു പുതിയവയും.

രാജേഷ് ആർ. വർമ്മ said...

സ്വാര്‍ത്ഥന്റെ ബ്ലോഗ്‌ കണ്ടു. തൂലികാനാമവും ബ്ലോഗ്‌നാമവും മുദ്രാവാക്യവും കസറി. (ബ്ലോഗിനെപ്പറ്റി പൊതുവായി ഒരു കമന്റെഴുതാന്‍ ഒരു പേജ്‌ അതില്‍ക്കണ്ടില്ല.അതുകൊണ്ട്‌ ഇവിടെ എഴുതാമെന്നു കരുതി.) സ്വാര്‍ത്ഥവിചാരം ചില തത്പരകക്ഷികള്‍ വളരെ അപകീര്‍ത്തിപ്പെടുത്തിയ ഒരു ഉദാത്തവിചാരമാണ്‌. സ്വാര്‍ത്ഥചിന്തയെ തെറിപറയുന്നവരുടെ ഗൂഢോദ്ദേശം മറ്റുള്ളവരുടെ കാര്യങ്ങളില്‍ കൈകടത്തുക എന്നതാണ്‌. എല്ലാവരും അവനവന്റെ കാര്യം നോക്കിയാല്‍ അതു നടക്കില്ലല്ലോ.

ഓഷോ/രജനീഷ്‌-ന്റെ ഒരു പ്രഭാഷണത്തില്‍ വായിച്ച ഒരു കഥകൂടി: ബുദ്ധനും ഒരു ശിഷ്യനും ഒരു കാട്ടില്‍ക്കൂടി യാത്രചെയ്യുകയായിരുന്നു. അപ്പോള്‍ അധികം ദൂരത്തു നിന്നല്ലാതെ ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടു. കുഞ്ഞിനെ സഹായിക്കേണ്ടതു നമ്മുടെ ധര്‍മ്മമല്ലേ എന്ന ശിഷ്യന്റെ ചോദ്യത്തിനു തഥാഗതന്‍ ഇങ്ങനെ മറുപടി പറഞ്ഞു: "അതിനെ നീയല്ലെങ്കില്‍ മറ്റാരെങ്കിലും രക്ഷിക്കും. നിന്നെ ആരു രക്ഷിയ്ക്കും?"

രാജേഷ് ആർ. വർമ്മ said...

ഉമേഷ്‌,

ഞാന്‍ ബ്ലോഗുന്നതിന്റെ ഉത്തരവാദിത്തം സിബുവില്‍ മാത്രം ചാര്‍ത്തി ഒഴിഞ്ഞുമാറാന്‍ നോക്കേണ്ട. ഞാന്‍ ഈ ജനദ്രോഹം നടത്തുന്നതിന്‌ ഉമേഷിനുമുണ്ട്‌ പ്രേരണക്കുറ്റം.

എന്തായാലും തുണ്ടുകടലാസുകളിലും പല സി ഡ്രൈവുകളിലുമായി കിടക്കുന്ന ചിലതൊക്കെ എടുത്തു ബ്ലോഗിമിനുക്കട്ടെ. ഒരുത്തനെയെങ്കിലും ദ്രോഹിക്കാന്‍ പറ്റിയാല്‍ അത്രയുമായല്ലോ.

ശനിയന്‍ \OvO/ Shaniyan said...

അപ്പോള്‍ ഒരു മഹാരഥന്‍ കൂടി പടക്കിറങ്ങി.. കുരുക്ഷേത്രത്തിന്റെ ചരിതം മാറ്റിയെഴുതേണ്ടി വരുമല്ലോ ചേട്ടന്മാരെ?

രാജീവ് സാക്ഷി | Rajeev Sakshi said...

we want more...

നല്ല എഴുത്ത്.
ഇനിയും ഇനിയും പോന്നോട്ടേ.

ദേവന്‍ said...

ആളെ മനസ്സിലായി. ഇദ്ദേഹമല്ലേ?

സൂഫി said...

രാജേഷ്,
അഭിമാനത്തിന്റെയും ആരാധനയുടെയും സമ്മിശ്രഭാവങ്ങളോടെ ഈ നല്ല കഥകൾ മടക്കി പിഞ്ഞിത്തുടങ്ങിയ ട്രൌസറിന്റെ പോക്കറ്റിലിട്ടുകൊണ്ട്‌ ഞാൻ പോകുന്നു

രാജ് said...

രാജേഷിന്റെ ഓരോ പുതിയ പോസ്റ്റുകള്‍ കാണുമ്പോഴും രഹസ്യമാക്കി വച്ചിരിക്കുന്ന എന്തോ പരസ്യമാക്കുന്നതിന്റെ ആനന്ദം. രാജേഷിന്റെ ഞാന്‍ വായിച്ചതില്‍ വച്ചേറ്റവും മികച്ച കഥയുടെ രഹസ്യവും പേറി നില്‍ക്കുകയാണു ഞാനിപ്പോള്‍! ഇനിയെന്നാണു് ആ കഥ പ്രസിദ്ധപ്പെടുത്തുക?

സ്വാര്‍ത്ഥന്‍ said...

പ്രിയ രാജേഷ്, എന്റെ വ്യര്‍ത്ഥവിചാരങ്ങള്‍ വായിച്ചതിനും അഭിപ്രായപ്പെട്ടതിനും നന്ദി. താങ്കളുടെ വിചാരങ്ങള്‍ തീര്‍ത്തും ശരിയാണ്.

ഉമേഷ്, ഇതുപോലെ പല പുലികളും അവരവരുടെ മടകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. സാക്ഷിയും ഇങ്ങനെയൊരു പുലിയാ. ഞാന്‍ കോളേജ് മേഗസിന്‍ എഡിറ്ററായിരുന്ന കാലത്ത് എന്റെ കണ്ണില്‍ പെടാതെ കഥകളെഴുതി സമ്മാനം വാങ്ങിയിട്ടുണ്ട് കക്ഷി. ഞാനിദ്ദേഹത്തെ പരിചയപ്പെടുന്നതോ, ഈ ബൂലോഗത്ത് വച്ചും!!!
ഖത്തറിലെ പുലിമടയില്‍ നിന്നും ഒരെണ്ണത്തിനെ പുറത്തിറക്കിയിട്ടുണ്ട്.

സു | Su said...

രാജേഷ് :)

“നീ എന്തിനാണ് സ്വപ്നത്തിലേക്ക് ചൂണ്ടുവിരലുള്ള വാച്ച് എനിക്ക് സമ്മാനമായി തന്നത്? രാത്രിയില്‍ നോക്കുവാന്‍.....”
(വാച്ച്)
ഇങ്ങനെ തുടങ്ങുന്ന കവിത രാജേഷ് എഴുതിയതാണോ?

രാജേഷ് ആർ. വർമ്മ said...

അല്ല. അതാരാണെന്നറിഞ്ഞുകൂടാ.

nalan::നളന്‍ said...

ഓര്‍മ്മകളുടെ കടലാസ്സുകൂട്ടില്‍ രാജേഷിന്റെ ചിത്രവും എവിടയോ മായാതെ കിടക്കുന്നുണ്ട്.

Anonymous said...

ഇതു സ്കൂളില്‍ പഠിക്കുമ്പൊ എഴുതിയതാണൊ? ശരിക്കും? ഹൊ! എത്ര വയസ്സുണ്ടായിരുന്നു? കര്‍ത്താവെ!ഈ ചേട്ടായി..ടീനേജര്‍ ആയിരിക്കുമ്പൊ ആണ് ഒന്നാം ക്ലാസ്സ് തുടങ്ങിയതന്ന്‍ പറയണെ.. :-)

കഴിഞ്ഞ ആശ്ച ഏവൂരാന്‍ ചേട്ടന്‍ വാരം ആയിരുന്നു..ഇന്ന് ഈ രാജേഷേട്ടന്‍ വാരം ആണ്..

രാജേഷ് ആർ. വർമ്മ said...

എല്‍ജിയുടെ പ്രായക്കണക്കു മനസ്സിലായില്ല.
:-(