Sunday, August 02, 2020

മഹാഭാരതം കുറിപ്പുകൾ 16-18


പതിനാറ്




മുമ്പ് പറഞ്ഞതുപോലെ, മഹാഭാരതത്തിൻ്റെ വ്യാസവിരചിതമായ രൂപം ഗവേഷകർ കണ്ടുപിടിച്ചിട്ടുണ്ടെന്നായിരുന്നു ശ്രീ. സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണം കേൾക്കുന്നതുവരെ എൻ്റെ ധാരണ. എന്നാൽ, അക്കാര്യം ഇന്നത്തെ നിലയിൽ സാധ്യമല്ല എന്ന് ഇതിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സംശോധിതപാഠം തയ്യാറാക്കുന്നതിനുവേണ്ടി ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗിച്ച കൈയെഴുത്തുപ്രതികളിൽ ഏറ്റവും പഴക്കമുള്ളത് പതിനാറാം നൂറ്റാണ്ടിൽനിന്നുള്ളതാണ്. മഹാഭാരതം ഉണ്ടായിട്ട് ആയിരമോ ആയിരത്തഞ്ഞൂറോ കൊല്ലമെങ്കിലും കഴിഞ്ഞുമാത്രം എഴുതപ്പെട്ടത്. ഈ ആയിരത്താണ്ടിനുള്ളിൽ എന്തൊക്കെ പരിണാമങ്ങളിലൂടെയാണ് ഈ കൃതി കടന്നുപോയത് എന്ന് കൃത്യമായി കണ്ടെത്താൻ ഒരു മാർഗവുമില്ല. ഇൻഡ്യയിലെ കാലാവസ്ഥയുടെയും മറ്റും പ്രത്യേകതകൊണ്ട് പതിനാറാം നൂറ്റാണ്ടിനുമുമ്പുള്ള കൈയെഴുത്തുപ്രതികൾ കണ്ടുകിട്ടാനുള്ള സാധ്യതയും ഇല്ല.

ഭാഷാപരവും ചരിത്രപരവുമായ പ്രത്യേകതകളെ വിശകലനം ചെയ്ത് പ്രക്ഷിപ്ത ഭാഗങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പലതും നടന്നിട്ടുണ്ടെങ്കിലും സർവസമ്മതമായ പാഠങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.


കേട്‌കർ എന്ന പണ്ഡിതനെ ഉദ്ധരിച്ചുകൊണ്ട് ശ്രീ. സുനിൽ പറയുന്നത് നൂറ്റാണ്ടുകളിലൂടെ പടർന്നുപന്തലിച്ച ഒരു പേരാലിനെപ്പോലെയാണ് മഹാഭാരതം എന്നാണ്. തായ്ത്തടി ഏതാണ്, ഊന്നുവേരിന് തിടംവെച്ചത് ഏതാണ് എന്നൊന്നും തിരിച്ചറിയാൻ കഴിയാത്ത ഒരു പടർപ്പ്.

ബ്രാഹ്മണപുരോഹിതരുടെ അധീനതയിലായിരുന്ന വേദങ്ങൾ ഒരു അക്ഷരത്തിൽ പോലും മാറ്റം വരാതെ ആലാപനരീതിയുൾപ്പെടെ കാത്തുസൂക്ഷിച്ചാണ് തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറിപ്പോന്നത്. എന്നാൽ, മഹാഭാരതം പോലുള്ള കൃതികൾ നിരന്തരം കൂട്ടിച്ചേർത്തും വികസിപ്പിച്ചുമാണ് കൈമാറിയത്. പല പ്രദേശങ്ങളിൽ പ്രചരിച്ച നാടോടി ആഖ്യാനങ്ങൾ തിരികെ സംസ്കൃതപാഠത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്.

മഹാഭാരതത്തിൻ്റെ ആദിരൂപത്തെക്കുറിച്ചും ശുദ്ധപാഠത്തെക്കുറിച്ചുമുള്ള വ്യാകുലതകളൊന്നും ശ്രീ. സുനിലിനെ അലട്ടുന്നില്ല എന്നു മാത്രമല്ല, എങ്ങനെയെങ്കിലും ആ ശുദ്ധപാഠത്തിൽ എത്തിച്ചേരാൻ കഴിഞ്ഞാൽത്തന്നെ അത് വിരസമായ ഒരു കൃതിയായിരിക്കും എന്നും അദ്ദേഹം പറയുന്നുണ്ട്. ഇന്ന് നമ്മെ മഹാഭാരതത്തിലേക്ക് ആകർഷിക്കുന്ന നാടകീയവും ഉദ്വേഗജനകവുമായ മുഹൂർത്തങ്ങളിൽ പലതും അതിൽ ഉണ്ടാകില്ല.
അതിനും പുറമെ, ശ്രീ. സുനിലിൻ്റെ സമീപനം സാംസ്കാരികചരിത്രത്തിൻ്റേതായതുകൊണ്ട് സമൂഹത്തിൽ പ്രവർത്തിച്ച പാഠം എന്താണ് എന്നതാണ് അദ്ദേഹത്തിൻ്റെ വിഷയം.


പതിനേഴ്


പുരാണേതിഹാസങ്ങളിൽ കൂട്ടിച്ചേർക്കലുകളും വെട്ടിത്തിരുത്തലുകളും നടന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ഏത് ഭാരതീയനോട് ചോദിച്ചാലും ഉണ്ട് എന്ന മറുപടി പ്രതീക്ഷിക്കാം. അതിൻ്റെ അർത്ഥം മിക്കപ്പോഴും ശാശ്വതമായ ധർമ്മം എന്നൊരു സാധനം ഉണ്ടെന്നും അതിൻ്റെ പ്രതിരൂപങ്ങളാണ് ഇതിഹാസനായകന്മാർ എന്നും അതിന് വിപരീതമായി കാണുന്നതെല്ലാം പിൽക്കാലത്ത് സ്ഥാപിതതാത്പര്യക്കാർ കൂട്ടിച്ചേർത്തതാണ് എന്നുമാണ്. അങ്ങനെ പറയുമ്പോൾ നമ്മൾ ചെയ്യുന്നത് വാസ്തവത്തിൽ ഇന്നത്തെ ധാർമികമൂല്യങ്ങളെ ശാശ്വതങ്ങളായി ധരിക്കുകയും അതിലേക്ക് ഇതിഹാസങ്ങളെ വെട്ടിച്ചുരുക്കാൻ ശ്രമിക്കുകയുമാണ് എന്ന് നമ്മൾ തന്നെ അറിയാറില്ല.

കൈയെഴുത്തുപ്രതികൾ പകർത്തപ്പെടുമ്പോഴും കഥകൾ വാമൊഴിയായി പ്രചരിക്കുമ്പോഴും പറയുന്നവരുടെയും കേൾക്കുന്നവരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് അതിൽ നിരന്തരം മാറ്റങ്ങൾ വരുത്തപ്പെടുന്നുണ്ട്. പാണ്ഡവവംശജനായ ജനമേജയനോട് പറയപ്പെടുന്നതായതുകൊണ്ടാണ് ഭാരതം പാണ്ഡവപക്ഷത്തുനിന്ന് ആയതെന്ന് ശ്രീ. കെ. സി. നാരായണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നും മഹാഭാരതകഥകൾ സമാഹരിക്കുകയും പുനരാഖ്യാനം ചെയ്യുകയും ചെയ്യുന്നവർ വിട്ടുകളയുകയും മാറ്റം വരുത്തുകയും ചെയ്യുന്ന ഭാഗങ്ങൾ നോക്കിയാൽ അവരുടെ താത്പര്യങ്ങൾ പലപ്പോഴും വ്യക്തമാകും. ആത്മീയമോ രാഷ്ട്രീയമോ ആയ അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ‘കൃഷ്ണൻ അങ്ങനെ പറയില്ല’, ‘യുധിഷ്ഠിരൻ അങ്ങനെ ചെയ്യില്ല’ എന്നൊക്കെയുള്ള തോന്നലുകളെ അടിസ്ഥാനമാക്കി നിരന്തരം മാറ്റം വരുത്തിയിട്ടുണ്ട്, ഇന്നും വരുത്തുന്നുണ്ട്. ശ്രീ. സുനിൽ പറഞ്ഞ ഒരു ഉദാഹരണമനുസരിച്ച്, ഇരുപതാം നൂറ്റാണ്ടിൽ ഗോരഖ്‌പുരിലെ ഗീതാ പ്രസ്സ് മഹാഭാരതം പ്രസിദ്ധീകരിച്ചപ്പോൾ പാണ്ഡവർ മൃഗങ്ങളെ (മൃഗാൻ) ഭക്ഷിച്ചിരുന്നു എന്നത് തേൻ (മധൂൻ) എന്ന് തിരുത്തി.

പക്ഷേ, ഇത്തരം അധികാരകേന്ദ്രങ്ങൾ മഹാഭാരതപാഠത്തിൽ വരുത്തുന്ന മാറ്റങ്ങളെ ഒഴിവാക്കാൻ നമുക്ക് മാർഗമില്ലാത്തതുകൊണ്ട് ഉണ്ടാകുന്ന ഒരു അസന്തുലിതാവസ്ഥയുണ്ട്. നാടോടി, വാമൊഴി ആഖ്യാനങ്ങൾ അവഗണിക്കപ്പെടുന്നു എന്നതാണത്. ഈ പ്രശ്നത്തെ ശ്രീ. സുനിൽ പരിഹരിക്കുന്നത് അത്തരം ആഖ്യാനങ്ങളെയും മഹാഭാരതത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ള കലാസാഹിത്യസൃഷ്ടികളെയുമെല്ലാം തൻ്റെ പരിഗണനയ്ക്കകത്തേക്ക് കൊണ്ടുവന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെ ശ്രീ. വി. വിജയകുമാർ തൻ്റെ വായനയിൽ വിശേഷിപ്പിച്ചതുപോലെ ശരിക്കും ബഹുസ്വരാത്മകമാണ് ശ്രീ. സുനിലിൻ്റെ സമീപനം.


പതിനെട്ട്


മഹാഭാരതം എന്ന കൃതി ഒന്നോ ഒന്നിലധികമോ കേന്ദ്രപ്രമേയങ്ങൾ ഉള്ളതാണ് എന്ന ധാരണയായിരുന്നു മുമ്പുണ്ടായിരുന്നത്.
മഹാഭാരതത്തിൻ്റെ വിഷയം ഭക്തിയാണ് എന്നോ ആത്മാന്വേഷണമാണെന്നോ പറയുന്നു അധ്യാത്മവാദികൾ. ജയത്തിൻ്റെ, ധർമ്മാർത്ഥകാമങ്ങളുടെ ശൂന്യത ചിത്രീകരിച്ച് പരമപുരുഷാർത്ഥമായ മോക്ഷത്തിലേക്ക് നയിക്കുകയാണ് അത് ചെയ്യുന്നതെന്ന് അവർ വിശ്വസിക്കുന്നു.

എന്നാൽ, മഹാഭാരതകഥകളുടെ ആഖ്യാനങ്ങളൊന്നും ഈ വാദത്തിന് നിരക്കുന്നതല്ല. കഥകളിയിലും കൂത്തിലും തുള്ളലിലും നാടൻ കലാരൂപങ്ങളിലുമെല്ലാം ഭക്തി വെറും പുറംപൂച്ചാണ്. അമ്പലങ്ങളിലും മറ്റും വേദി സംഘടിപ്പിക്കാൻ വേണ്ടി ഒരു ധ്യാനശ്ലോകമോ മംഗളശ്ലോകമോ ഉണ്ടായാൽ പോലും ഈ കലാരൂപങ്ങൾ കൈകാര്യം ചെയ്ത പ്രമേയങ്ങൾ ആത്മീയമായിരുന്നില്ല. യയാതി പോലെയുള്ള നോവലുകൾ വൈരാഗ്യത്തിൽ അവസാനിച്ചെങ്കിലും കഥയുടെ കാമ്പ് മുഴുവൻ രാഗദ്വേഷങ്ങളിലാണ് വികസിച്ചത്.

ധർമ്മമാണ് മഹാഭാരതത്തിൻ്റെ വിഷയം എന്ന സമീപനമാണ് കുട്ടികൃഷ്ണമാരാർ സ്വീകരിച്ചത്. ധർമ്മം എന്താണ്, എന്തല്ല എന്ന അന്വേഷിക്കുകയും ധർമ്മവും അധർമ്മവും തിരിച്ചറിയാനാകാത്തവിധം കലർന്നുപോകുന്ന കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുകയും ധർമ്മം തേടി പുറപ്പെട്ട് അധർമ്മത്തിലെത്തിച്ചേരുന്ന മനുഷ്യജീവികളെ കാണിച്ചുതരികയും ചെയ്യുന്ന കൃതിയാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു.

എന്നാൽ, മഹാഭാരതം കേന്ദ്രപ്രമേയമുള്ള ഒരു കൃതിയല്ല എന്ന സമീപനമാണ് ശ്രീ. സുനിൽ പി. ഇളയിടത്തിൻ്റേത്. എങ്ങനെയൊക്കെ വ്യാഖ്യാനിച്ചു കഴിഞ്ഞാലും പിന്നെയും ബാക്കിയാകുന്ന, ഏതൊക്കെ ഗുണപാഠങ്ങളിലേക്ക് ചുരുക്കാൻ ശ്രമിച്ചാലും അതിന് വിപരീതമായ അർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന കൃതിയാണ് ഇത് എന്ന് അദ്ദേഹം പറയുന്നു.

മാത്രവുമല്ല, കേന്ദ്രം അന്വേഷിച്ചുള്ള ഈ യാത്രയുടെ പ്രേരണ എന്താണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓരോ വ്യക്തിയ്ക്കും ഒരു വ്യക്തിത്വം ഉണ്ട് എന്നും അതുപോലെ തന്നെ ഓരോ കൃതിക്കും ആന്തരികമായ ഒരു സത്തയുണ്ട് എന്നും സങ്കല്പിക്കുന്ന സത്താവാദം എന്ന ദർശനമാണ് ഇതിനു പിന്നിൽ. മഹാഭാരതത്തിൽ ഒരു കേന്ദ്രം തെരഞ്ഞുപോകുകയും അത് കണ്ടെത്താൻ കഴിയാതെവരുമ്പോൾ ഹതാശരാകുകയും ചെയ്ത പാശ്ചാത്യപഠിതാക്കളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഈ അർത്ഥത്തിലും വികേന്ദ്രീകരണമാണ് ശ്രീ. സുനിലിൻ്റെ സമീപനത്തിൻ്റെ സ്വഭാവം. പാഠത്തിനുള്ളിൽ അർത്ഥം തെരഞ്ഞുപോകുന്നതിനു പകരം പാഠത്തെത്തന്നെ പാഠ്യവസ്തുവാക്കുന്നു അദ്ദേഹം.


<< ????? ????? ???????????