Saturday, January 26, 2008

കോടാലിരാമനും കോദണ്ഡരാമനും


സുജനിക എന്ന ബ്ലോഗില്‍ നടന്ന ഒരു ചര്‍ച്ചയിലിട്ട കമന്റാണ്‌ ഈ പോസ്റ്റിനാധാരം. ആ ചര്‍ച്ച ഇന്നവിടെ കാണുന്നില്ല. അപ്പോള്‍പ്പിന്നെ ഇതിവിടെ ഒരു പോസ്റ്റാക്കിയേക്കാമെന്നു കരുതി.

മനുഷ്യജീവിതമാണു സാഹിത്യത്തില്‍ പ്രതിഫലിക്കുന്നതെങ്കിലും നമ്മള്‍ ജീവിതത്തില്‍ കാണുന്നതുപോലെ ഒരേ പേരുള്ള പല കഥാപാത്രങ്ങള്‍ സാഹിത്യകൃതികളില്‍ ഇല്ലാതിരിക്കുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച.

ചര്‍ച്ച വായിച്ചപ്പോള്‍ "ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍?" എന്ന് ഒരു രാമന്‍ മറ്റൊരു രാമനോടു ചോദിച്ചത്‌ ഓര്‍മ്മ വന്നു. മഗ്‌ദലനക്കാരത്തി മറിയത്തെയും മറ്റേ മറിയത്തെയും ഓര്‍മ്മവന്നു. ഇവരൊക്കെ വിഹരിച്ച സത്യവേദപുസ്തകങ്ങളെ സാഹിത്യമെന്നു പറഞ്ഞൊതുക്കാമോ എന്നും സംശയമായി. ഓരോ കാലത്തായി കഥകള്‍ക്കുമേല്‍ കഥകള്‍ കുമിഞ്ഞപ്പോള്‍ ചില പേരുകള്‍ ആവര്‍ത്തിച്ചത്‌ ഒഴിവാക്കാന്‍ പറ്റാതെ പോയതായിരിക്കാം. എന്നാല്‍ 'കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ട്‌?' എന്നു ചോദിച്ച്‌ പേരിന്റെ വേരില്‍ തൂങ്ങിയ ജോണ്‍ ഏബ്രഹാമിനെയും സിദ്ധാര്‍ത്ഥന്മാരുടെ സംഘഗാനം തീര്‍ത്ത എം. സുകുമാരനെയും മറക്കാനൊക്കുമോ?

ഒരേ പേരുള്ള കഥാപാത്രങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാം എന്നതാണ്‌ ഇതൊഴിവാക്കാനുള്ള പ്രധാന കാരണം. എന്നാല്‍, ആശയക്കുഴപ്പമുണ്ടാക്കലോ കഥാപാത്രങ്ങളുടെ വ്യക്തിത്വം ചോര്‍ത്തിക്കളയലോ ആണു കഥാകൃത്തിന്റെ ലക്ഷ്യമെങ്കിലോ? ആകാരത്തിലും വേഷവിധാനത്തിലും സാമ്യമുള്ള അഭിനേതാക്കളെ ഉപയോഗിക്കുന്ന ചലച്ചിത്രസങ്കേതത്തിനു സമാനമാണ്‌ (ഇത്‌ ദ തിന്‍ റെഡ്‌ ലൈന്‍ പോലുള്ള സിനിമകളില്‍ കാണാം.) ഒരേ പേരോ സാമ്യമുള്ള പേരുകളോ ഉള്ള കഥാപാത്രങ്ങളെ സാഹിത്യത്തിലുപയോഗിക്കുന്നത്‌. കാഥികന്‌ വിലപ്പെട്ട ഒരു സങ്കേതമാണിത്‌. വിലപ്പെട്ട മറ്റെല്ലാത്തിനെയും പോലെ പിശുക്കി മാത്രം ഉപയോഗിക്കേണ്ട ഒന്ന്.

<< തോന്നിയവാസം

9 comments:

Inji Pennu said...

അങ്ങിനെ ഒരേ പേരുള്ള ആ‍ളുകളൊക്കെയുള്ള നോവലൊക്കെ ഉണ്ടെന്നാണെന്റെ ഓര്‍മ്മ. ചെറുകഥകളിലല്ല്ലേ കാണാതുള്ളൂ?
ഇതിത്ര വലിയ സംഭവാ?

റോബി said...

രാജേഷ് സരമാഗൊവിന്റെ അന്ധത വായിച്ചിട്ടുണ്ടോ..
600-ഓളം പേജുള്ള വലിയ പുസ്തകം. കുറെ കഥാപാത്രങ്ങള്‍...ഒരാള്‍ക്കും പേരില്ല. ചില വിശേഷണങ്ങള്‍ മാത്രം..
(ഫെര്‍ണാണ്ടോ മെറില്ലിയസ് ഇപ്പോളത് സിനിമയുമാക്കുന്നുണ്ട്..)

രാജേഷ്‌ ആര്‍. വര്‍മ്മ said...

ഇഞ്ചി,

ചെറിയൊരു കാര്യം തന്നെ. ഇടയ്ക്കിടെ കുറച്ചു സമയം കിട്ടുമ്പോള്‍ ഇത്തരം ചെറുവക എഴുതിയിടാമെന്നു കരുതി.

റോബി,

ഇല്ല. അന്ധത വായിക്കാന്‍ പറ്റിയിട്ടില്ല. സിനിമയാകുമ്പോഴെങ്കിലും പറ്റുമായിരിക്കും.

ദൈവം said...

thanne thanne...

Umesh::ഉമേഷ് said...

മഹാഭാരതം ആദിപര്‍വ്വത്തിലെ രണ്ടു കേസുകെട്ടുകള്‍ ഓര്‍മ്മവരുന്നു.

ഒന്നു്, സത്യവതിയുടെയും ശന്തനുവിന്റെയും മൂത്ത പുത്രന്‍. ചിത്രാംഗദന്‍. കാട്ടില്‍ വെച്ചു് അതേ പേരുള്ള ഒരു ഗന്ധര്‍വ്വനെ കണ്ടുമുട്ടി. “ഞാനൊഴിഞ്ഞുണ്ടോ ചിത്രാംഗദനീ ഭുവനത്തിങ്കല്‍? മര്യാദയ്ക്കു നിന്റെ പേരു മാറ്റിക്കോ” എന്നു് ക്ലിന്റ് ഈസ്റ്റ്‌വുഡും ആര്യനാടു ശിവശങ്കരനും ചോദിക്കുന്ന സ്റ്റൈലില്‍ ചോദിച്ചു. അടിയായി, ഇടിയായി, അവസാനം വടിയായി.

രണ്ടു്, ജരത്ക്കാരു എന്നൊരുവനു് ഒരേ നിര്‍ബന്ധം.. ഭാര്യയ്ക്കും അതേ പേരു വേണമെന്നു്. അവസാനം കിട്ടി. സര്‍പ്പരാ‍ജാവു വാസുകിയുടെ പെങ്ങള്‍ ജരത്ക്കാരു. (ജരല്‍ക്കാരു എന്നു ചില്ലുപയോഗിക്കരുതു്. സ്പൂഫിംഗ് വരും.) പാമ്പായാലെന്താ, അതേ പേരുള്ളവളെ കിട്ടിയില്ലേ? കിട്ടി, കെട്ടി, കുട്ടി ഉണ്ടായി. ആ കുട്ടിയാണു് ജനമേജയന്റെ സര്‍പ്പസത്രം മുടക്കിയ ആസ്തികന്‍.

എതിരന്‍ കതിരവന്‍ said...

സാഹിത്യത്തിലും (സിനിമയിലും) ഒരാള്‍ക്ക് രണ്ടു വ്യക്തിത്വം കൊടുക്കാറുണ്ട്.( ചിത്രകാരന്‍ യേശുവിനേയും യൂദാസിനേയും ഒരാളില്‍ ത്തന്നെ കാണുനു, ജെകില്‍ ആന്‍ഡ് ഹൈഡ്) അല്ലെങ്കില്‍ ഒരേപോലെയുള്ള രണ്ടു വ്യക്തികള്‍. (പദ്മരാജന്റെ അപരന്‍ സിനിമ). കഥാകാരന്മാര്‍ ഇതൊരു സങ്കേതമായി മാറ്റി വയ്ക്കുന്നത് ആവശ്യം വരുമ്പോള്‍
‍ ഉപയോഗിക്കാനായിരിക്കും. ഹാരി പോട്ടറില്‍ നിഷ്ക്കളങ്കനും സ്നേഹവാനായും പ്രത്യ്ക്ഷപ്പെടുന്ന സ്കൂള്‍ മാഷിലാണ്‍ ഉഗ്രന്‍ വില്ലന്‍ കുടി കൊള്ളുന്നത്.

രാമായണത്തില്‍ കോദണ്ഡ രാമനെതിരെ കോടാലി രാമനെ ഒരു എപിസോഡിലേക്കായി കൊണ്ടു വന്നത് വിപരീത സ്വഭാവമുള്ള അതേപേരുകാരനെ ജയിക്കുന്നതായി കാണിക്കാനായിരിക്കണം. അവിടെ ശൈവ-വൈഷ്ണവ സംഘര്‍ഷം കൂടിയുണ്ട്. ആ വില്ലിന്റെ പേരില്‍.

ഇതില്‍ ഒരു വ്യക്തിത്വത്തിനെ ജയമുള്ളു.
ലോറല്‍ ആന്‍ഡ് ഹാര്‍ഡിയില്‍ ഇത് പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. അവര്‍ വെള്ളത്തില്‍ നിന്നും ബോട്ടിലേക്കു പിടിച്ചു കയറ്റി രക്ഷപെടുത്തന്നത് അവരെത്തന്നെയാണ്. ഇതു മനസ്സിലാക്കിയ ഉടന്‍ തിരിച്ചു വെള്ളത്തില്‍ തള്ളീയിട്ട് അവരെ കൊല്ലുകയാണ്.

Umesh::ഉമേഷ് said...

എതിരാ, കതിരവാ, ദുഷ്ടാ...

ക്ലൈമാക്സ് പുറത്തായ സ്ഥിതിയ്ക്കു് ഞാന്‍ ഇനി എങ്ങനെ ഹാരി പോട്ടര്‍ സിനിമ കാണും?

ജീവപര്യന്തം കഠിനതടവാണു് ഈ കുറ്റകൃത്യത്തിനു് ഇന്ത്യന്‍ (മൂവീ വാച്ചേഴ്സ്) പീനല്‍ കോഡ് അനുശാസിക്കുന്നതു്.

:)

രാജേഷ്‌ ആര്‍. വര്‍മ്മ said...

നന്ദി ഉമേഷ്‌, കതിര്‍! യാദൃശ്ചികമായിട്ടാണ്‌ ഡോക്ടര്‍. സൂസിന്റെ 'റ്റൂ മെനി ഡേയ്‌വ്‌സ്‌' ഇന്നലെ വായിച്ചത്‌!

രാജേഷ്‌ ആര്‍. വര്‍മ്മ said...

നന്ദി ദൈവമേ, പേരിടീലിന്റെ വിഷമങ്ങള്‍ നിന്നെപ്പോലെ ആര്‍ക്കറിയാം!