Monday, July 13, 2009

അതും ഇംഗ്ലീഷായി


ഫോട്ടോ കടപ്പാട്‌: കേരളകൗമുദി


ഭരണത്തിന്റെയും മരണവേദനയുടെയും പ്രേമത്തിന്റെയും ഭാഷ ഇംഗ്ലീഷായപ്പോഴും ഇത്‌ ഇത്ര പെട്ടെന്നുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. കുട്ടികള്‍ക്കുള്ള വാരികകളിലെ കളികളില്‍ പലതും ഇംഗ്ലീഷായപ്പോഴും സ്കൂളില്‍ മലയാളം പറഞ്ഞാല്‍ കുട്ടിയ്ക്ക്‌ പിഴയടയ്ക്കേണ്ടി വരുമെന്നു വന്നപ്പോഴും ടെലിവിഷന്‍ ചാനലില്‍ മലയാളം പറഞ്ഞാല്‍ അവതാരകര്‍ക്ക്‌ പണിതെറിയ്ക്കുമെന്നു വന്നപ്പോഴും സര്‍വ്വകലാശാലതലത്തില്‍ മലയാളസാഹിത്യപഠനം അവസാനിക്കാന്‍ പോകുന്നു എന്നു കേട്ടപ്പോഴും കാര്യങ്ങള്‍ ഇങ്ങോട്ടാണു പോകുന്നതെന്നു കരുതിയിരുന്നില്ല. മലയാളം സാഹിത്യവാരികയില്‍ ചിത്രീകരണത്തിനും ബ്ലോഗില്‍ പുസ്തകാഭിപ്രായമെഴുതാനും മലയാളം പദങ്ങളുടെ ഉത്‌പത്തിയെക്കുറിച്ചെഴുതാനും ഇംഗ്ലീഷേ പറ്റൂ എന്നായപ്പോഴും രാഷ്ട്രീയം എന്നും മലയാളത്തിലായിരിക്കുമെന്നു കരുതിയതാണ്‌. ഇതാ പാര്‍ട്ടിത്തല്ലിന്റെ പോസ്റ്ററുകള്‍ ഇംഗ്ലീഷിലായിരിക്കുന്നു. അതും കറകളഞ്ഞ എസ്‌. എം. എസ്‌. ഇംഗ്ലീഷില്‍ ('Coz എന്നും Pothu Janam എന്നും എഴുതിയിരിക്കുന്നതു കാണുക.) (വാര്‍ത്ത ഇവിടെ).

അതും കഴിഞ്ഞു. ഇനിയെന്താണോ എന്തോ? ഇംഗ്ലീഷ്‌ മുദ്രാവാക്യങ്ങള്‍? പ്രസംഗം? ഖദറിന്റെ ഇംഗ്ലീഷ് സ്യൂട്ടെന്നുതന്നെയല്ലേ?

9 comments:

Inji Pennu said...

it shud hav been

V.S v lov u, cos u r rite. pothu janam (pj)

:)

cALviN::കാല്‍‌വിന്‍ said...

V.S we love you, cos you are Right

എത്ര അർഥവത്തായ വാചകങ്ങൾ! വീഎസ് ലെഫ്റ്റല്ലെന്ന് പുള്ളിയുടെ അനുഭാവികൾക്കു വരെ മനസിലായി :)

suraj::സൂരജ് said...

Right is always right with "pothujanam" എന്നൊരു ടിപ്പണിയും പണിയാം, അക്നോളജ്മെന്റ് എസ്.എം.എസ്സില്‍ ;))

രാജേഷ്‌ ആര്‍. വര്‍മ്മ said...

എന്ത് ആദ്യകമന്റുതന്നെ ഇംഗ്ലീഷിലോ? My God! :-)

ഇഞ്ചീ, കാൽ‌വിൻ, സൂരജ്, നന്ദി.

അല്ല, പൊതുജനത്തിന്റെ ഇംഗ്ലീഷ് എന്താ? The Public എന്നോ? ഒരു സുരേഷ് ഗോപിപ്പടത്തിന്റെ പേരുപോലുണ്ടല്ലോ. അങ്ങനെയെഴുതിയാൽ പൊതുജനത്തിനു മനസ്സിലായില്ലെങ്കിലോ എന്നുവെച്ചായിരിക്കുമോ?

അജീഷ് മാത്യു കറുകയില്‍ said...

ഏതെങ്കിലും ചാനലിന്റെയോ ലോക്കല്‍ പത്ര പ്രവര്‍ത്തകന്റയോ വക്രബുദ്ധി .ഭിന്നിപിച്ചു വാര്‍ത്തകളും വിവാദങ്ങളും ഉണ്ടാക്കാനുള്ള ഒരു ചെറിയ കുപ്പി എണ്ണ .അറുപതു കോടി മാത്രം പരസ്യ വരുമാനമുള്ള കൊച്ചു കേരളത്തില്‍ പത്തോളം ചാനലുകള്‍ നിലനിന്നു പോകണ്ടേ..

ramachandran said...

ഈ അമേരിക്കൻ മലയാളികളാണല്ലോ കേരള രാഷ്ട്രീയം സസൂക്ഷ്‌മം വീക്ഷിക്കുന്നത്?വല്ല സാമ്രാജ്യത്വ ഗൂഢാലോചനയുമാണോ?
:)

Inji Pennu said...

പിന്നല്ലാതെ! ഞങ്ങളൊക്കെ സി.ഐ.എ ചാരന്മാരല്ലേ? ഓരോരുത്തർക്കും ഓരോ ഡ്യൂട്ടികളുണ്ട്, അമേരിക്കയിലിരുന്നു പാർട്ടിക്ക് വേണ്ടി കൊടിപിടിക്കണ സഖാക്കന്മാരെ കണ്ടൊന്നും തുള്ളണ്ടാട്ടോ, ഒക്കെ അടവല്ലേ? ;)

Calicocentric said...

അല്ലല്ലാ അത് ഇംഗ്ലീഷല്ല. I love you (I ♥ you എന്നും എഴുതും) എന്നത് ഇംഗ്ലീഷാണോ? പണ്ട് സ്കൂള്‍ ചുമരിലും ജനല്‍പ്പാളിയിലുമൊക്കെ അക്കാര്യം എഴുതിയത് എങ്ങനെയായിരുന്നു? എനിക്കു നിന്നോട് പ്രേമമാണെന്നോ? ഇവിടെ അച്ചുമ്മാനോട് പറയുന്നെന്നല്ലേയുള്ളൂ. ആ വാക്യം കുട്ടിക്കാലത്ത് സഹപാഠികള്‍ക്കിടയില്‍ പരാമര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന ഗൂഢമായ 'അത്' ഓര്‍ത്തുപോവുന്നു. ലൌചിഹ്നം എന്നറിയപ്പെട്ട ഹാര്‍ട് സിംബല്‍ വരച്ച് ഒരു അമ്പതിലേക്കു കയറ്റുമ്പോള്‍... ഹാര്‍ട്ടാണതെന്ന അറിവ് ഞങ്ങള്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല.

രാജേഷ്‌ ആര്‍. വര്‍മ്മ said...

അജീഷ്,
അങ്ങനെയാണോ? ആയിരിക്കും അല്ലേ? ചാനൽക്കാർക്ക് മലയാളം അറിഞ്ഞുകൂടാത്തതുകൊണ്ടായിരിക്കും പോസ്റ്ററും ഇംഗ്ലീഷിലാക്കിയത്.

രാമചന്ദ്രൻ,
അതു പറഞ്ഞപ്പോഴാണ് ഒരു സംഭവം ഓർമ്മവന്നത്. മിനിഞ്ഞാന്ന്, അതെ മിനിഞ്ഞാന്ന് രണ്ടുമൂന്നു സാമ്രാജ്യത്വവാദികളായ അമേരിക്കക്കാർ വീട്ടിൽ വന്നിരുന്നു. അവർ ചോദിച്ചു, യഥാർത്ഥ മാർക്സിസം-ലെനിനിസത്തെ തകർക്കാനായി പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇടാമോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു, പറ്റില്ലാന്നു പറഞ്ഞു. ഹല്ല പിന്നെ!

ഇഞ്ചി,
കറക്റ്റ്. ഇടി കിട്ടാത്ത സ്ഥലത്ത് സുരക്ഷിതമായി ഇരുന്ന് എഴുതിവിടാൻ എത്ര ധൈര്യം വേണം? അല്ലേ?

കാലിക്കുട്ടാ,
അതു ശരി. ശൈത്യം പൂക്കളോടു ചെയ്യുന്നത് എതിരാളികൾ അച്യുതാനന്ദനോടു ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണല്ലേ ഈ പറഞ്ഞിരിക്കുന്നത്?