Wednesday, February 28, 2007

(ബൂ)ലോകം പദ്യത്തിലേക്കു മടങ്ങുന്നു/മുന്നേറുന്നു

(അനുഷ്ടുപ്പ്‌)

നാദമായുയിരാര്‍ന്നൂ പ-
ണ്ടാദിയില്‍ സര്‍വ്വമെന്നു താന്‍
മോദത്തോടെയരുള്‍ചെയ്തു
വേദഗ്രന്ഥങ്ങളോര്‍ക്കുവിന്‍

(ഇന്ദ്രവജ്ര)

വേദാന്തവും ശാസ്ത്രവുമാഗമങ്ങള്‍,
ഗീതാമൃതം, തത്വവിചാരജാലം,
കാവ്യങ്ങളും നാടകവും പുരാണം,
ദിവ്യങ്ങളായുള്ളിതിഹാസമെല്ലാം

പദ്യത്തിലാകുന്നു പിറന്നതോര്‍ത്താല്‍
ഗദ്യം പരം പ്രാകൃതമെന്നു നൂനം.
ഗദ്യം വ്യവസ്ഥാരഹിതം, കിരാതം,
പദ്യത്തിലേ പൂര്‍ണ്ണത ചേര്‍ന്നുകാണൂ.

(വസന്തതിലകം)

പാടേ മറന്നു പരമാര്‍ത്ഥമിതെന്തു നമ്മള്‍
പാടാത്ത പൈങ്കിളികളായ്‌ മരുവുന്നിതിപ്പോള്‍?
കേടൊക്കെ മാറ്റുവതിനായ്‌ സമയം, നമുക്കു
നേടാം പ്രപഞ്ചം, ഉടയട്ടെ വിലങ്ങു സര്‍വ്വം.

(സ്രഗ്‌ധര)

വൃത്തം വേണം കവയ്ക്കാന്‍, അറിയണമറിയിക്കേണമെല്ലാവരേയും
ഹൃത്തിന്നുള്ളില്‍ നുരയ്ക്കും കവിത പകരുവാന്‍ വൃത്തമേ പാത്രമാകൂ
വൃത്തം നേടാന്‍ മടങ്ങാം - അരുതരുതതു മുന്നേറലാണെന്നു നാം ദുര്‍-
വൃത്തന്മാരെ പഠിപ്പിക്കണമതിവിടെ നടത്തീടണം വൃത്തയജ്ഞം

(തോടകം)

ഉലകത്തിനു പദ്യസുഖം പകരാന്‍
കലതന്റെ മുഖത്തഴകാര്‍ന്നിടുവാന്‍
കളകോകിലമെന്നകണക്കിനി ബൂ-
വുലകത്തെഴുതാം പല പദ്യഗണം

(വഞ്ചിപ്പാട്ട്‌)

കമന്റിനു വൃത്തം വേണം, പോസ്റ്റിനെല്ലാം വൃത്തം വേണം,
കമനീയം പ്രൊഫൈലിനും വൃത്തങ്ങള്‍ വേണം
കവിതയ്ക്കു മാത്രം പോരാ, ലേഖനങ്ങള്‍, കഥകള്‍ക്കും
നവനവവൃത്തം വേണം സ്മരണകള്‍ക്കും

(ഗാഥ)

ബ്ലോഗില്‍ നാമേവം തുടങ്ങിയാല്‍ വേഗത്തില്‍
ലോകം മുഴുവന്‍ പരക്കും വൃത്തം
നാകമാകില്ലയോ മന്നിടം? നാമന്നു
പൂകുകയില്ലയോ രാമരാജ്യം?

(പാന)

കഥകള്‍ പാനയാകണം, നോവലിന്‍
വ്യഥ മല്ലികയായിട്ടൊഴുകണം
വൃത്തം വേണമെല്ലാറ്റിനും, ഭൂമിയും
വൃത്തത്തില്‍ത്തന്നെയല്ലേ ചലിക്കുന്നു?

(കല്യാണി)

പത്രങ്ങള്‍, വാരികയൊക്കെയും ചേലില്‍
വൃത്തത്തിലാവണം അച്ചുനിരത്തുവാന്‍
ഏറും പരസ്യവും നാറുന്ന വാര്‍ത്തയും
ചേറു ചികഞ്ഞതും കല്യാണിയാകും

(കാകളി)

കാഫ്‌കയെത്തര്‍ജ്ജമ ചെയ്യണമെങ്കിലോ
കാകളിയില്ലേ മനോഹരഭാഷിണി?
പത്രാധിപര്‍ക്കുള്ള കത്തുകളൊക്കെയും
വൃത്തമില്ലെങ്കിലെറിയണം കുപ്പയില്‍

(കളകാഞ്ചി)

സിനിമകളിലതിചടുലമായ സംഭാഷണം
ഗാനവുമെല്ലാം കളകാഞ്ചിയാകണം
എഴുതുവതിനറിയരുതു പദ്യമെന്നാകിലോ
കോഴ കൊടുക്കണം സര്‍ക്കാരിനപ്പൊഴേ

(തരംഗിണി)

നര്‍മ്മം വേണം പറയാനെങ്കില്‍
നമ്പ്യാര്‍ തന്റെ തരംഗിണിയില്ലേ?
പദ്യത്തിന്റെയകമ്പടിയില്ലേല്‍
മുദ്രാവാക്യവുമെന്തിനു കൊള്ളാം?

(ഭരണിപ്പാട്ട്‌)

തെറിയാണു പറയേണ്ടതെങ്കിലതിനില്ലേ
കുറവേതുമില്ലാത്ത ഭരണിപ്പാട്ട്‌?
കാര്‍ട്ടൂണിനൊക്കെയടിക്കുറിപ്പായി
കാര്‍ട്ടൂണ്‍ കവിതയും ചേര്‍ത്തിടേണം

(ഓമനക്കുട്ടന്‍)

പെറ്റീഷന്‍ പോലും വൃത്തമില്ലെങ്കില്‍
പറ്റുകില്ല കൊടുക്കുവാന്‍
പാടുവാന്‍ കഴിയാത്തതൊന്നുമേ
പാടില്ലിന്നിയെഴുതുവാന്‍

(പഞ്ചചാമരം)

പരക്കെയെങ്ങുമിക്കണക്കു പദ്യഭാഷയാകുകില്‍
പിരിഞ്ഞുപോയിടും പെരുത്ത ദുഷ്കവീന്ദ്രരൊക്കെയും.
ഇരന്നു തിന്നു വാഴ്കിലും വിശന്നവര്‍ മരിക്കിലും
വരും ജഗത്തിലൊക്കെയും നരന്നു നല്ല മംഗളം.

<< എന്റെ മറ്റു കവിതകള്‍
Post a Comment