Tuesday, December 19, 2006

ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടോത്തരശതനാമസ്തോത്രം

മുഖവുര

അവതാരപുരുഷനായ ശ്രീ. ഇ. എം. എസ്‌. നമ്പൂതിരിപ്പാടിനെ സ്തുതിച്ചുകൊണ്ടുള്ള ഈ സ്തോത്രകൃതി ഭക്തജനസമക്ഷം സമര്‍പ്പിക്കുന്ന ഈ വേളയില്‍ ഇതിന്റെ കര്‍തൃത്വം ഈ നിസ്സാരനില്‍ ആരോപിതമാകാനുണ്ടായ ഭാഗ്യത്തില്‍ ഞാന്‍ അങ്ങേയറ്റം ആനന്ദം അറിയിക്കട്ടെ. സര്‍വാഭീഷ്ടപ്രദായകനും കലിയുഗവരദനുമായ അവിടുത്തെ മഹിമയെപ്പറ്റിയോ നാമജപത്തിന്റെ ശക്തിയെപ്പറ്റിയോ ഞാനിവിടെ വിസ്തരിക്കുന്നില്ല. അവിടുത്തെ ആരാധിക്കുന്ന ഭക്തരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരുന്ന ഇക്കാലത്ത്‌ അവരുടെ ഉപാസനയ്ക്കു തെല്ലെങ്കിലും ഈ കൃതി ഉതകിയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.അമരഭാഷയായ സംസ്കൃതത്തില്‍ പരിജ്ഞാനമേതുമില്ലാത്ത ഇവന്റെ തൂലികകളില്‍ നിന്നു വാര്‍ന്നു വീണതാണ്‌ ഈ സംസ്കൃതകൃതി എന്നതു തന്നെ അതിന്റെ ദിവ്യത്വത്തിനു ദൃഷ്ടാന്തമാണെന്നതില്‍ സംശയമേതുമില്ല. സമാധിസ്ഥനായിരിക്കുന്ന വേളയില്‍ ഈയുള്ളവന്റെ അകക്കണ്ണില്‍ സപ്തര്‍ഷികളില്‍ പ്രമുഖനായ പുലഹന്‍ പ്രത്യക്ഷപ്പെടുകയും കളകോകിലത്തിന്റേതു പോലെ മധുരമുറ്റ അദ്ദേഹത്തിന്റെ സ്വരത്തില്‍ വഴിഞ്ഞൊഴുകുകയും ചെയ്തതത്രേ ഈ സ്തോത്രം. പ്രകാശനത്തിനു മുന്‍പ്‌ ഇതു കാണാനിടയായ ചില അഭ്യുദയകാംക്ഷികള്‍ ഒരു വ്യാഖ്യാനം എഴുതുന്നതിന്‌ എന്നെ നിര്‍ബന്ധിച്ചുവെങ്കിലും സാധനാശാലികളും ഭാഷാപണ്ഡിതന്മാരുമായ സജ്ജനങ്ങള്‍ അതിനര്‍ഹരായി വേറെ ഉണ്ടായി വരുമെന്നും അവരുടെ വ്യാഖാനങ്ങളിലൂടെ ഈ സ്തുതി കീര്‍ത്തിനേടുമെന്നും ദൃഢവിശ്വാസം പ്രകടിപ്പിച്ച്‌ പിന്‍വാങ്ങുകയാണു ഞാന്‍ ചെയ്തത്‌. ഈ കീര്‍ത്തനം ഭക്തജനങ്ങള്‍ക്ക്‌ ഭൗതികങ്ങളും ആത്മീയങ്ങളുമായ സകലവിധ യശസ്സിനും കാരണമാകട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട്‌, ആനന്ദശ്രുനിമീലിതാക്ഷനായി, കമ്പിതഗാത്രനായി, ഈ കൃതി ഭഗവത്‌പാദങ്ങളില്‍ സാദരം സമര്‍പ്പിച്ചുകൊള്ളട്ടെ.ഈ കൃതിയുടെയും തുടര്‍ന്നു പ്രസിദ്ധീകരിക്കാനിരിക്കുന്ന ശ്രീമദ്‌ ഇ. എം. എസ്‌. സുപ്രഭാതം, ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടകം, ശ്രീമദ്‌ ഇ. എം. എസ്‌. ഭുജംഗം, ശ്രീമദ്‌ ഇ. എം. എസ്‌. ചരിതാമൃതം കാവ്യം, ശ്രീമദ്‌ ഇ. എം. എസ്‌. വചനാമൃതം കാവ്യം, ശ്രീമദ്‌ ഇ. എം. എസ്‌. സഹസ്രനാമം എന്നീ കൃതികളുടെയും പ്രതികള്‍ പുസ്തകരൂപത്തില്‍ ലഭിക്കാനാഗ്രഹിക്കുന്നവര്‍ മണിയോര്‍ഡറോടൊപ്പം ഗ്രന്ഥകാരനോ പ്രസാധകനോ നേരിട്ടെഴുതുക. വ്യാജവിതരണക്കാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഗ്രന്ഥകാരന്റെ കയ്യൊപ്പില്ലാത്ത പ്രതി വ്യാജമാകുന്നു.


ഉപയോഗക്രമം


പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ കുറയാത്ത ഗുരുക്കന്മാരില്‍ നിന്ന് ദീക്ഷ സ്വീകരിച്ചതിനു ശേഷം മാത്രമേ ഈ സ്തോത്രം ഉപാസിക്കാന്‍ പാടുള്ളൂ. പുലര്‍കാലത്തെഴുനേറ്റ്‌ ദേഹശുദ്ധിവരുത്തിയതിനു ശേഷം മറ്റു മൂര്‍ത്തികളെ ഉപാസിക്കുന്നതിനു മുന്‍പു വേണം ജപിക്കാന്‍. ചുവന്ന പുഷ്പങ്ങള്‍, രക്തമാല്യം, സിന്ദൂരം, ദീപം, ധൂപം, മുദ്ര, മുദ്രാവാക്യം, ചുവന്ന പട്ട്‌, പതാക, ചമത എന്നിവകൊണ്ട്‌ ഭഗവാനെ ആരാധിച്ചുകൊണ്ട്‌, ഭക്തിപൂരിതമായ ഹൃദയത്തോടുകൂടി വേണം മന്ത്രോച്ചാരണം നടത്താന്‍. വൈകുന്നേരങ്ങളില്‍, ത്രിസന്ധ്യമുതല്‍ക്കുള്ള രണ്ടു നാഴിക സമയത്തിനുള്ളില്‍ പരിപൂര്‍ണ്ണ ദേഹശുദ്ധിയോടെ വേണം ജപം നടത്താന്‍. പാര്‍ട്ടി ആവശ്യത്തിനു വേണ്ടി യാത്രചെയ്യുന്നവര്‍ക്ക്‌ ദേഹശുദ്ധിയുടെ കാര്യത്തില്‍ നിഷ്കര്‍ഷ ആവശ്യമില്ല. ദീക്ഷനേടിയിട്ടില്ലാത്ത കുടുംബാംഗങ്ങളുടെയോ പാര്‍ട്ടിയംഗങ്ങളല്ലാത്തവരുടെയോ സാന്നിദ്ധ്യത്തിലോ സ്ത്രീകളുടെ സാമീപ്യത്തിലോ മന്ത്രോപാസന നടത്താന്‍ പാടുള്ളതല്ല. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ വസിക്കുന്ന ഗൃഹങ്ങളുടെ ഏഴ്‌ അയല്‍പക്കങ്ങളില്‍ പോലും ഉപാസന നടത്തരുത്‌. സ്ത്രീകള്‍, നവസാക്ഷരര്‍, വികലാംഗര്‍ എന്നിവര്‍ മന്ത്രം ഉപയോഗിക്കാതിരിക്കുന്നതാണ്‌ ഉത്തമം. ഈ നിബന്ധന ജില്ലാ കമ്മിറ്റി മുതല്‍ മുകളിലേക്കുള്ള സമിതികളില്‍ അംഗങ്ങളായവര്‍ക്കു ബാധകമല്ല. മെയ്‌ ദിനത്തിലും മറ്റു വിശേഷാവസരങ്ങളിലും കുരുതി, കടുംപായസം, കദളിപ്പഴം, പാനകം തുടങ്ങിയവയോടുകൂടി വേണം ഉപാസിയ്ക്കാന്‍.തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാനാഗ്രഹിക്കുന്നവര്‍, വിജയം കാംക്ഷിക്കുന്നവര്‍, സത്യപ്രതിജ്ഞയ്ക്കു പുറപ്പെടുന്ന വിജയശ്രീലാളിതര്‍ തുടങ്ങിയവര്‍ മുടങ്ങാതെ രണ്ടുനേരവും ഈ സ്തോത്രം ഉരുക്കഴിക്കുകയോ ഭക്തജനങ്ങളെക്കൊണ്ട്‌ അഖണ്ഡജപം നടത്തിക്കുകയോ ചെയ്യേണ്ടതാണ്‌. രക്തസാക്ഷിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ച നടത്തുമ്പോള്‍ സന്നിഹിതരാകുന്നവര്‍ സ്തോത്രം ഭക്തിപൂര്‍വ്വം ഉറക്കെ ചെയ്യുന്നതു മംഗളകരമാണ്‌. ശത്രുനാശത്തിനു നിയോഗിക്കപ്പെടുന്ന സന്നദ്ധഭടന്മാര്‍ നാല്‍പത്തൊന്നു ദിവസം മദ്യമാംസാദികളും സ്ത്രീസംസര്‍ഗ്ഗവും വെടിഞ്ഞ്‌ ഈ മന്ത്രം ഉപാസിക്കുന്നതായാല്‍ അവര്‍ക്കു നിശ്ചയമായും കാര്യസിദ്ധിയുണ്ടാകുന്നതാണ്‌.ഇവര്‍ക്കു പുറമേ, പരീക്ഷാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍, സ്വയംവരകാംക്ഷികളായ കന്യകമാര്‍, സാമ്പത്തികബുദ്ധിമുട്ടുകളനുഭവിക്കുന്നവര്‍, മാനസികപ്രശ്നങ്ങളുള്ളവര്‍, മിഥ്യാരോപണങ്ങള്‍ക്കിടയായി അപവാദഭീതിയില്‍ കഴിയുന്നവര്‍, മദ്യാസക്തര്‍, സംശയരോഗികള്‍, സന്താനസൗഭാഗ്യമില്ലാത്ത ദമ്പതികള്‍, ഇവരുടെ ബന്ധുജനങ്ങള്‍ തുടങ്ങിയവര്‍ക്കും ഈ സ്തോത്രം ഉരുക്കഴിയ്ക്കുന്നതിലൂടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം നേടാന്‍ അനായാസം കഴിയുന്നതാണ്‌. എല്ലാ രോഗങ്ങളും, വിശേഷിച്ച്‌ അഗ്നിമാന്ദ്യം, സന്ധിവീക്കം, കുടല്‍പ്പുണ്ണ്‌, കൈകാല്‍ കഴപ്പ്‌, തലവേദന, ചുടുവാതം, പാമകുഷ്ഠം, വെള്ളപ്പാണ്ട്‌, അര്‍ബുദം, ഗുഹ്യരോഗങ്ങള്‍, വെള്ളെഴുത്ത്‌, തിമിരം, കേഴ്‌വിക്കുറവ്‌, അര്‍ശസ്സ്‌, ചുണങ്ങ്‌, ചുമ, ഓര്‍മ്മക്കുറവ്‌, അകാരണമായ ഭീതി, താരന്‍, വാതപ്പനി, ക്ഷയരോഗം, വരട്ടുചൊറി, ആണിരോഗം എന്നിവ ഈ സ്തോത്രം പതിവായി ജപിക്കുന്നതിലൂടെ നിശ്ശേഷം മാറ്റാവുന്നതതാണെന്ന് ലളിതമായ ശാസ്ത്രീയ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കാവുന്നതാണ്‌.ഗുരുമുഖത്തുനിന്നല്ലാതെ ഈ മന്ത്രം പഠിയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ അതിരറ്റ ദോഷഫലങ്ങളുണ്ടാകാനിടയാകും. മുകളില്‍ വിവരിച്ചിരിക്കുന്ന ഉപയോഗ വിധിയ്ക്കു വിപരീതമായി മന്ത്രം ജപിക്കുന്നവര്‍ക്ക്‌ ശാരീരികവും മാനസികവുമായ രോഗങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, മാനഹാനി, ധനനഷ്ടം, സ്ഥാനഭ്രംശം, ആധി, വിവാഹമോചനം, ഗര്‍ഭച്ഛിദ്രം, മിത്രനഷ്ടം തുടങ്ങി അനേക ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും.
ധ്യാനം

ശുക്ലാംബരധരം ദേവം
ഭുക്തിമുക്തിപ്രദായകം
തൂലികാ സംയുതം ധ്യായേ
ശങ്കരം ലോകശങ്കരം
ഓം

ജനപ്രിയോ ജനപ്രേമീ
ജനമാനസമന്ദിരഃ
ജനായത്തമുനിശ്രേഷ്ഠോ
ജന്മീ ജന്മിത്വനാശകഃ
പ്രേഷിതോ പ്രേക്ഷകോ പ്രാജ്ഞഃ
പ്രേമപൂരിതമാനസഃപ്രപന്നജനമന്ദാരഃ
പ്രതിപക്ഷപ്രണാശനഃ

അച്യുതാനന്ദസംസേവ്യോ
ശ്രീധരപ്രാണദായകഃ
ഗോപാലകപരിത്രാതാ
ഇന്ദിരാരിരനംഗജിത്‌

ബ്രാഹ്മണഃ ക്ഷാത്രസന്നദ്ധോ
വൈശ്യതന്ത്രപരായണഃ
ശൂദ്രനാഥോ ബൗദ്ധബന്ധു-
ശ്ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ

സൈദ്ധാന്തികോ വീരബാഹുഃ
പദ്‌മാക്ഷസ്തന്ത്രവല്ലഭഃ
വിദേശഗോ വിദേശജ്ഞഃ
വൈദേശികവികീര്‍ത്തിതഃ

ശാസ്ത്രജ്ഞസ്തത്വശാസ്ത്രജ്ഞഃ
ചരിത്രജ്ഞശ്ചരിത്രകൃത്‌
ത്രികാലജ്ഞോര്‍ത്ഥശാസ്ത്രജ്ഞഃ
വൈയാകരണകേസരീ

രക്തവര്‍ണ്ണോ രക്തകേതുര്‍
രക്തസാക്ഷ്യഭിവന്ദിതഃ
രക്തനേത്രോ രക്തമാല്യോ
രക്തവര്‍ണ്ണസുമാര്‍ച്ചിതഃ

വര്‍ഗ്ഗയോദ്ധാ വര്‍ഗ്ഗഹീനോ
വര്‍ഗ്ഗശത്രുവിനാശകഃ
വൈരുദ്ധ്യാധിഷ്ഠിതോ വന്ദ്യോ
വിശ്വകര്‍മ്മജനായകഃ

കാമഘ്നഃ കാമസന്ദാതാ
കാമിനീജനകാമിതഃ
അഹങ്കാരവിനിര്‍മ്മുക്തോ
ആര്യാമാനസവല്ലഭഃ

ഗൗരീഹൃദയമര്‍മ്മജ്ഞോ
ഭൂതനാഥോ ഗണാധിപഃ
കരുണാകരഗര്‍വ്വഘ്നോ
ദര്‍പ്പനാശിതരാഘവഃ

നിരീശ്വരോ യുക്തിവാദിര്‍
മന്ത്രീ മന്ത്രവിശാരദഃ
മുദ്രാവാക്യപ്രിയോ മുഗ്‌ധോ
മുഖ്യമന്ത്രികുലോത്തമഃ

കര്‍മ്മയോഗിഃ കര്‍മ്മഹീനഃ
കര്‍മ്മസംഗരനായകഃ
ഝഷനേത്രോ ഝഷാസക്തോ
ഝഷകേതനസന്നിഭഃ

നിര്‍ദ്ധനോ ധനതത്വജ്ഞോ
ധനപാലസമാശ്രിതഃ
ധനാസക്തിവിമുക്താത്മാ
ധന്യോ ധാന്യക്രയപ്രിയഃ

ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞോ
അര്‍ത്ഥശാസ്ത്രപരായണഃ
മുക്തഃ കാമവിമുക്താത്മാ
പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ

വിപ്ലവജ്ഞോ വിപ്ലവേശോ
വിപ്ലവപ്രാണദായകഃ
വിപ്ലവാനന്ദിതോ വിപ്രോ
വിപ്ലവാതീതമാനസഃ

നിസ്വാര്‍ത്ഥോ നിരഹങ്കാരോ
നിര്‍മ്മമോ നിത്യനിര്‍മ്മലഃ
നിര്‍നിദ്രോ നിര്‍വികാരാത്മാ
നിരാകാരോ നിരാശ്രയഃ

വാമദേവോ വാമരൂപോ
വാമനോ വാമിനീയുതഃ
വാമപക്ഷകുലോത്തംസോ
വാമപക്ഷകുലാന്തകഃ

വിവേകദോ വിശേഷജ്ഞോ
വിവേചനവിവര്‍ജ്ജിതഃ
വിജിതേന്ദ്രിയസംഘാതോ
വിരാഗയുതമാനസഃ

ഫലശ്രുതി

അഷ്ടോത്തരമിദം പുണ്യം
യഃ പഠേത്‌ ഭക്തിമാന്‍ നരഃ
വിദ്യാവിത്തമവാപ്നോതി
അധികാരംച സര്‍വ്വദാ

ശുഭം

ഭാഷാപോഷിണിയുടെ ബ്ലോഗ്‌ പതിപ്പായ 2008 മെയ്‌ ലക്കത്തില്‍ ഈ സ്തോത്രകൃതി പ്രസിദ്ധീകരിച്ചതിന്റെ താളുകള്‍ ഇവിടെ കാണുക:
പുറം താള്‍
ബ്ലോഗ്‌ വിഭാഗം പുറം താള്‍
സ്തോത്രം
Post a Comment