കണ്ടെഴുത്ത്
കേരളത്തിനു നടുക്ക്, ആര്‍ഭാടമുള്ള അകത്തളങ്ങളുള്ള വീടുകളും പണക്കാരുടെ മക്കള്‍ പഠിക്കുന്ന പഞ്ചനക്ഷത്രവിദ്യാലയങ്ങളും ഐസ്ക്രീം പാര്‍ലറുകളുമുള്ള ഒരു സ്വര്‍ഗ്ഗത്തിലാണീ കഥ നടക്കുന്നത്. എന്നാല്‍, ആ ലോകത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ നുരയ്ക്കുന്നതു ചെകുത്താന്മാരും കൃമികളുമാണെന്നു തെളിവാകുന്നതില്‍ പുതുമയുണ്ട്.
നായിക ക്യാമറയോടു സംസാരിക്കുന്ന സങ്കേതത്തിനു പുതുമയുണ്ടെങ്കിലും ഇവള്‍ പറയുന്നതു സത്യമാണോ എന്ന സംശയത്തിലേക്കു കാഴ്ചക്കാരെ നയിച്ചേക്കാം.
ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന സ്ത്രീയുടെ വീട്ടില്‍ കുട്ടികള്‍ക്കു കൂട്ടായി ഒരു വേലക്കാരി പോലുമില്ലാത്തത് സ്വാഭാവികമോ?
കഥയുടെ അവസാനത്തേക്കു ഒരു തുറുപ്പുപോലും കരുതിവെയ്ക്കാതിരുന്നതു കാരണം കഥയിലെ വെളിപ്പെടുത്തലുകളെല്ലാം കഥതീരുന്നതിനു വളരെ മുന്‍പേ തീര്‍ന്നു പോവുന്നു. മാനുവല്‍ അങ്കിള്‍ ഒരു ബോറനല്ല എന്ന വസ്തുതയെങ്കിലും അവസാനത്തേക്കു കരുതി വെയ്ക്കാമായിരുന്നു. ഭാര്യയുടെ പണം കൊണ്ടാണ് അയാള്‍ ജീവിക്കുന്നതെന്നു തന്നെ വന്നാല്‍പ്പോലും ആ കഥാപാത്രത്തിനു വലിയ കോട്ടമൊന്നും വരുമായിരുന്നില്ല. പിന്നെ, ആ ദോഷവും കൂടി ഒഴിവാക്കിയതു പെണ്ണുങ്ങള്‍ക്കു കീഴടങ്ങാത്ത കഥാപാത്രങ്ങളുടെ പരമ്പര സൃഷ്ടിച്ചു വിടുന്ന തിരക്കഥാകൃത്തിന്റെ തീരുമാനമോ?
ലാലു അലക്സിന്റെ മറക്കാനാകാത്ത ഒരു കഥാപാത്രമെന്നു പറഞ്ഞാല്‍ അതിശയോക്തിയായിരിക്കില്ല. നായികയും നന്നായിട്ടുണ്ട്. അവളുടെ സുഹൃത്തുക്കളായി അഭിനയിച്ച കുട്ടികള്‍ രണ്ടും നിലവാരം പോര.
ഇന്നു ത്രില്ലറുകള്‍ വായിക്കുന്ന കുട്ടികള്‍ക്ക് ഷെര്‍ലക് ഹോംസും അഗതാ ക്രിസ്റ്റിയുമൊക്കെയേ വായിക്കാനുള്ളോ?
<< എന്റെ മറ്റു സിനിമാ വിചാരങ്ങള്‍
No comments:
Post a Comment