Thursday, August 25, 2011

പുസ്തകപ്രകാശനച്ചടങ്ങ്


കാമകൂടോപനിഷത്തിന്റെ ഔപചാരികമായ പ്രകാശനച്ചടങ്ങ് ആഗസ്റ്റ് 29 തിങ്കളാഴ്ച തിരുവനന്തപുരത്തുവെച്ചു നടക്കും. ഡി. സി. ബുക്സിന്റെ 37-ആം വാർഷികത്തോടനുബന്ധിച്ച് എ. കെ. ജി. സെന്ററിൽ നടക്കുന്ന ചടങ്ങിൽ പ്രകാശിപ്പിക്കപ്പെടുന്ന 37 പുസ്തകങ്ങളിൽ ഒന്നാണ് എന്റെ കഥാസമാഹാരം. ക്ഷണക്കത്ത് ഇവിടെ കാണാം. എല്ലാവരുടെയും സാന്നിധ്യം ആഗ്രഹിക്കുന്നു.

<< കയറ്റുമതി

Monday, August 15, 2011

തടവുകാരെ തടവുമോ?

അടിപിടിക്കേസിൽ പിടിയിലായവന്‌ അടിതടയിൽ പരിശീലനം കൊടുക്കുമോ? കുംഭകോണക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന മന്ത്രിമാരോട്‌ 'തെളിയിക്കപ്പെടാത്ത 100 കേസുകൾ' എന്ന പുസ്തകം പഠിക്കാനാവശ്യപ്പെടുമോ?

സംശയം തോന്നാൻ കാര്യമുണ്ട്‌. കോഴിക്കോട്‌ ഇരട്ടസ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട തടിയന്റവിട നസീർ, ഷഫാസ്‌ എന്നീ ഭീകരർ ജയിലിൽ വിശ്രമിക്കുന്ന സമയത്ത്‌ ധീരദേശാഭിമാനികളുടെ ജീവചരിത്രങ്ങൾ പഠിക്കണമെന്നു കോടതി ഉത്തരവിട്ടിരിക്കുന്നു. ഏതു ദേശസ്നേഹികൾ എന്നൊന്നും പറഞ്ഞിട്ടില്ലാത്ത സ്ഥിതിയ്ക്ക്‌ അതൊക്കെ ജയിലധികൃതരുടെ വിവേചനത്തിനു വിട്ടിരിക്കുന്നു എന്നായിരിക്കണം അർത്ഥം. അപ്പോൾ, അസംബ്ലി മന്ദിരത്തിൽ ബോംബെറിഞ്ഞ ഭഗത്‌ സിങ്ങ്‌, പോലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന സുഖ്‌ദേവ്‌, രാജ്‌ഗുരു, പോലീസുകാരെ വെടിവെച്ചിട്ട്‌ സ്വയം വെടിവെച്ചു മരിച്ച ചന്ദ്രശേഖർ ആസാദ്‌, സർക്കാർ ഖജനാവു കൊള്ളയടിക്കാൻ ഗൂഢാലോചന നടത്തിയ രാം പ്രസാദ്‌ ബിസ്മിൽ, അഷ്ഫഖുള്ള ഖാൻ, ആയുധക്കടത്തു നടത്തിയ ബാഘാ ജതിൻ തുടങ്ങി ജയിലുദ്യോഗസ്ഥന്മാർക്കു പ്രിയങ്കരരായ ദേശാഭിമാനികളുടെ കഥകളായിരിക്കണം ഇരുവർക്കും ലഭ്യമാക്കുന്നതെന്നു കരുതാം.

പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്തതിനു ജയിലിൽക്കിടക്കുന്നവൻ മഞ്ഞപ്പുസ്തകം വായിക്കണമെന്നു നാളെ വിധിയുണ്ടാകുമോ?

<< തോന്നിയവാസം