Monday, February 18, 2008

സുന്ദരന്മാര്‍ പ്രതിഷേധിക്കുന്നു

എസ്കിമോകളുടെ ഭാഷയില്‍ മഞ്ഞിന്‌ കാക്കത്തൊള്ളായിരം വാക്കുകളുണ്ടെന്നു പറയുന്നത്‌ ചുമ്മാതാണത്രെ.
എന്നാലും അത്‌ ആദ്യമായി പറഞ്ഞയാള്‍ പറയാന്‍ ശ്രമിച്ചത്‌ ഇതാണല്ലോ: ഒരു ഭാഷയുപയോഗിക്കുന്നവര്‍ ഏറ്റവുമധികം എന്തിനെപ്പറ്റി സംസാരിക്കാന്‍ അതുപയോഗിക്കുന്നു അഥവാ ഉപയോഗിച്ചുപോന്നു എന്നത്‌ അധികം പര്യായങ്ങളുള്ള വാക്കുകള്‍ തേടിപ്പോയാല്‍ കണ്ടുപിടിക്കാന്‍ കഴിയും. മലയാളിക്ക്‌ snowയ്ക്കും iceനും fogനും frostനും sleetനുമെല്ലാം കൂടി മഞ്ഞെന്നൊരു വാക്കല്ലേയുള്ളൂ. നമ്മള്‍ ജീവിതത്തെ അതിരറ്റു സ്നേഹിക്കുന്നതു കൊണ്ട്‌ മരണത്തെക്കുറിക്കാന്‍ മലയാളത്തില്‍ ഒരുപാടു വാക്കുകളുണ്ടെന്നു കവി ഡി. വിനയചന്ദ്രന്‍ ("നാടുവാഴി നാടുനീങ്ങുന്നു, കഥാകൃത്തു കഥാവശേഷനാകുന്നു, കവി യശശ്ശരീരനാകുന്നു,...സാധാരണക്കാര്‍ വടിയാകുകയും തട്ടിപ്പോവുകയും കായുകയും വെടിതീരുകയുമൊക്കെച്ചെയ്യുന്നു" എന്നോ മറ്റോ അദ്ദേഹം പറയുന്നു).

നമ്മുടെ ഭാഷയെ സിനിമാപ്പാട്ടെഴുത്തുകാര്‍ക്കും ടി.വി.ക്കാര്‍ക്കും ബൂലോഗര്‍ക്കുമുപയോഗിക്കാന്‍ ഒരു നിഘണ്ടുവോളം വലുതാക്കിയ മണിപ്രവാളകാലത്തെ എഴുത്തുകാരന്‍ എസ്കിമോ മഞ്ഞിനെയെന്നപോലെ ഏറ്റവുമധികം കൈകാര്യം ചെയ്തിരുന്നത്‌ എന്തായിരുന്നിരിക്കാം? എന്തിനെച്ചൊല്ലിയായിരിക്കും ഏറ്റവും ആനന്ദിച്ചതും രസിച്ചതും ചര്‍ച്ചചെയ്തതും കലഹിച്ചതും തരളനായതും സ്വപ്നംകണ്ടതും വ്യാകുലപ്പെട്ടതും? നിഘണ്ടു അരിച്ചുപെറുക്കി ഏറ്റവുമധികം പര്യായമുള്ള വാക്കു കണ്ടുപിടിക്കാനുള്ള സാങ്കേതികതയും വിവരവും വിവരസാങ്കേതികതയുമില്ലാത്തതുകൊണ്ടു ഒരു ഊഹം നടത്തി അതെത്രമാത്രം ശരിയാണെന്നു പരിശോധിക്കാമെന്നു കരുതി. സുന്ദരി എന്ന വാക്കിന്‌ നിഘണ്ടുവില്‍ എത്ര പര്യായങ്ങളുണ്ടായിരിക്കും? ഊഹം മോശമായില്ല. ആകെക്കിട്ടിയത്‌ 294 വാക്കുകളാണ്‌.

സൗന്ദര്യമുള്ളവള്‍ എന്നര്‍ത്ഥമുള്ള വാക്കുകള്‍ മാത്രം 75 എണ്ണമുണ്ട്‌. പിന്നെ നല്ല ശരീരമുള്ളവള്‍, നല്ല കണ്ണുള്ളവള്‍ (100 എണ്ണം - മൂന്നിലൊന്നും ഇതാണ്‌), നല്ല മുടിയുള്ളവള്‍ എന്നു തുടങ്ങി ഓരോ അവയവത്തിനും ധാരാളം വാക്കുകള്‍. താത്‌പര്യമുള്ളവര്‍ക്കുവേണ്ടി വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ്‌ താഴെക്കൊടുക്കുന്നു. പട്ടിക പൂര്‍ണ്ണമായി ഇവിടെ കാണാം.


ഗുണംഉദാഹരണംഎണ്ണം
മുടി 26
കറുത്തത്‌ കരിങ്കുഴലി 5
വണ്ടിനെപ്പോലെയുള്ളത്‌ അളിവേണി 1
പായല്‍ പോലെയുള്ളത്‌ (!) കണ്ടിപ്പുരികുഴലി 1
കറ്റപോലെയുള്ളത്‌ കറ്റവാര്‍കുഴലി 3
കാര്‍മേഘം പോലെയുള്ളത്‌ കൊണ്ടല്‍വേണി 3
ചുരുണ്ടത്‌ പുരികുഴലി 3
തഴ പോലെയുള്ളത്‌ തഴക്കാര്‍കുഴലാള്‍ 1
പൂവുചൂടിയത്‌ മാലവാര്‍കുഴലി 7
പൊതുവെ നല്ലത്‌ പൂവേണി 2
മുഖം 14
ചന്ദ്രനെപ്പോലെയുള്ളത്‌ താരേശാസ്യ 8
താമര പോലെയുള്ളത്‌ ജലജമുഖി 2
പൊതുവേ നല്ലത്‌ സുമുഖി 4
നെറ്റി 2
വില്ലു പോലെ വളഞ്ഞത്‌ ചിലനുതലാള്‍ 1
പൊതുവേ നല്ലത്‌ ഒണ്ണുതലാള്‍ 1
പുരികം 3
വളഞ്ഞത്‌ നതഭ്രൂ 1
പൊതുവേ നല്ലത്‌ സുഭ്രൂ 2
കണ്ണ്‌ 100
പേടിച്ചത്‌ കാതരമിഴി 3
മാനിന്റേതു പോലെ നീണ്ടത്‌ ഏണലോചന17
ഇളകുന്നത്‌ ചഞ്ചലാക്ഷി 16
ചെരിഞ്ഞ (കണ്‍കോണുകൊണ്ടുള്ള) നോട്ടമുള്ള പ്രതീപദര്‍ശിനി 2
നീണ്ടത്‌ നെടുങ്കണ്ണി 13
താമര പോലെയുള്ളത്‌ കമലാക്ഷി 11
കറുത്തത്‌ നീലക്കണ്ണാള്‍ 4
അലസമായത്‌ അലസാക്ഷി 2
കരിം കൂവളപ്പൂ പോലെയുള്ളത്‌ ഉത്പലാക്ഷി 3
മീനിന്റെ ആകൃതിയിലുള്ളത്‌ മീനാക്ഷി 12
മഷിയെഴുതിയത്‌ മൈക്കണ്ണി 2
കരിങ്കുരുകില്‍ (എന്തരോ എന്തോ) പോലെയുള്ളത്‌ ഖഞ്ജനനേത്ര 1
ഉപ്പന്‍/ചെമ്പോത്തിന്റേതു പോലെ ചുവന്നത്‌ ചകോരാക്ഷി 1
മദ്യം പോലെയുള്ളത്‌ മദിരാക്ഷി 2
പൊതുവേ ഭംഗിയുള്ളത്‌ സുലോചന 11
കണ്‍പീലി 1
പൊതുവേ ഭംഗിയുള്ള പക്ഷ്മള 1
ചുണ്ട്‌ 9
തൊണ്ടിപ്പഴം പോലെയുള്ളത്‌ ബിംബാധരി 1
പവിഴം പോലെയുള്ളത്‌ വിദ്രുമാധരി 1
ചുവന്നത്‌ രക്താധരി 5
വിറയ്ക്കുന്നത്‌ തരളാധരി 1
മധുരമുള്ളത്‌ മധുരാധരി 1
പല്ല്‌ 4
വെളുത്തത്‌ ശുഭദതി 2
പൊതുവേ ഭംഗിയുള്ളത്‌ സുദതി 2
ശബ്ദം 5
കിളിയുടേതു പോലുള്ളത്‌ കിളിമൊഴി 1
കുയിലിന്റേതു പോലുള്ളത്‌ കുയില്‍മൊഴി 2
പൊതുവേ നല്ലത്‌ കളമൊഴി 2
സംസാരം 6
പൊതുവേ നല്ലത്‌ ചടുലവാണി 2
തേന്‍ പോലെയുള്ളത്‌ മടുമൊഴി 4
കഴുത്ത്‌ 1
ശംഖു പോലെയുള്ളത്‌ കംബുകണ്ഠി 1
മാറ്‌ 9
കുടം പോലെയുള്ളത്‌ കുംഭസ്തനി 2
പന്തു പോലെയുള്ളത്‌ പന്തണിക്കൊങ്കയാള്‍ 1
കുന്നു പോലെയുള്ളത്‌ മാടണിമുലയാള്‍ 1
ഭാരമുള്ളത്‌ പീനസ്തനി 5
വയര്‍ 1
ഒതുങ്ങിയത്‌ കൃശോദരി 1
അരക്കെട്ട്‌ 13
ഒതുങ്ങിയത്‌ ക്ഷീണമധ്യ 11
പൊതുവേ നല്ലത്‌ സുമധ്യ 2
തുട 4
തുമ്പിക്കൈ പോലെയുള്ളത്‌ കരഭോരു 1
വാഴത്തട പോലെയുള്ളത്‌ രംഭോരു 1
പൊതുവെ വലിയത്‌ ഘനോരു 2
നടപ്പ്‌ 8
പതുക്കെയുള്ളത്‌ മന്ദഗമന 2
ആനയുടേതു പോലെയുള്ളത്‌ ഗജഗാമിനി 4
അരയന്നത്തിന്റേതു പോലെയുള്ളത്‌ അന്നനടയാള്‍ 2
ശരീരം ആകെപ്പാടെ 88
താമരവളയം ബിസാംഗി 1
പുതുമയുള്ള നവാംഗി 1
മെലിഞ്ഞ കൃശ 6
മാര്‍ദ്ദവമുള്ള മൃദുല 2
വെളുത്തനിറമുള്ള കനകാംഗി 1
പൊതുവേ സൗന്ദര്യമുള്ള, മറ്റ്‌ അവയവങ്ങള്‍ക്കു ഭംഗിയുള്ള ശോഭന 77
ആകെമൊത്തം 294


കണ്ണുകള്‍ കാതില്‍ച്ചെന്നു തൊടുന്നതു നല്ലത്‌, മാറിടത്തിന്റെ ഭാരം കൊണ്ട്‌ ശരീരം മുമ്പോട്ടു കുനിഞ്ഞിരുന്നാല്‍ കേമം, മാറിടത്തിന്റെയും നിതംബത്തിന്റെയും ഭാരം കാരണം നടക്കാന്‍ പതുക്കെയാണെങ്കില്‍ ഉത്തമം - ഇങ്ങനെ പോകുന്നു നിയമങ്ങള്‍.

ടി. പി. അനില്‍കുമാറിന്റെ ദാരുശില്‍പം തന്റെ അളവുകള്‍ ആരുടേതാണെന്നു കാഴ്ചക്കാരനോടു പറയുന്നതുപോലെ ഈ വാക്കുകള്‍ അവയെ തീര്‍ത്ത വാക്കാശാരിമാരുടെ (Wordsmiths) നാരായങ്ങള്‍ക്കു ചലനം പകര്‍ന്ന, എന്നോ ജീവിച്ചു മരിച്ച, പതിവ്രതമാരുടെയും കുലടകളുടെയും രാജകന്യകമാരുടെയുമൊക്കെ മെയ്യളവുകളെപ്പറ്റി നമ്മോടു പറയുന്നു. ആ പദശോഭകളുടെ കരിനിഴലുകളില്‍ ഏതൊക്കെയോ കവികളുടെ ഇക്കിളിസ്വപ്നങ്ങളുടെ സൗന്ദര്യസങ്കല്‍പങ്ങള്‍ക്കൊത്തു സ്വന്തം ശരീരം പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു നിരാശയില്‍ മുങ്ങിക്കഴിഞ്ഞിരിക്കാനിടയുള്ള മറ്റു കുറെ ജന്മങ്ങളെക്കുറിച്ചും.

സുന്ദരിയ്ക്ക്‌ മുന്നൂറോളം പര്യായങ്ങളുണ്ടെന്നു കാണുമ്പോള്‍ സ്വാഭാവികമായും നോക്കിപ്പോകുന്നത്‌ സുന്ദരന്‌ എത്രയെന്നാകുമല്ലോ. പതിവുപോലെ, ഈ മേഖലയിലും സ്ത്രീപുരുഷസമത്വം നിലനിന്നിരുന്നില്ലെന്നു കാണുന്നു. എണ്ണം 35. താമരയിതള്‍ പോലെ വിടര്‍ന്ന കണ്ണുകളുള്ള പെണ്ണിന്റെ പര്യായങ്ങളോരോന്നും എണ്ണിപ്പറയാന്‍ മടികാണിക്കാത്ത നിഘണ്ടുകാരന്‍ പോലും ആണിന്റെ കണ്ണിന്റെ കാര്യം വരുമ്പോള്‍ "അരവിന്ദപര്യായങ്ങളോട്‌ നയനപര്യായങ്ങള്‍ ഏതും ചേര്‍ത്ത്‌ വിഷ്ണു, സുന്ദരന്‍ എന്നീ അര്‍ഥങ്ങളുള്ള പദങ്ങള്‍ ഉണ്ടാക്കാം." എന്നു പറഞ്ഞൊഴിയുന്നതല്ലാതെ അവയെല്ലാം നിരത്തിയെഴുതാന്‍ ഉത്സാഹം കാണിക്കുന്നില്ല.
ഗുണംഉദാഹരണംഎണ്ണം
മുഖം 1
പൊതുവേ നല്ലത്‌ സുമുഖന്‍ 1
കണ്ണ്‌ 15
താമര പോലെയുള്ളത്‌ പങ്കജാക്ഷന്‍ 12
വലിയത്‌ വിശാലാക്ഷന്‍ 1
പൊതുവേ നല്ലത്‌ മുഗ്ധലോചനന്‍ 2
ആരോഗ്യമുള്ളത്‌ 1
പൊതുവേ സൗന്ദര്യമുള്ളത് 18
ആകെ മൊത്തം 34

പത്തിനൊന്നു മാത്രം പര്യായങ്ങളാണു തങ്ങള്‍ക്കുള്ളതെന്നറിഞ്ഞ്‌ ഒരു സുന്ദരനെന്ന നിലയില്‍ എനിക്ക്‌ അമര്‍ഷം അടക്കാന്‍ കഴിയുന്നില്ല. ബാക്കി ഇരുനൂറ്റെഴുപതോളം പര്യായങ്ങള്‍ ഉടന്‍ ഉണ്ടാക്കി ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കവികളും നിഘണ്ടുകാരന്മാരും ഉള്‍ക്കൊള്ളുന്ന വ്യവസ്ഥാപിതസാഹിത്യലോകത്തോടു കത്തെഴുതിയും ഇ-മെയിലും എസ്‌.എം.എസും അയച്ചും ഫോണ്‍ ചെയ്തും പ്രതിഷേധിക്കാന്‍ നിങ്ങളും കൂടുമല്ലോ.
<< എന്റെ മറ്റു തോന്നിയവാസങ്ങള്‍

Saturday, January 26, 2008

കോടാലിരാമനും കോദണ്ഡരാമനും


സുജനിക എന്ന ബ്ലോഗില്‍ നടന്ന ഒരു ചര്‍ച്ചയിലിട്ട കമന്റാണ്‌ ഈ പോസ്റ്റിനാധാരം. ആ ചര്‍ച്ച ഇന്നവിടെ കാണുന്നില്ല. അപ്പോള്‍പ്പിന്നെ ഇതിവിടെ ഒരു പോസ്റ്റാക്കിയേക്കാമെന്നു കരുതി.

മനുഷ്യജീവിതമാണു സാഹിത്യത്തില്‍ പ്രതിഫലിക്കുന്നതെങ്കിലും നമ്മള്‍ ജീവിതത്തില്‍ കാണുന്നതുപോലെ ഒരേ പേരുള്ള പല കഥാപാത്രങ്ങള്‍ സാഹിത്യകൃതികളില്‍ ഇല്ലാതിരിക്കുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച.

ചര്‍ച്ച വായിച്ചപ്പോള്‍ "ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍?" എന്ന് ഒരു രാമന്‍ മറ്റൊരു രാമനോടു ചോദിച്ചത്‌ ഓര്‍മ്മ വന്നു. മഗ്‌ദലനക്കാരത്തി മറിയത്തെയും മറ്റേ മറിയത്തെയും ഓര്‍മ്മവന്നു. ഇവരൊക്കെ വിഹരിച്ച സത്യവേദപുസ്തകങ്ങളെ സാഹിത്യമെന്നു പറഞ്ഞൊതുക്കാമോ എന്നും സംശയമായി. ഓരോ കാലത്തായി കഥകള്‍ക്കുമേല്‍ കഥകള്‍ കുമിഞ്ഞപ്പോള്‍ ചില പേരുകള്‍ ആവര്‍ത്തിച്ചത്‌ ഒഴിവാക്കാന്‍ പറ്റാതെ പോയതായിരിക്കാം. എന്നാല്‍ 'കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ട്‌?' എന്നു ചോദിച്ച്‌ പേരിന്റെ വേരില്‍ തൂങ്ങിയ ജോണ്‍ ഏബ്രഹാമിനെയും സിദ്ധാര്‍ത്ഥന്മാരുടെ സംഘഗാനം തീര്‍ത്ത എം. സുകുമാരനെയും മറക്കാനൊക്കുമോ?

ഒരേ പേരുള്ള കഥാപാത്രങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാം എന്നതാണ്‌ ഇതൊഴിവാക്കാനുള്ള പ്രധാന കാരണം. എന്നാല്‍, ആശയക്കുഴപ്പമുണ്ടാക്കലോ കഥാപാത്രങ്ങളുടെ വ്യക്തിത്വം ചോര്‍ത്തിക്കളയലോ ആണു കഥാകൃത്തിന്റെ ലക്ഷ്യമെങ്കിലോ? ആകാരത്തിലും വേഷവിധാനത്തിലും സാമ്യമുള്ള അഭിനേതാക്കളെ ഉപയോഗിക്കുന്ന ചലച്ചിത്രസങ്കേതത്തിനു സമാനമാണ്‌ (ഇത്‌ ദ തിന്‍ റെഡ്‌ ലൈന്‍ പോലുള്ള സിനിമകളില്‍ കാണാം.) ഒരേ പേരോ സാമ്യമുള്ള പേരുകളോ ഉള്ള കഥാപാത്രങ്ങളെ സാഹിത്യത്തിലുപയോഗിക്കുന്നത്‌. കാഥികന്‌ വിലപ്പെട്ട ഒരു സങ്കേതമാണിത്‌. വിലപ്പെട്ട മറ്റെല്ലാത്തിനെയും പോലെ പിശുക്കി മാത്രം ഉപയോഗിക്കേണ്ട ഒന്ന്.

<< തോന്നിയവാസം

Sunday, January 13, 2008

വ്യാഖ്യാതാവിന്റെ അറിവ്‌

കവിയ്ക്കല്ല, ഭാഷ്യം ചമയ്ക്കുന്നവര്‍ക്കേ
കൃതിയ്ക്കുള്ള മെച്ചം ഗ്രഹിക്കാവതുള്ളൂ.
രതിക്രീഡയില്‍ പുത്രനാളും പടുത്വം
സ്‌നുഷയ്ക്കാകു, മമ്മയ്ക്കു പറ്റാ ഗ്രഹിക്കാന്‍

കവിതാരസചാതുര്യം എന്ന ശ്ലോകത്തിന്റെ പ്രതിച്ഛായ

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Saturday, January 12, 2008

എന്റെ ദ്രുതകവനം അഥവാ തട്ടിക്കൂട്ടിയ ശ്ലോകങ്ങള്‍

പദ്യമെഴുത്തു 'വെള്ളം പോലെ'യായ എഴുത്തുകാര്‍ അക്ഷരശ്ലോകം നടക്കുമ്പോഴോ അല്ലാത്ത അവസരങ്ങളിലോ മുന്‍കൂട്ടിയാലോചിക്കാതെ കവിതകള്‍ രചിക്കുന്നതിനാണ്‌ ദ്രുതകവനം എന്നു പറയുന്നത്‌. അക്ഷരശ്ലോകം ഇലക്ട്രോണിക്‌ കൂട്ടായ്മയില്‍ വര്‍ഷങ്ങളായി ഒരു ഇ-സദസ്സ്‌ നടക്കുന്നുണ്ട്‌. ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള ശ്ലോകകുതുകികള്‍ ശ്ലോകങ്ങള്‍ ചൊല്ലിവിടുന്നതിന്റെ വേഗക്കൂടുതലിനിടയില്‍ ചില തെറ്റുകള്‍ പറ്റാറുണ്ട്‌. ഉദാഹരണത്തിന്‌ അടുത്തതായി ചൊല്ലേണ്ട അക്ഷരം ശ്രദ്ധിക്കാതെ തെറ്റായ അക്ഷരം കൊണ്ടുള്ള ശ്ലോകം ചൊല്ലുക, രണ്ടുപേര്‍ ഒരേ സമയം ഒരേ അക്ഷരത്തിനുള്ള ശ്ലോകങ്ങള്‍ ഈ-മെയില്‍ വഴി അയയ്ക്കുക, മുമ്പു ചൊല്ലിയ ശ്ലോകങ്ങള്‍ ആവര്‍ത്തിക്കുക തുടങ്ങിയതാണ്‌ തെറ്റുകള്‍ക്കു കാരണമാകുന്നത്‌. അപ്പോഴുണ്ടാകുന്ന വിടവ്‌ അടയ്ക്കാന്‍ ഫില്ലര്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഓട്ടയടപ്പന്‍ ശ്ലോകങ്ങള്‍ ആരെങ്കിലും അയയ്ക്കും. ഇന്ന അക്ഷരം കൊണ്ടു തുടങ്ങി ഇന്ന അക്ഷരം കൊടുക്കുന്ന ശ്ലോകം എന്നതായിരിക്കും മിക്കവാറും ഓട്ടയടപ്പന്മാരുടെ സ്വഭാവം. ചിലപ്പോള്‍ അത്തരത്തില്‍ ഒരു ശ്ലോകം ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകും. ചിലപ്പോള്‍ തട്ടിക്കൂട്ടേണ്ടി വരും. ഇലക്ട്രോണിക്‌ യുഗത്തില്‍ എല്ലാത്തിനും വേഗത കൂടിയപ്പോള്‍ അക്ഷരശ്ലോകസദസ്സുപോലെ ചില സംഗതികള്‍ക്കു വേഗത കുറയുകയാണുണ്ടായത്‌. ദ്രുതകവനങ്ങളുടെ ദ്രുതഗതിയ്ക്കും കിട്ടി കുറച്ചു സാവകാശം. ഓട്ടയടയ്ക്കാന്‍ വേണ്ടി ഒന്നോ രണ്ടോ ദിവസം കിട്ടിയെന്നു വരും. അതിനിടയില്‍ ഒരെണ്ണം തട്ടിക്കൂട്ടിയാല്‍ മതിയാകും. ശ്ലോകമെഴുതി തഴക്കവും പഴക്കവും വന്ന സദസ്യരായ ബാലേന്ദുവിനെയും ഉമേഷിനെയും പോലെ മറ്റുള്ള ഞങ്ങളും ചിലത്‌ അങ്ങനെ തട്ടിക്കൂട്ടിയിട്ടുണ്ട്‌. ഇതു ഞാന്‍ ഇന്നോളം തട്ടിക്കൂട്ടിയ ശ്ലോകങ്ങളുടെ പട്ടികയാണ്‌.

ഒരു തട്ടിക്കൂട്ടല്‍ തര്‍ജ്ജമ:
പ്രദോഷധ്യാനം

'ശ'യ്ക്കു ചൊല്ലാന്‍ വേണ്ടി തട്ടിക്കൂട്ടിയത്‌
കരിവണ്ട്‌

'ച-മ'യ്ക്ക്‌ രഥോദ്ധതയില്‍ ചൊല്ലാന്‍ തട്ടിക്കൂട്ടിയത്‌
ശിവസ്തുതി

യമകശ്ലോകങ്ങളുടെ പരമ്പരയില്‍ 'ദ'യ്ക്കു ചൊല്ലാന്‍ വേണ്ടി ഉണ്ടാക്കിയത്‌:
ദയിതനായിത നാളുകളെണ്ണുമെ-
ന്നകമിതാക്കമിതാവിനെയോര്‍ക്കവേ
പെരിയമാരിയമര്‍ത്തിയ മാറെഴും
ഘനസമാന സമാധിയിലാണ്ടു പോയ്‌.

മദ്യശ്ലോകങ്ങളുടെ പരമ്പരയില്‍ 'ച'യ്ക്കു വേണ്ടി തട്ടിക്കൂട്ടിയത്‌:
കുടിയന്‍

തോടകശ്ലോകങ്ങളുടെ പരമ്പരയില്‍ 'ഒ'യ്ക്കു വേണ്ടിയുണ്ടാക്കിയത്‌:
ഒരിടത്തൊരിടത്തൊരു സക്കറിയാ
അവനോതിയ കെസ്സുകളാര്‍ക്കറിയാം?
പുഴുവും പഴുതാരയുമീശ്വരനും
കലരുന്നൊരു വാങ്‌മയമെന്തു രസം!

മോഷണം വിഷയമായ ശ്ലോകങ്ങളുടെ പരമ്പരയില്‍ 'ക'യ്ക്കു ചൊല്ലാന്‍ വേണ്ടിയുണ്ടാക്കിയത്‌:
കുട്ടിക്കൊമ്പന്‍

കുസുമമഞ്ജരി ശ്ലോകങ്ങളുടെ പരമ്പരയില്‍ 'പ'യ്ക്കു വേണ്ടി ഉണ്ടാക്കിയത്‌:
മദനഗോപാലന്‍

'മ'യ്ക്കു വേണ്ടി നടത്തിയ ദ്രുതകവനം:
മാനിച്ചിടട്ടെ ബുധരൊത്തു, പഴിച്ചിടട്ടേ
വന്നോട്ടെ വിത്ത,മതു പോലെയൊഴിഞ്ഞു പോട്ടേ
ഇന്നോ യുഗാന്തമതിലോ മരണം വരട്ടെ-
യന്യായമാം വഴി ചരിക്കുകയില്ല ധീരന്‍
ഇതേ ശ്ലോകത്തിന്റെ പരിഷ്കരിച്ച രൂപം:
ധീരന്‍

ആശകൊണ്ടു നടത്തിയ ഒരു പരിഭാഷയുടെ കഥ

ദ്രുതവിളംബിതത്തില്‍ 'ത'യ്ക്കു വേണ്ടി തട്ടിക്കൂട്ടിയത്‌:
മദാമ്മ

മാലിനി ശ്ലോകങ്ങളുടെ പരമ്പരയില്‍ 'പ'യ്ക്കു ചൊല്ലാന്‍ തട്ടിക്കൂട്ടിയത്‌:
വാഗ്‌ദേവതാ ധ്യാനം

ദ്രുതവിളംബിതത്തില്‍ 'ത'യ്ക്കു വേണ്ടി ഉണ്ടാക്കിയത്‌:
കര്‍മ്മത്തിന്റെ കരുത്ത്‌

ധ-ജ ഓട്ടയടപ്പന്‍:
മധുരസ്മരണ

അക്ഷരശ്ലോകസദസ്സിലെ 2500-ാ‍മത്തെ ശ്ലോകമായി ചൊല്ലാനുണ്ടാക്കിയത്‌:
നെയ്‌വിളക്കുകള്‍ക്കിടയില്‍

ദ്രുതപരിഭാഷകള്‍:
ഈറ്റുഭേദം

തിളങ്ങാന്‍ വേണ്ടത്‌

പല്ലും നാവും

ചെറുക്കന്‍കാണല്‍

ധനത്തില്‍ മികച്ചത്‌

കൂമന്റെ കാഴ്ച

പെണ്ണായ്‌ പിറന്നാല്‍

പാമ്പിനു പാലുകൊടുത്താല്‍

ഗുരുസാഗരം

തന്നോളം വളര്‍ന്നാല്‍

വ്യാഖ്യാതാവിന്റെ അറിവ്‌

ജ്യോതിയുടെ ഈ ശ്ലോകത്തിന്റെ വിവര്‍ത്തനം:
മദനവേദനയാ ഖലു കാതരാ-
മതിബലാ'മബലാ'മിതി ഭാവയന്‍
മഥിതമന്മഥമാനസപൂരുഷ-
സ്ത്വകരുണഃ,സ്സഖി! ചിന്തയ ശങ്കരം!


മദനകാതരയായവളെസ്സദാ
മദനമാലു പെരുത്തൊരു പൂരുഷന്‍
അബലയെന്നു വിളിക്കുവതോര്‍ക്കൊലാ
മദനവൈരിയെയോര്‍ക്കുക സര്‍വ്വദാ

അക്ഷരശ്ലോകസദസ്സില്‍ ഏറ്റവുമധികം ശ്ലോകങ്ങള്‍ ചൊല്ലിയ സദസ്യരുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ശ്ലോകം. ഇത്‌ ദ്രുതകവനമല്ലെങ്കിലും ശ്ലോകസദസ്സുമായി ബന്ധപ്പെട്ടതായതുകൊണ്ട്‌ ഇവിടെ കിടക്കട്ടെ.
നെടും തൂണുകള്‍:
പ്രപഞ്ചത്തിന്റെ നെടുംതൂണിന്‌ ഒരു വന്ദനം. ഒപ്പം, സദസ്സിന്റെ നെടുംതൂണുകള്‍ക്കും:
ബാലേന്ദുവെപ്പൂവിതളെന്നപോലെ
ഫാലേ ധരിയ്ക്കുന്നൊരുമേശ, ശംഭോ,
മാലേറവേ ശ്രീധരനും ഭജിയ്ക്കും
കാലേകണം ജ്യോതിയിവന്നിരുട്ടില്‍

'ദ'യ്ക്കു വേണ്ടി ഒരു ദ്രുതകവനം. സമസ്യാപൂരണം:
ദുഷ്ടത്തമേറുന്നൊരു ശ്വശ്രുവിന്നെ-
പ്പെട്ടെന്നൊരമ്മിയ്ക്കു പുറത്തിരുത്തി
ചേരും കരിങ്കല്‍ കഷണത്തിനാലേ...
നാരായണന്നര്‍പ്പണമായ്‌ വരട്ടെ.

"അമ്മായിയമ്മയെ അമ്മിമേല്‍ വെച്ചിട്ടു/നല്ലൊരു കല്ലോണ്ടു...നാരായണാ" എന്ന നാടന്‍ പാട്ട്‌ ഓര്‍ക്കുക.

ഈ ശ്ലോകത്തിനു ശേഷം ചൊല്ലാന്‍ വേണ്ടി എഴുതിയത്‌:
വിലസല്‍ഘനപുഷ്പപുഷ്പപുഷ്പം
വിരഹസ്ത്രീജനമാരമാരമാരം
വിനതാമര രാജരാജരാജം
വിഷമാക്ഷം ഭജ കാലകാലകാലം


വഴിയും ചിരി, മാടുമാടുമാടും
കുഴലിന്നൊച്ചയുമേറുമേറുമേറും
പിഴയൊക്കെയുമാറുമാറുമാറും
തൊഴുമാ മാമുനിമാരുമാരുമാരും

മറ്റൊരു സമസ്യാപൂരണം

'ണ'യ്ക്ക്‌ ഒരു ദ്രുതകവനം:
ണത്താരൊത്ത കരത്തിലാത്തകുതുകം വെണ്‍താമരത്താരെടു-
ത്തത്താര്‍ മാനിനി ഹൃത്തിലും മദനമാല്‍ ചേര്‍ത്തീടുമത്താരുടല്‍,
ചത്തീടുംപൊഴുതാര്‍ത്തിതീര്‍ത്തരുളുവാനുള്‍ത്താരിലുണ്ടായിടാന്‍
നിത്യം പേര്‍ത്തു മനസ്സിലോര്‍പ്പു തിരുവല്ലത്തേവര്‍ തന്‍ കാല്‍ത്തളിര്‍.

<< എന്റെ ശ്ലോകങ്ങള്‍