Showing posts with label ശ്ലോകം. Show all posts
Showing posts with label ശ്ലോകം. Show all posts

Saturday, May 16, 2020

വൈദ്യനാഥൻ



(ചിത്രത്തിന് കടപ്പാട്: bestcollegeart.com)

തീ കാളും ഗരളം ജഗത്തിനെയെരിക്കാനായ് പരന്നോരു നാൾ
ചാകാനും മടിയാതെ ഏവനതിനെക്കോരിക്കുടിച്ചാനൊരാൾ
ഭോഗീഹാര, കപാല, മാംസഭസിത ആഭൂഷാവിശേഷാംഗനാം
ആക്കാരുണ്യസുധാപയോനിധി മഹാമൃത്യുഞ്ജയൻ കാക്കണം.

<< ശ്ലോകങ്ങൾ

Tuesday, November 13, 2018

തോരനും ഭീരുവും

താരും തോൽക്കും ചുവപ്പും പുതുമയുമിയലും വാഴതൻ കൂമ്പ്, നാളീ-
കേരം നന്നായ്ക്കലർത്തി, ക്കടുകൊടുമുളകും ചേർത്തുതീർത്തോരു തോരൻ
മോരിന്നൊപ്പം വിശക്കുന്നളവിൽ ഒരുപിടിച്ചോറിനോടൊത്തു കണ്ടാൽ
ധീരൻമാരും പകയ്ക്കും ഞൊടിയിട, യിവനെപ്പറ്റി മിണ്ടേണ്ടതുണ്ടോ?

<< ശ്ലോകങ്ങൾ

Tuesday, May 01, 2018

ആശാരിച്ചി

നാദം, സ്പന്ദം, വെളിച്ചം, സമയ, മളവെഴാപ്പഞ്ചഭൂതങ്ങളെല്ലാം
തോതിൽച്ചേർത്തിട്ടു വിശ്വം പണിവൊരു വിരുതൻ ബ്രഹ്മനാശാരിപോലും
ആർതൻ നോക്കിൻ മുഴക്കോൽ ഞൊടിയിട വെടിയാതേ മുറുക്കെപ്പിടിക്കു-
ന്നായമ്മേ വന്നു ചെമ്മേ നടമരുളണമേ നാവിലമ്മേ മുദാ മേ.

<< ശ്ലോകങ്ങൾ

Saturday, April 04, 2015

ഗോമഹിമ


ചിത്രത്തിനു കടപ്പാട്: migrantmallu.com

ഒലിപ്പടം വെടിഞ്ഞിടാം, ഉറക്കൊഴിച്ചിരുന്നിടാം,
ചലായതാക്ഷിതൻ കടാക്ഷബാണവും മറന്നിടാം,
ഉലർത്തിയൊരു ബീഫൊഴിച്ചു മൂന്നുപാരിലുള്ളതാം
നലം കലർന്ന സൗഖ്യമേതുമിന്നിവൻ ത്യജിച്ചിടാം

<< ശ്ലോകങ്ങള്‍

Saturday, January 17, 2015

ഭാരതാംബ

ചിത്രത്തിനു കടപ്പാട്: നവാ ബിഹാന്‍

ഹിമാദ്രിതുംഗശേഖരാം, സമുദ്രഭംഗനൂപുരാം,
തമാലനീലവാസസാം, സുമാകരൈർസുവാസിതാം,
ഉമാ, ശചീ, സരസ്വതീ, രമാമുഖാംഗനാനുതാം
നമാമി ഭാരതാംബികാം തമോഽരി കോടി ഭാസ്വരാം.

ഹിമാലയമാകുന്ന ഉന്നതമായ കിരീടത്തോടു കൂടിയവളും സമുദ്രതരംഗങ്ങളാകുന്ന നൂപുരങ്ങളോടു കൂടിയവളും പച്ചിലമരങ്ങളാൽ പുടവചാര്‍ത്തിയവളും സുഗന്ധപുഷ്പങ്ങളാൽ സൌരഭ്യം ചാര്‍ത്തിയവളും ശ്രീപാര്‍വ്വതി, മഹാലക്ഷ്മീ, സരസ്വതി, ഇന്ദ്രാണി തുടങ്ങിയവരാൽ സ്തുതിക്കപ്പെടുന്നവളും കോടി സൂര്യന്മാരുടെ ശോഭയുള്ളവളുമായ ഭാരതാംബികയെ ഞാൻ നമിക്കുന്നു.


<< ശ്ലോകങ്ങള്‍

Thursday, September 25, 2014

നവരാത്രി പിന്നെയും

നവരാഗമാല്യപദനൂപുരങ്ങളാൽ
രവമാർന്നു, കോടയുടയാടയാക്കിയും
യുവസോമചാരുതിലകാങ്കിതാസ്യയായ്
നവരാത്രിവന്നു സുഖദാത്രി പിന്നെയും

(2012)
<< ശ്ലോകങ്ങള്‍

Friday, September 19, 2014

ദൈവം തുണ

മലതൻ മകളും മദനാന്തകനും
പുലിവാഹനനും കലയും ഗുഹനും
നിലയറ്റു തുണയ്ക്കണമേ സുചിരം
മലയാളമൊഴിയ്ക്കു ചിതം വരുവാൻ


<< ശ്ലോകങ്ങള്‍

Wednesday, March 13, 2013

ഇരുട്ടിൽ


ചിത്രത്തിനു കടപ്പാട്: stock-clip.com

ഇരുട്ടിൽ, നിലാവിൻ ജനൽ‌പ്പാളിപോലും
തുറക്കാത്ത രാവിൻ കരിങ്കൽത്തുറുങ്കിൽ,
പരുക്കേറ്റ്, ഉറങ്ങാതിരിക്കുന്ന നെഞ്ചിൻ
നെരിപ്പോടിലെത്തീപ്പൊരിത്തുണ്ടു നീയേ.


<< ശ്ലോകങ്ങൾ

Tuesday, October 23, 2012

തനിനിറം

ചുണ്ടിൽ ചുവപ്പായുമവൾക്കു കണ്ണു-
രണ്ടിൽ കനക്കുന്നൊരു നീലമായും
പണ്ടേ പലേമട്ടിലുദിപ്പു രാഗം
കൊണ്ടൽക്കറുപ്പായ് കരളിന്നകത്തും

രാഗം എന്ന വാക്കിന് പ്രേമം എന്ന അർത്ഥത്തോടൊപ്പം നിറം എന്നും മനോഭാവം എന്നും അർത്ഥങ്ങളുണ്ട്.

<< ശ്ലോകങ്ങൾ

Monday, October 01, 2012

വൃത്തങ്ങളോട്

രൂപ,മർത്ഥവുമിയന്ന പൂർവകവിമല്ലരൊത്തു കളിയാടിയോ-
രാഭയാർന്ന പ്രിയ മല്ലികേ, സുമുഖി, സ്രഗ്ധരേ, കുസുമമഞ്ജരീ,
ഇന്നു നല്ല കവികൾക്കു നിങ്ങളൊടു പ്രേമമൊട്ടുമുണരായ്കയാൽ
എന്നെമാതിരി കുറഞ്ഞവീര്യമെഴുവോർക്കു തെല്ലു വശമാകുവിൻ!

<< ശ്ലോകങ്ങൾ

Thursday, April 26, 2012

മായാസ്തുതി




ഈടേറും മേടതോറും ചുടല, ചുടലയിൽ‌പ്പോലുമോലും വെളിച്ചം,
വാടാവെട്ടത്തിനുള്ളിൽക്കരി, കരിവിറകിൽ കായ്ച്ചുനിൽക്കുന്ന വൃക്ഷം,
കീടത്തിൽ മെയ്യിലും നിൻ തിരുവുട, ലിരുളിൽ പാതയും കാട്ടിടും നിൻ
കേടറ്റുള്ളോരു നേത്രാഞ്ജനമകമിഴിയിൽ‌ പൂശണേ ദേവി, മായേ

<< ശ്ലോകങ്ങൾ

Tuesday, February 28, 2012

വള്ളി













ഓങ്കാരത്തിന്റെ വിത്തായുലകമുയിരെടുത്തോരു നാളിൽക്കുരുത്തും
ഹുങ്കാളുന്നോരിരുട്ടിൻ മടകളിലറിവിൻ വേരിറക്കിത്തഴച്ചും
ശങ്കാഹീനം പ്രപഞ്ചം‌മുഴുവനുമൊരുപോൽച്ചില്ല പായ്ച്ചുല്ലസിക്കും
തേൻ‌കോലും വാക്കുപൂക്കും‌ ലത,സകലകലാവല്ലി താങ്ങട്ടെ നമ്മെ.

സകലകലാവല്ലി: സരസ്വതി


ചിത്രത്തിനു കടപ്പാട്: smilesinthemiddleofthings

<< ശ്ലോകങ്ങൾ

Wednesday, February 22, 2012

ഭരണഭരണി




ചിത്രത്തിനു കടപ്പാട്:പൈങ്ങോടൻ

ചോടുതേടിയണയുന്ന ഭക്തരുടെ നാറ്റമുള്ള തെറിവാക്കുകൾ
കൂടുമാസ്ഥയൊടു കുങ്കുമക്കുറികണക്കു മാറിലണിയുന്നവൾ
കോടിലിംഗപുരമാണ്ട ദേവിയടിയന്നു സമ്പ്രതി തുണയ്ക്കണം
നാടുവാഴുമപരാധികൾക്കു ചെവിപൊട്ടുമാറു തെറി പാടുവാൻ

കോടിലിംഗപുരം: കൊടുങ്ങല്ലൂർ


Wednesday, January 25, 2012

ചെരിപ്പിനോട്









ചിത്രത്തിനു കടപ്പാട്: RunningStarfish.com

ഇപ്പാഴ്പ്പാതപ്പരപ്പിൽ‌പ്പെരുകിന മുരടും മുള്ളു, മേറുന്ന കല്ലും
മൽ‌പ്പാദങ്ങൾക്കു ശല്യം പകരരുതതിനായൊപ്പമുണ്ടെങ്കിലും നീ
എപ്പോൾ മിന്നുന്ന വെൺകല്പടവുകളണയുന്നെന്റെ കാൽച്ചോട്ടിലെന്നാ-
ലപ്പോഴേ നിന്നെയൂരിപ്പുറമെയെറിയുമേ ഞാനുറപ്പായ് ചെരിപ്പേ.

<< ശ്ലോകങ്ങൾ

Tuesday, October 04, 2011

ഉപാസനാപഞ്ചകം

നിരുജയായ പയ്യിന്റെ തോലുരി-
ച്ചരുമയായ്‌ പൊതിഞ്ഞോരിടയ്ക്കയിൽ
കരളലിഞ്ഞു ഞാൻ താളമിട്ടിടാം
നരകതാരണാ, കാത്തുകൊള്ളണേ

വലിയ ചൂടെഴും വാരിയിൽത്തിള-
ച്ചലസിയോരു കീടങ്ങൾ തന്റെ നൂൽ
നലമൊടാടയായ്ത്തീർത്തു ചാർത്തിടാം
കലിമലം കളഞ്ഞാർത്തി തീർക്കണേ

ചമരിമാനിനെക്കൊന്നു തീർത്തതാ-
മമിതകാന്തിയാം ചാമരത്തിനാൽ
സുമശരോപമാ നിന്നെ വീശിടാം
ശമനമേകണേയാധികൾക്കു നീ

കുഴി കുഴിച്ചതിൽ വീഴ്ത്തി, നെഞ്ഞുറ-
പ്പൊഴിയുമാറു താപ്പാന തല്ലിയും,
കഴലു കൂച്ചിയും കാഴ്ചവെച്ചിടാം
പിഴയൊഴിഞ്ഞൊരീക്കൊച്ചുകൊമ്പനെ

ഇളയിലുള്ളതാം സർവജീവികൾ-
ക്കളവെഴാത്തതാമാർത്തി നൽകി ഞാൻ
പുളകമോടെ നിന്നെബ്ഭജിച്ചിടാം
നളിനനാഭ, മാം പാഹി, ഗോപതേ

<< കവിതകൾ

Thursday, March 10, 2011

അയ്യ(പ്പ)ൻ

ഓരോരുത്തരിലും ഒരു ബുദ്ധനുണ്ടെന്നു പറയാറുണ്ട്. അയ്യപ്പനിലും ഒരു ബുദ്ധനുണ്ടായിരിക്കുമോ? ഒരു ശ്ലോകത്തിനുള്ളിൽ മറ്റൊന്ന്:

കഴൽ കൂപ്പിടുന്നു കരുണാസുധാംബുധേ
പുരമേടവിട്ടടവിപുക്കൊരയ്യനേ
ഗുരുവജ്രികൾക്കു ഗുരുവായ ധീമതേ
ഹരിമായ പെറ്റ ജിനപുണ്യരൂപമേ

അയ്യൻ - അയ്യപ്പൻ, ഗുരുവജ്രികൾ - ബൃഹസ്പതിയും ഇന്ദ്രനും, ഹരിമായ - മോഹിനി,
ജിനൻ - വിഷ്ണു

അയ്യൻ - ബുദ്ധൻ, വജ്രികൾ - ബുദ്ധഭിക്ഷുക്കൾ, മായ - ബുദ്ധന്റെ അമ്മ, ജിനപുണ്യരൂപം - ജിനവംശത്തിന്റെ പുണ്യം രൂപംപൂണ്ടത്‌

<<ശ്ലോകങ്ങൾ

Sunday, February 13, 2011

ആട്ടക്കാർ

Image Courtsey: ceeveeaar
അസിതകണ്ഠമനാമയമീശ്വരം
ഭസിതലേപിതനീലകളേബരം
ഹസിതഭൂഷിതചാരുമുഖാംബുജം
ലസിതതാണ്ഡവനർത്തനമാശ്രയേ
ത്രസിതനൂപുരഭൂഷിതപാദകം
ഹസിതശോഭിതചാരുമുഖാംബുജം
അസിതനീരദനീലകളേബരം
ലസിതകാളിയനർത്തനമാശ്രയേ
Image Courtsey: Exotic India
<< ശ്ലോകങ്ങൾ

Monday, January 17, 2011

തീർത്ഥാടകർക്കു സ്വാഗതം

മതവുമാർത്തിയുമൊത്തു നടത്തിടും
മകരമേളയിൽ വന്നു മരിക്കുവിൻ!
മദിരപോലെ പുളിച്ചൊരു ഭക്തിതൻ
മദമൊടാഴിയിലീയലു പോലവേ












ചിത്രത്തിനു കടപ്പാട്: വിനോദ് ബാലകൃഷ്ണൻ


പ്രിയ സഞ്ചാരികളേ,

കേരളത്തിലേക്കു വരുവിൻ.

ഞങ്ങൾ കേരളീയർ അതിഥിസൽക്കാരപ്രിയരാകുന്നു. ഞങ്ങൾക്കു ജീവിക്കാൻ പണം വേണം. അതിർത്തികടന്നുവരുന്ന വാഹനങ്ങൾ നിറയെ ആളുകൾ. പണസ്സഞ്ചികളിൽ നോട്ടുകൾ, നാണയങ്ങൾ.

ഞങ്ങൾ കേരളീയർ വേദാന്തികളും സത്യാന്വേഷികളുമാകുന്നു. തത്വമസി. ഞങ്ങൾ ശരീരമല്ലെങ്കിലും ഞങ്ങൾക്കും ശരീരങ്ങളുണ്ട്. ശരീരങ്ങളിൽ വയറുകൾ. വയറ്റിലേക്കു ഭക്ഷണം. ഭക്ഷണത്തിനു പണം. പണസ്സഞ്ചികളുമായി തീർത്ഥാടകർ. ബ്രഹ്മസ്സത്യം ജഗന്മിഥ്യ. ഭഗവാൻ തന്റെ പ്രിയഭക്തർക്കുവേണ്ടി മായകാണിക്കുന്നതുപോലെ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ചില ചെപ്പടിവിദ്യകൾ കാണിക്കുന്നു. ആകാശത്തുയരുന്ന മായാജ്യോതി. ആത്യന്തികസത്യത്തിന്റെ അന്വേഷണത്തിൽ മുഴുകിയിരിക്കുന്ന ഞങ്ങൾക്കോ ഞങ്ങളുടെ ആചാര്യന്മാർക്കോ ഇത്തരം ചെറിയ വിദ്യകളുടെ പൊരുളുതെരയുന്നതിൽ താത്പര്യമില്ല. തീർത്ഥാടനം നല്ലതാകുന്നു. അതിൽനിന്നു ധനമുണ്ടാകുന്നു. ധനാദ്ധർമ്മം തതഃസുഖം.

ഞങ്ങൾ കേരളീയർ വിപ്ലവകാരികളാകുന്നു. വിപ്ലവം വിരുന്നായി വരികില്ലൊരേടത്തും. വിപ്ലവം വരുത്താൻ അധികാരം കൊയ്യണം നമ്മളാദ്യം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ ഞങ്ങളുടെ പ്രവാചകന്മാർ അധികാരത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. അധികാരത്തിന് തെരഞ്ഞെടുപ്പു വിജയം. വിജയത്തിനു പണം. പണത്തിന് കാണിക്കപ്പെട്ടികളുള്ള സ്ഥാപനങ്ങൾ. തീർത്ഥാടക സീസൺ. ചാകര. സഞ്ചാരികളെ ആകർഷിക്കാ‍ൻ തെളിയ്ക്കുന്ന ജ്യോതിക്ക് വേണ്ട കർപ്പൂരം കൊണ്ടുപോകാൻ ജനങ്ങളുടെ സർക്കാരിന്റെ ജീപ്പ്, ദീപത്തിന് ജനങ്ങളുടെ പോലീസിന്റെ കാവൽ.

ഞങ്ങൾ കേരളീയർ പ്രബുദ്ധരാകുന്നു. മൂക്കറ്റം സാക്ഷരത. രാജ്യത്തേറ്റവും പ്രചാരമുള്ള പത്രങ്ങൾ. കോട്ടിട്ടു വാർത്തവിളമ്പുന്ന ചാനലുകൾ. കോട്ടുവായിട്ടു കേൾക്കുന്ന ജനത. ചാനലുകൾ ഓടാൻ പണം. ഭക്തിപ്രകർഷം. തത്സമയസം‌പ്രേഷണം. കലിയുഗവരദന് ദേവഗണങ്ങളുടെ ദീപാരാധന. ഈ വർഷത്തെ പുതിയ ഭക്തിഗാനങ്ങൾ എഴുതാൻ കവികൾ, സംഗീതം പകരാൻ സംഗീതജ്ഞർ, പാട്ട്, കൊട്ട്. ഈശ്വരന്റെ സ്വന്തം നാടിന്റെ ഉന്നതിയ്ക്ക് ഭക്തരുടെ സ്വന്തം പണം. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ വാർത്തകളും മാധ്യമങ്ങൾക്കു സ്വന്തം.

വരുവിൻ. പൊന്നമ്പലമേട്ടിലുയരുന്ന ദിവ്യജ്യോതി കൺകുളിർക്കെക്കാണുവിൻ. അപൂർവതകളാർന്ന കേരളീയജനതയുടെ സംരക്ഷണത്തിനു സാമ്പത്തികസഹായം നൽകുവിൻ. ഉല്ലാസവും വിശ്വാസവും നേടുവിൻ. ഭാഗ്യമുള്ള ഏതാനും‌പേർക്ക് സായൂജ്യം സൌജന്യമായി ലഭിക്കുന്നു.

<< തോന്നിയവാ‍സം

Friday, December 31, 2010

പലതും പറഞ്ഞു പകൽ

ഗുരുമന്ദിരേശ, തവ നാമമോതുവാൻ
വിരുതറ്റൊരെന്റെ കരിനാവിൽ നിൻ പ്രിയൻ
കരുണാകരന്റെയപകീർത്തിയെത്രയും
പിരിയാത്തതെന്തു നരകാന്തകാ ഹരേ

<< ശ്ലോകങ്ങൾ