Thursday, March 26, 2015

മാധവിക്കുട്ടിയും സവര്‍ണ്ണജാതീയതയും    തീക്ഷ്ണമായ എരിവും പുളിയും മറ്റും ഭക്ഷണത്തിന്റെ രുചികളെ മറയ്ക്കുന്നതുപോലെ വിവാദങ്ങൾ മറ്റു സൂക്ഷ്മവിഷയങ്ങളെ പിന്തള്ളി തലയുയർത്തുന്നതുകാണാം. ഈ തത്വം നന്നായി മനസ്സിലാക്കിയതുകൊണ്ടാവാം പത്രമാധ്യമങ്ങൾ ഫാസ്റ്റ്ഫുഡ് കച്ചവടക്കാരെപ്പോലെ വിവാദവിഷയങ്ങൾക്ക് വമ്പിച്ച പ്രാധാന്യം കൊടുത്തുകാണുന്നത്.
    “മാധവിക്കുട്ടിയും ദ്വിഭാഷാ സർഗാത്മകതയുടെ പാരമ്പര്യവും” എന്ന വിഷയത്തെപ്പറ്റി കേന്ദ്രസാഹിത്യഅക്കാദമിയും കേരളസർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷും ചേർന്നു സംഘടിപ്പിച്ച സിമ്പോസിയത്തിൽ വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായ ധാരാളം പ്രബന്ധങ്ങളുണ്ടായിരുന്നു. സച്ചിദാനന്ദന്റെ അവതരണപ്രഭാഷണം മുതൽ പി. പി. രവീന്ദ്രൻ (ചരിത്രവും ഓർമ്മയും: ജാനുവമ്മ പറഞ്ഞ കഥ), ഉദയ കുമാർ (ഭാഷാപരവും രൂപപരവുമായ തെരഞ്ഞെടുപ്പുകള്‍ ആദ്യകാല കഥകളിൽ), ചിത്രാ പണിക്കർ (സ്വത്വങ്ങളുടെയും യുക്തികളുടെയും പലമ), മിനി ചന്ദ്രൻ (ഭാരതീയ ബഹുഭാഷാ പാരമ്പര്യത്തിൽ കമലാദാസിന്റെ സ്ഥാനം) തുടങ്ങിയ അനേകം പ്രബന്ധങ്ങളും സജീവമായ ചർച്ചകളും നടന്നു. എങ്കിലും ചർച്ചകളുടെ ഏതാണ്ട് അവസാനത്തിൽ കടന്നുവന്ന ഒരു വിവാദപരാമർശമാണ്‌ ഓർമ്മയിൽ ഇപ്പോഴും ഏറെ തങ്ങിനില്ക്കുന്നത്.
    കേരളത്തിൽ നിലനില്ക്കുന്ന മാധവിക്കുട്ടിയുടെ അപാരമായ ജനപ്രീതിയുടെ കാരണം എന്തായിരിക്കാം എന്നു ചർച്ചചെയ്യുന്ന സമയത്ത് മുരളീധരൻ തറയിൽ ആണ്‌ ഈ വാദം അവതരിപ്പിച്ചത്: വള്ളുവനാടൻ നായർ തറവാടിത്തവും പുരുഷമേധാവിത്വവും കേന്ദ്രസ്ഥാനത്തുപ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അനേകം സിനിമകളും മറ്റും ചേർന്ന് “യഥാർത്ഥ മലയാളിത്ത”ത്തെക്കുറിച്ച് ഒരുസങ്കല്പം നിർമ്മിക്കപ്പെട്ടുകഴിഞ്ഞ സമയത്താണ്‌ തുടർച്ചയായുള്ള ആത്മകഥാപരമായ രചനകളുമായി മാധവിക്കുട്ടി മലയാളസാഹിത്യത്തിൽ ഒരു മടങ്ങിവരവുനടത്തുന്നത്. ഈ അന്തരീക്ഷം അവരുടെ രചനകൾക്ക് വിപുലമായ സ്വീകാര്യത ഉണ്ടാവുന്നതിനു കാരണമായി.
    ഇത്രയും വരെ കുഴപ്പമില്ല. സവർണ്ണമാടമ്പിമേല്ക്കോയ്മയുടെ പശ്ചാത്തലത്തിലുള്ള സിനിമകളുടെ കാലഗണനയെപ്പറ്റി സംശയമുണ്ടെങ്കിൽപ്പോലും ഈ വാദത്തിൽ കഴമ്പുണ്ടെന്നു സംശയിക്കാനില്ല. ബഷീർ കൃതികളും ‘ഒരു സങ്കീർത്തനം പോലെ’യും ‘നാറാണത്തുഭ്രാന്ത’നും മുതൽ ‘ആടുജീവിതം’വരെ ഏതുകാലത്തും അതിരറ്റ ജനപ്രീതി നേടുന്ന കൃതികൾ നോക്കിയാൽ സാമ്പ്രദായികതയുടെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും മറ്റും ഘടകങ്ങൾ അവയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നുകാണാം.
    ചർച്ചയിൽ ഇടപെട്ടുകൊണ്ട് സച്ചിദാനന്ദൻ ഒരു ചോദ്യം ചോദിച്ചത് ഈ സമയത്താണ്‌: മാധവിക്കുട്ടി ഇത്തരം ഒരു തീരുമാനമെടുത്തത് കമ്പോളത്തെ ലക്ഷ്യംവെച്ചാണോ അല്ലയോ? അതിനു മറുപടിയായി മുരളീധരൻ പറഞ്ഞത് സവർണ്ണജീവിതത്തെ മഹത്വവത്കരിക്കാനുള്ള കച്ചവടസിനിമകളുടെ ശ്രമത്തിന്റെ തുടർച്ചതന്നെയായിരുന്നു മാധവിക്കുട്ടിയുടെ കൃതികളും എന്നാണ്‌. പുരുഷാധിപത്യത്തെയും ജീർണ്ണിച്ച സദാചാരമൂല്യങ്ങളെയും ചോദ്യംചെയ്യുന്നു എന്ന നാട്യത്തിൽ മാധവിക്കുട്ടി വാസ്തവത്തിൽ അവയെ അരക്കിട്ടുറപ്പിക്കുകയായിരുന്നു എന്നും പ്രാദേശികഭാഷയുടെയും ആചാരങ്ങളുടെയും ആരാധന (ഫെറ്റിഷ്)യിലൂടെയാണ്‌ മാധവിക്കുട്ടി അതു സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമാനമായ ഒരു സന്ദര്‍ഭത്തിന്‌ അദ്ദേഹം പറഞ്ഞ ഉദാഹരണം ഇതായിരുന്നു: ഇരുപതു മിനിറ്റു നീണ്ടുനില്ക്കുന്ന ഒരു ബലാത്സംഗരംഗം അതിന്റെ എല്ലാ വിശദാംശങ്ങളോടുംകൂടി അവതരിപ്പിച്ചതിനുശേഷം “ബലാത്സംഗം തെറ്റാണ്‌” എന്ന് എഴുതിക്കാണിക്കുന്നു എന്നു കരുതുക.
    ഇന്നത്തെ മലയാളസാംസ്കാരിക അന്തരീക്ഷത്തിൽ നിലനില്ക്കുന്ന അപകടകരമായ ഒരു പ്രവണതയുടെ ദൃഷ്ടാന്തമാണ്‌ ഈ വാദമെന്നാണ്‌ ഞാൻ കരുതുന്നത്. എഴുത്തിനെ വിലയിരുത്തുന്നതിനുപകരം എഴുത്തുകാരുടെ ജാതിപശ്ചാത്തലത്തെ വിലയിരുത്തലല്ല ഇതെങ്കിൽ മറ്റെന്താണ്‌? സംസാരഭാഷയുടെ സമൃദ്ധി ഉപയോഗിച്ചിട്ടുള്ള അരുന്ധതി റോയിയ്ക്കോ സാറാ ജോസഫിനോ യു. എ. ഖാദറിനോ ബഷീറിനോ ഓ. വി. വിജയനോ നേരിടേണ്ടിവരാത്ത ഇത്തരത്തിലൊരു വിമർശനം എന്തുകൊണ്ട് മാധവിക്കുട്ടിയ്ക്കു നേരിടേണ്ടിവരുന്നു? ഏതു സാഹിത്യകാരന്റെ സ്വത്വചിന്തയുടെയും ഓർമ്മയുടെയും ആവിഷ്കാരത്തിന്റെ അടിസ്ഥാനമാകേണ്ട ഭാഷാഭേദം സവർണ്ണൻ ഉപയോഗിക്കുമ്പോൾ മാത്രം അപകടകരമാകുന്നത് എങ്ങനെയാണ്‌? സാമ്രാജ്യത്വത്തിന്റെ ഭാഷയായതുകൊണ്ടുമാത്രം മേലിൽ വെള്ളക്കാർ യൂറോപ്യൻ ഭാഷകൾ ഉപയോഗിക്കരുത് എന്നു പറയുന്നതുപോലെയല്ലേ ഇത്? ഒരിക്കല്‍ അവര്‍ണ്ണന്റെ ഭാഷയെയും സംസ്കാരത്തെയും തമസ്കരിക്കാന്‍ ഉപയോഗിച്ചിരുന്ന വാദങ്ങള്‍ തിരിച്ചും ഉപയോഗിക്കുക എന്നതും സ്വത്വസ്ഥാപനത്തിന്‍റെ ഭാഗമാണോ? എല്ലാ അഴകും ചോര്‍ത്തിക്കളഞ്ഞ ഒരു മാനകഭാഷ തന്‍റെ സ്മരണകളില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇവര്‍ തൃപ്തിപ്പെടുമായിരുന്നോ?
    ദാമ്പത്യബന്ധങ്ങളുടെയും പുരുഷമേധാവിത്വത്തിന്റെയും ജീർണ്ണതയെക്കുറിച്ചു കഥകളെഴുതിയാലും സ്വന്തം തറവാട്ടുമഹിമയുടെയും പ്രദേശമഹിമയുടെയും മിഥ്യകളെ ചോദ്യം ചെയ്യുന്ന സ്മരണകൾ രചിച്ചാലും അതിനുപയോഗിച്ച ഭാഷ വള്ളുവനാടൻ നായരുടേതാണെങ്കിൽ അവയുടെ സന്ദേശം കമ്പോളസിനിമയുടേതിൽനിന്നു വ്യത്യസ്തമല്ല എന്നാണ്‌ വാദം. ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ഭാഷയിൽ തലമുറകളുടെ ജീർണ്ണത ഉറങ്ങിക്കിടക്കുന്നുണ്ടാവുമെന്നും അത് ഉപയോഗിച്ചാലുടൻ കാത്തുകിടക്കുന്ന രോഗാണുക്കളെപ്പോലെ ഉപയോഗിക്കുന്നയാളെ ആ ജീർണ്ണത ബാധിക്കുമെന്നുമുള്ള വാദമാണിത്. ആദ്യമായിട്ടല്ല ഇത്തരമൊരു വാദം കേൾക്കുന്നത് എന്നതും ശ്രദ്ധേയമാണ്‌. കുറച്ചുനാൾ മുമ്പ്, ഒരു കഥകളിയാശാന്റെ ജീവിതം വിഷയമാക്കിയ ഒരു കഥാചർച്ചയിലും ഇതേ ജനുസ്സിൽപ്പെട്ട വാദം ഉയർന്നുകേട്ടു. തന്റെയടുത്ത് കഥകളിപഠിക്കാൻ വരുന്ന മദാമ്മയുമായുള്ള ആശാന്റെ ബന്ധത്തെ നർമ്മബോധത്തോടെ കീറിമുറിച്ച് ആഗോളീകരണത്തെക്കുറിച്ചും പാശ്ചാത്യവല്ക്കരണത്തെക്കുറിച്ചും ചിന്തിക്കാൻ ഒരുമ്പെട്ട കഥയെ വിമർശിച്ചുകൊണ്ട് ഒരു സുഹൃത്തു പറഞ്ഞത് കഥകളിയുടെ സാങ്കേതികതയും മറ്റും ചേരുവകളായ കഥകള്‍ വായനക്കാരെ (കഥകളി രൂപംകൊണ്ട കാലത്തെ) നാടുവാഴിത്തമനസ്ഥിതികളിലേക്കു നയിക്കും എന്നാണ്‌.
    ഈ വിഷയത്തെക്കുറിച്ചു നടന്ന ചർച്ചയിൽ ഉയർന്നുവന്ന മറ്റു ചോദ്യങ്ങൾ 1) പ്രായമാകുമ്പോൾ എഴുത്തുകാർ ബാല്യകാലസ്മരണകളിലേക്കും ദേശമെഴുത്തിലേക്കും തിരിയുന്നതിന്‌ അനേകം ഉദാഹരണങ്ങളില്ലേ? ബഷീർ, തകഴി തുടങ്ങി. 2) ആദ്യകാലകഥകൾതൊട്ടേ മാധവിക്കുട്ടി കഥകളിൽ പ്രാദേശികഭാഷ ധാരാളമായി ഉപയോഗിച്ചിരുന്നില്ലേ? 3) നഗരത്തിൽ നടക്കുന്ന കഥകളിൽ തർജ്ജമയുടെ സ്വഭാവമുള്ള ഭാഷയും നാട്ടിൻപുറത്തു നടക്കുന്ന കഥകളിൽ നാടൻ ഭാഷയുമല്ലേ ഉപയോഗിച്ചിരിക്കുന്നത്?
   

<< കടലാസുകപ്പല്‍

Friday, March 13, 2015

ചുവന്ന ബാഡ്ജ്: നോവല്‍ ഭാഗംവൈകാതെ പൂര്‍ത്തിയാകാന്‍ പോകുന്ന നോവലില്‍നിന്ന്‍ ഒരു ഭാഗം വെള്ളക്കാക്കയില്‍.

<< കയറ്റുമതി