Thursday, June 23, 2011

കളിമുറ്റം

പണ്ടുകണ്ടിട്ടുള്ള സ്ഥലങ്ങൾ പിന്നീടു കാണുമ്പോൾ ഓർമ്മയിലുള്ളതിലും ചെറുതായി കാണപ്പെടുന്നതിനെപ്പറ്റി സാധാരണ കേട്ടിട്ടുള്ള വിശദീകരണം ഇങ്ങനെയാണ്‌: ആ സ്ഥലത്ത്‌ പെരുമാറുന്ന കാലത്ത്‌ നമ്മുടെ ശരീരം ചെറുതായിരുന്നു. ചെറിയ ശരീരത്തിന്റെ അളവുകൾക്കനുസരിച്ചാണ്‌ നമ്മൾ ആ സ്ഥലം വലുതായി ഓർമ്മിക്കുന്നത്‌.
എന്നാൽ, കുട്ടിക്കാലം കഴിഞ്ഞ്‌, ശരീരത്തിന്റെ വളർച്ച അവസാനിച്ചതിനുശേഷം പെരുമാറിയ സ്ഥലങ്ങളോ? മകനെ ഒമ്പതുവർഷം മുമ്പ്‌ കൊണ്ടുവിട്ടിരുന്ന ഡേ കെയറിനടുത്തുകൂടി കഴിഞ്ഞ ദിവസം കടന്നുപോയപ്പോൾ അവിടുത്തെ കളിമുറ്റം ഓർമ്മയിലുള്ളതിലും ചെറുതായി തോന്നിയതെന്തുകൊണ്ട്‌?

സത്യജിത്‌ റായിയുടെ അപുർ സൻസാർ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുകഴിഞ്ഞ്‌, ഇത്ര നീളം കുറവായിരുന്നോ അതിനെന്ന് ആലോചിച്ചിരിക്കുമ്പോൾ, ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പേ കൂടെയിരുന്ന സുഹൃത്തും പറഞ്ഞു: "ഒന്നേമുക്കാൽ മണിക്കൂറോ? വലിയൊരു പടമായിരുന്നു എന്നായിരുന്നു എന്റെ ഓർമ്മ."
                                                              അപുർ സൻസാർ

ഒരുപക്ഷേ ഒരു സ്ഥലത്തുനിന്നോ കൃതിയിൽനിന്നോ വിലിപിടിപ്പുള്ള എന്തെല്ലാം നമ്മൾ പെറുക്കിയെടുത്ത്‌, കളയാതെ കൊണ്ടുനടക്കുന്നുണ്ടെന്നതാവാം നമ്മുടെ ഓർമ്മയിൽ അതിനെ വലുതാക്കുന്നത്‌. ഇടയ്ക്കിടയ്ക്ക്‌ പുറത്തെടുത്ത്‌, തൊട്ടും തലോടിയും തുടച്ചും മിനുക്കിയും താലോലിക്കാവുന്ന നിമിഷങ്ങളുടെ എണ്ണം. ഓടക്കുഴലുമായി മരത്തണലിലുറങ്ങുന്ന സൗമിത്രൊ, പല്ലക്കിൽ നിന്നു പുറത്തിറങ്ങുന്ന മന്ദബുദ്ധിയായ വരൻ, വെള്ളപ്പൊട്ടുകൾ കുത്തിയ പുരികങ്ങൾക്കുകീഴെനിന്ന് നവവരനെ നോക്കുന്ന ഷർമിളയുടെ കണ്ണുകൾ, മട്ടുപ്പാവിൽ നിന്നു കാണുന്ന റെയിൽവേ യാഡ്‌, കാട്ടിലൂടെ അലയുന്ന ഏകാകിയായ താടിക്കാരൻ, ഭൂതത്തിന്റെ കൂർത്ത മുഖംമൂടിമാറ്റി നിൽക്കുന്ന ഓമനക്കുട്ടൻ, ഞാൻ നിന്റെ അച്ഛനല്ല, കൂട്ടുകാരനാണെന്നു പറയുന്ന സബ്‌ടൈറ്റിലിന്റെ ഒരു വരി -- 'മുന്തിയ സന്ദർഭങ്ങൾ, അല്ല മാത്രകൾ' തന്നെയാവണം റായിയുടെ ചലച്ചിത്രച്ചിമിഴ്‌ ഓർമ്മയിൽ ഒരു സാമ്രാജ്യമായി വളരാൻ കാരണം.

ആദ്യത്തെ കുഞ്ഞുണ്ടാകുന്ന കാലം എല്ലാ ദമ്പതികൾക്കും അന്ധാളിപ്പിന്റെ കാലമാണ്‌. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യകരമായ വളർച്ചയ്ക്കു മാത്രമല്ല, ശുചിത്വത്തിനും സുരക്ഷിതത്വത്തിനും വിനോദത്തിനും ഗതാഗതത്തിനുമെല്ലാം നമ്മെ ആശ്രയിക്കുന്ന ജീവന്റെ ചെറിയൊരു പൊടിപ്പിന്റെ ഉത്തരവാദിത്വം അക്ഷരാർത്ഥത്തിൽ ഉറക്കംകെടുത്താത്തവരുണ്ടായിരിക്കില്ല. സഹായത്തിനും ഉപദേശനിർദ്ദേശങ്ങൾക്കും ആരുമില്ലാത്ത നാട്ടിൽ, അന്യമായ ഒരു സംസ്കാരത്തിൽ കുഞ്ഞിനെ വളർത്തേണ്ടിവരുന്നവർക്കാകുമ്പോൾ ആ ആശങ്കകൾ പതിന്മടങ്ങാകും. അതിന്‌ ഞങ്ങൾ പുത്തനച്ഛനമ്മമാർ കണ്ടെത്തിയ, യുക്തിയുക്തമോ അല്ലാത്തതോ ആയ പരിഹാരം ഞങ്ങൾക്കു കഴിയുന്നത്ര സമയം അവന്റെകൂടെ ചെലവഴിയ്ക്കുക എന്നതായിരുന്നു. അവനു ദിവസേന ഡേ കെയറിൽ കഴിയണ്ടിവരുന്ന സമയം ആവുന്നത്ര കുറയ്ക്കുക. ഓഫീസിനു തൊട്ടടുത്തുള്ള ഡേ കെയറിൽ അവനെ വിടാൻവേണ്ടി അങ്ങോട്ടു വീടുമാറി. പത്തുമണിയ്ക്ക്‌ അച്ഛനും ആറുമണിയ്ക്ക്‌ അമ്മയും ജോലിതുടങ്ങാൻ അനുവാദം വാങ്ങി. ഡേ കെയറിലെ അഞ്ചുമണിക്കൂറിനിടയിൽത്തന്നെ, ഉച്ചയൂണിന്റെ ഒരു മണിക്കൂർ എനിക്ക്‌ അവിടെച്ചെന്ന് അവന്റെകൂടെ ചെലവഴിക്കുകയും ചെയ്യാം.

കണ്ടാലുടനെ തുള്ളിച്ചാടാൻ തുടങ്ങുന്ന അവനെയെടുത്തു പുറത്തിറങ്ങി, വേലികെട്ടിത്തിരിച്ച പിന്മുറ്റത്തിരിക്കാം. മൃദുവായ ശരീരങ്ങൾക്കു വീണാൽ വേദനിക്കാതിരിക്കാൻ റബർ കലർത്തി മെഴുകിയ നിലത്ത്‌, വലിയ പൊത്തുള്ള പ്ലാസ്റ്റിക്ക്‌ മരത്തിന്റെ കീഴിൽ ഇരിയ്ക്കാം. വഴിയിൽക്കൂടി പോകുന്ന കാറുകളുടെയും മനുഷ്യരുടെയും ചലനങ്ങൾ കണ്ടുകൊണ്ട്‌, കവിളോടു കവിളു ചേർത്ത്‌. മുകളിൽക്കാണുന്ന നീലനിറം ആകാശമാണെന്നും പറന്നുനടക്കുന്ന ആ കറുത്തപൊട്ട്‌ കാക്കയാണെന്നുമറിയാത്ത അവനോട്‌ ദൂരെയൊരു രാജ്യത്തുണ്ടായ ഭാഷയിൽ അവയ്ക്കുള്ള പേരുകൾ പറഞ്ഞുകൊടുക്കാം. കൈയും കാലും അനക്കിയും മുഖംകൊണ്ട്‌ ഗോഷ്ടികാണിച്ചും അവനെ കളിപ്പിക്കാം. വെറും ആറുമാസം നീണ്ടുനിന്ന ആ ദിനചര്യയിലെ ഒറ്റമണിക്കൂറുകളിലെ നിമിഷങ്ങളുടെ അമൂല്യതകൊണ്ടു തന്നെയാവണം മനസ്സ്‌ ആ ചെറുമുറ്റത്തെ ഒരു രാജാങ്കണമായി വളർത്തിയെടുത്തിരിക്കുന്നത്‌.

ആത്മകഥകളും ഓർമ്മക്കുറിപ്പുകളുമെഴുതുന്നവർ നേരിടുന്ന വെല്ലുവിളികളിലൊന്ന് 'നടന്നതുപോലെ' പറയാനുള്ള തത്രപ്പാടാണ്‌. കണ്ടുനിരാശപ്പെടാൻ ബാക്കിയായ സ്ഥലങ്ങൾ പോലെതന്നെ അന്നത്തെ വ്യക്തികളും സംഭവങ്ങളും മടങ്ങിച്ചെന്നുകാണാൻ കഴിഞ്ഞിരുന്നെങ്കിലും ഓർമ്മയിലേതിലും ചെറുതായിരിക്കാനേ ഇടയുള്ളൂ. ഓർമ്മയിലുള്ളവയെ വളർത്തുന്നത്‌ ഓർത്തെടുക്കൽ എന്ന പ്രക്രിയയും ഓർത്തുപറയൽ എന്ന പ്രക്രിയയും ഒക്കെച്ചേർന്നാണെന്ന അറിവ്‌, തിരിച്ചറിവ്‌ വാസ്തവത്തിൽ നിരാശാജനകമെന്നപോലെതന്നെ ആശ്വാസകരവുമാണ്‌.
<< തോന്നിയവാസം