Thursday, September 08, 2016

പേരറിയാത്തവർസുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ പടമാണെന്നു കേട്ടാണ് 'പേരറിയാത്തവർ' കാണാൻ പോയത്. ഹാസ്യരംഗങ്ങളിലും മിമിക്രിയിലും മറ്റും കഴിവുതെളിയിച്ചുകഴിഞ്ഞിട്ടുള്ള സുരാജിന്റെ അഭിനയം മികച്ചതാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ, കണ്ടതോ? വളരെ ഗൗരവത്തിൽ അദ്ദേഹം ചിത്രത്തിൽ ഉടനീളം അങ്ങനെ നടക്കുകയാണ്. ഏതു നടനെക്കൊണ്ടും അഭിനയിക്കാൻ കഴിയുന്ന ഭാവങ്ങൾ മാത്രം പ്രകടിപ്പിച്ചുകൊണ്ട്.

ഡോ: ബിജു എന്ന സംവിധായകന്റെ ഒരു ചിത്രം ആദ്യമായി കാണുകയാണ്. അദ്ദേഹത്തിന്റെ തനതുശൈലിയിലുള്ള ഒന്നാണിതെന്നാണ് കേൾക്കുന്നത്. പത്രമാധ്യമങ്ങളിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന കുറേ വിഷയങ്ങളെടുത്ത് കോർത്തിണക്കി ഒരു കഥയുണ്ടാക്കുന്നു എന്നു കരുതുക. കേരളത്തിലെ മാലിന്യപ്രതിസന്ധി, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം, കൊച്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത്, ആദിവാസിഭൂസമരം, വികസനത്തിന്റെ പേരിൽ പാവപ്പെട്ട കുടുംബങ്ങളെ മതിയായ നഷ്ടപരിഹാരം നൽകാതെ ഒഴിപ്പിക്കുന്നത്, അന്യസംസ്ഥാനത്തൊഴിലാളികളുടെ ജീവിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ചേർത്ത് ഒരു ഉൾക്കാഴ്ചയുമില്ലാതെ ഒരു കഥ. സാഹിത്യത്തിലാണെങ്കിൽ ഒരു പൈങ്കിളിവാരികയിലെങ്ങാനും അച്ചടിച്ചുവന്നാലായി. സിനിമയിലായപ്പോഴോ? ദേശീയ പുരസ്കാരം. അന്താരാഷ്ട്രമേളകളിൽ പ്രദർശനം. എന്താണ് ഇതിനു കാരണം? സിനിമ അത്ര അവികസിതമാായ ഒരു കലാരൂപമാണോ? എല്ലാം കഴിഞ്ഞ്, അവസാനത്തെ ടൈറ്റിൽ എഴുതിക്കാണിക്കുമ്പോൾ കഥയ്ക്ക് അടിസ്ഥാനമായ സംഭവങ്ങളുടെ (മൂലമ്പിള്ളി, മുത്തങ്ങ തുടങ്ങി) ടിവി ദൃശ്യങ്ങളും കാണിക്കുന്നു. ഇതുമാത്രമായിരുന്നു സിനിമയെങ്കിലും ഒരു പോരായ്മയും വരുമായിരുന്നു എന്നു പറയാൻ വയ്യ.

ഒരു മുതിർന്ന പുരുഷനും ഒരു കുട്ടിയും തമ്മിലുള്ള നിർമലമായ സ്നേഹബന്ധത്തിന്റെ പറഞ്ഞുപഴകിയ ഫോർമുല (ബൈസിക്കിൾ തീവ്സും സിനിമാ പാരഡീസോയും മുതൽ ഒറ്റാലും നൂറ്റൊന്നു ചോദ്യങ്ങളും വരെ) ആവർത്തിച്ചിരിക്കുന്നു എന്നതിൽക്കവിഞ്ഞ് ആഖ്യാനപരമായിപ്പോലും ഒരു നേട്ടവും കൈവരിക്കുന്നില്ല ഈ ചിത്രം. ഇന്ദ്രൻസുൾപ്പെടെ ഒരു നടീനടന്മാർക്കും അഭിനയിക്കാൻ എന്തെങ്കിലുമുള്ളതായി തോന്നിയില്ല. ആകെ ഒരു ആശ്വാസം പശ്ചാത്തലാഖ്യാനം നടത്തുന്ന കുട്ടിയുടെ മികച്ച ശബ്ദാഭിനയമാണ്. ഇന്ദ്രൻസിനെ കണ്ടിട്ട് ആദിവാസിയായിട്ടും സുരാജിനെ കണ്ടിട്ട് വഴിതൂപ്പുകാരനായിട്ടും തോന്നുന്നില്ല എന്നൊക്കെയുള്ള പരാതികൾക്ക് സ്ഥാനമുണ്ടോ എന്നറിയില്ല. തെരുവുകുട്ടികൾ കോൺക്രീറ്റ് പൈപ്പുകളിൽ കിടക്കുന്ന ഒരു ഷോട്ടുണ്ട്. ഈ പടത്തിന്റെ മൊത്തത്തിലുള്ള കൃത്രിമത്വം മുഴുവനും വ്യക്തമാക്കുന്ന ഒരു ഷോട്ടാണത്. സംവിധായകൻ പൈപ്പിൽ കയറ്റിക്കിടത്തിയ ഉണ്ണാനും ഉടുക്കാനുമുള്ള വീടുകളിലെ കുട്ടികൾ ഷോട്ട് കഴിയാനായി കാത്തു കിടക്കുന്നതുപോലെ.

<< കണ്ടെഴുത്ത്

Wednesday, September 07, 2016

പിന്നെയും

(കഥാസൂചനകൾ അറിയാൻ ഇഷ്ടമില്ലാത്തവർ ദയവായി വായിക്കാതിരിക്കുക).സത്യജിത്റായിയുടെ പിൽക്കാലചിത്രങ്ങൾ തീയേറ്ററിൽ കണ്ടപ്പോൾ തോന്നിയ നിരാശ ഓർമ്മയുണ്ട്. 'ഗണശത്രു'വും 'ശാഖാപ്രശാഖ'യും കഥയുടെ ശക്തികൊണ്ട് കുറെയൊക്കെ ആശ്വസിപ്പിച്ചെങ്കിലും 'ആഗന്തു'ക്കിലെത്തിയപ്പോഴേക്കും ആകെ മെലിഞ്ഞുപോയിരുന്നു ആ ചലച്ചിത്രപ്രവാഹം. അതുപോലെ തന്നെ നിരാശപ്പെടുത്തി കുറോസവയുടെ 'മാദദായോ'. മലയാളത്തിലാണെങ്കിൽ പത്മരാജന്റെ 'ഇന്നലെ'യും 'ഞാൻ ഗന്ധർവ'നും കെ. ജി. ജോർജിന്റെ 'കഥയ്ക്കു പിന്നി'ലും 'മറ്റൊരാ'ളും 'ഇലവംകോട്ദേശ'വുമൊക്കെ ഇതുപോലെ നിരാശ സമ്മാനിച്ച പടങ്ങളാണ്. വീണ്ടുമൊരിക്കൽക്കൂടി കാണുമ്പോൾ ഇവയിൽ പലതും മെച്ചപ്പെട്ടതായി തോന്നിയെങ്കിൽ അതിനർത്ഥം പിന്നീടുവന്ന സംവിധായകരുടെ സിനിമകൾ എത്ര ദുർബലമായിരുന്നു എന്നു മാത്രമാണ്.

അടൂർ ഗോപാലകൃഷ്ണന്റെ 'പിന്നെയും' ഒന്നാമത്തെ ദിവസം ഒന്നാമത്തെ ഷോയ്ക്ക് തന്നെ കണ്ടു. സംവിധായകനും നടന്മാരും ദിലീപ് ഫാൻസുമൊക്കെയുൾപ്പെട്ട സദസ്സിലിരുന്ന്. തൊട്ടുമുമ്പു നടന്ന കെ.എസ്.എഫ്.ഡി.സിയുടെ "75 വയസ്സുതികയുന്ന അടൂരിന് ആദരം" പരിപാടിയിലെ സ്തുതിവചസ്സുകൾക്കൊന്നും മായ്ക്കാൻ കഴിയാത്ത നിരാശയായിരുന്നു ഫലം. മലയാളത്തിൽ ഇന്നിറങ്ങുന്ന മിക്ക സിനിമകളെക്കാളും ഭേദം എന്നു പറയാമെങ്കിലും അതൊക്കെ ഒരു അടൂർ ചിത്രത്തെ സംബന്ധിച്ചിടത്തോളം പ്രശംസയാവില്ലല്ലോ.

അടൂരിന്റെ പന്ത്രണ്ടു പടങ്ങളിൽ പകുതിയേ കണ്ടിട്ടുള്ളൂ. അതിൽ 'നിഴൽക്കു'ത്തും 'അനന്തര'വും മികച്ച ചലച്ചിത്രാനുഭവങ്ങളായിരുന്നു. മറ്റുള്ളവയും നിരാശജനകമായിരുന്നില്ല. എക്കാലത്തെയും പ്രിയപ്പെട്ട മലയാളചിത്രം ഇന്നും 'അനന്തരം' തന്നെ. അവയുമായി താരതമ്യം ചെയ്യുമ്പോൾ വേണ്ടത്ര ശ്രദ്ധയോടുകൂടിയല്ലാതെ സൃഷ്ടിച്ച ഒരു ചിത്രമായിട്ടാണ് ഇത് അനുഭവപ്പെടുന്നത്. സംഭാഷണരചനയിലും കഥാപാത്രസൃഷ്ടിയിലും മുതൽ ചെറിയ വിശദാംശങ്ങളിൽവരെ ഈ ശ്രദ്ധക്കുറവ് പ്രതിബിംബിച്ചുകാണാം. എല്ലാം സംഭാഷണത്തിലൂടെ വ്യക്തമാക്കാനുള്ള ത്വരയും ആഴംകുറഞ്ഞ പ്രമേയങ്ങളും ഈ ചലച്ചിത്രത്തെ ഒട്ടൊന്നുമല്ല തളർത്തിയിട്ടുള്ളത്.

ആദരണീയനായ സംവിധായകൻ എഴുതിവിട്ട അതിനാടകീയത തുളുമ്പുന്ന സംഭാഷണം എങ്ങനെ കൈകാര്യംചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ദിലീപ്. ആ കഥാപാത്രത്തിന്റെ ചിത്രീകരണവും യുക്തിയുക്തമായിട്ടില്ല. നാട്ടിൽ തൊഴിൽ തെണ്ടി അലയുന്ന കാലത്തുപോലും മര്യാദക്കാരനായി കഴിഞ്ഞ ഒരാൾ ഗൾഫിൽ നല്ലൊരു ജോലിയും വരുമാനവും നാട്ടിലും വീട്ടിലും മാന്യതയും നേടിക്കഴിയുമ്പോൾ പെട്ടെന്നൊരു ദിവസം ഒരു കടുംകൈ ചെയ്യുന്നതായി കാഴ്ചക്കാർ വിശ്വസിക്കണമെങ്കിൽ അയാൾ കുറ്റാന്വേഷണനോവൽ വായിക്കുന്നതായി കാണിച്ചാൽ മാത്രം പോര. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ ആഭരണമണിഞ്ഞ് ഒറ്റയ്ക്കൊരു മുറിയിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങുന്ന വീട്ടമ്മ, വിറകടുപ്പുള്ള അടുക്കള, ഒരു സംഘമായി പടികടന്നുവന്ന് മുറ്റത്തുനിന്നുതന്നെ ചോദ്യങ്ങൾ ചോദിച്ചിട്ടുപോകുന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സംഘം, കോരിച്ചൊരിയുന്ന മഴയത്ത് കുടയുംപിടിച്ചുവന്ന് മുറ്റത്തുനിന്നുതന്നെ കാര്യംസാധിച്ചുപോകുന്ന പിരിവുകാർ, പൊലീസ് ചവിട്ടി ഏണൊടിച്ചിട്ടിരിക്കുകയാണെന്നു പറഞ്ഞിട്ട് സ്പ്രിങ്ങുപോലെ കിടക്കയിൽ എഴുന്നേറ്റിരിക്കുന്ന ഇന്ദ്രൻസ്, ഇംഗ്ലീഷ് മീഡിയത്തിന്റെ കടുത്ത ചുവയുള്ള കൗമാരപ്രായക്കാരെ നാട്ടിൻപുറത്തുകാരായി അഭിനയിപ്പിച്ചിരിക്കുന്നത്, ഒരേ നീലകുർത്തയും വെള്ള പൈജാമയും ധരിച്ച് മൂന്നുരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം, ഇടയ്ക്കിടെ വന്നുപോകുകമാത്രം ചെയ്യുന്ന പ്രാദേശികഭാഷ - ഇങ്ങനെ സംവിധായകന്റെ ശ്രദ്ധക്കുറവ് വിളിച്ചോതുന്ന വിശദാംശങ്ങൾ അനവധിയാണ്. മരുമകനെ 'പുരുഷോത്തമൻ നായർ' എന്നു വിളിക്കുന്ന അമ്മായിയച്ഛൻ ഇന്നത്തെ കാലത്തുമുണ്ടോ?

ചിത്രം കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ വലിയൊരു പങ്ക് കാവ്യാ മാധവന്റെ സൂക്ഷ്മതയുള്ള അഭിനയത്തിനുണ്ട്. ഏറെക്കുറെ ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുകയാണ് ഈ നടി. ഇന്ദ്രൻസിന്റെ കുട്ടൻ പോലുള്ള സഹകഥാപാത്രങ്ങളും നെടുമുടി വേണുവിന്റെ അഭിനയവും നന്നായിട്ടുണ്ട്. മറ്റ് അടൂർ ചിത്രങ്ങളിലേതുപോലെ തന്നെ വീടുകൾ ഇവിടെയും ഏറെക്കുറെ കഥാപാത്രതുല്യമായ വ്യക്തിത്വം പുലർത്തുന്നുണ്ട്.

തിരുവിതാംകൂർ നായർ ജീവിതമാണ് അടൂരിന്റെ തട്ടകം. ആ ഭൂമികയിലുള്ള അദ്ദേഹത്തിന്റെ അവഗാഹമാണ് കഥയ്ക്ക് കുറച്ചൊക്കെ അടിയുറപ്പു പകരുന്നത്. മാടമ്പിമാഹാത്മ്യമൊക്കെ അയവിറക്കി കഴിഞ്ഞുകൂടുന്ന മാന്യന്മാരായ തറവാടികൾ ഒരാവശ്യംവരുമ്പോൾ നിമിഷനേരംകൊണ്ട് തേറ്റയും നഖവും പുറത്തെടുക്കുന്ന ദൃശ്യം നട്ടെല്ലിൽ ഒരു തരിപ്പോടുകൂടി മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.


<< കണ്ടെഴുത്ത്