Wednesday, November 07, 2012

ഞാൻ കഥാസാഹിത്യത്തിൽ പ്രശസ്തനാകുന്നുവിശ്വമലയാളമഹോത്സവത്തിനുവേണ്ടി സംസ്ഥാനസർക്കാർ ചെലവാക്കിയത് 2 കോടി രൂപയാണെന്നു പത്രങ്ങൾ പറയുന്നു. ചെലവാക്കിയ പണത്തിനുതക്ക മെച്ചം ഈ പരിപാടികൊണ്ടുണ്ടായോ എന്ന സംശയം സുഹൃത്തുക്കളിൽ ചിലരൊക്കെ പ്രകടിപ്പിച്ചുകണ്ടു. വെറുമൊരു കാണിയായിരുന്നെങ്കിലും എനിക്ക് ആ സംശയമില്ല. കാരണങ്ങൾ അക്കമിട്ടു താഴെ കൊടുക്കുന്നു.

1) ഉച്ചയ്ക്ക് എല്ലാവർക്കും സൌജന്യഭക്ഷണം. സമാപനദിവസമായ കേരളപ്പിറവിയുടെ അന്ന് സദ്യയായിരുന്നു. മൂന്നുകൂട്ടം പ്രഥമൻ -- അട, ഈന്തപ്പഴം, പാൽ‌പായസം (പാൽപായസത്തിന്റെ കൂടെ കുഴച്ചു കഴിയ്ക്കാൻ തിരുവനന്തപുരം സമ്പ്രദായമനുസരിച്ച് ബോളിയും).

2) ഞാൻ പങ്കെടുത്ത പരിപാടികൾ മൂന്നും (ചെറുകഥയുടെ രസതന്ത്രം ഒന്നും രണ്ടും സെഷനുകൾ, മലയാളത്തിന്റെ കഥാകാലം സെമിനാർ എന്നിവ) ഒന്നാംതരമായിരുന്നു. അനുഭവങ്ങൾ എങ്ങനെ കഥയായിത്തീർന്നു എന്ന വിഷയത്തെപ്പറ്റി സംസാരിച്ച എഴുത്തുകാരിൽ സേതു, സുഭാഷ് ചന്ദ്രൻ, അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, വത്സലൻ വാതുശ്ശേരി, ഖദീജ മുംതാസ്, ജോർജ് ജോസഫ് കെ. എന്നിവരുടെ പ്രസംഗങ്ങൾ എനിക്കു പ്രത്യേകിച്ചും ഇഷ്ടമായി.

3) ഫോണിൽക്കൂടിയോ ഇന്റർനെറ്റിൽക്കൂടിയോ മാത്രം പരിചയമുള്ള എഴുത്തുകാരെ നേരിൽ കാണാനും കേട്ടുകേഴ്വി മാത്രമുള്ളവരെ പരിചയപ്പെടാനും എന്റെ പുസ്തകത്തിന്റെ കോപ്പി കൊടുക്കാനും കഴിഞ്ഞു. സേതു, സക്കറിയ, ആഷാ മേനോൻ, വി. രാജകൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, വത്സലൻ വാതുശ്ശേരി, ജോർജ് ജോസഫ് കെ., പി. സുരേന്ദ്രൻ, കെ. എസ്. രവികുമാർ, കെ. എൽ. മോഹനവർമ്മ എന്നിവരെ കണ്ടു.

4) സൌജന്യപബ്ലിസിറ്റി 1: മലയാളത്തിന്റെ കഥാകാലം സെമിനാറിൽ പങ്കെടുത്തു സംസാരിച്ച മഹാത്മാഗാന്ധി സർവകലാശാലയിലെ ഡോ: പി. എസ്. രാധാകൃഷ്ണൻ പുതിയ കഥയുടെ മുഖങ്ങളെക്കുറിച്ചു പറയുന്ന കൂട്ടത്തിൽ എന്റെ കഥയെക്കുറിച്ചു പറയുന്നത് നടുക്കത്തോടടുത്തുനിൽക്കുന്ന അവിശ്വാസത്തോടെ കേട്ടു. കൂട്ടത്തിൽ പരാമർശിയ്ക്കപ്പെട്ട മറ്റു പുതിയ കഥാകാരന്മാർക്കു സൌജന്യപബ്ലിസിറ്റി കൊടുക്കുന്നതിൽ വിഷമമുണ്ടെങ്കിലും വി. എം. ദേവദാസ്, ഇ. പി. ശ്രീകുമാർ എന്നിവരെക്കുറിച്ചും പറഞ്ഞിരുന്നു എന്നറിയിക്കട്ടെ. നന്ദി ഡോ: രാധാകൃഷ്ണൻ

5) സൌജന്യപബ്ലിസിറ്റി 2: അമേരിക്കയിൽനിന്നു വന്ന തന്റെ സുഹൃത്തുക്കൾ എന്ന നിലയിൽ ജോർജ് ജോസഫ് കെ. എന്നെയും മറ്റു രണ്ടുപേരെയും സദസ്സിനു പരിചയപ്പെടുത്തി. നന്ദി, ജോർജ് ജോസഫ്.

6) സൌജന്യപബ്ലിസിറ്റി 3: സംസ്ഥാനസർക്കാരിന്റെ ജനസമ്പർക്ക വകുപ്പു പ്രസിദ്ധീകരിക്കുന്ന ജനപഥം മാസിക മഹോത്സവം പ്രമാണിച്ച് പ്രത്യേകപതിപ്പിറക്കി. അതിൽ വിഷ്ണുപ്രസാദ് ബ്ലോഗുകളെക്കുറിച്ച് എഴുതിയിരിക്കുന്ന ലേഖനത്തിൽ എന്നെ “കഥാസാഹിത്യത്തിൽ പ്രശസ്തൻ” എന്നും “ചെറുകഥാസാഹിത്യത്തിൽ വിലപ്പെട്ട സംഭാവന നൽകിയവൻ” എന്നും വിശേഷിപ്പിച്ചു. നന്ദി വിഷ്ണുപ്രസാദ്.

മുമ്പു കണ്ടിട്ടുപോലുമില്ലാത്ത മൂന്നുപേരാണ് ഈ മൂന്നു സൌജന്യപബ്ലിസിറ്റിയും തന്നത് എന്നു പ്രത്യേകം ഓർമ്മിപ്പിക്കട്ടെ. പുസ്തകനിരൂപണമായും ഫോട്ടോയായും വാർത്തയായും ഒക്കെ എന്നെപ്പറ്റി മാധ്യമങ്ങളിൽ എഴുതാം എന്ന വാഗ്ദാനം തന്ന് പുസ്തകത്തിന്റെ കോപ്പി, ചായ, ഊണ്, പാർക്കർ പേന, മദ്യം, മദിരാക്ഷി, പണം എന്നിവ മുൻ‌കൂർ പറ്റിയ സുഹൃത്തുക്കളേ, നിങ്ങൾ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്ക് ഇപ്പോൾ ഉണ്ടാകുന്ന കുറ്റബോധത്തിന് എന്നെ സംബന്ധിച്ചേടത്തോളം രണ്ടുകോടി ഒരു കുറഞ്ഞ ചെലവാണ്. ജയ് മലയാളം!