Sunday, January 28, 2007

എന്റെ ഭാര്യ, ഒരു ഭാഗ്യവതിമര്‍ത്യജന്മമിതു ദുര്‍ല്ലഭം, ക്ഷിതിപജാതിയില്‍ പെരിയ പത്തനം-
തിട്ട ജില്ലയില്‍ ജനിക്കലോ വിഷമ, മദ്ഭുതം കവിത തോന്നലും!
ഇത്രയൊക്കെ ബഹുയോഗ്യനായിടുമെനിക്കു നിത്യമരിവെയ്ക്കുവാന്‍
എത്ര പുണ്യതതി ചെയ്തു നീ വളരെ ജന്മമായ്‌ നിയതമോമലേ!

(ശങ്കരാചാര്യരുടെ 'ജന്തൂനാം നരജന്മ ദുര്‍ലഭം' എന്ന ശ്ലോകത്തിന്റെ ഹാസ്യാനുകരണം).
(2005)
<< എന്റെ മറ്റു ശ്ലോകങ്ങള്‍

ഈശ്വരന്റെ സ്വന്തം നാട്‌


ഇല്ലാ വൈദ്യുതി, യില്ല വെള്ള, മതുപോല്‍ കൈക്കൂലിയില്ലാതെ ക-
ണ്ടില്ലാപ്പീസുക, ളില്ല നല്ല വഴി, കല്ലില്ലാതെയില്ലന്നവും.
എല്ലാമേകുകിലോര്‍ക്കുകില്ലടിയനാത്തൃപ്പാദമെന്നോര്‍ത്തു താ-
നല്ലേ നിന്നുടെ സ്വന്തനാട്ടിലിവനെപ്പാര്‍പ്പിച്ചു, സര്‍വേശ്വരാ?
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Tuesday, January 16, 2007

ജോസ്‌ സാമുവല്‍ ഒരു കഥകൂടി പറയുന്നു

1987-ലെഴുതിയത്‌. 1988-ല്‍ കഥ ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചു. കഥയുടെ നീളം മൂലം അദ്ധ്യായങ്ങള്‍ ഓരോ പോസ്റ്റുകളാക്കുന്നു. ഒന്ന് രണ്ട്‌ മൂന്ന് നാല്‌ അഞ്ച്‌ << എന്റെ മറ്റു കഥകള്‍

Monday, January 15, 2007

ജോസ്‌ സാമുവല്‍ - അഞ്ച്‌


അഞ്ച്‌

താഴ്‌ന്ന ജനാലകളിലൂടെ ഉച്ചനേരത്തിന്റെ തീക്ഷ്ണമായ വെളിച്ചം മുറിയിലാകെ പരന്നിരുന്നു. ജനാലകള്‍ക്കു പുറത്ത്‌ ആടുന്ന ചെടികളുടെ പച്ചപ്പ്‌. തിളങ്ങുന്ന നിലം ജനാലകളെ പ്രതിബിംബിപ്പിച്ചു. ഒഴിഞ്ഞ കോണിലെ ടീപ്പോയ്‌ മേല്‍ ഫ്ലവര്‍ വെയ്സും മാസികകളും. ടീപ്പോയിയുടെ അടിയിലെ തട്ടിലും പുസ്തകങ്ങള്‍. ചുവരില്‍ കുറച്ചുയരെ മരിച്ചുപോയ കുട്ടിയുടെ ഫോട്ടോ. പാതിമയക്കത്തില്‍ ഓര്‍മ്മകളുടെയും കുറ്റബോധത്തിന്റെയും ഏതൊക്കെയോ അംശങ്ങളുമായി ബന്ധപ്പെട്ടു കാണുകയും ഉണര്‍ന്നപ്പോള്‍ ഒരു കലങ്ങിയ പരിവേഷം മാത്രം അവശേഷിപ്പിക്കുകയും ചെയ്ത ഘടികാരം.

ലിസി പനിയുടെ തളര്‍ച്ചയില്‍ ചുവരോടു ചേര്‍ത്തിട്ട കസേരയില്‍ ചാരിക്കിടന്നു. മുറിയാകെ നിശ്ചലമായിരുന്നു.

കതകില്‍ താണ ശബ്ദത്തില്‍ രണ്ടു മുട്ടു കേട്ടു. ലിസി അടഞ്ഞുകിടന്ന കണ്‍പോളകള്‍ തുറന്നു. വാതില്‍പാളി ഒരു നേരിയ ഞരക്കത്തോടെ തുറന്നുവന്നു. ജോസ്‌ അകത്തു കടന്നു. അവന്റെ കണ്ണുകളുടെ നിശ്ചലത ലിസിയെ നടുക്കി. ശബ്ദമുണ്ടാക്കാതെ വാതിലടയ്ക്കാനുള്ള ശ്രമം കഴിഞ്ഞാണ്‌ അവന്‍ ലിസിയെ കണ്ടത്‌. അവന്റെ കണ്ണുകള്‍ക്ക്‌ പെട്ടെന്നു ജീവന്‍ വെച്ചു.

ജോസ്‌ മനോഹരമായി ചിരിച്ചു. ലിസിയുടെ ചിരി വിളറിയിരുന്നു.

"സുഖമില്ലേ?" ജോസ്‌ ശ്രദ്ധാപൂര്‍വ്വം ചോദിച്ചു.

"പനിയാണ്‌." ലിസിയുടെ ചുണ്ടുകള്‍ വരണ്ടിരുന്നു.

അയഞ്ഞ ഉടുപ്പും ഉയരമേറിയ ശരീരവും. ജോസ്‌ ഒരുപാടു വളര്‍ന്നതായി കാണപ്പെട്ടു. വളര്‍ന്നുപോയിരിക്കുന്നു, ലിസി വിചാരിച്ചു. ജോസ്‌ മുറിയുടെ എതിര്‍കോണില്‍ ടീപ്പോയിയ്ക്കടുത്തുള്ള കസേരയിലിരുന്നു.

അവന്‍ പിന്നെയും ലിസിയെ നോക്കി വെറുതെ ചിരിച്ചു. പിന്നെ ടീപ്പോയിപ്പുറത്തുനിന്ന് മാസികകളെന്തോ എടുത്ത്‌ മറിച്ചുനോക്കാന്‍ തുടങ്ങി.

ഒരുപാടു വളര്‍ന്നുപോയിരിക്കുന്നു, ലിസി പിന്നെയും വിചാരിച്ചു.

ജോസ്‌ ടീപ്പോയിയുടെ അടിയിലത്തെ തട്ടില്‍ നോക്കിയപ്പോള്‍ ആദ്യം കണ്ടത്‌ റുബിക്സ്‌ ക്യൂബാണ്‌. അവന്റെ കൈ അതിനു നേരെ നീണ്ടതും പിന്നെ പിന്‍വലിയ്ക്കപ്പെട്ടതും ലിസി കണ്ടു. ഒടുക്കം അവനതെടുത്തു.

ജോസിന്റെ കൈകള്‍ ചലിയ്ക്കാന്‍ തുടങ്ങി. പണ്ടു മെലിഞ്ഞിരുന്ന ജോസിന്റെ വിരലുകള്‍ ഏറെ നീണ്ടിരിക്കുന്നു. ചതുരക്കളങ്ങള്‍ അവയ്ക്കിടയില്‍ ചലിച്ചുകൊണ്ടിരുന്നു. നിമിഷങ്ങളുടെ ചലനങ്ങള്‍ക്കുശേഷം ചതുരക്കട്ടയുടെ വശങ്ങളിലെല്ലാം നിറങ്ങളുറഞ്ഞു. സങ്കീര്‍ണ്ണതകള്‍ വെടിഞ്ഞു കീഴടങ്ങിയ ചതുരക്കട്ട ജീവനറ്റതുപോലെ ടീപ്പോയിപ്പുറത്തിരുന്നു.

ഘടികാരത്തിന്റെ താളവും പാപബോധത്തിന്റെ തരികളുമടിഞ്ഞുകിടന്നിരുന്ന ബോധത്തില്‍ ലിസി ചിന്തിക്കാന്‍ തുടങ്ങി. മരിച്ചുപോയ കുട്ടിയില്‍ നിന്നു കവര്‍ന്നെടുത്തു പങ്കിട്ടുകൊടുത്തതെല്ലാം വാങ്ങിക്കൊണ്ടുപോകാനാണ്‌ ജോസ്‌ വന്നിരിക്കുന്നതെന്ന് അവള്‍ക്കു തോന്നി. അവള്‍ കൈപിടിച്ചു നടത്തിത്തുടങ്ങിയ വഴികളെല്ലാം അളന്നുകഴിഞ്ഞ പഴയ കുട്ടി. നേടിയ എല്ലാ കരുത്തുകളുമായി അവന്‍ തന്നെ നേരിട്ടാല്‍ ചെറുത്തുനില്‍ക്കാനാവില്ലെന്ന് അവളറിഞ്ഞു.

ജോസ്‌ തുറന്നുപിടിച്ച മാസികയിലെ വാക്കുകളും ചിത്രങ്ങളുമെല്ലാം പതുക്കെപ്പതുക്കെ സ്പന്ദിക്കാന്‍ തുടങ്ങി. അവന്‍ മുഖമുയര്‍ത്തി ലിസിയെ നോക്കി. അവന്റെ കണ്ണുകള്‍ ആസക്തിപൂണ്ടിരുന്നു. അവള്‍ മരവിപ്പോടെ തന്നെത്തന്നെ നോക്കിയിരിക്കുകയാണെന്ന് അവള്‍ കണ്ടു.

"നല്ല പനിയുണ്ടോ?" ജോസിന്റെ ശബ്ദം വിറപൂണ്ടിരുന്നു. അവന്‍ എഴുനേറ്റു. തിളങ്ങുന്ന നിലത്തിനു കുറുകെ അവന്റെ പ്രതിച്ഛായ നീങ്ങി. ഒരിക്കല്‍ തുടങ്ങിവെച്ച പാപകര്‍മ്മത്തിന്റെ അനിവാര്യമായ പൂര്‍ത്തീകരണമാണിതെന്ന് ലിസിയറിഞ്ഞു. ജോസ്‌ വിറയ്ക്കുന്ന ഇടതുകൈ അവളുടെ തോളത്തുവെച്ചു. വലതുകൈകൊണ്ട്‌ നെറ്റിത്തടം മൂടി. അതു ചൂടറിഞ്ഞു. ജോസിന്റെ മുഖം അവളുടേതിലേക്കു താണു. ലിസിയുടെ കണ്ണുകള്‍ പാതിയടഞ്ഞിരുന്നു. ദുഷ്കരമായ ഏതോ അനുഷ്ഠാനത്തിന്റെ തുടക്കത്തിലെന്നപോലെ അവള്‍ വിയര്‍ത്തും തളര്‍ന്നുമിരുന്നു.

പൊടുന്നനെ, രക്ഷകണ്ടിട്ടെന്നപോലെ ലിസിയുടെ കണ്ണുകള്‍ പ്രകാശിച്ചു. ജോസിന്റെ കൈകളില്‍ അവളുടെ ശരീരം തണുത്തു. അവന്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു നല്ല സ്വപ്നത്തില്‍നിന്നുണര്‍ന്നുപോകുമോ എന്ന പോലെ വെമ്പലില്‍ തിരിഞ്ഞുനോക്കി. അവന്‍ പിശാചിനെക്കണ്ടതുപോലെ മരവിച്ചു. അവന്റെ കൈകള്‍ അവളുടെ ശരീരത്തില്‍ നിന്നു വിട്ടകന്നു.

"അമ്മേ" കുട്ടി വിളിച്ചു.

വാതില്‍ക്കല്‍ ലിസിച്ചേച്ചിയുടെ പെണ്‍കുട്ടി നില്‍പ്പുണ്ടായിരുന്നു. പകപ്പില്‍ നിന്നുണര്‍ന്ന കുട്ടി ജോസിനെ നോക്കിച്ചിരിച്ചു. അത്‌ ലിസിക്കരികിലേയ്ക്കോടിപ്പോയി.

ജോസ്‌ പിറകോട്ടു മാറി. കുട്ടി ലിസിയുടെ മടിയിലേക്കു ചെന്നു തലചായ്ച്ചു. രണ്ടുകൈകൊണ്ടും ലിസി അതിനെ മുറുകെപ്പിടിച്ചു. കുട്ടി ജോസിനെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.

"അങ്കിള്‍" ലിസിയുടെ ചുണ്ടുകള്‍ പെട്ടെന്നു ചലിച്ചു. ചെറിയ കൈകൊണ്ട്‌ കുട്ടി ജോസിനെ ചൂണ്ടി ശബ്ദമില്ലാത്ത ചുണ്ടുകള്‍ കൊണ്ട്‌ അതാവര്‍ത്തിച്ചു. ലിസി കുട്ടിയെ വാരിയെടുത്തു മടിയില്‍ വെച്ചു.

"പോട്ടെ." ജോസിന്റെ ചുണ്ടുകള്‍ വരണ്ടിരുന്നു. അവന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ജോസ്‌ വാതില്‍ തുറന്നു.

ലിസി കണ്ണടച്ച്‌ കുട്ടിയെ ഇറുകെപ്പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോസ്‌ പുറത്തുകടന്നു വാതിലടച്ചു.

വാതിലിനു പുറത്ത്‌ മുറ്റത്ത്‌ ഉച്ചനേരം ചുട്ടുപഴുത്തുകിടന്നു. മണലില്‍ ചവുട്ടിയിറങ്ങിയ ജോസിന്റെമേല്‍ വെയില്‍ പെയ്തുകൊണ്ടിരുന്നു. അവന്‍ കിതയ്ക്കുകയായിരുന്നു.

താന്‍ ഒരു കഥകൂടി പറയാന്‍ തുടങ്ങുകയാണെന്ന് ജോസറിഞ്ഞു. ഇനിയുമൊരു സന്ധ്യക്ക്‌, മുഷിഞ്ഞ അടിവസ്ത്രങ്ങളുടെയും സിഗററ്റുപുകയുടെയും ഗന്ധം തങ്ങിനില്‍ക്കുന്ന ഹോസ്റ്റല്‍ മുറിയില്‍...

"ഞാന്‍ കയറിച്ചെല്ലുമ്പോള്‍ ലിസിച്ചേച്ചി കണ്ണടച്ചു കിടക്കുകയായിരുന്നു. എന്നെക്കണ്ടു ചിരിച്ചു. ഞാന്‍ കുറച്ചുനേരം അതുമിതും നോക്കിക്കൊണ്ട്‌ കസേരയിലിരുന്നു. പിന്നെ എഴുന്നേറ്റ്‌ അടുത്തുചെന്നു."

"എന്നിട്ടോ? പറയെടാ..."

"ഛെ. പറഞ്ഞു തൊലയ്ക്കെടാ വേഗം."

ജോസ്‌ നടക്കുകയായിരുന്നു, പൊടിമണ്ണുനിറഞ്ഞ വഴിയ്ക്കിരുവശവും ആകാശം മുട്ടെ വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ തണുപ്പിലൂടെ, ചവിട്ടേറ്റു ഞരങ്ങുന്ന കരിയിലകളുടെയും മഞ്ചാടിക്കുരുക്കളുടെയും വഴിയിലൂടെ. കിതപ്പടങ്ങിയിരുന്നു.

തണലുകളുടെ കനിവിനു താഴെ അവനില്‍ ആത്മാനുതാപം വന്നു നിറഞ്ഞു.

ജോസിന്റെ കരുനീക്കങ്ങളെല്ലാം നേരവും കളവും പിശകി ഒന്നുമാകാതെയവസാനിച്ചു. തന്റെ തോല്‍വികളില്‍ നിന്നും വിജയം വരച്ചെടുക്കാന്‍, തന്റെ പരിമിതികളെയും പരാജയങ്ങളെയും പൊളിച്ചുപണിയാനുള്ള ത്വരയോടെ ജീവിതത്തിന്റെ മങ്ങിയ ഇരുളിലിരുന്ന് അവന്‍ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു

തണല്‍മരങ്ങള്‍ക്കുതാഴെ ജോസിന്റെ വഴി കറുത്തുകിടന്നു.

(അവസാനിച്ചു)

<< കഴിഞ്ഞ അദ്ധ്യായം

Sunday, January 14, 2007

ജോസ്‌ സാമുവല്‍ - നാല്‌

നാല്‌ലിസി പനിയുടെ വിങ്ങുന്ന നിശ്ചലതയില്‍ കസേരയിലിരുന്നു. തളത്തിനു പുറത്ത്‌ ഉച്ചനേരമായിരുന്നു. നിലം കണ്ണാടിപോലെ തിളങ്ങി. ചുവരില്‍ മരിച്ചുപോയ കുട്ടിയുടെ ഫോട്ടോ. അടുത്ത മുറിയില്‍ മകള്‍ ഉറങ്ങിക്കിടന്നു.

ലിസി തളര്‍ച്ചയില്‍ കണ്ണടച്ച്‌ കസേരയില്‍ ചാരിക്കിടന്നു. ചുവരിലെ ഘടികാരത്തിന്റെയും കുട്ടിയുടെ ഫോട്ടോയുടെയും ബോധം പനിയുടെ സ്പന്ദങ്ങളുമായി ഇടകലര്‍ന്നു. ക്ലോക്കിനു താഴെ കുട്ടിയെ കൈപിടിച്ചു നടത്തിയിരുന്നത്‌ അവളോര്‍ത്തു. മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ അവന്‍ അമ്മ എന്നു പറയാന്‍ പഠിച്ചിരുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അര്‍ത്ഥമില്ലാത്ത ശബ്ദങ്ങള്‍ കൊണ്ടു പാട്ടുണ്ടാക്കി പാടുമായിരുന്നു. ഉച്ചയുറക്കത്തില്‍ നിന്നുണര്‍ന്നാലും മുറിയുടെ മുകള്‍ത്തട്ടുനോക്കിക്കൊണ്ടു കരയാതെ കിടക്കാന്‍ തുടങ്ങിയിരുന്നു.

അമ്മച്ചി കഴിഞ്ഞാല്‍ പിന്നെ കുട്ടിയ്ക്ക്‌ ഏറ്റവുമിഷ്ടം ജോസിനെയായിരുന്നു. അവനെ ഏറ്റവും സന്തോഷിപ്പിച്ചിരുന്നത്‌ ജോസ്‌ വരച്ച ചിത്രങ്ങളാണ്‌. തിളങ്ങുന്ന തറയിലിരുന്ന് ടീപ്പോയിപ്പുറത്തുനിന്നു കടലാസെടുത്ത്‌ ജോസ്‌ മുമ്പില്‍ വെയ്ക്കും. പിന്നെ, കുട്ടിയെ തലയുയര്‍ത്തി നോക്കി, റോയിച്ചായന്റെ ചായപ്പെട്ടിയില്‍ നിന്ന് നിറങ്ങളെന്തെങ്കിലുമൊക്കെയെടുത്ത്‌ കടലാസില്‍ എന്തെങ്കിലും വരയ്ക്കും. പിന്നെ ലിസിയുടെ മടിയിലിരിക്കുന്ന കുട്ടിയെ ചിത്രമുയര്‍ത്തികാണിക്കും. കുട്ടി ചിരിച്ചുകൊണ്ടിരിക്കും. അടുത്ത ചിത്രം വരച്ചു തീരുന്നതുവരെ.

കുട്ടിയുടെ കിടക്കയ്ക്കരിലെ ഭിത്തിയില്‍ നിറയെ ജോസിന്റെ ചിത്രങ്ങളൊട്ടിച്ചിരുന്നു. അവ നോക്കിക്കൊണ്ടുകിടന്നായിരുന്നു അവനുറങ്ങുക.

ജോസ്‌ ദുര്‍ബ്ബലനായ ഒരു കുട്ടിയായിരുന്നു. മിക്ക ദിവസങ്ങളിലും പനിയോ ജലദോഷമോ ഉണ്ടായിരിക്കും. നിരകളിയിലും ചെസ്സിലും വാക്കു പറഞ്ഞു കളിയ്ക്കുമ്പോഴുമെല്ലാം ജോസ്‌ തോല്‍ക്കുമായിരുന്നു. അപ്പോഴെല്ലാം ലിസി പരിഹസിച്ചു ചിരിക്കും. ഒരിയ്ക്കല്‍ പുസ്തകം വായിച്ചുകൊണ്ടിരുന്ന അവന്റെ പിറകിലൂടെ കടന്നുവന്ന ലിസി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ഞെട്ടിത്തെറിച്ചു തിരിഞ്ഞുനോക്കിയതും ലിസി ചിരിച്ചു ചിരിച്ചു തളര്‍ന്നതുമെല്ലാം അവളോര്‍ത്തു, അവന്‍ ആദ്യം ചിരിക്കാന്‍ ശ്രമിക്കുകയും പിന്നെ പുസ്തകത്തിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയും ഒടുക്കം ചിരിച്ചുതീരും വരെ ആവിയുയരുന്നുവെന്നു തോന്നിച്ച കണ്ണുകളോടെ അവളെ നോക്കിയിരിക്കുകയും ചെയ്തു.

റുബിക്സ്‌ ക്യൂബിന്റെ വശങ്ങളില്‍ നിറങ്ങളുറഞ്ഞുണ്ടാകുന്നതെങ്ങനെയെന്ന് ജോസിന്‌ ഒരിക്കലും മനസ്സിലായതേയില്ല.

കുട്ടി പനിപിടിച്ചു കിടക്കുകയായിരുന്നു. ലിസി എന്തൊക്കെയോ അവനോടു പറഞ്ഞുകൊണ്ടിരുന്നു. ഒടുക്കം കുട്ടി കരച്ചില്‍ നിറുത്തി തളര്‍ന്ന കണ്ണുകളോടെ അവളെ നോക്കിക്കിടക്കുക മാത്രം ചെയ്തു. ലിസി മുറിയ്ക്കു പുറത്തിറങ്ങുമ്പോള്‍ തിരിഞ്ഞു കുട്ടിയെ നോക്കിയെന്നും അവന്‍ അവളെത്തന്നെ നോക്കിക്കിടക്കുകയായിരുന്നുവെന്നും അവളോര്‍മ്മിക്കുന്നു.

അരണ്ടവെളിച്ചമുള്ള മുറിയില്‍ റുബിക്സ്‌ ക്യൂബ്‌ കൈയില്‍ പിടിച്ചുകൊണ്ട്‌ കട്ടിലില്‍ കിടക്കുകയായിരുന്നു ജോസ്‌. അവന്‍ പുഞ്ചിരിച്ചു, "ശരിയാകുന്നതേയില്ല". അവള്‍ ചിരിച്ചുകൊണ്ട്‌ കട്ടിലില്‍ ചെന്നിരുന്നു. ക്യൂബ്‌ പിടിച്ച അവന്റെ കൈകള്‍കൊണ്ടുതന്നെ അതു ചലിപ്പിച്ചു. അവന്‍ കൈകള്‍ പിന്‍വലിച്ചു.

അവന്റെ കൈപ്പത്തികള്‍ മെലിഞ്ഞു ദുര്‍ബ്ബലങ്ങളായിരുന്നു. അവളുടെ കഴുത്തിനു താഴെ മെത്തയില്‍ തലചാരിയിരുന്ന അവന്‍ ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ഒതുങ്ങിക്കിടന്നു. അവന്റെ ഉച്ഛ്വാസം അവളുടെ ഇടതു കൈയില്‍ തട്ടി. കുട്ടിയെ പിച്ചവെയ്ക്കാന്‍ പഠിപ്പിക്കുന്ന ഓര്‍മ്മ അവള്‍ക്കു പെട്ടെന്നുണ്ടായി. തിരിയുന്ന നിറങ്ങളില്‍നിന്ന് ഒരുവശം മുഴുവന്‍ ചുവപ്പുനിറം വന്നു നിറഞ്ഞു. അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു. അവന്‍ എന്തിലേക്കോ വഴുതിവീഴാന്‍ തുടങ്ങുന്നതുപോലെ കാണപ്പെട്ടു. അവന്റെ വിറയ്ക്കുന്ന കൈകളുയര്‍ന്നുവന്ന് അവളുടെ കൈകളെ പ്രാപിച്ചു. അവന്റെ ദൗര്‍ബ്ബല്യമെല്ലാം താനൊഴുക്കിക്കളയുകയാണെന്നവനു തോന്നി, പിച്ചവെയ്ക്കുന്ന കുട്ടിയ്ക്കു താങ്ങായിരിക്കുമ്പോഴെന്നപോലെ. അവളുടെ ചുണ്ടുകളുടെ ഊഷ്മളത അവന്റെ നെറ്റിത്തടത്തിലേക്കമര്‍ന്നു. പെട്ടെന്ന് ദൃഷ്ടിമണ്ഡലത്തിന്റെ അതിരില്‍ ഒരു നിഴല്‍ ചലിച്ചു. അവള്‍ തലയുയര്‍ത്തി. വാതില്‍ക്കല്‍ പകച്ചുനോക്കിക്കൊണ്ട്‌ കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ലിസി ചാടിയെഴുനേറ്റു. ക്യൂബ്‌ തറയില്‍ വീണു ചിതറി. കരഞ്ഞുതുടങ്ങിയിരുന്ന കുട്ടിയെ വാരിയെടുത്തുകൊണ്ട്‌ ലിസി പുറത്തിറങ്ങി. കുട്ടി ഉറക്കെക്കരഞ്ഞുകൊണ്ടിരുന്നു.

ജോസിന്റെ ചിത്രങ്ങള്‍ കെണി പോലെ വിന്യസിച്ചിരുന്ന ചുവരുകളുള്ള മുറിയ്ക്കുള്ളില്‍ പനിച്ചുകിടന്ന ദിവസങ്ങളിലെല്ലാം കുട്ടിയുടെ തളര്‍ന്നുകൊണ്ടേയിരുന്ന കണ്ണുകള്‍ ലിസിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

കുട്ടിയെ ആശുപത്രിയിലാക്കിക്കഴിഞ്ഞുള്ള തുടര്‍ച്ചയായ രാത്രികളില്‍ ഉറക്കമിളച്ച്‌ തളര്‍ന്ന ലിസി ഉറങ്ങിപ്പോയ രാത്രിയായിരുന്നു അത്‌. റോയിച്ചായന്‍ വാതിലില്‍ മുട്ടിവിളിച്ചതു കേട്ടാണവളുണര്‍ന്നത്‌. വിളക്കിടാതെതന്നെ ലിസി വാതില്‍ തുറന്നു. പുറത്തു മഴപെയ്തുകൊണ്ടിരുന്നു. ഇരുട്ടില്‍ റോയിച്ചായന്‍ നില്‌പുണ്ടായിരുന്നു. മരണവാര്‍ത്തയാണതെന്ന് അവള്‍ക്കുറപ്പായി. തളര്‍ന്നിട്ടെന്നപോലെ അയാള്‍ അവളുടെ രണ്ടുകൈകളിലും പിടിച്ചു. നനഞ്ഞവസ്ത്രങ്ങളില്‍ അവളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട്‌ അയാള്‍ അകത്തു കയറി. "മരിച്ചു." അയാളതു പറഞ്ഞോ എന്നു ലിസിയ്ക്കുറപ്പില്ല. ഇരുട്ടില്‍ അവരൊന്നിച്ചു നടന്നു കട്ടിലില്‍ ചെന്നിരുന്നു. ഗര്‍ഭം ധരിക്കുന്നതിനു മുമ്പ്‌ അവര്‍ ഇണചേര്‍ന്നിരുന്നതാണ്‌ ലിസി ആദ്യം ഓര്‍മ്മിച്ചത്‌. പിന്നെ, പാഴായിപ്പോയ ആകാംക്ഷകളെപ്പറ്റി, വ്യഥകളെപ്പറ്റി, പ്രതീക്ഷകളെപ്പറ്റി അവളോര്‍ത്തു. അവളുടെ മുലകള്‍ പാല്‍ ചുരത്തി. അവളെ ഇറുകെപ്പിടിച്ചിരുന്ന റോയി ദുര്‍ബലമായി ഏങ്ങലടിക്കാന്‍ തുടങ്ങി. അയാളുടെ ദുര്‍ബലമായ സ്പര്‍ശത്തിലൂടെ ലിസി ജോസിനെക്കുറിച്ചോര്‍ത്തു. കുട്ടിയുടെ ചുണ്ടില്‍നിന്നെടുത്തുമാറ്റി ജോസിനു കൊടുത്തതിനെല്ലാം കുട്ടി പ്രതികാരം ചെയ്തിരിക്കുന്നു. അവളുടെ ദൗര്‍ബല്യം പാപഫലം കായ്ച്ചിരിക്കുന്നു. ലിസി ഇരുട്ടിലേക്ക്‌ ഉറക്കെക്കരഞ്ഞു.

ഒരു ദിവസം ലിസി കുട്ടിയുടെ മുറിയിലെ ചുവരുകളില്‍നിന്ന് ജോസ്‌ വരച്ച ചിത്രങ്ങളെല്ലാം പിച്ചിക്കീറിക്കളഞ്ഞു. പിന്നെപ്പിന്നെ അവള്‍ കരയാതെയായി. യാഥാര്‍ത്ഥ്യങ്ങളും ശീലവും കൂടിക്കുഴഞ്ഞ ചെറിയ ആശയക്കുഴപ്പങ്ങള്‍ക്കു നടുവില്‍ നിന്ന് റോയി കുട്ടിയുടെ പേരു വിളിക്കുകയും ലിസി കുട്ടിയ്ക്കു പാലുതയ്യാറാക്കുകയും ചെയ്ത ദിവസങ്ങള്‍ പോയി. കുട്ടിക്കുപ്പായങ്ങളില്‍നിന്നും കളിപ്പാട്ടങ്ങളില്‍നിന്നുമെല്ലാം ഓര്‍മ്മകള്‍ ആവിയായി മാഞ്ഞു. കുട്ടി ചുവരുയരത്തില്‍ ഫ്രെയിം ചെയ്തുവെച്ച ഒരു ഫോട്ടോയും പിന്നെ പരിചിതദൃശ്യത്തിന്റെ ഭാഗവുമായി.

<< കഴിഞ്ഞ അദ്ധ്യായം
അടുത്ത അദ്ധ്യായം >>

ജോസ്‌ സാമുവല്‍ - മൂന്ന്

മൂന്ന്

ജോസിന്റെ അവധിദിവസങ്ങള്‍ ഒരേ നിറങ്ങളിലും അലസമായ ചലനത്തിന്റെ ഏകതാനതയിലും വീണ്ടും വന്നു. പുസ്തകങ്ങളെല്ലാം പൊടിയണിഞ്ഞു കിടന്ന ഉച്ചനേരത്തിലൊന്നില്‍ ജോസ്‌ കതകു തുറന്നു പുറത്തിറങ്ങി.

ഒരിക്കല്‍ നടന്ന വഴികളിലൂടെത്തന്നെ നടന്ന് തോട്ടുവക്കത്തെ കാടുപിടിച്ചു കിടന്ന പുരയിടത്തിനടുത്ത്‌ ചെന്നു. പായല്‍ മൂടിയ കുളത്തിനക്കരെ ഉച്ചവെയിലില്‍ കുളിച്ചുനില്‍ക്കുന്ന ലിസിച്ചേച്ചിയുടെ വീടു കണ്ടു. പൂര്‍ത്തിയാകാതെ മുറിഞ്ഞുപോയ ഒരു സുഖസ്വപ്നത്തെക്കുറിച്ചോര്‍ക്കും പോലെ അവന്‍ ലിസിച്ചേച്ചിയെക്കുറിച്ചോര്‍ത്തു. ഉണ്ടാക്കിപ്പറഞ്ഞ കഥകള്‍ നേരായിത്തീര്‍ന്ന് തന്റെ ദിവസങ്ങള്‍ക്കുമേല്‍ മാംസപുഷ്പങ്ങള്‍ വിടര്‍ന്ന് സുഗന്ധം പരത്തുന്നതിനെക്കുറിച്ച്‌ അവന്‍ സങ്കല്‍പിച്ചു. ജോസ്‌ പൊടിനിറഞ്ഞ ഇടവഴിയിലേക്കിറങ്ങി.

<< കഴിഞ്ഞ അദ്ധ്യായം
അടുത്ത അദ്ധ്യായം >>

Saturday, January 13, 2007

ജോസ്‌ സാമുവല്‍ - രണ്ട്‌

രണ്ട്‌

പിന്നെയും നാളുകള്‍ കഴിഞ്ഞ്‌ ഹോസ്റ്റലിന്റെ ദിനങ്ങളിലാണ്‌ ജോസിന്‌ അനുഭവകഥകള്‍ നിര്‍മ്മിച്ചെടുക്കേണ്ടി വന്നത്‌.

മഞ്ഞവെളിച്ചവും തുറന്നുവെച്ച പുസ്തകങ്ങളും തെറിവാക്കുകളും ചിതറിക്കിടന്ന മുറികളികളില്‍ സംസാരിച്ചുകൊണ്ടിരുന്നവര്‍ക്കിടയിലാണ്‌ കഥകള്‍ പറയപ്പെട്ടിരുന്നത്‌. കഥ പറയുന്നയാളും ഇണയും റബ്ബര്‍ത്തോട്ടങ്ങളുടെ തണുപ്പിലോ അച്ഛനുമമ്മയുമില്ലാത്ത വീടുകളുടെ രഹസ്യത്തിലോ അപൂര്‍വ്വം ചിലപ്പോള്‍ കിടപ്പറകളുടെ ഇരുട്ടിലോ ഇണചേര്‍ന്നു. ആകാംക്ഷ പ്രകടമാക്കാത്തവരും സിഗറട്ടു പുകച്ചുകൊണ്ട്‌ അശ്രദ്ധനടിക്കുന്നവരും പിന്നെ കൗതുകം മറച്ചുപിടിക്കാത്തവരുമടങ്ങുന്ന ശ്രോതാക്കളുടെ കൂട്ടം ഇണചേരുന്ന ശരീരങ്ങളുടെ ചലനങ്ങള്‍ സൂക്ഷിച്ചുകൊണ്ടിരുന്നു. ലക്ഷണമൊത്ത തന്റെ നഗ്നത പ്രകടിപ്പിച്ച്‌ അഭിമാനിക്കുന്ന കഥാനായകന്‍ സംസാരിച്ചുകൊണ്ടേയിരുന്നു.

മിക്കരാത്രികളിലും കഥപറയുന്ന ഒരുവനുണ്ടായിരുന്നു. തടിച്ച കണ്ണാടിച്ചില്ലുകള്‍ മെല്ലെ തെളിഞ്ഞുതുടങ്ങും. കാത്തിരിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ നിര്‍ബ്ബന്ധം സഹിക്കവയ്യാതെയെന്നപോലെ അവന്‍ പതുക്കെപ്പതുക്കെ സംസാരിച്ചുതുടങ്ങും. ആകാംക്ഷവളര്‍ത്തിയെടുക്കുന്ന പതിഞ്ഞ വാക്കുകള്‍ മുളച്ചുവരും. ഓരോരുത്തരുടെയും മുഖത്തു മാറിമാറിനോക്കി, ആകര്‍ഷണീയങ്ങളായ വാക്കുകളില്‍, അനുപേക്ഷണീയങ്ങളായ ചലനങ്ങളില്‍ അവന്‍ കഥ പറഞ്ഞുകൊണ്ടേയിരിക്കും. ആള്‍ക്കൂട്ടം കൊതിയൂറുന്ന കണ്ണുകളും അഭിനന്ദിക്കുന്ന പുഞ്ചിരികളുമായി തലയാട്ടിയിരിക്കും.

വിസ്കിയുടെ നിറമുള്ള ഒരു സന്ധ്യ. അടിവസ്ത്രങ്ങളുടെയും സിഗറട്ടുപുകയുടെയും മദ്യത്തിന്റെയും ഗന്ധം നിറഞ്ഞു നിന്ന നിശ്ശബ്ദത. വസ്ത്രം ധരിക്കാതെയും ധരിച്ചും അങ്ങിങ്ങായി അടിഞ്ഞുകൂടിക്കിടന്ന നിഴലുകള്‍ ഒരുപാടു സംസാരിച്ചുകഴിഞ്ഞിരുന്ന ഒരു ഇടവേളയായിരുന്നു അത്‌.

ജോസ്‌ പെട്ടെന്നു സംസാരിക്കാന്‍ തുടങ്ങി. ഇരുണ്ട നിഴലുകള്‍ താണുപോകുന്ന തലയുയര്‍ത്തിനോക്കി. അശ്ലീലവാരികകളുടെ മഞ്ഞത്താളുകള്‍ തുറന്ന് ലിസിച്ചേച്ചി ഇറങ്ങിവന്നു. അവന്‍ കട്ടിലില്‍ മലര്‍ന്നുകിടക്കുകയായിരുന്നു. കയ്യില്‍ റുബിക്സ്‌ ക്യൂബ്‌.

ജോസ്‌ സംസാരിച്ചുകൊണ്ടേയിരുന്നു. കലങ്ങിയ കണ്ണുകള്‍. ചലിച്ചുകൊണ്ടേയിരുന്ന വരണ്ട ചുണ്ടുകള്‍. അവനോര്‍ത്തു: ഇപ്പോള്‍ തന്റെ മുഖം ആരുടേതു പോലെയായിരിക്കും? രാത്രിതോറും ചാതുരിയോടെ കഥ പറയുന്ന കണ്ണാടിക്കാരന്റേതുപോലെയോ? അവന്റെ ചലനങ്ങള്‍ പതുക്കെപ്പതുക്കെ അനുകരണങ്ങളായി. വാക്കുകളെല്ലാം പറയപ്പെട്ടിട്ടുള്ളതുതന്നെയായി. കണ്ണാടിക്കാരന്‍ ഒരിക്കല്‍ ഭോഗിച്ച പെണ്ണിനെ അവന്‍ ഭോഗിച്ചതുപോലെ തന്നെ.

വാതില്‍ക്കല്‍ വന്നുനിന്ന പകച്ച കൊച്ചുകണ്ണുകളെപ്പറ്റിയും ചിതറിവീണ നിറങ്ങളെപ്പറ്റിയും ജോസ്‌ പറഞ്ഞതേയില്ല.

കഥകേള്‍ക്കുന്നവരുടെ സ്ഥിരം ഭാവങ്ങളുള്ള മുഖങ്ങള്‍ ധരിച്ച്‌ ചുറ്റുമിരിക്കുന്നവരെ മാറിമാറി നോക്കി കഥപറയുമ്പോള്‍ ജോസിനു തോന്നി, റോയിച്ചായനാണു കഥപറയുന്നതെന്ന്. ലിസിച്ചേച്ചിയുടെ ശരീരത്തിന്റെ രഹസ്യങ്ങളില്‍ നിന്നും എഴുനേറ്റിരിക്കുന്ന റോയിച്ചായന്‍ സംസാരിക്കുകയാണ്‌. ഒരിക്കല്‍ തന്റെ നഗ്നതയ്ക്കു നേരെ പരിഹാസം പൂണ്ട വിരല്‍ മുമ്പിലിരിക്കുന്ന പാതിയൊഴിഞ്ഞ ഗ്ലാസിലെ വിസ്കിയിട്ട്‌...

വസ്ത്രങ്ങള്‍ വാരിവലിച്ചുടുത്തുകൊണ്ട്‌ ലിസിച്ചേച്ചി ജോസിന്റെ നഗ്നതയില്‍നിന്നെഴുന്നേറ്റു പോയി. കാഴ്ചക്കാര്‍ ഒഴിഞ്ഞ ഗ്ലാസുകളും എരിഞ്ഞുകൊണ്ടിരിക്കുന്ന സിഗററ്റുകളും മതിവരാത്ത കണ്ണുകളുമായി ഇരുട്ടിലിരുന്നു. പിന്നെ ഓരോരുത്തരായി പലതും പറഞ്ഞെഴുന്നേറ്റുപോയി. ആളൊഴിഞ്ഞ കസേരകള്‍ക്കും ഒഴിഞ്ഞ കുപ്പികള്‍ക്കും ഗ്ലാസുകള്‍ക്കും ചിതറിക്കിടന്ന സിഗററ്റുകുറ്റികള്‍ക്കും നടുവില്‍ ഒരു ഭോഗത്തിന്റെ തളര്‍ച്ചയില്‍ ജോസിരുന്നു. അവന്റെ കണ്ണുകള്‍ നിറഞ്ഞു. പഴമയുടെ ഗന്ധത്തില്‍ ചിതറിക്കിടന്ന കടലാസുകഷണങ്ങളെക്കുറിച്ചും നനഞ്ഞ മണ്ണിലും അടഞ്ഞുകിടന്ന കെട്ടിടത്തിലേക്കു തുറന്ന വാതിലിലും കൂടി വീണ്ടുകിട്ടിയ ബാല്യത്തെക്കുറിച്ച്‌ അവനോര്‍ത്തു. തുറന്നിരുന്ന വായില്‍ പിത്തനീരൂറിക്കൂടുന്നതവനറിഞ്ഞു. അശ്ലീലവാരികകളുടെ നിറം മങ്ങിയ ചിത്രങ്ങളിലെ പുരുഷശരീരങ്ങളോടെന്നപോലെ അവനു സ്വന്തം ശരീരത്തോട്‌ അറപ്പുതോന്നി. ജോസ്‌ ഛര്‍ദ്ദിച്ചു.

<< കഴിഞ്ഞ അദ്ധ്യായം
അടുത്ത അദ്ധ്യായം >>

ജോസ്‌ സാമുവല്‍ - ഒന്ന്

ഒന്ന്

ജോസിന്റെ ബാല്യം എ.ബി.സി. ബുക്കുകള്‍ക്കും എഞ്ചുവടികള്‍ക്കും ചിത്രപ്പുസ്തകങ്ങള്‍ക്കുമിടയില്‍ എവിടെയോ കളഞ്ഞുപോയിരുന്നു. അവന്റെ ഓര്‍മ്മയില്‍ ശൈശവത്തിലെ പൂക്കള്‍ക്കെല്ലാം കടലാസിന്റെ ഗന്ധമായിരുന്നു; മഴകള്‍ക്ക്‌ നേഴ്സറി റൈമുകളുടെ താളവും.

പത്തുപതിനഞ്ചു വര്‍ഷങ്ങളിലൂടെ വളര്‍ന്നുകഴിഞ്ഞൊടുക്കമാണ്‌ അവന്‍ ഒരിടത്ത്‌ തന്റെ ബാല്യം കണ്ടെത്തിയത്‌. അക്കാലത്തൊക്കെ അവന്‍ തോട്ടുവക്കത്തെ പുരയിടത്തില്‍ അലഞ്ഞു നടക്കാറുണ്ടായിരുന്നു. ചുട്ടുപഴുത്ത ആകാശം ഉതിര്‍ന്നുവീഴാതിരിക്കാനെന്നപോലെ പടര്‍ന്നുനിന്ന വലിയ മരങ്ങളും മഴയുടെയും മണ്ണിന്റെയും മണമുള്ള കാട്ടുചെടികളും അവനെ പുറംലോകത്തുനിന്നു മറച്ചു. ഇരുണ്ട പച്ചപ്പിന്റെ ലോകത്ത്‌ അവന്‍ അലഞ്ഞുനടന്നു.

ഒഴിഞ്ഞുകിടന്ന കെട്ടിടത്തിനുള്ളിലേക്ക്‌ ജോസ്‌ ഒരു വഴി കണ്ടെത്തിയിരുന്നു, അഴികളൊടിഞ്ഞുപോയ ഒരു ജനാലയിലൂടെ.

ഒരേപോലെയുള്ള ദിവസങ്ങളുടെ ഒരവധിക്കാലമായിരുന്നു അതെന്ന് അവനോര്‍മ്മയുണ്ട്‌. സംഭവബഹുലമെന്നു തോന്നിച്ച ഒരു ദിവസമായിരുന്നു അത്‌. തോട്ടുവക്കത്തെ കെട്ടിടത്തിനകത്ത്‌ പഴക്കം മണക്കുന്ന കടലാസുകഷണങ്ങള്‍ ചിതറിക്കിടക്കുന്നതിനു നടുവിലെ അരണ്ടവെളിച്ചത്തിന്റെ രഹസ്യാത്മകതയില്‍ അവനിരിക്കുകയായിരുന്നു. അവനരികിലെ ജനാലയിലൂടെ കാണാവുന്ന പച്ചപ്പിന്റെ ഒരു നനഞ്ഞ ലോകവും കാട്ടുചെടികള്‍ മൂടിയ തോടിന്റെ കരയും നിറഞ്ഞ ഒരു ദൃശ്യത്തിന്റെ കഷണം അവനിപ്പോഴും ഓര്‍ക്കുന്നു.

ഓര്‍മ്മയുടെ ഹരിതാഭയ്ക്കും കുളിരിനും മുകളില്‍ മഴ പെയ്തുകൊണ്ടിരുന്നു. മഴനൂലുകള്‍ക്കിടയിലൂടെ തോടിനക്കരെയുള്ള വാഴത്തോട്ടത്തിലേക്ക്‌ പച്ചപ്പിന്റെ മറവുകളില്‍നിന്നും ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. മഴ ഇരമ്പിപ്പെയ്തുകൊണ്ടിരുന്നു. കൈകള്‍ മാറിടത്തിനു മുകളില്‍ പിണച്ചുവെച്ചിരുന്നു. അവള്‍ തോട്ടുവക്കത്തെ പന്നല്‍ച്ചെടികള്‍ക്കും ഇല്ലിമുളകള്‍ക്കുമിടയിലേക്കു മുട്ടുകുത്തിയിരുന്നു. അവള്‍ വിറച്ചുകൊണ്ടേയിരുന്നു. പച്ചനിറത്തിനിടയില്‍ അവള്‍ പകുതിമറഞ്ഞു. പതുക്കെപ്പതുക്കെ അവള്‍ മഴയുടെ താളത്തില്‍നിന്നു മുക്തയായി. മാറില്‍ പിണച്ചുവെച്ചിരുന്ന കൈകള്‍ സ്വതന്ത്രമായി. മഴയും കുളിരും അവളെ തണുപ്പിക്കാതെയായി. മഴയുടെ അസാന്നിദ്ധ്യത്തിലെന്നപോലെ അവള്‍ നിശ്ചലയും നിസ്സ്സംഗയുമായിത്തീര്‍ന്നു. പെട്ടെന്നൊരു ചേഷ്ടാവിനിമയത്തിലെന്നപോലെ അവള്‍ ഉടുപ്പുതുറന്ന് മാറിടം മഴയ്ക്കും പെയ്യുന്ന നേര്‍ത്ത വെളിച്ചത്തിനും ജോസിന്റെ ജനാലക്കീറിലെ ദൃശ്യത്തിന്റെ സൗഭാഗ്യത്തിനും തുറന്നിട്ടുകൊടുത്തു. പിന്നെ മൂര്‍ച്ഛിച്ചിട്ടെന്നപോലെ ഇല്ലിമുളകള്‍ക്കപ്പുറത്തു താണുമറഞ്ഞു.

പച്ചനിറം മാത്രം നിറഞ്ഞുനിന്ന തന്റെ ദൃശ്യത്തില്‍ അവള്‍ ഒരു പൂവുപോലെ ഉയര്‍ന്നുവരുന്നതു കാണാന്‍ കാത്തിരുന്ന ജോസ്‌ എപ്പോഴോ ഉറങ്ങിപ്പോയി. ബാല്യത്തിന്റെ വീണ്ടെടുപ്പിന്റെയും പഴമയുടെയും ഗന്ധം നിറഞ്ഞുനിന്ന മുറിയില്‍ കൂടിക്കുഴഞ്ഞ ഒരുപാടു സ്വപ്നങ്ങളുടെ ഉറക്കത്തിനുശേഷം ഉണരുമ്പോള്‍ തനിക്കു സ്ഖലിച്ചിരിരുന്നു എന്ന് അവനറിഞ്ഞു. അപ്പോഴും പുറത്ത്‌ മഴപെയ്തുകൊണ്ടിരുന്നു.


മഴ തോര്‍ന്നിരുന്നു. ജോസ്‌ ലിസിച്ചേച്ചിയുടെ വീട്ടിലെ പുസ്തകങ്ങളുടെ മുറിയിലിരിക്കുകയായിരുന്നു. ചുവരില്‍ റോയിച്ചായന്റെയും ലിസിച്ചേച്ചിയുടെയും കുഞ്ഞിന്റെയും ഫോട്ടോ. ഓട്ടിന്‍പുറത്തുനിന്ന് മഴത്തുള്ളികള്‍ ഇറ്റു വീണുകൊണ്ടിരുന്നു. മുറിയ്ക്കുള്ളില്‍ മഴക്കാലത്തിന്റെ അരണ്ട വെളിച്ചം തങ്ങിനിന്നു. അടുത്ത മുറിയില്‍ നിന്ന് പനിപിടിച്ചുകിടക്കുന്ന കുഞ്ഞിന്റെ നേര്‍ത്തസ്വരത്തിലുള്ള ആവലാതികളും സാന്ത്വനപ്പെടുത്തിക്കൊണ്ടിരുന്ന ലിസിച്ചേച്ചിയുടെ പതിഞ്ഞ ശബ്ദവും കേള്‍ക്കാമായിരുന്നു. ജോസ്‌ റുബിക്സ്‌ ക്യൂബുമായി മടക്കിവെച്ചിരുന്ന കിടക്കയില്‍ച്ചാരി കട്ടിലിലിരിക്കുകയായിരുന്നു. അവന്‍ കൈകളില്‍ നിശ്ചലമായിരിക്കുന്ന ക്യൂബിനെ നോക്കിക്കൊണ്ട്‌ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. ശുക്ലത്തിന്റെ നേരിയ ഗന്ധം വായുവിലാകെ പരന്നിരിക്കുന്നതുപോലെ തോന്നിച്ചു. വാതില്‍ക്കല്‍ ലിസിച്ചേച്ചി വന്നുനിന്നു. അവരെന്തോ പറയാന്‍ വിചാരിച്ചുപേക്ഷിച്ചതുപോലെ നിശ്ശബ്ദയായി. ലിസിച്ചേച്ചി അകത്തുകടന്നുവന്നു.

അവള്‍ കട്ടിലിരുന്നപ്പോള്‍ എന്തോ പറഞ്ഞുവെന്ന് ജോസ്‌ ഓര്‍മ്മിക്കുന്നു. അവന്റെ കൈകളില്‍നിന്ന് ലിസിച്ചേച്ചി ക്യൂബുവാങ്ങിച്ചു. അവളുടെ ശരീരത്തിന്റെ ഇടതുവശം അവനെ തൊട്ടിരിക്കുകയായിരുന്നു. അവന്റെ കണ്മുമ്പില്‍ നിറങ്ങള്‍ ചലിക്കാന്‍ തുടങ്ങി. ചലനങ്ങളിലൂടെ, ചതുരക്കട്ടയുടെ ഒരു വശം മുഴുവന്‍ ചുവപ്പുനിറം വന്നു നിറഞ്ഞു. ചതുരക്കട്ടയുടെ ചുവന്നവശം അവളവനെക്കാട്ടി പുഞ്ചിരിച്ചു. പെട്ടെന്ന് മഴ പെയ്തു തുടങ്ങി. അവന്റെ കൈകളുയര്‍ന്ന് അവളുടെ കൈകളെ സ്പര്‍ശിച്ചു. മഴയുടെ ഇരമ്പമുയര്‍ന്നു നിറഞ്ഞു.

പെട്ടെന്നു വാതില്‍ക്കല്‍ ലിസിച്ചേച്ചിയുടെ കുഞ്ഞു വന്നുനിന്നു. ലിസിയുടെ കൈകളില്‍ നിന്ന് ക്യൂബു നിലത്തുവീണു നിറങ്ങള്‍ ചിതറി. കുട്ടിയുടെ കണ്ണുകള്‍ പ്രേതബാധയുള്ളതുപോലെ കാണപ്പെട്ടുവെന്ന് ജോസ്‌ ഓര്‍മ്മിക്കുന്നു. ലിസിച്ചേച്ചി ചാടിയെഴുനേറ്റു. കുഞ്ഞ്‌ ഉറക്കെക്കരയാന്‍ തുടങ്ങി. ജോസ്‌ നിലത്തിരുന്ന് ചിതറിക്കിടന്ന നിറങ്ങള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി. അവന്‍ മുഖമുയര്‍ത്തിയതേയില്ല. ലിസിച്ചേച്ചി കുഞ്ഞിനെയെടുത്തുകൊണ്ടു കടന്നുപോയി. അവന്‍ ചിതറിക്കിടന്ന കഷണങ്ങളിണക്കിച്ചേര്‍ത്ത്‌ കട്ടിലിനു പുറത്തുവെച്ചിട്ട്‌ പുറത്തു വീണുകൊണ്ടിരുന്ന മഴയിലേക്കിറങ്ങിപ്പോയി.

ആര്‍ത്തുകൊണ്ടിരുന്ന മഴയിലൂടെ നടക്കുമ്പോള്‍ അപ്പോഴും സ്ഖലനത്തിന്റെ നനവു തന്നിലുണ്ടെന്ന് ജോസിനു തോന്നി. മഴയുടെ ആരവത്തിനു നടുവില്‍ മാറിടം തുറന്നിട്ടുനില്‍ക്കുന്ന ലിസിച്ചേച്ചിയുടെ രൂപം ഒന്നു തെളിഞ്ഞു മാഞ്ഞുപോയി. ക്യൂബിന്റെ ചലനത്തിന്റെ താളം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഓര്‍മ്മയുടെ നിറം മാഞ്ഞ കളങ്ങള്‍ കൂടിച്ചേരാന്‍ തുടങ്ങി. വരണ്ട ഒരുച്ചനേരത്ത്‌ വേലിയ്ക്കരികില്‍ മൂത്രമൊഴിച്ചുകൊണ്ടു നിന്ന കുട്ടിയായ ജോസിനെ നോക്കി മൂക്കിനു മുകളില്‍ വിരല്‍ വെച്ചു കഷ്ടം പറഞ്ഞുകൊണ്ട്‌ റോയിച്ചായന്‍ കടന്നുപോയത്‌ അവനോര്‍ത്തു. അവനു തോന്നി റോയിച്ചായന്‍ മഴനനഞ്ഞു മൂത്രമൊഴിച്ചുകൊണ്ടു നില്‍ക്കുകയാണെന്നും താന്‍ കൈകൊട്ടിച്ചിരിക്കുന്നുവെന്നും. അവനു ചുറ്റും ഇഴയടുപ്പിച്ചു വീണുകൊണ്ടിരുന്ന മഴനാരുകള്‍ അവനെ വന്നു പൊതിഞ്ഞു കാറ്റിലുയര്‍ത്തിക്കൊണ്ടുപോയി.

അവധി മടുത്ത ജോസ്‌ വിരുന്നുപോകാന്‍ പുറപ്പെട്ടുനില്‍ക്കുമ്പോഴാണ്‌ ലിസിച്ചേച്ചിയുടെ കുട്ടിയ്ക്കു പനി കൂടുതലാണെന്നും ആശുപത്രിയിലാക്കിയിരിക്കുന്നുവെന്നും അമ്മ പറഞ്ഞറിഞ്ഞത്‌. ബാഗില്‍ വസ്ത്രങ്ങള്‍ അടുക്കിവെച്ചുകൊണ്ടിരിക്കുമ്പോള്‍ സംസാരിച്ചുകൊണ്ടിരുന്ന അമ്മയുടെ വാക്കുകളുടെ ഉത്കണ്ഠയും പറയാത്ത ദുശ്ശങ്കയും തന്നിലേക്കു പകരുന്നില്ലെന്ന് വിശ്വസിക്കാന്‍ അവന്‍ ശ്രമിച്ചു. വെട്ടുകല്ലും ചെമ്മണ്ണും നിറഞ്ഞ വഴിയിലൂടെ പുറപ്പെട്ടുപോകുമ്പോള്‍ അവനുറപ്പായിരുന്നു, താനൊരു പലായനത്തിലാണെന്ന്, മരണവാര്‍ത്തയുടെയും നനഞ്ഞു ഭാരംവെച്ച മനസ്സിന്റെയും ദിനങ്ങളാണു വരാനിരിക്കുന്നതെന്ന്.

അവന്‍ വിരുന്നുപോയ വീട്ടില്‍, പകലെല്ലാം അവനോടൊപ്പം ചീട്ടുകളിച്ചിരിക്കുകയും എപ്പോഴും ജയിക്കുകയും ഉറക്കെച്ചിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുണ്ടായിരുന്നു. അവന്റെ ചീട്ടുകള്‍ പലപ്പോഴും തെറ്റിപ്പോവുകയും അവന്റെ ചിരി വിളറിപ്പോവുകയും ചെയ്തു. ആകാശം കാണാവുന്ന തുറന്നജനാലയുള്ള മുറിയില്‍ അവനുറങ്ങാന്‍ കിടന്നു. പിശാചുബാധയുള്ളതുപോലെ കാണപ്പെട്ട ആഴമേറിയ രണ്ടു കണ്ണുകളും ക്യൂബിന്റെ താളമുള്ള മഴ നനയുന്ന ഒരു തുറന്നമാറിടവും മറക്കാനുള്ള ശ്രമത്തില്‍ അവന്‍ ചീട്ടുകളിക്കുന്ന പെണ്‍കുട്ടികളെക്കുറിച്ചു ചിന്തിക്കാന്‍ ശ്രമിച്ചു. ഇരുട്ടിനുതാഴെ ഘനീഭവിച്ചു കിടന്ന തന്റെ രാത്രിയിലേക്ക്‌ അമര്‍ത്തിയ പാദചലനവും പാവാടയുടെ മര്‍മ്മരവുമായി അവരിലാരെങ്കിലുമൊരാള്‍ കടന്നുവരാതിരിക്കില്ലെന്നു വിശ്വസിക്കുകയും വാതില്‍ അകത്തുനിന്നു തഴുതിടാതിരിക്കുകയും ചെയ്തു.

അടുത്ത അദ്ധ്യായം >>