Tuesday, August 18, 2009

വിക്കിയിലെ മണ്ടത്തരങ്ങള്‍

പണ്ട്‌ പൂമ്പാറ്റയില്‍ വായിച്ച കഥയാണ്‌:

ഒരിടത്ത്‌ ഒരു ചിത്രകലാവിദ്യാര്‍ത്ഥിയുണ്ടായിരുന്നു. അയാള്‍ വരയ്ക്കുന്ന ചിത്രങ്ങളിലെ തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത്‌ ഗുരു അയാളെ ഒരു മികച്ച ചിത്രകാരനാക്കിത്തീര്‍ത്തു. ഒടുവില്‍ ഒരു ദിവസം, ശിഷ്യന്റെ പുതിയ ചിത്രം കണ്ട ഗുരു പറഞ്ഞു: "എന്റെ അറിവില്‍ പെട്ടിടത്തോളം, ഈ ചിത്രത്തിന്‌ എന്തെങ്കിലും കുറവു പറയാനില്ല. എനിക്കറിയുന്നതെല്ലാം നിനക്കു പഠിപ്പിച്ചുതരാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്‌."

എന്നാല്‍, തനിക്ക്‌ ഇനിയും പലതും പഠിക്കാന്‍ ബാക്കിയുണ്ടെന്നു കരുതിയിരുന്ന ശിഷ്യന്‍ പറഞ്ഞു: "ഇനി എനിക്കാവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ തരാന്‍ ആര്‍ക്കു കഴിയും എന്നുകൂടി അങ്ങ്‌ ഉപദേശിച്ചുതരണം."

"എന്റെ അറിവില്‍ അങ്ങനെയാരും നമ്മുടെ പട്ടണത്തിലില്ല." ഗുരു പറഞ്ഞു "നീ ഒരു കാര്യം ചെയ്യൂ. നിന്റെ ചിത്രങ്ങള്‍ വരച്ചിട്ട്‌ വഴിയമ്പലത്തില്‍ കൊണ്ടു പ്രദര്‍ശിപ്പിക്കുക. ഇതിലേ കടന്നുപോകുന്നവരില്‍ ചിത്രകലയില്‍ അറിവുള്ളവരുണ്ടാകാം. അവര്‍ തിരുത്തിത്തന്നെന്നുവരാം."

ചിത്രകാരന്‍ തന്റെ ഏറ്റവും പുതിയ ചിത്രം വഴിയമ്പലത്തില്‍ പ്രദര്‍ശനത്തിനുവെച്ചു. അതിന്റെ താഴെ ഒരു കുറിപ്പും വെച്ചു: "ബഹുമാനപ്പെട്ട കാഴ്ചക്കാരാ, താങ്കള്‍ക്ക്‌ ഈ ചിത്രത്തില്‍ എന്തെങ്കിലും അപാകതകള്‍ കാണുകയാണെങ്കില്‍ ആ ഭാഗത്ത്‌ ദയവായി ഒരു അടയാളം വരയ്ക്കാന്‍ അപേക്ഷ."

ഒന്നുരണ്ടു ദിവസങ്ങള്‍ കഴിഞ്ഞ്‌ ചിത്രം നോക്കാന്‍ വന്ന ചിത്രകാരന്‍ ഞെട്ടിപ്പോയി. ചിത്രം മുഴുവന്‍ അടയാളങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. തന്റെ ചിത്രത്തില്‍ ഇത്രയേറെ തെറ്റുകളുണ്ടായിരുന്നെന്നോ?

വിവരമറിഞ്ഞ ഗുരു പറഞ്ഞു: "അടുത്ത ചിത്രം വെയ്ക്കുമ്പോള്‍ അതോടൊപ്പം നീ ചായങ്ങളും ബ്രഷുകളും വെയ്ക്കണം. എന്നിട്ട്‌, ചിത്രത്തില്‍ അപാകതകള്‍ കാണുന്നപക്ഷം അവ തിരുത്താനുള്ള ഒരു അപേക്ഷയും പ്രദര്‍ശിപ്പിക്കുക."

ശിഷ്യന്‍ അങ്ങനെചെയ്തു. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ചിത്രത്തില്‍ ആരും ഒരു മാറ്റവും വരുത്തിയില്ല.

ഈ കഥ ഈയിടെ ഓര്‍മ്മവന്നത്‌ വിക്കിപീഡിയയിലെ അബദ്ധങ്ങളെപ്പറ്റി ഒന്നിലധികം പേര്‍ പരാതികള്‍ പറയുന്നതു കേട്ടപ്പോഴാണ്‌. ലാഭത്തിനായി വിജ്ഞാനകോശങ്ങളും നിഘണ്ടുക്കളുമുണ്ടാക്കുന്ന സ്വകാര്യസംരംഭങ്ങളാരെങ്കിലുമായിരുന്നു ഇതു പറയുന്നതെങ്കില്‍ അസൂയയാണ്‌ അതിനു പിന്നിലെന്നു പറയാമിയായിരുന്നു. എന്റെ അറിവില്‍ പെട്ടിടത്തോളം വിക്കിപീഡിയ വിജ്ഞാനത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിലെ ഒരു വിജയകരമായ പരീക്ഷണമാണ്‌. ഗൂഗിള്‍ ഉള്‍പ്പെടെ സ്വകാര്യസംരംഭങ്ങള്‍ പോലും മാനിക്കുന്ന ഒരു ജനാധിപത്യസംരംഭം. ഇത്‌ എന്ത്‌ അഭിപ്രായവും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നു കൊട്ടിഘോഷിക്കുകയും പറയുന്ന അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാറ്റിനിര്‍ത്തി ഇടിതരികയും ചെയ്യുന്ന ചില പാര്‍ട്ടികളിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പോലെയല്ല, തെറ്റുകുറ്റങ്ങള്‍ പരിഹരിക്കാന്‍ എല്ലാ സൗകര്യങ്ങളും തന്നിട്ടു നടത്തുന്ന യഥാര്‍ത്ഥജനാധിപത്യമാണ്‌. എന്നാല്‍പ്പിന്നെ, വിക്കിപീഡിയയെ പരിഹസിച്ചു നെടുങ്കന്‍പോസ്റ്റെഴുതുന്ന സമയം കൊണ്ട്‌ ആ തെറ്റ്‌ തിരുത്തി സ്വയം സമൂഹജീവിയാകാനുള്ള ശ്രമമെങ്കിലും നടത്തിക്കൂടേ നമുക്ക്‌?