Wednesday, December 31, 2008

കഥയുടെ അവതാരരഹസ്യങ്ങള്‍പുരാണകഥകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും കവിതയുടെയും പണ്ഡിതനും മികവുറ്റ കഥപറച്ചിലുകാരനും ചെണ്ടകൊട്ടുകാരനുമാണ്‌ മൈക്കല്‍ മീഡ്‌. അദ്ദേഹം പറഞ്ഞ മുത്തശ്ശിക്കഥകളുടെ സമാഹാരമായ ജീവജല(The Water of Life)ത്തില്‍ കഥകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന ചില വിചാരങ്ങള്‍:

***

കഥയ്ക്കുള്ളിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ വിശദാംശത്തെ വേണം പിന്തുടരാന്‍. അഥവാ, വിശദാംശം വന്നു വിളിയ്ക്കുമ്പോള്‍ കൂടെപ്പോകണം. കഥ മുഴുവന്‍ മനസ്സ്സിലാക്കേണ്ട കാര്യമില്ല. വാസ്തവത്തില്‍, മുഴുവന്‍ മനസ്സിലാക്കപ്പെട്ടു കഴിഞ്ഞ കഥ പിന്നെ ജീവിക്കില്ല. ഈ പഴംകഥകള്‍ ജീവിച്ചിരിക്കുന്നത്‌ ആര്‍ക്കും അവയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്‌. കഥ ഒരു കലവറയാണ്‌, കാലങ്ങള്‍ കൊണ്ട്‌ മനുഷ്യമനസ്സിനെപ്പറ്റി ജനങ്ങള്‍ നേടിയ അറിവുകള്‍ അതില്‍ സൂക്ഷിച്ചിരിക്കുന്നു. കഥയ്ക്കുള്ളില്‍, പഴക്കം ചെന്നവരും മറക്കപ്പെട്ടവരുമായ ദൈവങ്ങളുടെയും ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ജീവികളുടെയും വസ്തുക്കളുടെയും പിറുപിറുപ്പുകള്‍ അടക്കം ചെയ്തിരിക്കുന്നു. കഥനത്തിന്റെ വഴിയേ നടന്നെത്താന്‍ തയ്യാറുള്ളവരുടെ കാലൊച്ചകള്‍ കേട്ടുണരാന്‍ വേണ്ടി അവ കാത്തുകിടക്കുന്നു.

***

കഥപറയാന്‍ കാരണങ്ങള്‍ പലതുണ്ട്‌. കഥയിലെ വാക്കുകളുടെയും ബിംബങ്ങളുടെയും കേവലാനന്ദത്തിനുവേണ്ടി കഥ പറയാം, ഒരു അന്വേഷണത്തിന്റെ ഭാഗമായി കഥപറച്ചിലിലേര്‍പ്പെടാം, പഴമയുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ വേണ്ടിയും കഥ പറയാം. വീണ്ടും വീണ്ടും പറയപ്പെടുന്ന കഥകള്‍ക്ക്‌ പഴക്കമേറിയ ഒരു ഉള്‍ക്കാമ്പുണ്ടായിരിക്കും. എന്നാല്‍, ജീവിച്ചിരിക്കാന്‍ വേണ്ടി അവ സ്വയം പുതുക്കിക്കൊണ്ടുമിരിക്കും. ഒരിക്കല്‍ പറഞ്ഞതുപോലെ ഒരു കഥ വീണ്ടും പറയുക സാധ്യമല്ല. പൊളിയ്ക്കുകകയും പണിയുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്‌ ഒരു കഥ, എന്നാല്‍ പഴയ ഒന്നിന്റെ ആവര്‍ത്തനവുമാണ്‌. ഒരര്‍ത്ഥത്തില്‍, രണ്ടിടത്തുനിന്നു പുറപ്പെട്ടാണ്‌ അത്‌ ഇവിടെയെത്തിച്ചേരുന്നത്‌. ഓര്‍മ്മയുടെ നാട്ടില്‍നിന്ന്‌ ഉറവെടുത്ത്‌, നാവില്‍നിന്നു പുറപ്പെടാന്‍ കുതിയ്ക്കുന്ന ഒരു പുഴപോലെയാണത്‌. എന്നാല്‍, പ്രചോദനത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നാട്ടില്‍ നിന്നും പുറപ്പെടുന്ന ഒരു കൈവഴി കൂടി അതില്‍ ചേരുന്നുണ്ട്‌. കഥയില്‍ പണ്ടുപണ്ടേയുണ്ടായിരുന്നതിനോടൊപ്പം ഇപ്പോള്‍മാത്രം നടന്നുകൊണ്ടിരിക്കുന്നതും കൂടിക്കലരുന്നു. ഈ രണ്ടുനദികളും നാവിന്‍തുമ്പിന്റെ മലഞ്ചെരുവില്‍ കൂടിക്കലര്‍ന്ന് പുറംലോകത്തേക്കു കുതിയ്ക്കുന്നു. കുറഞ്ഞപക്ഷം, അങ്ങനെയാണ്‌ എന്റെ അപ്പൂപ്പന്‍ പറഞ്ഞത്‌, അതിനുമുമ്പ്‌ എന്റെ അപ്പൂപ്പന്റെ അപ്പൂപ്പനും. അവര്‍ക്ക്‌ അറിവില്ലെന്നുണ്ടെങ്കില്‍, നിങ്ങള്‍ പറയൂ, ആര്‍ക്കാണ്‌ അറിവുള്ളതെന്ന്.

***

കഥയെ മനസ്സിനുള്ളില്‍ നടക്കുന്ന ഒന്നായും കാണാം. അപ്പോള്‍, കഥയുടെ ഭാഗങ്ങള്‍ മനസ്സിന്റെ ഭാഗങ്ങളായി മാറുന്നു. കഥയിലുള്ള ഓരോ സംഗതിയെയും നമ്മുടെ മനസ്സിലുള്ള ബിംബങ്ങളോടും ഓര്‍മ്മകളോടും വികാരങ്ങളോടും ചേരുംപടി ചേര്‍ത്താണു നാം ഒരു കഥ കേള്‍ക്കുന്നത്‌. വളരെ പെട്ടെന്നു നടക്കുന്നതുകൊണ്ട്‌ നാം ഇത്‌ അറിയാറുപോലുമില്ല. എങ്കിലും, കഥയുടെ നദികള്‍ കേള്‍വിക്കാരന്റെ സര്‍ഗ്ഗപരമായ കേഴ്‌വിയോടു കലരുന്നിടത്താണ്‌ വാസ്തവത്തില്‍ കഥ നടക്കുന്നത്‌. പുതുമ മെനയാന്‍ ഇഷ്ടപ്പെടുന്ന മനസ്സ്‌, കഥ എന്ന ഈ കളി ഇഷ്ടപ്പെടുന്നു. നമുക്ക്‌ അറിവും ബോദ്ധ്യവുമുള്ള കാര്യങ്ങളുമായി ചേര്‍ത്തുവെക്കുമ്പൊഴേ ഓരോ വ്യക്തിയും കഥയിലെ വാക്കുകള്‍ കേള്‍ക്കുന്നുള്ളൂ. അതുകൊണ്ട്‌, ഒരര്‍ത്ഥത്തില്‍ ഇത്തരം കഥകള്‍ വാസ്തവത്തെക്കാളും വാസ്തവമാണെന്നു വേണം പറയാന്‍.

***

ഒരു കഥ ഒരുപാടു ദൂരം സഞ്ചരിക്കുമ്പോഴും, ഒരുപാടു കാര്യങ്ങളെപ്പറ്റി പറയുമ്പോഴും, അതിന്റെ രഹസ്യങ്ങള്‍ വിശദാംശങ്ങളിലാണു കുടികൊള്ളുന്നത്‌. കഥയില്‍ നിന്ന് അറിവുനേടണമെങ്കില്‍, അതിന്റെ ഉള്ളില്‍ കടക്കണം. അതിന്റെ ഉള്ളില്‍ കടക്കാനുള്ള വഴി വിശദാംശങ്ങളെ തുറന്നുനോക്കുക എന്നതാണ്‌. കഥ മുഴുവന്‍ അറിയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. എന്നാല്‍, വിശദാംശങ്ങളുടെ കവാടങ്ങള്‍ എങ്ങനെ തുറക്കാമെന്നറിയുന്നവനു മുമ്പില്‍ കഥ അതിന്റെ ഉള്‍പ്രപഞ്ചം തുറന്നിടുന്നു. വിശദാംശത്തിനു തൊടാന്‍ വേണ്ടി നിന്നുകൊടുക്കുമ്പോള്‍ നാം കഥയെ നമ്മുടെ ഉള്ളിലേക്കു പ്രവേശിക്കാനനുവദിക്കുന്നു.

***

സങ്കല്‍പ്പിക്കാനാവാത്തവിധം കേമമായിട്ടാണ്‌ കഥകള്‍ അവസാനിക്കാറ്‌. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ന്യായവും നീതിയും വിജയിക്കുകയും ചെയ്യുന്നത്‌ പഴങ്കഥകളിലെ ഏറ്റവും വലിയ അദ്ഭുതങ്ങളിലൊന്നാണ്‌. പക്ഷേ, കഥയുടെ അവസാനമല്ല പ്രധാനം. കഥയുടെ നടുവില്‍, കഥയിലൂടെയുള്ള സഞ്ചാരത്തിന്റെ ദുര്‍ഗമപഥങ്ങളിലാണ്‌ പ്രധാനസംഗതികള്‍ നടക്കുന്നത്‌. വാസ്തവത്തില്‍, ആത്മാവിന്റെ യഥാര്‍ത്ഥ വെല്ലുവിളികളെയും അവസ്ഥാവിശേഷങ്ങളെയും അഭിമുഖീകരിച്ചതിന്റെ പ്രതിഫലമായിട്ടാണ്‌ കഥാന്ത്യത്തിലെ ആനന്ദം കൈവരുന്നത്‌. 'പഴങ്കഥകള്‍ എപ്പോഴും സന്തോഷകരമായി അവസാനിക്കുന്നു, ജീവിതം അങ്ങനെയല്ല' എന്ന് പലരും പറയാറുണ്ട്‌. ജീവിതത്തിന്റെ പ്രതിബിംബമായിരിക്കുക എന്നതല്ല പഴങ്കഥകളുടെ ജോലി. ആത്മാവിന്റെ വിഷമസന്ധികളെ വേണ്ടപോലെ നേരിടുമ്പോള്‍ ജീവിതം വീണ്ടും മുന്നോട്ടൊഴുകും എന്ന് ഓര്‍മ്മിപ്പിക്കുകയാണ്‌ അവയുടെ ജോലി. അവസാനത്തിലെ സൗന്ദര്യം കഥാമദ്ധ്യത്തിലെ ദുരിതങ്ങളുടെ സമ്മാനവുമാണ്‌.

***

പണ്ടു പണ്ടൊരു കാലത്ത്‌, ഇന്നത്തെ കാലത്തല്ല, എന്നാല്‍, ഇന്നത്തെ കാലത്തോടു സദൃശമായിരുന്നിരിക്കാവുന്ന മുന്‍പൊരു കാലത്ത്‌...
(ഒരു കഥയുടെ തുടക്കം)


<< കടലാസുകപ്പല്‍

Sunday, December 21, 2008

ജോര്‍ജ്ജുകുട്ടീ, വിട്ടോടാ

അമേരിക്കന്‍ പടങ്ങളില്‍ ഏറ്റവുമധികം ആവര്‍ത്തിക്കുന്ന വാചകം "ലെറ്റ്‌'സ്‌ ഗെറ്റ്‌ ഔട്ടാ ഹിയര്‍" ആണെന്ന് ഗിന്നസ്‌ ബുക്സുകാരുടെ പ്രസിദ്ധീകരണമായ 'ഫിലിം ഫാക്റ്റ്‌സ്‌' പറയുന്നു. 1938 മുതല്‍ 85 വരെ ഉണ്ടായ 350 പടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്, 81 ശതമാനത്തിലും ഈ പ്രയോഗം ഒരുതവണയെങ്കിലും ഉണ്ടായിരുന്നെന്നും 17 ശതമാനത്തില്‍ ഒന്നിലധികധികം തവണയുണ്ടായിരുന്നെന്നും പറയുന്നു. അമേരിക്കക്കാര്‍ക്ക്‌ ഈ പ്രയോഗത്തോടുള്ള പ്രേമത്തിന്റെ പിന്നില്‍ എന്തു മനശ്ശാസ്ത്രമാണോ എന്തോ? ആര്‍ക്കറിയാം?


<< തോന്നിയവാസം

Saturday, December 20, 2008

ബ്ലോഗെഴുതാതിരിക്കാനുള്ള ഉപായങ്ങള്‍

എഴുത്തും മറ്റു സര്‍ഗ്ഗപരിപാടികളും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്‌ Julia Cameronന്റെ How to Avoid Making Art (or Anything Else You Enjoy). ആ പുസ്തകത്തിന്റെ വെളിച്ചത്തില്‍, ബ്ലോഗെഴുതാതിര്‍ക്കാന്‍ ഞാന്‍ ഉപയോഗിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:

1. ആഴ്ചയില്‍ രണ്ടു പോസ്റ്റെങ്കിലും ഇടാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുതില്ലെന്നു പ്രതിജ്ഞയെടുക്കുക.

2. എഴുതാനിരിക്കുന്ന പോസ്റ്റിനെ ഖസാക്കിന്റെ ഇതിഹാസവുമായി താരതമ്യം ചെയ്യുക.

3. എഴുതുന്നതു വായിക്കുകയും നന്നായിട്ടുണ്ടെന്ന് അഭിപ്രായം പറയുകയും ചെയ്യുന്നവരെല്ലാം പോഴന്മാരാണെന്നു വിശ്വസിക്കുക, മോശമായിപ്പോയെന്നു പറയുന്നവരെല്ലാം നിരൂപകകേസരികളാണെന്നും.

4. എഴുതാന്‍ പോകുന്ന പോസ്റ്റ്‌ ബ്ലോഗിലിടുന്നതിനു പകരം തിരക്കഥയാക്കി ഹോളിവുഡില്‍ വിറ്റാല്‍ എത്ര പണമുണ്ടാക്കാമായിരുന്നു എന്ന് ആലോചിക്കുക.

5. ഈ ആശയം മറ്റാരും ഇതുവരെ എഴുതിയിട്ടില്ല എന്ന് ബൂലോകത്തിലും അച്ചടിമാധ്യങ്ങളിലും തെരഞ്ഞ്‌ ഉറപ്പുവരുത്തിയിട്ടേ എഴുതൂ എന്നു തീരുമാനിക്കുക. റീഡേഴ്സ്‌ ലിസ്റ്റിന്‌ അടിമയാവുക.

6. ഈ മുടിഞ്ഞ ജോലി കാരണമാണ്‌ എഴുത്തുനടക്കാത്തതെന്നു പരാതിപ്പെട്ടിട്ട്‌ ഓഫീസിലിരുന്ന് ഇ-മെയില്‍ നോക്കുകയും ജോലി തീരാത്തതുകൊണ്ടു വൈകിയിരിക്കുകയും ചെയ്യുക.

7. ഇ-മെയിലില്‍ ഫോര്‍വേഡ്‌ ചെയ്തു കിട്ടുന്നതെല്ലാം വായിക്കുക.

8. ബ്ലോഗര്‍മാരുടെ കൂട്ടായ്മകളിലും സ്വയംസേവാസംഘങ്ങളിലും ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുക. ബ്ലോഗ്‌സംഗമങ്ങളുടെ സംഘാടകനാകുക.

9. ചൂടുപിടിച്ച വിവാദങ്ങള്‍ നടക്കുന്ന ബ്ലോഗുകളില്‍ തമ്പടിയ്ക്കുക. ഈരണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ കമന്റുകള്‍ വായിച്ച്‌ രോഷംകൊള്ളുക.

10. കുട്ടികള്‍ വലുതായിക്കഴിഞ്ഞ്‌ എഴുതാമെന്നു തീരുമാനിക്കുക.

<< കടലാസുകപ്പല്‍

Tuesday, December 09, 2008

പദപ്രശ്നമത്സരം, ആകര്‍ഷകമായ സമ്മാനങ്ങള്‍

പുതുവര്‍ഷത്തിലേക്ക്‌ ഒരു പദപ്രശ്നം. ഇമേജില്‍ ക്ലിക്കി വലുതാക്കുക.നിയമങ്ങള്‍:
1) 2009 ജനുവരി 9 വരെ (ഒരു മാസം) മത്സരം നടക്കും. ജനുവരി 15-നു മുമ്പ്‌ സമ്മാനാര്‍ഹരെ പ്രഖ്യാപിക്കും.

2) പൂരണങ്ങള്‍ കമന്റായി ഇടുക.

3) തല്‍ക്കാലത്തേക്ക്‌ കമന്റ്‌ മോഡറേഷന്‍ ഓണ്‍ ചെയ്തിരിക്കുന്നു. പൂരണങ്ങള്‍ അല്ലാത്ത കമന്റുകള്‍ വൈകാതെ പ്രകാശിപ്പിക്കും.

4) ഒരാള്‍ക്ക്‌ എത്രവേണമെങ്കില്‍ പൂരണങ്ങള്‍ അയയ്ക്കാം. (വേറെ പണിയൊന്നും ഇല്ലേ?)

5) ഒന്നാം സമ്മാനം: പദശേഖരപുരസ്കാരം. രണ്ടാം സമ്മാനം: പദപ്രതിഭാപുരസ്കാരം. (കാശോ? എന്തു കാശ്‌?)

6) ഒന്നില്‍ക്കൂടുതല്‍ ശരിയുത്തരങ്ങളുണ്ടായാല്‍ എല്ലാത്തിനെയും ഒന്നാം സമ്മാനാര്‍ഹരായി പ്രഖ്യാപിക്കും.

7) മുഴുവന്‍ ശരിയായ പൂരണങ്ങളില്ലെങ്കില്‍ ഏറ്റവുമധികം ശരിയുത്തരങ്ങളയച്ചവരെ ഒന്നാം സമ്മാനാര്‍ഹരായി പ്രഖ്യാപിക്കും.

8) പ്രശ്നകാരന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.

പൂരണങ്ങള്‍ അയയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍:

1) ഇവിടെ കമന്റിടുക

2) rajeshrv@hotmail.com-ലേക്ക്‌ ഇ-മെയില്‍ അയയ്ക്കുക

3) പ്രിന്ററും സ്കാനറുമൊക്കെ സൗകര്യത്തിനുള്ളവര്‍ക്ക്‌ പ്രശ്നം പ്രിന്റു ചെയ്തു പേനകൊണ്ടു പൂരിപ്പിച്ചു സ്കാന്‍ ചെയ്തു പികാസയിലോ മറ്റോ പോസ്റ്റിയിട്ടു ലിങ്ക്‌ കമന്റായോ ഇ-മെയിലായോ അയയ്ക്കാം.

4) പൂരണത്തിന്റെ ഇമേജ്‌ അറ്റാച്ച്‌ ചെയ്ത്‌ ഇ-മെയില്‍ അയയ്ക്കാം.

സൂചനകള്‍ :
വലത്തോട്ട്‌

1. ആനന്ദപുരം എന്ന പേരായിരുന്നത്രെ ഈ സ്ഥലത്തിന്‌ (7 അക്ഷരം)

7. വയലുകളുടെ നാടാണുപോലും! (4)

10. വീഴ്ച കണ്ടാല്‍ ഇതു ചെയ്യാത്തവര്‍ ശത്രുക്കളാണത്രെ. (2)

11. ചൈനയില്‍ നിന്നു വന്നതാണെങ്കിലും ഇതു പ്ലാസ്റ്റിക്കും കളിമണ്ണുമല്ല. (4)

12. ആഴ്ചതോറുമുള്ളത്‌ (3)

13. താമരയുടെ വരന്‍ (2)

15. ഇവന്‍ മൂത്താല്‍ അഹങ്കാരിയും നാടിനെക്കുറിച്ചായാല്‍ പത്രവുമാകും (4)

16. പഞ്ചവാദ്യത്തിലൊന്ന് (3)

17. വിവാഹം മുതല്‍ മരണം വരെയെല്ലാം ഇതില്‍ കലാശിക്കുന്നു (2)

18. ശരീരത്തിലുണ്ടാകുന്ന കുരുവില്‍ തീര്‍ത്ഥാടനകേന്ദ്രമോ? (4)

19. ചട്ടിയോടു തട്ടിയും മുട്ടിയുമിരിക്കുന്നത്‌ (2)

21. ചൂടുകൂടിയാല്‍ ഇതിന്റെ നിലയുയരും (2)

24. കീര്‍ത്തനം (3)

26. വണക്കം (4)

27. നീറ്റിയെടുത്താല്‍ വെളുക്കാന്‍ തേക്കാം. (2)

28. ഉരുക്കുമനുഷ്യന്‍ (4)

29. കുഞ്ചനുണ്ടാക്കിയ മൂന്നിലൊന്ന് (6)

31. ജന്നത്ത്‌ (3)

33. ഇവിടെ നായനാരും യക്ഷിയും സംഗമിച്ചു (4)

34. ചിലര്‍ ഇതു കള്ളം പറയാന്‍ മാത്രം ഉപയോഗിക്കുന്നു (2)

35. അരങ്ങ്‌ (2)

36. കച്ചവടത്തില്‍ തുടങ്ങി ഭരണത്തിലേക്കു പരിണമിച്ച സ്ഥാപനം (3)

37. മുറം പോലെ നഖമുള്ളവള്‍ (5)

38. ലതാ മംഗേഷ്കര്‍ കേരളത്തില്‍ വില്‍ക്കാന്‍ ശ്രമിച്ച പൂവ്‌ (4)

39. ചീരാമന്റെ രാമചരിതത്തിലെ അദ്ധ്യായം (3)


താഴോട്ട്‌

1. ഉത്സവദിവസമോ നൃത്തമോ? (5)

2. 21 വലത്തോട്ടിന്‌ ഈയര്‍ത്ഥവുമുണ്ട്‌ (2)

3. ബോധേശ്വരന്‍ സഹജരോടു രണ്ടുവട്ടം പറഞ്ഞത്‌ (3)

4. മേയറും സംഘവും (5)

5. ഭാരതവും തൂതയും മറ്റും (2)

6. ഒരു സ്വര്‍വേശ്യ (2)

7. കാട്ടുപൂക്കള്‍കൊണ്ടുള്ള കണ്ഠാഭരണം (4)

8. കളി കഴിഞ്ഞാല്‍ ഈ ഗ്രീക്കുസംഭാവന വീഴണം (4)

9. ശ്രീകോവിലിനെ ചുറ്റിയുള്ള കെട്ടിടം (4)

14. സരസ്വതി (2)

15. ഓമന (3)

16. ഇതെണ്ണിയാല്‍ പ്രയോജനമില്ല (2)

18. നീതിമാനാണ്‌ ഇതുപോലെ തഴയ്ക്കുന്നത്‌ (2)

20. നദിയില്‍ അടിയുന്ന വളക്കൂറുള്ള മണ്ണ്‌ (3)

22. ഗുണം പകര്‍ന്നുകിട്ടാനുള്ള വഴി (4)

23. ഒരു സംഘനൃത്തം (5)

25. വാസ്തുശില്‍പകലയെ ഉറഞ്ഞ സംഗീതമെന്നു വിശേഷിപ്പിച്ച കവിയുടെ നാട്‌ ഇന്ന് ഈ രാജ്യത്തിലാണ്‌ (4)

27. കീശയിലെന്നപോലെ കലാകാരന്മാരിലും ഇവന്റെ വംശക്കാര്‍ ധാരാളം വന്നുപെടാറുണ്ട്‌ (5)

28. സൃഷ്ടി അല്ലെങ്കില്‍ അദ്ധ്യായം (3)

29. മാവേലിയെയും വാമനനെയും ഇതുചൂടി കണ്ടിട്ടുണ്ട്‌ (4)

30. പെരുച്ചാഴി (4)

31. ഒച്ച (2)

32. ല്യൂകാ ഇന്‍ഡിക്ക എന്ന ചെടിയുടെ പൂവ്‌ (3)

33. ഈക്കാലത്ത്‌ ഊത്ത പെരുകും (2)

37. നാഗബാബമാരുടെ കയ്യിലുള്ളത്‌ (2)

Tuesday, December 02, 2008

വിരസചുംബനത്തിന്റെ പക്ഷത്തുനിന്ന്

രാക്ഷസനില്‍ നിന്നു 'രാ', ദുഷ്ടില്‍ നിന്നു 'ഷ്ട', പീറയില്‍ നിന്നു 'റ', ഈച്ചയില്‍ നിന്ന് 'ഈ', മായത്തില്‍ നിന്ന് 'യം' എന്നിങ്ങനെയാണ്‌ 'രാഷ്ട്രീയ'ത്തിന്റെ ചേരുവകള്‍ തന്റെ (അ)രാഷ്ട്രീയകവിതകളുടെ സമാഹാരമായ 'രാഷ്ട്രീയ'ത്തില്‍ കവി കുഞ്ഞുണ്ണി വേര്‍തിരിച്ചെടുക്കുന്നത്‌. കക്ഷിരാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതയെക്കുറിച്ചും ഭരണത്തിലെ അഴിമതിയെക്കുറിച്ചും പറഞ്ഞു പഴകിയ അറിവുകളെ പറഞ്ഞുരസിക്കാന്‍ പറ്റിയ ചൊല്ലുകളും ഈരടികളുമാക്കി വായനക്കാരിലെത്തിക്കാനായിരുന്നു കവിയുടെ ശ്രമം. അതില്‍ പരാജയപ്പെട്ടില്ലെന്നു തന്നെ പറയാം. 'ഓട്ടുചെയ്ത്‌ ഓട്ടക്കലമായ നമ്മളെ'യും 'ഭാരം ചുമക്കുകയും തീയും തിന്നുകയും ചെയ്യുന്ന' ഭാരതീയനെയും 'പട്ടിപെറും' പോലെ പിളരുന്ന പാര്‍ട്ടികളെയും നോക്കിച്ചിരിക്കാനും കരയാനും ധാരാളം വകുപ്പുണ്ട്‌ ഈ ചെറുസമാഹാരത്തില്‍.

പാര്‍ട്ടിരാഷ്ട്രീയത്തിന്റെ കോമാളിക്കാഴ്ചകളില്‍ മനം മടുത്ത ഈ കവി സംഘപരിവാരത്തിന്റെ ഒരു സഹയാത്രികനായിരുന്നു എന്നതാണ്‌ പില്‍ക്കാലത്തെ വാര്‍ത്തകളിലൊന്ന്. വ്യവസ്ഥാപിതരാഷ്ട്രീയത്തിനു പുറത്തു നില്‍ക്കുന്നതെന്ന പ്രതിച്ഛായയായിരിക്കുമോ കുഞ്ഞുണ്ണിയെപ്പോലെ പിന്നെയും പലരെയും കാവികുടുംബത്തിന്റെ ആരാധകരാക്കിത്തീര്‍ത്തത്‌? ഡെല്‍ഹിയും തിരുവനന്തപുരവുമുള്‍പ്പെടെ ഭരണകേന്ദ്രങ്ങളിലെല്ലാം ആദ്യകാലത്തു ബി.ജെ.പി. നേടിയ പിന്തുണ ഈ ആകര്‍ഷണത്തിന്റെ തെളിവായിരിക്കുമോ? അതോ ഹിന്ദുദേശീയതയുടെ ഉള്‍ക്കാമ്പായി നിലകൊള്ളുന്ന ഫാസിസത്തിന്റെ ഗുരുത്വാകര്‍ഷണത്തിന്റെ തെളിവോ?

'ചോദിച്ചു സമ്മതം വാങ്ങി-
ച്ചുംബിക്കും പോലെയല്ലയോ
നാണം കെട്ട്‌ ഓട്ടു ചോദിച്ചു
മേടിച്ചിട്ടു ഭരിപ്പത്‌?' എന്ന് 'രാഷ്ട്രീയ'ത്തില്‍ കുഞ്ഞുണ്ണി പരിഹസിക്കുന്നുണ്ട്‌. 'പെണ്ണര കാണാക്കവി'യായതുകൊണ്ട്‌ അരക്കവിയാണെന്നു സ്വയം സമ്മതിച്ചിരുന്ന അവിവാഹിതനായിരുന്ന അദ്ദേഹം ചുംബനശാസ്ത്രത്തിലും അജ്ഞനായിരുന്നു എന്നു കരുതുന്നതില്‍ അപാകതയില്ല. ചോദിക്കാതെയും പറയാതെയും മറ്റൊരാളുടെ മനസ്സറിഞ്ഞ്‌ ചുംബനത്തിലാഴ്ത്തുന്നതിനെക്കുറിച്ചുള്ള കാല്‌പനികതയെ ഉചിതമായ ബലപ്രയോഗത്തിലൂടെയുള്ള സാമൂഹ്യപരിവര്‍ത്തനശ്രമങ്ങളോടു തുലനം ചെയ്യുന്ന കവിമനസ്സ്‌ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെയും ഉദ്യോഗസ്ഥവാഴ്ചയുടെയും വിരസതകളെ ഒരു മുരട്ടുപ്രേമത്തോടാണു താരതമ്യം ചെയ്തു കാണുന്നത്‌. എന്നാല്‍, ഇഷ്ടമില്ലാത്ത ആരുടെയെങ്കിലും ചുംബനത്തിനു വിധേയരാവേണ്ടി വന്നിട്ടുള്ളവരോട്‌ സംശയത്തിനിടയില്ലാത്ത ഒരു മുന്‍ധാരണയുടെ ആവശ്യത്തെപ്പറ്റി ചോദിക്കുന്നതു നന്നായിരിക്കും, തെരഞ്ഞെടുപ്പും ജനാധിപത്യപ്രക്രിയയും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ജനതകളോട്‌ സ്വേച്ഛാധിപത്യത്തെപ്പറ്റിയും. പ്രേമത്തിന്റെ കണ്ണില്ലായ്മയിലെന്ന പോലെതന്നെ വിപ്ലവലഹരിയുടെ കണ്ണില്ലായ്മയിലും തത്‌പരകക്ഷികളുടെയെല്ലാം താത്‌പര്യങ്ങളെന്താണെന്ന്‌ എനിക്കറിയാം എന്ന മിഥ്യാധാരണയിലെത്തിച്ചേരാന്‍ എത്രയെളുപ്പമാണെന്നും പ്രേമിച്ചിട്ടുള്ളവര്‍ക്കറിയാം.

പറയുക പറയുക നിണമൊഴുകിയ കഥ

നീതിനേടുന്നതിനും സാമൂഹ്യനീതിനേടുന്നതിനുമായി നിയമത്തിന്റെ നീണ്ട ഇടനാഴികളില്‍ അലയാന്‍ തയ്യാറാവാതെ സ്വയം നീതിന്യായവ്യവസ്ഥയായി മാറുന്ന വീരനായകന്മാരുടെയും നായികമാരുടെയും കഥകള്‍ കൊണ്ടു നിറഞ്ഞതാണ്‌ ജനപ്രിയസാഹിത്യവും കലയും. സുരേഷ്‌ ഗോപിമാരുടെയും വിജയശാന്തിമാരുടെയും ഹിംസയുടെ കുറുക്കുവഴികളെക്കുറിച്ചു പാടുമ്പോള്‍ സിനിമയിലെ പാണന്മാര്‍ക്കു നാവു നൂറാണ്‌. ഇന്‍ഡ്യനും ഫോര്‍ ദി പീപ്പിളിനും രംഗ്‌ ദേ ബസന്തിയ്ക്കും വി ഫോര്‍ വെന്‍ഡെറ്റയ്ക്കും ചെറുപ്പക്കാര്‍ക്കിടയില്‍ ആരാധകരേറെയാണ്‌. പഴുതുകളടച്ചുകൊണ്ടുള്ള ഒരു നീണ്ട നിയമയുദ്ധത്തിലൂടെ നീതിനേടുന്നതിനെക്കുറിച്ചോ ബോധവത്കരണത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സമരത്തിലൂടെ സാമൂഹ്യപരിവര്‍ത്തനം നേടുന്നതിനെക്കുറിച്ചോ ഉള്ള ഒരു സിനിമയുണ്ടാക്കി തീയേറ്ററുകള്‍ നിറയ്ക്കാന്‍ എളുപ്പമല്ലല്ലോ.

ജനജീവിതം സ്തംഭിപ്പിച്ചും വികസനത്തിനു വിലങ്ങുതടിയിട്ടും മദിക്കുന്ന ജനാധിപത്യത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നു രക്ഷനേടാന്‍ പുതിയ തലമുറ ഇത്തരം വസന്തസ്വപ്നങ്ങളിലഭിരമിക്കുമ്പോള്‍ പഴമനസ്സുകള്‍ സ്വേച്ഛാധിപത്യത്തിന്റെ പഴംപാട്ടുകളിലാണ്‌ അഭയം തേടുന്നത്‌. സി. പി.യ്ക്കു ശേഷം തിരുവന്തപുരത്ത്‌ എന്തുണ്ടായിട്ടുണ്ടെന്ന് അവര്‍ ചോദിക്കുന്നു. ഭീകരവാദത്തോടുള്ള ഭീതി, വിചാരണയില്ലാത്ത കൊലക്കയറുകളുടെ സൈനികഭരണത്തിന്റെ മേന്മയെ വാഴ്ത്താന്‍ അവരെ പ്രേരിപ്പിക്കുന്നു. രാജഭരണത്തിന്റെയും ബ്രിട്ടീഷ്‌ ഭരണത്തിന്റെയും അടിയന്തിരാവസ്ഥയുടെയും സുവര്‍ണ്ണസ്മൃതികള്‍ അവരുടെ കണ്ണുകള്‍ക്കുമുന്‍പില്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്നു. 'ഇന്നെന്റെയുണ്ണിയ്ക്കരങ്ങേറുവാന്‍ പുതിയ മണ്ണിന്റെമാറത്തെഴുന്നള്ളു'വാന്‍ മാമാങ്കത്തെ ക്ഷണിക്കുന്ന കവിയുടെ കണ്ണില്‍ ഹിംസയുടെ ആ ഉത്സവം രണ്ടു നാടുവാഴികള്‍ മേല്‍ക്കോയ്മത്തര്‍ക്കത്തിനു പരിഹാരം കാണാന്‍ ചെറുപ്പക്കാരെ കുരുതികൊടുത്തിരുന്നതല്ല, മറിച്ച്‌, 'സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും മങ്ങാത്ത മായാത്ത മലയാണ്മയും' തമ്മിലുള്ള ഏറ്റുമുട്ടലാണ്‌. നാത്സി ഭരണകാലത്തെ ഒരു ജെര്‍മ്മന്‍ പലചരക്കുകടക്കാരന്റെ വാക്കുകള്‍ ഈ നഷ്ടസ്വര്‍ഗ്ഗത്തിന്റെ സ്മരണകള്‍ക്കൊപ്പം വായിക്കുന്നതു നന്നായിരിക്കും: "മുന്‍പ്‌ ഞങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പിനെക്കുറിച്ചും കക്ഷികളെക്കുറിച്ചും വോട്ടിനെക്കുറിച്ചും ആലോചിച്ചു കഷ്ടപ്പെടണമായിരുന്നു. ഇന്നു ഞങ്ങള്‍ സ്വതന്ത്രരാണ്‌."

സ്വാതന്ത്ര്യസമരകാലത്തെ കലാപകാരികളെക്കുറിച്ചുള്ള സിനിമയ്ക്കുള്ളിലെ സിനിമയില്‍ നിന്നു പ്രചോദനം നേടി, പുത്തന്‍ തലമുറയുടെ പ്രതിനിധികള്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ വകവരുത്തുന്ന 'രംഗ്‌ ദേ ബസന്തി'യില്‍ തലമുറകള്‍ കടന്നു നീളുന്ന ഈ അക്ഷമയുടെയും അസഹിഷ്ണുതയുടെയും പൂര്‍വധാരകളെക്കുറിച്ചു സൂചനതരുന്നുണ്ട്‌. പിന്നീടു വിരുദ്ധദിശകളിലേക്ക്‌ ഒഴുകിയകന്ന 'ചോരക്കുറി തൊട്ട' തീവ്രവാദവും ചോരക്കൊടിപിടിച്ച തീവ്രവാദവും തങ്ങളുടെ പൂര്‍വികരായി കാണുന്നത്‌ സ്വാതന്ത്ര്യസമരകാലത്തെ ബോംബേറുകാരെയാണ്‌.

ഹിംസയിലൂടെയുള്ള നീതിയെ പാടിപ്പുകഴ്ത്തുന്ന മേല്‍പ്പറഞ്ഞ പടങ്ങളെല്ലാം അവസാനിക്കുന്നത്‌ കലാപകാരികളുടെ രക്തസാക്ഷിത്വത്തിലാണ്‌. വിജയിച്ച കലാപകാരിയാണ്‌ സ്വേച്ഛാധിപതിയായി മാറുന്നതെന്ന വാസ്തവത്തെ മൂടിവെയ്ക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ലല്ലോ. വ്യവസ്ഥിതിയ്ക്കെതിരെയെന്നു നടിക്കുമ്പോള്‍ത്തന്നെ 'രംഗ്‌ ദേ ബസന്തി'യില്‍ ധീരസേനാനികളോടും പട്ടാളത്തോടുതന്നെയുമുള്ള ആരാധന പ്രകടമാകുന്നുണ്ട്‌. ടെലിവിഷന്‍ ചാനലുകളിലെ തമാശപ്പരിപാടികളില്‍ ദിവസേന പ്രത്യക്ഷപ്പെടുന്ന ഖാദിയ്ക്കു പകരം പട്ടാളക്കാരന്റെ യൂണിഫോമിനെയോ രംഗ്‌ ദേ ബസന്തിയിലെ ജീന്‍സിനു മുകളില്‍ അനാവൃതമാകുന്ന ഉടലിനെയും ആരാധിക്കാന്‍ കൊതിയ്ക്കുകയാണു നമ്മുടെ മനസ്സ്‌. മെല്ലെപ്പോക്കു രാഷ്ട്രീയത്തിന്റെയും അഴിമതിഭരണത്തിന്റെയും തലവേദനയ്ക്കു ചികിത്സ ജനാധിപത്യമെന്ന തലതന്നെ അറുത്തുകളയുകയാണെന്ന നിഗമനത്തിലേക്കു തന്നെയാണ്‌ ഇവരും നോക്കിനില്‍ക്കുന്നത്‌.

ഈസോപ്പുകഥ: തവളകളുടെ രാജാവ്‌

തങ്ങള്‍ക്കുമാത്രം ഒരു രാജാവില്ലാത്തതില്‍ ഖേദിച്ച്‌ തവളകള്‍, ദേവേന്ദ്രനോട്‌ ഒരു രാജാവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു മരത്തടിയെയാണ്‌ ഇന്ദ്രന്‍ അവര്‍ക്കു രാജാവായിക്കൊടുത്തത്‌. അനക്കമില്ലാത്ത ഒരു മുഷിപ്പനാണ്‌ തങ്ങളുടെ രാജാവെന്നു മനസ്സിലാക്കിയ തവളകള്‍ ശരിക്കും ഭരിക്കുന്ന മറ്റൊരു രാജാവിനെ തരണമെന്ന് വീണ്ടും പ്രാര്‍ത്ഥിച്ചു. കൊറ്റിയായിരുന്നു പുതിയ രാജാവ്‌. അത്‌ തവളകളെയെല്ലാം കൊത്തിത്തിന്നു.

<< മറ്റു തോന്നിയവാസങ്ങള്‍