Monday, February 13, 2017

എന്താകും?മരം മുടിഞ്ഞാൽ നട്ടുവളർത്താം
മലകള്‍ മുടിഞ്ഞാലെന്താകും?
മലനാടു മുടിഞ്ഞാലെന്താകും?

തോടും തൊടിയും
വഴിയും ചുരവും
കൊമ്പും കുഴലും
തപ്പും തുടിയും
തളയും വളയും
നിറവും തിറവും
കാണാതായാലെന്താകും?
കണികാണാതായാലെന്താകും?

(മരം മുടിഞ്ഞാൽ...

തൊണ്ട വരണ്ടാൽ മണ്ണുകുഴിക്കാം
മണ്ണു മുടിഞ്ഞാലെന്താകും?
വിളവില്ലാതായാലെന്താകും?

കായും കനിയും
പൂവും പുഴുവും
വിറകും ചിറകും
തണലും മണലും
കളിയും കിളിയും
മഴയും പുഴയും
കാറ്റും കുളിരും
മറഞ്ഞുപോയാലെന്താകും?
നാം മറന്നുപോയാലെന്താകും?

(മരം മുടിഞ്ഞാൽ...

അറിവില്ലെങ്കിൽ ചോദിച്ചറിയാം
ഭാഷ മുടിഞ്ഞാലെന്താകും?
മലയാളം കെട്ടാലെന്താകും?

കതിരും പതിരും
കരിയും തിരിയും
മൊഴിയും പഴിയും
ഗുരുവും ലഘുവും
ഊരും പേരും
പത്തും പലതും
ഞാനും നീയും
തിരിയാതായാലെന്താകും?
അവ തിരിഞ്ഞുപോയാലെന്താകും?

(മരം മുടിഞ്ഞാൽ...

(യുറീക്കയിൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 2017)

<< കവിത