Saturday, January 23, 2010

പാവപ്പെട്ടവരുടെ ഝുംപാലാഹിരി

ചരിത്രം പഠിക്കാത്തവർ അത്‌ ആവർത്തിക്കാൻ ശപിക്കപ്പെട്ടിരിക്കുന്നു എന്നതുപോലെ തന്നെയല്ലേ സാഹിത്യത്തിന്റെയും കാര്യം?

ഒരു പ്രശസ്തസാഹിത്യകാരനെ തക്കത്തിൽക്കിട്ടിയപ്പോൾ ആരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. ഒരു കഥ വായിക്കാൻ കൊടുത്തിട്ട്‌ അഭിപ്രായം പറയിച്ചു. കഥയൊക്കെ നന്നായിട്ടുണ്ടെന്നു പറഞ്ഞിട്ട്‌ അദ്ദേഹം പറഞ്ഞു, ഈ പ്രമേയം മലയാളത്തിൽ പുതിയതല്ല.

അല്ലേ? ഞാൻ അത്ഭുതപ്പെട്ടു. മലയാളത്തിൽ എഴുതപ്പെടുന്നതൊന്നും വായിക്കുന്നില്ല എന്നതുകൊണ്ടു മാത്രം ഞാൻ എഴുതുന്നതിനു പുതുമയുണ്ടെന്ന് ഉറപ്പില്ലെന്നോ?

കുറച്ചുകാലം കഴിഞ്ഞ്‌ ഒരു സുഹൃത്തിനു മറ്റൊരു കഥ വായിക്കാൻ കൊടുത്തപ്പോൾ അയാൾ വേദനയോടെ ചോദിച്ചു, "എന്തിനാ ഝുംപാ ലാഹിരിയുടെ ശൈലി ഇങ്ങനെ അനുകരിക്കുന്നത്‌?"

എന്റെ ഹൃദയം വീണ്ടും തകർന്നു. 'സെക്സി' എന്നൊരു കഥ റേഡിയോയിൽ വായിച്ചുകേട്ടിട്ടുള്ളതല്ലാതെ ഝുംപാ ലാഹിരി എഴുതിയതൊന്നും ഞാൻ വായിച്ചിട്ടില്ല. അവരുടെ നോവലിനെ ആസ്പദമാക്കിയുള്ള നെയ്‌ംസെയ്ക്ക്‌ സിനിമ കണ്ടാൽ അവരുടെ ശൈലിയുടെ സ്വാധീനം വരുമോ?

എന്നാൽ ചോദ്യം അതായിരുന്നില്ല. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ, അറിയപ്പെടുന്ന മറ്റെഴുത്തുകാരുടെ കൃതികൾ വായിക്കാതെ അവരുടെ പ്രമേയങ്ങളും ഇതിവൃത്തങ്ങളും ഭാഷയും ഞാൻ അനുകരിക്കുന്നില്ലെന്ന് എങ്ങനെ ഉറപ്പുവരുത്തും? അപ്പോൾപ്പിന്നെ ആരെയൊക്കെ വായിക്കണം? വ്യാസൻ, വാല്മീകി, കാളിദാസൻ, ഹോമർ, സോഫോക്ലീസ്‌, ഷേൿസ്പിയർ, ടോൾസ്റ്റോയ്‌, ദസ്തയേവ്‌സ്കി, കസാൻദ്‌സാക്കിസ്‌, നോബൽ സമ്മാനം നേടിയ കഥാകാരന്മാർ, പിന്നെ ജ്ഞാനപീഠം, ബുക്കർ, പുലിറ്റ്‌സർ പിന്നേതൊക്കെ പുരസ്കാരങ്ങൾ? ഉപജീവനത്തിനൊരു തൊഴിലും ഒരു കുടുംബവും ഉള്ള ഒരാൾക്ക്‌ ഇതിനെല്ലാത്തിനും കൂടി എവിടുന്നു സമയം കിട്ടും? അപ്പോൾ എഴുത്തും വായനയും ഒരു തൊഴിലാക്കിയവരും അവിവാഹിതരും മാത്രം എഴുതിയാൽ മതിയെന്നോ?

തൽക്കാലം അതു സമ്മതിക്കാൻ മനസ്സില്ല. ഞാൻ എന്റെ സമയവും കഴിവുമനുസരിച്ച്‌ എഴുതട്ടെ. വലിയ വലിയ എഴുത്തുകാരെ വായിക്കാത്തവരോ വായിച്ചിട്ടും പുതുമ തോന്നുന്നവരോ മാത്രം എന്റെ എഴുത്തു വായിക്കട്ടെ. ഒന്നുമില്ലെങ്കിലും ധാരാളം ചിലവുള്ള ഒരു എഴുത്തുകാരിയല്ലേ ഝുംപാ ലാഹിരി? അവരുടെ അഡിക്ഷനുള്ള കുറച്ചു വായനക്കാരില്ലാതിരിക്കുമോ? അവരുടെ ഇടയിൽ 'പാവപ്പെട്ടവരുടെ ഝുംപാ ലാഹിരി' എന്ന പേരിൽ എനിക്കു തന്നത്താൻ മാർക്കറ്റു ചെയ്യാൻ സാധിച്ചാലോ?

വാൽക്കഷ്ണം:

പഴയൊരു സംസ്കൃതശ്ലോകത്തിൽ ഏതാണ്ടിങ്ങനെ പറഞ്ഞിരിക്കുന്നു: "മഹാകവികളുടെ പ്രയോഗങ്ങൾ കാണാതെയും ശബ്ദശാസ്ത്രം വശത്താക്കാതെയും ആരെങ്കിലും കുറേ കവിതയെഴുതിക്കളയാമെന്നു കരുതുന്നുണ്ടെങ്കിൽ അവൻ നക്ഷത്രങ്ങൾ കൊണ്ട്‌ മാലകെട്ടാനാണു പരിപാടിയിടുന്നത്‌." ഭാഷയും സാഹിത്യവും നിരന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും പ്രോഫസർമാരെഴുതിയ ശ്ലോകമായിരിക്കും. പിന്നല്ലാതെ!

<< തോന്നിയവാസം

Monday, January 04, 2010

കോൾമയിരിന്റെ ഉപയോഗം

കോൾമയിരിന്റെ ഉപയോഗം എന്ന കവിത തർജ്ജനിയിൽ.

<< കവിതകൾ

ചിത്രത്തിനു കടപ്പാട്: വിക്കിമീഡിയ