Tuesday, December 19, 2006

ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടോത്തരശതനാമസ്തോത്രം

മുഖവുര

അവതാരപുരുഷനായ ശ്രീ. ഇ. എം. എസ്‌. നമ്പൂതിരിപ്പാടിനെ സ്തുതിച്ചുകൊണ്ടുള്ള ഈ സ്തോത്രകൃതി ഭക്തജനസമക്ഷം സമര്‍പ്പിക്കുന്ന ഈ വേളയില്‍ ഇതിന്റെ കര്‍തൃത്വം ഈ നിസ്സാരനില്‍ ആരോപിതമാകാനുണ്ടായ ഭാഗ്യത്തില്‍ ഞാന്‍ അങ്ങേയറ്റം ആനന്ദം അറിയിക്കട്ടെ. സര്‍വാഭീഷ്ടപ്രദായകനും കലിയുഗവരദനുമായ അവിടുത്തെ മഹിമയെപ്പറ്റിയോ നാമജപത്തിന്റെ ശക്തിയെപ്പറ്റിയോ ഞാനിവിടെ വിസ്തരിക്കുന്നില്ല. അവിടുത്തെ ആരാധിക്കുന്ന ഭക്തരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരുന്ന ഇക്കാലത്ത്‌ അവരുടെ ഉപാസനയ്ക്കു തെല്ലെങ്കിലും ഈ കൃതി ഉതകിയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.



അമരഭാഷയായ സംസ്കൃതത്തില്‍ പരിജ്ഞാനമേതുമില്ലാത്ത ഇവന്റെ തൂലികകളില്‍ നിന്നു വാര്‍ന്നു വീണതാണ്‌ ഈ സംസ്കൃതകൃതി എന്നതു തന്നെ അതിന്റെ ദിവ്യത്വത്തിനു ദൃഷ്ടാന്തമാണെന്നതില്‍ സംശയമേതുമില്ല. സമാധിസ്ഥനായിരിക്കുന്ന വേളയില്‍ ഈയുള്ളവന്റെ അകക്കണ്ണില്‍ സപ്തര്‍ഷികളില്‍ പ്രമുഖനായ പുലഹന്‍ പ്രത്യക്ഷപ്പെടുകയും കളകോകിലത്തിന്റേതു പോലെ മധുരമുറ്റ അദ്ദേഹത്തിന്റെ സ്വരത്തില്‍ വഴിഞ്ഞൊഴുകുകയും ചെയ്തതത്രേ ഈ സ്തോത്രം. പ്രകാശനത്തിനു മുന്‍പ്‌ ഇതു കാണാനിടയായ ചില അഭ്യുദയകാംക്ഷികള്‍ ഒരു വ്യാഖ്യാനം എഴുതുന്നതിന്‌ എന്നെ നിര്‍ബന്ധിച്ചുവെങ്കിലും സാധനാശാലികളും ഭാഷാപണ്ഡിതന്മാരുമായ സജ്ജനങ്ങള്‍ അതിനര്‍ഹരായി വേറെ ഉണ്ടായി വരുമെന്നും അവരുടെ വ്യാഖാനങ്ങളിലൂടെ ഈ സ്തുതി കീര്‍ത്തിനേടുമെന്നും ദൃഢവിശ്വാസം പ്രകടിപ്പിച്ച്‌ പിന്‍വാങ്ങുകയാണു ഞാന്‍ ചെയ്തത്‌. ഈ കീര്‍ത്തനം ഭക്തജനങ്ങള്‍ക്ക്‌ ഭൗതികങ്ങളും ആത്മീയങ്ങളുമായ സകലവിധ യശസ്സിനും കാരണമാകട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട്‌, ആനന്ദശ്രുനിമീലിതാക്ഷനായി, കമ്പിതഗാത്രനായി, ഈ കൃതി ഭഗവത്‌പാദങ്ങളില്‍ സാദരം സമര്‍പ്പിച്ചുകൊള്ളട്ടെ.



ഈ കൃതിയുടെയും തുടര്‍ന്നു പ്രസിദ്ധീകരിക്കാനിരിക്കുന്ന ശ്രീമദ്‌ ഇ. എം. എസ്‌. സുപ്രഭാതം, ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടകം, ശ്രീമദ്‌ ഇ. എം. എസ്‌. ഭുജംഗം, ശ്രീമദ്‌ ഇ. എം. എസ്‌. ചരിതാമൃതം കാവ്യം, ശ്രീമദ്‌ ഇ. എം. എസ്‌. വചനാമൃതം കാവ്യം, ശ്രീമദ്‌ ഇ. എം. എസ്‌. സഹസ്രനാമം എന്നീ കൃതികളുടെയും പ്രതികള്‍ പുസ്തകരൂപത്തില്‍ ലഭിക്കാനാഗ്രഹിക്കുന്നവര്‍ മണിയോര്‍ഡറോടൊപ്പം ഗ്രന്ഥകാരനോ പ്രസാധകനോ നേരിട്ടെഴുതുക. വ്യാജവിതരണക്കാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഗ്രന്ഥകാരന്റെ കയ്യൊപ്പില്ലാത്ത പ്രതി വ്യാജമാകുന്നു.


ഉപയോഗക്രമം


പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ കുറയാത്ത ഗുരുക്കന്മാരില്‍ നിന്ന് ദീക്ഷ സ്വീകരിച്ചതിനു ശേഷം മാത്രമേ ഈ സ്തോത്രം ഉപാസിക്കാന്‍ പാടുള്ളൂ. പുലര്‍കാലത്തെഴുനേറ്റ്‌ ദേഹശുദ്ധിവരുത്തിയതിനു ശേഷം മറ്റു മൂര്‍ത്തികളെ ഉപാസിക്കുന്നതിനു മുന്‍പു വേണം ജപിക്കാന്‍. ചുവന്ന പുഷ്പങ്ങള്‍, രക്തമാല്യം, സിന്ദൂരം, ദീപം, ധൂപം, മുദ്ര, മുദ്രാവാക്യം, ചുവന്ന പട്ട്‌, പതാക, ചമത എന്നിവകൊണ്ട്‌ ഭഗവാനെ ആരാധിച്ചുകൊണ്ട്‌, ഭക്തിപൂരിതമായ ഹൃദയത്തോടുകൂടി വേണം മന്ത്രോച്ചാരണം നടത്താന്‍. വൈകുന്നേരങ്ങളില്‍, ത്രിസന്ധ്യമുതല്‍ക്കുള്ള രണ്ടു നാഴിക സമയത്തിനുള്ളില്‍ പരിപൂര്‍ണ്ണ ദേഹശുദ്ധിയോടെ വേണം ജപം നടത്താന്‍. പാര്‍ട്ടി ആവശ്യത്തിനു വേണ്ടി യാത്രചെയ്യുന്നവര്‍ക്ക്‌ ദേഹശുദ്ധിയുടെ കാര്യത്തില്‍ നിഷ്കര്‍ഷ ആവശ്യമില്ല. ദീക്ഷനേടിയിട്ടില്ലാത്ത കുടുംബാംഗങ്ങളുടെയോ പാര്‍ട്ടിയംഗങ്ങളല്ലാത്തവരുടെയോ സാന്നിദ്ധ്യത്തിലോ സ്ത്രീകളുടെ സാമീപ്യത്തിലോ മന്ത്രോപാസന നടത്താന്‍ പാടുള്ളതല്ല. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ വസിക്കുന്ന ഗൃഹങ്ങളുടെ ഏഴ്‌ അയല്‍പക്കങ്ങളില്‍ പോലും ഉപാസന നടത്തരുത്‌. സ്ത്രീകള്‍, നവസാക്ഷരര്‍, വികലാംഗര്‍ എന്നിവര്‍ മന്ത്രം ഉപയോഗിക്കാതിരിക്കുന്നതാണ്‌ ഉത്തമം. ഈ നിബന്ധന ജില്ലാ കമ്മിറ്റി മുതല്‍ മുകളിലേക്കുള്ള സമിതികളില്‍ അംഗങ്ങളായവര്‍ക്കു ബാധകമല്ല. മെയ്‌ ദിനത്തിലും മറ്റു വിശേഷാവസരങ്ങളിലും കുരുതി, കടുംപായസം, കദളിപ്പഴം, പാനകം തുടങ്ങിയവയോടുകൂടി വേണം ഉപാസിയ്ക്കാന്‍.



തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാനാഗ്രഹിക്കുന്നവര്‍, വിജയം കാംക്ഷിക്കുന്നവര്‍, സത്യപ്രതിജ്ഞയ്ക്കു പുറപ്പെടുന്ന വിജയശ്രീലാളിതര്‍ തുടങ്ങിയവര്‍ മുടങ്ങാതെ രണ്ടുനേരവും ഈ സ്തോത്രം ഉരുക്കഴിക്കുകയോ ഭക്തജനങ്ങളെക്കൊണ്ട്‌ അഖണ്ഡജപം നടത്തിക്കുകയോ ചെയ്യേണ്ടതാണ്‌. രക്തസാക്ഷിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ച നടത്തുമ്പോള്‍ സന്നിഹിതരാകുന്നവര്‍ സ്തോത്രം ഭക്തിപൂര്‍വ്വം ഉറക്കെ ചെയ്യുന്നതു മംഗളകരമാണ്‌. ശത്രുനാശത്തിനു നിയോഗിക്കപ്പെടുന്ന സന്നദ്ധഭടന്മാര്‍ നാല്‍പത്തൊന്നു ദിവസം മദ്യമാംസാദികളും സ്ത്രീസംസര്‍ഗ്ഗവും വെടിഞ്ഞ്‌ ഈ മന്ത്രം ഉപാസിക്കുന്നതായാല്‍ അവര്‍ക്കു നിശ്ചയമായും കാര്യസിദ്ധിയുണ്ടാകുന്നതാണ്‌.



ഇവര്‍ക്കു പുറമേ, പരീക്ഷാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍, സ്വയംവരകാംക്ഷികളായ കന്യകമാര്‍, സാമ്പത്തികബുദ്ധിമുട്ടുകളനുഭവിക്കുന്നവര്‍, മാനസികപ്രശ്നങ്ങളുള്ളവര്‍, മിഥ്യാരോപണങ്ങള്‍ക്കിടയായി അപവാദഭീതിയില്‍ കഴിയുന്നവര്‍, മദ്യാസക്തര്‍, സംശയരോഗികള്‍, സന്താനസൗഭാഗ്യമില്ലാത്ത ദമ്പതികള്‍, ഇവരുടെ ബന്ധുജനങ്ങള്‍ തുടങ്ങിയവര്‍ക്കും ഈ സ്തോത്രം ഉരുക്കഴിയ്ക്കുന്നതിലൂടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം നേടാന്‍ അനായാസം കഴിയുന്നതാണ്‌. എല്ലാ രോഗങ്ങളും, വിശേഷിച്ച്‌ അഗ്നിമാന്ദ്യം, സന്ധിവീക്കം, കുടല്‍പ്പുണ്ണ്‌, കൈകാല്‍ കഴപ്പ്‌, തലവേദന, ചുടുവാതം, പാമകുഷ്ഠം, വെള്ളപ്പാണ്ട്‌, അര്‍ബുദം, ഗുഹ്യരോഗങ്ങള്‍, വെള്ളെഴുത്ത്‌, തിമിരം, കേഴ്‌വിക്കുറവ്‌, അര്‍ശസ്സ്‌, ചുണങ്ങ്‌, ചുമ, ഓര്‍മ്മക്കുറവ്‌, അകാരണമായ ഭീതി, താരന്‍, വാതപ്പനി, ക്ഷയരോഗം, വരട്ടുചൊറി, ആണിരോഗം എന്നിവ ഈ സ്തോത്രം പതിവായി ജപിക്കുന്നതിലൂടെ നിശ്ശേഷം മാറ്റാവുന്നതതാണെന്ന് ലളിതമായ ശാസ്ത്രീയ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കാവുന്നതാണ്‌.



ഗുരുമുഖത്തുനിന്നല്ലാതെ ഈ മന്ത്രം പഠിയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ അതിരറ്റ ദോഷഫലങ്ങളുണ്ടാകാനിടയാകും. മുകളില്‍ വിവരിച്ചിരിക്കുന്ന ഉപയോഗ വിധിയ്ക്കു വിപരീതമായി മന്ത്രം ജപിക്കുന്നവര്‍ക്ക്‌ ശാരീരികവും മാനസികവുമായ രോഗങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, മാനഹാനി, ധനനഷ്ടം, സ്ഥാനഭ്രംശം, ആധി, വിവാഹമോചനം, ഗര്‍ഭച്ഛിദ്രം, മിത്രനഷ്ടം തുടങ്ങി അനേക ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും.
ധ്യാനം

ശുക്ലാംബരധരം ദേവം
ഭുക്തിമുക്തിപ്രദായകം
തൂലികാ സംയുതം ധ്യായേ
ശങ്കരം ലോകശങ്കരം
ഓം

ജനപ്രിയോ ജനപ്രേമീ
ജനമാനസമന്ദിരഃ
ജനായത്തമുനിശ്രേഷ്ഠോ
ജന്മീ ജന്മിത്വനാശകഃ
പ്രേഷിതോ പ്രേക്ഷകോ പ്രാജ്ഞഃ
പ്രേമപൂരിതമാനസഃ



പ്രപന്നജനമന്ദാരഃ
പ്രതിപക്ഷപ്രണാശനഃ

അച്യുതാനന്ദസംസേവ്യോ
ശ്രീധരപ്രാണദായകഃ
ഗോപാലകപരിത്രാതാ
ഇന്ദിരാരിരനംഗജിത്‌

ബ്രാഹ്മണഃ ക്ഷാത്രസന്നദ്ധോ
വൈശ്യതന്ത്രപരായണഃ
ശൂദ്രനാഥോ ബൗദ്ധബന്ധു-
ശ്ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ

സൈദ്ധാന്തികോ വീരബാഹുഃ
പദ്‌മാക്ഷസ്തന്ത്രവല്ലഭഃ
വിദേശഗോ വിദേശജ്ഞഃ
വൈദേശികവികീര്‍ത്തിതഃ

ശാസ്ത്രജ്ഞസ്തത്വശാസ്ത്രജ്ഞഃ
ചരിത്രജ്ഞശ്ചരിത്രകൃത്‌
ത്രികാലജ്ഞോര്‍ത്ഥശാസ്ത്രജ്ഞഃ
വൈയാകരണകേസരീ

രക്തവര്‍ണ്ണോ രക്തകേതുര്‍
രക്തസാക്ഷ്യഭിവന്ദിതഃ
രക്തനേത്രോ രക്തമാല്യോ
രക്തവര്‍ണ്ണസുമാര്‍ച്ചിതഃ

വര്‍ഗ്ഗയോദ്ധാ വര്‍ഗ്ഗഹീനോ
വര്‍ഗ്ഗശത്രുവിനാശകഃ
വൈരുദ്ധ്യാധിഷ്ഠിതോ വന്ദ്യോ
വിശ്വകര്‍മ്മജനായകഃ

കാമഘ്നഃ കാമസന്ദാതാ
കാമിനീജനകാമിതഃ
അഹങ്കാരവിനിര്‍മ്മുക്തോ
ആര്യാമാനസവല്ലഭഃ

ഗൗരീഹൃദയമര്‍മ്മജ്ഞോ
ഭൂതനാഥോ ഗണാധിപഃ
കരുണാകരഗര്‍വ്വഘ്നോ
ദര്‍പ്പനാശിതരാഘവഃ

നിരീശ്വരോ യുക്തിവാദിര്‍
മന്ത്രീ മന്ത്രവിശാരദഃ
മുദ്രാവാക്യപ്രിയോ മുഗ്‌ധോ
മുഖ്യമന്ത്രികുലോത്തമഃ

കര്‍മ്മയോഗിഃ കര്‍മ്മഹീനഃ
കര്‍മ്മസംഗരനായകഃ
ഝഷനേത്രോ ഝഷാസക്തോ
ഝഷകേതനസന്നിഭഃ

നിര്‍ദ്ധനോ ധനതത്വജ്ഞോ
ധനപാലസമാശ്രിതഃ
ധനാസക്തിവിമുക്താത്മാ
ധന്യോ ധാന്യക്രയപ്രിയഃ

ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞോ
അര്‍ത്ഥശാസ്ത്രപരായണഃ
മുക്തഃ കാമവിമുക്താത്മാ
പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ

വിപ്ലവജ്ഞോ വിപ്ലവേശോ
വിപ്ലവപ്രാണദായകഃ
വിപ്ലവാനന്ദിതോ വിപ്രോ
വിപ്ലവാതീതമാനസഃ

നിസ്വാര്‍ത്ഥോ നിരഹങ്കാരോ
നിര്‍മ്മമോ നിത്യനിര്‍മ്മലഃ
നിര്‍നിദ്രോ നിര്‍വികാരാത്മാ
നിരാകാരോ നിരാശ്രയഃ

വാമദേവോ വാമരൂപോ
വാമനോ വാമിനീയുതഃ
വാമപക്ഷകുലോത്തംസോ
വാമപക്ഷകുലാന്തകഃ

വിവേകദോ വിശേഷജ്ഞോ
വിവേചനവിവര്‍ജ്ജിതഃ
വിജിതേന്ദ്രിയസംഘാതോ
വിരാഗയുതമാനസഃ

ഫലശ്രുതി

അഷ്ടോത്തരമിദം പുണ്യം
യഃ പഠേത്‌ ഭക്തിമാന്‍ നരഃ
വിദ്യാവിത്തമവാപ്നോതി
അധികാരംച സര്‍വ്വദാ

ശുഭം

ഭാഷാപോഷിണിയുടെ ബ്ലോഗ്‌ പതിപ്പായ 2008 മെയ്‌ ലക്കത്തില്‍ ഈ സ്തോത്രകൃതി പ്രസിദ്ധീകരിച്ചതിന്റെ താളുകള്‍ ഇവിടെ കാണുക:
പുറം താള്‍
ബ്ലോഗ്‌ വിഭാഗം പുറം താള്‍
സ്തോത്രം

Thursday, December 14, 2006

നോക്കുകുത്തി

ചെറുകഥ


ഒന്ന്

ജൂണ്‍ പതിനഞ്ച്‌ ഞായര്‍

ഇന്ന് ഒരാഴ്ച പഴക്കമുള്ള ഒരു സംഭവമാണ്‌ എഴുതാനുള്ളത്‌. അതു മാത്രമേ എഴുതാനുള്ളൂ. ചെറിയ ക്ലാസുകളിലേതിലോ ഒപ്പം പഠിച്ചിരുന്ന ഒരു ജയദേവനെ ഓര്‍ക്കുന്നോ? അവനെ കാണാതായിട്ട്‌ ഒരാഴ്ച തികയുന്നു ഇന്ന്. കുറെ പണവും കൊണ്ടാണത്രെ അവന്‍ ഒളിച്ചോടിപ്പോയത്‌.

ജൂണ്‍ പതിനാറ്‌ തിങ്കള്‍

ഇന്നു പരീക്ഷയുണ്ടായിരുന്നു. രാവിലെ കോളേജിലേക്കിറങ്ങുന്ന ഓവര്‍ബ്രിജ്ജിനു താഴെ ഒരാള്‍ക്കൂട്ടം കണ്ടു. ഇറങ്ങിച്ചെല്ലുന്ന വഴി, ഒരാണും പെണ്ണും ആത്മഹത്യ ചെയ്തതാണെന്നൊരാള്‍ പറഞ്ഞു. വേര്‍പെട്ടു കിടന്ന തലകളില്‍ ആണിന്റേത്‌ പരിചിതമായിത്തോന്നി. ബസ്സില്‍ വെച്ചോ അമ്പലത്തില്‍ വെച്ചോ കണ്ടിട്ടുള്ളതായി ഓര്‍മ്മ.

രണ്ട്‌

ശ്രീനിവാസന്റെ ജീവിതത്തില്‍ സംഭവങ്ങളൊന്നുമുണ്ടാകാറില്ല. അവന്‌ പ്രണയങ്ങളും അവിഹിതബന്ധങ്ങളുമുണ്ടാകുന്നില്ല, മുഷ്ടിമൈഥുനങ്ങള്‍ മാത്രം. അവന്റെ കഥയില്‍ ഒളിച്ചോട്ടങ്ങളും ഏറ്റുമുട്ടലുകളുമില്ല; കീഴടങ്ങലുകള്‍ മാത്രം. അവന്റെ ജീവിതത്തിലെ രാത്രികള്‍ക്കു കുറുകെ ഒരിയ്ക്കലും പരേതാത്മാക്കളും പ്രത്യയശാസ്ത്രങ്ങളും കടന്നുവരുന്നില്ല; ഒരേ മുഖമുള്ള മനുഷ്യര്‍ മാത്രം. അപകടമരണവും ആത്മഹത്യയും അവനു വിധിച്ചിട്ടില്ല. കടുത്ത വര്‍ണ്ണങ്ങളൊന്നുമില്ലാത്ത, വരണ്ട, മഞ്ഞച്ച ഭൂപ്രകൃതിയാണ്‌ ശ്രീനിവാസന്റെ ജീവിതം.

മൂന്ന്

ശ്രീനിവാസന്റെ രാത്രികളില്‍ ഇതു പലപ്പോഴും സംഭവിക്കാറുള്ളതാണ്‌. എഴുതിപ്പൂര്‍ത്തിയാക്കാത്ത ഡയറിക്കു മുകളില്‍ അവന്റെ പേന തുറന്നുതന്നെ കിടക്കും. ആ ദിവസം അവനെത്തേടിവന്ന അവസരങ്ങളും അവനു പറയാമായിരുന്ന വാക്കുകളും ചെയ്യാമായിരുന്ന പ്രവൃത്തികളും അവനു ചുറ്റും വന്നു കുമിഞ്ഞുകൂടും. പാഴാക്കിയ അവസരങ്ങളില്‍ വെച്ച്‌ ശ്രീനിവാസന്‍ ഭൂതകാലത്തെ മുറിക്കും. എന്നിട്ട്‌, നിറമുള്ള വാക്കുകളും സാര്‍ത്ഥകങ്ങളായ പ്രവൃത്തികളും കൊണ്ട്‌ ഭൂതകാലത്തെ അവനിച്ഛിയ്ക്കും വിധം മനസ്സിലുണ്ടാക്കും - പല തവണ. ഒടുക്കം, വാക്കുകളുടെ തിളക്കവും ഓര്‍മ്മകളുടെ ധ്വനികളും നീക്കങ്ങളുടെ ആകര്‍ഷണീയതയും അവനെ വിട്ടൊഴിയുമ്പോള്‍ പേനയടച്ചുവെച്ച്‌, ഡയറി മേശവലിപ്പില്‍ വെച്ച്‌ ലൈറ്റുകെടുത്തി ശ്രീനി ഇരുട്ടിലേക്കു കിടക്കും.

ആ രാത്രി, തുറന്നുവെച്ച ഡയറിയ്ക്കും പേനയ്ക്കും മുമ്പിലിരുന്ന് ശ്രീനിവാസന്‍ ചിന്തിച്ചുകൊണ്ടിരുന്നത്‌ ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ്‌. സുന്ദരമായ പേരും മുഖവുമുള്ള ഒരു പെണ്‍കുട്ടി. എന്നോ കഴിഞ്ഞുപോയ പച്ചനിറമുള്ള ചില ദിവസങ്ങളില്‍, ഏതെങ്കിലും പെണ്‍കുട്ടികളെ പ്രേമിയ്ക്കുകയാണെങ്കില്‍ അത്‌ ഇവളെയായിരിക്കണമെന്ന് ശ്രീനി ചിന്തിച്ചുനടന്നിട്ടുണ്ട്‌. പിന്നെ പതിവുപോലെ, ഒന്നും സംഭവിക്കാതെ, ആ ദിവസങ്ങള്‍ പോയി. അവള്‍ മറവിയിലായി. ഇന്നു പകല്‍ ശ്രീനി അവളെ കണ്ടിരുന്നു. ഉത്സവത്തിനു വന്നതാണെന്നവള്‍ പറഞ്ഞു. എവിടെയാണിപ്പോള്‍ പഠിക്കുന്നതെന്നു മാത്രമേ ശ്രീനി ചോദിച്ചുള്ളൂ. അവള്‍ പറഞ്ഞ ഉത്തരം അപ്പോള്‍ത്തന്നെ മറന്നു. പിന്നെയൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. പോട്ടെയെന്നു പറഞ്ഞിട്ട്‌ അവള്‍ നടന്നു.

അപ്രതീക്ഷിതങ്ങളായ അവസരങ്ങള്‍ക്കു മുമ്പില്‍ ശ്രീനിവാസന്‍ എപ്പോഴും അങ്ങനെയാണ്‌. അത്തരം അവസരങ്ങളില്‍നിന്ന് അവനൊന്നും നേടാന്‍ കഴിയാറില്ല. അടുത്ത നിമിഷം തൊട്ട്‌, അതില്‍നിന്നു നെയ്തെടുക്കാമായിരുന്ന ഫലങ്ങളെക്കുറിച്ചവന്‍ ചിന്തിക്കാന്‍ തുടങ്ങും.

അങ്ങനെ, ആ പകല്‍ മുഴുവന്‍ ശ്രീനിവാസന്‍ അവളെക്കുറിച്ചു ചിന്തിച്ചുകൊണ്ടു നടന്നു. തുറന്നുവെച്ച പുസ്തകങ്ങള്‍ക്കു മുമ്പിലും ഊണ്‍മേശയ്ക്കു മുമ്പിലും ജോലി ചെയ്തുകൊണ്ടിരുന്ന കുടുംബാംഗങ്ങള്‍ക്കരികിലും തുറന്നുവെച്ച ഡയറിക്കു മുമ്പിലുമിരുന്ന് പാഴായിപ്പോയ അവസരത്തെക്കുറിച്ച്‌ അവന്‍ ചിന്തിച്ചു. മഴക്കാലത്തു മൂത്രാശയത്തിനെന്നപോലെ ഇടയ്ക്കിടെ ചിന്തകള്‍ക്കു ഭാരമേറുമ്പോള്‍ അവളോട്‌ വിദൂരബന്ധമുള്ള എന്തിനെക്കുറിച്ചെങ്കിലും അവന്‍ സംസാരിച്ചു. വെള്ളികൊണ്ടുള്ള പാദസരത്തെക്കുറിച്ചോ അവളോടൊത്തു പഠിച്ചിരുന്ന കാലത്തെ ഏതെങ്കിലും സംഭവത്തെക്കുറിച്ചോ ഒറ്റപ്പെട്ട വാചകങ്ങള്‍ക്കുശേഷം വീണ്ടും അവന്‍ ചിന്തിക്കാന്‍ തുടങ്ങും. കേട്ടിരിക്കുന്നതാരായാലും. പ്രത്യേകിച്ചു പ്രസക്തിയൊന്നുമില്ലാത്ത ആ വാചകങ്ങള്‍ ചെവികള്‍ക്കു പുറത്തു വറ്റിപ്പോവുകയേയുള്ളൂ. അങ്ങനെ, ആ പകല്‍ കടന്നുപോയി.

രാത്രി ഉത്സവത്തിനു പോയാല്‍ അവളെ കാണാം. പക്ഷേ, അടുത്ത തിങ്കളാഴ്ചയും പരീക്ഷയുണ്ട്‌. അവന്‌ ഉത്സവത്തിനു പോകാന്‍ പറ്റില്ല.

തുറന്നുവെച്ച ഡയറിക്കു മുമ്പില്‍ ഏറെനേരം ശ്രീനിവാസനിരുന്നു. രാത്രി എല്ലാവരുമുറങ്ങിക്കഴിഞ്ഞാല്‍ പിറകിലെ വാതില്‍ തുറന്നിറങ്ങിപ്പോകാമെന്നും മറ്റും കുറെനേരം ചിന്തിച്ചു. പിന്നെ, എതിര്‍പ്പിന്റെ ചിന്തകള്‍ വന്നുമൂടി. ആരെങ്കിലുമറിഞ്ഞാല്‍... ഒടുക്കം പതിവുപോലെ ഡയറിയും പേനയുമടച്ചുവെച്ച്‌ എഴുനേറ്റു.

ലൈറ്റണയ്ക്കുമ്പോള്‍ ശ്രീനിവാസന്‍ പിറുപിറുത്തു: ശ്രീനിവാസന്റെ ജീവിതത്തില്‍ പ്രേമവും പ്രേമഭംഗവും അവിഹിതബന്ധങ്ങളുമുണ്ടാകുന്നില്ല, മുഷ്ടിമൈഥുനങ്ങള്‍ മാത്രം.

ഇരുട്ടിനു താഴെ ശ്രീനിവാസന്‍ കിടന്നു. വലതുകൈ അരക്കെട്ടിലിഴഞ്ഞുനടന്നു. ചിന്തകള്‍ക്കു ചൂടുപിടിക്കാന്‍ തുടങ്ങി. ഇരുട്ടില്‍, അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ മാറിമാറിവരുന്ന ദൃശ്യങ്ങളുടെ താളങ്ങളുണ്ടാക്കിയ ലഹരിയില്‍, പെട്ടെന്ന് ഒരു ചിന്തയുടെ വളര്‍ച്ചയനുഭവപ്പെട്ടു. ഒരു രാത്രിയെ വലിച്ചുകീറി പെട്ടെന്ന് ശ്രീനിവാസന്റെ ജീവിതം സംഭവബഹുലമായിത്തീരാന്‍ പാടില്ലെന്നുണ്ടോ? പ്രേമങ്ങളും ബലാത്സംഗങ്ങളും പരേതാത്മാക്കളുടെ സംസര്‍ഗ്ഗങ്ങളും ആദര്‍ശജീവിതവും ജയില്‍വാസവും ഇടകലര്‍ന്ന്, ഭാരവും ജഡത്വവും വെടിഞ്ഞ്‌... ഗൗരവവും അപൂര്‍വതയുമുള്ള ആ ചിന്ത വളര്‍ന്ന് ദൃശ്യങ്ങളെ മൂടി. വലതുകൈ നിശ്ചലമായി.

മുണ്ടുവാരിയുടുത്ത്‌ ശ്രീനിവാസനെഴുനേറ്റു. ഇരുട്ടില്‍ ഷര്‍ട്ടെടുത്തിട്ടു. ജനാലയില്‍ കയറിനിന്നു നോക്കി. വെന്റിലേറ്ററിനപ്പുറം വെളിച്ചമില്ല. ചേട്ടന്‍ ഉറങ്ങിയിരിക്കുന്നു.

ശബ്ദമുണ്ടാക്കാതെ പിറകുവശത്തെ വാതില്‍ തുറന്നു. ഉപയോഗശൂന്യമായ സാധനങ്ങള്‍ നിറച്ച ഇടുങ്ങിയ മുറി കുറുകെക്കടന്ന് വളരെനാളായി തുറക്കാത്ത ഇടുങ്ങിയ കതകു തുറന്നു. പുറത്തുനിന്ന് കാട്ടുചെടികള്‍ അകത്തേക്കു ചാഞ്ഞു. പുറത്തു നല്ല ഇരുട്ട്‌.

അപസര്‍പ്പകനെപ്പോലെ, ജാരനെപ്പോലെ...

ശ്രീനിവാസന്‍ കാട്ടുചെടികള്‍ക്കിടയിലേക്കിറങ്ങി. വാതില്‍ ശബ്ദമുണ്ടാക്കാതെ ചാരി. മുട്ടറ്റം വളര്‍ന്നുനില്‍ക്കുന്ന ചെടികള്‍ക്കിടയിലൂടെ നടന്ന് മുറ്റത്തിറങ്ങി. ചരല്‍ വിരിച്ച മുറ്റത്ത്‌ ചെരിപ്പിടാത്ത കാലുകള്‍ ശബ്ദമുണ്ടാക്കാതെ നീങ്ങി. ചാമ്പയ്ക്കു താഴെ സിമന്റിട്ട നിലത്തു നടക്കുമ്പോള്‍ ഒരു കരിയിലയില്‍ കാലുതട്ടി നീണ്ട ഞരക്കമുയര്‍ന്നു. ശ്രീനി മരവിച്ചതുപോലെ നിമിഷങ്ങളോളം നിന്നു. ശബ്ദങ്ങളും വെളിച്ചങ്ങളും പെട്ടെന്നു തന്നെ പൊതിയുമെന്നു ഭയന്നതുപോലെ, സ്വപ്നാടനത്തില്‍ നിന്നുണര്‍ന്നതു പോലെ അവന്‍ മരവിച്ചു നിന്നു. പിന്നെയും ചിന്തയില്‍ ലഹരി നിറഞ്ഞപ്പോള്‍ വീണ്ടും നടന്നു.

പൂഴിവിരിച്ച വഴിയില്‍ നടക്കുമ്പോള്‍ നിലാവു തെളിഞ്ഞു (അവളുടെ വചനം പോലെ എന്നു വേണമെങ്കില്‍ പറയാം.) നിലാവില്‍ കുളിച്ച സര്‍പ്പക്കാവ്‌. ഏഴിലം പാല. കുളത്തിലെ വെള്ളം വെള്ളിയുരുക്കിയൊഴിച്ചതുപോലെ. ശ്രീനിവാസന്‍ വേഗം നടന്നു.

അനാകര്‍ഷമായ നീലമഷിപുരണ്ട അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ആവര്‍ത്തിക്കപ്പെട്ടു കിടക്കുന്ന നോട്ടുബുക്കുകള്‍ക്കുമുമ്പിലിരിക്കുമ്പോള്‍ ഓര്‍ത്തോര്‍ത്ത്‌, മധുരിക്കുന്ന വേദനയിലമര്‍ന്നിരിക്കാന്‍ കുറെ ഓര്‍മ്മകള്‍. ഹോസ്റ്റലിലെ വരാന്തയില്‍നിന്നു കടന്നുവരുന്ന നേരിയ വെളിച്ചത്തില്‍ കട്ടിലില്‍ കമിഴ്‌ന്നുകിടന്ന്‌ കൊടിയ വേദനയില്‍ അയവിറക്കാന്‍ കുറെ വാക്കുകള്‍. ഇത്രയുമെങ്കിലും കിട്ടണം. കഴിയുമെങ്കില്‍ പിന്നെ...

പാലത്തിനപ്പുറത്ത്‌ ശിവക്ഷേത്രം ഇരുട്ടിലാണ്ടുകിടന്നു. കൈകൂപ്പിയിട്ടു നടക്കുമ്പോള്‍ ശ്രീനിവാസന്‍ പിറുപിറുത്തു:

മൈ ഗോഡ്‌, എന്തെങ്കിലും തരപ്പെടുത്തണം. അപകടമൊന്നും കൂടാതെ തിരിച്ചങ്ങെത്തിക്കണം.

അമ്പലത്തിനപ്പുറത്ത്‌ പണിഞ്ഞുവരുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ ഇരുട്ടില്‍ നോക്കുകുത്തി നില്‍ക്കുന്നുണ്ടായിരുന്നു.

ശ്രീനിവാസന്‌ ഏതെങ്കിലും പെണ്‍കുട്ടിയെ പ്രണയിച്ചേതീരൂ എന്നു തോന്നുന്ന ദിവസങ്ങളുണ്ട്‌. പുറത്തു തകര്‍ത്തു പെയ്യുന്ന മഴയിലേക്കു നോക്കിക്കൊണ്ടു കിടക്കുന്ന അത്തരം ദിവസങ്ങളില്‍ പതുക്കെപ്പതുക്കെ, അവനെക്കടന്നുപോയ പെണ്‍കുട്ടികളെക്കുറിച്ച്‌ അവന്‍ ചിന്തിക്കാന്‍ തുടങ്ങും. രണ്ടക്ഷരമുള്ള മനോഹരങ്ങളായ പേരുകളുള്ള പെണ്‍കുട്ടികള്‍. അവരില്‍ ആരെങ്കിലുമൊരാള്‍ ചടുലമായ വാക്കുകളും സുന്ദരമായ ശരീരവുമായി കയറിവന്ന് തന്റെ ജീവിതത്തെ ഒരു സിനിമപോലെയോ ഒരു ചെറുകഥപോലെയെങ്കിലുമോ ആക്കിത്തീര്‍ത്തിട്ടു പോയിരുന്നെങ്കിലെന്ന്.

ഇരുട്ടിലാണ്ടുകിടക്കുന്ന പാലം. ഒഴുകുന്ന പുഴവെള്ളത്തിന്റെ ശബ്ദം. പാലത്തിനപ്പുറം വഴിവിളക്കുകള്‍ തെളിഞ്ഞുനിന്നിരുന്നു. (നല്ലൊരു പ്രയോഗമാക്കാന്‍ കാമുകഹൃദയങ്ങള്‍ പോലെ എന്നാവാം.)

മയില്‍പ്പീലിക്കണ്ണുകളുടെ ഭംഗിയായാലും ശോകം ഭംഗിയിയറ്റുന്നാ പ്രഥമദര്‍ശനത്തിന്റെ ആകര്‍ഷണീയതയിലൂടെ ചെറുകഥകളെ തുടങ്ങിവെക്കുന്നതേയുള്ളൂ. ഹൃദയങ്ങള്‍ക്കും ശരീരങ്ങള്‍ക്കും ആവോളമടുക്കാന്‍ എന്തെങ്കിലും ഒരു സഹതാപമുളവാക്കുന്ന കടുത്ത ദുഃഖം വേണം. അതിനു ശ്രീനിവാസനെന്തു ചെയ്യും?

... അവള്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു. അയാള്‍ കൈനീട്ടി അവളുടെ കൈകളില്‍ പിടിച്ചു. കരയാതിരിക്കൂ കുട്ടീ. അവള്‍ അയാളുടെ മാറിടത്തില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞു. അവളുടെ മുടിയ്ക്ക്‌ കൈതപ്പൂക്കളുടെ ഗന്ധം. അവളുടെ മാറിടത്തിന്‌...

ശ്രീനിവാസന്‍ വേഗത്തില്‍ നടന്നു. കണ്ണീരില്‍ കുതിര്‍ന്ന് ഇരുളില്‍ അവര്‍ പുണര്‍ന്നുവീഴുമ്പോള്‍ ഇരുവരും കരയുകയായിരിക്കുമല്ലോ. അപ്പോളാരാവും അടിവസ്ത്രങ്ങളഴിക്കാന്‍ പണിപ്പെടുക എന്നോ മറ്റോ ചിന്തിച്ചുകൊണ്ട്‌ ശ്രീീനിവാസന്‍ നടന്നു.

നാളെ ഒരു കവിതയെഴുതണമെന്നും കവിയുമായി പ്രണയത്തിലാവുന്ന പെണ്‍കുട്ടിയെപ്പറ്റിയുള്ള പഴയ കഥ പൂര്‍ത്തിയാക്കണമെന്നും ചിന്തിച്ചുകൊണ്ടു നടക്കവെ ശ്രീനിവാസനെ വെളിച്ചം വന്നു പൊതിഞ്ഞു.

ഉത്സവപ്പറമ്പില്‍ നല്ല തിരക്കായിരുന്നു. പെട്രോമാക്സുകള്‍ക്കു കുറുകെ ചലിച്ചുകൊണ്ടിരുന്ന നിഴലുകളെയും വളക്കടകളെയും ബലൂണ്‍ കച്ചവടക്കാരെയും കലണ്ടര്‍ കളിക്കാരെയും മിഠായിക്കാരെയും കടന്ന് ശ്രീനി സ്റ്റേജിനടുത്തെത്തി. അവന്‍ ആള്‍ക്കൂട്ടത്തില്‍ തിരക്കിക്കയറി. നൃത്തനാടകത്തിലെ വേഷങ്ങളെ ശൂന്യമായ കണ്ണുകള്‍കൊണ്ടു നോക്കിക്കൊണ്ട്‌ അവന്‍ കുറച്ചുനേരം നിന്നു. പിന്നെ, ആള്‍ക്കൂട്ടത്തിലെവിടെയെങ്കിലുമിരുന്ന് അവള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടാവുമെന്ന് ചിന്തിച്ചും നടിച്ചും മടുത്തപ്പോള്‍, സ്റ്റേജില്‍ നിന്നു കണ്ണെടുത്ത്‌ ശ്രീനി അവളെ നോക്കിത്തുടങ്ങി. ഏറെ മുഖങ്ങളില്‍ക്കൂടി കണ്ണയച്ച്‌ അവനു വേഗം മടുത്തു. അതൊന്നും അവളുടേതായിരുന്നില്ല. അവയ്ക്കെല്ലാം പൊതുവായി ഒരു അനാകര്‍ഷണീയതയുണ്ടായിരുന്നു. പിന്നെയും സ്റ്റേജിലേക്കു മുഖം തിരിച്ച്‌ ശൂന്യമായ മനസ്സോടെ അവന്‍ കുറെനേരം നിന്നു. പിന്നെ, രാത്രിയുടെ ഈ സമയത്ത്‌ അസംബന്ധം കാണാനെത്തിയിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ തന്റെ പ്രസക്തിയെന്താണെന്നവന്‍ പെട്ടെന്നു ചിന്തിച്ചു. ഉടനെ, തിക്കിത്തിരക്കി പുറത്തിറങ്ങി. വര്‍ണ്ണങ്ങളില്‍ നിന്നും വെളിച്ചങ്ങളില്‍ നിന്നും അവനല്‍പം ദൂരത്തായി. പിന്നെയും നിന്നു. ഒരിക്കല്‍ക്കൂടി ശ്രമിച്ചാല്‍ മതി. തടഞ്ഞുകിടക്കുന്ന മഞ്ഞുകട്ട ഒരിക്കല്‍ തകര്‍ത്താല്‍ ജീവിതം കുതിച്ചൊഴുകാന്‍ തുടങ്ങിയേക്കും. ശ്രീനി പിന്നെയും ഉത്സവപ്പറമ്പിലേക്കു മടങ്ങി.

സ്റ്റേജിനു പടിഞ്ഞാറുവശത്ത്‌, ഇരുട്ടില്‍ ശ്രീനി നിന്നു. അവന്റെ കണ്ണുകള്‍ പിന്നെയും പെണ്‍കുട്ടികളുടെ മുഖങ്ങളില്‍ അലയാന്‍ തുടങ്ങി. വേഗത്തില്‍ കടന്നുപോയ മുഖങ്ങള്‍ക്കിടയില്‍ പെട്ടെന്ന് അവനവളെക്കണ്ടു. അവള്‍ ആള്‍ക്കൂട്ടത്തോടൊപ്പം സ്വയം മറന്നു ചിരിക്കുകയായിരുന്നു. (അവളുടെ ചിരി മനോഹരമായിരുന്നു). ശ്രീനിവാസന്‍ അവളെത്തന്നെ നോക്കി രണ്ടു മിനിട്ടു നിന്നു. സംഭവ്യതയ്ക്കോ അസംബന്ധത്തോളമെത്താത്ത പരിശ്രമത്തിനുപോലുമോ പുറത്തുകൊണ്ടുവരാനാവാത്ത വിധം അപ്രാപ്യയാണവളെന്നവനു തോന്നി. അവളെ പുറത്തുകൊണ്ടുവരാനോ സംസാരിക്കാനോ ശ്രമിക്കാന്‍ അവനു വയ്യ. അവള്‍ തനിക്ക്‌ സാന്ദ്രമായ ഒരോര്‍മ്മയോ തന്റെ ജീവിതത്തിന്റെ വരള്‍ച്ചയ്ക്കുമേല്‍ തട്ടിത്തൂവുന്ന ഒരു പൂക്കൂടയോ ആയിത്തീരുകയില്ലെന്ന് പെട്ടെന്ന് ശ്രീനിവാസന്‍ അറിഞ്ഞു. മുഷ്ടിമൈഥുനവേളകളില്‍ മനസ്സില്‍ കയറിയിറങ്ങിപ്പോവുന്ന, അവ്യക്തമായ രൂപങ്ങളും രണ്ടക്ഷരമുള്ള പേരുകളുമുള്ള പെണ്‍കുട്ടികളുടെ ചിതറിയ ചിത്രങ്ങളിലൊന്നുമാത്രം. പുറത്തുപെയ്യുന്ന മഴയെ നോക്കിയിരിക്കുമ്പോള്‍ താളത്തോടെ വന്നുവീഴുന്ന ഒരു പേരു മാത്രം.

ശ്രീനിവാസന്‍ ഉത്സവപ്പറമ്പിനു കുറുകെ വേഗത്തില്‍ നടന്നു. സ്റ്റേജില്‍ നിന്നു വിസര്‍ജ്ജിക്കപ്പെടുന്ന തരംതാണ ഫലിതത്തെച്ചൊല്ലി ആര്‍ത്തുചിരിക്കുന്ന മന്ദബുദ്ധിയായ ആള്‍കൂട്ടത്തോട്‌ അവന്‌ അറപ്പുതോന്നി.

വഴിവിളക്കുകളുടെ വെളിച്ചവും നിലാവും വീണുകിടന്ന വഴികള്‍ മറിച്ച്‌ ഇരുണ്ടതും സ്വച്ഛവുമായിരുന്നെങ്കില്‍ എന്നവനാശിച്ചു.

പാലത്തിനപ്പുറം, പണിതീരാത്ത ഇരുനിലക്കെട്ടിടത്തിനു മുകളിലെ വെളിച്ചം നല്‍കിയ പശ്ചാത്തലത്തില്‍, പുറത്ത്‌ നോക്കുകുത്തി അപ്പോഴും നിശ്ചലമായി നിന്നു.

ശിവന്റെ അമ്പലം കടന്നു നടക്കുമ്പോള്‍ ശ്രീനിവാസന്‍ അങ്ങോട്ടെങ്ങും നോക്കിയതേയില്ല. സര്‍വ്വശക്തന്‍. സര്‍വ്വജ്ഞന്‍. എന്തായാലെന്താ കാര്യം?

പിന്നെ അല്‌പം നടന്നപ്പോള്‍ ശ്രീനിവാസന്‍ തിരിഞ്ഞുനിന്നു. ഗോഡ്‌. താങ്ക്‌ യൂ. ഞാന്‍ പറഞ്ഞതു മറന്നുകള. എന്തെങ്കിലും ജീവന്മരണ പോരാട്ടമൊന്നുമല്ലല്ലോ നഷ്ടപ്പെട്ടത്‌. പോവാന്‍ പറ.

ആരെയും പിണക്കുന്നത്‌ ശ്രീനിവാസന്‌ ഇഷ്ടമല്ല.

പൂഴി വിരിച്ച വഴിയും ചരല്‍ മുറ്റവും പിന്നിട്ട്‌, കാട്ടുചെടികള്‍ വകഞ്ഞൊതുക്കി ശ്രീനിവാസന്‍ വാതില്‍ക്കലെത്തി. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് അകത്തുകടന്നു. ശബ്ദമുണ്ടാക്കാതെ അടച്ച്‌, രണ്ടാമത്തെ വാതിലുമടച്ച്‌ മുറിയില്‍ക്കയറി. ഷര്‍ട്ടൂരി ഹാങ്ങറിലിട്ടു. ലൈറ്റു തെളിച്ചു നോക്കിയപ്പോള്‍ മേശപ്പുറത്ത്‌ ഡയറിയിരിക്കുന്നതു കണ്ടു. അതെടുത്തു മേശവലിപ്പില്‍ വെച്ചു. ലൈറ്റണച്ചു.

ഒരു കഥയെഴുതാനുള്ള ഫ്യൂവലായി. ആറോ ഏഴോ പേജുവരുന്ന ഒരു ചെറുകഥ. ഇന്ത്യന്‍ യുവത്വത്തെക്കുറിച്ചും നോക്കുകുത്തിയെക്കുറിച്ചും. നല്ല മാര്‍ക്കറ്റുള്ള സാധനമാണ്‌.

ഒരു മണിക്കൂര്‍ കഴിഞ്ഞുപോയിരിക്കുന്നു. വാച്ചില്‍ നോക്കിയിട്ട്‌ ശ്രീനി കിടന്നു.

ഇരുട്ടില്‍, വിരലുകള്‍ നാഭിയിലിഴഞ്ഞു നടന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്നും വരാം, ശ്രീനിവാസനു തോന്നി. താനിപ്പോള്‍ യഥാര്‍ത്ഥത്തില്‍ പഴയ മുഷ്ടിമൈഥുനവേളയിലായിരിക്കാം. ഇത്തോന്നിയതെല്ലാം ഒരു സ്വപ്നമാണെന്നും വരാം. അല്ലെങ്കില്‍ത്തന്നെയെന്താ?

സത്യമാണെങ്കില്‍ത്തന്നെ, ചത്തുകളയാം എന്നു തോന്നിപ്പിക്കും വിധം നിര്‍ണ്ണായകമായി ഒന്നും സംഭവിച്ചിട്ടില്ലല്ലോ. മുഷ്ടിമൈഥുനത്തിന്‌ ഒരു മണിക്കൂര്‍ വൈകിപ്പോയെന്നു മാത്രം.

(1986)

മലയാള മനോരമ വാര്‍ഷികപ്പതിപ്പ്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ രണ്ടാം സമ്മാനം കിട്ടിയ കഥ.


<< എന്റെ മറ്റു കഥകള്‍

Tuesday, December 05, 2006

പരീക്ഷിത്തുകളുടെ വിധിയെന്ത്‌?

എന്റെ പരീക്ഷിത്തുകളുടെ വിധിയെന്ത്‌? എന്ന കഥ തര്‍ജ്ജനിയില്‍

എന്റെ ദൈവത്തിന്റെ വരവ്‌ എന്ന കഥ മൂന്നാമിടത്തില്‍.

പന്നി



നാറ്റം പൊങ്ങി, ത്തിമിരമടിയില്‍ത്തിങ്ങി, വിങ്ങിക്കൊഴുക്കും
ചേറ്റിന്നുള്ളില്‍ വരിക കളിയാടീടുവാനെന്റെ നെഞ്ചില്‍
ഊറ്റം മുറ്റും കരിയിരുളിനെക്കൊയ്തു മിന്നുന്ന വെള്ളി-
ത്തേറ്റത്തുമ്പാലുഴുക, ഭഗവന്‍, സൂകരാകാരനായ്‌ നീ.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

ധീരന്‍

നിന്ദിച്ചിടട്ടെ, യറിവുള്ളവര്‍ വാഴ്ത്തിടട്ടേ,
വന്നോട്ടെ വിത്ത,മതുപോലെയൊഴിഞ്ഞു പോട്ടേ,
ഇന്നോ യുഗാന്തമതിലോ മരണം വരട്ടെ,-
യന്യായമാം വഴി ചരിക്കുകയില്ല ധീരന്‍
(ഭര്‍തൃഹരിയുടെ "നിന്ദന്തു നീതി നിപുണാഃ..." എന്ന നീതിശതകശ്ലോകത്തിന്റെ മൊഴിമാറ്റം)
(2005)


<< എന്റെ മറ്റു ശ്ലോകങ്ങള്‍