Sunday, March 06, 2016

മാതൃഭൂമി സാഹിത്യമത്സരം: 19831983ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സ്കൂള്‍ സാഹിത്യമത്സരത്തില്‍ സമ്മാനം നേടിയപ്പോള്‍. അനശ്വരനായ എ.എസ്സിന്‍റെ ചിത്രത്തോടൊപ്പം.

കഥ ഇവിടെ വായിക്കാം.

<< കയറ്റുമതി

Saturday, March 05, 2016

അന്തര്‍സര്‍വകലാശാലായുവജനോത്സവം (യൂണിഫെസ്റ്റ് 1989)


1988 ഫെബ്രുവരിയില്‍ കേരളത്തിലെ സര്‍വകലാശാലകളിലെ യുവജനോത്സവങ്ങള്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തീരുമാനം ഉണ്ടായി. ഇന്‍ഡ്യയിലെ എല്ലാ സര്‍വകലാശാലകളെയും ക്ഷണിച്ച് ഒരു അന്തര്‍സര്‍വകലാശാലാ യുവജനോത്സവം നടത്തുക. യൂണിഫെസ്റ്റ് എന്നായിരുന്നു പേര്.
കേരളസര്‍വകലാശാലയില്‍നിന്ന്‍ കഥയില്‍ മത്സരിക്കാന്‍ പോയ മൂന്നുപേരില്‍ ഞാനും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറയിലുള്ള കൊച്ചമ്മ(അമ്മയുടെ അനിയത്തി)യുടെ വീട്ടില്‍നിന്ന്‍ മഹാരാജാസിലേക്ക് പോകുന്ന ബസ്സില്‍ ഇരിക്കുമ്പോള്‍ ഒരു വാഹനാപകടത്തില്‍പ്പെട്ട തെരുവുകുട്ടിയെ കണ്ടത് ഓര്‍മ്മയുണ്ട്. സ്വകാര്യ ബസ്സിന്‍റെ മുമ്പില്‍നിന്ന്‍ പത്തോപന്ത്രണ്ടോ വയസ്സുള്ള, ഷര്ട്ടിമടാത്ത ഒരു കുട്ടി തട്ടിപ്പിടഞ്ഞ് എഴുനേറ്റുപോകുന്നു. കഴുത്തിന്റെ പിറകില്‍ ചോര കണ്ട കൊഴുത്ത ചോരയ്ക്ക് നാടകത്തിലുംമറ്റും ഉപയോഗിക്കുന്ന പെയിന്റിനെക്കാള്‍ ഇരുണ്ട നിറമായിരുന്നു. കഥയെഴുതിയത് അവനെക്കുറിച്ചല്ലെങ്കിലും എഴുതുന്ന സമയം മുഴുവന്‍ അവനെക്കുറിച്ച് ചിന്തിച്ചിരുന്നു.

പഴമയും ഗാംഭീര്യവും വിളിച്ചോതുന്ന ഡെസ്ക്കുകളും ബെഞ്ചുകളുമുള്ള, വലിയ ക്ലാസ് മുറിയിലായിരുന്നു എഴുത്തുമത്സരം. ഒരു പബ്ലിക് പരീക്ഷയുടെ അന്തരീക്ഷം. മത്സരം നടക്കുമ്പോള്‍ വരാന്തയില്‍ കഥാകൃത്ത് ടി. പത്മനാഭനെ കണ്ടു. വിഷയം നിര്‍ദ്ദേശിച്ചതും വിധിനിര്‍ണയം നടത്താന്‍ പോകുന്നതും അദ്ദേഹം ആയിരിക്കും എന്ന്‍ കേട്ടു. അന്ന്‍ എഫ്.എ.സി.റ്റി.യില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. "അയാള്‍ ഒരു ശുദ്ധനാ," ഒരു സുഹൃത്ത് പിന്നീട് പറഞ്ഞു. "വെയ്റ്റ് ഇടാന്‍ ഒന്നും അറിഞ്ഞുകൂടാ. അയാള്‍ക്ക് കഥകള്‍ വാങ്ങിക്കാന്‍ ഇവിടംവരെ വരണ്ട വല്ല ആവശ്യവുമുണ്ടോ? ഇവന്മാര്‍ അവിടെക്കൊണ്ട് കൊടുക്കുകയില്ലേ?"
മത്സരം കഴിഞ്ഞ്, തിരുവനന്തപുരത്തുകാരായ സുഹൃത്തുക്കള്‍ (അന്‍വര്‍ അലിയും പി. കെ. രാജശേഖരനും) താമസിക്കുന്ന മുറിയില്‍ പോയിരുന്നു. വേറെയും ആരൊക്കെയോ ഉണ്ടായിരുന്നു. അവര്‍ ആനന്ദ്, ആശയവാദം, താര്‍ക്കോവ്സ്കി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വാപൊളിച്ച്‌ കേട്ടിരുന്നു. കലോത്സവവേദിയില്‍ പോയി ഭക്ഷണം കഴിച്ചു. ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ഉണ്ടായിരുന്നു എന്നും നല്ല രുചിതോന്നിയെന്നും ഓര്‍മ്മയുണ്ട്. കൊല്ലത്ത് വടയാറ്റുകോട്ടയിലുള്ള ഉത്തരേന്ത്യന്‍ ഹോട്ടലില്‍ നിന്ന്‍ അതിനുമുമ്പ് ഒരിക്കലേ പനീര്‍ കഴിച്ചിരുന്നുള്ളൂ.

പിറ്റേദിവസം കൊല്ലത്തേക്ക് വണ്ടികയറുന്നതിനുമുമ്പ് മത്സരഓഫീസില്‍ പോയി ഫലം അറിയാം എന്നു തീരുമാനിച്ചു. നോക്കിയപ്പോള്‍ ഒന്നാം സമ്മാനം! രാജശേഖരന് രണ്ടാം സ്ഥാനവും ഉണ്ട്. തല തെറിച്ചു എന്നു പറയേണ്ടതില്ലല്ലോ. ഇന്‍ഡ്യയിലെ കോളേജ് വിദ്യാര്‍ഥികളില്‍ ഏറ്റവും നന്നായി മലയാളം കഥ എഴുതുന്നവന്‍ ഞാനല്ലാതെ മറ്റാര്? ഇതുവരെ പത്രത്തില്‍ വിജയികളെക്കുറിച്ചു വരുന്ന വാര്‍ത്തകള്‍ വായിച്ചുമാത്രം ശീലിച്ചിരുന്ന ഞാന്‍ നെഞ്ചുവിരിച്ച് അവരോട് അന്വേഷിച്ചു: "ആര്ക്കെിങ്കിലും ഇന്റര്വ്യൂുവോ മറ്റോ...?" "അവിടെ പോയി ഇരുന്നോളൂ," അവര്‍ തൊട്ടു പുറകിലുള്ള പ്രെസ് ബൂത്ത് കാണിച്ചു തന്നു. ഇങ്ങനെയൊക്കെയല്ലേ എഴുത്തുകാര്‍ പ്രശസ്തരാകുന്നത്. ഞാന്‍ തലയുയര്‍ത്തിപ്പിടിച്ച് അവിടെ പോയി ഇരുന്നു.
അടുത്തുള്ള കസേരയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇരിക്കുന്നു. അന്നും ഇന്നും ആദ്യം മുതല്‍ അവസാനംവരെ വായിച്ചിട്ടുള്ള ഒന്നോ രണ്ടോ കവിതാപുസ്തകങ്ങളില്‍ ഒന്നായ ‘പതിനെട്ടു കവിതക’ളുടെ കര്‍ത്താവ്. ഒരു സഹഎഴുത്തുകാരല്ലേ? പരിചയപ്പെട്ടേക്കാം.
“ചുള്ളിക്കാട് പ്രെസ് ആണോ?” ചോദിച്ചു.
വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍നിന്ന്‍ കണ്ണുയര്ത്തി നോക്കി. വായ നിറച്ച് മുറുക്കാന്‍ ഉണ്ടായിരുന്നു എന്ന്‍ ഓര്‍മ്മ. “അല്ല,” കാസെറ്റില്‍ കേള്‍ക്കുന്ന മുഴക്കമുള്ള അതേ ശബ്ദം. പിന്നെയും വായന.

എന്‍റെ ഇരിപ്പും ഭാവവും ഒക്കെക്കണ്ട് സഹതാപം തോന്നിയിട്ടാവാം, കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ദേശാഭിമാനിയുടെ ലേഖകന്‍ വന്നു. കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു. അങ്ങനെ, പിറ്റേന്നത്തെ പത്രത്തിന്റെ് അവസാനപേജില്‍ വന്ന ‘അഭിമുഖ’മാണ് ഇത്.

അന്നത്തേതുപോലെ ഇന്നും വിജയന്റെ്യും മാധവിക്കുട്ടിയുടെയും കഥകള്‍തന്നെ ഏറ്റവും ഇഷ്ടം. അന്നേ ദുര്‍ബലമായിരുന്ന വായന പിന്നെ ഏറെയൊന്നും മുന്നോട്ട് ഓടാതിരുന്നതുകൊണ്ടാവാം. അല്ലെങ്കില്‍ 'എണ്‍പതുകളില്‍ ഉറച്ചുപോയ ഭാവുകത്വം' എന്നൊക്കെ ഇപ്പോള്‍ പറയുന്ന സാധനം ആയിരിക്കും. അതുമല്ലെങ്കില്‍ അത്ര കരുത്തുള്ള എഴുത്തുകാര്‍ പിന്നീടു വന്നിട്ടില്ലാത്തതുകൊണ്ടും ആവാം. അക്കാലത്തു വായിച്ചിരുന്ന സി. വി. ബാലകൃഷ്ണന്റെ കൃതികള്‍ ഏറെക്കുറെ മറന്നുപോയെങ്കിലും സി. ആര്‍. പരമേശ്വരന്റെ ‘പ്രകൃതിനിയമം’ ഇന്നും പ്രിയപ്പെട്ട മലയാളനോവലുകളില്‍ ഒന്നായി തുടരുന്നു.

ഒന്നുവേഗം വയസ്സായിരുന്നെങ്കില്‍ ഒരു ആത്മകഥ എഴുതാമായിരുന്നു.
<< അനുഭവം