Wednesday, November 29, 2006

മദാമ്മതളിരുതോറ്റ കരം സിഗരറ്റുമായ്‌
ലളിതമാമധരത്തൊടു ചേര്‍ത്തുടന്‍
മതി കെടുത്തിന പുഞ്ചിരി തൂകിടും
മദമെഴുന്ന മദാമ്മയെ നോക്കുവിന്‍.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

നിനക്കു മരണമുണ്ട്‌

പ്രിയം പറഞ്ഞടുത്തു വന്നു പുല്‍കിടുന്ന കാന്തനും
പ്രിയങ്ങളൊക്കെയും നടത്തി നീ വളര്‍ത്ത മക്കളും
യമന്‍ വരുന്ന നേരമാരുമെത്തുകില്ല കാക്കുവാന്‍
യാമന്തകന്റെ പാദമോര്‍ക്ക സര്‍വ്വവും വെടിഞ്ഞു നീ
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Monday, November 20, 2006

ഫലിതംഫലിതമായുലകത്തിനെ നോക്കിനി-
ന്നലിവെഴുന്നൊരു പുഞ്ചിരി തൂകുവാന്‍
മലമെഴാത്ത മഹാപുരുഷാകൃതേ,
നലമൊടിന്നടിയന്നു തുണയ്ക്കണേ
(2005)


<< എന്റെ മറ്റു ശ്ലോകങ്ങള്‍

രക്ഷ, രക്ഷ!

ഭഗവന്‍, തവ നാമമുച്ചമുച്ചം
പകലും രാവുമുരുക്കഴിച്ചു മേവും
തവ ഭക്തരില്‍ നിന്നുമെന്നെ നിത്യം
ഭുവനാധീശ്വര, കാത്തു കൊള്ളണം നീ!

(2005)
<< എന്റെ മറ്റു ശ്ലോകങ്ങള്‍

ഭാഷയെക്കൊല്ലാന്‍

മലയാളം യൂണി കോഡിലെ പ്രശ്നങ്ങളെപ്പറ്റി പിടിയൊന്നുമില്ലാത്ത ഞാന്‍ അതിനെപ്പറ്റി നടന്ന ഒരു ചര്‍ച്ച തപ്പിത്തടഞ്ഞു വായിക്കുന്നതിനിടയില്‍ ലിപി പരിഷ്കരണത്തെപ്പറ്റി ഇപ്രകാരം ഒരുദ്ധരണി കണ്ടു:

"ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പവഴി ലിപി മാറ്റലാണ്‌ എന്ന് എം. ടി. എഴുതി."

പുതിയലിപിയെക്കാള്‍ പഴയലിപി ഇഷ്ടപ്പെടുന്ന, ഇംഗ്ലീഷ്‌ റോമനില്‍ എഴുതാറുണ്ടെങ്കിലും (മൊഴി) വായിക്കാന്‍ വിയര്‍ക്കുന്ന എന്നെപ്പോലൊരാള്‍ക്കുപോലും ഒരു സംശയം തോന്നി: കേരളത്തില്‍ ഏറെക്കാലം സംസ്കൃതം മലയാളലിപി ഉപയോഗിച്ചായിരുന്നില്ലേ എഴുതിയിരുന്നത്‌? ഭൂരിപക്ഷം മലയാളികളും ഇന്നും അതു ചെയ്യുന്നു. അതുകൊണ്ട്‌ സംസ്കൃതം കേരളത്തില്‍ വളരുകയോ തളരുകയോ ചെയ്തത്‌? എം. ടി. യുടെ പ്രസ്താവന ലിപിമാറിയ ഭാഷകളെക്കുറിച്ചുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയതാണോ? അതോ എന്റേതുപോലുള്ള ഒരു വൈകാരികമായ അനിഷ്ടം മാത്രമോ?

<< എന്റെ മറ്റു വെറും ചിന്തകള്‍

Wednesday, November 15, 2006

കീചകന്‍


പാഞ്ചാലിയെക്കീചകനെന്നപോലെ
പുണര്‍ന്നിടാനായണയുന്നിതാ ഞാന്‍
പൂന്തേന്‍മൊഴീ, കാവ്യമനോഹരീ, നിന്‍
പൂമേനിയെന്തിത്ര കഠോരമാവാന്‍?
(2005)
<< എന്റെ മറ്റു ശ്ലോകങ്ങള്‍

സ്ഥാനമഹിമ

അവനവന്റെയിടം വെടിയൊ,ല്ലതി-
ങ്ങവമതിയ്ക്കിടയാക്കിടുമാര്യനും
റബറിനിട്ട തടത്തില്‍ മുളയ്ക്കുകില്‍
ചവറുപോല്‍ത്തുളസിച്ചെടി നിര്‍ണ്ണയം
(2005)
<< എന്റെ മറ്റു ശ്ലോകങ്ങള്‍

മഞ്ഞുപോലൊരു പെണ്‍കുട്ടി

കണ്ടെഴുത്ത്‌

കേരളത്തിനു നടുക്ക്‌, ആര്‍ഭാടമുള്ള അകത്തളങ്ങളുള്ള വീടുകളും പണക്കാരുടെ മക്കള്‍ പഠിക്കുന്ന പഞ്ചനക്ഷത്രവിദ്യാലയങ്ങളും ഐസ്ക്രീം പാര്‍ലറുകളുമുള്ള ഒരു സ്വര്‍ഗ്ഗത്തിലാണീ കഥ നടക്കുന്നത്‌. എന്നാല്‍, ആ ലോകത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ നുരയ്ക്കുന്നതു ചെകുത്താന്മാരും കൃമികളുമാണെന്നു തെളിവാകുന്നതില്‍ പുതുമയുണ്ട്‌.

നായിക ക്യാമറയോടു സംസാരിക്കുന്ന സങ്കേതത്തിനു പുതുമയുണ്ടെങ്കിലും ഇവള്‍ പറയുന്നതു സത്യമാണോ എന്ന സംശയത്തിലേക്കു കാഴ്ചക്കാരെ നയിച്ചേക്കാം.

ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തുന്ന സ്ത്രീയുടെ വീട്ടില്‍ കുട്ടികള്‍ക്കു കൂട്ടായി ഒരു വേലക്കാരി പോലുമില്ലാത്തത്‌ സ്വാഭാവികമോ?

കഥയുടെ അവസാനത്തേക്കു ഒരു തുറുപ്പുപോലും കരുതിവെയ്ക്കാതിരുന്നതു കാരണം കഥയിലെ വെളിപ്പെടുത്തലുകളെല്ലാം കഥതീരുന്നതിനു വളരെ മുന്‍പേ തീര്‍ന്നു പോവുന്നു. മാനുവല്‍ അങ്കിള്‍ ഒരു ബോറനല്ല എന്ന വസ്തുതയെങ്കിലും അവസാനത്തേക്കു കരുതി വെയ്ക്കാമായിരുന്നു. ഭാര്യയുടെ പണം കൊണ്ടാണ്‌ അയാള്‍ ജീവിക്കുന്നതെന്നു തന്നെ വന്നാല്‍പ്പോലും ആ കഥാപാത്രത്തിനു വലിയ കോട്ടമൊന്നും വരുമായിരുന്നില്ല. പിന്നെ, ആ ദോഷവും കൂടി ഒഴിവാക്കിയതു പെണ്ണുങ്ങള്‍ക്കു കീഴടങ്ങാത്ത കഥാപാത്രങ്ങളുടെ പരമ്പര സൃഷ്ടിച്ചു വിടുന്ന തിരക്കഥാകൃത്തിന്റെ തീരുമാനമോ?

ലാലു അലക്സിന്റെ മറക്കാനാകാത്ത ഒരു കഥാപാത്രമെന്നു പറഞ്ഞാല്‍ അതിശയോക്തിയായിരിക്കില്ല. നായികയും നന്നായിട്ടുണ്ട്‌. അവളുടെ സുഹൃത്തുക്കളായി അഭിനയിച്ച കുട്ടികള്‍ രണ്ടും നിലവാരം പോര.

ഇന്നു ത്രില്ലറുകള്‍ വായിക്കുന്ന കുട്ടികള്‍ക്ക്‌ ഷെര്‍ലക്‌ ഹോംസും അഗതാ ക്രിസ്റ്റിയുമൊക്കെയേ വായിക്കാനുള്ളോ?


<< എന്റെ മറ്റു സിനിമാ വിചാരങ്ങള്‍

Sunday, November 05, 2006

മദനഗോപാലന്‍"പുണ്യമായ ഭഗവത്കഥാമൃതമൊഴിഞ്ഞിനിക്കലിയുഗത്തിലീ
മന്നിടത്തിലുടലാര്‍ന്നവര്‍ക്കു വഴിയില്ല മോക്ഷപദമേറുവാന്‍
അന്നു ഭാഗവതവും നരന്നു ഹിതമാകയില്ല രതിയെന്നിയേ"
എന്നു ഗോപികളെ വെന്ന കണ്ണനരുളട്ടെയിന്നിവനു വാഗ്മിത.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

കൈരളി

'നേരമ്പോ' ക്കായി മാത്രം രതിയെ, മദിരയെ സ്വച്ഛമാം 'വെള്ള'മായും
നാരിത്വത്തെ'ച്ചരക്കാ'യ്‌, സഹജ മനുജനെക്കേവലം 'കക്ഷി'യായും
ധര്‍മ്മത്തെ ഭിക്ഷയായും കവനമൊരു വെറും കൗതുകം മാത്രമായും
നേരംപോല്‍ പാര്‍ത്തുകാണാന്‍ നിപുണത തികയും കൈരളീഭാഷ വെല്‍ക.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

ഇംഗ്ലീഷ്‌ മരുന്ന്‌

യോഗാഭ്യാസങ്ങള്‍ ചെയ്തും ഹിതമശനമൊടും പഥ്യമാം ചര്യയോടും
ദേഹം രക്ഷിച്ചുപോരുന്നവരുമൊരസുഖം വന്നു മാറാതെയായാല്‍
വൈകാതിംഗ്ലീഷ്‌ മരുന്നേ ഗതിയിനിയിവനെന്നോര്‍ത്തിടും പോലെ നേര്‍ക്കും
ശോകാശങ്കാദി നീങ്ങാന്‍ ജഗദധിപതിയെക്കൂപ്പിടും നാസ്തികന്മാര്‍.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍