Friday, September 18, 2015

വൈക്കം സത്യഗ്രഹത്തെപ്പറ്റി മേരി കിങ്ങ്പ്രശസ്ത സമാധാനപ്രവര്‍ത്തകയും പണ്ഡിതയുമായ ഡോ: മേരി എലിസബെത്ത് കിങ്ങ് എഴുതിയ "Gandhian Nonviolent Struggle and Untouchability in South India: The 1924-25 Vykom Satyagraha and Mechanisms of Change" എന്ന പുസ്തകവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന ചര്‍ച്ച വിജ്ഞാനപ്രദമായിരുന്നു. ഡോ: കിങ്ങിന്റെയും പുസ്തകപരിചയം നടത്തിയ ശ്രീ. എം. ജി. രാധാകൃഷ്ണന്‍റെയും പ്രസംഗങ്ങളില്‍നിന്നു മനസ്സിലാക്കിയ ഏതാനും കാര്യങ്ങള്‍.

- സമരം തുടങ്ങി ഒരു വര്‍ഷത്തിനു ശേഷമാണ് ഗാന്ധിജി സമരവുമായി ബന്ധപ്പെട്ടത്.
- മര്‍ദ്ദകരുടെ മാനസാന്തരത്തിലൂടെ മര്‍ദ്ദനങ്ങള്‍ക്ക് അറുതി എന്നതായിരുന്നു ഗാന്ധിജിയുടെ ദര്‍ശനം. അയിത്തത്തിന്‍റെ അവസാനം സവര്‍ണ്ണ ജാതിക്കാരുടെ മുന്‍കൈയോടെ നടക്കണം എന്ന്‍ അദ്ദേഹം കരുതി. അതുകൊണ്ട്, എസ്എന്‍ഡിപി ഉള്‍പ്പെടെ പ്രമുഖ അവര്‍ണ്ണസംഘടനകളുടെ പങ്കാളിത്തത്തെ അദ്ദേഹം അവഗണിച്ചു. അഹിന്ദുക്കളായ അകാലികളെയും ക്രിസ്ത്യാനികളെയും അവര്‍ സമരത്തില്‍നിന്നും പിന്തിരിപ്പിച്ചു.
- സമരം നീണ്ടുപോയിട്ടും സവര്‍ണ്ണസ്ഥാപനങ്ങളുടെ മാനസാന്തരം ഉണ്ടാകില്ല എന്നു കണ്ടപ്പോള്‍ അദ്ദേഹം തന്‍റെ സമീപനത്തില്‍ പല മാറ്റങ്ങളും വരുത്താന്‍ തയ്യാറായി. 'സമ്മര്‍ദ്ദം', 'പൊതുജനാഭിപ്രായം' തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായി.
- സമരം ഒരു വന്‍വിജയമായിരുന്നു എന്ന്‍ പാശ്ചാത്യലോകത്ത് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് സത്യമല്ല. അവര്‍ണ്ണരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ഒരു പുതിയ വഴിവെട്ടുകയാണ് ക്ഷേത്രഭരണക്കാര്‍ ചെയ്തത്. ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രപാതയില്‍ അവര്‍ണ്ണര്‍ക്ക് തുടര്‍ന്നും പ്രവേശനം ഉണ്ടായില്ല.
- ഇവിആര്‍ സത്യഗ്രഹത്തിന്‍റെ പരിസമാപ്തിയെച്ചൊല്ലി നിരാശനായിരുന്നു. സമരം പിന്‍വലിച്ചതിന്റെ പിറ്റേന്ന് അദ്ദേഹം കോണ്‍ഗ്രസ്സില്‍നിന്നു രാജിവെച്ചു.
- സത്യഗ്രഹം രാജ്യത്തിലൊട്ടാകെയും പുറത്തും ശ്രദ്ധനേടി. ഗാന്ധിജിയുടെ പങ്കാളിത്തം മൂലമാണ് പരിമിതമായ നേട്ടങ്ങളെങ്കിലും കൈവരിക്കാന്‍ സമരത്തിനു കഴിഞ്ഞത്. അതിനുശേഷം നടന്ന സമാനമായ പല സമരങ്ങളും പരാജയപ്പെട്ടു.
- അഹിംസാധിഷ്ഠിതമായ സമരമാര്‍ഗം എന്ന നിലയില്‍ ലോകപ്രശസ്തമായി തീര്‍ന്ന സത്യഗ്രഹത്തിന്‍റെ ഒന്നാമത്തെ പരീക്ഷണവേദിയായിരുന്നു വൈക്കം. അതില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഗാന്ധിജി പില്‍ക്കാലത്ത് സത്യഗ്രഹത്തെ മെച്ചപ്പെടുത്തിയത്.
- അഹിംസാധിഷ്ഠിതമായ സമരങ്ങള്‍ അക്രമമാര്‍ഗങ്ങളെക്കാള്‍ ഇരട്ടി ഫലവത്താണ് എന്ന്‍ ഈയിടെ നടന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
- അമേരിക്കയിലെ കറുത്തവംശജരുടെ പ്രതിനിധികള്‍ പലവട്ടം ഇന്‍ഡ്യ സന്ദര്‍ശിക്കുകയും സത്യഗ്രഹത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. ഈ മാര്‍ഗങ്ങളാണ് അവര്‍ ഉപയോഗപ്പെടുത്തിയത്.
- 1959ല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് തിരുവനന്തപുരം സന്ദര്‍ശിച്ചു. അന്ന്‍ ഇഎംഎസ്സുമായി നടന്ന അരമണിക്കൂര്‍ നീണ്ട സ്വകാര്യസംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ ഇപ്പോഴും പരസ്യമല്ല.

<< കടലാസുകപ്പല്‍