Wednesday, July 13, 2011

ISBN 978-81-264-3097-0

പ്രിയപ്പെട്ടവരേ,

എന്റെ ആദ്യത്തെ കഥാസമാഹാരം “കാമകൂടോപനിഷത്ത്“ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. നമ്പൂതിരിയുടെയും സുബോധിന്റെയും ചിത്രങ്ങളും ഡോ: പി.കെ. രാജശേഖരന്റെ അവതാരികയും പുസ്തകത്തെ അനുഗ്രഹിക്കുന്നു. ശ്ലോകമെഴുത്തിലൂടെയും ബ്ലോഗെഴുത്തിലൂടെയും കഥയെഴുത്തിലേക്കു മടങ്ങിവന്ന ഞാൻ ഇവിടെ വരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിങ്ങൾക്കോരോരുത്തർക്കും നന്ദിപറയുകയാണ്. ഭാവിയിലും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.


കൃതജ്ഞത

എഴുതാനും പ്രസിദ്ധീകരിക്കാനും പ്രോത്സാഹിപ്പിക്കുകയും സംശയങ്ങൾ തീർത്തുതരികയും മറ്റു സഹായങ്ങൾ ചെയ്യുകയും ചെയ്തവർക്ക്‌. അനിതാ തമ്പി, ഇഞ്ചിപ്പെണ്ണ്, ഉണ്ണികൃഷ്ണൻ ചേലാമ്പ്ര, ഉമേഷ്‌ പി. എൻ., ഏവൂരാൻ, ഡോ: ഗിരീഷ്‌ വർമ്മ, കെ. പി. സി. ജീവൻ, പി. സി. ജ്യോതിർമയി, ഡാലി, തഥാഗതൻ, നിർമ്മല, ബാലേന്ദു, ബിന്ദു വർമ്മ, ജി. മനു, മഹേഷ്‌ മംഗലാട്ട്‌, രാജ്‌ നീട്ടിയത്ത്‌, വഡവോസ്കി, ഡി. വിനയചന്ദ്രൻ, വിഷ്ണുപ്രസാദ്‌, ശങ്കരൻ കോറോം, ശ്രീധരൻ കർത്താ, ഷൈരജ്‌ എം., സർജു, സിജി വൈലോപ്പിള്ളി, സിബു സി.ജെ., സേതു, സുധീർ ബാബു, സുനിൽ കുമാർ, എം. കെ. ഹരികുമാർ, റീനി മമ്പലം, റോബി കുരിയൻ തുടങ്ങി അസംഖ്യം കൂട്ടുകാർക്കും ഗുരുസ്ഥാനീയർക്കും. കഥകൾ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണങ്ങൾക്കും ചിത്രങ്ങൾ ഉൾപ്പെടുത്താനുള്ള അനുമതി തന്ന ചിത്രകാരന്മാർക്കും അവതാരികയെഴുതിയ ഡോ: പി. കെ. രാജശേഖരനും.





അവതാരികയിൽനിന്ന്:

മലയാളചെറുകഥാസാഹിത്യത്തിന്റെ വർത്തമാനകാലശീലത്തിൽ പതിവില്ലാത്ത ഈ കഥപറച്ചിലുകാരന്റെ ആവിർഭാവവും രാജേഷ്‌ വർമ്മയുടെ എഴുത്തിന്റെ വഴികളുംതമ്മിൽ ബന്ധമുണ്ടെന്നു തോന്നുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽനിന്നാണ്‌ ആ കഥ തുടങ്ങുന്നത്‌. രണ്ടു പതിറ്റാണ്ടപ്പുറമുള്ള ആ കാലത്തെ ഓർമിക്കാതെ വർമ്മയുടെ കഥകളിലേക്കു പോകാനാവില്ല. മറ്റൊന്നായി കഥ നിർമിച്ചെടുക്കാൻ എഴുതിത്തുടങ്ങിയവരെല്ലാം ശ്രമിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്‌. കഥയിലും കവിതയിലും വന്മരങ്ങളുടെ നിഴലുകളുണ്ടായിരുന്നു. പൊതുജീവിതത്തിൽ എഴുപതുകളുടെ ചരിത്രഭാരവും. ചിലപ്പോൾ കാല്‌പനികംപോലുമായിരുന്ന രാഷ്ട്രീയതീവ്രതകളിലും ലോകവീക്ഷണത്തിലുംനിന്ന് പുറമേ ശാന്തമെങ്കിലും അരക്ഷിതവും മൂല്യശൂന്യവുമായ ഒരു ഘട്ടത്തിലേക്കു നീങ്ങുകയായിരുന്നു സ്ഥലവും കാലവും. എഴുത്തിലെ ഉദ്വിഗ്നപരീക്ഷണങ്ങൾ സ്ഥാപനവൽക്കരണത്തിലേക്കു നീങ്ങി. എല്ലാം നാട്ടുനടപ്പും തൻകാര്യതത്‌പരതയുമായി വ്യവസ്ഥപ്പെടാൻ തുടങ്ങിയ ആ ഘട്ടത്തിൽ മറ്റുവഴികൾ സാധ്യമല്ലേയെന്നെ കൗമാരവ്യഗ്രതയോടെ ആരായാൻ തുടങ്ങിയവരുടെ കൂട്ടത്തിലാണ്‌ രാജേഷ്‌ വർമ്മ തന്റെ ആദ്യകാലകഥാകൾ എഴുതിത്തുടങ്ങിയത്‌. പക്ഷിക്കൂട്ടംപോലെ ചിലച്ച, പുതിയ ആകാശങ്ങൾ തേടാൻ ശ്രമിച്ച ഒരുപാടുപേരുണ്ടായിരുന്നു ആ തലമുറയിൽ. ഒരു ദശകത്തിനുശേഷം അതിൽ പലരും എഴുതാതായി. അരക്ഷിതജീവിതത്തിന്റെ ചന്തത്തിരക്കുകളിൽ പലരും നഷ്ടപ്പെട്ടു. ഒരർത്ഥത്തിൽ അവർ തങ്ങൾക്കുശേഷം വരാനിരിക്കുന്നവർക്കു വളമാകുകയായിരുന്നു. അവർക്കുശേഷം വന്നവർക്ക്‌ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായിരുന്നു. പ്രസാധനത്തിന്റെ സാധ്യതകളെ സാങ്കേതികവളർച്ചയും രാജ്യത്തെ സാമ്പത്തികവികാസവുംചേർന്നു വലുതാക്കി. ലിറ്റിൽ മാഗസിനുകളിലെ ഒളിപ്പോരില്ലാതെതന്നെ മുഖ്യധാരയിലേക്കു കടക്കാമെന്നായി. എൺപതുകളിൽ എഴുത്താരംഭിക്കുകയും ഭാവിയുടെ സാധ്യതകളായി വിലയിരുത്തപ്പെടുകയുകയും ചെയ്തവരുടെ ഗണത്തിൽ രാജേഷ്‌ വർമ, വി. വിനയകുമാർ, മനോജ്‌ ജാതവേദര്‌, അശോൿകുമാർ കർത്താ തുടങ്ങിയ ഒരുപാടുപേരുണ്ടായിരുന്നു. അവർ തുടർന്നെഴുതിയില്ലെന്നല്ല, അതൊരു അനുസ്യൂത സാന്നിധ്യമായി മാറിയില്ലെന്നു മാത്രം. തുടർച്ചയെക്കാൾ ഇടർച്ചകൾ. ഒച്ചയെക്കാൾ നീണ്ട നിശ്ശബ്ദതകൾ. വർമയുടെ കഥാജീവിതത്തിന്റെയും കഥ ഇതുതന്നെയാണെ്. തൊഴിൽതേടലും പ്രവാസവും എഴുത്തിന്റെ തുടർച്ചയിൽ സൃഷ്ടിച്ച ഇടർച്ചയും നിശ്ശബ്ദതയുമാണ്‌ വർമ്മ ഉൾപ്പെടെയുള്ള പലരെയും പെട്ടെന്നോർമിക്കുന്ന പേർപ്പട്ടികകളിൽ അസന്നിഹിതരാക്കിയത്‌. എന്നാൽ കഥപറച്ചിലിന്റെ വിത്തുകൾ നിദ്രവിട്ട്‌ വീണ്ടും ഉണർന്നതിന്റെ ഫലമാണ്‌ 'കാമകൂടോപനിഷത്ത്‌'.






<< കയറ്റുമതി