Tuesday, July 02, 2013

ഇംഗ്ലീഷ്


നിർമ്മലയുടെ 'ചില തീരുമാനങ്ങൾ' എന്ന കഥ ശ്യാമപ്രസാദ് സിനിമയാക്കുന്നു എന്നു കേട്ടപ്പോൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. നാലു ഭാഗങ്ങളുള്ള ഒരു ചിത്രസമാഹാരത്തില്‍ ഒരു ഭാഗമാണ് ഈ കഥ എന്നാണ് അറിഞ്ഞത്. അക്കരക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ അജയൻ വേണുഗോപാലനാണ് ഇംഗ്ലീഷിന് തിരക്കഥ എഴുതുന്നതെന്നു കേട്ടപ്പോൾ പ്രതീക്ഷ ഇരട്ടിച്ചു. അങ്ങനെയാണ് ആദ്യത്തെ ആഴ്ച തന്നെ തീയേറ്ററിൽപ്പോയി ചിത്രം കണ്ടത്.

ഒരു സിനിമ കാണുകയാണെന്ന തോന്നൽ ഉണ്ടാകുന്ന അവസരങ്ങൾ കഴിവതും കുറച്ച്, നാടകീയത ഒഴിവാക്കി, കഥാപാത്രങ്ങളുടെ ജീവിതത്തിലേക്കു നോക്കുന്ന പ്രതീതി സൃഷ്ടിക്കാൻ കഴിയുന്ന കാര്യത്തിൽ എന്റെ ഓർമ്മയിലുള്ള ഏതു മലയാളം പടത്തിനെക്കാളും വിജയിച്ചിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട സംഗതി. അതു തന്നെ വലിയൊരു നേട്ടമല്ലേ? സ്വാഭാവികമായ അഭിനയവും സംഭാഷണങ്ങൾ ഡബ്ബ് ചെയ്യുന്നത് ഒഴിവാക്കിയിരിക്കുന്നതും ഇതിനു സഹായകമായിട്ടുണ്ട്.

മലയാളത്തിൽ ഇതിനകം ജനസമ്മതി നേടിക്കഴിഞ്ഞ ചലച്ചിത്രസമാഹാരങ്ങളുടെ രീതിയിൽ, നാലു കഥകളും നാലായിട്ടായിരിക്കും കാണിക്കുന്നത് എന്ന് കരുതിയാണു പോയത്. എന്നാൽ, നാലും കലർത്തിയാണു പറഞ്ഞിരിക്കുന്നത്. കഥ ഏതാണ്, ഈ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് എന്നൊന്നും ഒരു ആശയക്കുഴപ്പവും കാഴ്ചക്കാർക്കുണ്ടാകുന്നില്ല എന്നത് സംവിധായകന്റെ കഴിവിന്റെ തെളിവാണ്. വേറെ ചിലരൊക്കെ ഒരു കഥ പറയുന്നതിലും അനായാസമായി നാലെണ്ണം സമാന്തരമായി പറഞ്ഞുപോയിരിക്കുന്നു. എന്നാൽ, ഇങ്ങനെ ചെയ്തപ്പോൾ ഓരോ കഥയും വെവ്വേറെ പറഞ്ഞിരുന്നെങ്കിൽ കിട്ടുമായിരുന്ന ഏകാഗ്രത നഷ്ടമായി. നാലും നാലായിട്ട് പറഞ്ഞിട്ട് മറ്റേ കഥാപാത്രങ്ങളെ ഇടയ്ക്കിടെ കാണിക്കുകമാത്രം ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി. സംവിധായകന്റെ പരിപാടിയും ആദ്യം ഇതുതന്നെ ആയിരുന്നിരിക്കണം എന്നുവേണം ഊഹിക്കാൻ. അവസാനത്തെ രംഗം തിരുവനന്തപുരത്ത് ഷൂട്ടു ചെയ്യേണ്ടിവന്നതും ഇതുകാരണം ആയിരിക്കണം.

'തീരുമാനങ്ങളിലെ' ജോയിയായി മുകേഷും സാലിയായി സോനാ നായരും നന്നായിട്ടുണ്ട്. മകളും തരക്കേടില്ല. എന്നാൽ, അമ്മച്ചി എന്ന കഥാപാത്രത്തെ വികസിപ്പിച്ചെടുക്കാൻ മെനക്കെട്ടിട്ടില്ല എന്നത് ഒരു പോരായ്മയായി. ഒരു മുറിയില്‍ വെറുതെ ചിരിച്ചുകൊണ്ട് കിടന്ന കിടപ്പിൽ കിടക്കുന്ന ഒരു അമ്മച്ചിയായി മാത്രം കാണിച്ചിരിക്കുന്നതുകൊണ്ട് നമുക്ക് ജോയിയുടെ വേവലാതിയുടെ വ്യാപ്തി പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ല. കഥയിൽ തന്റെ ബാല്യം ഓർമ്മിക്കുന്ന ജോയിയെ കാണുക:
അപ്പച്ചൻ മരിച്ചത് ജോയിക്കു പന്ത്രണ്ടു വയസ്സുള്ളപ്പോഴായിരുന്നു. അതുകഴിഞ്ഞുള്ള ഓരോ ചുവടും അയാൾക്ക് വ്യക്തമായ ഓർമ്മയുണ്ട്. ആദ്യമായി സാധനങ്ങൾ വാങ്ങാൻ കടയിൽ പോയപ്പോൾ അമ്മ കൂട്ടിനു വന്നു. വഴിയരികിൽ ഇടയ്ക്കിരുന്ന് ശ്വാസം വലിക്കുമ്പോൾ തൊണ്ടയ്ക്ക് വിസിലൂതുന്ന ശബ്ദം കേൾക്കാം. ഒടുക്കം വീട്ടിലെത്തിയപ്പോൾ അകത്തേക്കു കേറാൻ കെല്പില്ലാതെ നടക്കല്ലിലിരുന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.
- മോനേ ഇച്ചര ചൂടുവെള്ളം.
(ഏതാനും വരികൾക്കു ശേഷം)
അപ്പോൾ എട്ടുവയസ്സുകാരൻ ജിമ്മി പറമ്പിൽ ഓടിക്കളിക്കുകയായിരുന്നു.
ഇപ്പോൾ ഉടഞ്ഞുവീഴുമെന്നു തോന്നിച്ച തന്റെ ദുർബലമായ ശരീരം മക്കൾക്കുവേണ്ടി വാർദ്ധക്യം വരെ കൊണ്ടെത്തിച്ച ആ അമ്മയുടെ കഥ, ആ അമ്മയും മകനും ഒന്നിച്ചെടുത്ത അസംഖ്യം തീരുമാനങ്ങളുടെ കഥ, ആ തീരുമാനങ്ങൾക്കു കീഴെ സുരക്ഷിതനും സ്വാർത്ഥനുമായി വളർന്ന അനുജന്റെ കഥ: ഇതെല്ലാം ദ്യോതിപ്പിക്കാൻ വിദഗ്ധയായ എഴുത്തുകാരിക്ക് കഷ്ടിച്ചു മുക്കാൽ പേജേ വേണ്ടിവരുന്നുള്ളൂ. ഇതൊരു രംഗമാക്കി കാണിക്കാൻ അഞ്ചുമിനിറ്റു പോലും വേണ്ട സിനിമയിൽ. എന്നിട്ടും അത് ചെയ്തിട്ടില്ലാത്തത് കഥയ്ക്ക് ദോഷം ചെയ്തു.

കഥയുടെ അവസാനത്തിൽ വരുത്തിയ മാറ്റവും കഥയെ ആകെ ദുർബലമാക്കിക്കളഞ്ഞു എന്നാണ് എന്റെ അഭിപ്രായം. അമ്മയെ മരണത്തിനു വിട്ടുകൊടുക്കാൻ തീരുമാനമെടുക്കേണ്ടിവരാതിരുന്ന ജോയിയുടെ കഥയ്ക്കു പകരം അങ്ങനെ തീരുമാനമെടുത്തിട്ടും മരിക്കാത്ത അമ്മയെയാണു സിനിമയിൽ കാണുന്നത്. 'ആൾക്കൂട്ടത്തിൽ തനിയെ'യിലും മറ്റും കണ്ടുകഴിഞ്ഞ അവസാനം.

പകുതികഴിയുമ്പോൾത്തന്നെ കഥാവസാനം ഊഹിക്കാൻ കഴിയുമെങ്കിലും നദിയാ മൊയ്തു/മുരളി മേനോൻ കഥ തരക്കേടില്ല. ഇംഗ്ലണ്ടിൽ കുടുങ്ങിയ കഥകളി നടനെ ഒരു ന്യൂ ജെനറേഷൻ സിനിമയിൽ പെട്ടുപോയ ഓൾഡ്‌ ജെനറേഷൻ കഥാപാത്രമായി സങ്കല്പിക്കാൻ കൌതുകം തോന്നി. ഒരു കഥകളി നടനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉച്ചാരണശുദ്ധിയും മറ്റും ഉള്ള ഒരു നടനെ ജയസൂര്യയ്ക്ക് പകരം തെരഞ്ഞെടുക്കാമായിരുന്നു.

തീരെ വിശ്വസിക്കാൻ ബുദ്ധിമുട്ട് രമ്യാ നമ്പീശൻ/നിവിൻ പോളി കഥയാണ്. സ്ത്രീലമ്പടനെന്നു പേരുകേട്ട സുഹൃത്തിനോട് ഭാര്യയെ ബോറടിക്കാതെ കൊണ്ടു നടക്കണം എന്ന് ഏല്പിച്ചിട്ട് ഒരു മലയാളിഭർത്താവ് യാത്രപോകുമെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

വിദേശത്തു ജീവിച്ചിട്ടുള്ളവർക്ക് അസ്വാഭാവാകിത തോന്നുന്ന ഘടകങ്ങൾ തീരെ കുറവാണെന്നു തന്നെ പറയാം. വിദേശത്തുവെച്ചെടുക്കുന്ന പല പടങ്ങളിലും കാണുന്നതുപോലെ അവിടുത്തെ കൗതുകദൃശ്യങ്ങൾ തുണ്ടം തുണ്ടമാക്കി അങ്ങിങ്ങു ചേര്‍ക്കുന്ന പ്രവണത വളരെ കുറച്ചിടത്തേ കണ്ടുള്ളൂ. ജോയിയും സാലിയും തമ്മിലുള്ള ഒരു പ്രധാനസംഭാഷണത്തിന്റെ ഇടയിൽ അണ്ടർഗ്രൗണ്ട് ട്രെയിനിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ ചേർത്തതുമാത്രം അരോചകമായി.

നിർമ്മാതാവിനു നഷ്ടമുണ്ടാവരുതെന്ന നിർബന്ധം ഡിജിറ്റൽ ഷൂട്ടിങ്ങിലും സിനിമയുടെ നീളക്കുറവിലും കാണുന്നുണ്ട്. കച്ചവടസിനിമാ പ്രതീക്ഷകളുമായി തീയേറ്ററിലെത്താത്ത കാഴ്ച്ചക്കാർക്കും കാശു നഷ്ടം വന്നതായി തോന്നാനിടയില്ല. തീയേറ്റർ വിട്ടുകഴിഞ്ഞാൽ ഓർത്തിരിക്കാൻ കാര്യമായൊന്നും ഇല്ലെന്നതുമാത്രം ഒരു കുറ്റമായി പറയാം. അതല്ലേ വിനോദത്തിന്റെ നിർവചനം?

ചെറുകിട അലോസരം1: പോളി അവതരിപ്പിക്കുന്ന കഥാപാത്രം ഇംഗ്ലണ്ടിൽ ജനിച്ചുവളർന്നതാണെന്നു തീരെ തോന്നില്ല. ലിവിങ്ങ് എന്നതിനു ലീവിങ്ങ് എന്നു പറയുമോ അത്തരത്തിലൊരാൾ?

ചെറുകിട അലോസരം2: 'കഥകളിയിൽ എല്ലാ വേഷങ്ങളും കെട്ടിയിട്ടുണ്ട്, പാചകക്കാരന്റേതൊഴിച്ച്' എന്ന സംഭാഷണം എഴുതിയയാൾക്ക് നളൻ അടുക്കളക്കാരനായി ജോലി ചെയ്തു എന്ന് അറിയില്ലായിരിക്കുമോ അതോ ന്യൂ ജെനറേഷന് ഇത്രയൊക്കെ മതിയെന്നു കരുതിയിരിക്കുമോ എന്തോ.

വാൽക്കഷണം: നാട്ടിൽ ജീവിക്കുന്ന ഒരു സുഹൃത്ത് ഈ പടത്തെക്കുറിച്ചു പറഞ്ഞ അഭിപ്രായം കൗതുകകരമായി തോന്നി. ഞങ്ങൾക്ക് ഇവിടെ അത്ര സുഖമൊന്നും അല്ലെന്നും നിങ്ങൾ നാട്ടിൽത്തന്നെ കഴിഞ്ഞാൽ മതിയെന്നും പറയാൻ വിദേശമലയാളികൾ ഉണ്ടാക്കിയ സിനിമയെന്ന് തോന്നിയത്രെ അദ്ദേഹത്തിന്. ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനും പുത്തൻ കാറുകൾ ഓടിച്ചുനടക്കാനും ഇഷ്ടമുള്ളപ്പോഴൊക്കെ പീത്സയും ബർഗറും കഴിക്കാനും കഴിയുന്ന വിദേശമലയാളികൾക്ക് വാസ്തവത്തിൽ ദുഃഖങ്ങളില്ലെന്ന് കരുതുന്ന വേറെയും കാഴ്ചക്കാരുണ്ടായിരിക്കുമോ?

<< കണ്ടെഴുത്ത്‌