Sunday, May 24, 2015

അനുകരണം എന്ന അഭ്യാസം

വിന്‍സന്റ് വാന്‍ ഗോഗിന്‍റെ "ആദ്യചുവടുകള്‍" എന്ന ചിത്രം. ഇത് മില്ലെറ്റ് എന്ന ചിത്രകാരന്‍റെ അനുകരണമാണ്.

മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം സ്വീകരിച്ചുകൊണ്ട് സോക്രട്ടീസ് കെ. വാലത്ത് നടത്തിയ വികാരഭരിതമായ പ്രസംഗത്തിൽ പറഞ്ഞ ഒരു കാര്യമാണ്‌: ചെറുപ്പത്തില്‍ത്തന്നെ ധാരാളം വായിച്ചിരുന്നെങ്കിലും എഴുത്തുകാരനാകണം എന്ന ആഗ്രഹമുണ്ടായത് പത്മരാജനെ വായിച്ചതോടെയാണ്‌. “കള്ളൻ പവിത്രൻ” മുതൽ സകലതും തേടിപ്പിടിച്ചു വായിക്കുകയായിരുന്നു. പിന്നെ എഴുത്തുതുടങ്ങി. എഴുതിയതെല്ലാം പത്മരാജന്റെ അനുകരണം. ഒരു ആറുവർഷം പത്മരാജൻ “ബാധ”യിലായിരുന്നു. അതുകഴിഞ്ഞ് ആ ജ്വരം വിട്ടുപോയി. ഒരു മനുഷ്യനിർമ്മിത ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചുകഴിഞ്ഞ് വേർപെട്ടുപോകുന്ന റോക്കറ്റുപോലെ അത് തന്നെ ഒരു നിലയിൽ എത്തിച്ചുകഴിഞ്ഞിരുന്നു.

വി. ജെ. ജെയിംസ് തന്റെ ആദ്യനോവലിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്, ആദ്യരൂപത്തിൽ അത് വെറുമൊരു ഒ. വി. വിജയൻ അനുകരണമായിരുന്നു എന്ന്. വായിച്ച ഒരു സഹൃദയസുഹൃത്ത് പറഞ്ഞു, ഇത് 90% വിജയനും 10% ജെയിംസും ആണ്‌. പിന്നീട് തിരുത്തിയെഴുതി അത് തികച്ചും തന്റേതാക്കാൻ ജെയിംസിനു കഴിഞ്ഞു എന്നതിന്റെ തെളിവാണ്‌ പത്തുകൊല്ലം കൊണ്ട് ആറാം പതിപ്പിലെത്തി നില്ക്കുന്ന അപൂർവമായ ആ ആദ്യനോവൽ.

എഴുതിത്തുടങ്ങുന്നവരിൽ അനുകരണത്തിന്റെ മൂല്യത്തെപ്പറ്റി അധികം ചർച്ചചെയ്തുകേട്ടിട്ടില്ല. ചെറുപ്പക്കാരുടെ രചനകൾ വായിക്കുമ്പോൾ അവയിലെ പരകീയസ്വാധീനങ്ങൾ നുള്ളിപ്പെറുക്കിക്കണ്ടുപിടിക്കുകയും അവ വർജ്ജിക്കാൻ പ്രേരിപ്പിക്കുകയുമാണ്‌ നമ്മുടെ മുതിർന്ന എഴുത്തുകാർ ചെയ്യാറുള്ളത്. എന്നാൽ, എഴുത്തിൽ പ്രാവീണ്യം നേടിയ ഒരു മുൻഗാമിയെ അരച്ചുകലക്കിക്കുറിച്ച്, ആ ശൈലിയുടെ ബാധയിൽ പെട്ടിട്ട് എഴുതുമ്പോൾ ഒരു തുടക്കക്കാരൻ/കാരി ഒന്നിച്ച് ഒരുപാടുകാര്യങ്ങൾ പഠിക്കുകയാണ്‌ എന്നതു വിസ്മരിക്കപ്പെട്ടുപോകുന്നു. പാത്രസൃഷ്ടിയായാലും സംഭാഷണരചനയായാലും രംഗസജ്ജയായാലും ഇതിവൃത്തനിർമ്മിതിയായാലും സൂക്ഷ്മമായ ഒരുപാടു ഘടകങ്ങൾ നാം സ്വായത്തമാക്കുന്നു. പരുന്തിന്റെ പുറത്തുകയറി പൊക്കത്തിലെത്തിയ പഴയ കഥയിലെ കുരുവിയെപ്പോലെ, അല്ലെങ്കിൽ സോക്രട്ടീസ് പറഞ്ഞ ഉപഗ്രഹത്തെപ്പോലെ, അപ്പോഴേക്കും നാം എഴുത്തിൽ ഒറ്റയടിയ്ക്ക് ഒരുപാടുദൂരം താണ്ടിക്കഴിഞ്ഞിരിക്കും. സ്വന്തമായി പ്രതിഭയുള്ളവരാണെങ്കിൽ ആ സ്വാധീനം നമ്മെവിട്ടുപോകുകതന്നെ ചെയ്യും. (വി. കെ. എന്നെ അനുകരിച്ച് ജീവിതകാലം മുഴുവൻ എഴുതിയ മാർഷലിനെപ്പോലെ അല്പപ്രതിഭകളായ സാഹിത്യകാരന്മാരിൽ ഈ “ബാധ” ഒരിക്കലും ഒഴിയുകയില്ലായിരിക്കാം.) സോക്രട്ടീസിന്റെയും ജെയിംസിന്റെയും കൃതികൾ വായിക്കുന്നവർക്കറിയാം അവ പത്മരാജന്റെയോ വിജയന്റെയോ രചനകൾപോലെയല്ല എന്ന്.

അവനവൻ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നതിനു സദൃശമായ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള മുൻഗാമികളെ അനുകരിച്ച്, അവരുടെ സാങ്കേതങ്ങളും തന്ത്രങ്ങളും പഠിക്കുക എന്നത് ചിത്രകലയിൽ പ്രതിഷ്ഠനേടിയ ഒരു അഭ്യാസമാണ്‌. പ്രശസ്തകൃതികളെ അനുകരിച്ച് ചിത്രീകരിച്ചാണ്‌ വാൻ ഗോഗിനെപ്പോലുള്ളവർ സ്വന്തം ശൈലി വികസിപ്പിച്ചെടുത്തത്. സാഹിത്യവിദ്യാർത്ഥിക്കുമാത്രം ഇതൊന്നും പ്രയോജനം ചെയ്യില്ല എന്ന ചിന്ത ശരിയല്ല.

വാൻഗോഗിന്റെ പകർപ്പുകളെപ്പറ്റി ഇവിടെ:

http://en.wikipedia.org/wiki/Copies_by_Vincent_van_Gogh

<< എഴുത്ത്

Tuesday, May 19, 2015

ഉട്ടോപ്പിയ വായന

"കാമാകൂടോപനിഷത്ത്" കഥാസമാഹാരം വായന ഉട്ടോപ്പിയ  ബ്ലോഗില്‍.