Friday, March 24, 2017

സേതുവിന്റെ കുറിപ്പ്"ചുവന്ന ബാഡ്ജി"ന് സേതു എഴുതിത്തന്ന വായനക്കുറിപ്പ്:

ഉണ്ടാകാതിരുന്ന ഒരു ഭൂതകാലത്തിന്റെയും, ഉണ്ടാകുമായിരുന്ന അനന്തരകാലത്തിന്റെയും കാഴ്ചകൾ കാണാനുള്ള സിദ്ധിയോ, ശാപമോ തന്റെ കണ്ണുകൾക്കുണ്ടെന്ന്‌ വിശ്വസിക്കുന്ന മദ്ധ്യവയസ്സിലെത്തി നില്ക്കുന്ന ഒരാൾ തന്റെ ബാല്യകാല ജീവിതം പറയുകയാണിവിടെ. കൗമാരകാലത്തെ ചില തീക്ഷ്ണമായ ഓർമ്മകൾ ദുസ്വപ്നങ്ങളുടെ രൂപമെടുക്കുമ്പോൾ അത്‌ ഒരു സമൂഹമാകെ കടന്നു പോയേക്കാവുന്ന പീഡനകാലത്തിന്റെ സഹനകഥകളായി മാറുന്നു. വെള്ളിത്തിരയിലെന്ന പോലെ ദൃശ്യങ്ങളും ശബ്ദങ്ങളും നൊടിയിടയിൽ മാറി മറിയുമ്പോൾ അതേ വരെ കൺമുമ്പിലുണ്ടായിരുന്ന ഭൂമികയാകെ മാറുന്നു. ആദ്യം വടക്കൻപ്രദേശങ്ങളിൽ ചുവടുറപ്പിച്ച നാത്‌സികൾ പതിയെ ഭരണം പിടിച്ചെടുത്ത്‌ മറ്റു ഭാഗങ്ങളിലേക്കും പടർന്നു കയറിയതോടെ അതൊരു വലിയ അലയിളക്കമായി മാറി. വംശവെറി കൊലവിളികളുടെ രൂപമെടുത്തതോടെ ജൂതന്മാരായി മുദ്ര കുത്തപ്പെട്ട അനാര്യന്മാരെല്ലാം വേട്ടയാടപ്പെട്ടു. ആര്യഭാഷ സംസാരിക്കാത്ത, ആചാരാനുഷ്ഠാനങ്ങൾ പാലിക്കാത്ത ജൂതന്മാർക്കായി പീഡനസങ്കേതങ്ങൾ ഒരുങ്ങിയപ്പോൾ അധിനിവേശസ്വഭാവമുള്ള ഏകാധിപത്യത്തിനും, വംശീയ മേല്ക്കോയ്മക്കുമിടയിൽ പഴയകാല മനുഷ്യക്കുരുതികൾ കാലപ്പകർച്ചകളുടെ പുതുവേഷങ്ങളുമണിഞ്ഞ് അരങ്ങ്‌ തകർക്കുകയായി.

‘ചരിത്രപുസ്തകങ്ങളുടെ വിവിധഭാഗങ്ങളിൽ വ്യത്യസ്തരൂപങ്ങളിലും ഭാവങ്ങളിലുമുള്ള നാത്‌സികളെ നമുക്ക്‌ കാണാം. ഗൂഢസംഘങ്ങളായും സന്നദ്ധസംഘങ്ങളായും പടയോട്ടങ്ങളായും, ബഹുജനപ്രസ്ഥാനങ്ങളായും അവർ വന്നുപോയിട്ടുണ്ട്‌. അവരെക്കുറിച്ചുള്ള പുസ്തകങ്ങൾ മുകൾത്തട്ട് മുട്ടുന്ന ഷെല്ഫുകളിലടുക്കി നിർമ്മിച്ച ഒരു കോട്ടമതിലിന്‌ നടുവിലുള്ള ഈ വായനമുറിയിലാണ്‌ എന്റെ ജീവിതം. ഇനിയൊരിക്കലും ഒരിടത്തും ഒരു കള്ളവാതിൽ തുറന്ന്‌ ചരിത്രത്തിൽ അവർ കടന്നുവരികയില്ലെന്ന്‌ ഉറപ്പ്‌ വരുത്താൻ മാർഗ്ഗമെന്തെന്ന്‌ ഞാൻ നിരന്തരം ആരായുകയാണ്‌....’ എന്ന മുഖ്യകഥാപാത്രത്തിന്റെ തുറന്നു പറച്ചിൽ ഇവിടെ പ്രസക്തമാകുന്നു.

അധികാരക്കൊതിയും, അധിനിവേശമോഹങ്ങളും ബലപ്പെട്ടു വരുന്ന കാലത്ത്‌ ഏകാധിപത്യത്തിലേക്കുള്ള ദൂരം അധികമില്ലെന്ന്‌ സൂചിപ്പിക്കുന്ന, സമകാലികമായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്ന രാജേഷ്‌ വർമ്മയുടെ ഈ ആദ്യനോവൽ പലതരം വായനകൾക്ക്‌ വിധേയമാക്കപ്പെടുമെന്നാണ്‌ എന്റെ വിശ്വാസം.

<< ചുവന്ന ബാഡ്ജ് വായനകൾ

Thursday, March 23, 2017

ചുവന്ന ബാഡ്ജ് പ്രകാശനം

ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന നോവൽ 'ചുവന്ന ബാഡ്ജ്' പ്രകാശിപ്പിക്കപ്പെടുന്നു. മാർച്ച് 30 വ്യാഴാഴ്ച. തിരുവനന്തപുരം പ്രെസ് ക്ലബ്ബിൽ വെച്ച്. എല്ലാവർക്കും സ്വാഗതം.

പുസ്തകത്തിന്റെ പുറംതാൾ:<< കയറ്റുമതി