Monday, January 17, 2011

തീർത്ഥാടകർക്കു സ്വാഗതം

മതവുമാർത്തിയുമൊത്തു നടത്തിടും
മകരമേളയിൽ വന്നു മരിക്കുവിൻ!
മദിരപോലെ പുളിച്ചൊരു ഭക്തിതൻ
മദമൊടാഴിയിലീയലു പോലവേ
ചിത്രത്തിനു കടപ്പാട്: വിനോദ് ബാലകൃഷ്ണൻ


പ്രിയ സഞ്ചാരികളേ,

കേരളത്തിലേക്കു വരുവിൻ.

ഞങ്ങൾ കേരളീയർ അതിഥിസൽക്കാരപ്രിയരാകുന്നു. ഞങ്ങൾക്കു ജീവിക്കാൻ പണം വേണം. അതിർത്തികടന്നുവരുന്ന വാഹനങ്ങൾ നിറയെ ആളുകൾ. പണസ്സഞ്ചികളിൽ നോട്ടുകൾ, നാണയങ്ങൾ.

ഞങ്ങൾ കേരളീയർ വേദാന്തികളും സത്യാന്വേഷികളുമാകുന്നു. തത്വമസി. ഞങ്ങൾ ശരീരമല്ലെങ്കിലും ഞങ്ങൾക്കും ശരീരങ്ങളുണ്ട്. ശരീരങ്ങളിൽ വയറുകൾ. വയറ്റിലേക്കു ഭക്ഷണം. ഭക്ഷണത്തിനു പണം. പണസ്സഞ്ചികളുമായി തീർത്ഥാടകർ. ബ്രഹ്മസ്സത്യം ജഗന്മിഥ്യ. ഭഗവാൻ തന്റെ പ്രിയഭക്തർക്കുവേണ്ടി മായകാണിക്കുന്നതുപോലെ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ചില ചെപ്പടിവിദ്യകൾ കാണിക്കുന്നു. ആകാശത്തുയരുന്ന മായാജ്യോതി. ആത്യന്തികസത്യത്തിന്റെ അന്വേഷണത്തിൽ മുഴുകിയിരിക്കുന്ന ഞങ്ങൾക്കോ ഞങ്ങളുടെ ആചാര്യന്മാർക്കോ ഇത്തരം ചെറിയ വിദ്യകളുടെ പൊരുളുതെരയുന്നതിൽ താത്പര്യമില്ല. തീർത്ഥാടനം നല്ലതാകുന്നു. അതിൽനിന്നു ധനമുണ്ടാകുന്നു. ധനാദ്ധർമ്മം തതഃസുഖം.

ഞങ്ങൾ കേരളീയർ വിപ്ലവകാരികളാകുന്നു. വിപ്ലവം വിരുന്നായി വരികില്ലൊരേടത്തും. വിപ്ലവം വരുത്താൻ അധികാരം കൊയ്യണം നമ്മളാദ്യം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ ഞങ്ങളുടെ പ്രവാചകന്മാർ അധികാരത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. അധികാരത്തിന് തെരഞ്ഞെടുപ്പു വിജയം. വിജയത്തിനു പണം. പണത്തിന് കാണിക്കപ്പെട്ടികളുള്ള സ്ഥാപനങ്ങൾ. തീർത്ഥാടക സീസൺ. ചാകര. സഞ്ചാരികളെ ആകർഷിക്കാ‍ൻ തെളിയ്ക്കുന്ന ജ്യോതിക്ക് വേണ്ട കർപ്പൂരം കൊണ്ടുപോകാൻ ജനങ്ങളുടെ സർക്കാരിന്റെ ജീപ്പ്, ദീപത്തിന് ജനങ്ങളുടെ പോലീസിന്റെ കാവൽ.

ഞങ്ങൾ കേരളീയർ പ്രബുദ്ധരാകുന്നു. മൂക്കറ്റം സാക്ഷരത. രാജ്യത്തേറ്റവും പ്രചാരമുള്ള പത്രങ്ങൾ. കോട്ടിട്ടു വാർത്തവിളമ്പുന്ന ചാനലുകൾ. കോട്ടുവായിട്ടു കേൾക്കുന്ന ജനത. ചാനലുകൾ ഓടാൻ പണം. ഭക്തിപ്രകർഷം. തത്സമയസം‌പ്രേഷണം. കലിയുഗവരദന് ദേവഗണങ്ങളുടെ ദീപാരാധന. ഈ വർഷത്തെ പുതിയ ഭക്തിഗാനങ്ങൾ എഴുതാൻ കവികൾ, സംഗീതം പകരാൻ സംഗീതജ്ഞർ, പാട്ട്, കൊട്ട്. ഈശ്വരന്റെ സ്വന്തം നാടിന്റെ ഉന്നതിയ്ക്ക് ഭക്തരുടെ സ്വന്തം പണം. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ വാർത്തകളും മാധ്യമങ്ങൾക്കു സ്വന്തം.

വരുവിൻ. പൊന്നമ്പലമേട്ടിലുയരുന്ന ദിവ്യജ്യോതി കൺകുളിർക്കെക്കാണുവിൻ. അപൂർവതകളാർന്ന കേരളീയജനതയുടെ സംരക്ഷണത്തിനു സാമ്പത്തികസഹായം നൽകുവിൻ. ഉല്ലാസവും വിശ്വാസവും നേടുവിൻ. ഭാഗ്യമുള്ള ഏതാനും‌പേർക്ക് സായൂജ്യം സൌജന്യമായി ലഭിക്കുന്നു.

<< തോന്നിയവാ‍സം

Wednesday, January 05, 2011

പഞ്ചാക്ഷരഭുജംഗം

ഗത്തെക്കരത്തിൽദ്ധനുസ്സായ്ക്കുലയ്ക്കും
ജഗദ്ധാത്രിയെത്തൻ മടിത്തട്ടിലേൽക്കും
അഘത്തെത്തടുക്കും, മഖത്തെത്തുലയ്ക്കും,
സുഖം നൽകുമെങ്ങൾക്കു വൈക്കത്തുചൊക്കൻ

ണിക്കാളമേലേറി വെക്കം നടക്കും
പിണക്കാട്ടിലന്തിയ്ക്കണിക്കൂത്തടിയ്ക്കും
ഇണക്കും പ്രപഞ്ചം, ഭരിയ്ക്കും, മുടിക്കും
തുണച്ചീടുമെങ്ങൾക്കു വൈക്കത്തുചൊക്കൻ

ശിരസ്സിൽ ശശിക്കീറൊതുക്കിദ്ധരിക്കും
കരിമ്പാമ്പിനെത്തൻ കഴുത്തിൽപ്പിണയ്ക്കും
പുരത്തെക്കരിയ്ക്കും, കരിത്തോലുടുക്കും
വരം നൽകുമെങ്ങൾക്കു വൈക്കത്തുചൊക്കൻ

ഴങ്ങാത്ത ദൈത്യർക്കു ഗർവ്വം കെടുക്കും
കുഴങ്ങുന്ന ഭക്തർക്കു മാർഗ്ഗം തെളിക്കും
മഴക്കാറൊടേൽക്കും ജടക്കെട്ടുലയ്ക്കും
ഭയം പോക്കുമെങ്ങൾക്കു വൈക്കത്തുചൊക്കൻ

മന്നുള്ളിലും ഭീതിയേറ്റം കൊടുക്കും
നമിക്കും ഹരിക്കും വിധിക്കും തുണയ്ക്കും
സഭാമണ്ഡപത്തിൽ സഹർഷം നടിക്കും
ശുഭം നൽകുമെങ്ങൾക്കു വൈക്കത്തു ചൊക്കൻ


<< കവിതകൾ