Monday, May 18, 2009

വിധിയുടെ തിരുത്ത്‌

വാനില്‍ത്തിങ്ങിന ഗോളതാരനിരതന്‍ നീക്കങ്ങളില്‍ ജ്യോത്സ്യനും
വേണും കാട്ടുചെടിക്കറക്കലവികള്‍ക്കുള്ളില്‍ ഭിഷഗ്വര്യനും
കാണുന്നുണ്ടു കണക്കുകൂട്ടലുകളാല്‍ നീണാര്‍ന്ന വാഴ്‌വെങ്കിലും
കാണാക്കൈയുകളാല്‍ക്കിഴിപ്പു ഞൊടികൊണ്ടാ രണ്ടിനേയും വിധി

എ. ആര്‍. രാജരാജവര്‍മ്മയുടെ "ഗണയതി ഗണകഃ" എന്ന ശ്ലോകത്തിന്റെ മൊഴിമാറ്റം.
<< ശ്ലോകങ്ങള്‍

Thursday, May 07, 2009

മലയാളം ബ്ലോഗറെ തടഞ്ഞതില്‍ പ്രതിഷേധിക്കുക

പ്രിയപ്പെട്ട മലയാളം ബൂലോഗവാസികളേ, നമ്മളെപ്പോലെ മലയാളത്തില്‍ ബ്ലോഗെഴുതുന്ന മുഹമ്മദ്‌ കുട്ടി ഇസ്മായില്‍ പനിപ്പറമ്പില്‍ എന്നയാളെ ന്യൂ യോര്‍ക്ക്‌ വിമാനത്താവളത്തില്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിക്കാന്‍ ഞാനിതാ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. മമ്മൂട്ടി എന്ന പേരില്‍ ഈയിടെ മാത്രം ബ്ലോഗെഴുതാന്‍ തുടങ്ങിയ ഇയാളെ പിന്തുണയ്ക്കേണ്ടത്‌ മലയാളബൂലോഗത്തിലെ തലമൂത്ത അംഗങ്ങളെന്ന നിലയില്‍ എന്നെപ്പോലുള്ളവരുടെ കടമയാണെന്ന് ഞാന്‍ കരുതുന്നു. ബ്ലോഗറെന്നതിനു പുറമെ ഇയാള്‍ ഒരു ചലച്ചിത്രനടനുമാണ്‌.

മലയാളം ബ്ലോഗിന്റെ ശക്തി സാമ്രാജ്യത്വ, മുതലാളിത്തശക്തിയായ അമേരിക്കയെ മനസ്സിലാക്കിക്കൊടുക്കാനായി ഈ ബ്ലോഗ്‌ പോസ്റ്റും ഇതിന്റെ താഴെ നിങ്ങളിടുന്ന വിലപ്പെട്ട കമന്റുകളും പ്രിന്റുചെയ്ത്‌ അമേരിക്കന്‍ ആഭ്യന്തരവകുപ്പിനും ഇന്ത്യന്‍ കോണ്‍സുലേറ്റിനും അയച്ചുകൊറ്റുക്കുന്നതായിരിക്കും. മറ്റൊരു ബ്ലോഗര്‍ക്കും ഇത്തരം ധിക്കാരപൂര്‍ണ്ണമായ നടപടി നേരിടേണ്ടിവരാതിരിക്കാന്‍ വേണ്ടതു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തന്നെ ഇതു പ്രിന്റു ചെയ്യണമെന്നുള്ളതുകൊണ്ട്‌ കമന്റുകള്‍ എത്രയും പെട്ടെന്ന് ഇടണമെന്നപേക്ഷ.

പൊന്നും വയമ്പും അരയ്ക്കാന്‍ കൊണ്ടുവന്ന ചാണ ആയുധമാണോ എന്നു ചോദിക്കുക, കണ്ണിമാങ്ങാ അച്ചാറിന്റെ കുപ്പി പട്ടിയെക്കൊണ്ടു മണപ്പിക്കുക, ഇംഗ്ലീഷ്‌ വായിക്കാനറിയാമോ എന്നു ചോദിക്കുക, കല്യാണം കഴിയ്ക്കുന്നതിനു മുന്‍പ്‌ എത്ര കുട്ടികളുണ്ടെന്നു ചോദിക്കുക, വീട്ടില്‍ ആദ്യമായി ഉണ്ടായ നാടന്‍ ഏത്തവാഴയിലെ ഒരു പടല കായ കൊണ്ടുവന്നതിന്റെ പേരില്‍ അറുനൂറുരൂപ ഫൈനടിയ്ക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുക എന്നിങ്ങനെ പലതരം അപമാനങ്ങള്‍ സഹിച്ച എനിയ്ക്കു പോലും മറ്റൊരു ബ്ലോഗര്‍ക്കെതിരെ ഇത്തരമൊരനീതി നടന്നതു കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല.

ലോകത്തെ ഒരേയൊരു വന്‍ശക്തി, ലോകപോലീസ്‌ എന്നൊക്കെ അറിയപ്പെടുന്ന അമേരിക്കയുടെ കാര്യമാണ്‌ കഷ്ടം! ബാല്യകാലസുഹൃത്തിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ പങ്കെടുക്കാനാണത്രെ ഇദ്ദേഹം രാജ്യത്തു കടക്കാന്‍ ശ്രമിച്ചത്‌. ഒരു വിദേശപൗരന്‍, അതും ഒരു മുസ്ലിം, ഒരു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നമ്മുടെ പ്രബുദ്ധകേരളത്തിലെങ്ങാനുമായിരുന്നു വന്നതെങ്കില്‍ പത്രത്തിലും ചാനലിലും എന്തു സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചുനോക്കിയാല്‍ മതി.

ഓഫ് ടോപ്പിക്ക്:


"പൊന്നേമാന്മാരേ, ഞാൻ മഹബ് അലിയല്ല, മഹാബലിയാണേ. എന്നെ വെറുതെ വിടണേ.”