Friday, December 31, 2010

പലതും പറഞ്ഞു പകൽ

ഗുരുമന്ദിരേശ, തവ നാമമോതുവാൻ
വിരുതറ്റൊരെന്റെ കരിനാവിൽ നിൻ പ്രിയൻ
കരുണാകരന്റെയപകീർത്തിയെത്രയും
പിരിയാത്തതെന്തു നരകാന്തകാ ഹരേ

<< ശ്ലോകങ്ങൾ

ഒരു സമസ്യയും മൂന്നു പൂരണങ്ങളും

ധർമ്മസാധനം
ധർമ്മം നമുക്കന്യനൊടുള്ളപോലെയീ
നമ്മോടുമുണ്ടെന്നു മറന്നിടായ്ക നാം
ജന്മാഭിലാഷങ്ങളറുത്തെറിഞ്ഞിടായ്‌-
കമ്മിഞ്ഞയിൽ നഞ്ഞുപുരട്ടുമമ്മപോൽ

മനുഷ്യനൊരു ചരമഗീതം
വന്മാരിയായ്‌, വ്യാധികളായ്‌, കുനാഭിയായ്‌,
ഘർമ്മാതപം കൊണ്ടെരിയുന്ന വേനലായ്‌
നമ്മെത്തുലയ്ക്കാൻ മടിയാ ധരിത്രിയാ-
ളമ്മിഞ്ഞയിൽ നഞ്ഞുപുരട്ടുമമ്മപോൽ
(2010)

ദൈവത്തിന്റെ സ്വന്തം പാനീയം
കേരാഞ്ചിതേ, കേരളധാത്രി, നീ നറും
കേരാമൃതത്തിൽ ചതിചേർത്തിടുന്നുവോ
ചെമ്മേ കൊതിച്ചുണ്ണിയണഞ്ഞുപുൽകവേ-
യമ്മിഞ്ഞയിൽ നഞ്ഞുപുരട്ടുമമ്മപോൽ?
(2010)

<< ശ്ലോകങ്ങൾ

Wednesday, December 15, 2010

ആട്ടിൻ‌കുട്ടി അക്ഷരജാലകത്തിന്റെ വർഷാന്തപട്ടികയിൽ


തള്ളയെ അനുസരിക്കാത്ത ആട്ടിൻ കുട്ടിയുടെ സമ്പൂർണ്ണജീവിതകഥ കലാകൌമുദി വാരികയിലെ ശ്രീ. എം. കെ. ഹരികുമാർ തന്റെ അക്ഷരജാലകത്തിൽ ഈ വർഷത്തെ മികച്ച പതിനൊന്നു കഥകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അദ്ദേഹം എഴുതിയത്:

പതിനൊന്നു കഥകൾ /2010

പോയവർഷം നടുക്കമുണ്ടാക്കുന്ന കഥകളൊന്നുമുണ്ടായില്ല. ചെറുകഥ എന്ന മാധ്യമത്തിന്റെ സാധ്യതകൾ ആരായുന്നതിനു പകരം നോവലുമായി താദാത്മ്യം പ്രാപിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌. എങ്കിലും ഗൗരവത്തോടെ ചിലർ എഴുതിയത്‌ കാണാതിരിക്കാനാവില്ല. പതിനൊന്നു കഥകൾ തിരഞ്ഞെടുക്കുകയാണിവിടെ.

1. ഒരു ചുവന്ന ചൂണ്ടുവിരൽ: പി. വത്സല
2. പാമ്പും കോണിയും: വൈശാഖൻ
3. ഛിദ്രം: കെ.പി. രാമനുണ്ണി
4. ചുറ്റിക: ജോസ്‌ പനച്ചിപ്പുറം
5. ആലോചിക്കുന്തോറും: സി. രാധാകൃഷ്ണൻ
6. റിയൽ എസ്റ്റേറ്റ്: മനോജ്‌ ജാതവേദർ
7. ആമസോൺ: അശോകൻ ചരുവിൽ
8. തള്ളയെ അനുസരിക്കാത്ത ആട്ടിൻകുട്ടിയുടെ സമ്പൂർണ്ണ ജീവിതകഥ: രാജേഷ്‌ ആർ. വർമ്മ
9. അകലെ: ഗണേഷ്‌ പന്നിയത്ത്‌
10. വർത്തമാനം: ഇ.പി. ശ്രീകുമാർ
11. നവംബർ 26: ബോണി തോമസ്‌


<< കഥകൾ

Thursday, December 09, 2010

പരംപൊരുൾ

ഹൃത്തിന്നൊത്ത വപുസ്സെടുത്തു കരിയായ്‌,ക്കാട്ടാളനായ്‌,ത്തെണ്ടിയാ-
യർത്ഥം പേർത്തറിവാക്കിയും, കലഹമാർന്നും, മെയ്‌പകുത്തേകിയും
മൂർദ്ധാവിങ്കലനർത്ഥവും കപടമായ്ക്കാത്തും ചിരം മാറുവോ-
രർത്ഥം വാക്കിനൊടെന്നമട്ടുമയുമൊത്താടും പൊരുൾ കാക്കണം


<< ശ്ലോകങ്ങൾ

സായൂജ്യം

ദുർവൃത്തന്മാരെയെല്ലാം ചിതമൊടു കൊലചെയ്തിട്ടു സ്വന്തം വപുസ്സിൻ
ദിവ്യത്വത്തിൽക്കലർത്താൻ നരവടിവു ചമഞ്ഞില്ലയോ ദേവദേവൻ?
അവ്വണ്ണം തന്നെയിക്കൈരളിയെ, യധമയെ, ത്തങ്ങളിൽച്ചേർക്കുവാനായ്‌
ചൊവ്വോടാവിർഭവിച്ചോരമരമൊഴികളെല്ലാറ്റിനും കൂപ്പണം നാം


<< ശ്ലോകങ്ങൾ

Thursday, December 02, 2010