Showing posts with label കണ്ടെഴുത്ത്‌. Show all posts
Showing posts with label കണ്ടെഴുത്ത്‌. Show all posts

Saturday, January 18, 2020

പാരസൈറ്റ്



Parasite (പരാദം) Bong Joon-ho, ദക്ഷിണകൊറിയ, 2019

എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പടം ഇഷ്ടമാകാതെ വരിക എന്നത് ദൗർഭാഗ്യകരമായ ഒരു സാഹചര്യമാണ്. എല്ലാവരും ഇരിക്കുന്ന ബസ്സിൽ നിൽക്കേണ്ടിവരുന്നതുപോലെ, എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണം അപഥ്യമായിരിക്കുന്നതുപോലെ, ഒരവസ്ഥ. ആദ്യകാലത്തൊക്കെ ഇങ്ങനെ സംഭവിച്ചാൽ അത് പരിഹരിച്ചിരുന്നത്
മറ്റുള്ളവർ നമ്മളെക്കാൾ താണ അഭിരുചിയുള്ളവരാണെന്ന് വിശ്വസിച്ചിട്ടാണ്. കാലക്രമത്തിൽ മനസ്സിലായി അങ്ങനെയാകണമെന്നില്ല എന്ന്. ഒരു കലാസൃഷ്ടി ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നതിന് അനേകം കാരണങ്ങളുണ്ട്. ഒരിക്കൽ ഇഷ്ടപ്പെട്ട പടം തന്നെ പിന്നീടൊരിക്കൽ കാണുമ്പോൾ ഇഷ്ടപ്പെടാതെയും മറിച്ചും വരാറുണ്ടെന്ന് ആലോചിച്ചാൽ മതിയല്ലോ.

കാനിൽ സ്വർണ്ണം നേടിയതും അസംഖ്യം നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങിയതും അസാധാരണമായ ജനപ്രീതി നേടിയതുമായ പടമായതുകൊണ്ടാണ് പാരസൈറ്റ് തീയേറ്ററിൽത്തന്നെ പോയി കണ്ടത്. ചമ്മലും നിരാശയുമായിരുന്നു ഫലം. മലയാളം സീരിയലുകളെ നാണിപ്പിക്കുന്ന അഭിനയം, (ടൈറ്റാനിക്ക് ഉൾപ്പെടെ പല സിനിമകളിൽ മുമ്പ് കണ്ടു കഴിഞ്ഞ) വർഗഘടനയുടെ രൂപകമായി തട്ടുകളുടെ ഉപയോഗം, കോമഡിയും ട്രാജഡിയും അന്യാപദേശവും കൂട്ടക്കൊലയും ഒക്കെ കൂട്ടിക്കുഴച്ച കഥ എല്ലാംകൂടി കണ്ടിറങ്ങിയപ്പോൾ മിണ്ടാൻ പറ്റാത്ത പരുവത്തിലായിപ്പോയി എന്നു പറഞ്ഞാൽ മതിയല്ലോ.

പടം ഇഷ്ടപ്പെടാത്ത സ്ഥിതിക്ക് ഇഷ്ടപ്പെട്ട മറ്റു രണ്ട് പടങ്ങളെപ്പറ്റി പറയാം. വേലക്കാരെയും വീട്ടുടമസ്ഥരെയും കഥാപാത്രങ്ങളാക്കി വർഗബന്ധങ്ങളെക്കുറിച്ചും വർഗസമരത്തെക്കുറിച്ചും ചിന്തിക്കുന്ന രണ്ടെണ്ണം. ഒന്ന് A Judgement in Stone (കല്ലിൽ കൊത്തിയ ന്യായവിധി) (Claude Chabrol, ഫ്രാൻസ്, 1995). രണ്ട് The Inheritors (അവകാശികൾ) (Stefan Ruzowitzky, ഓസ്ട്രിയ, 1998). ഇതിൽ ഒന്നാമത്തേത് ഫ്രെഞ്ച് നവതരംഗനായകനായ ഷാബ്രോളിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നുവെങ്കിൽപ്പോലും പ്രമുഖ പുരസ്കാരങ്ങളൊന്നും നേടിയിട്ടില്ല. രണ്ടാമത്തേതിന് റോട്ടർഡാം ഫെസ്റ്റിവലിൽ ടൈഗർ അവാർഡും. അപ്പോൾ അത്രയേയുള്ളൂ പുരസ്കാരങ്ങൾകൊണ്ട് നമുക്കുള്ള പ്രയോജനം.

കാൻ സ്വർണ്ണയജ്ഞം



ലോകസിനിമ കണ്ടുതുടങ്ങിയ കാലത്ത് ദൂരദർശനിലെ പാതിരാപ്പടങ്ങളും ഫിലിം സൊസൈറ്റികളിൽ മാസാമാസം കാണിക്കുന്ന പടങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിട്ടുന്നത് കണ്ടുകൊള്ളണം. പിൽക്കാലത്ത് ചലച്ചിത്രമേളകളിൽ പോകാമെന്നായി. വീഡിയോ കാസെറ്റുകളും ഡിവിഡിയും ബ്ലൂ റേയും വന്നു. സ്ട്രീമിങ്ങ് സർവീസുകൾ സുലഭമായി. ഇവിടെ അമേരിക്കയിലാണെങ്കിൽ ഏറെക്കുറെ അറിയപ്പെടുന്ന എല്ലാ പടങ്ങളും പബ്ലിക് ലൈബ്രറിയിൽനിന്ന് കിട്ടും. ഏതു പടവും കാണാം എന്ന അവസ്ഥ വന്നപ്പോൾ പരിമിതമായ സമയം ഏതിനുവേണ്ടി ചെലവാക്കും എന്ന പ്രശ്നമായി. പത്രമാസികകളിൽ അഭിപ്രായമെഴുതുന്നവരുടെ മുതൽ സമാനമനസ്കരായ സുഹൃത്തുക്കളുടെവരെ ശുപാർശകൾ എഴുതിവെച്ച് കാണാൻ തുടങ്ങി.

അതിൻ്റെ തുടർച്ചയായിട്ട് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു യജ്ഞം തുടങ്ങുകയാണ്. ലോകത്തെ ഏറ്റവും മാനിക്കപ്പെടുന്ന ചലച്ചിത്രമേള എന്ന് പ്രസിദ്ധമായ കാനിൽ സ്വർണ്ണപ്പനയോല (Palme d'Or) പുരസ്കാരം നേടിയ പടങ്ങൾ കിട്ടാവുന്നിടത്തോളം തേടിപ്പിടിച്ച് കാണുക എന്നതാണ് പരിപാടി. കഴിഞ്ഞകൊല്ലം എട്ടെണ്ണം കണ്ടു. കണ്ടതും കാണാനുള്ളതുമായ പടങ്ങളുടെ സമ്പൂർണപട്ടിക ലിങ്കിൽ കാണുക. അഭിപ്രായങ്ങൾ പിന്നാലെ എഴുതാം.

https://docs.google.com/spreadsheets/d/1Fj5oeaaXNEc2lxkYXPIuxFR30AA5gG5lEfPlfF6dSsc/edit#gid=0

Wednesday, November 27, 2019

തൊണ്ടിമുതലും ദൃക്‌സാക്ഷിയും


തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടു, ബോധിച്ചു. ക്രമസമാധാനപാലനം, നീതിന്യായം എന്നീ പേരുകളിൽ നമ്മുടേതുപോലുള്ള രാജ്യങ്ങളിൽ അരങ്ങേറുന്ന കലാപരിപാടിയുടെ വിശ്വസനീയമായ ചിത്രീകരണം, ഉദ്വേഗജനകമായ കഥ, വിശദാംശങ്ങളിലുള്ള ശ്രദ്ധകൊണ്ട് കഥാസന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും (തീരെ ചെറിയ കഥാപാത്രങ്ങൾ ഉൾപ്പെടെ) കിട്ടുന്ന സ്വാഭാവികത, സംഭാഷണങ്ങളിൽ മൊത്തത്തിലും പ്രാദേശികഭാഷയുടെ ഉപയോഗത്തിലുമുള്ള ഭംഗി, അലൻസിയറുടെയും (അപൂർവം ചില അവസരങ്ങളിലൊഴികെ ഫഹദ്‌ ഫാസിലിൻ്റെയും) പൊലീസ് വേഷമിടുന്ന മറ്റനേകം നടന്മാരുടെയും അഭിനയം ഇങ്ങനെ ഒരുപാട് സുഖങ്ങൾ പറയാനുണ്ടെങ്കിലും ഈ പടത്തിൻ്റെ ഏറ്റവും പ്രധാനമായ നേട്ടമായി തോന്നിയത് മറ്റൊന്നാണ്.

കുറ്റവാളി വില്ലനായി വരുന്നതാണ് കഥകളിലെ ഏറ്റവും പഴക്കമുള്ള രീതി. അതിനു സമാന്തരമായിത്തന്നെ തന്നെ കുറ്റവാളിയെ നായകനാക്കുന്ന കായംകുളം കൊച്ചുണ്ണിമാരുടെ കഥകളുടെ പാരമ്പര്യവും ഉണ്ട്. എന്നാൽ ‘തൊണ്ടിമുതൽ’ ഈ രണ്ടിൽനിന്നും വേറിട്ട് വേറൊരു വഴി തുറക്കാനുള്ള ശ്രമത്തിലാണ്.

കാഴ്ചക്കാർ എന്ന നിലയിൽ നമുക്ക് ആദ്യംമുതൽ അറിയുന്ന ദമ്പതികൾ. അവർ പ്രേമിച്ചതും നാടുവിട്ടതും ബുദ്ധിമുട്ടിയതുമെല്ലാം നേരിട്ട് അറിഞ്ഞവരാണ് നമ്മൾ. അവരുടെ ഏക ആശ്രയമായ സ്വർണം നമ്മുടെ കണ്മുമ്പിൽവെച്ച് മോഷ്ടിക്കപ്പെടുന്നു. അവർക്ക് അത് തിരികെ കിട്ടണം എന്നും കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നുമുള്ള ആഗ്രഹവുമായി ഇരിക്കുന്ന സമയത്താണ് അവരെക്കാൾ തൊലിവെളുപ്പും കുസൃതിയും പ്രസരിപ്പുമുള്ള കള്ളൻ പതുക്കെ നമ്മുടെ മനം ‘കവരുന്നത്’. അതിനുവേണ്ടി ചലച്ചിത്രകാരൻ ഉപയോഗിക്കുന്ന കരുക്കളിൽ ഒന്ന് ഫഹദ് ഫാസിലിൻ്റെ താരമൂല്യമാണ്. പോരെങ്കിൽ അയാൾ പറയുന്ന കഥകളിൽ ചെറുപ്പത്തിലെ അനാഥത്വവും ദാരിദ്ര്യവും പണത്തിൻ്റെ ആവശ്യവുമൊക്കെയുണ്ടുതാനും. അയാൾ പറയുന്ന കഥകളിലൂടെയല്ലാതെ ഇതൊന്നും കാണുന്നും അറിയുന്നും ഇല്ലെങ്കിലും നമ്മൾ അയാളെ വിശ്വസിക്കാൻ തയ്യാറാണ്. എന്നാൽ, കള്ളൻ്റെ പിറകേ പോകുന്ന കാഴ്ചക്കാരനെ വെറുതെവിടാൻ തയ്യാറാകുന്നില്ല ചലച്ചിത്രകാരൻ. ഓരോ തവണ അയാളെ ഇഷ്ടപ്പെടാൻ നമ്മൾ തയ്യാറാകുമ്പോഴും അയാൾ അതിലും കൂടിയ എന്തെങ്കിലും കടുംകൈ കാണിച്ചുകൂട്ടുന്നുണ്ട്. എന്നാൽ, പൊലീസിൻ്റെ കൈയിൽനിന്ന് കടുത്ത ഭേദ്യം അനുഭവിക്കുന്ന അവനെ ഒട്ട് വെറുക്കാനും നമുക്ക് സാധിക്കുന്നില്ല.

സിനിമാവസാനത്തിൽ കുറ്റവാളിയും ഇരയുംകൂടി രണ്ടുപേർക്കും ഗുണകരമായ ഒരു ഒത്തുതീർപ്പിലെത്തി കഥ മംഗളമാക്കുന്നുണ്ടെങ്കിലും സിനിമ കഴിഞ്ഞ് ആലോചിക്കുമ്പോൾ ആലോചിക്കാൻ തയ്യാറുള്ളവർക്ക് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. വാസ്തവത്തിൽ നമ്മൾ ഇത്ര നെറികെട്ടവരാണോ? വർഷങ്ങളായി തീറ്റിപ്പോറ്റുന്ന ഉടമസ്ഥനെ വഞ്ചിച്ച് കള്ളൻ്റെ പക്ഷം ചേരുന്ന കാവൽനായയെപ്പോലെ ഇത്ര അനായാസമായി സത്യത്തിനെയും നീതിയെയും തള്ളിപ്പറയാൻ നമുക്ക് എങ്ങനെ സാധിച്ചു? നിത്യജീവിതത്തിലും വാർത്തകളിലും തെരഞ്ഞെടുപ്പിൽപ്പോലും നമ്മുടെ പിന്തുണ പോകുന്നത് സത്യത്തിൻ്റെ പക്ഷത്തേക്കാണോ അതോ വശ്യശക്തിയുള്ള വ്യക്തികളുടെ പക്ഷത്തേക്കോ?

<< ????? ????? ???????????

Thursday, May 04, 2017

കരിയിലക്കാറ്റുപോലെയിലെ ബലാത്സംഗചിത്രീകരണം

മലയാളസിനിമയിൽ പണ്ടൊക്കെ ഒരു അവശ്യചേരുവയായിരുന്നു ബലാത്സംഗം. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വില്ലനായിരിക്കും അക്രമി. പേടമാൻപോലുള്ള ഒരു പെണ്ണ് ഇരയും. പക്ഷേ, കണ്ണും വിടർത്തി സിനിമകാണാനിരിക്കുന്ന പുരുഷന്മാർക്കുമുഴുവൻ അറിയുന്ന ഒരു സംഗതിയുണ്ട്: കഥാസന്ദർഭം എന്തുതന്നെയായാലും തിരശ്ശീലയിൽ കാണുന്നത് സ്ത്രീശരീരം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വിദ്യമാത്രമാണ്. കുളിസീൻ പോലെ, നൃത്തരംഗം പോലെ. താരമൂല്യമുള്ള നായിക അത്രയെളുപ്പം ശരീരപ്രദർശനത്തിനു തയ്യാറാകില്ല എന്നുള്ളതുകൊണ്ട് നായകന്റെ സഹോദരിയോ കൂട്ടുകാരന്റെ പെങ്ങളോ ഒക്കെയായ ഒരു രണ്ടാംനിരനടിയായിരിക്കും ബലാത്സംഗം ചെയ്യപ്പെടുന്നത്. ബ്ലൗസ് വലിച്ചുകീറി അവളുടെ കറുത്ത അടിവസ്ത്രമുള്ള പുറം പ്രദർശിപ്പിക്കുക, കിടക്കയിൽ കിടന്ന് അവൾ “എന്നെ വിടൂ, എന്നെ വിടൂ” എന്ന് അലറുന്ന സമയത്തുതന്നെ സാരിയോ പാവാടയോ മുട്ടിനുമുകളിൽ ഉയർത്തുക ഇവയൊക്കെയാണ് കാഴ്ചക്കാർക്കുവേണ്ടി വില്ലൻ നൽകുന്ന സേവനങ്ങൾ. എല്ലാം കഴിയുമ്പോൾ, തലമുടി ചിതറിയിട്ട്, കറങ്ങുന്ന ഫാനിന്റെ നിഴലിനുകീഴെ കാൽമുട്ടിൽ തലകുനിച്ചുവെച്ച് ഇരിക്കുന്ന നടിയും പിന്നെ അമ്മയെ കാണുമ്പോൾ “ആ ദുഷ്ടൻ എന്നെ നശിപ്പിച്ചു” എന്നു പറഞ്ഞുള്ള കരച്ചിലും ഒക്കെ ഉണ്ടാകും.

ഈ പതിവുകളിൽനിന്ന് വ്യത്യസ്തമായ ഒരു ബലാത്സംഗരംഗം ആദ്യമായി കണ്ടത് ‘കരിയിലക്കാറ്റുപോലെ’യിലാണ് എന്നാണ് ഓർമ്മ. കോളേജ് അധ്യാപകനും സാഹിത്യകാരനുമായ നായകന്റെ (മമ്മൂട്ടി) വീട്ടിൽ സഹപ്രവർത്തകയായ അധ്യാപിക (ശ്രീപ്രിയ) കടന്നുചെല്ലുകയാണ്. കഴിഞ്ഞ ദിവസം നടന്ന വാക്കുതർക്കത്തിൽ അയാൾ ഉപയോഗിച്ച മോശമായ ഭാഷയ്ക്ക് പകരം ചോദിക്കാൻ, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മനസ്സിലാക്കിക്കൊടുക്കാൻ. അയാളുടെ കരണത്തടിച്ചിട്ട് നെഞ്ചുവിരിച്ച് സ്ഥലംവിടാനൊരുങ്ങുന്ന അവളെ അയാൾ മർദ്ദിച്ച്, മുറിയിലിട്ടടച്ച്, ബലാത്സംഗത്തിനിരയാക്കുകയാണ്. അതിനുമുമ്പ് ‘തേഡ് റേറ്റ് നാസ്റ്റി ഫ്രിജിഡ് ബിച്ച്’ എന്നും ‘ഒരു മരക്കഷണത്തോടു തോന്നുന്ന വികാരംപോലും നിന്റെ ശരീരത്തോട് തോന്നുന്നില്ല’ എന്നും പറഞ്ഞ് തേജോവധം ചെയ്യാനും മറക്കുന്നില്ല. “എന്റെ കരണത്തടിച്ചിട്ട് നീ ഇറങ്ങിപ്പോയാൽ ഒരു പെണ്ണിന്റെ കണ്ണിലും ഒരു ആണായിട്ടു നിന്ന് നോക്കാൻ പറ്റാതാവും.” എന്നതാണ് തന്റെ പ്രവൃത്തിക്ക് കാരണമായി അയാൾ പറയുന്നത്. ബലാത്സംഗം എന്നത് ഒരു ലൈംഗികപ്രവൃത്തിയല്ലെന്നും ഒരു അധികാരപ്രയോഗമാണെന്നും വ്യക്തമാക്കുന്ന, അതിന്റെ സകലക്രൂരതയും അനുഭവപ്പെടുത്തുന്ന, ഒരല്പം നഗ്നതപോലും പ്രദർശിപ്പിക്കാത്ത ആദ്യത്തെ ബലാത്സംഗരംഗമായിരുന്നു അത്. പുരുഷന്മാരായ രണ്ടു സഹപ്രവർത്തകർ തമ്മിലുള്ള പ്രശ്നമായിരുന്നെങ്കിൽ അത് ഒരു സംഘട്ടനത്തിലല്ലാതെ ലൈംഗികാതിക്രമത്തിൽ കലാശിക്കുമായിരുന്നില്ല എന്ന് ആലോചനാശേഷിയുള്ള കാഴ്ചക്കാർക്ക് വ്യക്തമാക്കുന്ന രംഗം.

‘കരിയിലക്കാറ്റുപോലെ’ ഇപ്പോൾ ഓർമ്മവരാനുള്ള കാരണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എൻ. പി. സജീഷ് എഴുതിയ “ആണുങ്ങൾ അലറിത്തിമിർത്ത മലയാള സിനിമ” എന്ന ലേഖനമാണ്. മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയുടെ സമഗ്രവും വിശദവുമായ ഒരു കണക്കെടുപ്പാണ് ഈ ലേഖനത്തിൽ. ഓൺലൈൻ മാധ്യമങ്ങളിൽ നടന്ന അപൂർവം ചില ശ്രമങ്ങളൊഴിച്ചാൽ വൈകിപ്പോയ, സാർത്ഥകമായ ഒരു കണക്കെടുപ്പ്.
എന്നാൽ, ടി. ദാമോദരൻ, ഐ. വി. ശശി, രൺജി പണിക്കർ, ഷാജി കൈലാസ്, രഞ്ജിത്ത് സിനിമകളിലെ സ്ത്രീവിരുദ്ധതയ്ക്കൊപ്പമാണ് ‘കരിയിലക്കാറ്റുപോലെ’യ്ക്കും ലേഖകൻ ഇടംകണ്ടെത്തിയിരിക്കുന്നത്. ലേഖനത്തിന്റെ തുടക്കത്തിൽ ചേർത്തിരിക്കുന്ന, നടൻ പൃഥ്വിരാജിന്റെ ഉദ്ധരണിയിൽ പറഞ്ഞ ഒരു പ്രധാനകാര്യം അദ്ദേഹം മറന്നുപോയതായി തോന്നുന്നു. സ്ത്രീവിരുദ്ധത ചിത്രീകരിക്കുന്ന സിനിമയും സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്ന സിനിമയും തമ്മിലുള്ള വ്യത്യാസമാണിത്. ‘കരിയിലക്കാറ്റുപോലെ’ ഒന്നാമത്തെ ജനുസ്സിൽ പെടുന്നു.

ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന മറ്റ് ചലച്ചിത്രങ്ങളിൽ കാണുന്ന അലറുന്ന അതിമാനുഷനല്ല ‘കരിയിലക്കാറ്റുപോലെ’യിലെ ജയകൃഷ്ണൻ. തന്നോട് പ്രണയവുമായി ചുറ്റിക്കൂടുന്ന വിദ്യാർത്ഥിനികളെയും സഹപ്രവർത്തകളെയും ചൂഷണംചെയ്യാനും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാനും മടികാണിക്കാത്ത ഒരു മനുഷ്യനാണ് അയാളെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പിൽക്കാലജീവിതത്തിൽ താരപരിവേഷമുള്ള ഒരു സംവിധായകനായി വളർന്നുകഴിഞ്ഞിട്ടും, വിവാഹിതനായിട്ടും പരസ്യമായിത്തന്നെ നടികളുമായി ബന്ധംവെച്ചുപുലർത്താൻ മടികാണിക്കാത്തയാൾ. സ്വന്തം മേഖലയിൽ വിജയം കൈവരിച്ച കലാകാരനെന്ന നിലയിലുള്ള തന്റെ പദവികൊണ്ട് ഈ കറുത്ത മുഖങ്ങളെല്ലാം മറച്ചുപിടിച്ച് സമൂഹമധ്യത്തിൽ തിളങ്ങിനിൽക്കുന്നയാൾ.

മുൻകാലചിത്രങ്ങളിൽ ബലാത്സംഗത്തിനു വന്നുപോയിട്ടുള്ള വില്ലൻ നടന്മാരുടേതുപോലെയുള്ള പ്രതിച്ഛായയല്ല മമ്മൂട്ടിയുടേതെന്നും ഓർമ്മിക്കേണ്ടതുണ്ട്. പാപത്തിന്റെ വിഗ്രഹങ്ങളായി അവതരിച്ച ഉമ്മറിന്റെയും സണ്ണിയുടെയും ബാലൻ കെ. നായരുടെയും ജോസ് പ്രകാശിന്റെയും കഥാപാത്രങ്ങൾ ചെയ്യുന്നത് തന്നെ ചെയ്യാൻ മടിക്കാത്തവനാണ് സാഹിത്യവും സഹൃദയത്വവും അധ്യാപകജോലിയും മാന്യമായ വേഷവുമുള്ള ഈ ‘നായകനു’മെന്ന് കാഴ്ചക്കാർ മനസ്സിലാക്കുകയാണ്. മലയാളസിനിമയിൽ നായകപദവിയിൽ നിൽക്കുന്ന നടന്മാർക്ക് പെണ്ണുങ്ങളെ നിലയ്ക്കുനിർത്താൻ മൂർച്ചയേറിയ വാക്കുകളും ഒരു കരണത്തടിയും മാത്രമേ അതുവരെ വേണ്ടിവന്നിരുന്നുള്ളൂ. തന്റെ ആണത്തത്തിനു വെല്ലുവിളി നേരിടുമ്പോൾ ബലാത്സംഗം പോലുള്ള ഒരായുധം എടുത്തുപയോഗിക്കാൻ മടിക്കാത്ത ഒരു നായകനെ ആദ്യമായിട്ടാവണം മലയാളസിനിമ അന്ന് കാണുന്നത്. അതും അയാൾ ചെയ്യുന്നത് നീചമായ പ്രവൃത്തിയാണെന്നതിൽ ഒരു സംശയവും ബാക്കിവെക്കാത്ത ചിത്രീകരണത്തിലൂടെ. ശ്രീകൃഷ്ണനും ദുശ്ശാസനനും ഒരാളായി മാറുന്നതിനു സാക്ഷ്യംവഹിക്കുകയായിരുന്നു കാണികൾ അന്നാദ്യമായി.

മുഴുവൻ കറുപ്പിലോ വെളുപ്പിലോ മാത്രം വരയ്ക്കപ്പെട്ടവരായിരുന്നില്ല പത്മരാജന്റെ കഥാപാത്രങ്ങൾ. അതുകൊണ്ട്, ജയകൃഷ്ണനെ പല നീചപ്രവൃത്തികൾ ചെയ്യുമ്പോഴും കാമുകിയോടും മകളോടും കൂറുപുലർത്തുന്ന ഒരു മനുഷ്യനായിട്ടാണ് കാണിച്ചിരിക്കുന്നത്. എന്നാൽ, അതുകൊണ്ടുമാത്രം അയാൾ ഒരു ആദർശനായകനാണെന്ന് തെറ്റിദ്ധരിക്കാൻ ആ സിനിമകണ്ട ഒരാൾക്കും കഴിയില്ല.

ആർട്ട് സിനിമയിലും കച്ചവടസിനിമയിലും പത്മരാജന് ഏറെ സമശീർഷരില്ലായിരുന്നു. മരണത്തിനുശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ചിത്രങ്ങൾ വേണ്ടവണ്ണം മനസ്സിലാക്കപ്പെടുന്നില്ല എന്നു കാണുമ്പോൾ കാലത്തിന് എത്രയോ മുമ്പു സഞ്ചരിച്ച ഒരു ചലച്ചിത്രകാരനായിരുന്നു അദ്ദേഹം എന്ന് വീണ്ടും തെളിയിക്കപ്പെടുന്നുണ്ട്.

<< കണ്ടേഴുത്ത്

Thursday, September 08, 2016

പേരറിയാത്തവർ



സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ പടമാണെന്നു കേട്ടാണ് 'പേരറിയാത്തവർ' കാണാൻ പോയത്. ഹാസ്യരംഗങ്ങളിലും മിമിക്രിയിലും മറ്റും കഴിവുതെളിയിച്ചുകഴിഞ്ഞിട്ടുള്ള സുരാജിന്റെ അഭിനയം മികച്ചതാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ, കണ്ടതോ? വളരെ ഗൗരവത്തിൽ അദ്ദേഹം ചിത്രത്തിൽ ഉടനീളം അങ്ങനെ നടക്കുകയാണ്. ഏതു നടനെക്കൊണ്ടും അഭിനയിക്കാൻ കഴിയുന്ന ഭാവങ്ങൾ മാത്രം പ്രകടിപ്പിച്ചുകൊണ്ട്.

ഡോ: ബിജു എന്ന സംവിധായകന്റെ ഒരു ചിത്രം ആദ്യമായി കാണുകയാണ്. അദ്ദേഹത്തിന്റെ തനതുശൈലിയിലുള്ള ഒന്നാണിതെന്നാണ് കേൾക്കുന്നത്. പത്രമാധ്യമങ്ങളിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന കുറേ വിഷയങ്ങളെടുത്ത് കോർത്തിണക്കി ഒരു കഥയുണ്ടാക്കുന്നു എന്നു കരുതുക. കേരളത്തിലെ മാലിന്യപ്രതിസന്ധി, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം, കൊച്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത്, ആദിവാസിഭൂസമരം, വികസനത്തിന്റെ പേരിൽ പാവപ്പെട്ട കുടുംബങ്ങളെ മതിയായ നഷ്ടപരിഹാരം നൽകാതെ ഒഴിപ്പിക്കുന്നത്, അന്യസംസ്ഥാനത്തൊഴിലാളികളുടെ ജീവിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ചേർത്ത് ഒരു ഉൾക്കാഴ്ചയുമില്ലാതെ ഒരു കഥ. സാഹിത്യത്തിലാണെങ്കിൽ ഒരു പൈങ്കിളിവാരികയിലെങ്ങാനും അച്ചടിച്ചുവന്നാലായി. സിനിമയിലായപ്പോഴോ? ദേശീയ പുരസ്കാരം. അന്താരാഷ്ട്രമേളകളിൽ പ്രദർശനം. എന്താണ് ഇതിനു കാരണം? സിനിമ അത്ര അവികസിതമാായ ഒരു കലാരൂപമാണോ? എല്ലാം കഴിഞ്ഞ്, അവസാനത്തെ ടൈറ്റിൽ എഴുതിക്കാണിക്കുമ്പോൾ കഥയ്ക്ക് അടിസ്ഥാനമായ സംഭവങ്ങളുടെ (മൂലമ്പിള്ളി, മുത്തങ്ങ തുടങ്ങി) ടിവി ദൃശ്യങ്ങളും കാണിക്കുന്നു. ഇതുമാത്രമായിരുന്നു സിനിമയെങ്കിലും ഒരു പോരായ്മയും വരുമായിരുന്നു എന്നു പറയാൻ വയ്യ.

ഒരു മുതിർന്ന പുരുഷനും ഒരു കുട്ടിയും തമ്മിലുള്ള നിർമലമായ സ്നേഹബന്ധത്തിന്റെ പറഞ്ഞുപഴകിയ ഫോർമുല (ബൈസിക്കിൾ തീവ്സും സിനിമാ പാരഡീസോയും മുതൽ ഒറ്റാലും നൂറ്റൊന്നു ചോദ്യങ്ങളും വരെ) ആവർത്തിച്ചിരിക്കുന്നു എന്നതിൽക്കവിഞ്ഞ് ആഖ്യാനപരമായിപ്പോലും ഒരു നേട്ടവും കൈവരിക്കുന്നില്ല ഈ ചിത്രം. ഇന്ദ്രൻസുൾപ്പെടെ ഒരു നടീനടന്മാർക്കും അഭിനയിക്കാൻ എന്തെങ്കിലുമുള്ളതായി തോന്നിയില്ല. ആകെ ഒരു ആശ്വാസം പശ്ചാത്തലാഖ്യാനം നടത്തുന്ന കുട്ടിയുടെ മികച്ച ശബ്ദാഭിനയമാണ്. ഇന്ദ്രൻസിനെ കണ്ടിട്ട് ആദിവാസിയായിട്ടും സുരാജിനെ കണ്ടിട്ട് വഴിതൂപ്പുകാരനായിട്ടും തോന്നുന്നില്ല എന്നൊക്കെയുള്ള പരാതികൾക്ക് സ്ഥാനമുണ്ടോ എന്നറിയില്ല. തെരുവുകുട്ടികൾ കോൺക്രീറ്റ് പൈപ്പുകളിൽ കിടക്കുന്ന ഒരു ഷോട്ടുണ്ട്. ഈ പടത്തിന്റെ മൊത്തത്തിലുള്ള കൃത്രിമത്വം മുഴുവനും വ്യക്തമാക്കുന്ന ഒരു ഷോട്ടാണത്. സംവിധായകൻ പൈപ്പിൽ കയറ്റിക്കിടത്തിയ ഉണ്ണാനും ഉടുക്കാനുമുള്ള വീടുകളിലെ കുട്ടികൾ ഷോട്ട് കഴിയാനായി കാത്തു കിടക്കുന്നതുപോലെ.

<< കണ്ടെഴുത്ത്

Wednesday, September 07, 2016

പിന്നെയും

(കഥാസൂചനകൾ അറിയാൻ ഇഷ്ടമില്ലാത്തവർ ദയവായി വായിക്കാതിരിക്കുക).



സത്യജിത്റായിയുടെ പിൽക്കാലചിത്രങ്ങൾ തീയേറ്ററിൽ കണ്ടപ്പോൾ തോന്നിയ നിരാശ ഓർമ്മയുണ്ട്. 'ഗണശത്രു'വും 'ശാഖാപ്രശാഖ'യും കഥയുടെ ശക്തികൊണ്ട് കുറെയൊക്കെ ആശ്വസിപ്പിച്ചെങ്കിലും 'ആഗന്തു'ക്കിലെത്തിയപ്പോഴേക്കും ആകെ മെലിഞ്ഞുപോയിരുന്നു ആ ചലച്ചിത്രപ്രവാഹം. അതുപോലെ തന്നെ നിരാശപ്പെടുത്തി കുറോസവയുടെ 'മാദദായോ'. മലയാളത്തിലാണെങ്കിൽ പത്മരാജന്റെ 'ഇന്നലെ'യും 'ഞാൻ ഗന്ധർവ'നും കെ. ജി. ജോർജിന്റെ 'കഥയ്ക്കു പിന്നി'ലും 'മറ്റൊരാ'ളും 'ഇലവംകോട്ദേശ'വുമൊക്കെ ഇതുപോലെ നിരാശ സമ്മാനിച്ച പടങ്ങളാണ്. വീണ്ടുമൊരിക്കൽക്കൂടി കാണുമ്പോൾ ഇവയിൽ പലതും മെച്ചപ്പെട്ടതായി തോന്നിയെങ്കിൽ അതിനർത്ഥം പിന്നീടുവന്ന സംവിധായകരുടെ സിനിമകൾ എത്ര ദുർബലമായിരുന്നു എന്നു മാത്രമാണ്.

അടൂർ ഗോപാലകൃഷ്ണന്റെ 'പിന്നെയും' ഒന്നാമത്തെ ദിവസം ഒന്നാമത്തെ ഷോയ്ക്ക് തന്നെ കണ്ടു. സംവിധായകനും നടന്മാരും ദിലീപ് ഫാൻസുമൊക്കെയുൾപ്പെട്ട സദസ്സിലിരുന്ന്. തൊട്ടുമുമ്പു നടന്ന കെ.എസ്.എഫ്.ഡി.സിയുടെ "75 വയസ്സുതികയുന്ന അടൂരിന് ആദരം" പരിപാടിയിലെ സ്തുതിവചസ്സുകൾക്കൊന്നും മായ്ക്കാൻ കഴിയാത്ത നിരാശയായിരുന്നു ഫലം. മലയാളത്തിൽ ഇന്നിറങ്ങുന്ന മിക്ക സിനിമകളെക്കാളും ഭേദം എന്നു പറയാമെങ്കിലും അതൊക്കെ ഒരു അടൂർ ചിത്രത്തെ സംബന്ധിച്ചിടത്തോളം പ്രശംസയാവില്ലല്ലോ.

അടൂരിന്റെ പന്ത്രണ്ടു പടങ്ങളിൽ പകുതിയേ കണ്ടിട്ടുള്ളൂ. അതിൽ 'നിഴൽക്കു'ത്തും 'അനന്തര'വും മികച്ച ചലച്ചിത്രാനുഭവങ്ങളായിരുന്നു. മറ്റുള്ളവയും നിരാശജനകമായിരുന്നില്ല. എക്കാലത്തെയും പ്രിയപ്പെട്ട മലയാളചിത്രം ഇന്നും 'അനന്തരം' തന്നെ. അവയുമായി താരതമ്യം ചെയ്യുമ്പോൾ വേണ്ടത്ര ശ്രദ്ധയോടുകൂടിയല്ലാതെ സൃഷ്ടിച്ച ഒരു ചിത്രമായിട്ടാണ് ഇത് അനുഭവപ്പെടുന്നത്. സംഭാഷണരചനയിലും കഥാപാത്രസൃഷ്ടിയിലും മുതൽ ചെറിയ വിശദാംശങ്ങളിൽവരെ ഈ ശ്രദ്ധക്കുറവ് പ്രതിബിംബിച്ചുകാണാം. എല്ലാം സംഭാഷണത്തിലൂടെ വ്യക്തമാക്കാനുള്ള ത്വരയും ആഴംകുറഞ്ഞ പ്രമേയങ്ങളും ഈ ചലച്ചിത്രത്തെ ഒട്ടൊന്നുമല്ല തളർത്തിയിട്ടുള്ളത്.

ആദരണീയനായ സംവിധായകൻ എഴുതിവിട്ട അതിനാടകീയത തുളുമ്പുന്ന സംഭാഷണം എങ്ങനെ കൈകാര്യംചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ദിലീപ്. ആ കഥാപാത്രത്തിന്റെ ചിത്രീകരണവും യുക്തിയുക്തമായിട്ടില്ല. നാട്ടിൽ തൊഴിൽ തെണ്ടി അലയുന്ന കാലത്തുപോലും മര്യാദക്കാരനായി കഴിഞ്ഞ ഒരാൾ ഗൾഫിൽ നല്ലൊരു ജോലിയും വരുമാനവും നാട്ടിലും വീട്ടിലും മാന്യതയും നേടിക്കഴിയുമ്പോൾ പെട്ടെന്നൊരു ദിവസം ഒരു കടുംകൈ ചെയ്യുന്നതായി കാഴ്ചക്കാർ വിശ്വസിക്കണമെങ്കിൽ അയാൾ കുറ്റാന്വേഷണനോവൽ വായിക്കുന്നതായി കാണിച്ചാൽ മാത്രം പോര. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ ആഭരണമണിഞ്ഞ് ഒറ്റയ്ക്കൊരു മുറിയിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങുന്ന വീട്ടമ്മ, വിറകടുപ്പുള്ള അടുക്കള, ഒരു സംഘമായി പടികടന്നുവന്ന് മുറ്റത്തുനിന്നുതന്നെ ചോദ്യങ്ങൾ ചോദിച്ചിട്ടുപോകുന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സംഘം, കോരിച്ചൊരിയുന്ന മഴയത്ത് കുടയുംപിടിച്ചുവന്ന് മുറ്റത്തുനിന്നുതന്നെ കാര്യംസാധിച്ചുപോകുന്ന പിരിവുകാർ, പൊലീസ് ചവിട്ടി ഏണൊടിച്ചിട്ടിരിക്കുകയാണെന്നു പറഞ്ഞിട്ട് സ്പ്രിങ്ങുപോലെ കിടക്കയിൽ എഴുന്നേറ്റിരിക്കുന്ന ഇന്ദ്രൻസ്, ഇംഗ്ലീഷ് മീഡിയത്തിന്റെ കടുത്ത ചുവയുള്ള കൗമാരപ്രായക്കാരെ നാട്ടിൻപുറത്തുകാരായി അഭിനയിപ്പിച്ചിരിക്കുന്നത്, ഒരേ നീലകുർത്തയും വെള്ള പൈജാമയും ധരിച്ച് മൂന്നുരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം, ഇടയ്ക്കിടെ വന്നുപോകുകമാത്രം ചെയ്യുന്ന പ്രാദേശികഭാഷ - ഇങ്ങനെ സംവിധായകന്റെ ശ്രദ്ധക്കുറവ് വിളിച്ചോതുന്ന വിശദാംശങ്ങൾ അനവധിയാണ്. മരുമകനെ 'പുരുഷോത്തമൻ നായർ' എന്നു വിളിക്കുന്ന അമ്മായിയച്ഛൻ ഇന്നത്തെ കാലത്തുമുണ്ടോ?

ചിത്രം കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ വലിയൊരു പങ്ക് കാവ്യാ മാധവന്റെ സൂക്ഷ്മതയുള്ള അഭിനയത്തിനുണ്ട്. ഏറെക്കുറെ ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുകയാണ് ഈ നടി. ഇന്ദ്രൻസിന്റെ കുട്ടൻ പോലുള്ള സഹകഥാപാത്രങ്ങളും നെടുമുടി വേണുവിന്റെ അഭിനയവും നന്നായിട്ടുണ്ട്. മറ്റ് അടൂർ ചിത്രങ്ങളിലേതുപോലെ തന്നെ വീടുകൾ ഇവിടെയും ഏറെക്കുറെ കഥാപാത്രതുല്യമായ വ്യക്തിത്വം പുലർത്തുന്നുണ്ട്.

തിരുവിതാംകൂർ നായർ ജീവിതമാണ് അടൂരിന്റെ തട്ടകം. ആ ഭൂമികയിലുള്ള അദ്ദേഹത്തിന്റെ അവഗാഹമാണ് കഥയ്ക്ക് കുറച്ചൊക്കെ അടിയുറപ്പു പകരുന്നത്. മാടമ്പിമാഹാത്മ്യമൊക്കെ അയവിറക്കി കഴിഞ്ഞുകൂടുന്ന മാന്യന്മാരായ തറവാടികൾ ഒരാവശ്യംവരുമ്പോൾ നിമിഷനേരംകൊണ്ട് തേറ്റയും നഖവും പുറത്തെടുക്കുന്ന ദൃശ്യം നട്ടെല്ലിൽ ഒരു തരിപ്പോടുകൂടി മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.


<< കണ്ടെഴുത്ത്

Friday, July 08, 2016

രാഷ്ട്രീയം പറയാത്ത രാഷ്ട്രീയകഥകൾ


അബ്ബാസ് കിയരൊസ്താമി തന്റെ ആദ്യകാലചിത്രങ്ങളിൽ രാഷ്ട്രീയം വിഷയമാക്കിയില്ല എന്നാണ് പൊതുവെ പറയാറ്. കുട്ടികളുടെ ജീവിതങ്ങളും അവരുടെ ചെറിയ സങ്കടങ്ങളും സ്നേഹങ്ങളും ചിത്രീകരിച്ചിരിക്കുന്ന കഥകൾക്ക് രാഷ്ട്രീയമുണ്ടാകാൻ വയ്യ എന്ന വിചാരംകൊണ്ടാവാം അങ്ങനെ ഒരു ധാരണയുണ്ടായത്. എന്നാൽ, ഏതു സമൂഹത്തിന്റെയും ശ്രേണികളിൽ, അധികാരിവർഗത്തിന്റെയും കീഴാളരുടെയും പെണ്ണുങ്ങളുടെയും വിവിധ അടരുകൾക്കുതാഴെ, മൃഗങ്ങൾക്കു തൊട്ടുമുകളിൽ, കഴിയുന്നവരാണ് കുട്ടികൾ. കുട്ടികൾ എന്ന വർഗത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോൾ, മുകളിലുള്ള അടരുകളുടെ ഭാരവും ജീർണ്ണതയും ആ കഥകളിൽ പ്രതിഫലിച്ചുകാണാൻ കഴിയും എന്നതാണ് വാസ്തവം. അടിച്ചമർത്തലിൽ അധിഷ്ഠിതമായ ഒരു സമൂഹമാകുമ്പോൾ നോവിന്റെയും ഭീതിയുടെയും ഉദ്വേഗത്തിന്റെയും തോതു കൂടുതലായിരിക്കും.


‘കുട്ടികളുടെയും യുവജനങ്ങളുടെയും ബൗദ്ധികവികാസത്തിനുവേണ്ടിയുള്ള ഇൻസ്റ്റിറ്റ്യൂ’ട്ടിലായിരുന്നു കിയരൊസ്താമിയുടെ ആദ്യജോലി. ആ സർക്കാർ സ്ഥാപനത്തിനുവേണ്ടി അദ്ദേഹം നിർമ്മിച്ച ഹ്രസ്വചിത്രങ്ങളിലെല്ലാം കുട്ടികളുടെ ജീവിതത്തെച്ചൊല്ലിയുള്ള അദ്ദേഹത്തിന്റെ ആശങ്കകൾ നിഴലിച്ചുകാണാം. അക്കൂട്ടത്തിലൊന്നായിരുന്നു 1979ലെ ‘ഒന്നാമത്തെ സംഭവം, രണ്ടാമത്തെ സംഭവം’ (First Case Second Case). ക്ലാസിൽ ശല്യമുണ്ടാക്കുന്ന കുട്ടിയെ കണ്ടുപിടിക്കാൻവേണ്ടി ഒരു അധ്യാപകൻ നിശ്ചയിക്കുന്ന ശിക്ഷയെ ചിത്രീകരിച്ചിട്ട് ഈ സംഭവത്തെപ്പറ്റി വിദഗ്ധന്മാരുടെ അഭിപ്രായം ആരായുന്നു ഇതിൽ. ചിത്രത്തിന്റെ പണി ഏറെക്കുറെ പൂർത്തിയായപ്പോഴാണ് ഖുമൈനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമികവിപ്ലവം നടന്നത്. രണ്ടുവർഷത്തിനുശേഷം, ആകെ അഴിച്ചുപണിഞ്ഞ്, വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായുള്ള അഭിമുഖങ്ങൾ ഉൾക്കൊള്ളിച്ചാണ് ചിത്രം പുറത്തിറങ്ങിയത്. ഉടൻതന്നെ നിരോധിക്കപ്പെട്ടു എന്നും പതിറ്റാണ്ടുകൾക്കുശേഷമാണ് ചിത്രം വെളിച്ചംകണ്ടത് എന്നും പറയുമ്പോൾ അതിന്റെ രാഷ്ട്രീയമായ നിലപാട് ഭരണാധികാരികൾക്ക് വ്യക്തമായിരുന്നു എന്ന് മനസ്സിലാക്കാമല്ലോ.


1987ലെ ‘കൂട്ടുകാരന്റെ വീട് എവിടെയാണ്?’ (Where Is the Friend's Home?) എന്ന ചിത്രമാണ് കിയരോസ്തമിക്ക് അന്താരാഷ്ട്രശ്രദ്ധനേടിക്കൊടുത്തത്. സ്കൂളിൽനിന്ന് തന്റെ പുസ്തകം മാറിയെടുത്ത കൂട്ടുകാരന്റെ വീടന്വേഷിച്ച് അപരിചിതമായ പ്രദേശത്ത് അലയുന്ന കുട്ടിയാണ് ഇതിലെ മുഖ്യകഥാപാത്രം. കരുതലിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചുമൊക്കെയുള്ള കഥയായി കാണാൻ കഴിയുമെങ്കിലും മുതിർന്നവരുടെ ലോകത്തിൽ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെക്കുറിച്ചാണ് ഇതെന്ന് മറക്കാൻ കഴിയില്ല. ആളൊഴിഞ്ഞ കുന്നിൻ ചെരുവുകളിലും നിഴലുവീണ തെരുവുകളിലും ഒക്കെ ഒറ്റയ്ക്ക് അലയുന്ന കുട്ടിയെ അലട്ടുന്നത് ഗൃഹപാഠം ചെയ്യാതെ പിറ്റേന്നു ചെന്നാൽ തനിക്കും കൂട്ടുകാരനും നേരിടേണ്ടിവരുന്ന ശിക്ഷയെച്ചൊല്ലിയുള്ള ഭീതിയാണ്. ശിക്ഷയുടെ ചിത്രീകരണം ഒഴിവാക്കിക്കൊണ്ടുതന്നെ അതിന്റെ ഭീകരത നമ്മെ അനുഭവിപ്പിക്കാൻ സംവിധായകനു കഴിയുന്നു. താൻ കുട്ടിയായിരുന്നപ്പോൾ ഒരു കുറ്റവും ചെയ്യാതെതന്നെ തനിക്ക് ശിക്ഷകിട്ടാറുണ്ടായിരുന്നു എന്നും ശിക്ഷകളുടെ കാർക്കശ്യം കുറഞ്ഞുപോയതാണ് ഇക്കാലത്തെ കുട്ടികൾ വഴിതെറ്റിപ്പോകാനുള്ള കാരണമെന്നും പറയുന്ന വൃദ്ധനെ നമ്മൾ ഈ ചിത്രത്തിൽ കാണുന്നുണ്ട്.


1989ലെ ‘ഗൃഹപാഠം’ (Homework) ഒരു ഡോക്യുമെന്ററിയാണ്. ഗൃഹപാഠത്തെപ്പറ്റി കുട്ടികളുമായി നടത്തുന്ന അഭിമുഖത്തിലൂടെ കുട്ടികളുടെ മനസ്സിൽ അടക്കം ചെയ്തിരിക്കുന്ന ഭീതിയും ആശങ്കയും പുറത്തുകൊണ്ടുവരുന്നുണ്ട് ഈ ചിത്രം. ഭയംകാരണം ഏറെക്കുറെ ഞരമ്പുരോഗത്തിന്റെ വക്കിലെത്തിക്കഴിഞ്ഞതുപോലെ കാണപ്പെടുന്ന ഒരു കുട്ടി ഇതിലെ മറക്കാത്ത കഥാപാത്രങ്ങളിലൊന്നാണ്.
1970ൽ നിർമ്മിച്ച കിയരൊസ്താമിയുടെ ആദ്യകൃതിയായ ‘അപ്പവും ഇടവഴിയും’ (The Bread and Alley) എന്ന ഹ്രസ്വചിത്രത്തിൽ ഒറ്റയ്ക്ക് വീട്ടിലേക്കു മടങ്ങുന്ന ഒരു കുട്ടിയും അവന്റെ വഴി തടയുന്ന പട്ടിയുമാണ് കഥാപാത്രങ്ങൾ. മിന്നായംപോലെ കടന്നുപോകുന്ന മുഖമില്ലാത്ത മുതിർന്നവരാരും അവന് ആശ്വാസമാകുന്നില്ല.


കുട്ടികളുടെ നിസ്സാരമായ മോഹങ്ങളും ഭീതികളും ആളൊഴിഞ്ഞ വഴികളും വിലക്കപ്പെട്ട വിനോദങ്ങളിൽ മുഴുകിയിരിക്കുന്ന മുതിർന്നവരും ആവർത്തിച്ചുവരുന്ന മറ്റൊരു ചിത്രമാണ് കിയരൊസ്താമി തിരക്കഥയെഴുതി ജാഫർ പനാഹി സംവിധാനം ചെയ്ത ‘വെളുത്ത ബലൂൺ’ (The White Balloon (1995)). ഒരിക്കലും രംഗത്തുവരാത്ത ഒരു പിതാവ് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം കഥയിലുടനീളം അനുഭവിക്കാൻ കഴിയും.


സമൂഹത്തെ താങ്ങി നിർത്തുന്ന ഹിംസയും മർദ്ദനവും ഭീകരതയും അടുത്ത തലമുറയിലേക്ക് കൈമാറാൻ ചുമതലപ്പെട്ടവർ എന്ന നിലയിൽ കുട്ടികളുടെ ജീവിതം ചിത്രീകരിക്കുകയാണ് അബ്ബാസ് കിയരൊസ്താമി തന്റെ ആദ്യകാലചിത്രങ്ങളിൽ ചെയ്തത്.
<< കണ്ടെഴുത്ത്

Monday, October 19, 2015

ഒറ്റാല്‍



ചുരുങ്ങിയ ചെലവിൽ നിര്മ്മി ച്ചതോ, നാട്ടിൻപുറത്തിന്റെയും നന്മയുടെയും കഥകൾ പറയുന്നതോ, കുട്ടികളെയും ദരിദ്രരെയും വിദ്യാഭ്യാസമില്ലാത്തവരെയും കഥാപാത്രങ്ങളാക്കുന്നതോ, മനുഷ്യാവകാശധ്വംസനങ്ങളുടെ കഥകൾ പറയുന്നതോ ആയ സിനിമകളെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും വിമർശിക്കുമ്പോൾ കുറ്റബോധം തോന്നാറുണ്ടോ? എനിക്കുണ്ട്. ‘അംഗപരിമിതരുടെ’ കായികമേളയ്ക്കുപോയിട്ട് കുറ്റം പറയുന്നതുപോലെ, കൊച്ചുകുട്ടികളുമായി ഇടികൂടാൻ പോകുന്നതുപോലെ ഒരു നാണംകെട്ട പരിപാടിയാണ് ഇതെന്നാണ്‌ തോന്നാറ്. മുഖ്യധാരയിൽ നിന്നുള്ള ‘മുന്നറിയിപ്പി’നെയും ‘1983’നെയും വിമർശിക്കുമ്പോഴും ‘നോർത്ത് 24 കാത’ത്തിനെയും ‘101 ചോദ്യങ്ങ’ളെയും ‘ക്രൈം നമ്പർ 89’നെയും ‘ഐൻ’നെയുംകുറിച്ച് മോശമായിട്ട് എന്തെങ്കിലും പറയാൻ ഒരു മടി. ആരെങ്കിലും ഇതു വായിച്ചിട്ട് ആ സിനിമ കാണണ്ട എന്നു തീരുമാനിച്ചാലോ? അങ്ങനെ ആ സംവിധായകൻ അടുത്ത പടം എടുക്കാതിരുന്നാൽ ആ പാപത്തിൽ എനിക്കും പങ്കുണ്ടാകുകയില്ലേ എന്നൊക്കെയാണ്‌ വിചാരം.


ജയരാജിന്റെ ‘ഒറ്റാൽ’ ഒരു മുഖ്യധാരാസംവിധായകന്റെ കൃതിയാണെങ്കിലും മുകളിൽ പറഞ്ഞ എല്ലാ സ്വഭാവങ്ങളുമുള്ളതാണ്‌. എന്നാലും വല്ലപ്പോഴുമൊരിക്കൽ മനസ്സിൽ തോന്നുന്ന നാലുവാക്കു പറഞ്ഞില്ലെങ്കിൽ വായിലെ മധുരം കാരണം പുഴുപ്പല്ലുവരികില്ലേ? പിന്നെ ഏറ്റവും മികച്ച പടത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയതാണ്‌ എന്നുള്ളതുകൊണ്ട് അത്ര കുറ്റബോധം തോന്നണ്ടതില്ല.

(മുന്നറിയിപ്പ്: സിനിമ കാണുംമുമ്പ് കഥയറിയാന്‍ ഇഷ്ടമില്ലാത്തവർ തുടര്ന്നു വായിക്കരുത്)

നന്മനിറഞ്ഞ ഗ്രാമങ്ങളെപ്പറ്റി, അവിടുത്തെ അനഭ്യസ്തവിദ്യരായ പഴയ തലമുറയെപ്പറ്റിയുള്ള കഥകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ സിനിമ കണ്ടിരിക്കണം. ഇടയ്ക്കിടയ്ക്ക് ഫിഷ്-ഐ ലെൻസുകൊണ്ട് ഹൈലൈറ്റ് ചെയ്യുന്ന, നീണ്ടുപരന്നുകിടക്കുന്ന കുട്ടനാടിന്റെ ദൃശ്യങ്ങളാണ് ആദ്യാവസാനം. ശ്രീവത്സൻ ജെ. മേനോന്റെ മൃദുവായ ഘടം, കാവാലം നാരായണപ്പണിക്കർ എഴുതിയ കവിതകൾ എല്ലാമുണ്ട്. (ഇതിൽ താറാവുകാരന്‍ മുമ്പൊരു സിനിമയിൽ ഉപയോഗിച്ചുകഴിഞ്ഞതാണ്. യൂ-റ്റ്യൂബില്‍ നെടുമുടി വേണു പാടിയത് കിട്ടാനുമുണ്ട്. പക്ഷേ, പുതുമ ഈ പടത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്‍ അല്ലാത്ത സ്ഥിതിക്ക് അതിലൊന്നും കാര്യമില്ല.) പഴമ = നന്മ എന്നു വിശ്വാസിക്കുന്നവര്ക്ക് പറ്റിയ പടമാണ്. പഴമ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്‌ സിനിമയിൽ. ഗ്രാമീണരും വൃദ്ധരും മുഴുവന്‍ നല്ലവരാണ്. അവർ കള്ളുകുടിക്കുകയും വള്ളപ്പാട്ട് പാടുകയും, (‘കുട്ടനാടന്‍ പുഞ്ചയിലെ’ അല്ലാതെ ഒരു പാട്ട് കിട്ടിയില്ലേ?) രാവിലെ മുതൽ വൈകിട്ടുവരെ ചൂണ്ടയിടുകയും, യാതൊരു തെരക്കുമില്ലാതെ ഒറ്റാൽ വെച്ച് മീന്‍ പിടിക്കുകയും, ആര്ക്കും കത്ത് ഇല്ലെങ്കിലും പോസ്റ്റും കൊണ്ടു വരികയും (കുട്ടനാട്ടുകാർ കത്ത് എന്ന വാക്ക് ഉപയോഗിക്കാറുണ്ടോ?), ചക്രം ചവിട്ടുകയും, ‘ടോർച്ചും കുടച്ചക്രവും’ ഒക്കെ വന്നെങ്കിലും സന്ധ്യയ്ക്ക് വിളക്കുകാലിന്മേൽ എണ്ണവിളക്ക് കൊളുത്തിവെക്കുകയും ഒക്കെ ചെയ്യുന്നു. യന്ത്രങ്ങൾ പുതുമയുടെ പ്രതിനിധികളാണ്‌. ക്രൂരതയെക്കുറിച്ചും ചൂഷണത്തെക്കുറിച്ചുമുള്ള രംഗങ്ങളിൽ മാത്രമേ അവ കടന്നുവരുന്നുള്ളൂ. തഴച്ചുവളരുന്ന നെല്പാടങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അവിടങ്ങളിലെങ്ങും ഒരു യന്ത്രം പോലും കാണാനില്ല. ഇതെല്ലാം യന്ത്രസഹായമില്ലാതെ പഴയ ചിട്ടയനുസരിച്ച് മനുഷ്യര്‍ നട്ടുവളർത്തിയതായിരിക്കാം. അസുഖം ഉണ്ടാകുമ്പോൾ ഒരേ ദിശയിൽനിന്ന് ഒന്നിച്ച് ഓടിയെത്തുന്ന ഇവരുടെ അലേർട്ട് സിസ്റ്റം ‘പൂഹോയ്’ വിളിയും കൈയിലെ വെളിച്ചം ചൂട്ടുകറ്റയുമാണ്‌.

വിദ്യാഭ്യാസമാണ് വിമര്ശേനവിധേയമാകുന്ന മറ്റൊരു സ്ഥാപനം. ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒരു തടവറതന്നെയാണ്‌. ‘മരിക്കുന്നതുവരെ പഠിത്തമാണ്‌’ എന്നും മറ്റുമുള്ള വിമർശനങ്ങൾ അങ്ങിങ്ങ് കേള്ക്കാംാ. നല്ലകഥാപാത്രങ്ങളിൽ വീട്ടമ്മയും ഡോക്ടറുമൊഴികെ എല്ലാവരും വിദ്യാഭ്യാസമില്ലാത്തവരാണ്‌.
ഇതുവരെ പറഞ്ഞത് ഈ ചിത്രം മുന്നോട്ടുവെക്കുന്ന ദര്ശിനത്തെക്കുറിച്ചാണ്. ഇതിനോട് ഒരു കാഴ്ചക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് വിയോജിപ്പുണ്ട് എന്നത് ഒരു കാര്യം. എന്നാൽ, ഇതും ഒരു ദര്ശ്നമാണ് എന്നതും അത്തരം ഒരു ദര്ശ്നം അവതരിപ്പിക്കാന്‍ ഒരു ചിത്രത്തിന് അവകാശമുണ്ട് എന്നതും വേറെ കാര്യം.
ഇനി പറയുന്നത് ശില്പപരമായ പ്രശ്നത്തെക്കുറിച്ചാണ്. ഹൃദയസ്പർശിയാവേണ്ട ഒരു കഥയാണ്‌. പക്ഷേ, ഒന്നും തോന്നുന്നില്ല. പിടിച്ച് ഉലച്ചുകളയുന്ന ഏതാനും ഷോട്ടുകൾ ഒഴിച്ചാൽ ഈ ചിത്രം മുഴുവന്‍ വിരസതയാണ്.

അഭിനയിച്ചു പരിചയമില്ലാത്ത മുഖ്യനടന്മാരെക്കൊണ്ട് നന്നായി അഭിനയിപ്പിച്ചിട്ടുണ്ട് എന്നു പറയാതെ വയ്യ, ഒരു പട്ടി ഉള്പ്പെഴടെ.
മലയാളസിനിമ അന്താരാഷ്‌ട്രതലത്തിൽ എന്തുകൊണ്ട് അംഗീകാരങ്ങൾ നേടുന്നില്ല എന്ന്‍ വിചാരപ്പെടുന്നവർ വാഴ്ത്തപ്പെടുന്ന ഇത്തരം ചിത്രങ്ങൾ കാണേണ്ടതാണ്.

<< കണ്ടെഴുത്ത്‌

Monday, June 15, 2015

പ്രേമം

അംഗങ്ങൾ എല്ലാം ഉടനടി ‘പ്രേമം’ കണ്ടിരിക്കണം എന്നും അഭിപ്രായം എഴുതിയിരിക്കണം എന്നും അല്ലെങ്കിൽ ബ്ലോഗര്‍ അക്കൗണ്ട് കാൻസൽ ആകും എന്ന നോട്ടീസ് കിട്ടിയ ഉടനെ തീയേറ്ററിലേക്കു വിട്ടു. മുമ്പിൽനിന്ന് മൂന്നാമത്തെ നിരയിലാണ്‌ ഇരുന്നതെങ്കിലും മുഴുവൻ കണ്ടു. ഇനിയും രണ്ടോ മൂന്നോ തവണ കാണാൻ വിരോധമില്ല. തേങ്ങയും പഞ്ചസാരയും വായ നിറച്ച് ഇട്ട് ചവയ്ക്കുമ്പോൾ കിട്ടുന്നതുപോലെ, ഡപ്പാംകുത്ത് കേൾക്കുന്നതുപോലെ ഒരു സുഖം. ഇതേ സംവിധായകന്റെ ‘നേരം’ കണ്ടപ്പോഴും ഇത് അനുഭവപ്പെട്ടിരുന്നു.

ഇഷ്ടപ്പെട്ട കാര്യങ്ങൾ:
- ചടുലമായ രംഗപരമ്പര, സംഭാഷണം, പാട്ടുകൾ.
- കുറെയൊക്കെ മ്യൂസിക്ക്‌ വീഡിയോ സ്റ്റൈലിലാണെങ്കിലും ഒട്ടും മടുപ്പിക്കാതെ ദൃശ്യങ്ങൾ ക്രമീകരിക്കാൻ കാണിച്ചിരിക്കുന്ന സംവിധാന-ചിത്രസംയോജന ശ്രദ്ധ
- മലർ (സായി പല്ലവി) നൃത്തസംവിധാനം നിർവഹിക്കുന്ന രംഗങ്ങൾ
- ബാംഗ്ലൂർ ഡെയ്സ്‌ പോലെ പാശ്ചാത്യസമ്പ്രദായങ്ങളെ കൊണ്ടാടുന്നില്ല (അവസാന ഭാഗത്തൊഴികെ). നാട്ടിൻപുറത്തെയും കാല്പനികവല്ക്കരിക്കുന്നില്ല.
- സംഭാഷണം റെക്കോഡ്‌ ചെയ്തിരിക്കുന്നതിലെ സ്വാഭാവികത
- മണിച്ചിത്രത്താഴിലെ “വെള്ളം” രംഗത്തിന്റെ അനുകരണം, അതിനെക്കാൾ മെച്ചപ്പെട്ട രീതിയിൽ. ആ പടത്തിൽ ഒരു മാനസികരോഗിയെ പരിഹസിക്കുന്നതായിരുന്നു ആ രംഗമെങ്കിൽ ഇതിൽ ഒട്ടും ദുരുദ്ദേശമില്ലാത്ത ഒരു തമാശമാത്രമാണ്‌
- വിനയ്‌ ഫോർട്ട്‌
- മലയാളം സിനിമാപ്പേര്‌
- ‘സീൻ കോണ്ട്രാ’ എന്ന പാട്ടും അതിന്റെ ചിത്രീകരണവും

ഇഷ്ടപ്പെടാത്ത കാര്യങ്ങൾ:
- ഒരു പുതുമയുമില്ലാത്ത കഥ, സിനിമയിൽ മാത്രം കാണുന്നതുപോലുള്ള കഥ (വാഹനാപകടത്തില്‍പ്പെട്ട്‌ ഓർമ്മപോകലൊക്കെ നിർത്താറായില്ലേ?) (ന്യൂ ജെനറേഷൻ എന്നു പറഞ്ഞാൽ ഓൾഡ് ജെനറേഷൻ കഥ പുതിയ കുപ്പിയിൽ എന്നാണോ അർത്ഥം?)
- സൈഡ് കിക്കുകൾ, പ്യൂൺമാർ തുടങ്ങിയവർ അടിയ്ക്കാനും തൊഴിക്കാനും പരിഹസിക്കാനും ഉള്ളതാണെന്ന വിശ്വാസം (ഇതും ഓൾഡ് ജെനറേഷന്റെ തുടർച്ച തന്നെ)
- ഹാൻഡ് ഹെൽഡ് ക്യാമറ, ലൈവ് സൗണ്ട് തുടങ്ങിയ ടെക്നിക്കുകൾ റിയലിസ്റ്റ് കഥകളിൽ റിയലിസത്തിനു കരുത്തുപകരാൻ ഉപയോഗിക്കേണ്ടതാണ്‌. പള്ളിയിൽ മൈക്കുപിടിച്ച് പ്രേമഗാനം പാടുകയും മറ്റും ചെയ്യുന്ന കഥകളിൽ ഈ വിദ്യകൾക്ക് എന്തു പ്രസക്തി?
- ആഴമില്ലാത്ത പ്രമേയങ്ങൾ
- നിവിൻ പോളി. (പോളിയ്ക്കു റെയ്ഞ്ചില്ല എന്ന്‍ ശ്യാമപ്രസാദ് പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ എനിക്കു പറയാമല്ലോ.)
- നിവിൻ പോളിയുടെ എതിരാളിയും അയാളെക്കാൾ മികച്ച നടനും ഇപ്പോൾ അധികം പടങ്ങളില്ലാത്തവനുമായ ഫഹദ്‌ ഫാസിലിനെ പരിഹസിച്ചുള്ള തമാശ
- അക്രമം കാണിച്ചിട്ടും ശിക്ഷകിട്ടാതെ പോകുന്ന വീരനായകനെയും കൂട്ടരെയും ഇഷ്ടപ്പെടാൻ കാണികളോട് ആവശ്യപ്പെടുന്ന കഥ (മോഹൻലാലിന്റെയും മറ്റും ഓൾഡ് ജെനറേഷൻ സിനിമകളുടെ തുടർച്ച)
- വലിയ ധീരയൊക്കെയാണെങ്കിലും റാഗിങ്ങൊക്കെ ‘നിങ്ങളുടെ കാര്യം’ എന്നു പറയുന്ന ടീച്ചർ
- ചിരിയല്ലാതെ മറ്റ്‌ ഭാവങ്ങൾ ഒന്നുമില്ലാത്ത നായികമാരുടെ പലഹാരതുല്യമായ സൗന്ദര്യം
- കഥാപാത്രങ്ങൾ മാതാപിതാക്കളെ ആശ്രയിച്ചു ജീവിക്കുന്നവരായിട്ടും സിനിമയിൽ അവർക്ക്‌ യാതൊരു സാന്നിദ്ധ്യവും ഇല്ലാത്തത്‌
- രഞ്ജി പണിക്കർ
- സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന കാലത്ത്‌ ഇത്ര ബഹളമായി കുറേ ആൺകുട്ടികൾ ഒരു പെൺകുട്ടിയുടെ പുറകേ നടന്നിട്ടും നാട്ടുകാരിലെ സദാചാരപൊലീസുകാർ ഇടപെടുന്നില്ല എന്നതു വിശ്വസിക്കാൻ കഴിയുന്നില്ല
- സംഭാഷണം റെക്കോഡ്‌ ചെയ്തിരിക്കുന്ന രീതി കാരണം (അതോ എന്റെ കേഴ്വിക്കുറവുമൂലമോ) ചിലതൊന്നും മനസ്സിലാകുന്നില്ല. രണ്ടാമതും മൂന്നാമതും സിനിമ കാണാനായി മനപ്പൂർവം ചെയ്തതതായിരിക്കുമോ?

<< കണ്ടെഴുത്ത്

Friday, January 09, 2015

ഗുഹകളില്‍ വസിക്കുന്ന മനുഷ്യര്‍



കാനിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കെപ്പെട്ട ശീതകാലനിദ്ര (വിന്‍റർ സ്ലീപ്പ്)യെക്കുറിച്ചുള്ള ലേഖനം വെള്ളക്കാക്കയില്‍.

<< കണ്ടെഴുത്ത്

Wednesday, December 24, 2014

തന്നാണ്ടത്തെ സിനിമാവിളവെടുപ്പ്



പണ്ടുപണ്ട്, ദിനോസറുകള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്കും മുമ്പ്, ഡിവിഡിയ്ക്കും കേബിള്‍ ടിവിയ്ക്കും മുമ്പ്, ഒരു കൊല്ലത്തെ ചലച്ചിത്രവിളവെടുപ്പിന്റെ രേഖ. പഴയ ഡയറിയില്‍ കുറിച്ചിട്ടിരുന്നത്. എസ്. എഫ്. എസ്. എന്നു പറഞ്ഞാല്‍ അന്ന്‍ ഒരു കെട്ടിടനിര്‍മ്മാണക്കമ്പനിയുടെ പേരായിരുന്നില്ല, തിരുവല്ലയിലെ ഒരേ ഒരു ഫിലിം സൊസൈറ്റിയുടെ പേരായിരുന്നു. തിരുവല്ലയില്‍ ടിവി സംപ്രേഷണം എത്തിയിട്ടില്ലാത്തതിനാല്‍ ആര്‍ട്ട്സിനിമ കാണാന്‍ ഒരേയൊരു മാര്‍ഗ്ഗം.

ചെറിയ കറുത്ത കുത്തിന്റെ അര്‍ത്ഥം ഇഷ്ടപ്പെട്ടു എന്നാണ്. കാലം കഴിയുമ്പോള്‍ ഇഷ്ടങ്ങള്‍ മാറുന്നു. അന്ന്‍ ഇഷ്ടപ്പെട്ട "ആരാന്‍റെ മുല്ല, കൊച്ചുമുല്ല" യും "ഇ.റ്റി."യും "ഏക്‌ ദൂജേ കേലിയേ"യും ഏറെക്കുറെ പൂര്‍ണ്ണമായി മറന്നപ്പോള്‍ അന്ന് ഇഷ്ടപ്പെടാതിരുന്ന "കോലങ്ങള്‍" ഇടയ്ക്കിടെ ഓര്‍ക്കുന്നു.


Jan 21

English

Gandhi

Attenborough

Feb 18

മലയാളം

അക്കരെ

കെ. എന്‍. ശശിധരന്‍

Mar 15

ബംഗാളി

പഥേര്‍ പാഞ്ചാലി

റായ്

Mar 15

English

Neighbours

McLaren

Mar 16

ബംഗാളി

അപരാജിതോ

റായ്

Mar 16

English

60 Cycles


Mar 17

ബംഗാളി

അപുര്‍ സന്‍സാര്‍

റായ്

Mar 17

English

Pas de Deux

McLaren

Mar 17

English

The Great Toy Robbery


May 1

കന്നഡ

പല്ലവി

പി. ലങ്കേഷ്

May 2

French

Far in the West



May 5

മലയാളം

എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്

ഫാസില്‍

May 13

മലയാളം

കളിയില്‍ അല്പം കാര്യം

സത്യന്‍ അന്തിക്കാട്

May 15

മലയാളം

സാഗരസംഗമം

കെ. വിശ്വനാഥ്

May 26

മലയാളം

വീണ്ടും ചലിക്കുന്ന ചക്രം

പി. ജി. വിശ്വംഭരന്‍

May 27

English

Octopussy


Jun 2

English

Force Ten from Navarone

Guy Hamilton

Jun 15

Italian

The Bicycle Thieves

Vittorio De Sica

Jul 14

മലയാളം

ആരോരുമറിയാതെ

കെ. എസ്. സേതുമാധവന്‍

Jul 18

ഹിന്ദി

ഏക്‌ അഥൂരി കഹാനി

മൃണാള്‍ സെന്‍

Sep 14

മലയാളം

കായംകുളം കൊച്ചുണ്ണി

കെ. എ. തോമസ്‌

Sep 15

മലയാളം

ശ്രീകൃഷ്ണപ്പരുന്ത്

വിന്‍സെന്‍റ്

Sep 21

മലയാളം

ആരാന്‍റെ മുല്ല കൊച്ചുമുല്ല

ബാലചന്ദ്രമേനോന്‍

Oct 3

മലയാളം

ഇത്തിരിപ്പൂവേ ചുവന്ന പൂവേ

ഭരതന്‍

Oct 22

മലയാളം

കോലങ്ങള്‍

കെ. ജി. ജോര്‍ജ്ജ്

Nov 11

മലയാളം

പറന്നു പറന്നു പറന്ന്

പത്മരാജന്‍

Nov 12

ഹിന്ദി

ഏക്‌ ദൂജേ കേലിയെ

കെ. ബാലചന്ദര്‍

Nov 13

മലയാളം

അങ്ങാടി

ഐ. വി. ശശി

Nov 14

മലയാളം

താരാട്ട്

ബാലചന്ദ്രമേനോന്‍

Nov 15

ഹിന്ദി

കുര്‍ബാനി


Nov 15

മലയാളം

വൈകി വന്ന വസന്തം


Dec 5

English

ET: The Extra Terrestrial

Steven Spielberg

Dec 23

ഹിന്ദി

ബാഹു ബീഗം

<< കണ്ടെഴുത്ത്

Tuesday, July 02, 2013

ഇംഗ്ലീഷ്


നിർമ്മലയുടെ 'ചില തീരുമാനങ്ങൾ' എന്ന കഥ ശ്യാമപ്രസാദ് സിനിമയാക്കുന്നു എന്നു കേട്ടപ്പോൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. നാലു ഭാഗങ്ങളുള്ള ഒരു ചിത്രസമാഹാരത്തില്‍ ഒരു ഭാഗമാണ് ഈ കഥ എന്നാണ് അറിഞ്ഞത്. അക്കരക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ അജയൻ വേണുഗോപാലനാണ് ഇംഗ്ലീഷിന് തിരക്കഥ എഴുതുന്നതെന്നു കേട്ടപ്പോൾ പ്രതീക്ഷ ഇരട്ടിച്ചു. അങ്ങനെയാണ് ആദ്യത്തെ ആഴ്ച തന്നെ തീയേറ്ററിൽപ്പോയി ചിത്രം കണ്ടത്.

ഒരു സിനിമ കാണുകയാണെന്ന തോന്നൽ ഉണ്ടാകുന്ന അവസരങ്ങൾ കഴിവതും കുറച്ച്, നാടകീയത ഒഴിവാക്കി, കഥാപാത്രങ്ങളുടെ ജീവിതത്തിലേക്കു നോക്കുന്ന പ്രതീതി സൃഷ്ടിക്കാൻ കഴിയുന്ന കാര്യത്തിൽ എന്റെ ഓർമ്മയിലുള്ള ഏതു മലയാളം പടത്തിനെക്കാളും വിജയിച്ചിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട സംഗതി. അതു തന്നെ വലിയൊരു നേട്ടമല്ലേ? സ്വാഭാവികമായ അഭിനയവും സംഭാഷണങ്ങൾ ഡബ്ബ് ചെയ്യുന്നത് ഒഴിവാക്കിയിരിക്കുന്നതും ഇതിനു സഹായകമായിട്ടുണ്ട്.

മലയാളത്തിൽ ഇതിനകം ജനസമ്മതി നേടിക്കഴിഞ്ഞ ചലച്ചിത്രസമാഹാരങ്ങളുടെ രീതിയിൽ, നാലു കഥകളും നാലായിട്ടായിരിക്കും കാണിക്കുന്നത് എന്ന് കരുതിയാണു പോയത്. എന്നാൽ, നാലും കലർത്തിയാണു പറഞ്ഞിരിക്കുന്നത്. കഥ ഏതാണ്, ഈ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് എന്നൊന്നും ഒരു ആശയക്കുഴപ്പവും കാഴ്ചക്കാർക്കുണ്ടാകുന്നില്ല എന്നത് സംവിധായകന്റെ കഴിവിന്റെ തെളിവാണ്. വേറെ ചിലരൊക്കെ ഒരു കഥ പറയുന്നതിലും അനായാസമായി നാലെണ്ണം സമാന്തരമായി പറഞ്ഞുപോയിരിക്കുന്നു. എന്നാൽ, ഇങ്ങനെ ചെയ്തപ്പോൾ ഓരോ കഥയും വെവ്വേറെ പറഞ്ഞിരുന്നെങ്കിൽ കിട്ടുമായിരുന്ന ഏകാഗ്രത നഷ്ടമായി. നാലും നാലായിട്ട് പറഞ്ഞിട്ട് മറ്റേ കഥാപാത്രങ്ങളെ ഇടയ്ക്കിടെ കാണിക്കുകമാത്രം ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി. സംവിധായകന്റെ പരിപാടിയും ആദ്യം ഇതുതന്നെ ആയിരുന്നിരിക്കണം എന്നുവേണം ഊഹിക്കാൻ. അവസാനത്തെ രംഗം തിരുവനന്തപുരത്ത് ഷൂട്ടു ചെയ്യേണ്ടിവന്നതും ഇതുകാരണം ആയിരിക്കണം.

'തീരുമാനങ്ങളിലെ' ജോയിയായി മുകേഷും സാലിയായി സോനാ നായരും നന്നായിട്ടുണ്ട്. മകളും തരക്കേടില്ല. എന്നാൽ, അമ്മച്ചി എന്ന കഥാപാത്രത്തെ വികസിപ്പിച്ചെടുക്കാൻ മെനക്കെട്ടിട്ടില്ല എന്നത് ഒരു പോരായ്മയായി. ഒരു മുറിയില്‍ വെറുതെ ചിരിച്ചുകൊണ്ട് കിടന്ന കിടപ്പിൽ കിടക്കുന്ന ഒരു അമ്മച്ചിയായി മാത്രം കാണിച്ചിരിക്കുന്നതുകൊണ്ട് നമുക്ക് ജോയിയുടെ വേവലാതിയുടെ വ്യാപ്തി പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ല. കഥയിൽ തന്റെ ബാല്യം ഓർമ്മിക്കുന്ന ജോയിയെ കാണുക:
അപ്പച്ചൻ മരിച്ചത് ജോയിക്കു പന്ത്രണ്ടു വയസ്സുള്ളപ്പോഴായിരുന്നു. അതുകഴിഞ്ഞുള്ള ഓരോ ചുവടും അയാൾക്ക് വ്യക്തമായ ഓർമ്മയുണ്ട്. ആദ്യമായി സാധനങ്ങൾ വാങ്ങാൻ കടയിൽ പോയപ്പോൾ അമ്മ കൂട്ടിനു വന്നു. വഴിയരികിൽ ഇടയ്ക്കിരുന്ന് ശ്വാസം വലിക്കുമ്പോൾ തൊണ്ടയ്ക്ക് വിസിലൂതുന്ന ശബ്ദം കേൾക്കാം. ഒടുക്കം വീട്ടിലെത്തിയപ്പോൾ അകത്തേക്കു കേറാൻ കെല്പില്ലാതെ നടക്കല്ലിലിരുന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.
- മോനേ ഇച്ചര ചൂടുവെള്ളം.
(ഏതാനും വരികൾക്കു ശേഷം)
അപ്പോൾ എട്ടുവയസ്സുകാരൻ ജിമ്മി പറമ്പിൽ ഓടിക്കളിക്കുകയായിരുന്നു.
ഇപ്പോൾ ഉടഞ്ഞുവീഴുമെന്നു തോന്നിച്ച തന്റെ ദുർബലമായ ശരീരം മക്കൾക്കുവേണ്ടി വാർദ്ധക്യം വരെ കൊണ്ടെത്തിച്ച ആ അമ്മയുടെ കഥ, ആ അമ്മയും മകനും ഒന്നിച്ചെടുത്ത അസംഖ്യം തീരുമാനങ്ങളുടെ കഥ, ആ തീരുമാനങ്ങൾക്കു കീഴെ സുരക്ഷിതനും സ്വാർത്ഥനുമായി വളർന്ന അനുജന്റെ കഥ: ഇതെല്ലാം ദ്യോതിപ്പിക്കാൻ വിദഗ്ധയായ എഴുത്തുകാരിക്ക് കഷ്ടിച്ചു മുക്കാൽ പേജേ വേണ്ടിവരുന്നുള്ളൂ. ഇതൊരു രംഗമാക്കി കാണിക്കാൻ അഞ്ചുമിനിറ്റു പോലും വേണ്ട സിനിമയിൽ. എന്നിട്ടും അത് ചെയ്തിട്ടില്ലാത്തത് കഥയ്ക്ക് ദോഷം ചെയ്തു.

കഥയുടെ അവസാനത്തിൽ വരുത്തിയ മാറ്റവും കഥയെ ആകെ ദുർബലമാക്കിക്കളഞ്ഞു എന്നാണ് എന്റെ അഭിപ്രായം. അമ്മയെ മരണത്തിനു വിട്ടുകൊടുക്കാൻ തീരുമാനമെടുക്കേണ്ടിവരാതിരുന്ന ജോയിയുടെ കഥയ്ക്കു പകരം അങ്ങനെ തീരുമാനമെടുത്തിട്ടും മരിക്കാത്ത അമ്മയെയാണു സിനിമയിൽ കാണുന്നത്. 'ആൾക്കൂട്ടത്തിൽ തനിയെ'യിലും മറ്റും കണ്ടുകഴിഞ്ഞ അവസാനം.

പകുതികഴിയുമ്പോൾത്തന്നെ കഥാവസാനം ഊഹിക്കാൻ കഴിയുമെങ്കിലും നദിയാ മൊയ്തു/മുരളി മേനോൻ കഥ തരക്കേടില്ല. ഇംഗ്ലണ്ടിൽ കുടുങ്ങിയ കഥകളി നടനെ ഒരു ന്യൂ ജെനറേഷൻ സിനിമയിൽ പെട്ടുപോയ ഓൾഡ്‌ ജെനറേഷൻ കഥാപാത്രമായി സങ്കല്പിക്കാൻ കൌതുകം തോന്നി. ഒരു കഥകളി നടനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉച്ചാരണശുദ്ധിയും മറ്റും ഉള്ള ഒരു നടനെ ജയസൂര്യയ്ക്ക് പകരം തെരഞ്ഞെടുക്കാമായിരുന്നു.

തീരെ വിശ്വസിക്കാൻ ബുദ്ധിമുട്ട് രമ്യാ നമ്പീശൻ/നിവിൻ പോളി കഥയാണ്. സ്ത്രീലമ്പടനെന്നു പേരുകേട്ട സുഹൃത്തിനോട് ഭാര്യയെ ബോറടിക്കാതെ കൊണ്ടു നടക്കണം എന്ന് ഏല്പിച്ചിട്ട് ഒരു മലയാളിഭർത്താവ് യാത്രപോകുമെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

വിദേശത്തു ജീവിച്ചിട്ടുള്ളവർക്ക് അസ്വാഭാവാകിത തോന്നുന്ന ഘടകങ്ങൾ തീരെ കുറവാണെന്നു തന്നെ പറയാം. വിദേശത്തുവെച്ചെടുക്കുന്ന പല പടങ്ങളിലും കാണുന്നതുപോലെ അവിടുത്തെ കൗതുകദൃശ്യങ്ങൾ തുണ്ടം തുണ്ടമാക്കി അങ്ങിങ്ങു ചേര്‍ക്കുന്ന പ്രവണത വളരെ കുറച്ചിടത്തേ കണ്ടുള്ളൂ. ജോയിയും സാലിയും തമ്മിലുള്ള ഒരു പ്രധാനസംഭാഷണത്തിന്റെ ഇടയിൽ അണ്ടർഗ്രൗണ്ട് ട്രെയിനിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ ചേർത്തതുമാത്രം അരോചകമായി.

നിർമ്മാതാവിനു നഷ്ടമുണ്ടാവരുതെന്ന നിർബന്ധം ഡിജിറ്റൽ ഷൂട്ടിങ്ങിലും സിനിമയുടെ നീളക്കുറവിലും കാണുന്നുണ്ട്. കച്ചവടസിനിമാ പ്രതീക്ഷകളുമായി തീയേറ്ററിലെത്താത്ത കാഴ്ച്ചക്കാർക്കും കാശു നഷ്ടം വന്നതായി തോന്നാനിടയില്ല. തീയേറ്റർ വിട്ടുകഴിഞ്ഞാൽ ഓർത്തിരിക്കാൻ കാര്യമായൊന്നും ഇല്ലെന്നതുമാത്രം ഒരു കുറ്റമായി പറയാം. അതല്ലേ വിനോദത്തിന്റെ നിർവചനം?

ചെറുകിട അലോസരം1: പോളി അവതരിപ്പിക്കുന്ന കഥാപാത്രം ഇംഗ്ലണ്ടിൽ ജനിച്ചുവളർന്നതാണെന്നു തീരെ തോന്നില്ല. ലിവിങ്ങ് എന്നതിനു ലീവിങ്ങ് എന്നു പറയുമോ അത്തരത്തിലൊരാൾ?

ചെറുകിട അലോസരം2: 'കഥകളിയിൽ എല്ലാ വേഷങ്ങളും കെട്ടിയിട്ടുണ്ട്, പാചകക്കാരന്റേതൊഴിച്ച്' എന്ന സംഭാഷണം എഴുതിയയാൾക്ക് നളൻ അടുക്കളക്കാരനായി ജോലി ചെയ്തു എന്ന് അറിയില്ലായിരിക്കുമോ അതോ ന്യൂ ജെനറേഷന് ഇത്രയൊക്കെ മതിയെന്നു കരുതിയിരിക്കുമോ എന്തോ.

വാൽക്കഷണം: നാട്ടിൽ ജീവിക്കുന്ന ഒരു സുഹൃത്ത് ഈ പടത്തെക്കുറിച്ചു പറഞ്ഞ അഭിപ്രായം കൗതുകകരമായി തോന്നി. ഞങ്ങൾക്ക് ഇവിടെ അത്ര സുഖമൊന്നും അല്ലെന്നും നിങ്ങൾ നാട്ടിൽത്തന്നെ കഴിഞ്ഞാൽ മതിയെന്നും പറയാൻ വിദേശമലയാളികൾ ഉണ്ടാക്കിയ സിനിമയെന്ന് തോന്നിയത്രെ അദ്ദേഹത്തിന്. ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനും പുത്തൻ കാറുകൾ ഓടിച്ചുനടക്കാനും ഇഷ്ടമുള്ളപ്പോഴൊക്കെ പീത്സയും ബർഗറും കഴിക്കാനും കഴിയുന്ന വിദേശമലയാളികൾക്ക് വാസ്തവത്തിൽ ദുഃഖങ്ങളില്ലെന്ന് കരുതുന്ന വേറെയും കാഴ്ചക്കാരുണ്ടായിരിക്കുമോ?

<< കണ്ടെഴുത്ത്‌

Wednesday, March 27, 2013

സുകുമാരി

പ്രതിഭകൊണ്ടും വേഷപ്പകർച്ചകൊണ്ടും ഏതുകഥാപാത്രവും അനായസം തന്റേതാക്കി സുകുമാരി. കണ്ടിട്ടുള്ള നൂറുകണക്കിനു വേഷങ്ങളിൽ ഒന്നുപോലും മോശമായിരുന്നില്ലെന്ന് ഉറപ്പിച്ചുപറയാൻ കഴിയും. എന്നാൽ, മൂന്നു വേഷങ്ങൾ പെട്ടെന്നോർമ്മിച്ചെടുക്കാൻ പറഞ്ഞാൽ നിരുപദ്രവികളായ അമ്മമാരെയല്ല ഓർമ്മവരുന്നത്: ഡിക്കമ്മായി (ബോയിങ്, ബോയിങ്), മാളുവമ്മ (അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ), സുകുമാരി എന്ന നടി (ചിരിയോ ചിരി).

മികച്ചനടിയ്ക്കുള്ള പുരസ്കാരങ്ങൾ അനവധിനേടാനുള്ള കഴിവുണ്ടായിരുന്ന സുകുമാരിക്ക് അത്തരമൊരു പ്രകടനം കാഴ്ചവെയ്ക്കാനുള്ള അവസരം കിട്ടാതെപോയത് അവരുടെ കുറ്റമല്ല, മലയാളസിനിമയുടെ കുറ്റമാണ്. ഇന്നലെ മുളച്ച സ്കൂൾ കലാതിലകങ്ങൾക്കും ഒന്നാമത്തെ പടത്തിൽ ഹിറ്റായ താരസുന്ദരിമാർക്കും നായികാപദവി അനായാസം കൈവരുമ്പോൾ അഭിനയശേഷിയുള്ള മുതിർന്ന നടീനടന്മാർ നായകരാകാത്തത് വാർധക്യത്തോടുള്ള നമ്മുടെ ഭയത്തെയാവാം കാണിക്കുന്നത്. പ്രായത്തെ ബഹുമാനിക്കണം എന്നു നാഴികയ്ക്കു നാല്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുമെങ്കിലും നായികമാരാകാൻ നമുക്കു പതിനാറുകാരികൾ മതി. ഓസ്കാർ നേടിയ ജെസീക്ക റ്റാൻഡിയും മെറിൽ സ്ട്രീപ്പും ഹെലെൻ മിറെനും കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ ‘സഹനടി’കളായും ‘രണ്ടാമത്തെ മികച്ചനടി‘കളായും നടിച്ചുമരിച്ചേനെ.

<< തോന്നിയവാസം

Saturday, August 07, 2010

പഴയ താളുകൾ - അഞ്ച്

സിനിമ രണ്ടായിരാമാണ്ടിൽ എന്ന വിഷയത്തെപ്പറ്റി ഓഡിയോ വിഷ്വൽ ക്ലബ്ബ് നടത്തിയ ലേഖനമത്സരത്തിൽ സമ്മാനം കിട്ടിയ ലേഖനം കോളജ് മാഗസീനിൽ പ്രസിദ്ധീകരിച്ചത്.



പേജുകൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിച്ച യു. എ. ഇ. അലൂംനി സുഹൃത്തുക്കൾക്കു നന്ദി.

Friday, May 02, 2008

സത്യം പിടികിട്ടാപ്പുള്ളിയാകുമ്പോള്‍

Capturing the Friedmans

'ഫ്രൈഡ്‌മാന്‍സിനെ പിടികൂടുന്നത്‌' (കാപ്‌ചറിങ്ങ്‌ ദ ഫ്രൈഡ്‌മാന്‍സ്‌‌) എന്ന ഡോക്യുമെന്ററിയുടെ കാഴ്ചക്കാര്‍ എത്തരക്കാരായിരിക്കും? തങ്ങളുടെയടുത്ത്‌ കമ്പ്യൂട്ടര്‍ പഠിക്കാന്‍ വന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനു തടവിലായ പ്രൊഫസര്‍ പിതാവിന്റെയും ചെറുപ്പക്കാരനായ മകന്റെയും കഥ ആരു കാണും? മനുഷ്യന്റെയുള്ളില്‍ കൂരിരുട്ടുണ്ടെന്നു വിശ്വസിക്കുകയും ആ വിശ്വാസത്തെ ശരിവെയ്ക്കുന്ന കലാസൃഷ്ടികളോടു ചായ്‌വു പുലര്‍ത്തുകയും ചെയ്യുന്ന എന്നെപ്പോലുള്ളവര്‍ കണ്ടേക്കാം. ഓസ്കാര്‍ നാമനിര്‍ദ്ദേശം നേടിയതുകൊണ്ടും സണ്‍ഡാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ പരമോന്നത പുരസ്കാരം നേടിയതുകൊണ്ടും സിനിമാഭ്രാന്തന്മാര്‍ കണ്ടേക്കാം. പിന്നെയോ?

രാത്രിയില്‍ ഉറക്കമിളച്ചിരുന്ന്, ടെലിവിഷന്‍ ക്യാമറയ്ക്കുമുന്നില്‍ നടക്കുന്ന വെളിപ്പെടുത്തലുകളിലൂടെ തകരുന്ന വികലമായ കുടുംബങ്ങളുടെ സംഭവകഥകള്‍ അവതരിപ്പിക്കുന്ന 'ട്രാഷ്‌ ടി.വി.'യുടെ പ്രേക്ഷകര്‍ക്കും രുചിച്ചേക്കാം ഇത്‌. പ്രൊഫസറുടെ മക്കള്‍ വിചാരണ നടക്കുന്ന കാലത്തെ കുടുംബജീവിതം ഹോം വീഡിയോയില്‍ ചിത്രീകരിച്ചുവെച്ചിട്ടുള്ളതാണ്‌ ഈ ചിത്രത്തിന്റെ ഗണ്യമായ ഒരു ഭാഗം. സാധാരണമെന്നു തോന്നുന്ന ഒരു കുടുംബം അസാധാരണമായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സ്ലോ മോഷനിലെന്നപോലെ ചിതറിവീഴുന്ന കാഴ്ച ചിത്രീകരിക്കുന്ന ഈ ഭാഗങ്ങള്‍ അത്തരക്കാര്‍ക്ക്‌ ഇഷ്ടമായേക്കാം.

എന്നാല്‍, ഈശ്വരവിശ്വാസിയും സ്നേഹശീലയുമായ, കയ്പു കൂടുതലായതുകൊണ്ട്‌ മാതൃഭൂമി ആഴ്ചപ്പതിപ്പും കലാകൗമുദിയും വായിയ്ക്കാറില്ലെന്നു പറയുന്ന, ഒരു വീട്ടമ്മ ഈ പടം ഇഷ്ടമായി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് അമ്പരന്നു. അതും കഴിഞ്ഞ്‌ പടം കാണാന്‍ അവസരം കിട്ടിയപ്പോള്‍ പിന്നെയും അമ്പരപ്പു ബാക്കിയായി. ക്രൂരതയുടെ പര്യായങ്ങളായ മനുഷ്യരുടെ മനസ്സുകളുടെ കാഴ്ചയല്ല, തെളിവില്ലാത്ത കുറ്റങ്ങളുടെ പേരില്‍ ഒരു സമൂഹവും നീതിന്യായവ്യവസ്ഥയും ഭ്രാന്തുപിടിച്ചിട്ടെന്നപോലെ തങ്ങള്‍ക്കു നേരെ തിരിയുമ്പോള്‍ ബാഹ്യശക്തികളുടെ കയ്യില്‍ നിന്നു രക്ഷനേടാനെന്നപോലെ പരസ്പരം ആക്രമിയ്ക്കുന്ന കുടുംബാംഗങ്ങളുടെ ചെയ്യുന്ന കാഴ്ചയാണ്‌ ഈ ഡോക്യുമെന്ററിയില്‍ ഞാന്‍ കണ്ടത്‌. സത്യം കരുത്തുറ്റതാണെന്നും അതിനു കല്‍ത്തുറുങ്കുകള്‍ പൊളിച്ചും ചങ്ങലകള്‍ തകര്‍ത്തും നിരപരാധികളെ മോചിപ്പിക്കാന്‍ കഴിയുമെന്നു കരുതാനിടയുള്ള ഒരാളില്‍ തികഞ്ഞ അസ്വസ്ഥത നിറയ്ക്കാനല്ലേ ഈ പടത്തിനു കഴിയൂ? 'തനിയാവര്‍ത്തന'വും 'കിരീട'വും കണ്ടു കണ്ണീരൊഴുക്കി ഇറങ്ങിപ്പോരുന്നതുപോലെ ലളിതമാണോ താറുമാറായ ജീവിതങ്ങളുടെ വാസ്തവകഥകള്‍ കണ്ടിരിക്കുന്നത്‌?

ആ അമ്പരപ്പോടെ ഓണ്‍ലൈന്‍ ചര്‍ച്ചാവേദികളിലും മറ്റും പോയി നോക്കിയപ്പോഴാണു മനസ്സിലായത്‌ ഞാന്‍ കണ്ട പടമല്ല ഈ കാഴ്ചക്കാരില്‍ പലരും കണ്ടതെന്ന്. നിരപരാധികളെ ക്രൂശിച്ച സമൂഹത്തെയല്ല, കുറ്റവാളികള്‍ക്ക്‌ അര്‍ഹമായ ശിക്ഷ കൊടുത്ത പോലീസിനെയും നീതിപീഠത്തെയുമാണ്‌ അവര്‍ ഇതില്‍ കണ്ടത്‌. അപ്പോഴാണ്‌ വിഷയത്തിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ചും ചലച്ചിത്രകാരനായ ആന്‍ഡ്രൂ ജാറെക്കിയുടെ പ്രതിഭയെക്കുറിച്ചും ഒരു ധാരണയുണ്ടാകുന്നത്‌. ഒരേ ചിത്രം കാണുന്ന ഒന്നിലധികം പേര്‍ക്കു പരസ്പരവിരുദ്ധങ്ങളായ നിഗമനങ്ങളിലെത്തിച്ചേരാന്‍ പ്രാപ്തിയുണ്ടാക്കത്തക്കവണ്ണം നിഷ്പക്ഷമായി ഒരു കഥ, സംഭവിച്ചതോ സംഭവിക്കാത്തതോ ആകട്ടെ, അവതരിപ്പിക്കാന്‍ എത്രപേര്‍ക്കു കഴിയും? കഥാചിത്രങ്ങളെ പിന്തള്ളിക്കൊണ്ട്‌ ചെറുതും വലുതുമായ ഡോക്യുമെന്ററികള്‍ കഴിഞ്ഞ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ നടത്തിയിട്ടുള്ള മുന്നേറ്റത്തിനു പിന്നില്‍ ഈ നിഷ്പക്ഷതയുടെ നേട്ടമായിരിക്കുമോ? മലയാളസാഹിത്യത്തില്‍ 'സാഹിത്യത്തിന്റെ രാജവീഥികള്‍'ക്കു പുറത്ത്‌ വാസ്തവകഥകള്‍ നേടുന്ന വന്‍വിജയത്തിനു പിന്നില്‍, കല്‍പിതകഥകള്‍ക്കും അഭിലഷണീയമെങ്കിലും കൈവിട്ടുപോയ, വായനക്കാര്‍ക്കു വേണ്ടി നിഗമനങ്ങളിലേക്കു കുതിയ്ക്കാതിരിക്കാനുള്ള ഈ കഴിവും സ്വന്തം നിഗമനങ്ങളിലെത്താന്‍ അവര്‍ക്കുള്ള കഴിവിലുള്ള വിശ്വാസവുമായിരിക്കുമോ?

<< കണ്ടെഴുത്ത്‌

Thursday, December 06, 2007

ജനലോ കണ്ണാടിയോ?

വെള്ളെഴുത്തിന്റെ ജനലെഴുത്തു വായിച്ചപ്പോള്‍ മൂന്നുപ്രാവശ്യമെങ്കിലും കണ്ടിട്ടുള്ള റിയര്‍ വിന്‍ഡോ ഒന്നുകൂടി കാണണമെന്നു തോന്നി. ലൈബ്രറിയില്‍ ഹോള്‍ഡിലിട്ട ഡി.വി.ഡി. വൈകാതെ എത്തി. വീട്ടില്‍ക്കൊണ്ടു വെച്ചു. അടുത്ത ആഴ്ചയറുതിയ്ക്കു കാണാം. മറ്റു തിരക്കുകള്‍ കാരണം അതു നടന്നില്ല. ഒരാഴ്ചകൂടി കഴിഞ്ഞു കൊടുക്കാമെന്നു കരുതിയപ്പോള്‍ പറ്റില്ല, ഉടന്‍ തിരികെ എത്തിക്കണം. ലൈബ്രറിയിലുള്ള പതിനാലു കോപ്പികളും മറ്റാരൊക്കെയോ ഹോള്‍ഡില്‍ ഇട്ടിട്ടുണ്ടത്രേ. എന്നാല്‍ പിന്നെ ഒരിക്കല്‍ക്കൂടി അതിന്മേല്‍ത്തന്നെ ഹോള്‍ഡ്‌ ഇട്ടേക്കാമെന്നു വിചാരിച്ചപ്പോള്‍ അതും നടപ്പില്ല. ഒരാഴ്ച കഴിഞ്ഞ്‌ വീണ്ടും ശ്രമിച്ചപ്പോഴാണു കിട്ടിയത്‌. ഇറങ്ങിയിട്ട്‌ അമ്പതുകൊല്ലം കഴിഞ്ഞ ഒരു പടത്തിനാണ്‌ ഈ കാത്തിരിപ്പ്‌. ലോകത്തെവിടെയൊക്കെയോ ഇപ്പോഴും ഇതു കാണപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു എന്നതു തന്നെ മതിയാകുമല്ലോ ഇതൊരു സാധാരണ പടമല്ലെന്ന് ഓര്‍മ്മപ്പെടുത്താന്‍.

ഉദ്വേഗജനകമായ ഒരു കഥ, കറുത്ത പ്രമേയങ്ങളെ സഹനീയമാക്കാന്‍ പാകത്തിന്‌ ഉടനീളം വിതറിയിരിക്കുന്ന നര്‍മ്മം, സാധാരണക്കാരന്റെ പരിവേഷമുള്ള ജെയിംസ്‌ സ്റ്റുവാര്‍ട്ടിന്റെയും പ്രതിഭയും സൗന്ദര്യവും ഒത്തിണങ്ങിയ ഗ്രെയ്സ്‌ കെല്ലിയുടെയും താരസാന്നിദ്ധ്യം, ശുഭകരമായ അന്ത്യം ഇതൊക്കെയായിരിക്കാം അന്‍പതുകളില്‍ ഈ ചിത്രത്തെ ഒരു വന്‍വിജയമാക്കിയത്‌. എന്നാല്‍ അരനൂറ്റാണ്ടു കഴിഞ്ഞിട്ടും കാഴ്ചക്കാര്‍ ഇതിലേക്കു മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നതിനു മതിയായ കാരണം അതൊക്കെയാണോ? അല്ലെന്നു തീര്‍ച്ച. വെറുമൊരു കുറ്റാന്വേഷണകഥയില്‍ ആഴമുള്ള പ്രമേയങ്ങള്‍ ഉള്‍ച്ചേര്‍ക്കാനും അവയെ കാഴ്ചക്കാരിലേക്ക്‌ ഒരു ബാധപോലെ ആവാഹിച്ചുവിടാനുമുള്ള ഹിച്ച്കോക്കിന്റെ പാടവം തന്നെയാണ്‌ ജനലുകള്‍ തുറക്കാതെ തന്നെ എക്കാലവും ജീവിക്കാന്‍ കഴിയുന്ന ഈ എയര്‍ കണ്‍ഡീഷന്‍ഡ്‌ കാലഘട്ടത്തിലും ഈ ചിത്രത്തെ പ്രസക്തമാക്കുന്നത്‌.

ദാമ്പത്യത്തെക്കുറിച്ചുള്ള നായകന്റെ ഭീതിയെക്കുറിച്ചാണ്‌ ഒന്നാമതായും ഈ ചിത്രമെന്നു തോന്നുന്നു. തന്റെ സ്വതന്ത്രജീവിതത്തിന്‌ അറുതിവരുത്താന്‍ വേണ്ടി, തന്റെ സാഹസികപര്യടനങ്ങള്‍ക്കു മൂക്കുകയറിടാന്‍ വേണ്ടി പിറകെ കൂടിയിരിക്കുന്ന ഒഴിയാബാധയായാണ്‌ ലീസയെ ജെഫ്‌ കാണുന്നത്‌. നോക്കുന്നിടത്തെല്ലാം അയാള്‍ കാണുന്നത്‌ ആ ഭവിഷ്യത്കാലത്തിന്റെ ഭീതിദമായ ചുവരെഴുത്തുകളാണ്‌. കിടപ്പിലായ ഭാര്യയും ട്രാവലിങ്ങ്‌ സെയില്‍സ്‌മാനും ചേര്‍ന്ന ജോടിയാണ്‌ ഇതിന്റെ ഏറ്റവും ഭയങ്കരമായ ഉദാഹരണം. പടത്തിന്റെ തുടക്കത്തില്‍ പ്രത്യാശയും പരസ്പരസ്നേഹവും നിറഞ്ഞവരായി രംഗപ്രവേശം ചെയ്യുന്ന നവവധൂവരന്മാരെയാകട്ടെ ദാമ്പത്യത്തിന്റെ ഊരാക്കുരുക്കില്‍ പെട്ട പുരുഷനായും അയാള്‍ക്ക്‌ ഒരു പുകവലിവേളയുടെ സ്വൈരം പോലും കൊടുക്കാത്ത സ്ത്രീയായും പരിണമിപ്പിക്കുകയാണ്‌ ക്രമേണ ഹിച്ച്കോക്ക്‌. എന്നാല്‍, വിവാഹം ഒഴിവാക്കിയുള്ള ഒരു ജീവിതമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ അതിന്റെ ഏകാന്തതയെക്കുറിച്ചും ശൂന്യതയെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തലുകളും കണ്മുമ്പില്‍ തെളിയുന്നുണ്ടു ജെഫിന്‌: മറ്റ്‌ അവിവാഹിതരുടെ ജീവിതങ്ങളിലൂടെ. അപ്പാര്‍ട്ട്‌മെന്റ്‌ സമുച്ചയത്തിന്റെ മൂന്നു നിലകളിലൂടെയാണ്‌ സംവിധായകന്‍ മൂന്നവസ്ഥകളെ അവതരിപ്പിച്ചിരിക്കുന്നത്‌. താഴത്തെ നില അവിവാഹിതരുടെ നരകമാണ്‌. ജെഫിന്റെ നേര്‍ക്കുള്ള രണ്ടാമത്തെ നില വിവാഹിതരുടെ നരകവും. മുകളിലത്തെ നില സന്തുഷ്ടരായ വിവാഹിതരുടേതാണെന്നത്‌ ജെഫിന്റെ പേടിക്കാഴ്ചകള്‍ക്ക്‌ അപ്രാപ്യമായിരിക്കുമ്പോള്‍ തന്നെ സംവിധായകന്‍ നമുക്കു വ്യക്തമായി കാണിച്ചു തരുന്നുണ്ട്‌. എന്നാല്‍ ആ സന്തുഷ്ടിയുടെ സാധ്യതകളെക്കാള്‍ ജെഫിനെ ആകര്‍ഷിക്കുന്നത്‌ ദുരിതം നിറഞ്ഞ ഭാവികാലത്തിന്റെ പ്രത്യക്ഷങ്ങളാണ്‌. വിവാഹജീവിതത്തിനു മാനസികമായി തയ്യാറെടുപ്പില്ലാതിരിക്കുമ്പോള്‍ പോലും ലീസ തന്നെയുപേക്ഷിച്ചു പൊയ്ക്കളയുമോ എന്ന ഭീതിയും അയാള്‍ അനുഭവിക്കുന്നുണ്ട്‌. അവള്‍ പിണക്കത്തില്‍ യാത്രപറയുന്ന ദിവസം 'സ്റ്റാറ്റസ്‌ ക്വോ' നിലനിര്‍ത്തിക്കൂടേ എന്ന് ആകാംക്ഷയോടെ അയാള്‍ ചോദിക്കുന്നു. 'വിന്‍ഡോ ഷോപ്പര്‍' എന്നാണ്‌ അയാളെ സ്റ്റെല്ല പരിഹസിക്കുന്നത്‌.

തന്റെ സാമ്പിള്‍ സ്യൂട്ട്കെയ്സുമായി നിശാടനം നടത്തുന്ന ഒരാള്‍ ഭാര്യയെ കൊന്നതാണെന്നുള്ള വിദൂരനിഗമനത്തിലെത്താനും ജെഫിന്‌ ബുദ്ധിമുട്ടുണ്ടാകുന്നില്ല. എന്തുകൊണ്ട്‌? തന്റെ ജീവിതത്തില്‍ നിന്നു ലീസയെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ തലപുകഞ്ഞുകൊണ്ടിരിക്കുന്ന ജെഫിന്‌ അതു കഴിഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? ഒരു കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ വേണം വിടാനെന്ന പഴഞ്ചൊല്ലില്‍ നിന്ന് ഒരു സിനിമാപ്പേരുതന്നെ കണ്ടെത്തിയ ഹിച്ച്കോക്ക്‌ എന്ന കള്ളന്റെ ചിത്രങ്ങളില്‍ മിക്കതിലും 'നായക'ന്മാരുടെ ദൗര്‍ബല്യങ്ങളുടെ മൂര്‍ത്തരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന വില്ലന്മാരും അവരുടെ ഉള്‍നരകങ്ങളില്‍ നിന്നു ജനിച്ചതുപോലെയുള്ള പ്രതിസന്ധിഘട്ടങ്ങളും ബാഹ്യരൂപമെടുത്തു വരുന്ന ഇത്തരം കാഴ്ച കാണാവുന്നതാണ്‌.

ലൈംഗികമായ ശേഷിക്കുറവിനെക്കുറിച്ചുള്ള അവിവാഹിതന്റെ ഉത്കണ്ഠയും അന്നത്തെ ഹോളിവുഡിന്റെ ചട്ടങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ടു ഹിച്ച്കോക്ക്‌ ദ്യോതിപ്പിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കെന്താണ്‌ വീഞ്ഞുകുപ്പി തുറക്കാന്‍ എപ്പോഴും ഇത്ര ബുദ്ധിമുട്ട്‌? ('പിക്കിള്‍ കുപ്പികള്‍ ഇത്രയും കട്ടിയായിട്ട്‌ അടച്ചുവെച്ചതു കൊണ്ട്‌ മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു സ്പീഷിസ്‌' എന്ന് പുരുഷവംശത്തെ ഒരു ബ്ലോഗര്‍ വിശേഷിപ്പിച്ചത്‌ ഓര്‍ത്തുപോയി.)

കാഴ്ചയെയും ഒളിഞ്ഞുനോട്ടത്തെയും കുറിച്ചുള്ള ഒരു ചിത്രവും കൂടിയാണ്‌ റിയര്‍ വിന്‍ഡോ. അയല്‍ക്കാരന്റെ പിന്മുറ്റം കാണത്തക്കവിധം തുറക്കുന്ന ജനല്‍ പണിയരുതെന്നു യഹൂദരുടെ പുരാതനനിയമസംഹിത അനുശാസിക്കുന്നതായി കേട്ടിട്ടുണ്ട്‌. ന്യൂ യോര്‍ക്ക്‌ നഗരം ഈ നിയമമനുസരിച്ചായിരുന്നു പണിഞ്ഞിരുന്നതെങ്കില്‍ ഈ ചിത്രം ഒരിക്കലും ഉണ്ടാകുകയില്ലായിരുന്നു. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന സംശയം കാരണം മറ്റുള്ളവന്റെ മുറികളിലേക്കു ക്യാമറ ലെന്‍സും ദൂരദര്‍ശിനിയുമുപയോഗിച്ചു നോക്കാന്‍ ജെഫ്‌ മടിക്കുന്നില്ല. എന്നാല്‍, ഇതൊരു തുടക്കം മാത്രമാണ്‌. ഒരു കുറ്റകൃത്യവും നടന്നിട്ടില്ലാത്ത മറ്റു വീടുകളിലെ താമസക്കാരെ നോക്കാനും പോലീസിലെ സുഹൃത്തിനെ ഉപയോഗിച്ച്‌ 'പുള്ളി'യുടെ തപാല്‍ പരിശോധിപ്പിക്കാനും അയാളുടെ വീടു പരിശോധിക്കാന്‍ പോലും ആവശ്യപ്പെടാനും ക്രമേണ അയാള്‍ സന്നദ്ധനാകുന്നു. ഇവിടെ അതിക്രമിച്ചു കടക്കലിന്റെ ഒന്നാം ഘട്ടമായിത്തീരുകയാണ്‌ നോട്ടം.

സാഹസികമായ സ്ഥലങ്ങളില്‍ സാഹസികമായ പ്രവൃത്തികളിലേര്‍പ്പെട്ടിരിക്കുന്നവരെ സ്വന്തം സാഹസികതയിലൂടെ ക്യാമറയില്‍ പകര്‍ത്തി സാഫല്യം തേടുന്ന ജെഫിന്‌ നോട്ടം ഒരു ഭ്രാന്താണ്‌. അയാളുടെ സ്വഭാവത്തിന്റെ ഭാഗമായ ഈ സാഹസികത അവനവനെ നോക്കാതിരിക്കാനുള്ള തന്ത്രമാണോ എന്നു പോലും തോന്നിപ്പോകുന്നു കാലൊടിഞ്ഞു മുറിയില്‍ പെട്ടുപോയ അയാളെ കാണുമ്പോള്‍. 'അവസാനമില്ലാത്ത ഉല്ലാസയാത്ര നടത്തുന്ന ഒരു വിനോദസഞ്ചാരി' എന്നാണ്‌ ലീസ അയാളെ പരിഹസിക്കുന്നത്‌. മറ്റൊരാളെ നോക്കുമ്പോള്‍ അറിവുള്ളവര്‍ കാണുന്നത്‌ അവനവനെത്തന്നെയാണെങ്കില്‍ അറിവില്ലാത്തവര്‍ അവനവനെ നോക്കാതിരിക്കാനുള്ള പോംവഴിയായി വിനിയോഗിക്കുന്നു നോട്ടത്തെ. ചലനശേഷിയും സ്വയം പ്രതിരോധശേഷിപോലും നശിച്ച ജെഫ്‌ വലിയൊരു കണ്ണായി മാറിയിരിക്കുകയാണ്‌. കണ്ണിനെയും ക്യാമറയെയും പോലെ തന്നത്താന്‍ കാണാനുള്ള കഴിവില്ലാത്ത ഒരു 'കണ്ണു മെയ്യായവന്‍'. തന്റെ കാഴ്ചവെട്ടത്തില്‍ കടന്നുകയറി ലീസ സാഹസികത പ്രകടിപ്പിക്കാന്‍ തുടങ്ങുന്നതോടെ അവളില്‍ ആകര്‍ഷണം വര്‍ദ്ധിക്കുകയാണ്‌ അയാള്‍ക്ക്‌.

ജെഫിന്റെ ഒപ്പം കാണികളെയും ഹിച്ച്കോക്ക്‌ ആ ജനലരികില്‍ തടവിലിട്ടിരിക്കുകയാണ്‌. അവസാനഭാഗത്തൊഴികെ അവിടെ നിന്നു പുറത്തുകടക്കാത്ത കാമറയെ സര്‍ഗ്ഗപരമായ ഒരു വെല്ലുവിളിയെന്നതിനെക്കാള്‍ കാണികളെ ജെഫുമായി തന്മയീഭാവം സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു അടവായിട്ടാണ്‌ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍, ജെഫിന്റെ വീക്ഷണകോണിലൂടെ കഥയവതരിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശമെങ്കില്‍ അദ്ദേഹത്തിന്‌ ജെഫിനെ കാണിച്ചുതരേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു. അതിനു പകരം, അയാളെ കാണിക്കുകയും അയാള്‍ കാണാത്തതും ചിലതു നമ്മെ കാണിക്കുകയും ചെയ്യുന്നതോടെ അയാളുടെ കാഴ്ചയെ ചോദ്യം ചെയ്യാനാവശ്യമായ അകലം നമുക്കു തരികയാണ്‌ സംവിധായകന്‍. അതു നമ്മള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ജെഫിന്റെ ഒളിഞ്ഞുനോട്ടത്തിലെ പങ്കാളിമാത്രമായി നമുക്കു ചുരുങ്ങേണ്ടിവരും.

കാഴ്ചയെക്കുറിച്ചെന്നപോലെ സിനിമാക്കാഴ്ചയെക്കുറിച്ചും അസാധാരണമായ ചില സത്യങ്ങള്‍ നമ്മെ അനുഭവിപ്പിക്കാനാണ്‌ ഹിച്ച്കോക്ക്‌ ശ്രമിച്ചിരിക്കുന്നത്‌. പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ ഞൊറിഞ്ഞുയരുന്ന റ്റൈറ്റില്‍ സീക്വന്‍സിലെ തിരശ്ശീല മുതല്‍ ഇതു വ്യക്തമാകുന്നുണ്ട്‌. ഒരു കൊലപാതകം നടന്നിട്ടില്ലായിരിക്കാം എന്നു തോന്നിത്തുടങ്ങുമ്പോള്‍ ജെഫിനെയും ലിസയെയും പോലെ നമ്മളും അസ്വസ്ഥരാകാന്‍ തുടങ്ങുന്നു. ഹിച്ച്കോക്കിന്റെ സിനിമ കാണാന്‍ പോയാല്‍ ചോരയൊഴുകുന്നതു കാണാം എന്ന പ്രതീക്ഷയുമായി കണ്ണും മിഴിച്ചിരിക്കുന്ന നമ്മെയല്ലേ അദ്ദേഹം പരിഹസിക്കുന്നത്‌? അയല്‍ വീട്ടിലെ ബഹളം കേട്ടു ബാല്‍ക്കണിയില്‍ കാഴ്ചകാണാനിറങ്ങിവരുന്ന സംഗീതസംവിധായകന്റെ വീട്ടിലെ വിരുന്നുകാരെപ്പോലെ, തങ്ങള്‍ക്കു സംഭവിച്ചാല്‍ ദുരന്തമായി മാറുമായിരുന്ന സംഭവങ്ങള്‍ മറ്റുള്ളവര്‍ക്കു സംഭവിക്കുന്നതു കാണാന്‍ കഴയ്ക്കുന്ന കണ്ണുകളുമായി കാത്തിരിക്കുന്ന നമ്മളെ? 'നിനക്കു സ്വയം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!' (If only you could see yourself!) എന്നാണു ലീസ ജെഫിനെ പഴിക്കുന്നത്‌. ക്ലൈമാക്സ്‌ രംഗത്തില്‍ ജെഫ്‌ കാഴ്ചപ്പണ്ടമായിത്തീരുകയും അയാളുടെ അയല്‍ക്കാര്‍ അയാളുടെ ദുരന്തം കാണാനെത്തിച്ചേരുകയും ചെയ്യുന്ന രംഗത്തില്‍ ക്യാമറയും അവരോടൊപ്പം ചേരുകയാണ്‌.

മധുരതരമെന്നു തോന്നാവുന്ന ഒരു ശുഭപര്യവസാനവും നുണഞ്ഞ്‌ വീടുകളിലേക്കു മടങ്ങിയ അമ്പതുകളിലെ പ്രേക്ഷകരെ സ്റ്റുഡിയോകള്‍ ആഗ്രഹിച്ചതുപോലെ തൃപ്തിപ്പെടുത്തിവിടുമ്പോഴും അവരുടെ മനസ്സുകളില്‍ ഇരുണ്ടഭീതികള്‍ വിതച്ചു ചിരിക്കുകയാണു ഹിച്ച്കോക്ക്‌: ഉറങ്ങുന്ന ജെഫിന്‌ ഒരു വേട്ടമൃഗത്തിനെന്നപോലെ കാവലിരിക്കുമ്പോഴും അയാള്‍ കാണാതെ പുസ്തകം മാറ്റിവായിക്കുന്ന ലീസയിലും മധുവിധു കഴിഞ്ഞു ജീവിതയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ദമ്പതികളിലും കൂടി ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള അസ്വാരസ്യം നിറഞ്ഞ ദാമ്പത്യത്തെച്ചൊല്ലിയുള്ള ആശങ്കകള്‍, പൈശാചികകൃത്യം നടത്തിയ കൊലപാതകി പിശാചായിരുന്നില്ല - നമ്മെപ്പോലെ മാനുഷികമായ ദൗര്‍ബല്യങ്ങളുള്ള ഒരു മനുഷ്യനായിരുന്നു എന്ന തിരിച്ചറിവ്‌, ഇതെല്ലാം മനസ്സിലേക്കു കള്ളക്കടത്തു നടത്തിക്കഴിഞ്ഞിരിക്കുന്നു ഈ അതികായനായ ചലച്ചിത്രകാരന്‍.

സിനിമകള്‍ കാണുമ്പോള്‍ പശ്ചാത്തലസംഗീതം ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ അതാണു വിജയകരമായ സംഗീതമെന്നു പറയാറുണ്ട്‌. അതു വിപരീതാര്‍ത്ഥത്തില്‍ റിയര്‍ വിന്‍ഡോയ്ക്കും ബാധകമാണ്‌. സ്വാഭാവികമായ പശ്ചാത്തലശബ്ദങ്ങള്‍ മാത്രമാണ്‌ ഇതിലുപയോഗിച്ചിട്ടുള്ളത്‌. എന്നാല്‍, ഒരിക്കല്‍പ്പോലും ഇതു കണ്ടിരിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടില്ല ആ കാര്യം. എവിടെയോ വായിച്ചപ്പോഴാണ്‌ അങ്ങനെയാണല്ലോ എന്നു ശ്രദ്ധിച്ചത്‌.

ഹിച്ച്കോക്ക്‌ റിയര്‍ വിന്‍ഡോ എടുത്തത്‌ ടെലിവിഷന്‍ വ്യാപകമാകുന്നതിനു മുന്‍പാണ്‌. മടിയില്‍ ഒരു സുന്ദരിയിരുന്നു ചുംബിക്കുമ്പോഴും അയല്‍പക്കത്ത്‌ നടന്നതെന്താണെന്നോര്‍ത്ത്‌ അസ്വസ്ഥനാകുകയും ഏകാകിയായ അയല്‍ക്കാരിയുടെ നേര്‍ക്ക്‌ അവള്‍ കാണാതെ ഗ്ലാസുയര്‍ത്തുകയും ചെയ്യുന്ന നായകനെ സൃഷ്ടിക്കുമ്പോള്‍ അദ്ദേഹത്തിനു നമ്മുടെ ടി.വി. കാലത്തെ മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞിരിക്കുമോ? മെഗാസീരിയലുകളും റിയാലിറ്റി ഷോകളും കാര്‍ന്നുതിന്നു കഴിഞ്ഞ, 'പിതൃസഹജമായ' വാത്സല്യത്തോടെ കഥാപാത്രങ്ങളെക്കുറിച്ചു ചര്‍ച്ചനടത്തുകയും അടുത്ത എപ്പിസോഡില്‍ എന്തായിരിക്കും നടക്കാന്‍ പോകുന്നതെന്ന് തീരുമാനിക്കാനും ശ്രമിക്കുന്ന നമ്മള്‍ 'കാഴ്ചക്കാരുടെ' ജീവിതത്തെ?

Monday, April 09, 2007

ബീയിങ്ങ്‌ സൈറസ്‌

ഹോളിവുഡാവാന്‍ ഞങ്ങളെക്കൊണ്ട്‌ അനായാസം പറ്റുമെന്നുള്ള ബോളിവുഡിന്റെ നാട്യത്തിന്റെ ഫലമായുണ്ടായ പടങ്ങളില്‍ പലതിലും ഹോളിവുഡായി നടിക്കുന്ന ബോളിവുഡിനെയേ കാണാന്‍ കഴിയുന്നുള്ളൂ. കൂള്‍ ആയ നടീനടന്മാരെയും കൂള്‍ ആയ സാങ്കേതികവിദ്യകളും കൂള്‍ ആയ അമേരിക്കന്‍ ബ്രാന്‍ഡുകളും ഇണക്കി നിര്‍മ്മിച്ച, ഹോളിവുഡിലായിരുന്നെങ്കില്‍ നേരെ വീഡിയോയില്‍ ചെന്നൊടുങ്ങുമായിരുന്ന ദേശി ഉല്‍പന്നങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു നവാഗതനായ ഹോമി അദജാനിയയുടെ ബീയിങ്ങ്‌ സൈറസ്‌. ഉദ്വേഗജനകമായ ഒരു കഥയെ കഴിവുറ്റ നടീനടന്മാരുടെ സഹായത്തോടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ഈ ഇംഗ്ലീഷ്‌ ഭാഷാ ചിത്രം.

ചത്തുതുലയുകയും ചാവാതെ തുലയുകയും ചെയ്യുന്ന കഥാപാത്രങ്ങളെ കാര്‍ട്ടൂണുകളായി വരച്ചാല്‍ കാണികള്‍ക്കു നീരസം കുറയുമെന്ന കണക്കുകൂട്ടല്‍ ശരിയാവാമെങ്കിലും അതിശയോക്തി തെല്ലുകുറച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ആഴമേറിയ സിനിമാനുഭവമായേനേ എന്നു തോന്നി. കഥാപാത്രങ്ങളിലൊരാള്‍ തന്നെ കഥപറയുന്ന പല ചിത്രങ്ങളിലും സംഭവിക്കുന്നതുപോലെ അയാള്‍ അറിഞ്ഞിട്ടില്ലാത്ത സംഭവങ്ങളെ ആഖ്യാനത്തിലുള്‍പ്പെടുത്തുന്ന പിശക്‌ ഈ ചിത്രത്തിലും കണ്ടു. 'ഇങ്ങനെയാവാം പിന്നീടു സംഭവിച്ചത്‌' എന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ വിശ്വാസ്യത കൂടിയേനേ. സൂപ്പര്‍ താരങ്ങളായിരുന്ന പലരും കാണികള്‍ക്കിഷ്ടപ്പെടാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍, "ഇതു ഞാനല്ല, ഞാന്‍ ഇങ്ങനെ അഭിനയിക്കുന്നതാണ്‌. കണ്ടു രസിക്കൂ" എന്നൊരു സമീപനം ഡിംപിള്‍ കപാഡിയയുടെ അഭിനയത്തില്‍ അനുഭവപ്പെട്ടു.

ഒന്നൊഴികെ എല്ലാ കഥാപാത്രങ്ങളും പാഴ്സികളായ, ഒരു പാഴ്സി സംവിധായകന്റെ ഈ ചിത്രം കൗതുകത്തിനുവേണ്ടി ആചാരവിശേഷങ്ങളെയും മറ്റും ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനപ്പൂര്‍വം വിട്ടുനിന്നതു ശ്രദ്ധേയമായി. കൊലപാതകങ്ങളുടെയും പണക്കൊതിയുടെയും അവിഹിതബന്ധങ്ങളുടെയും വൃത്തികേടിന്റെയും കഥപറയുന്ന ഒരു രുചികരമായ ത്രില്ലറായി ഒതുങ്ങിനില്‍ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍പ്പോലും സമ്പത്തിന്റെ ക്ഷണികതയുടെയും വ്യര്‍ത്ഥകാമനകളുടെയും ഹിംസയെ പെറ്റുകൂട്ടുന്ന ഹിംസയുടെയും കയ്പ്‌ കാണികളുടെ വായില്‍ അവശേഷിപ്പിക്കാന്‍ കഴിയുന്നത്‌ അത്ര സാധാരണമല്ല, ബോളിവുഡിലെങ്കിലും.

Wednesday, November 15, 2006

മഞ്ഞുപോലൊരു പെണ്‍കുട്ടി

കണ്ടെഴുത്ത്‌

കേരളത്തിനു നടുക്ക്‌, ആര്‍ഭാടമുള്ള അകത്തളങ്ങളുള്ള വീടുകളും പണക്കാരുടെ മക്കള്‍ പഠിക്കുന്ന പഞ്ചനക്ഷത്രവിദ്യാലയങ്ങളും ഐസ്ക്രീം പാര്‍ലറുകളുമുള്ള ഒരു സ്വര്‍ഗ്ഗത്തിലാണീ കഥ നടക്കുന്നത്‌. എന്നാല്‍, ആ ലോകത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ നുരയ്ക്കുന്നതു ചെകുത്താന്മാരും കൃമികളുമാണെന്നു തെളിവാകുന്നതില്‍ പുതുമയുണ്ട്‌.

നായിക ക്യാമറയോടു സംസാരിക്കുന്ന സങ്കേതത്തിനു പുതുമയുണ്ടെങ്കിലും ഇവള്‍ പറയുന്നതു സത്യമാണോ എന്ന സംശയത്തിലേക്കു കാഴ്ചക്കാരെ നയിച്ചേക്കാം.

ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തുന്ന സ്ത്രീയുടെ വീട്ടില്‍ കുട്ടികള്‍ക്കു കൂട്ടായി ഒരു വേലക്കാരി പോലുമില്ലാത്തത്‌ സ്വാഭാവികമോ?

കഥയുടെ അവസാനത്തേക്കു ഒരു തുറുപ്പുപോലും കരുതിവെയ്ക്കാതിരുന്നതു കാരണം കഥയിലെ വെളിപ്പെടുത്തലുകളെല്ലാം കഥതീരുന്നതിനു വളരെ മുന്‍പേ തീര്‍ന്നു പോവുന്നു. മാനുവല്‍ അങ്കിള്‍ ഒരു ബോറനല്ല എന്ന വസ്തുതയെങ്കിലും അവസാനത്തേക്കു കരുതി വെയ്ക്കാമായിരുന്നു. ഭാര്യയുടെ പണം കൊണ്ടാണ്‌ അയാള്‍ ജീവിക്കുന്നതെന്നു തന്നെ വന്നാല്‍പ്പോലും ആ കഥാപാത്രത്തിനു വലിയ കോട്ടമൊന്നും വരുമായിരുന്നില്ല. പിന്നെ, ആ ദോഷവും കൂടി ഒഴിവാക്കിയതു പെണ്ണുങ്ങള്‍ക്കു കീഴടങ്ങാത്ത കഥാപാത്രങ്ങളുടെ പരമ്പര സൃഷ്ടിച്ചു വിടുന്ന തിരക്കഥാകൃത്തിന്റെ തീരുമാനമോ?

ലാലു അലക്സിന്റെ മറക്കാനാകാത്ത ഒരു കഥാപാത്രമെന്നു പറഞ്ഞാല്‍ അതിശയോക്തിയായിരിക്കില്ല. നായികയും നന്നായിട്ടുണ്ട്‌. അവളുടെ സുഹൃത്തുക്കളായി അഭിനയിച്ച കുട്ടികള്‍ രണ്ടും നിലവാരം പോര.

ഇന്നു ത്രില്ലറുകള്‍ വായിക്കുന്ന കുട്ടികള്‍ക്ക്‌ ഷെര്‍ലക്‌ ഹോംസും അഗതാ ക്രിസ്റ്റിയുമൊക്കെയേ വായിക്കാനുള്ളോ?


<< എന്റെ മറ്റു സിനിമാ വിചാരങ്ങള്‍

Monday, October 09, 2006

കഥാവശേഷന്‍

ഇതൊരു നിരൂപണമല്ല, പടം കണ്ടതിനെത്തുടര്‍ന്നുള്ള ചിതറിയ ചിന്തകള്‍ മാത്രം. പടം കണ്ടിട്ടില്ലാത്തവര്‍ക്കു മുന്നറിയിപ്പ്‌: പരിണാമഗുപ്തിവേണമെന്നുള്ളവര്‍ വായിക്കരുത്‌.

മലയാളത്തില്‍ മറ്റു സംവിധായകരുടെ സിനിമകളില്‍ കാണാത്ത പ്രമേയങ്ങളും കഥാസന്ദര്‍ഭങ്ങളും വിഷയങ്ങളും കാണാന്‍ ടി വി ചന്ദ്രന്‍ തന്നെ ശരണം.

സമൂഹത്തിലെ കിരാതത്വത്തെ ചെറുക്കാന്‍ മതിയായതു ചെയ്യാന്‍ കഴിയുന്നില്ലെന്നു ചൊല്ലി നിരാശനായി ആത്മഹത്യയ്ക്കു പോലും മുതിരാന്‍ മടിയ്ക്കാത്ത നായകന്‌ അത്തരം കിരാതത്വത്തിനു മുതിരാന്‍ തെല്ലും മടിയ്ക്കാത്ത ഒരു സംഘടനയുടെ നായകരിലൊരാളുടെ (നായനാര്‍) പ്രസംഗം 'കഴിയുമെങ്കില്‍ മിസ്സു ചെയ്യാറി'ല്ലെന്നും 'ഹൃദയത്തില്‍ നിന്നു വരുന്നതു പോലെയാണദ്ദേഹം സംസാരിക്കുന്ന'തെന്നുമൊക്കെ പറയാന്‍ കഴിയുമോ?

വര്‍ഗ്ഗീയകലാപത്തില്‍ കൂട്ടബലാത്സംഗത്തിനിരയാവുന്ന പെണ്‍കുട്ടിയെയും തെരുവില്‍ക്കൂടി നടന്നു പോകുമ്പോള്‍ വലിച്ചിഴയ്ക്കപ്പെടുന്ന പെണ്‍കുട്ടിയെയും താങ്ങാനാവാത്ത തുക ആശുപത്രിയ്ക്കു കൊടുക്കാത്തതു കൊണ്ട്‌ ഭാര്യയുടെ ജീവന്‍ നഷ്ടപ്പെടുന്ന തൊഴിലാളിയെയും പോലെ അശരണരുടെ പട്ടികയില്‍ സുസംഘടിതരായ അധ്യാപകരെയും പെടുത്തുന്നതു ശരിയാണോ? അവരുടെ സമരപ്പന്തല്‍ ഇത്ര ശുഷ്കമോ? അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലോ?

ദിലീപിന്റെ കഥാപാത്രത്തിന്‌ പോളിഷ്‌ സ്വല്‍പം കൂടുതലായിപ്പോയോ? ആത്മാവു നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍ ആത്മാവു നഷ്ടപ്പെടാതെ ജീവിക്കുന്ന ഒരാള്‍ ഇത്ര പൊരുത്തപ്പെട്ടു കഴിയുന്നവനായിരിക്കുമോ? സ്വല്‍പം അബ്‌നോര്‍മല്‍ ആയ ഒരാള്‍ക്കല്ലേ അതു കഴിയൂ?

ഒരേ സംഭവങ്ങള്‍ പലരുടെ കണ്ണുകളില്‍ കൂടി പലതവണ കാണിച്ചിരിക്കുന്നതില്‍ നിന്നു കാഴ്ചക്കാരനു പുതുതായെന്തെങ്കിലും കിട്ടുന്നുണ്ടോ എന്നു സംശയമുണ്ട്‌.

ആത്മഹത്യയെക്കുറിച്ചു ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ അന്തരീക്ഷസൃഷ്ടിയ്ക്കു വിശ്വാസ്യതപോര. അത്തരമൊരന്തരീക്ഷം ഒരു അസംബന്ധകഥയ്ക്കായിരുന്നു കൂടുതല്‍ യോജിച്ചത്‌.

ഹൃദയം പൊട്ടി കരഞ്ഞ്‌, പല കഥകളും പറഞ്ഞ്‌, തുരപ്പന്‍ സ്ഥലംവിടുമ്പോള്‍ കക്കാന്‍ മടിക്കുന്നില്ലെന്നതു നന്നായി.

ടി വി ചന്ദ്രന്റെ മറ്റു സിനിമകളിലേതു പോലെ ചില ചെറിയ കഥാപാത്രങ്ങള്‍ വലിയവയെക്കാള്‍ പൊലിയ്ക്കുന്നു (സലിംകുമാറിന്റെ കഥാപാത്രം). സംവിധായകന്റെ തന്നെ 'ഡാനി'യിലെ ഒരു കഥാപാത്രം (ചവരോ) ഒരു സ്ഥിതിവിവരക്കണക്കു മാത്രമായി കടന്നു വന്നതും നന്നായി.

നായകന്റെ പല ചെയ്തികളോടും യോജിയ്ക്കുന്ന കാഴ്ചക്കാര്‍ക്കു പോലും ബാച്ചിലര്‍ പാര്‍ട്ടിയില്‍ തന്നെ പരിഹസിക്കാന്‍ ജാതി പ്രയോഗിക്കുന്നയാളുടെ വായടപ്പിക്കാന്‍ അക്രമം ഉപയോഗിക്കുന്നതിനോടു യോജിക്കാന്‍ കഴിയുമോ എന്നു സംശയമാണ്‌.

യാദൃശ്ചികതകള്‍ കുറച്ചു കൂടുതലായിപ്പോയി. ഉദാഹരണത്തിന്‌, ചില കഥാപാത്രങ്ങള്‍ (പ്രത്യേകിച്ചും കള്ളന്‍) നായികയെത്തേടിയെത്തുന്നതിനെക്കാള്‍ നായിക അവനെത്തേടിപ്പോകുന്നതായിരുന്നു ഭേദമെന്നു തോന്നിപ്പോകുന്നു.

സംഭാഷണങ്ങള്‍ക്കു മിനുക്കുപണി ബാക്കിയുള്ളതുപോലെ അനുഭവപ്പെടുന്നു.

താരങ്ങള്‍ക്കു ദുര്‍മ്മരണമുണ്ടാകുമ്പോള്‍ എന്തുകൊണ്ടാണ്‌ ഉറങ്ങുന്നതുപോലെ ശാന്തമായ മുഖമുള്ളത്‌? മറ്റെല്ലാവരും, സിനിമകളിലെ ചെറുകഥാപാത്രങ്ങള്‍ പോലും, തൂങ്ങിമരിക്കുമ്പോള്‍ തുറിച്ച കണ്ണും ചാടിയ നാക്കും ഒക്കെയല്ലേ പതിവ്‌?

ഒരു രംഗത്തില്‍ ഭിത്തിയില്‍ പോസ്റ്ററായി പ്രത്യക്ഷപ്പെടുന്ന ചലച്ചിത്രസംവിധായകന്‍ അരവിന്ദന്റെ രൂപത്തിനെന്താണാവോ പ്രസക്തി? 'ഞാന്‍ മരിച്ചിട്ട്‌ അവന്‍ ജീവിച്ചാല്‍ മതിയായിരുന്നു' എന്നു പലകഥാപാത്രങ്ങളും പറഞ്ഞിരിക്കുന്നത്‌ ചലച്ചിത്രകാരന്റെയും അഭിപ്രായമാണോ?

<< മറ്റു പടങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍

Tuesday, September 26, 2006

മകള്‍ക്ക്‌

മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ അരപ്പേജില്‍ കവിയാത്ത ഒരു ലേഖനത്തില്‍ വലുതായൊന്നും കൂട്ടിച്ചേര്‍ക്കാതെ അതിനെ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീളമുള്ള ഒരു സിനിമയാക്കാമെന്നു തെളിയിച്ചിരിക്കുകയാണ്‌ ജയരാജ്‌-മാടമ്പ്‌ കുഞ്ഞുകുട്ടന്‍ ടീം. പത്തു പേജില്‍ കവിയാന്‍ സാധ്യതയില്ലാത്ത തിരക്കഥയില്‍ കറുപ്പും വെളുപ്പും മാത്രം നിറങ്ങളുള്ള കഥാപാത്രങ്ങളെ കുടിയിരുത്തി മുന്നേറുകയാണ്‌ ഇവര്‍.

ഭ്രാന്താലയത്തിലെ അന്തേവാസികളിലൂടെ പുറം ലോകത്തിന്റെ സ്വഭാവം ധ്വനിപ്പിക്കാനുള്ള ശ്രമം അപൂര്‍വം ചില നിമിഷങ്ങളില്‍ സഫലമാകുന്നില്ലെന്നു പറഞ്ഞുകൂടാ.

നീണ്ട ഇടനാഴിയുടെ ഒരു വശത്തെ അഴികള്‍ക്കിടയിലൂടെ നീളുന്ന കൈകളുടെ നിരകള്‍, എത്ര കുളിച്ചിട്ടും മതിയാവാത്ത അമ്പലവാസിയായ മാനസികരോഗി, എത്ര കൈകഴുകിയിട്ടും മതിയാവാത്ത മറ്റൊരാള്‍ എന്നിങ്ങനെ ചുരുങ്ങിയ ഘടകങ്ങള്‍ പലതവണ ആവര്‍ത്തിച്ചാണ്‌ ചിത്രം ഇപ്പോഴുള്ള നീളമെങ്കിലും കൈവരിക്കുന്നത്‌. എന്നാല്‍, ഈ ആവര്‍ത്തനം എന്തെങ്കിലുമൊരു ആന്തരികതാളത്തിന്റെ പ്രകടനമാണോ അതോ 'അവിഘ്നമസ്തു' തുടങ്ങിയ തന്റെ ദുര്‍ബലമായ രചനകളിലെന്നപോലെ ആവര്‍ത്തനത്തിലൂടെ ഒരര്‍ത്ഥം ഉരുത്തിരിഞ്ഞേക്കും എന്ന പ്രത്യാശയോടെ മാടമ്പ്‌ വെറുതെ ആവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുകയാണോ എന്നു കാഴ്ചക്കാര്‍ക്കു സംശയമുണ്ടായേക്കാം.

നല്ല ഛായാഗ്രഹണവും നല്ല കലാസംവിധാനവും നല്ല പശ്ചാത്തലസംഗീതവുമുണ്ടായിട്ടും മറ്റേറെയൊന്നുമില്ലാത്ത ഈ ചിത്രം ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ പോലും ഒരു മ്യൂസിക്‌ വീഡിയോയെക്കാള്‍ ഏറെ ദൂരമൊന്നും പോകുന്നില്ല.

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കൊണ്ട്‌ അസ്ഥാനത്തു പാടിച്ച ഒരു കവിതയുടെയും ഗസലിന്റെ ഈണത്തില്‍ പാടിയ ഒരു കുട്ടിപ്പാട്ടിന്റെയും വിഷമം കുറച്ചെങ്കിലും തീര്‍ന്നത്‌ ജാസി ഗിഫ്റ്റുപാടിയ ഒരു പാട്ടിലാണ്‌.

<< മറ്റു പടങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍