
അബ്ബാസ് കിയരൊസ്താമി തന്റെ ആദ്യകാലചിത്രങ്ങളിൽ രാഷ്ട്രീയം വിഷയമാക്കിയില്ല എന്നാണ് പൊതുവെ പറയാറ്. കുട്ടികളുടെ ജീവിതങ്ങളും അവരുടെ ചെറിയ സങ്കടങ്ങളും സ്നേഹങ്ങളും ചിത്രീകരിച്ചിരിക്കുന്ന കഥകൾക്ക് രാഷ്ട്രീയമുണ്ടാകാൻ വയ്യ എന്ന വിചാരംകൊണ്ടാവാം അങ്ങനെ ഒരു ധാരണയുണ്ടായത്. എന്നാൽ, ഏതു സമൂഹത്തിന്റെയും ശ്രേണികളിൽ, അധികാരിവർഗത്തിന്റെയും കീഴാളരുടെയും പെണ്ണുങ്ങളുടെയും വിവിധ അടരുകൾക്കുതാഴെ, മൃഗങ്ങൾക്കു തൊട്ടുമുകളിൽ, കഴിയുന്നവരാണ് കുട്ടികൾ. കുട്ടികൾ എന്ന വർഗത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോൾ, മുകളിലുള്ള അടരുകളുടെ ഭാരവും ജീർണ്ണതയും ആ കഥകളിൽ പ്രതിഫലിച്ചുകാണാൻ കഴിയും എന്നതാണ് വാസ്തവം. അടിച്ചമർത്തലിൽ അധിഷ്ഠിതമായ ഒരു സമൂഹമാകുമ്പോൾ നോവിന്റെയും ഭീതിയുടെയും ഉദ്വേഗത്തിന്റെയും തോതു കൂടുതലായിരിക്കും.
‘കുട്ടികളുടെയും യുവജനങ്ങളുടെയും ബൗദ്ധികവികാസത്തിനുവേണ്ടിയുള്ള ഇൻസ്റ്റിറ്റ്യൂ’ട്ടിലായിരുന്നു കിയരൊസ്താമിയുടെ ആദ്യജോലി. ആ സർക്കാർ സ്ഥാപനത്തിനുവേണ്ടി അദ്ദേഹം നിർമ്മിച്ച ഹ്രസ്വചിത്രങ്ങളിലെല്ലാം കുട്ടികളുടെ ജീവിതത്തെച്ചൊല്ലിയുള്ള അദ്ദേഹത്തിന്റെ ആശങ്കകൾ നിഴലിച്ചുകാണാം. അക്കൂട്ടത്തിലൊന്നായിരുന്നു 1979ലെ ‘ഒന്നാമത്തെ സംഭവം, രണ്ടാമത്തെ സംഭവം’ (First Case Second Case). ക്ലാസിൽ ശല്യമുണ്ടാക്കുന്ന കുട്ടിയെ കണ്ടുപിടിക്കാൻവേണ്ടി ഒരു അധ്യാപകൻ നിശ്ചയിക്കുന്ന ശിക്ഷയെ ചിത്രീകരിച്ചിട്ട് ഈ സംഭവത്തെപ്പറ്റി വിദഗ്ധന്മാരുടെ അഭിപ്രായം ആരായുന്നു ഇതിൽ. ചിത്രത്തിന്റെ പണി ഏറെക്കുറെ പൂർത്തിയായപ്പോഴാണ് ഖുമൈനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമികവിപ്ലവം നടന്നത്. രണ്ടുവർഷത്തിനുശേഷം, ആകെ അഴിച്ചുപണിഞ്ഞ്, വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായുള്ള അഭിമുഖങ്ങൾ ഉൾക്കൊള്ളിച്ചാണ് ചിത്രം പുറത്തിറങ്ങിയത്. ഉടൻതന്നെ നിരോധിക്കപ്പെട്ടു എന്നും പതിറ്റാണ്ടുകൾക്കുശേഷമാണ് ചിത്രം വെളിച്ചംകണ്ടത് എന്നും പറയുമ്പോൾ അതിന്റെ രാഷ്ട്രീയമായ നിലപാട് ഭരണാധികാരികൾക്ക് വ്യക്തമായിരുന്നു എന്ന് മനസ്സിലാക്കാമല്ലോ.
1987ലെ ‘കൂട്ടുകാരന്റെ വീട് എവിടെയാണ്?’ (Where Is the Friend's Home?) എന്ന ചിത്രമാണ് കിയരോസ്തമിക്ക് അന്താരാഷ്ട്രശ്രദ്ധനേടിക്കൊടുത്തത്. സ്കൂളിൽനിന്ന് തന്റെ പുസ്തകം മാറിയെടുത്ത കൂട്ടുകാരന്റെ വീടന്വേഷിച്ച് അപരിചിതമായ പ്രദേശത്ത് അലയുന്ന കുട്ടിയാണ് ഇതിലെ മുഖ്യകഥാപാത്രം. കരുതലിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചുമൊക്കെയുള്ള കഥയായി കാണാൻ കഴിയുമെങ്കിലും മുതിർന്നവരുടെ ലോകത്തിൽ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെക്കുറിച്ചാണ് ഇതെന്ന് മറക്കാൻ കഴിയില്ല. ആളൊഴിഞ്ഞ കുന്നിൻ ചെരുവുകളിലും നിഴലുവീണ തെരുവുകളിലും ഒക്കെ ഒറ്റയ്ക്ക് അലയുന്ന കുട്ടിയെ അലട്ടുന്നത് ഗൃഹപാഠം ചെയ്യാതെ പിറ്റേന്നു ചെന്നാൽ തനിക്കും കൂട്ടുകാരനും നേരിടേണ്ടിവരുന്ന ശിക്ഷയെച്ചൊല്ലിയുള്ള ഭീതിയാണ്. ശിക്ഷയുടെ ചിത്രീകരണം ഒഴിവാക്കിക്കൊണ്ടുതന്നെ അതിന്റെ ഭീകരത നമ്മെ അനുഭവിപ്പിക്കാൻ സംവിധായകനു കഴിയുന്നു. താൻ കുട്ടിയായിരുന്നപ്പോൾ ഒരു കുറ്റവും ചെയ്യാതെതന്നെ തനിക്ക് ശിക്ഷകിട്ടാറുണ്ടായിരുന്നു എന്നും ശിക്ഷകളുടെ കാർക്കശ്യം കുറഞ്ഞുപോയതാണ് ഇക്കാലത്തെ കുട്ടികൾ വഴിതെറ്റിപ്പോകാനുള്ള കാരണമെന്നും പറയുന്ന വൃദ്ധനെ നമ്മൾ ഈ ചിത്രത്തിൽ കാണുന്നുണ്ട്.
1989ലെ ‘ഗൃഹപാഠം’ (Homework) ഒരു ഡോക്യുമെന്ററിയാണ്. ഗൃഹപാഠത്തെപ്പറ്റി കുട്ടികളുമായി നടത്തുന്ന അഭിമുഖത്തിലൂടെ കുട്ടികളുടെ മനസ്സിൽ അടക്കം ചെയ്തിരിക്കുന്ന ഭീതിയും ആശങ്കയും പുറത്തുകൊണ്ടുവരുന്നുണ്ട് ഈ ചിത്രം. ഭയംകാരണം ഏറെക്കുറെ ഞരമ്പുരോഗത്തിന്റെ വക്കിലെത്തിക്കഴിഞ്ഞതുപോലെ കാണപ്പെടുന്ന ഒരു കുട്ടി ഇതിലെ മറക്കാത്ത കഥാപാത്രങ്ങളിലൊന്നാണ്.
1970ൽ നിർമ്മിച്ച കിയരൊസ്താമിയുടെ ആദ്യകൃതിയായ ‘അപ്പവും ഇടവഴിയും’ (The Bread and Alley) എന്ന ഹ്രസ്വചിത്രത്തിൽ ഒറ്റയ്ക്ക് വീട്ടിലേക്കു മടങ്ങുന്ന ഒരു കുട്ടിയും അവന്റെ വഴി തടയുന്ന പട്ടിയുമാണ് കഥാപാത്രങ്ങൾ. മിന്നായംപോലെ കടന്നുപോകുന്ന മുഖമില്ലാത്ത മുതിർന്നവരാരും അവന് ആശ്വാസമാകുന്നില്ല.
കുട്ടികളുടെ നിസ്സാരമായ മോഹങ്ങളും ഭീതികളും ആളൊഴിഞ്ഞ വഴികളും വിലക്കപ്പെട്ട വിനോദങ്ങളിൽ മുഴുകിയിരിക്കുന്ന മുതിർന്നവരും ആവർത്തിച്ചുവരുന്ന മറ്റൊരു ചിത്രമാണ് കിയരൊസ്താമി തിരക്കഥയെഴുതി ജാഫർ പനാഹി സംവിധാനം ചെയ്ത ‘വെളുത്ത ബലൂൺ’ (The White Balloon (1995)). ഒരിക്കലും രംഗത്തുവരാത്ത ഒരു പിതാവ് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം കഥയിലുടനീളം അനുഭവിക്കാൻ കഴിയും.
സമൂഹത്തെ താങ്ങി നിർത്തുന്ന ഹിംസയും മർദ്ദനവും ഭീകരതയും അടുത്ത തലമുറയിലേക്ക് കൈമാറാൻ ചുമതലപ്പെട്ടവർ എന്ന നിലയിൽ കുട്ടികളുടെ ജീവിതം ചിത്രീകരിക്കുകയാണ് അബ്ബാസ് കിയരൊസ്താമി തന്റെ ആദ്യകാലചിത്രങ്ങളിൽ ചെയ്തത്.
<< കണ്ടെഴുത്ത്
No comments:
Post a Comment