Sunday, July 19, 2020

മഹാഭാരതം കുറിപ്പുകൾ 10-12

പത്ത്


കൊല്ലം ജില്ലയുടെ മലയോരപ്രദേശങ്ങളിൽ നിലനിൽക്കുന്ന ഭാരതക്കളി എന്ന പ്രാചീനകലാരൂപത്തെപ്പറ്റി പറഞ്ഞത് കവിസുഹൃത്തും നാടോടി വിജ്ഞാനീയ ഗവേഷകനുമായ എൽ. തോമസുകുട്ടിയാണ്. കുറവർകളി എന്ന് മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്ന ഇതിലെ നായകൻ ശകുനിയാണ്. കുറവർ എന്ന തങ്ങളുടെ സമുദായം കൗരവരുടെ പിൻഗാമികളാണ് എന്നും തങ്ങളുടെ രക്ഷകൻ എന്ന നിലയിലാണ് ശകുനിയെ ആരാധിക്കുന്നതെന്നും അവർ വിശ്വസിക്കുന്നു. ‘ശകുനിയപ്പൂപ്പൻ’ മാത്രമല്ല, ദുര്യോധനൻ മുതൽ ദുശ്ശള വരെ എല്ലാ കൗരവർക്കും മലനടകൾ എന്നു വിളിക്കുന്ന തുറന്ന ആരാധനാസ്ഥലങ്ങളിൽ പൂജിക്കപ്പെടുന്നു.

അമർച്ച ചെയ്യപ്പെട്ട ജനതകളുടെ ആരാധനാലയങ്ങളെയും ദൈവങ്ങളെയും ക്ഷുദ്രദൈവങ്ങളെന്ന് മുദ്രകുത്തിയാണ് എല്ലാ വരേണ്യമതങ്ങളും വരേണ്യമായിത്തീർന്നിട്ടുള്ളത്. ഇതിനോട് കീഴാളർ രണ്ടുവിധത്തിൽ പ്രതികരിച്ചു. തങ്ങളുടെ ദൈവങ്ങളെ വരേണ്യദൈവങ്ങളുടെ അവതാരങ്ങളോ ആശ്രിതരോ ആക്കി അവർ പലപ്പോഴും മുഖ്യധാരയിൽ ഇഴുകിച്ചേരാൻ ശ്രമിച്ചു. പരമശിവനെ ഈഴവശിവനാക്കി കൂടെ കൂട്ടിയ ശ്രീനാരായണഗുരുവിനെപ്പോലെ മുഖ്യധാരയുടെ അവകാശം തിരിച്ചുപിടിച്ചു. എന്നാൽ ചുരുക്കം ചില അവസരങ്ങളിൽ, വരേണ്യആഖ്യാനങ്ങളിൽ തോൽക്കുന്നവരുടെ പക്ഷങ്ങളെ കണ്ടെത്തി അവരുടെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ട് വിഘടിച്ചുനിൽക്കാനാണ് കീഴാളർ തീരുമാനിച്ചത്.

കൊല്ലത്തെ മലനടകൾ ഇപ്പറഞ്ഞതിൽ രണ്ടാമത്തെ സമീപനത്തിൻ്റെ ഉദാഹരണമാകാനാണ് സാധ്യത. മഹാഭാരതം എന്ന സംസ്കൃത ഇതിഹാസത്തിൽനിന്നുള്ള കഥകൾ കേട്ട് അതിലേക്ക് തങ്ങളുടെ നാടോടി ആഖ്യാനങ്ങളെ വിമതധാരയായി വിളക്കിച്ചേർക്കുകയാകാം ഉണ്ടായത്.

എന്നാൽ, മറ്റൊരു സാധ്യതകൂടി ഉണ്ട്. മഹാഭാരതകഥകൾ ഇൻഡ്യയുടെ പല ഭാഗത്തുള്ള സംസ്കാരങ്ങളിൽ പല രൂപത്തിൽ നിലനിന്നിരിക്കാനും അവയെ ക്രോഡീകരിച്ച് ഒരു വ്യാസൻ അല്ലെങ്കിൽ ഒരു കൂട്ടം വ്യാസന്മാർ ഇതിഹാസം രചിച്ചിരിക്കാനും ഉള്ള സാധ്യതയാണ് അത്. (വ്യാസൻ എന്ന വാക്കിന് സമാഹരിച്ച ആൾ എന്നു മാത്രമേ അർത്ഥമുള്ളൂ.)

ഛത്തിസ്ഗഢിലെ ‘പാണ്ഡവാനി’ കലാകാരന്മാരും ആരാധകരും വിശ്വസിക്കുന്നത് അവരുടെ ആഖ്യാനരൂപത്തിന് പാണ്ഡവരോളം പഴക്കമുണ്ടെന്നാണ്.

ഹിമാചൽ പ്രദേശിലെ മണാലിയിൽ പോയപ്പോൾ ഹഡിംബ എന്ന് അവിടുത്തുകാർ വിളിക്കുന്ന ഹിഡിംബിയുടെ ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞു. ആകാശം മുട്ടുന്ന ദേവദാരുവൃക്ഷങ്ങളുടെ തോപ്പിനുനടുവിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തോടുചേർന്ന് ഘടോത്കചനും ഒരു ക്ഷേത്രം ഉണ്ട്.


പതിനൊന്ന്

ഫാദർ കാമിൽ ബുൽക്കേ എഴുതിയ ‘രാമകഥ’യുടെ മലയാളം പതിപ്പ് ഏതാനും വർഷം മുമ്പാണ് കൈയിൽ കിട്ടിയത്. ഒരു ഓണക്കാലം മുഴുവൻ കുത്തിയിരുന്ന് അതിൻ്റെ പ്രധാനഭാഗങ്ങളെല്ലാം തീർത്തു, അന്ന് ബ്ലോഗിൽ എഴുതിയ കുറിപ്പ് ഇവിടെ കാണാം.

അന്ന് പറഞ്ഞതുപോലെ സാംസ്കാരികമായ ഒരു അപസർപ്പകകഥയാണ് ഈ കൃതി. മുമ്പ് നിലനിന്നിരുന്ന രാമകഥകളെ സ്വാംശീകരിച്ച് വാല്മീകി എന്ന അതുല്യപ്രതിഭ സൃഷ്ടിച്ച കൃതിയുടെ രൂപം എന്തായിരുന്നു എന്നും പിൽക്കാലത്ത് അതിൽ പടർന്നുപന്തലിച്ച കാടും പടലും നീക്കം ചെയ്ത് അതിൻ്റെ മൂലരൂപം ഏറെക്കുറെ വീണ്ടെടുക്കാൻ കഴിയുന്നതേയുള്ളൂ എന്നുമുള്ള അറിവുകളാണ് ഈ പുസ്തകത്തിൽനിന്ന് ലഭിച്ചത്. ഏതൊക്കെ പരിണാമങ്ങളിലൂടെയാണ് രാമകഥ കടന്നുപോന്നത് എന്നും ആദർശപുരുഷൻ എന്ന് അറിയപ്പെടുന്ന രാമൻ്റെ കഥയിൽ ഇത്രയേറെ പൊരുത്തക്കേടുകൾ കടന്നുകൂടിയത് എങ്ങനെ എന്നും നല്ലൊരു ധാരണ ഉണ്ടായി. എന്നല്ല, മനസ്സിൽ രാമായണത്തിനെയും രാമനെയും കുറിച്ചുണ്ടായിരുന്ന സങ്കല്പം തന്നെ വീണ്ടെടുക്കാനാകാത്തവിധം മാറിപ്പോയി. ഒരു ചെറിയ ഉദാഹരണം പറയാം: നമ്മുടെ പൊതുബോധത്തിലെ രാമൻ അഹല്യയ്ക്ക് ശാപമോക്ഷം കൊടുക്കുകയും ബാലിയെ ഒളിയമ്പെയ്ത് കൊല്ലുകയും ഗർഭിണിയായ സീതയെ കാട്ടിൽ ഉപേക്ഷിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വാല്മീകി അങ്ങനെയൊന്നും എഴുതിയിട്ടില്ല എന്ന് അറിയുമ്പോൾ പിന്നെ ചിന്താവിഷ്ടയായ സീതയൊക്കെ വായിക്കുമ്പോൾ ആകെ ഒരു പന്തികേട്.

രാമായണത്തിൻ്റേതുപോലെതന്നെ മഹാഭാരതത്തിൻ്റെ പരിണാമചരിത്രവും ഏതെങ്കിലുമൊക്കെ ഗവേഷകന്മാർ കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ടാകും എന്നും എന്നെങ്കിലും അതൊക്കെ വായിച്ച് ഒരു ഏകദേശധാരണയെങ്കിലും രൂപീകരിക്കണം എന്നും ആഗ്രഹമുണ്ടായിരുന്നു.


പന്ത്രണ്ട്

മഹാഭാരതവുമായി ബന്ധപ്പെട്ട ഈ ചിന്തകളും ഓർമ്മകളും ഇപ്പോൾ കുറിക്കാനുള്ള കാരണം ശ്രീ. സുനിൽ പി. ഇളയിടത്തിൻ്റെ ‘മഹാഭാരതം: സാംസ്കാരികചരിത്രം’ എന്ന പ്രഭാഷണപരമ്പര കേട്ടതാണ്. ഇതെപ്പറ്റി പലയിടത്തുനിന്നായി അറിവു കിട്ടിയിട്ട് കുറേക്കാലമായി. നല്ലതല്ലാതെ ഒന്നും കേട്ടില്ലെങ്കിലും ഒടുക്കം പ്രഭാഷണം കേൾക്കാൻ ഈയിടെയാണ് സാധിച്ചത്. സമയം കിട്ടുമ്പോൾ അരമണിക്കൂറും മുക്കാൽ മണിക്കൂറുമായി കേട്ട് പൂർത്തിയാക്കിയതുതന്നെ എന്നെ സംബന്ധിച്ചേടത്തോളം വലിയൊരു സംഭവമായിരുന്നു. അപ്പോൾ ഇത് ഉണ്ടാക്കിയവരുടെ കാര്യമോ?
മഹാഭാരതവിജ്ഞാനവുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുസ്തകങ്ങൾ ആഴത്തിൽ പഠിച്ച്, പതിന്നാല് മണിക്കൂറോളം നീണ്ടുനിൽക്കുന്ന അഞ്ചുഭാഗങ്ങളായി പ്രഭാഷണം സംവിധാനം ചെയ്ത്, അവതരിപ്പിച്ച ശ്രീ. സുനിലിൻ്റെയും അത് റെക്കോഡ് ചെയ്ത്, എഡിറ്റ് ചെയ്ത് യൂ റ്റ്യൂബിൽ ലഭ്യമാക്കിയവരുടെയും പ്രയത്നത്തെക്കുറിച്ച് പറയാനില്ല.

എന്നെപ്പോലൊരു മലയാളിയുടെ അറിവിലേക്ക് ആദ്യമായി കടന്നുവരുന്ന നൂറു കണക്കിന് പുത്തൻ വിവരങ്ങളും നിരീക്ഷണങ്ങളുമാണ് ഈ പ്രഭാഷണത്തിൽ ഉള്ളത്. ഇതിൽ ചർച്ച ചെയ്യപ്പെടുന്ന ചിന്തകൾ വികസിപ്പിച്ച് ആയിരത്തോളം പേജുള്ള പുസ്തകമായി പുറത്തിറക്കിക്കഴിഞ്ഞു എന്ന് അറിയാം. തൽക്കാലം നാട്ടിൽ പോകാനും പുസ്തകം വാങ്ങി വായിക്കാനുമുള്ള സാഹചര്യമില്ല. എന്നാൽ, പ്രഭാഷണം കേട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അതിൻ്റെ ലഹരി ഒട്ട് ഇറങ്ങുന്നുമില്ല. ഇതിൽ എന്നെ ഏറ്റവും ശ്രദ്ധേയമായി തോന്നിയ ആശയങ്ങളെയും നിരീക്ഷണങ്ങളെയും പറ്റി ചിലത് കുറിക്കട്ടെ.