Sunday, July 19, 2020

മഹാഭാരതം കുറിപ്പുകൾ 13-15

പതിമൂന്ന്


ശ്രീ. സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണത്തിൽ നിന്ന് മഹാഭാരതത്തിൻ്റെ വികാസപരിണാമങ്ങളെക്കുറിച്ച് ധാരാളം പുതിയ അറിവുകൾ കിട്ടി. എണ്ണായിരത്തോളം ശ്ലോകങ്ങളുള്ള ‘ജയം’ എന്ന വീരഗാഥയായും ഇരുപത്തിനാലായിരം ശ്ലോകങ്ങളുള്ള ‘ഭാരതം’ എന്ന കാവ്യമായും പരിണമിച്ചതിനു ശേഷമാണ് ഒരുലക്ഷത്തിൽപരം ശ്ലോകങ്ങളുള്ള ‘മഹാഭാരതം’ എന്ന ഇതിഹാസം ഉണ്ടായിത്തീർന്നത്. പൊതുവർഷാരംഭത്തിന് (C.E.) ആയിരം കൊല്ലം മുമ്പ് നടന്ന ഒരു യുദ്ധത്തെപ്പറ്റി അഞ്ഞൂറോ അറുനൂറോ വർഷം കഴിഞ്ഞ് രചിക്കപ്പെട്ട ‘ജയം’ പിന്നെയും ആയിരത്തോളം വർഷത്തെ പരിണാമത്തിലൂടെ കടന്നുപോയിക്കഴിഞ്ഞാണ് ‘മഹാഭാരതം’ ആയിത്തീർന്നത്.

വ്യാസൻ തൻ്റെ നാലു ശിഷ്യന്മാരെ മഹാഭാരതം പഠിപ്പിച്ചു എന്ന് ഇതിഹാസമുണ്ട്. അതിൽ ശുകൻ്റെ ഭാഷ്യമാണ് അതിജീവിച്ചിരിക്കുന്നത്. മറ്റെല്ലാം നഷ്ടപ്പെട്ടുപോയിരിക്കുന്നു. ജൈമിനി എന്ന ശിഷ്യൻ്റെ ഭാഷ്യമായി വിശ്വസിക്കപ്പെടുന്ന മഹാഭാരതത്തിൽനിന്ന് അശ്വമേധപർവം മാത്രം കിട്ടിയിട്ടുണ്ട്. ഇതിൽ പാണ്ഡവരെക്കാൾ കൗരവർക്കാണ് പ്രാധാന്യം. ബൗദ്ധകഥകളിൽ കാണപ്പെടുന്ന മഹാഭാരതഭാഗങ്ങളും കൗരവകേന്ദ്രിതമാണ്. ഇതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത് യുദ്ധത്തിലെ ഇരുപക്ഷങ്ങളെയും കേന്ദ്രീകരിച്ച് വീരഗാഥകളും കാവ്യങ്ങളും നിലനിന്നിരിക്കാം എന്നും അവയിൽ പാണ്ഡവപക്ഷം (ജയിച്ച പക്ഷം) പിൽക്കാലത്ത് ആധികാരികമായി മാറി എന്നുമാണ്.

വർണവ്യവസ്ഥ വ്യാപകമാകുന്നതിനുമുമ്പ് കുലഗോത്രപാരമ്പര്യങ്ങൾക്കനുസരിച്ചാണ് ഇൻഡ്യൻ സമൂഹം പ്രവർത്തിച്ചിരുന്നത്. മഹാഭാരതകാലത്തിൽ പറഞ്ഞിരിക്കുന്ന സംഘർഷങ്ങളുടെ ബീജം കുലഗോത്രപാരമ്പര്യങ്ങളും വർണവ്യവസ്ഥയും തമ്മിൽ അന്ന് നടന്ന സംഘർഷങ്ങളിലാണ്. പിൽക്കാലത്ത് ഏറെ കൂട്ടിച്ചേർക്കപ്പെട്ടിട്ടും പ്രധാന കഥാസന്ദർഭങ്ങൾ പലതിലും ഈ സംഘർഷങ്ങൾ തിരിച്ചറിയാനും കഴിയും.


പതിന്നാല്


ഇതുവരെ ഞാൻ കാണാനിടയായിട്ടുള്ള മഹാഭാരത സംബന്ധിയായ പുസ്തകങ്ങളിൽ, പ്രത്യേകിച്ചും ഭഗവദ്ഗീതാ വ്യാഖ്യാനങ്ങളിൽ കാണപ്പെടുന്ന സമീപനം ഇങ്ങനെയാണ്: "ഇതാ ഗീതയുടെ (മഹാഭാരതത്തിന്റെയും) യഥാർത്ഥ അർത്ഥം. ഇതിന് വിചരീതമായി നിങ്ങൾ കേട്ടിട്ടുള്ളതെല്ലാം മറന്നേക്കുക."

ശ്രീ സുനിൽ പി. ഇളയിടത്തിൻ്റെ രീതി ഇതല്ല. അദ്ദേഹം തന്നെ പ്രഭാഷണത്തിൽ പറയുന്നതുപോലെ “ഇങ്ങനെയും മഹാഭാരതത്തെ കാണാം എന്നല്ലാതെ ഇങ്ങനെയേ കാണാവൂ എന്ന ശാഠ്യം” ഇല്ല. ഇതിനർത്ഥം എല്ലാ സമീപനങ്ങൾക്കും തുല്യപ്രാധാന്യം കല്പിച്ചിരിക്കുന്നു എന്നോ അതിനുവേണ്ടി പ്രാധിനിധ്യത്തിന്റെ ഞാണിന്മേൽക്കളി കളിക്കുന്നു എന്നോ അല്ല. നരവംശശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും അധിഷ്ഠിതവും ചരിത്രബദ്ധവും ഭൗതികവുമായ സമീപനമാണ് തൻ്റേത് എന്ന് അദ്ദേഹം ആദ്യം തന്നെ വ്യക്തമാക്കുന്നുണ്ട്. ചരിത്രകാരന്മാരിൽ മാർക്സിയൻ സമീപനമുള്ള ഡി. ഡി. കൊസാംബി, റൊമീല ഥാപ്പർ, ആർ. എസ്. ശർമ്മ തുടങ്ങിയവരെയാണ് അദ്ദേഹം പിന്തുടരുന്നത്. മഹാഭാരതത്തെയും ഗീതയെയും സംബന്ധിച്ച് പല പണ്ഡിതന്മാർ ഉന്നയിച്ചിട്ടുള്ള പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ അദ്ദേഹം നമുക്കുവേണ്ടി അവതരിപ്പിക്കുകയും ഇതിൽ ഏതിനാണ് കൂടുതൽ സമ്മതിയുള്ളത് എന്ന് പറയുകയും ചെയ്യുന്നുണ്ട്.

പ്രഭാഷണപരമ്പരയുടെ തുടക്കത്തിൽത്തന്നെ അദ്ദേഹം പറയുന്നതുപോലെ മഹാഭാരതവിജ്ഞാനീയം എന്ന ഒരു വിജ്ഞാനശാഖതന്നെ ലോകത്ത് വികസിച്ചുവന്നുകഴിഞ്ഞു. മഹാഭാരതപഠനങ്ങളായി ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചരിത്രത്തിൻ്റെയും സാങ്കേതികതയുടെയും ഭാഷാശാസ്ത്രത്തിൻ്റെയും മാത്രമല്ല, നാണയവിജ്ഞാനം, പുരാവസ്തുവിജ്ഞാനീയം തുടങ്ങിയ ശാസ്ത്രശാഖകളുടെപോലും സഹായത്തോടെ മഹാഭാരതം പഠിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മലയാളി വായന ഇപ്പോഴും ആത്മീയമോ സാഹിത്യപരമോ ആയ പഠനങ്ങളിൽ മാത്രം ഇപ്പോഴും ഒതുങ്ങിനിൽക്കുന്നു. ഈ വലിയ വിടവ് നികത്തുന്നതിനുള്ള ധീരമായ പ്രയത്നമാണ് ശ്രീ. സുനിലിൻ്റേത്.


പതിനഞ്ച്


ഇൻഡ്യ എന്ന ദേശരാഷ്ട്രത്തിൻ്റെ മനസ്സിൽ നിലനിൽക്കുന്ന സ്വന്തം പ്രതിച്ഛായ ആർഷഭാരതത്തിൻ്റേതാണ്. ‘ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ’ അന്തർമുഖരായിരുന്ന് പ്രപഞ്ചരഹസ്യം തേടുകയും ഏറെക്കുറെ മുഴുവൻതന്നെയും കണ്ടെത്തുകയും ചെയ്ത ഋഷിമാരുടെ ഭാരതം. എന്നാൽ, ഈ പ്രതിച്ഛായ എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റിയുള്ള അന്വേഷണങ്ങൾ അത്രയൊന്നും കണ്ടിട്ടില്ല.

മഹാഭാരതത്തെയും ഭഗവദ്‌ഗീതയെയുംകുറിച്ച് വിവിധകാലത്ത് ഉണ്ടായിട്ടുള്ള പഠനങ്ങളുടെ വെളിച്ചത്തിൽ ശ്രീ. സുനിൽ പി. ഇളയിടം തൻ്റെ പ്രഭാഷണപരമ്പരയിൽ ഈ അന്വേഷണത്തിൽ ഏർപ്പെടുന്നുണ്ട്.

സാമ്രാജ്യത്വത്തിൻ്റെ ചരിത്രകാരന്മാർ ഭാരതീയസംസ്കാരത്തെ പ്രാകൃതവും അവികസിതവുമായിട്ടാണ് കണ്ടിരുന്നത്. നേരേ മറിച്ച്, പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലും അമേരിക്കയിലും പ്രചാരം നേടിയ പൗരസ്ത്യവാദവും തിയോസഫിക്കൽ പ്രസ്ഥാനവും പൗരസ്ത്യദേശങ്ങളെ നിഗൂഢജ്ഞാനത്തിൻ്റെ പ്രഭവകേന്ദ്രമായി കണ്ടു. പാശ്ചാത്യവിദ്യാഭ്യാസം നേടിയ ഭാരതീയരിൽക്കൂടിയും ഇൻഡ്യയിലേക്ക് വന്ന പാശ്ചാത്യരിലൂടെയും ഈ കാഴ്ചപ്പാട് ഇൻഡ്യയിൽ വേരോട്ടം നേടി. കോളനിഭരണത്തിൻ്റെ അടിമമനോഭാവത്തിൽ നിന്ന് ആത്മാഭിമാനത്തിലേക്ക് ജനതയെ നയിക്കുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്ന ഭാരതീയനവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനങ്ങളും ഭൂതകാലമഹിമയുടെ ഈ പ്രഘോഷണത്തെ ആവേശത്തോടെ ഏറ്റെടുത്തു.

അഞ്ചുഭാഗങ്ങളുള്ള തൻ്റെ പ്രഭാഷണത്തിൽ ഒരു ഭാഗം മുഴുവൻ ശ്രീ. സുനിൽ ഭഗവദ്‌ഗീതയെക്കുറിച്ച് സംസാരിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ചരിത്രത്തിലെ വിവിധഘട്ടങ്ങളിൽ ഭഗവദ്‌ഗീതയെ സമൂഹം എങ്ങനെയൊക്കെയാണ് കണ്ടിരുന്നത് എന്നത് അതതുകാലത്തെ പരാമർശങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം പറയുന്നു. ഭഗവദ്‌ഗീതയ്ക്ക് ഇന്ന് കാണുന്ന പ്രാധാന്യം കൈവന്നത് പൗരസ്ത്യവാദത്തിൻ്റെ ഇടപെടലിലൂടെ പത്തൊമ്പത്-ഇരുപത് നൂറ്റാണ്ട് കാലഘട്ടത്തിലാണ്. മഹാഭാരതം എന്ന ബൃഹത്തായ ഇതിഹാസം തന്നെ ഭഗവദ്‌ഗീതയുടെ ഇതിഹാസരൂപമായ വ്യാഖ്യാനം (Epic Commentary) ആണെന്നുമുള്ള ആശയം അരവിന്ദമഹർഷിയെപ്പോലുള്ള വ്യാഖ്യാതക്കളുടെ സംഭാവനയാണ്.

പൗരസ്ത്യവാദികളായ പാശ്ചാത്യർ ഭാരതീയ തത്വചിന്തയിൽ സവർണഹിന്ദു കേന്ദ്രിതവും ആത്മീയവുമായ അംശങ്ങൾക്ക് നൽകിയ അമിതപ്രാധാന്യത്തിൻ്റെ ഫലമായി മുസ്ലിം, ബൗദ്ധ, ജൈന സംഭാവനകളും ഭൗതികമായ ശാസ്ത്രങ്ങളും ദർശനങ്ങളുംതമസ്കരിക്കപ്പെട്ടുപോയി.സംസ്കൃതമല്ലാത്ത ഭാഷകളിലെ എഴുത്തുകൾ വിസ്മൃതിയിലായി. ഭാരതീയ നവോത്ഥാനത്തിൻ്റെയും ദേശീയപ്രസ്ഥാനങ്ങളുടെയും നായകർ മിക്കവരും സവർണഹിന്ദുക്കളും മധ്യവർഗക്കാരും ആയതുനിമിത്തം അവരും ഈ സമീപനത്തിൽ അടങ്ങിയിരുന്ന ന്യൂനീകരണത്തെ മനസ്സിലാക്കിയില്ല, അഥവാ ചെറുക്കാൻ ശ്രമിച്ചില്ല.



2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇലയിടത്തിന്റെ വ്യാഖ്യാനത്തെ കുറിച്ചുള്ള നല്ല അവലോകനം

രാജേഷ് ആർ. വർമ്മ said...

വായനയ്ക്ക് നന്ദി.