Friday, August 12, 2016

രാമകഥ: ഫാദർ കാമിൽ ബുൽക്കെ


(ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)

 
                കഴിഞ്ഞ കർക്കിടകമാസത്തിലാണ് വാൽമീകിരാമായണം വായിക്കാൻ ആദ്യമായി ഒരു ശ്രമം നടത്തിയത്. ഓൺലൈനിൽ കിട്ടിയ ജി. എസ്. ശ്രീനിവാസയ്യരുടെ പരിഭാഷയുടെ സഹായത്തോടെ ബാലകാണ്ഡം കഴിഞ്ഞ് അയോദ്ധ്യാകാണ്ഡം പകുതിയായതോടെ മാസം കഴിഞ്ഞു. വായനയും നിർത്തി. കുറച്ചൊരു നിരാശയോടെയാണ് വായനനിർത്തിയത്. ബാലകാണ്ഡം വായനക്കാരന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു കൃതിയായിരുന്നു. പരസ്പരബന്ധമില്ലാത്ത കുറേ കഥകൾ. ആവർത്തനവും വൈരുദ്ധ്യവും നിറഞ്ഞ ശൈലി. മനോഹരമായ വർണ്ണനകൾക്കിടയിൽത്തന്നെ വൃഥാസ്ഥൂലമായ കാവ്യഭാഗങ്ങളും നിരർത്ഥകപദങ്ങളും ദൂരാന്വയവും ഒക്കെ. എന്നാൽ, അയോദ്ധ്യാകാണ്ഡത്തിലേക്ക് കടന്നതോടെ സംഗതി മാറി. ഇടയ്ക്കിടെ ആവർത്തനവും അതിശയോക്തികളും ഒക്കെ കടന്നുവരുന്നുണ്ടെങ്കിലും നാടകീയതയും ഉദ്വേഗവും നിറഞ്ഞ അധികാരമത്സരം.
    ഓണക്കാലത്താണ് അപ്രതീക്ഷിതമായിരാമകഥഎന്ന പുസ്തകം കൈയിൽ വന്നു ചേരുന്നത്. ഫാദര്‍ കാമിൽബുല്‍ക്കെ എന്ന ബെൽജിയൻ ജെസ്വിറ്റ് സന്യാസി ഉത്തരേന്ത്യയിൽ ജീവിച്ച്, ഹിന്ദി പഠിച്ച്, നീണ്ട ഗവേഷണത്തിനുശേഷം രചിച്ച കൃതി. അഭയദേവ് പരിഭാഷപ്പെടുത്തി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചത്. 816 പേജുള്ള ഈ കൃതി പ്രയാഗ സര്‍വകലാശാലയിൽ (അലാഹബാദ് സർവകലാശാല എന്ന് വിക്കിപീഡിയയിൽ) ഡി. ഫിൽ ബിരുദത്തിനായി ഹിന്ദിയിൽ രചിച്ച പ്രബന്ധമാണ് ഇതെന്നു കേട്ട് അത്ഭുതപ്പെട്ടുപോയി. അദ്ധ്യാപകനിയമനത്തിനുവേണ്ടിയും ശമ്പളക്കയറ്റത്തിനുവേണ്ടിയും തട്ടിക്കൂട്ടുന്ന ഇന്നത്തെ ഗവേഷണപ്രബന്ധങ്ങളുമായി യാതൊരു താരതമ്യവുമില്ലാത്ത, കഠിനാദ്ധ്വാനത്തിന്റെയും അന്വേഷണത്വരയുടെയും മുദ്രപേറുന്ന പുസ്തകം.
    രാമകഥ: ഉത്പത്തിയും വികാസവുംഎന്നാണ് പുസ്തകത്തിന്റെ ഹിന്ദിയിലെ പേര്. അന്ന് ലഭ്യമായിരുന്നിടത്തോളം രാമായണങ്ങൾ തർജ്ജമകളിലൂടെ പഠിച്ച്, അവ തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും മറ്റും മനസ്സിലാക്കി വിശദമായി പ്രതിപാദിച്ചിരിക്കുന്നു. സാംസ്കാരികചരിത്രത്തിലും സാമൂഹികപ്രതിഭാസങ്ങളിലും താത്പര്യമുള്ളവർക്ക് ഒരു കുറ്റാന്വേഷണകഥപോലെ വായിച്ചുപോകാവുന്ന പുസ്തകമാണിത്. വിവിധരാമായണങ്ങളിലെ കഥാസന്ദർഭങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്ന അദ്ധ്യായങ്ങളൊഴിച്ച് മുഴുവനും വായിച്ചു. അമൂല്യമായ ഈ പുസ്തകം വായിക്കാൻ അവസരം കിട്ടിയിട്ടില്ലാത്തവർക്കുവേണ്ടി പ്രധാനമെന്നു തോന്നിയ ചില നിരീക്ഷണങ്ങൾ, നിഗമനങ്ങൾ, വസ്തുതകൾ ഇവിടെ സംഗ്രഹിക്കുന്നു.
വാൽമീകി രാമായണത്തിനാണ് ലേഖകൻ ഏറ്റവുമധികം പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതിനുള്ള കാരണങ്ങൾ താഴെ വ്യക്തമാക്കിയിട്ടുണ്ട്. വാൽമീകി രാമായണത്തിന് പ്രമുഖമായി മൂന്നു പാഠങ്ങൾ നിലവിലുണ്ട്. ഇവയെ താരതമ്യം ചെയ്താണ് പ്രക്ഷിപ്തങ്ങൾ (പിൽക്കാലത്ത് കൂട്ടിച്ചേർത്ത ഭാഗങ്ങൾ) കണ്ടുപിടിച്ചിട്ടുള്ളത്‌.
ബുൽക്കേയുടെ ‘രാമകഥ’ ആധികാരികഗ്രന്ഥമാണോ എന്ന് ഒന്നുരണ്ട് പണ്ഡിതരോട് അന്വേഷിച്ചപ്പോൾ അതെ എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിന്റെ രചനയ്ക്കുശേഷം നടന്നിട്ടുള്ള ഗവേഷണങ്ങളുടെ ഫലമായി എന്തൊക്കെ പുതിയ വിവരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത് എന്നതിനെപ്പറ്റി അറിയില്ല.
ന്ായലും ഫാദർ കമിൽ ബുൽക്കഗ്യനാണെന്നു പറയെവയ്യ. അക്കത്ായുകണ്ട് അദ്ദേഹം കഷ്ടപ്പെട്ട് എിയ ഈ പുസ്തകപ്രസിദ്ീകരിക്കപ്പെടുകത്ല്ല, ശ്രദ്േയമാകുകും െയ്ു. ബുൽക്കെ ഇന്ത്യൻ പത്വം സ്വീകരിച്ച് അദ്ധ്യാപനായി റാഞ്ചിയിൽ ജിച്ു. പദ്മൺ ഉൾപ്പെടെയള്ളികളാൽ ആദരിക്കപ്പെട്ടു. എ. കെ. രാമാനുജന്റ'മന്നറുരാമായങ്ൾ' പലും പിൻലിക്കപ്പെടന്ന ന്നത്െ അസിഷ്ണുുടെ അന്ീക്ത്ിലായിരുന്നങ്കിൽ രു വിദേശിപരോഹി ക്ിലേശമില്ലെ നടത്ിയ ഈ പങ്ൾ വളിച്ം കണുമായിരുന്നോ?
രാമകഥയുടെ ചരിത്രപരമായ അടിസ്ഥാനം
  • വാനര, ഭല്ലൂക, ഗൃദ്ധ്ര എന്നിവ ഈ മൃഗങ്ങളെ ആരാധിച്ചിരുന്ന ആദിവാസിഗോത്രങ്ങൾ ആയിരുന്നിരിക്കണം.
  • ‘ആണ്‍’ (ആൾ) മന്തി (കുരങ്ങ്) എന്ന ദ്രാവിഡ വാക്കിന്‍റെ രൂപാന്തരമാവണം ഹനുമാൻ.
  • വൈദികസാഹിത്യത്തിൽ രാക്ഷസൻ തുടങ്ങിയ പ്രയോഗങ്ങൾ അനാര്യന്മാരായ കൊള്ളക്കാരെക്കുറിച്ച് പറയാൻ ഉപയോഗിച്ചതാണ്. രാമായണത്തിലും അവര്‍ മനുഷ്യർ തന്നെ എന്ന്‍ ചിലയിടത്ത് വ്യക്തമാക്കിയിട്ടുണ്ട്.
  • സംസ്കൃതകാവ്യങ്ങളിൽ ശ്രീലങ്കയും സിംഹളവും വെവ്വേറെയാണ് എന്നു കരുതിയിരുന്നു. വാല്മീകിക്ക് ദക്ഷിണ, മദ്ധ്യഭാരതങ്ങളിലെ ഭൂമിശാസ്ത്രം പരിചയമില്ലായിരുന്നു. ലങ്കയും കിഷ്കിന്ധയും മദ്ധ്യഭാരതത്തിൽ ആയിരുന്നിരിക്കണം.
  • മിക്ക ആധുനികഭാരതീയഭാഷകളിലും ആദ്യമഹാകാവ്യവും ഏറ്റവും ജനപ്രീതിയുള്ള കാവ്യവും രാമായണമാണ്.

രാമകഥ വാല്മീകിക്കുമുമ്പ്
  • വാല്മീകിരാമായണത്തിനുമുമ്പ് രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ ഇവ ലഭ്യമല്ല. അതുകൊണ്ട് വാല്മീകിരാമായണം രാമകഥയുടെ പ്രാചീനതമമായ വിസ്തൃതകൃതിയാണ്.
  • വേദകാലസാഹിത്യത്തിൽ രാമകഥ ഇല്ല.

വാല്മീകിയുടെ സംഭാവന
  • വാല്മീകി അനുഷ്ടുപ്പ്‌ ഛന്ദസ്സ് പരിഷ്കരിച്ചിരിക്കാം.
  • “ശൈലികൊണ്ട് മറ്റു കവികളെ സ്വാധീനിച്ചിട്ടുള്ള സംസ്കൃത സാഹിത്യത്തിലെ പ്രഥമമഹാകാവ്യമാണ്.”
  • “വിശ്വസാഹിത്യചരിത്രത്തിൽ ഭാരതത്തിന്‍റെ ആദികവിയോളം ഭാവിതലമുറകളെ സ്വാധീനിച്ച ഒരു കവിയും ഉണ്ടായിട്ടില്ല എന്ന്‍ നിസ്സങ്കോചം പറയാൻ കഴിയും.”
  • രാമായണകഥയുടെ ജൈത്രയാത്ര തുടങ്ങിയത് വാല്മീകിയോടെയാണ്. ശിഷ്യന്മാരെ പഠിപ്പിച്ച് പ്രചരിപ്പിച്ചു.
  • വാൽമീകിരാമായണം എന്ന പേരിൽ ഇന്നു നിലവിലുള്ള പുസ്തകത്തിൽനിന്നും വ്യത്യസ്തമാണ് എന്നു വ്യക്തമാക്കാൻ ബുൽക്കേ വാൽമീകിയുടെ കൃതിയെ ആദിരാമായണം എന്ന് വിളിക്കുന്നു.
  • ആദിരാമായണം പട്ടാഭിഷേകവും രാമരാജ്യവും വിവരിച്ച് അവസാനിക്കുന്ന സുഖാന്തകഥ ആയിരുന്നു. ഉത്തരകാണ്ഡവും ബാലകാണ്ഡവും പ്രക്ഷിപ്തമാണ്. അവതാരവാദവും പില്‍ക്കാലത്ത് ചേര്‍ത്തിട്ടുള്ളതാണ്.
  • ആദിരാമായണം രാമ-അയനം (രാമന്‍റെ യാത്ര) ആയിരുന്നു.
  • വാല്മീകി രാമനെ ആദര്‍ശശാലിയായിട്ടാണ് സൃഷ്ടിച്ചത് എങ്കിലും ഏകപത്നീവ്രതക്കാരൻ ആയിരുന്നില്ല.
  • മാംസഭക്ഷണം: രാമൻ മാംസം ഭക്ഷിക്കുന്നതായി പലയിടത്തും പറഞ്ഞിരിക്കുന്നു.

രാമകഥയുടെ പരിണാമം വാല്മീകിക്കുശേഷം
  • രാമായണം നൂറ്റാണ്ടുകളോളം വാമൊഴിരൂപത്തി പ്രചരിച്ചു. കുശീലവന്മാർ എന്ന കൂട്ടരാണ് പ്രചരിപ്പിച്ചത്. കാവ്യമായിരുന്നു ഇവരുടെ ഉപജീവനമാർഗം. രാമായണം അവര്‍ക്ക് മനഃപാഠം ആയിരുന്നു. അവര്‍ അത് തങ്ങളുടെ കുട്ടികളെയും പഠിപ്പിച്ചിരുന്നു.
  • വാല്മീകിയുടെ ശിഷ്യന്മാര്‍ ‘കുശീലവന്മാര്‍’ എന്ന ശൂദ്ര (?) വിഭാഗക്കാരായിരുന്നു എന്ന വസ്തുത മറച്ചുവെക്കാൻ കുശൻ, ലവൻ എന്നീ പേരുകൾ പ്രചരിപ്പിച്ചു. രാമന്റെ മക്കളുടെ പേരുകൾ വാൽമീകി പറഞ്ഞിട്ടില്ല.
  • രാമായണത്തിന്‍റെ ഒരു ഗ്രന്ഥവും പ്രചാരത്തിൽ ഇല്ലായിരുന്നു. ശ്രോതാക്കള്‍ക്ക് താല്പര്യമുള്ള ഭാഗങ്ങൾ കാഥികർ വിപുലീകരിക്കാൻ തുടങ്ങി.
  • അക്കാലത്ത് ആദര്‍ശക്ഷത്രിയന്‍റെ കഥയായിരുന്നു രാമായണം. രാമശസ്ത്രഭൃതാമഹം” (ആയുധധാരികളിൽ ഞാൻ രാമനാകുന്നു) എന്ന്‍ ഗീതയിൽ കാണാം.
  • ക്രി: മു: 1ആം നൂറ്റാണ്ടോടെ വാൽമീകിയെ രാമന്‍റെ സമകാലീനനാക്കി കഥകളുണ്ടായി. പുറ്റിന്റെ (വൽമീകം) കഥയും മറ്റും പിന്നീട് ഉണ്ടായി. പില്‍ക്കാലത്ത് കൊള്ളക്കാരൻ ആയിത്തീര്‍ന്നു. ‘മ-രാ’ ‘രാമ’ നാമജപം കഥയിൽ വന്നത് രാമഭക്തി പടര്‍ന്നുപന്തലിച്ചതിനുശേഷം.
  • വാല്മീകി രചിച്ച ഭാഗങ്ങൾ (2 മുതൽ 6 വരെ കാണ്ഡങ്ങൾ) നിര്‍ബാധം മുന്നേറുന്നതുകൊണ്ടും ആദികവിയുടെ വ്യക്തിമുദ്ര ആഴത്തിൽ പതിഞ്ഞിട്ടുള്ളതുകൊണ്ടും പില്‍ക്കാലരാമായണങ്ങളിൽ ഈ ഭാഗങ്ങള്‍ക്ക് അധികം മാറ്റം വന്നിട്ടില്ല.
  • ബാലകാണ്ഡം മുഴുവൻ തന്നെ പ്രക്ഷിപ്തമാണ്. ബാലകാണ്ഡത്തിന്‍റെ ആദ്യരൂപത്തില്‍പ്പോലും അവതാരവാദവും മറ്റും ഉണ്ടായിരുന്നില്ല. പുത്രകാമേഷ്ടി, അവതാരോദ്ദേശ്യം, പരശുരാമന്റെ വരവ് തുടങ്ങി പലതും ഏറ്റവും അവസാനം കൂട്ടിച്ചേര്‍ത്തതാണ്.
  • “മലയാളകവികൾ രാമകഥാവര്‍ണ്ണനയിൽ യാതൊരു മൌലികതയും പ്രദര്‍ശിപ്പിച്ചിട്ടില്ല.”
  • ആരണ്യകാണ്ഡം പ്രധാനപ്രക്ഷിപ്തങ്ങൾ: ശൂര്‍പ്പണഖയെ വിരൂപയാക്കിയത്, സ്വര്‍ണ്ണമാനിന്‍റെ കഥ
  • കിഷ്കിന്ധാകാണ്ഡം പ്രധാനപ്രക്ഷിപ്തങ്ങൾ: ബാലിയെ ഒളിച്ചിരുന്ന്‍ കൊല്ലുന്നത്, ഹനുമാന്‍റെ ജന്മകഥ
  • സുന്ദരകാണ്ഡം പ്രധാനപ്രക്ഷിപ്തങ്ങൾ: ഹനുമാന്‍റെ സമുദ്രം ചാടിക്കടന്നത് (നീന്തിക്കടന്നു എന്നായിരുന്നു ആദ്യം), പുഷ്പകവിമാനത്തിന്‍റെ വര്‍ണ്ണന, ലങ്കാദഹനം
  • യുദ്ധകാണ്ഡം പ്രധാനപ്രക്ഷിപ്തങ്ങൾ: ഗരുഡന്‍റെ വരവ്, ഹനുമാൻ മരുന്നുകൊണ്ടുവരുന്നത്, സീതയുടെ അഗ്നിപരീക്ഷ, യുദ്ധത്തിൽ മരിച്ച വാനരന്മാരെ ഇന്ദ്രൻ ജീവിപ്പിക്കുന്നത്, പുഷ്പകത്തിൽ അയോദ്ധ്യയിലേക്കുള്ള യാത്ര
  • ക്രിസ്തുവിനു പലനൂറ്റാണ്ട് മുമ്പുതന്നെ ബൌദ്ധന്മാര്‍ രാമനെ ബോധിസത്വനായി കണക്കാക്കി സാഹിത്യം രചിച്ചിരുന്നു. പില്‍ക്കാലത്ത് ഇത് ഇല്ലാതായി. എന്നാൽ, തുടര്‍ന്ന്‍ ജൈനന്മാര്‍ രാമകഥ സ്വന്തമാക്കുകയും നൂറ്റാണ്ടുകളോളം തുടരുകയും ചെയ്തു.
  • സംസ്കൃതലളിതസാഹിത്യത്തിന്‍റെ സുവര്‍ണ്ണകാലത്ത് മിക്കവാറും എല്ലാ കവികളും രാമകഥ വിഷയമാക്കി.
  • രാമായണം വിദേശത്തു പ്രചരിപ്പിച്ചത് ബൌദ്ധരാണെങ്കിലും പില്‍ക്കാലത്ത് ബ്രാഹ്മണരുടെ ഭാഷ്യം തന്നെ പ്രചാരം നേടി.
  • മൂലരൂപത്തിൽ ശിവന് രാമായണത്തിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് രാമായണത്തിനുണ്ടായ ജനപ്രീതി കണ്ട ശൈവന്മാര്‍ ഹനുമാനെ ശിവന്‍റെ അവതാരമാക്കി. സേതുവിൽ ശിവനെ പ്രതിഷ്ഠിക്കുന്നത് ദാക്ഷിണാത്യപാഠത്തിൽ മാത്രമേയുള്ളൂ. ഇതും ശിവനെക്കുറിച്ചുള്ള മറ്റു പലതും ശൈവസ്വാധീനങ്ങളാണ്. ഉദാ: രാവണന്‍റെ ശിവഭക്തി. രാമനെ ചില കഥകളിൽ ശിവാംശമാക്കിയിരിക്കുന്നു.
  • അതിശയോക്തിയുടെ അഭാവം, സന്തുലനം, സ്വാഭാവികത എന്നിവ ആദിരാമായണത്തിന്‍റെ സവിശേഷതകളാണ്. എന്നാൽ, പുതിയ പാഠങ്ങള്‍ക്ക് ഈ ഗുണങ്ങൾ ഇല്ല. പില്‍ക്കാലത്തുണ്ടായ അവതാരവാദവും ഭക്തിയുടെ വളര്‍ച്ചയും അലൌകികമായ കഥകള്‍ക്കു കാരണമായി.
  • മുഖ്യസംഭവങ്ങളുടെ കാരണം നിര്‍ദ്ദേശിക്കാനുള്ള ശ്രമങ്ങൾ പുതിയ കഥകളിലേക്ക് നയിച്ചു.
  • Etymological Legendsൽ നിന്ന്‍ പുതിയ കഥകൾ ഉണ്ടായി.
  • പുണ്യസ്ഥലങ്ങളുടെ മാഹാത്മ്യം കാണിക്കാൻ പുതിയ കഥകൾ ഉണ്ടായി.
  • ജൈനകവികൾ വരുത്തിയ ധാരാളം മാറ്റങ്ങൾ മുഖ്യധാരയിലും ലയിച്ചു.
  • അവതാരവാദവും രാമഭക്തിയും ഉറവെടുത്തത് കൃഷ്ണഭക്തിയില്‍നിന്നാണ്.
  • പില്‍ക്കാലകവികൾ രാമകഥയെ പലയിടത്തും കൃഷ്ണകഥയുമായി ബന്ധിപ്പിച്ചു. കഥാപാത്രങ്ങളുടെ പുനര്‍ജന്മകഥകളുംമറ്റും ഉണ്ടായി.
  • ക്രി. മു. മൂന്നാംശതകം മുതൽ വാസുദേവകൃഷ്ണൻ അവതാരമായി കരുതപ്പെടാൻ തുടങ്ങി. ഇതിനെത്തുടര്‍ന്ന് രാമനും ആ പദവി ലഭിച്ചു. പൌരാണികകഥകൾ ഉള്‍പ്പെടെ അനേകം കഥകൾ കൂട്ടിച്ചേര്‍ത്തു. ഋശ്യശൃംഗന്റെ കഥ, ശംബൂകവധം തുടങ്ങിയവയിൽ ബ്രാഹ്മണരുടെ സ്വാധീനം സ്പഷ്ടമാണ്. ബൌദ്ധ-ജൈനസാഹിത്യങ്ങൾ ഒഴികെ മറ്റെല്ലായിടത്തും രാമകഥയുടെ ഈ രൂപം സ്വീകരിക്കപ്പെട്ടു. എങ്കിലും ആദ്ധ്യാത്മികസാഹിത്യത്തിൽ രാമകഥ അപ്രധാനമായി തുടര്‍ന്നു. ലളിതസാഹിത്യത്തിൽ പ്രാധാന്യം കിട്ടുകയും ചെയ്തു.
  • രാമഭക്തിയുടെ പ്രചാരത്തിനുമുമ്പ് വിദേശത്തു പ്രചരിച്ചതുകൊണ്ട് അവിടുത്തെ രാമകഥകളിൽ ഭക്തി ഇല്ല.
  • പിന്നീടുള്ള രാമകഥകളിൽ ശൃംഗാരരസപ്രധാനമായ ഭാഗങ്ങൾ ഉണ്ടായി.
  • അവതാരമായി രാമൻ സ്വീകരിക്കപ്പെട്ടുകഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് രാമഭക്തി ആവിര്‍ഭവിച്ചത്.
  • രാമഭക്തിയുടെ കാലത്ത് ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട കൃതി അദ്ധ്യാത്മരാമായണം.
  • രാമഭക്തിയോടൊപ്പം മായാസീത, അയഥാര്‍ത്ഥമായ സീതാത്യാഗം, രാവണന്‍റെ വിപരീതഭക്തി തുടങ്ങിയ മാറ്റങ്ങൾ വന്നു.
  • 14ആം നൂറ്റാണ്ടോടെ രാമകഥയുടെ അന്തരീക്ഷം പൂര്‍ണമായും മതപരമായിത്തീര്‍ന്നു.
  • “[രാമകഥയുടെ] ജനപ്രീതി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും വര്‍ദ്ധിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. കാരണം സ്പഷ്ടമാണ് – [...] വാല്മീകിരാമായണത്തിൽ പ്രകടമാകുന്ന കലയുടെയും ആദര്‍ശത്തിന്റെയും സൌന്ദര്യത്തി ആകൃഷ്ടരാകാതെ അകന്നുനില്‍ക്കാൻ ആദര്‍ശപ്രിയരായ ഭാരതീയജനതയ്ക്കു സാധ്യമല്ല.”
സൂചികയില്‍നിന്ന് പ്രാധാന്യം തോന്നിയതുമാത്രം തെരഞ്ഞെടുത്തത്:
കാലം
കൃതി
ക്രി. മു. 600
ആഖ്യാനകാവ്യങ്ങൾ
ക്രി. മു. 400-300
ദശരഥജാതകം (ബൌദ്ധ.)
ക്രി. മു. 300
വാല്മീകിരാമായണം (2-6)
ക്രി. മു. 100-ക്രി. വ. 100
ബാലകാണ്ഡം
ക്രി. വ. 200-300
ഉത്തരകാണ്ഡം
ക്രി. വ. 300-400
പ്രതിമാനാടകം, അഭിഷേകനാടകം, വിഷ്ണുപുരാണം, ബ്രഹ്മാണ്ഡപുരാണം
ക്രി. വ. 400-500
രഘുവംശം, ഹരിവംശപുരാണം
ക്രി. വ. 500-700
മത്സ്യപുരാണം, ഭാഗവതപുരാണം
ക്രി. വ. 700-800
മഹാവീരചരിതം, ഉത്തരരാമചരിതം
ക്രി. വ. 800-900
സ്കന്ദപുരാണം, ടിബറ്റ്‌ രാമായണം, ഖോതാനി രാമായണം
ക്രി. വ. 900-1000
ആശ്ചര്യചൂഡാമണി, ഗരുഡപുരാണം
ക്രി. വ. 1000-1100
മഹാഭാഗവതപുരാണം, കഥാസരിത്‌സാഗരം, പമ്പരാമായണം (കന്നട)
ക്രി. വ. 1100-1200
കമ്പരാമായണം
ക്രി. വ. 1300-1400
അദ്ധ്യാത്മരാമായണം (സം.), രാമചരിതം (മല.), രാമകഥപ്പാട്ട് (മല.)
ക്രി. വ. 1400-1500
കൃത്തിവാസരാമായണം, കണ്ണശ്ശരാമായണം, സിംഹളരാമായണം
ക്രി. വ. 1500-1600
ബ്രഹ്മവൈവര്‍ത്തപുരാണം, അദ്ധ്യാത്മരാമായണം (മല.), രാമചരിതമാനസ്

No comments: